Posted on

ഖുര്‍ആന്‍; സമഗ്രം സമകാലികം

‘സത്യ വിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണക്കും തങ്ങള്‍ക്ക് അവതീര്‍ണമായ സത്യ വേദത്തിനും വിധേയമാകാന്‍ സമയമായില്ലേ? അവര്‍ മുമ്പ് വേദം കിട്ടിയവരെപ്പോലെ ആകാതിരിക്കട്ടെ, കാലം കുറേയേറെ കടന്നുപോയതിനാല്‍ അവരുടെ ഹൃദയങ്ങള്‍ കടുത്തു പോയി. അവരിലേറെ പേരും അധാര്‍മ്മികരാണ്.’(57:10).

ഖുര്‍ആനിലെ ഈ വചനങ്ങള്‍ തെമ്മാടിയും ജനങ്ങളില്‍ വെറുക്കപ്പെട്ടവനുമായ ഫുളൈല്‍ ബിന്‍ ഖിയാളി(റ)ന്റെ കാതുകളിലെത്തി. ‘അതെ എന്റെ നാഥാ സമയമായിക്കഴിഞ്ഞു’. പാപഭാരമോര്‍ത്ത് കണ്ണീര്‍ പൊഴിച്ച് ആരാധനയില്‍ മുഴുകിയ ഫുളൈല്ബ്‌നു ഖിയാള് (റ) അങ്ങനെ ആത്മീയ സരണിയിലെ ഉന്നത വ്യക്തിത്വമായി രൂപാന്തരപ്പെട്ടു.
ജീവിതത്തിലെ നെല്ലും പതിരും വേര്‍തിരിച്ച് സംസ്‌കാര ശുദ്ധി പകര്‍ന്ന് തരുന്ന ഖുര്‍ആന്‍ ഒരു അധ്യാപകന്റെ പക്വതയിലും ഗൗരവത്തിലുമാണ് സംവദിക്കുന്നത്. ചിന്തനീയ വചനങ്ങളും നന്മയിലേക്കുള്ള പ്രേരണകള്‍ക്കും പുറമെ അതിശക്തമായ സാഹിത്യ മാത്സര്യഘട്ടത്തില്‍ സകല സാഹിത്യ കുലപതികളെയും മുട്ടുകുത്തിക്കും വിധമായിരുന്നു ഖുര്‍ആന്റെ ഉദയം.

ഖുര്‍ആന്റെ അവതരണം

ഓരോ വാക്കിലും ആശയങ്ങളുടെ ഒരു പ്രപഞ്ചം തന്നെ പണിത ഖുര്‍ആന്‍ അത്ഭുതങ്ങളുടെ സാഗരമാണ്. അത്യാകര്‍ഷണ ശൈലി, അതി സുന്ദരമായ ആവിഷ്‌കരണം, ബൗദ്ധികമായ പര്യവേഷണങ്ങള്‍, ചിന്തയെ ഉദ്ദീപിക്കുന്ന പ്രയോഗങ്ങള്‍, അതി വിദഗ്ധനായ ഒരു സംവിധായകനെ പറ്റിയുള്ള വിവരണങ്ങള്‍ തുടങ്ങിയവ ഖുര്‍ആനിനെ മറ്റു ഗ്രന്ഥങ്ങളില്‍ നിന്നും കൂടുതല്‍ വ്യത്യസ്തമാക്കുന്നു. ഭാഷാ സാഹിത്യങ്ങളുടെ മാത്സര്യ ഘട്ടത്തിലുള്ള ഖുര്‍ആനിന്റെ ഉദയം സകല സാഹിത്യ സാമ്രാട്ടുകളെയും തലകുനിപ്പിക്കും വിധമായിരുന്നു. ഒരിക്കല്‍ കഅ്ബയുടെ ഖില്ലയില്‍ വെല്ലുവിളിയോടെ തന്റെ കവിതാ ശകലങ്ങള്‍ പ്രദര്‍ശിപ്പിച്ച വ്യഖ്യാത കവി വസീദ് ബിന്‍ റബീഅയുടെ വരികള്‍ക്ക് മുന്നില്‍ അല്‍പം ഖുര്‍ആനിക വചനങ്ങള്‍ സ്വഹാബാക്കള്‍ നിരത്തിയപ്പോള്‍ പരാജയം സമ്മതിക്കുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത സംഭവം ഖുര്‍ആനിക അവതരണത്തിന്റെ മികവ് വെളിപ്പെടുത്തുന്നു.
പൂര്‍വ്വകാല ചരിത്ര സംഭവങ്ങള്‍ കഴിഞ്ഞ് പോയ സംഭവവികാസങ്ങളുടെ പാഠങ്ങളും മുന്‍കരുതലുകളും താക്കീതുകളും ശ്രദ്ധാബദ്ധരാക്കുന്നതോടൊപ്പം നന്മയോടുള്ള പ്രേരണയും തിന്മയോടുള്ള നിരുത്സാഹപ്പെടുത്തലും വഴി ഖുര്‍ആന്‍ വ്യക്തിയുടെ ശുദ്ധിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളും പരിധികളും വരച്ചുകാണിക്കുന്ന ഖുര്‍ആന്‍ വെറുമൊരു നിയമമായിട്ടല്ല ഉള്‍ക്കൊള്ളിച്ചത്. മറിച്ച്, നിയമത്തെ അനുസരിക്കാന്‍ പ്രേരിപ്പിക്കുന്ന മാനസിക സിദ്ധിയിലൂടെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്.
ചിന്തനീയമായ തലത്തിലൂടെ അവതരിപ്പിച്ച ഖുര്‍ആനില്‍ കാറ്റിനെ കുറിച്ച്, സമുദ്രത്തെ കുറിച്ച് പ്രതിപാദ്യങ്ങളുണ്ട്. പര്‍വ്വതങ്ങളുടെ ഘടനയെ കുറിച്ചുള്ള ചിന്തകള്‍ക്ക് വഴിതുറക്കുന്നുണ്ട്. സസ്യ ജാലകങ്ങളിലെ വര്‍ണ്ണ വൈവിധ്യങ്ങളിലേക്കുള്ള ആലോചനയെ ഉത്്‌ബോധിപ്പിക്കുന്നുണ്ട്. ഭ്രൂണ ശാസ്ത്രവും മരണ ശാസ്ത്രവും ഉള്‍ക്കൊള്ളുന്നുണ്ട്. എങ്കിലും അതൊരു ശാസ്ത്ര ഗ്രന്ഥമല്ല. അതുപോലെ വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന അനവധി ചരിത്ര സംഭവങ്ങളുണ്ട്. പക്ഷെ ഖുര്‍ആന്‍ ചരിത്ര ഗ്രന്ഥമല്ല. അത്ഭുതകരമായ മുന്നോട്ടു ചലിക്കുന്ന ഈ പ്രപഞ്ചത്തിനു സ്രഷ്ടാവുണ്ടെന്ന സത്യം അംഗീകരിക്കാനുതകുന്ന സമര്‍ത്ഥന തലത്തിലൂടെയാണ് ഖുര്‍ആനിന്റെ നിര്‍മ്മിതി.

മനുഷ്യനോട് സംവദിക്കുന്നു

ഖുര്‍ആനിന്റെ കേന്ദ്ര ബിന്ദു മനുഷ്യനായതിനാല്‍ തന്നെ മാനവികതയും മാനവിക മൂല്യങ്ങളും മുഖ്യ പ്രമേയമായിത്തീരുന്നു. അത് മനുഷ്യ ജീവിതത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നു. മനുഷ്യനെ പ്രധാന പ്രമേയമായി സ്വീകരിച്ച ഖുര്‍ആന്‍ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള മനുഷ്യന്റെ സ്വത്വപരവും അല്ലാത്തതുമായ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നു. അറിവ്, നന്ദി, നീതി, വിധേയത്വം, കരുണ, സ്‌നേഹം, വിചാരം തുടങ്ങി മനുഷ്യന്റെ ജീവിതത്തിലെ സകല സദ്ഗുണങ്ങളെ കുറിച്ചും ദുര്‍ഗുണങ്ങളെ കുറിച്ചും സ്പഷ്ടമായി ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്.
മാനവിക മൂല്യങ്ങളുടെ പൂര്‍ത്തീകരണമാണ് ഖുര്‍ആനിന്റെ അവതരണ ലക്ഷ്യം. സ്രഷ്ടാവിലും മരണാനന്തര ജീവിതത്തിലുമുള്ള ദൃഢമായ വിശ്വാസവും ആരാധന കര്‍മങ്ങള്‍ വഴി മാനുഷിക മൂല്യങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുകയുമാണ് ഖുര്‍ആന്‍. വഞ്ചനയുടെ വലയമായി പരിചയപ്പെടുത്തുന്ന ഭൂലോകത്തെ സൂക്ഷിച്ച് ദൈവിക സ്മരണയെ സദാസമയം നിലനിര്‍ത്താനും പര ലോകത്തേക്കുള്ള പുണ്യ കര്‍മ്മങ്ങളില്‍ സമയം ചെലവഴിക്കാനുമാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്.
ഭൗതിക ലോകത്തിലെ ചാപല്യങ്ങളെ സംബന്ധിച്ച് കര്‍ക്കശമായ ഭാഷയിലാണ് മാനവിക കുലത്തോട് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത്. ‘‘ചെകുത്താന്‍ മനുഷ്യര്‍ക്കിടയില്‍ കുഴപ്പങ്ങള്‍ ഇളക്കി വിടുക തന്നെ ചെയ്യും. സത്യമായും അവന്‍ മനുഷ്യരുടെ പ്രത്യക്ഷ ശത്രുവാണ്’’(7:51). ചതിക്കുഴികളെ സംബന്ധിച്ച് ഉത്ബുദ്ധരാകുന്നതോടൊപ്പം അവയവങ്ങള്‍ സാക്ഷി പറയുന്ന അന്ത്യ നാളിലെ വിചാരണ വേളയെ സംബന്ധിച്ചും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. അതുപോലെ മരണ സ്മൃതിയെ ഹദൃയങ്ങളില്‍ നിത്യമാക്കാന്‍ പ്രേരിപ്പിക്കുന്നു. ഖുര്‍ആനിന്റെ ഉദ്ദേശവും ഭൗതിക ചാപല്യങ്ങളുടെ മേലിലുള്ള രക്ഷയാണ്.
അത്ഭുതകരമായ പ്രപഞ്ച സൃഷ്ടിപ്പിനേയും നാഥന്‍ നല്‍കിയ അനുഗ്രങ്ങളെയും മുന്‍നിര്‍ത്തി ഖുര്‍ആന്‍ കാപട്യങ്ങളെ കുറിച്ച് സ്പഷ്ടമായി സംവദിക്കുമ്പോള്‍ ഖുര്‍ആനിന്റെ മുമ്പില്‍ മനുഷ്യന് തല താഴ്‌ത്തേണ്ടി വരുന്നു. “മനുഷ്യന് നാം അനുഗ്രഹം ചെയ്താല്‍ അവര്‍ പുറം തിരിഞ്ഞ് പാട്ടിന് പോയ്ക്കളയും വല്ല കഷ്ടപ്പാട് പിടികൂടിയാല്‍ അവന്‍ അതും പറഞ്ഞ് പ്രാര്‍ത്ഥനയിലായിത്തീരും” (ഫുസ്സിലത് 41, 51). യഥാര്‍ത്ഥങ്ങളെ വെളിപ്പെടുത്തി മനുഷ്യരെ കൈമലര്‍ത്തിക്കും വിധമാണ് ഖുര്‍ആനിലെ വചനങ്ങള്‍ സംവദിക്കുന്നത്. നാഥനിലേക്കടുപ്പിക്കും വിധം മനുഷ്യ ബലഹീനതയെ സംബന്ധിച്ചും കാപട്യങ്ങളെ കുറിച്ചും ചിന്തനീയമായാണ് വിശുദ്ധ ഖുര്‍ആന്‍.
ആത്മീയ ലക്ഷ്യങ്ങളെ മാനവിക മൂല്യങ്ങളുമായി കോര്‍ത്തിണക്കി മുഴുവന്‍ മാനുഷിക ഗുണങ്ങള്‍ ഉള്‍കൊള്ളുന്ന ഭക്തിയുടെയും പുണ്യത്തിന്റെയും അടിയാധാരമായി മാറിയ ഖുര്‍ആന്‍ മനുഷ്യനെ ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കാനയിക്കുന്നു. നന്മകളെ പ്രോത്സാഹിപ്പിച്ചും തിന്മകളെ നിരുത്സാഹപ്പെടുത്തിയുമുള്ള ഖുര്‍ആനിന്റെ ജീവിത വീക്ഷണവും സാംസ്‌കാരിക തലവും ഉള്‍ക്കൊണ്ടുള്ള ജീവിത സമീപനങ്ങളാണ് ആദ്യന്തികമായി മനുഷ്യന് ഗുണം ചെയ്യുന്നത്.

ഖുര്‍ആനും ശാസ്ത്രവും

പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചുള്ള അന്വേഷണവും പഠനവും ഉള്‍കൊള്ളുന്ന ശാസ്ത്രാന്വേഷണം ഖുര്‍ആനിലുണ്ട്. ചിന്തനീയമായ തലത്തിലൂടെ സമര്‍ത്ഥിക്കുന്നു. ദൈവിക ദൃഷ്ടാന്തങ്ങള്‍ മനസ്സിലാക്കാന്‍ സഹായകമായ രണ്ട് പുസ്തകങ്ങളില്‍ ഒന്ന് ഖുര്‍ആനാണെങ്കില്‍ മറ്റൊന്ന് പ്രപഞ്ചമാകുന്ന പുസ്തകമാണ്. മനുഷ്യന്റെ അന്വേഷണ യാത്രയായ ശാസ്ത്രത്തിന്റെ പര്യവേഷണങ്ങളില്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഒട്ടേറെ സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പ് മുതല്‍ മനുഷ്യന്റെ ഭ്രൂണാവസ്ഥയിലുള്ള വളര്‍ച്ചയുടെ സൂക്ഷമമായ ഘട്ടങ്ങള്‍ വരെ കൃത്യവും വ്യക്തവുമായിട്ടാണ് ഖുര്‍ആന്‍ വരച്ചിടുന്നത്. ആധുനിക ഉപകരണങ്ങളുടെ കണ്ടുപിടുത്തത്തിന്റെ എത്രയോ പതിറ്റാണ്ട് മുമ്പുതന്നെ അണു വ്യത്യാസമില്ലാതെ പ്രപഞ്ചത്തെ കൃത്യവും വ്യക്തവുമായി വരച്ചിടുക എന്നത് ഖുര്‍ആനിന്റെ അമാനുഷികത കൂടുതല്‍ ബോധ്യപ്പെടുത്തുന്നു.
ഖുര്‍ആനിന്റെ ശാസ്ത്രീയമായ അവതരണം മനസ്സിലാവുന്നത് ഈ അത്ഭുതകരമായ പ്രപഞ്ചത്തിന് പിന്നില്‍ സ്രഷ്ടാവുണ്ടെന്ന വസ്തുതയെ കൂടുതല്‍ ഊട്ടിയുറപ്പിക്കും വിധമാണ്. ആശ്ചര്യവും അത്ഭുതകരവുമായ ചലനങ്ങള്‍ക്കു പിന്നില്‍ നിയന്ത്രാവില്ലാതെ മുന്നോട്ട് ഗമിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യത്തെയും വിളിച്ചോതുന്നു.

വിശ്വാസിയുടെ കൂട്ടുകാരന്‍

ഖുര്‍ആനിന്റെ ശോഭ ഒരു വിശ്വസിയുടെ ഹൃദയത്തെയാണ് പരിവര്‍ത്തനപ്പെടുത്തുന്നത്. ഹൃദയത്തിലെ തുരുമ്പ് തുടച്ചു നീക്കി സദാ പ്രകാശിതമായി നില്‍ക്കാനുളള ദിവ്യ വെളിച്ചമാണ് ഖുര്‍ആന്‍. ‘ വിശുദ്ധ വേദം അവതരിച്ചത് പര്‍വ്വത മുകളിലായിരുന്നെങ്കില്‍ ദൈവ ഭയം മൂലം പര്‍വ്വതം പൊട്ടിച്ചിതറുമായിരുന്നുവെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. വിശ്വാസത്തിന്റെ പരിണാമമാണ് ഖുര്‍ആന്‍. തിരുനബി (സ) അരുളി: “ഖുര്‍ആന്‍ പാരായണം ചെയ്യുന്ന വിശ്വാസി ഓറഞ്ച് പോലെയാണ്. അതിന് നല്ല സുഗന്ധവും ആസ്വാദകരമായ രുചിയുമുണ്ട്. ഖുര്‍ആന്‍ പാരായണം ചെയ്യാത്ത വിശ്വാസി കാരക്ക പോലെയാണ്. ആസ്വാദകരമാണെങ്കിലും പരിമളമില്ല” (ബുഖാരി). മന: ശാന്തിക്കുളള പോംവഴിയില്‍ ഏറ്റവും പ്രധാനമാണ് ഖുര്‍ആന്‍ പാരായണം. ‘വിശ്വാസികള്‍ക്ക് ഖുര്‍ആന്‍ സന്മാര്‍ഗവും സാന്ത്വനവുമാണെന്ന് പറയുക’ (41:44) എന്ന ഖുര്‍ആനിക വചനം ആശ്രയവും മാധുര്യവുമായിത്തീരുന്നു.
അനവധി പവിത്രതയും ശ്രേഷ്ട്തകളും ഉള്‍കൊളളുന്ന ഖുര്‍ആനിനെ സംബന്ധിച്ചുളള മഹത് വചനങ്ങളെ മുഖവിലക്കെടുക്കുമ്പോള്‍ വിശ്വാസിയുടെ ഹൃത്തടങ്ങളില്‍ ഖുര്‍ആനിന്റെ സ്ഥാനം കൂടുതല്‍ ദൃഢമാക്കുന്നു. ‘ നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക, അത് അന്ത്യ ദിനത്തില്‍ ശുപാര്‍ശക്കായി എത്തിച്ചേരും’ (മുസ്‌ലിം) എന്ന തിരു വചനവും ഖുര്‍ആനിനെ അന്യമാക്കുന്ന വീടിനെ സംബന്ധിച്ച് നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനങ്ങളാക്കരുത് എന്ന തിരു മൊഴിയും ‘ഒരു വ്യക്തി ഖുര്‍ആനില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ ഒരു ഹസനാത്ത് പ്രതിഫലം, ഒരു ഹസനാത്തിന് പത്ത് പ്രതിഫലം അല്ലാഹു നല്‍കും (തുര്‍മുദി) തുടങ്ങീ തിരു നബിയുടെ വാക്കുകള്‍ വിശ്വാസികളെ കൂടുതല്‍ ഖുര്‍ആനിലേക്കടുപ്പിക്കുന്നു.
അംഗസ്‌നാനം ചെയ്യുന്നതിന് പുറമെ ദന്ത ശുദ്ധീകരണം നടത്തുന്നതും സുഗന്ധം പൂശുന്നതും വൃത്തിയുളള വസ്ത്രം ധരിക്കലും ഖുര്‍ആനിനെ പാരായണം ചെയ്യുന്നവന്റെ മേലിലുള്ള മര്യാദയാണ്. അതിന് പുറമെ ചിന്തിച്ചുളള പാരായണം അര്‍ത്ഥമാലോചിച്ച് കണ്ണീര്‍ പൊഴിക്കല്‍, മടി വരാതെ സാവകാശമാക്കല്‍, അവസരോചിത പ്രാര്‍ത്ഥന ഉപദ്രവ സാധ്യതയില്ലാത്തിടത്ത് ഉറക്കെ പാരായണം ചെയ്യല്‍ എന്നിവ ഖുര്‍ആനിനോട് പുലര്‍ത്തേണ്ട മര്യാദകളില്‍ പെട്ടതാണ്.

ശാഹുല്‍ ഹമീദ് പൊന്മള

Write a comment