‘ശബ്ദിക്കുക/നിങ്ങളുടെ നാവുകള്‍ ഇനിയും മുദ്രവെക്കപ്പെട്ടിട്ടില്ല/ ശബ്ദിക്കുക വാക്കുകള്‍ ഇപ്പോഴും നിങ്ങള്‍ക്ക് സ്വന്തമാണ്./ ഉറക്കെപ്പറയുക, ആത്മാവ് ഇനിയും നിങ്ങള്‍ക്ക്/ നഷ്ടപ്പെട്ടിട്ടില്ല./ പ്രതികരിക്കുക, നിവര്‍ന്നുനില്‍ക്കാന്‍/ നട്ടെല്ല് ഇനിയും ബാക്കിയാണ്/ കാലം കടന്നു പോകും മുമ്പ്
പറയേണ്ടത് പറയുക/ ശരീരവും മനസ്സും കൈമോശം വരുന്നതിന് മുമ്പ്
പ്രതികരിക്കുക/ സത്യം ഇനിയും മരിച്ചിട്ടില്ല,/ അതിനാല്‍ പറയുക
നിങ്ങള്‍ക്ക് ലോകത്തേട് പറയാനുള്ളത് എന്തായാലും !
-ഫൈസ് അഹമ്മദ് ഫൈസ്
അറിവ് അകാദമിക് വരാന്തകളില്‍ നിന്ന് അസ്ഥിപെറുക്കലല്ല. നിഷ്ക്രിയതയുടെ ചുരുക്കെഴുത്തുമല്ല. ജഡസംതൃപ്തികളെ നിരാകരിച്ചും അന്വേഷണ തൃഷ്ണയെ കാച്ചിപ്പരത്തിയും നിര്‍വ്വഹിക്കുന്ന നിരന്തരമായ മല്‍പിടുത്തമാണ്. അറിവ് നേടിയവര്‍ക്ക് ധര്‍മ്മങ്ങള്‍ ചെയ്യാനാവുമെന്നതാണ് ഖുര്‍ആന്‍ ഭാഷ്യം. അജ്ഞാനിയും വിജ്ഞാനിയും തുല്യരല്ലെന്ന് തുറന്നു പറയുന്ന ഖുര്‍ആന്‍ അറിവാര്‍ജിച്ചവരോട് അരുതായ്മകള്‍ക്കെതിരെ അവധിയില്ലാത്ത ഏറ്റുമുട്ടലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നുണ്ട്.
ഉപഭോഗപരതയും അര്‍മാദപ്രളയവും കളിയാടുന്ന പുതുകാലത്ത് ചിന്തയും പഠനവും അടിയറവ് വെക്കപ്പെടുന്നുണ്ട്. ആശയങ്ങള്‍ കൊണ്ട് അഗ്നിചിതറി സമരോത്സുകമാവേണ്ട ക്യാമ്പസുകള്‍ ചോര ചിന്തിയും കൊടി പുതച്ചുറങ്ങിയും അധീരമാണിന്ന്. ദുഷ്പ്രഭുത്വത്തിന്‍റെയും ചൂഷണത്തിന്‍റെയും അധികാര കേന്ദ്രങ്ങളായി കലാലയങ്ങള്‍ മാറിയെന്ന് പൗലോ ഫ്രയര്‍ നിരീക്ഷിക്കുന്നുണ്ട്.
വിപണിയുടെ ചതിക്കുഴികളില്‍ വീണുടയുന്നത് യുവതയുടെ പ്രതികരണമാണ്. സാമൂഹ്യ ബോധത്തിന്‍റെ തിളച്ചു മറിയുന്ന അകക്കാമ്പില്‍ അരക്കൊഴിച്ചു മൂടപ്പെടുകയാണ്. കമ്പോളത്തിന്‍റെ ഒത്തു തീര്‍പ്പുകളില്‍ ബലികഴിക്കപ്പെടുന്നത് തിരിച്ചറിവ് കൂടിയാണ്. ചരിത്രവും തത്വശാസ്ത്രവും സാമൂഹ്യശാസ്ത്രവും സ്പര്‍ശിക്കാതെ പണക്കൊതിയന്‍മാരായ പ്രൊഫഷണലുകളെ തേച്ചു കുഴച്ചെടുക്കുമ്പോള്‍ മാനുഷിക ബന്ധത്തിന്‍റെ അറുത്തുമാറ്റാനാവാത്ത പൊക്കിള്‍കൊടികള്‍ കൂടി മുറിച്ചു മാറ്റപ്പെടുകയാണ്.
ലാഭമുള്ളത് മാത്രം ആലോചിക്കുകയും നഷ്ടങ്ങളെ കുറിച്ച് വേദനപ്പെടുകയും ചെയ്യുന്നവര്‍ക്ക് പിടികൂടിയത് പുതിയ പ്രാഗമാറ്റിസമാണ്. കരിയറിസവും പ്രൊഫഷണലിസവും തലച്ചോറിന്‍റെ താപനില തെറ്റിച്ച് നന്മയുടെ ബലികുടീരങ്ങളൊരുക്കുകയാണ്. കണ്ണീരു വീണ വഴികളില്‍ കാലുഷ്യത്തിന്‍റെ കറ പുരട്ടാനാണ് വീണ്ടും വീണ്ടും ശ്രമം. പ്രണയം മനോഹരമായ വാക്കിനപ്പുറം സുമോഹനമായ ഒരു സങ്കല്‍പ്പം കൂടിയാണ്. കച്ചവടവത്കൃത ജനതയുടെ ജീവരസങ്ങളില്‍ പെണ്ണും പെണ്‍മയും വസ്തു വല്‍കൃതമാണ്. അലക്ഷ്യമായ ലീലാ വിലാസങ്ങള്‍ അതിരുകളില്ലാത്ത അപകടങ്ങളിലേക്കാണ് മാര്‍ഗം തുറക്കുന്നത്.
നെറ്റും ചാറ്റും ട്വീറ്റും ജനാധിപത്യ ചിന്തകളുടെയും സാമൂഹ്യ സ്വപ്നങ്ങളുടേയും നെഞ്ചിനു നേരെ കാഞ്ചിവലിക്കാനുള്ളതല്ല. മിഴി തുറക്കാത്ത അറിവിന്‍റെ അതിവിദൂരമായ ലോകത്തെ പോലും എത്തിപ്പിടിക്കാനുള്ളതാണ്. നീതിയുടെ കുതിപ്പുകള്‍ ഉയരേണ്ട തെരുവുകളിലും ഉയര്‍ച്ചയുടെ മൂര്‍ച്ചകളുണരേണ്ട ക്യാമ്പസുകളിലും രാഷ്ട്രീയ ബോധം നമ്മുടെ വിരല്‍തുമ്പ് ജനാധിപത്യ കാലത്ത് ചിതറിക്കിടപ്പുണ്ട്.
സ്വാര്‍ത്ഥതയും ലാഭക്കൊതിയും തുറക്കുന്നത് നരകവാതിലുകളാണ്. ലഹരിയും ഉന്മാദവും തിന്മയുടെ കാളിമ പരത്തുന്നു. അധികാരാഢ്യതയുടെ ആധിപത്യചിത്രങ്ങള്‍ ഫണം വിടര്‍ത്തിയാടുകയാണ്. നിഷേധത്തിന്‍റെ നിശിത ഭാവങ്ങള്‍ ഉള്ളിലൊളിപ്പിച്ച് ബ്യൂറേക്രാറ്റുകള്‍ പോലും പക്ഷം ചേരുന്നുണ്ട്. ആകാശ വിശാലമായ ആമാശയങ്ങള്‍ നിറച്ചാണ് അഴിമതിയുടെ ചിലന്തിവലകള്‍ നിറയുന്നത്. അരികുവത്കരിക്കപ്പെട്ടവന്‍റെ രോദനങ്ങള്‍ ആര്‍ത്തു പൊട്ടി അട്ടഹാസങ്ങലായി മാറിയിട്ടും ചെവിയടച്ചു പിടിച്ച് ചൈനീസ് കുരങ്ങന്മാരായി മാറുകയാണ് അധികാരവരേണ്യര്‍. ക്ഷുഭിത ഭാവങ്ങള്‍ കൊണ്ട് ഭൂതത്തിന്‍റെ വര്‍ത്തമാനങ്ങളോടെതിരിട്ടവര്‍ എന്തിന് കൈപൊള്ളിക്കണമെന്ന മറു ചോദ്യങ്ങളാണുന്നയിക്കുന്നത്. കൂരിരുള്‍ കയങ്ങളില്‍ കാവ്യകഥനങ്ങളുടെ ഭാവസ്വപ്നങ്ങള്‍ കൊണ്ട് കുതറിക്കയറാന്‍ കൂടി കഴിയണം. ക്യാമ്പസുകള്‍ക്ക് ഇക്കിളിപ്പെടുത്തുന്ന മോഹവലയങ്ങള്‍ക്കെതിരെ കത്തിജ്വലിക്കുന്ന സത്യവാങ്മൂലങ്ങളാവാന്‍ സാധിക്കണം. മലര്‍ന്നുകിടന്നു റീത്തുകള്‍ ഏറ്റുവാങ്ങി ‘സെല്‍ഫി’യുടെ ശുഭാപ്തി വിശ്വാസങ്ങളാര്‍ജിക്കുകയല്ല വേണ്ടത്. ‘പാഴ്ച്ചെടിയും ചൊടിക്കും’ എന്ന തീ ചിതറുന്ന കലാപത്തിന്‍റെ മുന്നറിയിപ്പുകളായി മാറണം. ക്ഷയം സംഭവിക്കാത്ത ആദര്‍ശത്തിന്‍റെയും ഇടതടവില്ലാത്ത ഇടപെടലുകളുടെയും ചുവടുകളുറച്ചുയരാന്‍ വരൂ. ക്യാമ്പസുകളിലെ സര്‍ഗാത്മക പരിസരങ്ങളില്‍ നിന്ന് പുതിയ തിരുത്തലുകള്‍ പിറക്കണം. പഠനം തന്നെയാണ് സമരം. ധാര്‍മിക വിപ്ലവം സിന്ദാബാദ്….
സി.കെ.എം ഫാറൂഖ് പള്ളിക്കല്‍