Posted on

കേരളം: മുസ്ലിം രാഷ്ട്രീയത്തിന്‍റെ വഴിത്തിരിവുകള്‍

ഇങ്ങനെയൊരു സമൂഹമുണ്ടോ, നേതാക്കള്‍ വഴിയില്‍ വിട്ടേച്ചു പോയ സമൂഹം? വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ അവശേഷിച്ച മുസ്ലിംകളെ കുറിച്ച് ആലോചിച്ച പലരും ഈയൊരു അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും മുസ്ലിം നേതാക്കളില്‍ ശേഷിച്ച പലരും ലീഗ് വിട്ടു. ചിലര്‍ കോണ്‍ഗ്രസില്‍ ചേക്കേറി. ചിലര്‍ ഇനി തന്‍കാര്യം എന്ന നിലയിലേക്ക് ചുരുങ്ങി. ഇതായിരുന്നു വിഭക്ത ഇന്ത്യയിലെ നേതാക്കളുടെ സ്ഥിതി. അപ്പോള്‍ അനുയായികളുടെ മാനസികാവസ്ഥ പറയേണ്ട. എന്തായിരുന്നാലും കറാച്ചിയില്‍ സര്‍വേന്ത്യാ ലീഗിന്‍റെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്നു. വലിയ വാഗ്വാദങ്ങളുണ്ടായി.രണ്ടായിപ്പിരിയാമെന്ന് വെച്ചു. എല്ലാം ഓഹരിവെച്ചു. ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് വേണ്ടി ഖാഇദെ മില്ലത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് നന്നായി പൊരുതി. ഒറ്റപ്പെട്ടു പോയ ഇന്ത്യയിലെ മുസ്ലിംകളുടെ സങ്കടവും രോഷവും ആ മുഖത്തും മനസിലും തിളച്ചു മറിഞ്ഞു. അതിലുപരി അഭിമാനബോധം കൊണ്ടദ്ദേഹം തലയെടുപ്പു കാട്ടി. ഞങ്ങളെ വിട്ടേച്ചു പോയവരുടെ ഒന്നും ഞങ്ങള്‍ക്കുവേണ്ട എന്നായിരുന്നു ഭാവം. നാല്‍പതു ലക്ഷം രൂപ അന്ന് ലീഗിന്‍റെ ഖജനാവിലൂണ്ടായിരുന്നു. അതില്‍ 17 ലക്ഷം അന്ന് കറാച്ചിയില്‍ വെച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് തരാമെന്ന് പറഞ്ഞപ്പോള്‍ ഖാഇദെ മില്ലത് അത് നിരസിച്ചു. വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങള്‍ അവിടെ ഉണ്ടാക്കാം എന്നായിരുന്നു മറുപടി. പാക്കിസ്ഥാനിലേക്ക് പോയ നേതാക്കളുടെ മനസില്‍ ആ വാക്ക് ഒരു ചാഞ്ചല്യവുമുണ്ടാക്കിയിട്ടുണ്ടാവില്ല.എന്നാല്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അത് അവരുടെ അഭിമാനത്തിന്‍റെ അടയാളവാക്യമായിക്കണ്ടു.അങ്ങനെ എല്ലാ അവകാശാധികാരങ്ങളും വിട്ടൊഴിഞ്ഞ് പൂജ്യത്തില്‍ നിന്ന് തുടങ്ങാനായി ഖാഇദെ മില്ലത് ഇന്ത്യയിലേക്ക് മടങ്ങി.

 

രണ്ട്:

 

څനിങ്ങള്‍ ഇടപെടാന്‍ വന്നേക്കരുത്چ എന്ന് പാക് പ്രധാനമന്ത്രി ലിയാഖത് അലി ഖാനെ കണ്ട് സൗഹൃദത്തില്‍ ഓര്‍മപ്പെടുത്തിയാണ് ഖാഇദെ മില്ലതിന്‍റെ മടക്കം. മൂന്ന് മാസങ്ങള്‍ക്ക് ശേഷം മദിരാശിയിലെ രാജാജി ഹാള്‍ മറ്റൊരു ചരിത്ര നിമിഷത്തിന് വേദിയായി. ഇന്ത്യയില്‍ ലീഗ് ഇനിയെങ്ങനെ എന്നതായിരുന്നു ചൂടേറിയ ചര്‍ച്ച. പിരിച്ചുവിടണം എന്ന് ചിലര്‍. പ്രവര്‍ത്തിക്കണം എന്ന് മറ്റു ചിലര്‍. സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലായിരുന്നു മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്. മൗണ്ട് ബാറ്റണ്‍ നേരിട്ട് വന്ന് കണ്ട് ലീഗ് ഇനി പ്രവര്‍ത്തിക്കരുത് എന്ന് അഭ്യര്‍ത്ഥിച്ചു. നെഹ്റു അടക്കം കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും അതൃപ്തിയായിരുന്നു. അതാണ് മൗണ്ട് ബാറ്റണ്‍ പറഞ്ഞത്. നമുക്ക് രാജാജി ഹാളിലേക്ക് വരാം. അവിടെ മലബാറില്‍ നിന്നുള്ള പ്രതിനിധികള്‍, സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി അടക്കമുള്ളവര്‍ തുടരണം എന്ന പക്ഷക്കാരായിരുന്നു. ആ പക്ഷത്തിന് മുന്‍തൂക്കം കിട്ടി. പി. കെ മൊയ്തീന്‍ കുട്ടി കുറ്റിപ്പുറം അവതരിപ്പിച്ച സമവായ പ്രമേയം യോഗം പാസാക്കി. മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ മുസ്ലിം സമൂഹ താല്‍പര്യത്തിന് അനുഗുണമായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചായിരുന്നു മദിരാശി യോഗം സമാപിച്ചത്.

 

മൂന്ന്:

 

മൗണ്ട് ബാറ്റണെ ഖാഇദെ മില്ലത് നിരസിച്ചത് നെഹ്റുവിന് പിടിച്ചില്ല. വൈകാതെ മദിരാശിയില്‍ പൊതുപരിപാടിക്കെത്തിയ നെഹ്റു ലീഗ് ചത്ത കുതിരയാണെന്ന് അധിക്ഷേപിച്ചു. വിഭജനത്തിന്‍റെ ഉത്തരവാദികള്‍ എന്ന പഴി അന്നുതൊട്ട് കേട്ടു തുടങ്ങി. കോണ്‍ഗ്രസിനകത്ത് മുസ്ലിം വിരോധം പതച്ചുപൊങ്ങി. മുഹമ്മദ് അബ്ദുറഹ്മാനും മറ്റുമൊക്കെ ഈ മുസ്ലിം വിരോധത്തിനെതിരായ നിലപാട് സ്വീകരിച്ചു. ഇക്കൂട്ടര്‍ ഇടതുപക്ഷ കോണ്‍ഗ്രസ് എന്നറിയപ്പെട്ടു. അവര്‍ കെ.പി.സി.സിയുടെ നിയന്ത്രണം പിടിച്ചു. പക്ഷേ ലീഗ് പ്രവര്‍ത്തിക്കുന്നത് മുസ്ലിംകള്‍ക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായക്കാ

രായിരുന്നു

അവര്‍.

ഇ. മൊയ്തു മൗലവിയൊക്കെ ഈ അഭിപ്രായ

ക്കാരാണ്. അവര്‍ കോഴിക്കോട്ട് മുസ്ലിം സമുദായ നേതാക്കളുടെ യോഗം വിളിച്ചു. അതില്‍ മൊയ്തു മൗലവിയുടെ അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചു. അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

 

നാല്:

 

പാകിസ്ഥാന്‍ പ്രക്ഷോഭകാലത്ത് മലബാറില്‍ ലീഗ് ഉയര്‍ത്തിയ മാപ്പിളസ്ഥാന്‍ ആവശ്യവും ലീഗിന് ചീത്തപ്പേരായി. മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്താണ് മാപ്പിളസ്ഥാന്‍ എന്ന ആശയം ഉയര്‍ത്തിയത്. വിഭജനത്തിന് തൊട്ടുമുമ്പ് മലബാര്‍ നേതൃത്വം സര്‍വേന്ത്യാ ലീഗിന്‍റെ കമ്മിറ്റിയില്‍ ഈയാവശ്യം മുന്നോട്ട് വെച്ചപ്പോള്‍ ജിന്ന പോലും ഇതിന് എതിര്‍പ്പായിരുന്നു. വികസനപരമായ കാരണമാണ് മലബാര്‍ ലീഗ് ഇതിന് പറഞ്ഞതെങ്കിലും ഇന്ത്യയില്‍ അവശേഷിക്കുന്ന മുസ്ലിംകളുടെ തലക്ക് മറ്റൊരു ഭാരമായി ഇത് വരുമെന്ന് ജിന്നയും വായിച്ചെടുത്തു.

ഇതിന്‍റെയൊക്കെ ഭാരങ്ങള്‍ വഹിക്കുകയാണിപ്പോഴും ഇന്ത്യയിലെ മുസ്ലിംകള്‍. ഇപ്പോഴും കേരളത്തിലടക്കം മതേതര പ്രസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങാനാണ് വിധി. ഭരണഘടന നിര്‍മ്മാണ സമിതിയിലെ സംഭവ വികാസങ്ങളിലൂടെ ചെന്ന് നോക്കിയാല്‍ അന്നത്തെ ലീഗിന്‍റെ പ്രതിസന്ധികള്‍ അറിയാന്‍ കഴിയും. ബ്രിട്ടീഷിന്ത്യയില്‍ പ്രത്യേക സമുദായങ്ങള്‍ക്ക് വോട്ടവകാശമുള്ള സംവരണ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നു. അത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രത്യേക സമുദായങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. പത്തു വര്‍ഷത്തിന് ശേഷം ഇത് പുനഃ പരിശോധിക്കാമെന്നും വെച്ചു. എന്നാല്‍ ലീഗ് അംഗം ബി പോക്കര്‍ സാഹിബ് ഈ മണ്ഡലങ്ങളില്‍ അതതു സമുദായങ്ങള്‍ക്ക് മാത്രം വോട്ടവകാശം പാടുള്ളൂവെന്ന ഭേദഗതി മുന്നോട്ട് വെച്ചു. അതംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ ബന്ധപ്പെട്ട സമുദായത്തിന്‍റെ 30% വോട്ടുകളെങ്കിലും നേടിയിരിക്കണമെന്ന ഭേദഗതി അവതരിപ്പിച്ചു. അതും തള്ളി. ലീഗിതര മുസ്ലിം അംഗങ്ങളും രക്ഷക്കെത്തിയില്ല. 1949 ആയപ്പോള്‍ മുസ്ലിംകള്‍ക്ക് പ്രത്യേക സംവരണ മണ്ഡലം എന്ന അവശിഷ്ട പരിഗണന പോലും കോണ്‍ഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ലോക്സഭയില്‍ ചര്‍ച്ച വന്നപ്പോള്‍ ഖാഇദെ മില്ലത് നന്നായി പൊരുതി. കോണ്‍ഗ്രസ് കനിഞ്ഞില്ല. മുസ്ലിംകളുടെ കാര്യം സംസാരിക്കാന്‍ ലീഗിന് അര്‍ഹതയില്ല എന്നിടത്തോളം അന്നത്തെ ചര്‍ച്ചകള്‍ വഴുതി മാറി വികൃതമായി. സ്വന്തമായി സംഘടിക്കാന്‍ തന്നെ അവകാശമില്ലെന്നായിരുന്നു ഇതര പാര്‍ട്ടികളിലെ മുസ്ലിം അംഗങ്ങള്‍ പോലും നിലപാടെടുത്തത്. ഭൂരിപക്ഷ സമുദായത്തിന്‍റെ വിശ്വാസം നഷ്ടപ്പെട്ട സമുദായം എന്ന അപഖ്യാതി എത്രമേല്‍ മാരകമാണ് എന്ന് നമുക്കിപ്പോള്‍ ആലോചിക്കുമ്പോള്‍ മനസിലാകും.  ഈ രീതിയില്‍ മാറി മറിഞ്ഞ സംവരണ ചര്‍ച്ചകളുടെ അന്തിമഫലം എന്തായെന്ന് പിന്നീടുള്ള ചരിത്രാനുഭവങ്ങളിലുണ്ട്. സംവരണം പട്ടികജാതി വര്‍ഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെട്ടു.

 

അഞ്ച്:

 

ലീഗിന് ഭൂരിപക്ഷമുള്ളയിടങ്ങളില്‍ നന്നായി കളിക്കാനായിരുന്നു അവരുടെ തീരുമാനം. നിയമ നിര്‍മ്മാണ സഭകളില്‍ പരമാവധി പ്രാതിനിധ്യം ഉറപ്പുവരുത്തണം. അതേസമയം കോണ്‍ഗ്രസിനെ പിണക്കി മുന്നോട്ട് പോകാനുമാകില്ല. അതിനാല്‍ മുസ്ലിം ഭൂരിപക്ഷമണ്ഡലങ്ങളില്‍ പിടിമുറുക്കി നില്‍ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസുമായി സംസാരിക്കുക എന്ന തന്ത്രം ഉപയോഗിച്ചു. കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കളെ ഒതുക്കാനാണ് ആദ്യം ശ്രമിച്ചത്. 1951-52 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സംസാരിക്കുമ്പോള്‍ പ്രധാനമായും മുന്നോട്ട് വെച്ച ഉപാധി ഇങ്ങനെയായിരുന്നു: മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ലീഗ് നിശ്ചയിക്കും. അതനുസരിച്ച് ലീഗ് ഉണ്ടാക്കുന്ന ലിസ്റ്റ് കോണ്‍ഗ്രസ് അപ്പടി അംഗീകരിക്കണം.

മറ്റൊരു പ്രധാന നിബന്ധന ഇതാണ്: മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത് ലീഗായിരിക്കണം. കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെയും മത്സരിപ്പിക്കരുത്. സംവരണ വിഷയത്തില്‍ സഭയില്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലിംകളെ പ്രതിനിധീകരിക്കാന്‍ ലീഗിനെന്തവകാശം എന്ന ചോദ്യത്തിന് ഉത്തരം കൊടുത്തിട്ടു തന്നെ കാര്യം എന്നതായിരുന്നു ആ സമയത്തെ ലീഗിന്‍റെ മനസാക്ഷി.

കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ ഉദാസീനമായ അവസ്ഥയില്‍ ഈ നയത്തിനെമ്പാടും പങ്കുണ്ട്. മറ്റ് പാര്‍ട്ടികളിലോ പ്രസ്ഥാനങ്ങളിലോ മറു ഒച്ചകള്‍ ഉണ്ടാകരുത് എന്നൊരു വാശി ലീഗിനുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസ് ജനസംഖ്യാനുപാതികമായി ജയസാധ്യതയുള്ള സീറ്റുകളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നെങ്കില്‍ കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്‍റെ ചിത്രം മാറുമായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ മുതല്‍ എം ഐ ഷാനവാസ് വരെയുള്ള കോണ്‍ഗ്രസിലെ മുസ്ലിം നേതാക്കള്‍ക്ക് നിന്ന് തോല്‍ക്കാനായിരുന്നു വിധി. തലേക്കുന്നില്‍ ബഷീറിന്‍റെയൊക്കെ ക്ഷമ സമ്മതിക്കണം. എത്ര പ്രാവശ്യമാണദ്ദേഹം തോറ്റിട്ടുള്ളത്. മറ്റ് പാര്‍ട്ടികളിലെ മുസ്ലിംകളെ ഏറാന്‍ മൂളി നടന്നില്ലെങ്കില്‍ ലീഗ് പടരാന്‍ അനുവദിക്കില്ല. മുസ്ലിം സമുദായത്തിന്‍റെ കാര്യം ലീഗേ പറയാവൂ എന്ന പിടിവാശിയില്‍ പൊലിഞ്ഞ് പോയത് മുസ്ലിം സമുദായത്തിന്‍റെ അധിക പ്രാതിനിധ്യമാണ്. അഞ്ഞൂറ്റി ചില്വാനം വരുന്ന ലോക്സഭയില്‍ വെറും രണ്ടേരണ്ട് അംഗങ്ങളേയേ ലീഗിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞുള്ളൂ.

 

ഖാഇദെ മില്ലതിന്‍റെ അടവുനയത്തിന് അന്നത്തെ സാഹചര്യത്തില്‍ ചില രാഷ്ട്രീയ ന്യായങ്ങളുണ്ടായിരുന്നു. പിന്നീട് ഒരു പ്രസ്ഥാനത്തിലും വേറെ ഒരാള്‍ വന്ന് കൂടാ എന്ന പിടിവാശിയാണ് സമസ്തയെ കൂടി വരുതിയിലാക്കാനുള്ള വിഫലശ്രമത്തിലേക്ക് വഴുതിയത്. ശംസുല്‍ ഉലമയുടെ വലംകയ്യായി എ. പി അബൂബക്കര്‍ മുസ്ലിയാര്‍ വന്നതോടെ ലീഗിനുണ്ടായ ഭാവഹാവാദികളും ഇതിന്‍റെ ഭാഗമായി വായിച്ചാല്‍ മതി.

 

ആറ്

 

1957 ല്‍ മദിരാശി സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും വെവ്വേറെയാണ് മത്സരിച്ചത്. അന്ന് കോണ്‍ഗ്രസിലെ മുസ്ലിം സ്ഥാനാര്‍ത്ഥികളെ ലീഗ് തെരഞ്ഞ് പിടിച്ച് തോല്‍പിക്കാന്‍ ശ്രമിച്ചു. പക്ഷേ തന്ത്രം ഫലിച്ചില്ല. പാര്‍ലമെന്‍റിലേക്ക് രണ്ടും നിയമസഭയിലേക്ക് നാലും പേര്‍ ജയിച്ചു കയറി.

1957 ല്‍ ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ ബല പരീക്ഷണം. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും രണ്ട് ചേരിയില്‍. സോഷ്യലിസ്റ്റുകളുടെ മൂന്നാം ചേരിയില്‍ ലീഗും ചേര്‍ന്നു. ഫലം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തി.

ഒരു മുക്കൂട്ട് മുന്നണിയായി കോണ്‍ഗ്രസ് ലീഗ് സോഷ്യലിസ്റ്റ് സഖ്യത്തിനുള്ള കളമൊരുങ്ങിയതായിരുന്നു. പക്ഷേ കോണ്‍ഗ്രസിലെ ലീഗ് വിരോധികള്‍ ഇറങ്ങിക്കളിച്ചു. നെഹ്റു കോണ്‍ഗ്രസിന് മൂക്കുകയറിട്ടു. അങ്ങനെയാണ് മൂന്നു ചേരിയായി കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് കമ്യൂണിസ്റ്റുകള്‍ക്കാണ് നേട്ടമായത്. ഭരണത്തിലെത്തിയില്ലെങ്കിലും 1957 ലീഗിന് നഷ്ടമായിരുന്നില്ല. ഒരു എം പി യും 8 എം എല്‍ എ മാരുമുണ്ടായി.

വിപ്ലവകരമായിരുന്നു ഇ എം എസിന്‍റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഭരണം. വിദ്യാഭ്യാസ രംഗത്തെ സ്വകാര്യ കുത്തക അവസാനിപ്പിക്കാന്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ല്, 1959 ജൂണില്‍ നിയമസഭ പാസാക്കിയ കാര്‍ഷിക ബന്ധ ബില്ല്, 1957 ഏപ്രിലില്‍ പുറപ്പെടുവിച്ച കുടിയിറക്ക് നിരോധന ഓര്‍ഡിനന്‍സ് എന്നിവയൊക്കെ കേരളത്തിലെ കുത്തകകളെ വിറളിപിടിപ്പിച്ചിരുന്നു. ജന്മി-കുടിയാന്‍ വ്യവസ്ഥയുടെ ഇരകളില്‍ മലബാറിലെ മാപ്പിളമാരും ഉണ്ടായിരുന്നു. ജന്മിമാരുടെ ആട്ടു തുപ്പുകളില്‍ നിന്ന് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് സംരക്ഷണം കൊടുക്കുന്ന വിപ്ലവ നടപടികളെ ലീഗ് ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്നില്ല. പക്ഷേ സമരം ശക്തിപ്പെട്ട് സര്‍ക്കാറിനെ കേന്ദ്രം പിരിച്ചുവിടുമെന്നായപ്പോള്‍ ജയിക്കുന്ന സമരത്തിന്‍റെ കൂടെ നില്‍ക്കാനും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്തിന്‍റെ നേട്ടം കൊയ്യാനും ലീഗും കച്ചമുറുക്കി. അതാണുണ്ടായത്, 1959 ജൂണില്‍ ലീഗ് ചുവട് മാറുന്നു. ജൂലൈ 31 ന് കേന്ദ്രം സര്‍ക്കാരിനെ പിരിച്ചുവിടുന്നു.

ലീഗിന് പറയത്തക്ക സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ജന്മിമാരുമായി ഒത്തു നിന്ന് പാവം കുടിയാന്മാരെ കുത്തുപാളയെടുപ്പിക്കേണ്ടതില്ല. സമരത്തിന്‍റെ മുന്നില്‍ നിന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുമായോ കത്തോലിക്കാ സഭയുമായോ നല്ല ബന്ധങ്ങള്‍ രൂപപ്പെടുത്തേണ്ട ഘട്ടവുമല്ല. എന്നിട്ടും ലീഗ് കളം മാറി. അതുമല്ല, വിമോചന സമരത്തിന്‍റെ രണ്ട് നിര്‍ണായക നീക്കങ്ങളോട് ലീഗ് വിയോജിച്ചതുമായിരുന്നു. വിദ്യാലയങ്ങള്‍ അടച്ചിട്ട് സമരം ചെയ്യണമെന്ന് സമരസമിതി തീരുമാനിച്ചപ്പോള്‍ ലീഗ് വിയോജിച്ച് നിന്നു. കെ കേളപ്പന്‍ നിരാഹാരത്തിനിരുന്നപ്പോള്‍ നിയമമന്ത്രി വി ആര്‍ കൃഷ്ണയ്യര്‍ സര്‍വകക്ഷി യോഗത്തിലേക്ക് ലീഗിനെയും വിളിച്ചിരുന്നു. ലീഗ് പോവുകയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് നിയമസഭയില്‍ ഭൂരിപക്ഷമുള്ളിടത്തോളം തുടരാന്‍ അവകാശമുണ്ടെന്ന് ഊന്നിപ്പറഞ്ഞതുമാണ്.

 

മാത്രമല്ല, കോഴിക്കോട്ട് നടന്ന രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്‍റെ വിപ്ലവ തീരുമാനങ്ങളെ ശ്ലാഘിക്കാനും ലീഗ് മറന്നില്ല. വിമോചന സമരത്തിന്‍റെ തീച്ചൂളയിലായിരുന്നു ഈ സമ്മേളനം. മലബാറിലെ പിന്നാക്ക പ്രദേശങ്ങളിലുണ്ടായ വികസനം, വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലെ മുസ്ലിം സംവരണം, പള്ളി – മദ്രസകള്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍, അവയുടെ കേട് പാടുകള്‍ തീര്‍ക്കാന്‍ മുന്‍കൂര്‍ അനുമതി വേണമെന്ന ചട്ടത്തില്‍ മാറ്റം വരുത്തിയത് തുടങ്ങിയ കാര്യങ്ങളില്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയ തീരുമാനങ്ങള്‍ ശരിയായ ദിശയിലാണെന്ന് ആ സമ്മേളനത്തില്‍ ലീഗ് അധ്യക്ഷന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി ചൂണ്ടിക്കാട്ടുകയും ചെയ്തതാണ്. പിന്നെയാണ് ലീഗ് മലക്കം മറിയുന്നത്. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്‍റെ ആപത്തില്‍ നിന്ന് രക്ഷിക്കാനായിരുന്നു ഈ കളം മാറി ചവിട്ട് എന്നായിരുന്നു ലീഗ് പിന്നീട് വിശദീകരിച്ചത്. മുസ്ലിം ലീഗിന്‍റെ ചരിത്രകാരന്മാര്‍ ഇക്കാര്യത്തില്‍ യുക്തിസഹമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്: ലീഗിന്‍റെ കൂടെ നാലുതരം ആളുകളുണ്ട്. സമ്പന്ന ഭൂവുടമകള്‍, വ്യാപാര പ്രമുഖര്‍, പാട്ടക്കുടിയാന്മാരും കര്‍ഷകരും, ഉലമാക്കള്‍. ഈ നാല് വിഭാഗത്തെയും ലീഗില്‍ കോര്‍ത്തു നിര്‍ത്താന്‍ കമ്മ്യൂണിസ്റ്റാധിപത്യം പറഞ്ഞ് വിറപ്പിക്കുന്നതായിരിക്കും നല്ലത്. മലബാര്‍ സമരത്തിന്‍റെ മുന്നണിയിലുണ്ടായിരുന്ന മാപ്പിള കുടിയാന്മാരുടെയും ഉലമയുടെയും പിന്‍തലമുറ പൊതുവില്‍ കുത്തകകള്‍ക്കെതിരായ തീരുമാനങ്ങളില്‍ കമ്മ്യൂണിസ്റ്റ് മനസ്ഥിതിയോടൊപ്പം നില്‍ക്കുന്ന സ്ഥിതി മലബാറില്‍ ദൃശ്യമാണ്. മലബാറിലെ മുസ്ലിം കേന്ദ്രങ്ങളില്‍ ലീഗിന്‍റെ അപ്പുറത്ത് കമ്മ്യൂണിസ്റ്റുകള്‍ ഒരു സാന്നിധ്യമായി കാണപ്പെടുമ്പോള്‍ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരില്‍ മതവികാരം പതപ്പിക്കുന്നതിലൂടെ ലീഗിന് അണികളെ ചേര്‍ത്തു പിടിക്കാന്‍ കഴിയും. ഇതുകൊണ്ടാണ് ലീഗ് വിമോചന സമരക്കാലത്ത് വലിയൊരു മലക്കം മറിച്ചിലിന് നിന്നത് എന്ന് പിന്നീട് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

 

ടി.കെ അലി അഷ്റഫ്

Write a comment