Posted on

സൂഫിസം; പ്രപഞ്ച നാഥനോടുള്ള പ്രണയം

ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കവിയാണ് ജലാലുദ്ദീന്‍ റൂമി.വിശാലമായ വൈജ്ഞാനിക മേഖലകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന കവിതകളുടെ ഉടമയാണ് അദ്ദേഹം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥനോടുള്ള അടങ്ങാത്ത പ്രണയം അദ്ദേഹം തന്‍റെ വരികളില്‍ കൃത്യമായി ആവിഷ്കരിക്കുന്നുണ്ട്. വരികളുടെ ആശയവ്യാപ്തി തിരിച്ചറിയാതെ റൂമി കവിതകള്‍ പലപ്പോഴും കാമഭ്രാന്ത് എഴുത്തുകളില്‍ മാറ്റ് കൂട്ടാനായി എത്താറുണ്ട്. സൂഫിസം കാമഭ്രാന്തിലും മറ്റു അധാര്‍മിക മനേഭാവങ്ങളിലും അധിഷ്ഠിതമായ ഒന്നാണെന്ന് വരുത്തി തീര്‍ക്കാന്‍ റൂമി പോലുള്ള സൂഫികളെയും അവരുടെ കവിതകളെയും ഉപയോഗപ്പെടുത്താറുമുണ്ട്.
പേര്‍ഷ്യന്‍ ചിന്തകന്‍ പാല്‍ വാശെ യാവിബ തന്‍റെ ലേഖനത്തില്‍ വൈറ്റ് വാഷ് റൂമി എന്ന പ്രയോഗം നടത്തുന്നത് കാണാം. റൂമി പോലുള്ള സൂഫി കവികളുടെ അക്ഷരങ്ങളെ മാത്രം അടര്‍ത്തിയെടുത്ത് ആശയങ്ങളും സന്ദര്‍ഭങ്ങളും ഒളിപ്പിച്ച് ഇംഗ്ലീഷിലേക്ക് ട്രാന്‍സിലേഷന്‍ ചെയ്തു സൂഫിസത്തെ വിലയിരുത്തുന്ന പുതു സമൂഹത്തെയാണ് അദ്ദേഹം തന്‍റെ പ്രയോഗത്തിലൂടെ വിമര്‍ശിക്കുന്നത്. ഒട്ടനവധി സോഷ്യല്‍ മീഡിയ സാഹിത്യകൃതികള്‍ വായിക്കുന്നതിനിടയില്‍ പൊതുസമൂഹം റൂമിയെയും സൂഫിസത്തേയും വിലയിരുത്തുന്നത് കണ്ടു. തന്‍റെ പ്രണയം സഫലമാക്കാന്‍ സൂഫി കവിതകള്‍ക്ക് സാധിക്കും എന്ന് പോലും പലരും ധരിച്ചു കഴിഞ്ഞിരിക്കുന്നു.
പാന്‍ഥിസം സിദ്ധാന്തമാണ് സൂഫിസത്തിന്‍റെ അടിസ്ഥാനം. പ്രപഞ്ച നാഥനില്‍ വലയം ചെയ്തു എല്ലാം അര്‍പ്പിച്ചുള്ള ജീവിത രീതികളാണ് പാന്‍ഥിസം മുന്നോട്ടുവെക്കുന്നത്. മറ്റുള്ള ചിത്രങ്ങളും ചിന്തകളും സൃഷ്ടാവുമായി ബന്ധപ്പെടുത്തി ജീവിക്കുകയാണ് സൂഫികള്‍ ചെയ്യുന്നത്. തൗഹീദിന്‍റെ ഉന്നത വിത ാനമാണ് സൂഫിസം എന്നാണ് അബൂബക്കര്‍ ഷിബിലി(റ) സൂഫിസത്തെ നിര്‍വചിക്കുന്നത്. വിശാലമായ ഇസ്ലാമിക ചട്ടക്കൂടില്‍ നിന്ന് സൂഫികള്‍ക്ക് പുറത്തുകടക്കാനാവില്ല എന്ന് സാരം. അബൂല്‍ ഹസന്‍ അല്‍ നൂഹി എന്നവരുടെ നിര്‍വചനവും വ്യത്യസ്തമല്ല. മാനുഷിക മാലിന്യങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണ മോചനമാണ് സൂഫിസം എന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന നിര്‍വചനം. ഇസ്ലാമില്‍ വെറുക്കപ്പെട്ടതാണ് മാനുഷിക മാലിന്യങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സൂഫസത്തിന്‍റെ ലേബലില്‍ ഇന്ന് വരച്ചു കൊണ്ടിരിക്കുന്ന പലതും യഥാര്‍ത്ഥ സൂഫിസവുമായി വലിയ അന്തരമുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നുണ്ട്.
തിരു നബിയുടെയും സ്വഹാബത്തിന്‍റേയും ശേഷമുള്ള താബിഉകളുടെയും കാലഘട്ടത്തില്‍ സൂഫിസം പിറവി കൊണ്ടില്ല. സൂഫിസം പൂര്‍ണ്ണ ഇസ്ലാമിക മനോഭാവത്തില്‍ ഉള്ളതായിട്ടും ഉത്തമ നൂറ്റാണ്ടില്‍ അത് പിറക്കാതെ പോയതെന്ത് കൊണ്ട് എന്ന ചോദ്യം ഉയരാറുണ്ട്. ഉത്തരം വ്യക്തമാണ്. ഭൗതിക കാരണങ്ങള്‍ പ്രപഞ്ചനാഥനെ പ്രണയിക്കുന്നതില്‍ തടസ്സമാവരുത് എന്ന ലക്ഷ്യത്തില്‍ നിന്നാണ് സൂഫിസം പിറവി കൊള്ളുന്നത്. ഉത്തമ നൂറ്റാണ്ടിലെ വിശ്വാസികള്‍ ആ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ സ്വശരീരത്തെ സമ്മതിക്കുമായില്ലായിരുന്നില്ല. ശേഷമുള്ള കാലഘട്ടങ്ങളില്‍ സാഹചര്യങ്ങള്‍ പ്രതികൂലമാവുകയും ഭൗതിക കാര്യങ്ങള്‍ സ്രഷ്ടാവിനോടുള്ള പ്രണയത്തിന്‍ തടസ്സമാവുകയും ചെയ്തപ്പോള്‍ സ്രഷ്ടാവിനോടുള്ള അഗാതമായ പ്രണയത്തിന് തിരികൊളുത്തി സൂഫിസം പ്രയാണമാരംഭിക്കുകയായിരുന്നു. വിശ്വാസിയുടെ അവിഭാജ്യഘടകമായ ഇസ്ലാം, ഈമാന്‍ , ഇഹ്സാന്‍ എന്നിവയില്‍ അധിഷ്ഠിതമായി സൂഫിസം ലോകത്താകെ വളര്‍ന്നു പന്തലിച്ചു. മഹത്തായ ഇസ്ലാമിക ദര്‍ശനങ്ങള്‍ ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ സൂഫിസം വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. പ്രണയത്തിലഭിരമിച്ച് അവര്‍ ചെയ്തു വെച്ച ഭൗതിക കാര്യങ്ങളെ ചിലര്‍ തെറ്റിദ്ധരിക്കുകയും സൂഫിസത്തെ ദുര്‍വ്യാഖ്യാനിക്കുകയും ചെയ്തു. സൂഫിസം എന്ന മഹത്തായ ആശയം കൊണ്ട് ലോകത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കാനും സാധിക്കുമെന്നാണ് കണ്ടെത്തലുകള്‍. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളായ കുടിയേറ്റവും വംശീയ വിദ്വേഷവും ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സൂഫിസത്തിന് സാധിക്കും. സ്രഷ്ടാവിനോടുള്ള പ്രണയബോധത്തില്‍ അവര്‍ക്ക് തീവ്രദേശീയത അംഗീകരിക്കാനാവില്ല. തുടര്‍ന്നുണ്ടാവുന്ന കുടയേറ്റവും സൂഫിസവും സൂഫികള്‍ അംഗീകരിക്കില്ല. കൃത്യവും വ്യക്തവുമായ ധാര്‍മിക ആദര്‍ശങ്ങളെ മുറുകെ പിടിക്കാനാണ് സൂഫിസം എക്കാലവും ശ്രമിക്കുന്നത്. സിനിമകളില്‍ ചേക്കേറിയ ആധുനിക സൂഫി ചിന്തകള്‍ ഭാവിക്കുന്ന കാമഭ്രാന്ത് പൂക്കുന്ന നിലപാടുകള്‍ യാഥാര്‍ത്ഥ സൂഫിസവുമായി അജഗജാന്തരമുണ്ട്. ഇസ്ലാം വെറുക്കുന്ന സംഗീത മാര്‍ഗങ്ങളിലൂടെയും കാമ ചിത്രങ്ങളിലൂടെയും സൂഫിസം വരക്കാന്‍ ശ്രമിക്കുന്ന ലക്ഷ്യം വയ്ക്കുന്നത് മഹത്തായ ഒരു ദര്‍ശനത്തിന്‍റെ തകര്‍ച്ചയാണ്. യഥാര്‍ത്ഥ സൂഫി മാര്‍ഗത്തിലൂടെ വിശ്വാസത്തിന്‍റെ മഹത്തായ മൂല്യങ്ങളില്‍ എത്തിപ്പിടിക്കാനാണ് വിശ്വാസി ശ്രമിക്കേണ്ടത്.

വി എം സഹല്‍ തോട്ടുപൊയില്‍

Write a comment