Posted on

രാഷ്ട്രീയം; മനുഷ്യനന്മയാണ് ഇസ്‌ലാമിന്റെ വഴി

ഇസ്ലാമിന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചാണല്ലോ നാം ചര്‍ച്ച ചെയ്യുന്നത്. അത്യന്തികമായി രാഷ്ട്രീയം അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടുള്ള വിവക്ഷ എന്താണെന്ന് പറഞ്ഞ് തുടങ്ങാമെന്ന് തോന്നുന്നു.

രാഷ്ട്രവുമായി ബന്ധപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയം. രാഷ്ട്രത്തില്‍ പൗരന്മാര്‍ക്കാണല്ലോ പ്രാധാന്യം. ആ ഒരു അര്‍ത്ഥത്തില്‍ രാഷ്ട്രസേവനം എന്നത് പൗരന്മാര്‍ക്കുള്ള സേവനമാണ്. മനുഷ്യനെ അല്ലാഹു ബഹുമാനിച്ചിട്ടുണ്ട്. അവനു വേണ്ടിയാണ് ഭൂമി പടച്ചതും സംവിധാനിച്ചതും. ഭൂമിയില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്ര സങ്കല്‍പ്പത്തോടെ അതിര്‍ വരമ്പുകള്‍ കെട്ടി താമസിച്ച് കൊണ്ടിരിക്കുന്ന ജനങ്ങള്‍ക്ക്, ആത്യന്തികമായി മനുഷ്യര്‍ക്ക് സമാധാന പൂര്‍ണ്ണമായി ജീവിക്കാനവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.
ഇങ്ങനെയൊരു നിരീക്ഷണമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നതിന്‍റെ അടിസ്ഥാനമായിട്ട് നമ്മള്‍ കാണേണ്ടത്. അങ്ങനെ വിചാരിക്കുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു മനുഷ്യത്വപരമായ പ്രവര്‍ത്തനമാണ്. ഓരോ രാഷ്ട്രത്തിലും ജീവിക്കുന്ന ജനങ്ങളെ സേവിക്കുക. അവരെ സേവിക്കണമെങ്കില്‍ ഭക്ഷണം, ജലം, പാര്‍പ്പിടം, സഞ്ചാരം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ വേണം. ഇതൊക്കെയാണല്ലോ പൗരന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ എന്ന് പറയുന്നത്. നമ്മുടെ കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളൊക്കെ പ്രഖ്യാപിത അജണ്ടകളായി കണ്ടതും സ്വീകരിച്ച് വരുന്നതും ഇത്തരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ്.

ഇതിനെ മതപരമായ സങ്കല്‍പ്പത്തിലേക്ക് കൊണ്ടുവരുമ്പോള്‍ നമുക്ക് എങ്ങനെ വിലയിരുത്താന്‍ സാധിക്കും?

ഈയൊരു വിവക്ഷയില്‍ നിന്ന് കൊണ്ട് തന്നെ മതത്തിന്‍റെ രാഷ്ട്രീയ വീക്ഷണത്തെ നിരീക്ഷിക്കാം. പ്രവാചകന്മാരുടെ ചരിത്രത്തിലുടനീളം ഇത് ദൃശ്യമാകും. ജനങ്ങളെ സേവിക്കുകയെന്നത് തന്നെയാണ് അവിടെയൊക്കെയും അടിസ്ഥാന കാര്യമായി വര്‍ത്തിക്കുന്നത്. ഉദാഹരണമായി മൂസാ നബി(അ) ന്‍റെ ചരിത്രത്തില്‍ നമുക്ക് കാണാം ജന്മം കൊണ്ട് തന്നെ അടിമകളാണെന്ന് സങ്കല്‍പ്പിച്ച് പോന്നിരുന്ന വെപ്പാട്ടികളും ( വെള്ളം കോരികളെന്ന് പറയുന്നപോലെ) പാദസേവ എടുത്ത് അടിമകളായി ജീവിച്ചിരുന്നവരുമായിരുന്നു ഫിര്‍ഔനിന്‍റെ സങ്കല്പത്തില്‍ ബനൂ ഇസ്റാഈലുകാര്‍. ആ ബനൂ ഇസ്റാഈലുകാരെ ഉന്നതമായ സ്ഥാനത്തേക്ക് എത്തിക്കുക എന്നതായിരുന്നു മൂസാ നബി(അ) ന്‍റെ ദൗത്യം. ഖുര്‍ആന്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ഭൂമിയില്‍ ബലഹീനരും പീഡിതരുമായ ആളുകളെ ഉന്നതസ്ഥാനത്തേക്ക് എത്തിക്കുകയും അഭിമാനകരമായ ഒരു ജീവിതസ്ഥിതി അവര്‍ക്ക് ഉണ്ടാക്കിയെടുക്കുകയും ചെയ്യാനുള്ള പരിശ്രമം, ഇതായിരുന്നു മൂസാ നബി(അ) ന്‍റെ പ്രവര്‍ത്തനം. അത് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി, മനുഷ്യന്‍റെ ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടിയിട്ടുള്ള ഒരു മൗലികാവകാശമായി തന്നെ രൂപപ്പെടുത്തി എന്ന് നമ്മള്‍ മനസ്സിലാക്കണം. ഭൂമിയില്‍ നടക്കുന്ന അക്രമവും അനീതിയും മനുഷ്യനെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയമാണ്. സ്വൈര ജീവിതത്തെ ബാധിക്കുന്നൊരു വിഷയമാണ്. ചുരുക്കി പറഞ്ഞാല്‍ അത്തരമൊരു വിശാലാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണേണ്ടതുണ്ട്. അപ്പോള്‍ അതില്‍ സേവനങ്ങള്‍ വരുന്നുണ്ട,് സമരങ്ങള്‍ വരുന്നുണ്ട്, പോരാട്ടങ്ങളും വരുന്നുണ്ട് ചെറുത്തുനില്‍പ്പുമുണ്ട്. ഇതെല്ലാം ഇസ്ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടുമുണ്ട്. അനീതിയെ തടയണം എന്നത് ഇസ്ലാമിക നിയമമാണ്. തടയാന്‍ എങ്ങനെയാണോ സാധിക്കുന്നത് അങ്ങനെ ചെയ്യണം. ബലം പ്രയോഗിച്ചിട്ടോ അതിനെതിരെ സംസാരിച്ച് കൊണ്ടോ അല്ലെങ്കില്‍ അനീതിയോട് മനസ്സ് കൊണ്ടെങ്കിലും വിയോജിക്കണം. ഇതെല്ലാം ഒരു പ്രതിരോധ(സമര) പ്രവര്‍ത്തനമാണ്. ഈ പ്രവര്‍ത്തനങ്ങളെയാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ അടിസ്ഥാനപരമായി രാഷ്ട്രീയ പ്രവര്‍ത്തനമായി കാണേണ്ടത്.

നബി(സ) തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനം, അത് മദീന കേന്ദ്രീകരിച്ച് നടന്നത് ഇസ്ലാമിക ചരിത്രത്തില്‍ വളരെ മനോഹരമായി നമുക്ക് കാണാം. ലോക ചരിത്രത്തില്‍ അത് ഇടം പിടിച്ചിട്ടുണ്ട്. കാര്‍ഷിക വിപ്ലവവും നഗരവത്കരണവും വിദ്യാഭ്യാസവുമടക്കമുള്ള കാര്യങ്ങള്‍ നമുക്കതില്‍ കാണാന്‍ സാധിക്കും. അതായത് ത്വൈബ അല്ലെങ്കില്‍ യസ്രിബ് എന്ന ഒരു കാര്‍ഷിക ഗ്രാമത്തെ മദീനത്തു റസൂല്‍ എന്ന രീതിയില്‍ മനുഷ്യന്‍റെ പുരോഗതിക്കനുസരിച്ച് അതിനെ വളര്‍ത്തിയെടുത്തു. മാര്‍ക്കറ്റുകള്‍ വന്നു, കോടതികള്‍ വന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ അതിനെ ചോദ്യം ചെയ്യാനമുള്ള സ്വാതന്ത്യവും ജനങ്ങള്‍ക്ക് വന്നു. മനുഷ്യനെ മനുഷ്യനായി കണ്ടു എന്നുള്ളതാണ് അവിടെ നമ്മള്‍ മനസ്സിലാക്കേണ്ടത്. അവിടെ അവകാശങ്ങളെ കുറിച്ചും ബാധ്യതകളെ കുറിച്ചും കടപ്പാടുകളെ കുറിച്ചും തന്നെയാണ് സംസാരിച്ചത്. നബി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് വന്നപ്പോ ആദ്യം പറഞ്ഞ വാക്ക് ഇബ്നു അബ്ദുസ്സലാം പറയുന്നുണ്ട് യഹൂദികളും നസാറാക്കളും ആദ്യം കേട്ട വാക്ക് (ഹദീസ്) സമാധാനം സ്ഥാപിക്കാനും അത് നിലനിര്‍ത്താനും വേണ്ടിയിട്ടുള്ള പരിശ്രമം നടത്തുക എന്നുള്ളതാണ്. പിന്നെ ഭക്ഷണം കൊടുക്കുക എന്നുള്ളതായിരുന്നു. പാവങ്ങളെ സഹായിക്കുക, രോഗികളെ ചികിത്സിക്കുക തുടങ്ങിയിട്ടുള്ള സിവിലിയന്മാരുടെ ആവശ്യങ്ങള്‍ അതോടൊപ്പം ഒരു രാഷ്ട്രമായി രൂപപ്പെടുമ്പോള്‍ സ്വാഭാവികമായിട്ടും അവിടെ സാമൂഹികമായ വ്യവസ്ഥിതി എന്ന നിലക്കാണ്. അപ്പോള്‍ സകാത്ത്, സ്വദഖകള്‍, സാന്ത്വന പ്രവര്‍ത്തനങ്ങള്‍ പോലോത്ത കാര്യങ്ങള്‍, പൊതുവായി നിര്‍വഹിക്കേണ്ട വിഷയങ്ങള്‍, ഇതൊക്കെ യതാര്‍ത്ഥത്തില്‍ ഒരു സമൂഹത്തില്‍ നിലനിക്കുമ്പോഴാണ്, സന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് ഒരു സുരക്ഷിത സമൂഹം രൂപപ്പെടുന്നത്. ഐക്യരാഷ്ട്ര സഭയുടെ പ്രമേയങ്ങളും കാലാ കാലങ്ങളില്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമൊക്കെ എല്ലാ കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പ്രമേയങ്ങളും യഥാര്‍ത്ഥത്തില്‍ ഈ സന്തുലിതാവസ്ഥയും സുഭദ്രതയും, സുരക്ഷിതത്വവുമാണ്. ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ തുടങ്ങിയ കാര്യങ്ങളൊക്കെ പ്രവാചകന്‍ (സ) യുടെ മദീന കേന്ദ്രീകരിച്ചിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിലും രാഷ്ട്ര നിര്‍മ്മാണത്തിലും നമുക്ക് കാണാന്‍ പറ്റും. ഞാന്‍ പറഞ്ഞ ഈ പരിശുദ്ധമായ ആശയങ്ങളെയും മൂല്യങ്ങളെയും മുന്‍നിര്‍ത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയായിരുന്നു ഇസ്ലാമിന്‍റ രാഷ്ട്രീയ പ്രവര്‍ത്തനം എന്നാണ് സൂചിപ്പിച്ചത്.

ഇസ്ലാം മുന്നോട്ടു വെക്കുന്ന ഈ രാഷ്ട്രീയ സങ്കല്‍പത്തെ പ്രയോഗവല്‍കരിക്കാന്‍ രാഷ്ട്രഭരണം ആവശ്യമാണോ?

ഇസ്ലാമിക ഭരണം, മുസ്ലിം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ താല്പര്യം ഇസ്ലാം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണെന്നുള്ളത് നാം സൂചിപ്പിച്ചു. അതേ സ്ഥാനത്ത് ഈ കാര്യങ്ങള്‍ അതായത് ഒരു സഹകരണത്തിന്‍റെയും സാന്ത്വനത്തിന്‍റെയും പാരസ്പര്യത്തിന്‍റെയും നീതി, ധര്‍മ്മം, സത്യം തുടങ്ങിയ കാര്യങ്ങളുടെയും മേല്‍ക്കൊയ്മക്കു വേണ്ടിയുള്ള ഇടപെടല്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമി രാഷ്ട്രീയത്തിന്‍റെ ഒരു ആകെത്തുക. ഇത് നിര്‍വഹിക്കാന് ഒരു വ്യക്തിക്ക് സാധിക്കുന്ന ഒരു തലമുണ്ട്. ഒരു സമൂഹം എന്നര്‍ത്ഥത്തില്‍ സാമൂഹികമായ ഒരു കൂട്ടായ്മയിലൂടെ സാധിക്കുന്ന ഒരു തലമുണ്ട്. അതേ സമയം ഭരണം നേടിയെടുക്കുക എന്നുള്ളത് ഇസ്ലാം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം എളുപ്പമാക്കും എന്നതില്‍ ആര്‍ക്കും സംശയമില്ല.പക്ഷേ ഒരു മുസ്ലിമിന്‍റെ അടിസ്ഥാന ലക്ഷ്യം ഭരണം സ്ഥാപിക്കുക, ഭരണം സ്ഥാപിക്കാന്‍ വേണ്ടി ഏതുവിധത്തിലുള്ള ന്യായക്കേട് വരെ ചെയ്യുക എന്നുള്ളതല്ല. അത് അങ്ങനെ ഒരിക്കലും ഇസ്ലാമിക നിരീക്ഷണമല്ല. ഭരണം വേണോ എന്ന് ചോദിച്ചാല്‍ ഭരണം നല്ലത് തന്നെ, സംശയമൊന്നുമില്ല. ഒരു മുസ്ലിമിന്‍റെ ഇസ്ലാമിക പ്രവര്‍ത്തനത്തിന്‍റെ ആത്യന്തിക ലക്ഷ്യം ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നാണ് എന്ന് പറഞ്ഞ്കൂടാ. ഇതാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അല്ലെങ്കില്‍ അല്‍ ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന മുസ്ലിം ബ്രദര്‍ഹുഡ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന്‍റെ ഒരു ഇന്ത്യന്‍ പതിപ്പാണല്ലോ അബുല്‍ അഅ്ലാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്ലാമി അവരെ സംബന്ധിച്ചിടത്തോളം അവരുടെ നിലപാട് എന്ന് പറയുന്നത് ഏതു തരത്തിലുള്ള വഴികളും സ്വീകരിച്ചിട്ടെങ്കിലും ഭരണം സാധിച്ചെടുക്കുക എന്നാണ്. ഇപ്പോ കര്‍മശാസ്ത്രം പറയുന്നുണ്ട് ഒരിക്കലും വ്യവസ്ഥാപിതമായി നിലനില്‍ക്കുന്ന ഒരു ഭരണത്തെ അട്ടിമറിക്കാന്‍ പാടില്ല എന്നാണ്. നീതികേട് കാണിച്ചാല്‍ പോലും ഇപ്പുറത്ത് അരാജകത്വം ചെയ്യാന്‍ പാടില്ല എന്നുള്ളതാണ്. മറിച്ച് ഒരു അക്രമിയായ, അനീതിക്ക് കൂട്ട് നില്‍ക്കുന്ന ഒരു ഭരണാധികാരിയാണെങ്കില്‍ ആ ഭരണാധികാരിയുടെ നയങ്ങളെ ന്യായത്തിന്‍റെ പക്ഷത്ത് നിന്ന് ചോദ്യം ചെയ്യാം. അത് ചോദ്യം ചെയ്യാന്‍ ഭരണം വേണമെന്നില്ല, പ്രതിപക്ഷത്തിന് ഭരണമില്ലല്ലോ, പ്രതിപക്ഷത്തിന് ഭരണമില്ലാതെയും രാഷ്ട്രീയം നിര്‍വഹിക്കുന്നുണ്ടല്ലോ. അപ്പോ ഭരണമുണ്ടെങ്കിലേ സാധിക്കൂ എന്ന് പറയുകയാണെങ്കി പ്രതിപക്ഷത്തിന് അര്‍ത്ഥമില്ല. അപ്പോ ഇസ്ലാമിന്‍റെ പ്രതിരോധം എന്ന് പറയുന്നത് വ്യത്യസ്ത രീതിയിലാണ്. അതായത് സമൂഹത്തിന്‍റെ ന്യായത്തിലധിഷ്ഠിതമായിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. അപ്പോ ഭരണം കിട്ടണം ഇസ്ലാമിക രാഷ്ട്രീയം നടപ്പിലാക്കാന്‍ എന്നത് ശരിയല്ല. ഭരണമുണ്ടെങ്കില്‍ അത് സൗകര്യമാണ്. എന്നാല്‍ ഒരു മുസ്ലിം ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് വേണ്ടി പണിയെടുക്കേണ്ട ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനെ പണിയെടുക്കണം എന്നില്ല. അതേ സ്ഥാനത്ത് അതിലേക്ക് വരികയാണെങ്കി അവന് അത് ചെയ്യാം എന്നാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയധാരയെ എങ്ങനെ നോക്കിക്കാണുന്നു?

ജമാഅത്തെ ഇസ്ലാമി, അബുല്‍ അഅ്ലാ മൗദൂദിയുടെ അല്‍ ഇഖ്വാനുല്‍ മുസ്ലിമീന്‍ പിന്നെ സയ്യിദ് ഖുത്ബിന്‍റെ ഒരു ആശയധാരയില്‍ നിന്നും രണ്ട് പേരും അങ്ങോട്ടുമിങ്ങോട്ടും എന്ന് പറയലാണ് സുഖം. എന്നാല്‍ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ മുസ്ലിം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയ നിലപാടുകളിലും നയങ്ങളിലും ആകൃഷ്ടനായ ഒരാളായാണ് സത്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായിട്ടുള്ള അബുല്‍ അഅ്ലാ മൗദൂദി. അദ്ധേഹം മുന്നോട്ട് വെച്ച ആശയത്തിന്‍റെ പ്രശ്നം എന്നുപറയുന്നത് ഇസ്ലാമിനെ ഒരു പൊളിറ്റിക്കല്‍ അജണ്ട നിര്‍വഹിക്കുന്നതിന് വേണ്ടി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് അദ്ധേഹത്തിന്‍റെ ഒരു രീതി. രാഷ്ട്ീയ താല്പര്യങ്ങള്‍ മുന്നോട്ട് വെച്ചു എന്നുള്ളതാണ് അതില്‍ നിന്നും മനസ്സിലായത്. ഏതുവിധേനയും ഇസ്ലാമിക ഭരണം ആദ്യം അതിനെ ഒരു ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടുന്നത് (ഒരു മുസ്ലിം സംഘടനയോ അല്ലെങ്കില്‍ ഒരു വ്യക്തി എന്നര്‍ത്ഥത്തില്‍ മുസ്ലിമോ രാഷ്ട്രീയം മുന്നോട്ട് വെക്കുന്നതില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല). മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ്. സംശയമില്ലല്ലോ. പക്ഷേ ജമാഅത്തെ ഇസ്ലാമിയുടേത് വിമര്‍ശിക്കപ്പെടുന്ന സാഹചര്യം എന്തെന്ന് വെച്ചാല്‍ ഇസ്ലാമിക ആശയങ്ങളെ മുന്‍നിര്‍ത്തിയാണ് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ അജണ്ടകള്‍ക്ക് വിത്ത് പാകിയത് എന്നാണ്. അതിന് ഒരു മുസ്ലിമിന് ജീവിക്കണമെങ്കില്‍ അടിസ്ഥാനപരമായി ഇസ്ലാമിക രാജ്യം ആവശ്യമാണ് എന്ന ഒരു നിലപാട് അദ്ധേഹം പറയാതെ പറഞ്ഞു എന്നാണ്. പറയാതെ പറഞ്ഞു അല്ലെങ്കി കുറേക്കൂടി വ്യക്തമായി പറഞ്ഞു എന്ന് തന്നെ പറയാം. ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണങ്ങള്‍ ആ വഴിക്കാണ് സഞ്ചരിക്കുന്നത്. നമ്മള്‍ അദ്ധേഹത്തിന്‍റെ വാദമനുസരിച്ച് ഒരു മുസ്ലിമിന്‍റെ അടിസ്ഥാന വിഷയമെന്ന് പറയുന്നത് നിസ്ക്കാരം, ഹജ്ജ്, നോമ്പ് പോലെയുള്ള ആരാധനാകര്‍മ്മങ്ങള്‍ അല്ല. അതെല്ലാം ജിഹാദിനുള്ള പരിശീലനമാണ് എന്നാണ് അദ്ധേഹം പറഞ്ഞത്.

 

എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി

Write a comment