Posted on

തദ്ദേശം; വിദ്വേഷ രാഷ്ട്രീയം പടിക്കു പുറത്ത്

കേരളത്തിലെ ഭരണ നിര്‍വഹണ സംവിധാനങ്ങളില്‍ അനല്‍പമായ സ്വാധീനമുള്ളവയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍. ഭരണഘടനയുടെ 73,74 ഭേദഗതികള്‍ നിലവില്‍ വരുന്നതോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണഘടനാപരമായ തദ്ദേശ സര്‍ക്കാറുകളായി മാറുന്നത്. 1994ലെ കേരള പഞ്ചായത്ത്രാജ് നിയമം അധികാരത്തോടൊപ്പം വിഭവങ്ങളും ഉത്തരവാദിത്വങ്ങളും വികേന്ദ്രീകരിച്ചു നല്‍കി തദ്ദേശ ഭരണകൂടത്തിന് ശക്തി പകര്‍ന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ച് അതിവിപുലവും കെട്ടുറപ്പുള്ളതുമായ ശക്തമായ അടിത്തട്ട് ഭരണ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഗ്രാമാന്തരങ്ങളിലേക്ക് വേരാഴ്ത്തി നില്‍ക്കുന്ന ഈ ഭരണ സംവിധാനം ഓരോ വ്യക്തികളില്‍ നിന്നും തുടങ്ങി വാര്‍ഡ്, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതും ഭരണ നേതൃത്വത്തിനെതിരെ കണ്ണ് തുറന്ന് നില്‍ക്കുന്ന ജനങ്ങളുമാണ് കേരളത്തിന്‍റെ സവിശേഷത. ഒപ്പം വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയുള്ള കൃത്യമായ തിരഞ്ഞെടുക്കലുകളുമാണ് മാറി മാറി ഭരിക്കുന്ന ഇരു മുന്നണികളെയും ഭരണ സംവിധാനങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുന്നത്. ജനക്ഷേമങ്ങളില്‍ നിന്നും സാമൂഹ്യ സേവനങ്ങളില്‍ നിന്നും അകന്ന് നിന്നവരെ ഭരണ സിരാ കേന്ദ്രങ്ങളില്‍ നിന്നും താഴേക്കിറക്കിയ ചരിത്രമാണ് ഇന്നേവരെ കേരള രാഷ്ട്രീയത്തിനുള്ളത്.
ഇനി നമുക്ക് കൊടിയിറങ്ങിയ തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആരവങ്ങളിലേക്ക് വരാം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ മികവുറ്റ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസന നേട്ടങ്ങളും നിരത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രചണ്ഡമായ പ്രചരണത്തിനിറങ്ങിയതെങ്കില്‍ ഭരണ പക്ഷത്തിനെതിരെ ഉയര്‍ന്നു വന്ന ഒരു പിടി അഴിമതിയാരോപണങ്ങളെ നിരന്തരം മാധ്യമങ്ങള്‍ക്കുമുമ്പിലെത്തിച്ചുകൊണ്ടാണ് ഐക്യ ജനാധിപത്യ മുന്നണി വോട്ടു പിടിക്കാനിറങ്ങിയത്.
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇരു മുന്നണികളും ഒരു സെമിഫൈനല്‍ പ്രതീതിയോടെയാണ് തിരഞ്ഞെടുപ്പ് ഗോധയിലേക്കിറങ്ങിയത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഒരു ജനാധിപത്യ മഹോത്സവത്തിന്‍റെ ആവേശം കുത്തിനിറയക്കാന്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ ഓടിനടന്ന് പണിയെടുത്തുവെന്നത് നമുക്ക് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
സ്വാഭാവികമായും കേരളത്തിന്‍റെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് ഐക്യ ജനാധിപത്യ മുന്നണിക്ക് മുന്‍തൂക്കമുള്ള തിരഞ്ഞെടുപ്പായാണ് എല്ലാവരും ഈ തിരഞ്ഞെടുപ്പിനെയും നിരീക്ഷിച്ചത്. എന്നാല്‍ നാല് മാസങ്ങള്‍ക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണം തിരിച്ചു പിടിക്കാനുള്ള അനൂകൂല രാഷ്ട്രീയ സാഹചര്യങ്ങളെ വോട്ടാക്കി മാറ്റുന്നതില്‍ യൂ ഡി എഫ് കനത്ത പരാജയമാകുന്ന കാഴ്ച്ചയാണ് കണ്ടത്. എല്‍ ഡി എഫാകട്ടെ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥയിലും തിളക്കമേറിയ വിജയവുമായി ഭരണത്തുടര്‍ച്ചയിലേക്കുള്ള സ്വപ്ന സഞ്ചാരം തുടര്‍ന്നു.6 കോര്‍പ്പറേഷനുകളില്‍ 5ലും ഇടതുപക്ഷം വിജയിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും മിന്നുന്ന വിജയം നേടാനും ഇടതു പക്ഷത്തിനായി. 14 ജില്ലാ പഞ്ചായത്തുകളില്‍ 11ലും 941 ഗ്രാമപഞ്ചായത്തുകളില്‍ 577 എണ്ണത്തിലും 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 108 എണ്ണത്തിലും 86 മുനിസിപ്പാലിറ്റികളില്‍ 43ലും വിജയിച്ച് ഇടത് മുന്നണി 2015 ലെ സമഗ്രാധിപത്യം നിലനിര്‍ത്തി. കേരള രാഷ്ട്രീയത്തിന് പരിചിതമല്ലാത്ത ഭരണത്തുടര്‍ച്ച എന്ന ബാലികേറാമലയിലേക്ക് കുതിക്കാനുള്ള ആത്മ വിശ്വാസം നേടിയെടുക്കുന്നതില്‍ ഇടത് മുന്നണിക്ക് യു ഡി എഫിന്‍റെ അപക്വവും അലംഭാവപൂര്‍ണവുമായ നയങ്ങള്‍ കാരണമായി എന്ന് കരുതാതിരിക്കാനാവില്ല. സ്പ്രിഗ്ലര്‍ മുതല്‍ സ്വര്‍ണ്ണക്കടത്തടക്കം നിരവധി അഴിമതികളും അധികാര ദുര്‍വിനിയോഗവും സ്വജന പക്ഷപാതവുമെല്ലാം ഭരണ പക്ഷത്തിനെതിരെ പ്രയോഗിക്കാന്‍ പറ്റിയ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തന്നെയായിരുന്നു. ഭരണ വിരുദ്ധ വികാരം ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശക്തികളിലൊന്നാണ്. എന്നാല്‍ ഈ പ്രതിപക്ഷാനുകൂല സാഹചര്യങ്ങളെ മുതലെടുക്കാന്‍ പ്രതിയോഗികള്‍ക്ക് സാധിച്ചിട്ടില്ല എന്ന് മാത്രമല്ല, ജനക്ഷേമ പ്രവര്‍ത്തനങ്ങളുമായി ജന മനസ്സുകളിലേക്ക് കുടിയേറിയ ഇടത് പക്ഷത്തിനെതിരെ ഒരു ജനവികാരവും ഉയര്‍ന്ന് വന്നില്ല എന്നത് ഭരണ പക്ഷത്തിന്‍റെ ജനസ്വീകാര്യത പ്രകടമാക്കി.
ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിരസമായ പത്രസമ്മേളനങ്ങളും അനാവശ്യമായ വാചാടോപങ്ങളും ഭരണ പക്ഷത്തിനെതിരെ നടത്തിയെന്നല്ലാതെ ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാന്‍ മടിച്ച പ്രതിപക്ഷം അനിവാര്യമായ തോല്‍വിതന്നെയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. എതിര്‍പക്ഷത്തിന്‍റെ പോരായ്മകളില്‍ പിടിച്ച് തൂങ്ങി അധികാരം നേടാമെന്ന അവരുടെ അമിതാത്മവിശ്വാസത്തിനേറ്റ തിരിച്ചടിയായി ഈ പരാജയത്തെ വിലയിരുത്താം. കൂടാതെ വര്‍ഗീയ മുന്നണികളുമായി കൂട്ടുകെട്ടുണ്ടാക്കിയത് പ്രതിപക്ഷത്തിന്‍റെ മുഖം കൂടുതല്‍ വികൃതമാക്കുകയാണ് ചെയ്തത്. ഭരണപക്ഷമാകട്ടെ ഈ ഇരട്ടമുഖത്തെ ജനമധ്യേ വെളിപ്പെടുത്തുകയും ചെയ്തു. അനിവാര്യമായ മാറ്റത്തിന് യു ഡി എഫ് തയ്യാറായില്ലെങ്കില്‍ വലിയൊരു രാഷ്ട്രീയ ദുരന്തത്തിന് കേരളം സാക്ഷിയാവേണ്ടി വരും. ഊഴം കാത്തുനില്‍ക്കുന്ന കഴുകന്മാരെ പോലെ കേരളത്തിലും വട്ടമിട്ടു പറക്കുന്ന എന്‍ ഡി എ മുന്നണി, തകര്‍ന്നു കൊണ്ടിരിക്കുന്ന കോഗ്രസിന് ബദലായി ഉയര്‍ന്ന് വന്നാലും അത്ഭുതപ്പെടാനില്ല. കേരളത്തില്‍ ഇടത് പക്ഷം പരാജയപ്പെടുമ്പോഴെല്ലാം പകരം മറ്റൊരു മതേതര മുന്നണിയെ അവരോധിക്കാനുണ്ടെതായിരുന്നു ഇത് വരെയുള്ള ആശ്വാസം. എന്നാല്‍ ആ ആശ്വാസവും അനിശ്ചിതത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.
വര്‍ഗീയതക്കും ഫാസിസത്തിനും കേരളത്തിന്‍റെ മതേതര മണ്ണില്‍ നിലയുറപ്പിക്കാന്‍ കഴിയില്ലെന്ന ശക്തമായ താക്കീതും കൂടെ ഈ തിരഞ്ഞെടുപ്പില്‍ കണ്ടു. തലസ്ഥാന നഗരി തങ്ങള്‍ ഭരിക്കുമെന്ന അവകാശ വാദവുമായി ശക്തമായ പ്രചരണങ്ങളുമായാണ് കേന്ദ്രഭരണകക്ഷികള്‍ വോട്ടു പിടിക്കാനിറങ്ങിയത്. എന്നാല്‍ ജനാധിപത്യം അതി സങ്കീര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ വാ പിളര്‍ത്തി നില്‍ക്കുന്ന ഫാസിസത്തിന് വളര്‍ച്ചയേകുന്ന ഒന്നിനും ഞങ്ങളുടെ വോട്ടുകള്‍ നല്‍കുകയില്ലെന്ന ഉറച്ച ജനാധിപത്യ പ്രഖ്യാപനമാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളും വിളിച്ചോതുന്നത്. കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ എന്‍ ഡി എക്കായില്ല എന്ന് മാത്രമല്ല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കുറഞ്ഞ വോട്ട് ശതമാനമാണ് ഇക്കുറി അവര്‍ക്ക് ലഭിച്ചത്.
കേരള രാഷ്ട്രീയം ഇപ്പോഴും പക്വതയുള്ള, കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള , നിരീക്ഷണ പാടവമുള്ള വിവേകശാലികളായ ജനതയുടെ കയ്യില്‍ ഭദ്രമാണ് എന്ന് ഈ തിരഞ്ഞെടുപ്പിലൂടെ കേരള ജനത വീണ്ടും തെളിയിച്ചിരിക്കുന്നു.

നജീബുള്ള പനങ്ങാങ്ങര

Write a comment