ഭരണഘടന: ചരിത്രം, വര്‍ത്തമാനം

സ്വാതന്ത്ര്യപ്രാപ്തി മുന്നില്‍ കണ്ട് ഇന്ത്യ സ്വതന്ത്രമാവുന്നതിന് മുമ്പേ തന്നെ ഭരണഘടന നിര്‍മാണത്തിനായി വലിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 1935ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇന്ത്യയുടെ സ്വന്തമായ ഭരണഘടന ആവശ്യമായി രംഗത്തിറങ്ങി. 1940 ആഗസ്റ്റില്‍ ബ്രിട്ടീഷ് ഗവൺമെന്‍റ് കോണ്‍ഗ്രസിന്‍റെ ഈ ആവശ്യത്തെ അംഗീകരിച്ചു. ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ പ്രകാരം നടന്ന പ്രവിശ്യ തെരെഞ്ഞെടുപ്പിലെ വിജയികളെ ഉള്‍പ്പെടുത്തി 1946 ഡിസംബര്‍ ആറിന് ഭരണഘടന നിര്‍മാണ സഭ നിലവില്‍ വന്നു. ഡിസംബര്‍ ഒമ്പതിന് കോണ്‍സ്റ്റ്യൂഷന്‍ ഹാളിലാണ് (ഇപ്പോഴത്തെ പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാള്‍) ആദ്യ യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് സച്ചിതാനന്ദ സിന്‍ഹയായിരുന്നു സഭയുടെ ചെയര്‍മാന്‍. 1947ല്‍ ഇന്ത്യ സ്വതന്ത്രമായി ഇന്ത്യക്ക് സ്വാതന്ത്ര്യം പാസാക്കിയ നിയമമായിരുന്നു ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട്. ഇതോടെ ക്യാബിനറ്റ് മിഷന്‍ ഇല്ലാതായി. ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് പ്രകാരം ഇന്ത്യയുടെ പൂര്‍ണ്ണ അധികാരം കോണ്‍സ്റ്റിറ്റ്യൂന്‍റ് അസംബ്ലി ഏറ്റെടുത്തു. അന്നത്തെ നിയമമന്ത്രിയായ ഡോ ബി ആര്‍ അംബേദ്കറെ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപിക്കരിക്കാനുള്ള സമിതിയുടെ അദ്ധ്യക്ഷനായി, സ്വതന്ത്യ പ്രാപ്തിയുടെ പതിനാലാം ദിനം തന്നെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നിയമിച്ചു. ബി. എന്‍ റാവുവായിരുന്നു ഭരണഘടന നിര്‍മാണ സമിതിയുടെ ഉപദേശകന്‍. ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലെ ഭരണഘടനകളെ സംബന്ധിച്ച് ഇദ്ദേഹം നടത്തിയ പഠനമാണ് ഇന്ത്യക്ക് മികച്ചൊരു ഭരണഘടന കിട്ടുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. ഇദ്ദേഹം പിന്നീട് ഹേഗ് ആസ്ഥാനമായ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ജഡ്ജ് ആയും സേവനമനുഷ്ഠിച്ചു. ജവഹര്‍ലാല്‍ നെഹ്റു ആയിരുന്ന യൂണിയന്‍ പവര്‍ കമ്മിറ്റി ചെയര്‍മാന്‍. ഭരണഘടന അതിന്‍റെ പൂര്‍ണാവസ്ഥയിലെത്താന്‍ ഏകദേശം മൂന്ന് വര്‍ഷമെടുത്തു. 1950 ജനുവരി 26ന് ആണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. 1929 ഡിസംബര്‍ 31ന് കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് വേണമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം കോണ്‍ഗ്രസ് ഔദ്യോഗികമായി പുറത്തു വിട്ടത് 1930 ജനുവരി 26ന് ആണ്. അതിനാലാണ് ഭരണഘടനയുടെ ഔദ്യോഗിക അംഗീകാരത്തിന് ജനുവരി 26 തെരെഞ്ഞെടുക്കുന്നത്.
വിവിധ രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നും മികച്ചവ ഇന്ത്യന്‍ ഭരണഘടനക്കും പ്രചോദനമായി. എഴുതപ്പെട്ടവയില്‍ ലോകത്തിലെ ഏറ്റവും ഭരണഘടന നമ്മുടെതാണ്. മൗലികാവകാശങ്ങള്‍, ആമുഖം, പ്രസിഡന്‍റ് എന്ന രാഷ്ട്രത്തലവന്‍, സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനം (യു. എസ്. എ), ജനകീയ തെരെഞ്ഞെടുപ്പ്, പാര്‍ലമെന്‍റ് സംവിധാനം, കേവല ഭൂരിപക്ഷ സമ്പ്രദായം, ഏക പൗരത്വം (ബ്രിട്ടന്‍), അര്‍ദ്ധ ഫെഡറല്‍ സംവിധാനങ്ങള്‍ (കാനഡ), സ്വാതന്ത്യം, സമത്വം, സാഹോദര്യം (ഫ്രാന്‍സ്, നിര്‍ദ്ദേശക തത്വങ്ങള്‍ (അയര്‍ലെന്‍റ്), അടിയന്തരാവസ്ഥ (ജര്‍മനി), ഭരണഘടന ഭേദഗതി (ദക്ഷിണാഫ്രിക്ക) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ ഭരണഘടനകളില്‍ നിന്നും നാം തെരഞ്ഞെടുത്തത്.
1946 ഡിസംബര്‍ 13ന് ജവഹര്‍ലാല്‍ നെഹ്റു ഭരണഘടന നിര്‍മ്മാണ സഭയില്‍ അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ്, പില്‍കാലത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമായി മാറിയത്.
1976ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ഭരണഘടനയുടെ ആമുഖത്തില്‍ ‘സോഷ്യലിസം, മതേതരത്വം, അഖണ്ഡത’ എന്നീ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു. 42ാം ഭരണഘടന ഭേദഗതിയാണിത്. ഇന്നും ആ ഭേദഗതിയല്ലാതെ ആമുഖത്തില്‍ മറ്റൊരു ഭേദഗതിയും വന്നിട്ടില്ല.

വര്‍ത്തമാന പ്രതിസന്ധി

അനേകായിരം പ്രതിസന്ധികളെ ചെറുത്തു പരാജയപ്പെടുത്തി സ്വതന്ത്ര്യ-പരമാധികാര റിപ്പബ്ലിക്ക് എന്ന നിലക്ക് ഇന്ത്യയുടെ യാത്ര ഇന്ന് ഏഴ് പതിറ്റാണ്ടിലെത്തി നില്‍ക്കുകയാണ്. വെല്ലുവിളികളല്ല, വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണ് രാഷ്ട്രത്തിന്‍റെ കരുത്തിന്‍റെ അളവുകോല്‍. ഇന്ത്യക്കൊപ്പം സ്വതന്ത്രമായ പല രാജ്യങ്ങളും ജനാധിപത്യത്തിന് കളങ്കമായ വിള്ളലുകളാല്‍ പകച്ചു നില്‍കുമ്പോഴും ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മാതൃകമായി ഇന്നേ വരെ നിലനിന്നതിനും രാജ്യം ഏറ്റവും കടപ്പെട്ടിരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയും ബി. ആര്‍ അംബേദ്ക്കറുടെയും സര്‍ദാര്‍ പട്ടേലിന്‍റെയും ബി. എന്‍ . റാവുവിന്‍റെയും അബ്ദുല്‍ കലാം ആസാദിന്‍റെയും മുതല്‍ കോണ്‍സ്റ്റിറ്റ്യുവന്‍റ് അസംബ്ലിയില്‍ അംഗമായിരുന്ന മലയാളി ദലിത് വനിത ദാക്ഷയാണി വോലായുധന്‍റെയും വരെയുള്ളവരുടെ ദീര്‍ഘവീക്ഷണത്താല്‍ തയ്യാറാക്കപ്പെട്ട ഭരണഘടനയോട് തന്നെയാണ്.
ബഹുസ്വരതയുടെ പരിഛേദമാണ് ഇന്ത്യാ മഹാരാജ്യം. എന്താണ് ഇന്ത്യ എന്ന ആശയം? ‘ചരിത്രം സാധൂകരിച്ച ബഹുസ്വരതയാണത് ‘ നെഹ്റു പറഞ്ഞു. ബഹുസ്വരതയുടെ മൂലശീലയായ മതനിരപേക്ഷത വലിയ തോതില്‍ ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ബ്രിട്ടീഷ് മാധ്യമ കമ്പനിയായ ഇക്കണമിസ്റ്റ് ഗ്രൂപ്പിന്‍റെ ഇക്കണമിസ്റ്റ് ഇന്‍റലിജന്‍സ് യൂണിറ്റ് പുറത്തിറക്കിയ ജനാധിപത്യ സൂചികയില്‍ ഇന്ത്യ പത്താം റാങ്കില്‍ നിന്നും 51ലെത്തിയത് എന്തൊരു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ജനാധിപത്യത്തിന്‍റെ കേളീ ഭൂമിക ഇന്ന് അതിന്‍റെ ചുടലപ്പറമ്പിലേക്കുള്ള യാത്രയിലാണെന്ന് തോന്നിപ്പിക്കുമാറാണ് വര്‍ത്തമാന ഇന്ത്യ നിലനില്‍ക്കുന്നത്. ഇന്ത്യയുടെ അതിശക്തമായ മതനിരപേക്ഷ ദര്‍ശനത്തെയാണ് ആര്‍. എസ്. എസിന്‍റെ ഭരണകൂടം തങ്ങളുടെ അതിതീവ്ര വിഭജന ഹിന്ദുത്വ ദേശീയ വാദം കൊണ്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഭരണകൂടം ഭരണഘടനയെ തന്നെ ചോദ്യം ചെയ്യുകയാണ്. ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയെ സ്ഥാപിച്ചവര്‍ എഴുതിയ ഭരണഘടനയുടെ സത്തയെ, ആശയത്തെ, തത്വങ്ങളെ ഇന്ന് ഭരിക്കുന്ന ഭരണകൂടം അതിന്‍റെ തലവന്‍റെ നേതൃത്വത്തില്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഗാന്ധിയെ കൊന്നവര്‍ നെഹ്റുവിനെ അധിക്ഷേപ ശരങ്ങളാല്‍ അവഹേളിക്കുന്നു. മതനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുകയാണ് ഔദ്യോഗിക ഭരണകൂടം തന്നെ! ആര്‍ട്ടിക്കിള്‍ 14 നല്‍കുന്ന വിവേചന രഹിത മൗലികാവകാശത്തെയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ ബി. ജെ. പി അട്ടിമറിക്കുന്നത്. അതുവഴി പൗരന്മാരെ തരം തിരിക്കുകയാണ്. 1982ലെ മ്യാന്‍മാര്‍ പൗരത്വ നിയമമാണവര്‍ക്ക് പ്രചോദകം. പൗരന്മാരെ തരം തിരിച്ച് പട്ടികയാക്കി മഹാവിഭജനത്തിനുള്ള കോപ്പ് കൂട്ടുകയാണീ ആര്‍. എസ്. എസ് ഭരണകൂടം.
ഭരണഘടന നിര്‍മാണ സഭയിലെ ഏക മുസ്ലിം വനിത അംഗമായിരുന്ന ബീഗം ഐജാസ് റസൂല്‍ അന്ന് സഭയില്‍ പറഞ്ഞതേ ഇന്ത്യയിലെ മതനിരപേക്ഷ വാദികള്‍ക്കും പറയാനുള്ളൂ. “മുസ്ലികള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്കെതിരെ വിവേചനമുണ്ടാവാനും പാടില്ല”. ഇന്ത്യയുടെ ഭരണഘടന നിര്‍മാണ സഭ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയം പൗരത്വമാണ്. ഭരണഘടനയുടെ അഞ്ച് മുതല്‍ 11വരെയുള്ള വകുപ്പുകള്‍ പറയുന്നത് വംശാടിസ്ഥാനത്തിലല്ല, ജനനവും താമസക്കാലവും അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് എന്നതാണ്. ഈ അടിസ്ഥാന തത്വത്തിലാണ് 1955ല്‍ നിലവില്‍ വന്ന പൗരത്വ നിയമം ഉണ്ടാക്കിയിരിക്കുന്നത്. പൂര്‍വ്വ പാകിസ്ഥാന്റെ ഭാഗമായിരുന്ന ബംഗ്ലാദേശില്‍ നിന്ന് വന്നവരുടെ പൗരത്വത്തെക്കുറിച്ച് ഡോ ബി ആര്‍ അംബേദ്കര്‍ ഭരണഘടന നിര്‍മാണ സഭയില്‍ ഇങ്ങനെ പറഞ്ഞു: “1948 ജൂലൈ 19ന് മുമ്പ് അസമില്‍ പ്രവേശിച്ചവര്‍ക്ക് സ്വാഭാവികമായും പൗരത്വം നല്‍കണം. മുസ്ലികളാവട്ടെ, ബംഗാളി ഹിന്ദുകളാവട്ടെ അവര്‍ക്ക് നിരുപാധികം പൗരത്വം നല്‍കാനാവില്ല”.
നെഹ്റു പറഞ്ഞതിങ്ങനെയാണ്, “1948 ജൂലെ വരെ ഇവിടെ വന്നവരെ പൗരന്മാരായി തന്നെയാണ് പരിഗണിക്കുന്നത്. അതിന് ശേഷം വന്നവര്‍ക്ക് പ്രത്യേക പരിശോധന മജില്ട്രേറ്റ് വഴി നടത്തി മാത്രമേ പൗരത്വം നല്‍കൂ. ഈ നിയമങ്ങളെല്ലാം സ്വഭാവികമായി ഹിന്ദുക്കള്‍, മുസ്ലികംള്‍, ക്രിസ്താനികള്‍, സിഖുക്കാര്‍ എന്നിവര്‍ക്കും മറ്റെല്ലാവര്‍ക്കും ബാധകമാണ്. ഹിന്ദുക്കള്‍ക്കോ മുസ്ലിംകള്‍ക്കോ ക്രിസ്താനികകള്‍ക്കോ വേണ്ടി പ്രത്യേക നിയമമുണ്ടാക്കാനാവില്ല”.
കോണ്‍ഗ്രസ് നേതാവ് താക്കൂര്‍ ഭാര്‍ഗവ സഭയില്‍ പറഞ്ഞത്, ഏതെങ്കിലും ദേശീയ മുസ്ലിം വടക്കന്‍ പാക്കിസ്ഥാനില്‍ നിന്നോ തെക്കന്‍ പാകിസ്ഥാനില്‍ നിന്നോ ഇന്ത്യയിലേക്ക് വന്നാല്‍ നാം അവരെ സഹോദരരായി കാണണം. ഇന്ത്യക്കാരായി പരിഗണിക്കണം എന്നാണ്. സഭയിലെ അംഗമായ അല്ലാടി കൃഷ്ണസ്വാമി അയ്യര്‍ പറഞ്ഞത്, മതാടിസ്ഥാനത്തിലോ വംശീയാടിസ്ഥാനത്തിലോ ഉള്ള ഒരു വേര്‍ത്തിരിവും മതേതര രാഷ്ട്രത്തില്‍ വ്യക്തികള്‍ക്കോ വിഭാഗങ്ങള്‍ക്കോ ഇടയിലുണ്ടാവില്ല. ബീഹാറുകാരനായ കോണ്‍ഗ്രസ് അംഗം ബ്രിജേശ്വര്‍ മിശ്ര പറഞ്ഞു, “എന്തൊക്കെ സാമ്പത്തിക ബാധ്യതകള്‍ വന്നാലും ഈ രാജ്യം കെട്ടിപ്പടുക്കുന്നത് ചില തത്വങ്ങളാലാണ്. പുതിയ ഭരണഘടനക്ക് തുടക്കമിടുമ്പോള്‍ ചില മുസ്ലികംള്‍ മാത്രം അത് നിഷേധിക്കാന്‍ ഞാനൊരു കാരണവും കാണുന്നില്ല. നേരത്തെ മിസ്റ്റര്‍ ജിന്ന പൗരന്മാരെ മതാടിസ്ഥാനത്തില്‍ പരസ്പരം കൈമാറണമെന്ന ആശയം മുന്നോട്ട് വെച്ചു. നാമത് തള്ളി കാരണം, വിഭജനം എന്ന യാഥാര്‍ത്ഥ്യത്തിന് മുസ്ലിംകളുടെ ഇന്ത്യയുമായുള്ള കൂറിന് ബന്ധമില്ല എന്നത് കൊണ്ടുതന്നെയാണ്. വിഭജനം ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ ഈ രാജ്യത്തെ മുസ്ലികംള്‍ ഇന്ത്യയോട് കൂറുള്ളവരാണ്. അതുകൊണ്ടാണ് ജിന്നയുടെ ആവശ്യത്തെ നാം തള്ളിയത്. പിന്നെന്തിനാണ് വ്യാപകമായി കൂട്ട പലായനങ്ങള്‍ നടന്നു എന്നതാണ് ചോദ്യം. അതിന് കാരണം രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ നടന്ന കലാപമാണ് “. അഥവാ ഇന്ത്യ വിട്ട് പലരും പാക്കിസ്ഥാനില്‍ പോയത് ഇന്ത്യയോടുള്ള കൂറില്ലായ്മയായി കാണരുത് എന്നര്‍ത്ഥം. ഇത്തരം വാദങ്ങളെയെല്ലാം മുസ്ലിം പ്രീണനമായി വ്യാഖ്യാനിച്ച ജസ്പാത് കപൂറും ശ്യാമപ്രസാദ് മുഖര്‍ജിയും ദേശ്മുഖും അടക്കമുള്ള അംഗങ്ങളോടും മറ്റുള്ളവരോടുമായി നെഹ്റു പറഞ്ഞു, “ഏതെങ്കിലും വ്യക്തിക്കോ ഗ്രൂപ്പിനോ അവകാശപ്പെട്ട നീതിയുടെ പോയന്‍റില്‍ നിന്ന് ഒരടി ഇടത്തോ വലത്തോ നീങ്ങാന്‍ നാം തയ്യാറല്ല. നമ്മള്‍ ലക്ഷ്യം വെക്കുന്നത് ഒരു മതേതര രാഷ്ട്രമാണ്”.
അതായത് ഭരണഘടന നിര്‍മാണ സഭ പൗരത്വ വിഷയം സമൂല തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യുകയും അതില്‍ ഒരു വിവേചനവും പാടില്ലെന്ന് തീര്‍പ്പിലെത്തിയതുമാണ്. ബി. ജെ. പി കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ജനനമോ താമസമോ അനുസരിച്ച് അല്ല. കൃത്യമായി മത വംശീയാടിസ്ഥാനത്തിലുള്ള പൗരത്വവും വിവേചനവുമാണ് വിഭാവനം ചെയ്യുന്നത്. ഇത് പരിപൂര്‍ണമായും ഭരണഘടനയുടെ സത്തയെ ഇല്ലായ്മ ചെയ്യുന്നതാണ്. രാഷ്ട്ര ശില്‍പ്പികളുടെ ഉദ്ദേശ്യങ്ങളെ തകര്‍ത്തെറിയുന്നതാണ് എന്നതില്‍ യാതൊരു സംശയവുമില്ല.

സൈഫുദ്ദീന്‍ കണ്ണനാരി

Write a comment