Posted on

വ്ളോഗിങ്; നമുക്കിടയില്‍ പുതിയ സംസ്കാരം പിറക്കുന്നു

ഒരു വര്‍ഷത്തിലേറെയായി ലോക ജീവിതത്തെ ദുസ്സഹമാക്കിയ കോവിഡ് മഹാമാരിയില്‍ അധികമാളുകളും പുറത്തിറങ്ങാന്‍ പറ്റാത്ത വിധം വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ ഒഴിവു ദിനങ്ങളെയെല്ലാം വീട്ടിനുള്ളില്‍ സജീവമാക്കി നിര്‍ത്തുന്നതിന് യൂട്യൂബ് വ്ളോഗര്‍മാര്‍ക്കുള്ള പങ്ക് ചെറുതൊന്നുമല്ല. അനുദിനം മുളച്ചു പൊന്തിതഴച്ചു വളരുന്ന വ്ളോഗര്‍മാരുടെ ഛേഷ്ടകള്‍ കണ്ട് സമയം തള്ളിനീക്കുകയാണ് ഇന്നത്തെ തലമുറ. മുമ്പെങ്ങുമില്ലാത്ത വിധം യുവാക്കളേയും കുട്ടികളേയും കുടുംബിനികളേയും ഒരുപോലെ സ്വാധീനിക്കാന്‍ യൂട്യൂബ് വ്ളോഗര്‍ക്ക് സാധിച്ചിട്ടുണ്ട്. ആ സ്വാധീനങ്ങള്‍ക്ക് ആശങ്കാജനകവും അല്ലാത്തതുമായ പലതായ മുഖങ്ങളുമുണ്ട്.
കാലത്തിന്‍റെ വൈവിധ്യങ്ങളായ ജീവിതക്രമമനുസരിച്ച് മാറുന്ന പ്രേക്ഷകാഭിരുചികള്‍ മനസ്സിലാക്കി വീഡിയോകള്‍ നിര്‍മിക്കുകയും, അവയെ ജനകീയമാക്കാനുള്ള എല്ലാ വിധ പദ്ധതികളും ആവിഷ്കരിച്ച് കര്‍ത്തവ്യനിരതരാകുകയുമാണ് ഇന്നത്തെ യുവതലമുറ. കുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ സ്ക്രീനിനു മുന്നില്‍ ചടഞ്ഞിരുന്ന് യൂടൂബര്‍മാര്‍ക്ക് ലൈക്കടിച്ചും ഷെയര്‍ ചെയ്തും വിലപ്പെട്ട സമയങ്ങളെ കൊന്നു തീര്‍ക്കുന്ന അവസ്ഥയാണ് നമ്മുടെ വീടകങ്ങളിലെല്ലാമുള്ളത്.
പാചകം മുതല്‍ ഒറ്റയും തെറ്റയുമായ യാത്രകളും പുതുതലമുറയുടെ ഇംഗിതങ്ങളെ തൊട്ടുണര്‍ത്തുന്ന സകല അഭ്യാസങ്ങളും പുറത്തെടുത്ത് കാഴ്ചക്കാരെ സമ്പാദിക്കുന്നതില്‍ യൂടൂബേഴ്സ് ഒട്ടും പിറകിലല്ല. ഒരു സ്മാര്‍ട്ട് ഫോണും അല്‍പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ ആയാസരഹിതമായി ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്ളോഗിങ്ങിന്‍റെ മോഹിപ്പിക്കു സവിശേഷ സാധ്യതയാണ് ഈ മേഖലയിലേക്കുള്ള ആളുകളുടെ തള്ളിക്കയറ്റത്തിന് കാരണം. ഇപ്പോള്‍ ഇത് പലതായ സ്വാധീനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമായ ഒരു സംസ്കാരമായി നമുക്കിടയില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പലര്‍ക്കും വ്യക്തിഗതമായ സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കാനും സമൂഹത്തിന് മുമ്പില്‍ ആത്മവിശ്വാസത്തോടെ തന്‍റെ ആശയങ്ങള്‍ അവതരിപ്പിക്കാനും സാധിക്കുമെന്ന വലിയൊരു ഗുണമുണ്ടെങ്കിലും, അതിലുപരിയായി ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയൊരു വിപത്തിലേക്കു നയിക്കാനുള്ള സാഹചര്യത്തിലേക്കും ഈ സംസ്കാരം കാരണമാവുുണ്ട്.
ജോലിയും കൂലിയുമില്ലാതെ വലയുന്ന ലോക്ഡൗണ്‍ കാലത്ത് പണം സമ്പാദിക്കാനുള്ള വഴിയായി മാത്രം അധികമാളുകളും യൂടൂബിനെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് ജനങ്ങള്‍ ഇതിലേക്ക് ആകൃഷ്ടരായത്. തുടര്‍ന്ന് സമൂഹത്തിനിടയില്‍ ജനശ്രദ്ധ പിടിച്ചു പറ്റുക എന്നത് മാത്രമായി യൂടൂബേഴ്സിന്‍റെ ലക്ഷ്യം പരിമിതപ്പെട്ടപ്പോള്‍ അതിന്‍റെ ധാര്‍മ്മികതയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മൂല്യബോധങ്ങളെല്ലാം ചവിട്ടിയരക്കപ്പെട്ടു. ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിക്കാന്‍ എന്ത് വൃത്തികേടും ചെയ്തു കൂട്ടാന്‍ അവരെ പ്രേരിതരാക്കി. ജനങ്ങളുടെ കണ്ണിലുടക്കാന്‍ സുപ്രസിദ്ധി തന്നെ വേണമെന്നില്ലല്ലോ! കുപ്രസിദ്ധിയായാലും കാഴ്ചക്കാര്‍ കൂടിയാല്‍ മാത്രം മതിയെന്ന സങ്കുചിത ബോധങ്ങളിലേക്ക് നമുക്കിടയിലെ പല യൂടൂബ് വ്ളോഗേഴ്സും തരംതാഴപ്പെട്ടു. അതിന്‍റെ അപകടകരമായ പ്രതിഫലനങ്ങളാണ് സ്വന്തം അടിവസ്ത്രം കഴുകിയും കുടുംബ, ദാമ്പത്യ രഹസ്യങ്ങളെ പരസ്യമാക്കിയുമെല്ലാം എന്തു കോപ്രായങ്ങളും കാണിച്ചുകൂട്ടാന്‍ ധൈര്യപ്പെടുന്നതും, അവയ്ക്ക് കയ്യടിക്കാന്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കുന്നതും. വ്ളോഗേഴ്സ് ഇവിടെ പ്രതികളാകുതോടൊപ്പം കാഴ്ചക്കാര്‍ ഇവിടെ കൂട്ടുപ്രതികളുമാകുകയാണ്.
പഠനാര്‍ഹമായ ആശയങ്ങളേയും ചിന്തകളേയും കഷ്ടപ്പെട്ട് കാഴ്ചക്കാരിലേക്കെത്തിക്കാന്‍ ശ്രമിക്കു ഒരുപാട് യൂടൂബേഴ്സ് ഉണ്ട്. എന്നാല്‍ അവരുടെയെല്ലാം കാഴ്ചക്കാരും പിന്തുടര്‍ച്ചക്കാരും പിന്തുണക്കാരും വളരെ കുറവായിരിക്കും. മറിച്ച് ഒന്നോ രണ്ടോ ദിവസം കൊണ്ട് തന്നെ സ്ക്രീനിനു മുന്നില്‍ കോപ്രായങ്ങള്‍ കാണിച്ച് ലക്ഷക്കണക്കിന് കാഴ്ചക്കാരെ സമ്പാദിച്ച യൂടൂബേഴ്സും ഉണ്ട്. ഈയൊരു കണക്ക് വെച്ച് കൊണ്ട് തന്നെ യുക്തിപൂര്‍വ്വം നമ്മുടെ പുതുതലമുറയുടെ പൊതുബോധത്തെ നമുക്ക് മനസ്സിലാക്കാവുതാണ്. വിനോദങ്ങളിലേക്ക് മാത്രം ചുരുങ്ങു വലിയൊരു ഭാഗം യുവതയാണ് നമുക്ക് ചുറ്റുമിന്നുള്ളത്. അവരാണ് ഇത്തരം യൂടൂബ് വീഡിയോകളുടെ പ്രധാന കാഴ്ചക്കാരും. ജനങ്ങള്‍ക്കിടയില്‍ താരപരിവേഷം നേടി ജനശ്രദ്ധയാകര്‍ഷിക്കുക എത് ഇന്നത്തെ തലമുറയുടെ വലിയ സ്വപ്നങ്ങളിലൊന്നാണ്. അതിനുവേണ്ടിയാണ് ക്യാമറക്കു മുന്നില്‍ വ്യത്യസ്തത കൊണ്ടും വരാന്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോകുന്നതും, ക്രിയാത്മകവും ഉപകാരപ്രദവുമായ ആശയ കൈമാറ്റത്തിന്‍റെ ഏറ്റവും നല്ല പ്ലാറ്റ്ഫോമായ യൂടൂബടക്കമുള്ള സമൂഹമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതും.
പുതിയ ലോകം കൂടുതല്‍ ക്രിയാത്മകമായും പുതുമയോടെയും കെട്ടിപ്പടുക്കാനുള്ള പുതു യുവതലമുറ, കൂടുതല്‍ പക്വമാര്‍ ഇടപെടലുകളിലേക്ക് വഴിമാറേണ്ടിയിരിക്കുന്നു.

നജീബ് പനങ്ങാങ്ങര

Write a comment