Posted on

ഓൺലൈൻ വിദ്യാഭ്യാസം : ഉണരേണ്ടതും ഒരുങ്ങേണ്ടതും

മനുഷ്യ ജീവിത ക്രമങ്ങളിൽ അനേകം മാറ്റങ്ങളാണ് കോവിഡ് പ്രതിസന്ധി മൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനമായി വിദ്യാഭ്യാസ സംവിധാനങ്ങൾ പാടേ ഓണ്‍ലൈന്‍ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടു. സമ്പർകങ്ങളിലൂടെ അതിതീവ്ര പകർച്ചാ ശേഷിയുള്ള ഈ രോഗം സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്ന പക്ഷം അതിവേഗ വ്യാപനം സംഭവിക്കുമെന്ന ബോധ്യമാണ് അധികാരികളെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനിൽ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചത്. മികച്ച പരിശീലനം സിദ്ധിച്ച അധ്യാപകരെ വെച്ച് നമ്മുടെ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ രോഗവ്യാപനം നിയന്ത്രണ വിധേയമല്ലാത്തത് മൂലം തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ വർഷം സീറോ ഇയർ ആയി പ്രഖ്യാപിച്ച് വിദ്യാലയങ്ങൾ തുറക്കുന്നത് അനന്തമായി നീളുമെന്ന മുന്നറിയിപ്പുകളും ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് വന്നു കഴിഞ്ഞു. അതിനാൽ ഈ അധ്യായന വർഷം ഓൺലൈൻ ക്ലാസുകളിൽ ഒതുങ്ങുമെന്നാണ് നമുക്കു വിലയിരുത്താനാവുക. എന്നാല്‍ ഓൺലൈൻ ക്ലാസുകൾ തുടക്കത്തിലുള്ള സ്വീകാര്യതയിൽ നിന്ന് ഏറെ പിന്നാക്കം പോയിരിക്കുന്നുവെന്ന സത്യം നാം ഗൗരവ പൂർവ്വം തിരിച്ചറിയേണ്ടതുണ്ട്. പോരാത്തതിന് ഇതിനിടയില്‍ അനേകം പരാതികളും ഓൺലൈൻ ക്ലാസുകൾക്കെതിരിൽ ഉയര്‍ന്ന് വന്നിരിക്കുന്നു. ക്ലാസുകള്‍ കേള്‍ക്കാന്‍ സൗകര്യമില്ലാത്തവരുടെ ആവലാതികളും തുടർന്നുള്ള ആശങ്കകളുമാണതിലേറെയും. നെറ്റ് കണക്ഷന്‍ കിട്ടാത്ത സ്ഥലങ്ങളിലെ കുട്ടികളും, ഇതിനാവശ്യമായ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതുമാണ് ഈ വിധത്തില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാൻ കാരണമാക്കുന്നത്. അത് കൊണ്ട് തന്നെ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലേക്ക് നീങ്ങുമ്പോള്‍ മറ്റു കുടുംബങ്ങളിലെ കുട്ടികള്‍ തുല്യ അവസരം കിട്ടാതെ പിന്തളളപ്പെട്ടു പോവുകയാണെന്നും, വിദ്യഭ്യാസത്തില്‍ തുല്യ നീതിയെന്ന ആശയത്തോട് ഇത് നീതീകരിക്കാത്തതാണെന്നുമുള്ള വസ്തുതാപരമായ വിമര്‍ശനങ്ങളും വരുന്നുണ്ട്. ഓൺലൈൻ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ പ്രതിസന്ധികൾ തിരുത്തി മുന്നോട്ടു പോവൽ അനിവാര്യമാണ്.

വെല്ലുവിളികള്‍

രാജ്യത്തെ 285 ദശലക്ഷം കുട്ടികളാണ് കോവിഡ് മൂലം തുടര്‍പഠനത്തിന് സാധിക്കാതെ ദുരിതമനുഭവിക്കുന്നത്. ഈ പ്രശ്‌ന പരിഹാരമെന്നോണമാണ് ഔപചാരിക വിദ്യഭ്യാസ രീതിക്കു ബദലായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ നടത്തപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പിൽ അനേകം വെല്ലുവിളികളുണ്ട്. ഡിജിറ്റല്‍ അന്തരമാണ് (Digital Divide) അതില്‍ പ്രധാനം. സാങ്കേതിക വിദ്യകളില്‍ നാം ഏറെ മുന്നോട്ട് പോയെങ്കിലും ഇപ്പോഴും ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാത്ത പല സ്ഥലങ്ങളും രാജ്യത്തുണ്ട്. കേരളത്തിലെ സ്ഥിതിയും ഇതില്‍ നിന്ന് വിഭിന്നമല്ല. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന്റെ ഫലപ്രാപ്തി അളക്കാന്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരള (SSK) നടത്തിയ പഠനത്തില്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് സൗകര്യമില്ലാത്ത രണ്ടര ലക്ഷത്തിലധികം കുട്ടികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണ്ടെത്തിയത്. അഥവാ 6.98% കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ സാങ്കേതിക കാരണങ്ങളാൽ സാധിക്കുന്നില്ലായെന്നര്‍ത്ഥം. ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ എങ്ങനെ എത്തിച്ചു നല്‍കുമെന്നത് ഒരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനോവിഷമത്തില്‍ വളാഞ്ചേരിയിലെ ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതും പ്രശ്‌നത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നുണ്ട്.

ഓണ്‍ലൈനിലൂടെ പാഠഭാഗങ്ങള്‍ നല്‍കുമ്പോള്‍ എത്രത്തോളം സാംസ്‌കാരിക കൈമാറ്റം അവിടെ നടക്കുന്നുണ്ടെന്നതാണ് മറ്റൊരു വെല്ലുവിളി. കേവലമൊരു വിജ്ഞാന കൈമാറ്റമായല്ല വിദ്യാഭ്യാസത്തെ വിവേകമുള്ളവന് നോക്കിക്കാണാനാവുക. നന്മയും മാനവിക മൂല്യങ്ങളും സ്വായത്തമാക്കിയ തലമുറയെ വാര്‍ത്തെടുക്കാനുള്ള ഒരു മാർഗമാണ് വിദ്യാഭ്യാസ പ്രക്രിയ. അതിന്റെ പണിപ്പുരയായി വര്‍ത്തിക്കുന്നതാകട്ടെ, വിവിധങ്ങളായ വിദ്യാഭ്യാസ സംരംഭങ്ങളുമാണ്. ജനാധിപത്യപരമായ അനേകം മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയങ്ങളില്‍ നിന്ന് പഠിക്കുന്നുണ്ട്. അധ്യാപകരിലൂടെയും സഹവിദ്യാര്‍ത്ഥികളിലൂടെയുമുള്ള സഹവാസത്തിലൂടെയാണ് വിട്ടുവീഴ്ച, ക്ഷമ, പങ്കിടല്‍ തുടങ്ങിയ ഇത്തരം സ്വഭാവ സവിശേഷതകള്‍ അവര്‍ കൂടുതലായി കൈവരിക്കുന്നത്. പ്രതിസന്ധികളില്‍ അടിപതറാതെ സഹിഷ്ണുതയെ കൂട്ടുപിടിച്ച് മുന്നോട്ട് സഞ്ചരിക്കാനുള്ള തന്റേടവും വിദ്യാലയ ജീവിതത്തിൽ നേടുന്നു. എന്നാല്‍ ഇവയെല്ലാം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അനിശ്ചിതത്തിലാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഫിലോസഫിയെല്ലാം മുന്നോട്ട് വെക്കുന്ന കുട്ടികളെ കേന്ദ്രീകരിച്ചുള്ള പഠനവും ഇതിലൂടെ നല്‍കാനാവില്ലായെന്നത് മറ്റൊരു വസ്തുതയാണ്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകൃതമാക്കി അവര്‍ക്ക് അനുഭവത്തിലൂടെയും മുഖാമുഖമായും ക്ലാസെടുക്കുമ്പോള്‍ പല വിപ്ലവകരമായ മാറ്റങ്ങളും അവരില്‍ സൃഷ്ടിക്കാന്‍ കഴിയും. അവരുടെ ഓരോ ചലന-നിശ്ചലനങ്ങളും ശ്രദ്ധിച്ച് കഴിവുകളെ കണ്ടെത്തി പ്രോത്സാഹനങ്ങൾ നല്‍കിയാല്‍ വരും കാലങ്ങളിലെ മികച്ച പ്രതിഭകളായി അവര്‍ മാറും. അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള മേഖലകളില്‍ അവര്‍ അത്യപൂര്‍വ്വ വ്യക്തിത്വങ്ങളായി വികസിക്കും. അതിനു വേണ്ടത് സദാസമയം അവരെ വീക്ഷിച്ച് അടുത്തറിഞ്ഞ് നില്‍ക്കാനുള്ള സാഹചര്യം അധ്യാപകര്‍ക്കുണ്ടാവുകയെന്നതാണ്. പക്ഷേ, ഇത് ഓണ്‍ലൈന്‍ സംവിധാനത്തില്‍ സാധ്യമാകുന്നില്ല. അതുകൊണ്ട് തന്നെ തികച്ചും സിലബസ് തീര്‍ക്കാനുള്ള തത്രപ്പാടിന്റെ വക്താക്കളായി അധ്യാപകരും നോട്ടുകള്‍ പകര്‍ത്തിയെഴുതി പരീക്ഷയില്‍ മാര്‍ക്ക് നേടാനുള്ള യന്ത്രങ്ങളായി വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരിണമിച്ചിരിക്കുന്നുവെന്നതാണ് പരമാര്‍ത്ഥം.

ഗുരു – ശിഷ്യ ബന്ധം

വിദ്യാഭ്യാസ ജീവിതത്തിലും തുടർന്നും വലിയ സ്വാധീനം ചെലുത്താവുന്ന ഒന്നാണ് സാർത്ഥമായ ഗുരു-ശിഷ്യ ബന്ധങ്ങൾ. മനസ്സുകള്‍ തമ്മിലെ സംസ്‌കാര-വിജ്ഞാന കൈമാറ്റമാണ് വിദ്യഭ്യാസമെന്നതിനാല്‍ വൈകാരികമായ ഒരു അടുപ്പമാണ് ഇവര്‍ തമ്മിലുണ്ടാവുക. ഇസ്‌ലാമിക ചരിത്രത്തിലും ഇത്തരത്തിലുള്ള ഗുരു-ശിഷ്യ ബന്ധത്തിന്റെ അണമുറിയാത്ത അടുപ്പം ദര്‍ശിക്കാന്‍ സാധിക്കും. പ്രവാചകര്‍ (സ്വ)യുടെ അധരങ്ങളില്‍ നിന്നും വീഴുന്ന വിജ്ഞാനങ്ങളെ സസൂക്ഷ്മം ഒപ്പിയെടുത്തും അവിടുത്തെ കല്‍പനകള്‍ അക്ഷരം പ്രതി അനുസരിച്ചും സ്വഹാബത്ത് ഇതിന്റെ മാതൃക ലോകത്തിനു മുമ്പില്‍ വരച്ചു കാണിച്ചതാണ്. നമ്മുടെ ജീവിതത്തിലും ഇത്തരം വൈകാരികമായ അടുപ്പം അനുഭവപ്പെട്ടിട്ടുണ്ടാവും. ഒരിക്കലും ഓര്‍മയില്‍ നിന്നും മങ്ങാതെ നമ്മുടെ മനസ്സില്‍ ശോഭിച്ച് നില്‍ക്കുന്ന ചില അധ്യാപക മുഖങ്ങള്‍ ഇതിന്റെ തെളിവാണ്. യഥാര്‍ത്ഥത്തില്‍ പഠനകാലഘട്ടത്തില്‍ അധ്യാപകര്‍ നല്‍കുന്ന സ്‌നേഹവും കരുതലുമാണ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ അവർക്ക് സ്ഥാനം നൽകുന്നത്. തങ്ങളുടെ ഓരോ നിമിഷവും നിരീക്ഷിച്ച് ശാസനകളും ഉപദേശങ്ങളുമായി നന്മയിലേക്കും അക്ഷര ലോകത്തിന്റെ കാണാപുറങ്ങളിലേക്കും നയിക്കുന്ന അധ്യാപകര്‍ മാതാപിതാക്കളോളം തുല്യരായി വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പതിയുന്നു. ഗുരുവെന്നതിലുപരി അവരുടെ മനസ്സുതുറന്ന് സംസാരിക്കാവുന്ന സുഹൃത്തുക്കളായി അവര്‍ അധ്യാപകരെ കാണുന്നു. ഈ വിധത്തില്‍ വലിയ സ്വാധീനമാണ് ഗുരുനാഥന്മാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലുണ്ടാക്കുന്നത്. എന്നാല്‍ ആധുനിക കാലത്ത് ഇത്തരം ബന്ധങ്ങള്‍ ചോര്‍ന്നു പോകുന്നത് സാധാരണ കാഴ്ചയായി മാറുകയാണ്. ഓണ്‍ലൈന്‍ വിദ്യഭ്യാസത്തില്‍ പ്രത്യേകിച്ചും ഇത് സംഭവിക്കുന്നുണ്ട്. അടുത്തിടെയായി പുറത്തുവന്ന അധ്യാപകരെ ചീത്ത പറഞ്ഞും അവഹേളിച്ചുള്ള ചില കമന്റുകള്‍ ഇതിനെ അടിവരയിടുന്നതാണ്. മുന്നിലെ സ്‌ക്രീനില്‍ തെളിയുന്ന അധ്യാപകരെ പാഠഭാഗങ്ങള്‍ പറഞ്ഞുതരുന്ന ഒരു മനുഷ്യരൂപമായ് പോലും വിദ്യാര്‍ത്ഥികള്‍ ഗണിക്കുന്നില്ലെന്നതാണ് ഇത്തരം സംഭവങ്ങള്‍ കാണിച്ച് തരുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികളുമായി ആഴത്തിലുള്ള ബന്ധം വെച്ചുപുലര്‍ത്താന്‍ അധ്യാപകര്‍ ശ്രമിക്കണമെന്നതാണ് ഇതിനുള്ള ഏക പോംവഴി. അവരുടെ പഠനകാര്യങ്ങളില്‍ നിരന്തരം ഇടപ്പെട്ട് അധ്യാപകര്‍ നീങ്ങേണ്ടതുണ്ട്. നിലവില്‍ സൗകര്യപ്രദമായ സംവിധാനങ്ങൾ വെച്ച് സര്‍ക്കാര്‍ എത്തിച്ചു നല്‍കുന്ന പാഠഭാഗങ്ങള്‍ക്കു പുറമെ വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണത്തിനും ആവശ്യമെങ്കില്‍ വീണ്ടും അധ്യാപനം നടത്താനും തയ്യാറാവണം. ഈ നീക്കം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സഹായകമാവുന്നതാണ്. മുന്‍കാലങ്ങളില്‍ പുലര്‍ത്തിയിരുന്ന സൗഹൃദവും സ്‌നേഹവും പരിമിതികളെ മറികടന്ന് ഈ സമയത്തും നിലനിര്‍ത്താന്‍ സാധിക്കണം. നിര്‍ദ്ദേശങ്ങളും ശാസനകളുമായി നേര്‍മാര്‍ഗത്തിലേക്ക് നയിക്കാന്‍ തങ്ങള്‍ സദാസമയമുണ്ടെന്ന ചിന്ത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കണം. ഇത്തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ അധ്യാപകരുടെ സ്വാധീനം കുട്ടികളില്‍ ഊട്ടിയുറപ്പിക്കാന്‍ കാരണമാവും.

മാതാപിതാക്കളുടെ ശ്രദ്ധയിലേക്ക്

കുട്ടികളുടെ പ്രഥമപാഠശാലയാണ് മാതാപിതാക്കള്‍. ശൈശവത്തില്‍ ഓരോ കുഞ്ഞും ഗ്രഹിക്കുന്ന വാക്കുകളും അനുഭവങ്ങളും ലഭിക്കുന്നത് മാതാപിതാക്കളിലൂടെയാണ്. ആഹാരമൂട്ടുമ്പോഴും ഉറങ്ങുമ്പോഴും അവര്‍ പറയുന്ന കഥകളിലും താരാട്ടുപാട്ടുകളിലും കുട്ടികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള മൂല്യവത്തായ ഗുണപാഠങ്ങളാകാറുണ്ട്. ചുരുക്കത്തില്‍ ഓരോരുത്തരുടെയും ജീവിതത്തെ സംസ്‌കാര സമ്പന്നമാക്കാനുള്ള ഒരായിരം അറിവുകള്‍ നേടാന്‍ കുട്ടികളെ സഹായിക്കുന്നത് മാതാപിതാക്കളാണെന്നര്‍ത്ഥം. ഇത്രയും പറഞ്ഞുവെച്ചത് ചില ഗൗരവപരമായ വസ്തുതകളിലേക്ക് മാതാപിതാക്കളുടെ ശ്രദ്ധ തിരിക്കാനാണ്. കോവിഡ് പ്രതിസന്ധിമൂലം വിദ്യഭ്യാസം ഓണ്‍ലൈനിലേക്ക് കുടിയേറിക്കഴിഞ്ഞതിനാല്‍ വിദ്യാര്‍ത്ഥികള്‍ ദീര്‍ഘ നേരം സ്‌ക്രീനിനു മുമ്പിലാണുള്ളത്. പഠനത്തിലല്ലേയെന്ന ചിന്തയില്‍ മാതാപിതാക്കള്‍ അവരെ ശ്രദ്ധിക്കാതെ നിത്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നു. എന്നാല്‍ ജാഗ്രതയുടെ മൂന്നാം കണ്ണ് തുറന്നിരിക്കേണ്ട സമയമാണിതെന്ന് പറയാതെ വയ്യ. കുട്ടികളുടെ കൈകളിലുള്ള മൊബൈല്‍, ലാപ്‌ടോപ് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങളെ ഇരുതല മൂര്‍ച്ചയുള്ള ആയുധത്തോടാണ് പൊതുവെ ഉപമിക്കാറുള്ളത്. ഗുണവും ദോഷവും ഒരുപോലെ അതില്‍ സമ്മിശ്രമാണെന്നതാണ് കാരണം. സ്വഭാവത്തെ ചീത്തയാക്കാനും ക്രിമിനല്‍ ബുദ്ധിയിലേക്കു നയിക്കാനുമുതകുന്ന വ്യത്യസ്ത വഴികള്‍ ഈ സംവിധാനത്തിലുണ്ട്. അടുത്ത കാലത്ത് കേരളത്തില്‍ പിടിക്കപ്പെട്ട സൈബര്‍ കുറ്റകൃത്യങ്ങളില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്നത് വിസ്മരിക്കാവുന്നതല്ല. പോണോഗ്രഫിയും അനുബന്ധ സ്വഭാവ നശീകരണ വഴികളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിരവധിയാണ്. ഇതിലേക്ക് കുട്ടികള്‍ വഴിതെറ്റി സഞ്ചരിക്കുന്നുണ്ടോയെന്ന് വീക്ഷിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ പഠിക്കുന്നുണ്ടോയെന്നും അവര്‍ക്ക് പാഠഭാഗങ്ങൾ ഉള്‍കൊള്ളാന്‍ പ്രയാസം അനുഭവപ്പെടുന്നുണ്ടോയെന്നും മാതാപിതാക്കള്‍ അന്വേഷിക്കണം. തുറന്ന സംസാരത്തിനുള്ള സാഹചര്യമൊരുക്കി കൊടുക്കണം. ആവശ്യമെങ്കില്‍ പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുക്കുകയും സംശയനിവാരണത്തിനുള്ള മാര്‍ഗങ്ങള്‍ ഒരുക്കി കൊടുക്കുകയും ചെയ്യണം. ധാര്‍ഷ്ട്യത്തിന്റെ മുള്‍വേലികള്‍ തീര്‍ക്കുന്നതിന് പകരം സ്‌നേഹത്തോടെയുള്ള പെരുമാറ്റം ഈ ഏകാന്തതയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസം സൃഷ്ടിക്കും. ആവശ്യമായ ഉപകരണങ്ങളുടെ അപര്യാപ്തതയുണ്ടെങ്കില്‍ സ്‌കൂളുകളെയോ അനുബന്ധ പ്രവര്‍ത്തകരെയോ സമീപിക്കണം. പ്രാദേശിക ക്ലബ്ബുകളും സംഘടനകളും മുന്നിട്ടിറങ്ങി വിദ്യാഭ്യാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നാട്ടില്‍ അനുഭവിക്കുന്നവരുണ്ടെങ്കില്‍ അത് പരിഹരിച്ച് കൊടുക്കണം.

ലോക്കായി മത വിദ്യഭ്യാസം

അറിവാണ് വിശുദ്ധ ഇസ്‌ലാമിന്റെ ജീവവായു. അറിവിന്റെ വെളിച്ചമേകി തന്നെയാണ് പ്രവാചകന്മാരെല്ലാം ജനഹൃദയങ്ങളിൽ തമസ്സകറ്റി സത്യ മതത്തിന്റെ പ്രഭ വിതറിയിട്ടുള്ളത്. മുത്തു നബിയെന്ന വിശ്വ ഗുരുവും സ്വഹാബത്തെന്ന അരുമശിഷ്യരും അറിവന്വേഷണങ്ങളുടെ അധ്യായങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നുണ്ട്. ഗുരുവിനാൽ സംസ്കരിക്കപ്പെടുന്ന ശിഷ്യൻ എന്ന സാംസ്കാരിക വിനിമയങ്ങളുടെ തലം കൂടിയാണ് ഇസ്‌ലാമിലെ ഗുരുവും ശിഷ്യനും. നാളിതുവരെ അറിവിന്റെ ഈ ആദാന പ്രദാനങ്ങൾ സുതാര്യമായും സുസ്ഥിരമായും തുടർന്നു പോന്നുവെന്നതാണ് കേരളത്തിലടക്കം നിലനിൽക്കുന്ന ആത്മീയ അന്തരീക്ഷങ്ങളുടെ അടിസ്ഥാനം. കേരളത്തില്‍ നിന്നുമാറി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചാല്‍ അവിടുത്തെ മുസ്‌ലിം ജീവിതങ്ങളുടെ ശോചനീയാവസ്ഥ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ അറിയാത്തവരെയാണ് ഏറിയ പങ്കും നമുക്ക് അവിടെ കാണാനാവുക. ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ പ്രാപ്തിയുള്ള വിദ്യാഭ്യാസ സംവിധാനം അവിടെ ഇല്ലായെന്നതാണ് ഇതിന്റെ മുഖ്യ ഹേതു. കേരളത്തിലെ ദീർഘ വീക്ഷണമുള്ള പണ്ഡിതന്മാരുടെ ധിഷണാപരവും ത്യാഗപൂർണവുമായ അധ്വാനങ്ങളുടെ ഫലമാണ് മതവിദ്യാഭ്യാസ രംഗത്തെ മാതൃകാപരമായ ഇടപെടലുകൾ. ഓത്തുപള്ളി, മദ്‌റസ, ദറസ് ,ദഅവ കോളേജുകൾ തുടങ്ങി കാലോചിതമായി മത വിദ്യാഭ്യാസ പ്രസരണത്തിനായുള്ള മാർഗങ്ങൾ അവലംബിച്ചുവെന്നതാണ് ആത്മീയ വിദ്യാഭ്യാസ പുരോഗതിക്ക് കേരളത്തില്‍ അവസരമൊരുക്കിയത്. കോവിഡ് മഹാമാരി കാരണമായി വിദ്യഭ്യാസ സംവിധാനങ്ങൾ ഓൺ ലൈൻ തലങ്ങളിലേക്ക് പറിച്ചു മാറ്റപ്പെട്ടപ്പോൾ സ്വാഭാവികമായി മതവിദ്യാഭ്യാസവും ആ രീതി സ്വീകരിക്കേണ്ടി വന്നുവെന്നത് സ്വാഭാവികം. പരിമിതികളേറെയുണ്ടെങ്കിലും പൂർണമായി നിലക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഓൺലൈൻ മദ്റസ വിദ്യാഭ്യാസം. മത വിദ്യാഭാസം കൊണ്ട് പ്രധാനമായി നാം കാംക്ഷിക്കുന്ന സാംസ്കാരിക വളർച്ചക്ക് ഗുരുമുഖത്തു നിന്ന് തന്നെ സുതാര്യമായി ജ്ഞാന കൈമാറ്റം സാധ്യമാകേണ്ടതുണ്ട്. ഓൺലൈൻ പഠന കാലത്ത് ശിഷ്യരെ നിരന്തരമായി നിരീക്ഷിക്കാനും, ആവശ്യമായ തിരുത്തലുകൾ നൽകാനും സാധ്യമല്ല. ആരാധനാ മുറകൾ പോലുള്ളവയിൽ പ്രായോഗിക പരിശീലനങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്നിരിക്കെ ഓൺലൈൻ വിദ്യഭ്യാസത്തിൽ അത് സാധ്യമല്ലെന്നത് യാഥാർത്ഥ്യമാണ്. ഭൗതിക പഠന മേഖലയിലെന്ന പോലെ ഡിജിറ്റല്‍ ഡിവൈസുകളുടെ അപര്യാപ്തത പ്രശ്‌നമായി അവശേഷിക്കുന്നു. ഓൺലൈൻ ക്ലാസുകൾ കാരണമായി നിരത്തി മദ്‌റസകളിൽ മതദ്ധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്ന പ്രവണത അങ്ങേയറ്റം ഖേദകരമാണ്. തുഛമായ ശമ്പളം കൈപറ്റി ജീവിക്കുന്ന മതദ്ധ്യാപകര്‍ സാധാരണ നിലയില്‍ തന്നെ ഒരുപാട് ക്ലേശമനുഭവിച്ചാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. എന്നാലും ദീനില്‍ അറിവിനുള്ള മഹാത്മ്യവും അത് അദ്ധ്യാപനം നടത്തിയാലുള്ള പ്രതിഫലവും ഉള്‍കൊണ്ടാണ് അവര്‍ ഈ മേഖലയില്‍ തുടര്‍ന്ന് പോകുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ചിലവ് ചുരുക്കലെന്ന പേരില്‍ നടത്തുന്ന നിരര്‍ത്ഥകമായ പ്രവര്‍ത്തനങ്ങള്‍ മതപഠനമേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ മാറി ചിന്തിക്കുന്നതിന് കാരണമാകുമെന്ന് കൂടി ഓർക്കുക. വരുമാനമില്ലാതെ തങ്ങളുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് വീഴാതിരിക്കാന്‍ മറ്റു തൊഴിലുകളിലേക്ക് മതാദ്ധ്യാപകർ തിരിയുന്നത് ഗുണത്തിലേറെ ദോഷമായേ ഭവിക്കൂ. പുതിയ സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളേ സാധ്യമാകൂ എന്ന് പറയുമ്പോൾ തന്നെ രക്ഷാകർത്താക്കളുടെ ഉത്തരവാദിത്വം വർധിച്ചുവെന്ന് പറയാതിരിക്കാനാവില്ല. വിദ്യാലയങ്ങളിൽ നടക്കുന്ന പ്രായോഗിക പരിശീലനങ്ങളുടേയും നിരന്തര മൂല്യ നിർണയങ്ങളുടേയും ഉത്തരവാദിത്വം രക്ഷാകർത്താക്കൾ ഏറ്റെടുക്കുമ്പോൾ മാത്രമേ ഓൺലൈൻ വിദ്യാഭാസം ഫലപ്രദമാണെന്ന് പറയാനൊക്കൂ

ചില ഉണര്‍ത്തലുകള്‍

അനേകം വെല്ലുവിളികള്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസം ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രധാനമായ ചില തിരിച്ചറിവുകള്‍ ഇത് സമൂഹത്തിന് നല്‍കുന്നുണ്ടെന്നത് പറയാതെ വയ്യ. പരമ്പരാഗതമായി തുടര്‍ന്നു പോന്ന രീതികള്‍ തന്നെയാണ് ആധുനിക കാലത്തും നാം വിദ്യാഭ്യാസ വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. വിദ്യാര്‍ത്ഥികളെല്ലാം ഒരുമിച്ച് കൂടി അധ്യാപകര്‍ നേരിട്ട് വന്ന് അധ്യാപനം നടത്തുന്ന ഈ രീതി കൂടുതല്‍ ഫലവത്താണുതാനും. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവിശാലമായ ഉപകാരവശങ്ങളെ സ്വീകരിക്കാന്‍ നാം ഇപ്പോഴും തയ്യാറായിട്ടില്ലായെന്നതാണ് വാസ്തവം. വലിയ സാധ്യതകളുള്ള വികസ്വരമായ ഇടമാണ് ഓണ്‍ലൈന്‍ മേഖല. ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാനും അതുവഴി തന്റെ വിവരസമ്പാദ്യം വര്‍ദ്ധിപ്പിക്കാനും ഇത് വലിയ തോതില്‍ സഹായിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ അന്വേഷണത്വരയുള്ളവരാക്കി മാറ്റാനും ഇതിലൂടെ സാധിക്കുന്നു. ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടാണ് അനേകം സാങ്കേതിക മികവുള്ള രാജ്യങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ഔപചാരിക വിദ്യഭ്യാസ രീതിയായി സ്വീകരിച്ചിരിക്കുന്നത്. അവര്‍ അതിനെ ഫലവത്തായി ഉപയോഗപ്പെടുത്തി മികവുറ്റ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്നു. അതിനാല്‍ കോവിഡ് പ്രതിസന്ധികളില്‍ തിരിച്ചറിയപ്പെട്ട പുതിയ വിദ്യാഭ്യാസ സാധ്യതയെ നാം ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. നിലവിലെ ഔപചാരിക വിദ്യാഭ്യാസത്തിനു ബദലായി ഓണ്‍ലൈന്‍ സംവിധാനത്തെ പ്രതിഷ്ഠിക്കണമെന്നല്ല പറഞ്ഞുവെക്കുന്നത്. മറിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ ഔപചാരിക വിദ്യഭ്യാസത്തിന്റെ ഭാഗമാക്കി കൂടുതല്‍ മികവുറ്റ വിദ്യാഭ്യാസ രീതിക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത് മാറ്റങ്ങളുടെ വലിയ ചുവടുവെപ്പാവുമെന്നതാണ് യാഥാർത്ഥ്യം. ഇനി വരാനിരിക്കുന്ന ഓരോ വിദ്യാഭ്യാസ വികസനനസൂചികകളും സംസ്ഥാനത്തെ ഓരോ വിദ്യാര്‍ത്ഥിക്കും വിദ്യാഭ്യാസത്തിനുള്ള അവകാശം നഷ്ടപ്പെടുത്താതെ, പകരം അതിനുള്ള സാഹചര്യമൊരുക്കി അവസരങ്ങൾ ഉറപ്പ് വരുത്തുന്നതാവണം.

 

ഹാരിസ് മുഷ്താഖ്‌

Write a comment