Posted on

കോവിഡിനൊപ്പം ജീവിക്കുമ്പോൾ

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വൂഹാനിൽ കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കപ്പെടുമ്പോൾ അത് ലോകക്രമത്തെ തന്നെ തകിടം മറിക്കുമെന്ന് കരുതിയവർ വിരളമായിരുന്നു. ആരോഗ്യരംഗത്തെ മുഴുവൻ സംവിധാനങ്ങളും ഉറക്കമൊഴിച്ചു പ്രവർത്തിച്ചിട്ടും ഈ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായിട്ടില്ലെന്നതാണ് സത്യം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മൂന്നു കോടി മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കൂടുതൽ രോഗികളുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ അമേരിക്കക്ക് മാത്രം പിറകിൽ നിൽക്കുന്ന ഇന്ത്യയിൽ അറുപത് ലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തിലാകമാനം പത്ത് ലക്ഷത്തിലധികം ആളുകൾക്ക് ഈ മഹാമാരിയുടെ സംഹാര താണ്ഡവത്തിൽ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഈ കണക്കുകളെയെല്ലാം അപ്രസക്തമാക്കും വിധമാണ് ദൈനംദിന രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വരുന്ന വർദ്ധനവ്.
മറ്റു രാജ്യങ്ങളിലെ രോഗ വ്യാപനവും മരണ നിരക്കും ഉറ്റുനോക്കിയിരുന്ന നമ്മൾ ഇന്ന് നമ്മുടെ ചുറ്റുവട്ടത്തും വൈറസ് സാന്നിധ്യമെത്തിയ ഭീതിയിലാണ്. ഒരു പക്ഷെ നമ്മുടെ വീടിനു തൊട്ടടുത്ത്, അല്ലെങ്കിൽ നമ്മുടെ വീട്ടിൽ, അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ തന്നെ ഈ വൈറസ് എത്തിയിട്ടുണ്ടാകാം.
കഴിഞ്ഞ പത്തു മാസത്തോളമായി നമ്മൾ ശക്തമായ പ്രതിരോധവും ജാഗ്രതയും തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും നിയന്ത്രണ വിധേയമാകാതെ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ദിനേന രോഗികളുടെ എണ്ണത്തിൽ ശരാശരി അഞ്ഞൂറ് എന്ന തരത്തിലൊക്കെ വ്യാപനം തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ നാം പാലിച്ച ജാഗ്രതയും നിയന്ത്രങ്ങളും വഴി സംസ്ഥാനത്തെ ഒരു രോഗിയുമില്ലാത്ത സാഹചര്യത്തിൽ എത്തിക്കാൻ സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ ഒരു ദുരന്തം നമുക്ക് തടയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിയന്ത്രങ്ങൾക്കു അയവു വരുന്നു. ജനങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയപ്പെടാൻ തയ്യാറാകാതെ വരുന്നു. രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലുമൊക്കെ ഈ അശ്രദ്ധ നന്നായി പ്രതിഫലിച്ചു കാണുന്നുണ്ട്. പൂർണമായി അടച്ചിട്ട കാലത്ത് നാം അഭിമുഖീകരിച്ച സാമ്പത്തിക സാമൂഹിക ,മാനസിക പ്രയാസങ്ങൾ എത്രയധികമാണ്. ഇനിയും അത്തരമൊരു അടച്ചിടലിനെ കുറിച്ച് ചിന്തിക്കാൻ പോലും താൽപര്യപ്പെടുന്നില്ല. പകരം ഈ മഹാമാരിക്കൊപ്പം നാം ജീവിക്കാൻ തുടങ്ങുകയാണ്. കോവിസ് വൈറസിന്റെ ശക്തി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് നമ്മൾ മറന്നുകൂടാ. മറിച്ചു വൈറസ്‌ സ്വയം രൂപമാറ്റം പ്രാപിച്ച് കൂടുതൽ പ്രഹരശേഷിയുളള രൂപത്തിൽ തുടർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ കോവിഡിനെ പേടിച്ചു കൊണ്ട് ഇനിയും നമുക്കെല്ലാവർക്കും വീട്ടിൽ ഇരിക്കുക സാധ്യമല്ല. അതുകൊണ്ട് കോവിഡിനോടൊപ്പം ജീവിക്കുമ്പോൾ നാം എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. കൊറോണ വൈറസ് ജീവിക്കുന്നത് പ്രധാനമായും മനുഷ്യശരീരത്തിൽ ആണ്. ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്കാണ് വൈറസ് പകരുന്നത്. അതുകൊണ്ട് കോവിഡ് പ്രതിരോധത്തിൽ ഏറ്റവും പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നത് തന്നെ.
ഇപ്പോഴത്തെ സാഹചര്യത്തിൽ ആരുടെ ശരീരത്തിലും വൈറസ് സാന്നിധ്യം ഉണ്ടാകാം. അതുകൊണ്ട് ജോലി സ്ഥലത്തും, വ്യാപാര കേന്ദ്രങ്ങളിലും, കല്യാണം, മരണം പോലെയുള്ള ചടങ്ങുകളിലും സാമൂഹിക അകലം പാലിക്കണം. നമ്മൾ സ്വയം മനസ്സിലാക്കി എല്ലാവരോടും ഒരു മീറ്റർ അകലത്തിൽ മാത്രം നിൽക്കുക.

2. ഒരാളിൽ നിന്നും മറ്റൊരാളിക്ക് കോവിഡ് പകരുന്നതു പ്രധാനമായും ശരീര സ്രവങ്ങൾ വഴി ആണ്. അതുകൊണ്ട് നാം തുമ്മുമ്പോഴും ചുമക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. നല്ല ക്വാളിറ്റിയുള്ള മാസ്ക് തന്നെ നിർബന്ധമായും ധരിക്കണം. സാധാരണ ഒറ്റ ലെയർ ഉള്ള തുണി മാസ്ക് കൊണ്ട് വലിയ പ്രയോജനം ഇല്ല. സർജിക്കൽ മാസ്ക് അല്ലെങ്കിൽ N95, അതുമല്ലെങ്കിൽ മൂന്ന് ലയർ തുണി മാസ്ക് തന്നെ ധരിക്കാൻ ശ്രദ്ധിക്കുക. മൂക്കും വായും മൂടുന്ന വിധത്തിൽ ആയിരിക്കണം ധരിക്കേണ്ടത്.

3. സാനിറ്റൈസർ / സോപ്പ് എപ്പോഴും ഉപയോഗിക്കണം.

4. റിവേഴ്‌സ് ക്വാറന്റൈൻ ശീലിക്കുക. അതായത്… കോവിഡ് രൂക്ഷമായി ബാധിക്കുന്നത് കുട്ടികൾ, പ്രായമായവർ, കിടപ്പിലായ രോഗികൾ, ഷുഗർ, ശ്വാസകോശ രോഗങ്ങൾ ഉള്ളവർ എന്നിവരെയാണ്. ഇവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രധാനമായും നമ്മൾ ലോക്ഡൗൺ പോലെ അടച്ചുപൂട്ടലുകൾ നടപ്പിലാക്കിയത്. പക്ഷെ, ഇനി അങ്ങോട്ട്‌ ഇത്തരം ആളുകൾക്ക് നമ്മൾ കൂടുതൽ ശ്രദ്ധ നൽകണം. അവരെ അനാവശ്യമായി വീടിനു പുറത്തു ഇറക്കരുത്. പാർട്ടികളിലും ഒത്തു ചേരലുകളിലും ഇവരെ സാമൂഹിക അകലം പാലിച്ചു മാറ്റി നിർത്തണം. ആശുപത്രിയിൽ പോകുന്നത് പരമാവധി കുറക്കണം. നല്ലവണ്ണം വായു സഞ്ചാരമുള്ള മുറികളിൽ കഴിയാൻ അവർക്ക് സൗകര്യമൊരുക്കണം.

5. രോഗ ലക്ഷണങ്ങൾ ആയ – പനി, ക്ഷീണം, ശരീര വേദന, ചുമ,തൊണ്ട വേദന, ശ്വാസം മുട്ട്, വയറിളക്കം, രുചിയും മണവും അറിയാതിരിക്കൽ.. തുടങ്ങിയവ നമ്മുടെ വീട്ടിലോ, ജോലി സ്ഥലത്തോ ആർകെങ്കിലും ഉണ്ടെങ്കിൽ.. വൈദ്യ സഹായം തേടണം. പ്രായം കൂടിയവർ, രോഗികൾ എന്നിവർ ആണെങ്കിൽ അവരെ വീട്ടിൽ തന്നെ പ്രത്യേകം നിരീക്ഷിക്കണം.

6.തൊട്ടടുത്തു മരണം നടന്നിട്ടുണ്ടെങ്കിൽ മൃത ശരീരത്തെ കോവിഡ് ടെസ്റ്റ് ചെയ്യാതെ മറവു ചെയ്യരുത്. ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.

7. നല്ല ജീവിത രീതി എല്ലാവരും ശീലമാക്കണം.പച്ചക്കറികൾ, മുട്ട, പാൽ, പഴങ്ങൾ എന്നിവ കഴിക്കുകയും.. വ്യായാമം ശീലമാക്കുകയും വേണം. അതിലൂടെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ സാധിക്കും. അത് അല്ലാതെ വൈറസിനെ പ്രതിരോധിക്കാൻ കുറുക്കു വഴികളില്ല. വിറ്റാമിൻ C അടക്കം വിറ്റാമിൻ ഗുളികകൾ കോവിഡ് പ്രതിരോധത്തിനു വേണ്ടി കഴിക്കേണ്ട ആവശ്യമില്ല.

ഈ കാലയളവിൽ തന്നെ നമ്മുടെ ഇടയിൽ
പലർക്കും കോവിഡ് വന്നു പോയിട്ടുണ്ട്. പലർക്കും പല രീതിയിൽ ആയിരിക്കും രോഗലക്ഷണങ്ങൾ ഉണ്ടായിട്ടുള്ളത്. ചിലർക്ക് ഒന്നോ രണ്ടോ ദിവസം നീണ്ടു നിന്ന പനിയോ ക്ഷീണമോ ആയിരിക്കാം… എന്നാൽ ചിലർക്ക് ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ശാരീരിക പ്രയാസങ്ങൾ കോവിഡ് മൂലം വന്നിട്ടുണ്ട്. ചിലർ ഐ സി യു വിൽ അഡ്മിറ്റ്‌ ചെയ്യപ്പെട്ടു…ചികിത്സ ലഭിച്ചതു വഴി നെഗറ്റീവായി മടങ്ങിയവരേറെ. ചിലർ മരണത്തിനു കീഴടങ്ങി.പല കുടുംബങ്ങൾക്കും തീരാ നഷ്ടം ഈ കോവിഡ് കാലം സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് ജാഗ്രത കൈവിടാതിരിക്കലാണ് പ്രധാനം.
ലോകത്തു എല്ലായിടത്തും ഉള്ള വൈറസിന് ഒരേ സ്വഭാവം ആയിരിക്കില്ല. ജനിതക ഘടനയിൽ മാറ്റം വന്നിട്ടുള്ള വൈറസ്‌ ആണ് ഇപ്പോൾ നമുക്ക് ചുറ്റും ഉള്ളത്. വിദേശത്ത് നിന്നും വന്നവരിലും അന്യ സംസ്ഥാനതു നിന്നും വന്നവരിലും ഉള്ള വൈറസുകൾ വ്യത്യസ്ത സ്വഭാവം ഉള്ളതാണ് എന്ന് പഠനങ്ങൾ കാണിക്കുന്നുണ്ട്. വൈറസ്‌ ഒരാളുടെ ശരീരത്തിൽ കടന്നു കൂടിയാൽ അടുത്ത പത്ത് ദിവസം അല്ലെങ്കിൽ പതിനാല് ദിവസം വരെ അയാളിൽ നിന്ന് രോഗപ്പകർച്ചക്ക് സാധ്യതയുണ്ട്. എന്നാൽ പതിനാല് ദിവസത്തിന് ശേഷം അദ്ദേഹം രോഗിയാണെങ്കിൽ പോലും അസുഖം പകരാൻ സാധ്യതയില്ല . അതുപോലെ.. ഒരിക്കൽ കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് വീണ്ടും കോവിഡ് വരാനുള്ള സാധ്യതയും വളരെ കുറവാണ്. അതുകൊണ്ട് ക്വാറന്റൈനിൽ കഴിയുന്നവരെ നമ്മൾ അനാവശ്യമായി അകറ്റി നിർത്താൻ പാടില്ല.
ഒരിക്കൽ കോവിഡ് വന്നിട്ടുള്ള ആൾക്കാർ വീണ്ടും കോവിഡ് ടെസ്റ്റ്‌ ചെയ്യുമ്പോൾ മൂന്നു മാസത്തോളം പോസിറ്റീവ് കാണിക്കാം. എന്നാൽ അവർ കോവിസ് രോഗികളാണ് എന്ന് ഇതിനർത്ഥമില്ല. മാത്രമല്ല ചിലർക്ക് post covid lungs damage കാരണം ചുമയും ശ്വാസം മുട്ടലും മാസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യും.
അതുകൊണ്ട് കോവിഡ് എന്നത് ഒരു നിസ്സാര വൈറസ് പനി മാത്രമാണ് എന്ന് കരുതാതെ, ഇനിയും പൂർണ്ണമായും വൈദ്യശാസ്ത്രത്തിന് പിടി തരാത്ത ഒരു ശക്തനായ മഹാമാരി തന്നെയാണെന്ന സത്യം മനസ്സിലാക്കി വേണം നമ്മൾ കോവിഡിനൊപ്പം ജീവിക്കുവാൻ.

 

ഡോ: റബീബുദ്ധീൻ അരീക്കോട്

Write a comment