Posted on

ഓണ്‍ലൈന്‍ വിദ്യാഭ്യാസം; കാലത്തിന്‍റെ അനിവാര്യത

 

2020 മാര്‍ച്ച് 23ലെ കണക്ക് പ്രകാരം 198 രാജ്യങ്ങളിലായി ലോക വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 90% വരുന്ന 1.38 ബില്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കാന്‍ തുടങ്ങിയെന്ന് UNESCO വീക്ഷിക്കുന്നുണ്ട്. കോവിഡ് ജീവിതശൈലികളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്‍റെ പ്രധാന ഉത്തരമാണ് വിദ്യഭ്യാസ മേഖലയിലെ പരിവര്‍ത്തനങ്ങള്‍. വിദ്യാലയങ്ങളിലേക്കുള്ള അഡ്മിഷന്‍, ക്ലാസുകള്‍, പരീക്ഷകള്‍, റിസള്‍ട്ടുകള്‍ എന്നിങ്ങനെ തുടര്‍ച്ചയായി തുടരുന്ന നമ്മുടെ വിദ്യഭ്യാസ സമ്പ്രദായങ്ങളെ പാടെ അടച്ചിടേണ്ട അവസ്ഥയിലെത്തിച്ചുവെന്ന് ചുരുക്കം. കോവിഡിന്‍റെ തുടക്ക കാലം മുതല്‍ ലോക്ക്ഡൗണും ഇതര നിയന്ത്രണങ്ങളും വരുന്ന കാലത്തേ ഓണ്‍ലൈന്‍ വിദ്യഭ്യാസ പ്രദാനത്തെ കുറിച്ച് സംവാദങ്ങളിലേര്‍പ്പെട്ടിട്ടുണ്ട് ലോകം. അധ്യാപകന്‍റെ മുഖത്തു നിന്ന് പാഠംകേട്ട് കൃത്യമായ ഇന്‍റര്‍മീഡിയ ഇന്‍ററാക്ഷന്‍ നടപ്പിലാകുന്ന വിദ്യഭ്യാസ സമ്പ്രദായത്തില്‍ നിന്നും അകലെങ്ങളിലിരുന്നു പാഠമുറികള്‍ സൃഷ്ടിക്കുന്നതിലേക്ക് മാറുമ്പോള്‍ അംഗീകരിക്കാന്‍ പ്രയാസവും അനുകരിക്കാന്‍ വൈമനസ്യവുമുണ്ടായിരുന്നു. കോവിഡ് പിടിമുറുക്കുകയും ഡിജിറ്റലൈസേഷന്‍ അനിവാര്യതയാകുകയുംചെയ്തപ്പോഴാണ് കൂടുതലാളുകളും അതിന് വഴങ്ങുന്നത്.
ഇന്‍റര്‍നെറ്റ് ലഭ്യതയായിരുന്നു പ്രധാന പ്രതിസന്ധിയായി എണ്ണിയിരുന്നത്. ഇന്ത്യയില്‍ അഞ്ച് മുതല്‍ ഇരുപത്തൊന്ന് വയസ്സിനിടയിലുള്ള വിദ്യാര്‍ത്ഥികളില്‍ 8.3% ആളുകള്‍ക്ക് മാത്രമെ കമ്പ്യൂട്ടര്‍ ലഭ്യതയുള്ളൂവെന്നതും അതില്‍ 21.6% മാത്രമേ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി കരസ്ഥമാക്കിയുട്ടൊള്ളുവെന്നതും ഞെട്ടലുളവാക്കുന്ന കണക്കാണ്. ഡിജിറ്റല്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ സിംഹഭാഗവും ഡിജിറ്റല്‍ വിദ്യഭ്യാസ സമ്പാദന ഉപകരണങ്ങളും ഇന്‍റര്‍നെറ്റ് കണക്ഷനും ഇല്ലാത്തവരാണെന്നര്‍ത്ഥം. ഇതര രാഷ്ട്രങ്ങള്‍ വേഗം കൂടിയ അഞ്ചാം തലമുറ നെറ്റ്വര്‍ക്കിന് പണിപ്പുരയൊരുക്കുമ്പോള്‍ ഇന്ത്യയില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ഒരു കിട്ടാക്കനിയാണ്. കണക്കുകള്‍ ഗ്രാമാന്തരങ്ങളെ തേടിപോകുമ്പോള്‍ അത് 4%ത്തിലേക്കും 8.15%ലേക്കുമായി ചുരുങ്ങിപ്പോകുമെന്നത് യാഥാര്‍ത്ഥ്യം. കേരളത്തിന്‍റെ കണക്കുകള്‍ ഒന്നുകൂടി ആശ്വാസകരമാണ്. 93.7% ആളുകളും മൊബൈല്‍ സംവിധാനങ്ങള്‍ കൈവശമുള്ളവരും 54% പേര്‍ ഇന്‍റര്‍നെറ്റ് കണക്ടിവിറ്റിയുളളവരുമാണ്. സംവിധാനങ്ങളുടെ അപര്യാപ്തതക്കൊപ്പം ഡിജിറ്റല്‍ സാക്ഷരതയുടെ പരിമിതിയും വലിയ വെല്ലുവിളിയാണ്. ബഹുഭൂരിപക്ഷം വരുന്ന അധ്യാപക സമൂഹത്തിന് തന്നെ സംവിധാനങ്ങളെ കൃത്യമായി സമീപിക്കാനാകില്ല എന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ഈ പരിമിതികള്‍ക്കകത്തു നിന്ന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നപ്പോള്‍ കുട്ടികളെ കൃത്യമായി വിലയിരുത്താനാകുന്നില്ലെന്ന പരാതി ഉയര്‍ന്നുവന്നു. ഡിജിറ്റല്‍ ഉപകരണങ്ങളുടെ നിരന്തര ഉപയോഗം വിദ്യാര്‍ത്ഥികളുടെ ശാരീരികാരോഗ്യത്തെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നതും പ്രധാന പ്രശ്നമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. അനിയന്ത്രിതമായ ഡാറ്റ കണ്‍സംപ്ഷന്‍ വഴി നേരിടുന്ന സാമ്പത്തികാവശ്യങ്ങള്‍ കോവിഡ് കാലത്ത് രക്ഷിതാക്കളെ കുഴക്കുന്നു എന്നതും പരാതികളുടെ കൂട്ടത്തിലുണ്ട്.
സത്യത്തില്‍ ഓണ്‍ലൈന്‍ വിദ്യഭ്യാസ സംവിധാനങ്ങളാണ് കുറഞ്ഞ ചെലവില്‍ സാധ്യമാകുന്നത്. നിരന്തരമായ യാത്ര, ഭക്ഷണ, താമസ ചെലവുകളെയെല്ലാം ഇല്ലായ്മ ചെയ്യാന്‍ അതിനാവുന്നുണ്ട്. ഇന്‍റര്‍നെറ്ററ്റ് ഡാറ്റക്ക് ആവശ്യമായ ചെലവ് മാത്രമാണ് ഓണ്‍ലൈന്‍ വിദ്യഭ്യാസ സംവിധാനങ്ങളിലെ മുഖ്യ ചെലവ്. ഡിജിറ്റല്‍ ഉപകരണങ്ങളുണ്ടാക്കുന്ന ശാരീരിക-മാനസിക അനാരോഗ്യങ്ങള്‍ ഉപയോഗ ക്രമീകരണങ്ങളിലൂടെ കുറച്ചുകൊണ്ട് വരാനെ മാര്‍ഗമുള്ളൂ. ഏതൊരു കാര്യത്തിനും രണ്ട് വശമുള്ള പോലെ ഇവിടെയും ഗുണദോഷങ്ങളുണ്ടെന്ന് മാത്രം. കുട്ടികളെ വിലയിരുത്തുന്നതിലും നിയന്ത്രിക്കുന്നതിലും യഥാര്‍ത്ഥ ക്ലാസ് മുറി അനുഭവങ്ങള്‍ കൊണ്ട് വരുന്നതിലും നൂതന സംവിധാനങ്ങളെ ഉപയോഗപ്പെടുത്താനാകും. പെട്ടെന്നുള്ള തീരുമാനങ്ങളും ഡിജിറ്റല്‍ നിരക്ഷരതയുമെല്ലാം ഉന്നത നിലവാരത്തിലുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിയാതെ പോയതിന് കാരണമായിട്ടുണ്ട്. രാവിലെ മുതല്‍ ഉച്ച തിരിഞ്ഞ് വരെ ക്ലാസ്മുറിയിലിരുന്ന് അധ്യാപകനില്‍ നിന്ന് പാഠം കേള്‍ക്കാന്‍ വേണ്ടി, ബെഞ്ചും ഡെസ്കും ബോര്‍ഡുമുള്ള മുറിയില്‍ പ്രദാനം ചെയ്യാന്‍ വേണ്ടി തയ്യാറാക്കിയ അതേ കരിക്കുലം വെച്ച് ഓണ്‍ലൈന്‍ ക്ലാസുകളും നടത്താമെന്ന് ധരിക്കുന്നതില്‍ പിഴവുകളുണ്ട്. പരീക്ഷയും ഹോംവര്‍ക്കുകളും വഴി വിദ്യാര്‍ത്ഥിയുടെ പഠന നിലവാരം മനസ്സിലാക്കാന്‍ സ്കൂള്‍ കാലത്ത് സാധിക്കുമായിരുന്നു. ഓണ്‍ലൈന്‍ സംവിധാനങ്ങളിലും അതേ മാര്‍ഗങ്ങളെ അവലംബിക്കാമെന്ന് ധരിക്കുന്നത് വ്യാമോഹമാണ്. പഠന മാധ്യമം ഓണ്‍ലൈനിലേക്ക് കൂടുമാറുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ മാനസികാവസ്ഥയും സന്നദ്ധതയും സമീപന രീതിയും ചിന്താ തലങ്ങളുമെല്ലാം മാറുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ് അനുകരിക്കുന്ന മനസ്ഥിതിയോട് സമരസപ്പെടുന്ന കരിക്കുലവും മൂല്യനിര്‍ണയ സംവിധാനങ്ങളും കണ്ടെത്തലാണ് പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത്. നൂതന സംവിധാനങ്ങള്‍ ലഭ്യമായ കാലത്ത് വിര്‍ച്വല്‍ റിയാലിറ്റി ടെക്നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാധ്യതകളുമെല്ലാം ഉപയോഗപ്പെടുത്തി കുട്ടികളിലെ ഏകാഗ്രത നിലനിര്‍ത്താനും കൃത്യമായ നിലവാരം അളന്നെടുക്കാനുമെല്ലാമാകും. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസിനെ കുറിച്ചുള്ള പല ചര്‍ച്ചകളും പറഞ്ഞുവെക്കുന്നത് അങ്ങനെയാണ്. ഓണ്‍ലൈന്‍ ഒരു ജീവിത പരിസ്ഥിതി തന്നെയാണ്. കണ്ണിനെയും കാതിനെയും മനസ്സിനൊത്ത് അതിലേക്ക് ബന്ധിപ്പിക്കുമ്പോള്‍ അപ്പുറത്തെ അക്കൗണ്ടില്‍ നിന്നൊരാള്‍ സംശയംചോദിക്കുമ്പോള്‍ അത് ക്ലാസ്റൂമായി അനുഭവപ്പെടാനും അധ്യാപകന്‍ സംസാരിക്കുമ്പോള്‍ ബെഞ്ചിലിരുന്ന് കേള്‍ക്കുന്ന അനുഭവം സമ്മാനിക്കാനുമെല്ലാം VR പോലോത്ത നവ ടെക്നോളജിക്ക് സാധിക്കും. ആധുനിക സംവിധാനങ്ങളിലേക്ക് നമ്മുടെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ചെന്നെത്തിയില്ലെന്നത് ഖേദകരം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുന്ന പ്രധാനപ്പെട്ട മറ്റൊരു ഗുണം നിപുണരുടെ ക്ലാസുകള്‍ ലഭ്യമാക്കുന്നുവെന്നതാണ്. ഓരോ വിഷയത്തിലെയും അവഗാഹം നേടിയ, നല്ല രീതിയില്‍ അധ്യാപനം നടത്താനാവുന്ന നിപുണരെ ക്ലാസെടുക്കാന്‍ വേണ്ടി നിയോഗിക്കും. അത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം വലിയൊരനുഗ്രഹമായി എണ്ണാനാവും.
ഇന്ന് സാഹചര്യങ്ങള്‍ മാറിത്തുടങ്ങി. കോവിഡിനൊപ്പം ജീവിക്കാനാണ് ലോകം ശ്രമിക്കുന്നത്. സ്കൂളുകള്‍, കോളേജുകള്‍ പുനരാരംഭിച്ചു തുടങ്ങി. വിദ്യാലയങ്ങളെല്ലാം പൂര്‍വ്വസ്ഥിതിയില്‍ ചാക്രികമാകുന്ന നല്ല ദിനങ്ങള്‍ വരട്ടെ എന്ന് പ്രത്യാശിക്കുന്നതോടൊപ്പം നമ്മുടെ വിദ്യാഭ്യാസ രീതികളിലെ ചില മാറ്റങ്ങളെ കുറിച്ച് ആലോചിച്ച് തുടങ്ങാനായിരിക്കുന്നു. വ്യവസായ വിപ്ലവത്തോടെയാണ് സാര്‍വ്വത്രിക വിദ്യഭ്യാസ സമ്പ്രദായങ്ങള്‍ക്ക് തുടക്കമാവുന്നത്. സമൂഹത്തിലെ ഉന്നത വിഭാഗങ്ങള്‍ക്ക് മാത്രം പഠിക്കാവുന്ന ഗുരുകുലങ്ങളില്‍ നിന്ന് പൊതുവിദ്യാലയങ്ങളും കോളേജുകളും ധാരാളം ഉയര്‍ന്നു വന്നതോടെ വിദ്യഭ്യാസം എല്ലാവര്‍ക്കും സൗകര്യമാവുകയും പഠിച്ചവര്‍ക്കെല്ലാം ജോലിയും എന്ന രീതിയിലായി. വിദ്യഭ്യാസ പ്രസരണം നമ്മുടെ ജീവിത ശൈലികളെയും നടപ്പു രീതികളെയും മാറ്റിയെടുത്തുവെന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ചരിത്രം പറയുന്നുണ്ട്. സമൂഹത്തില്‍ ഇത്രയേറെ മാറ്റങ്ങള്‍ ഉടലെടുത്തിട്ടും നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇന്ന് എല്ലാവരും ബിരുദധാരികളും ബിരുദാനന്തര ധാരികളുമായിരിക്കെ യോഗ്യരായവര്‍ക്ക് മുഴുവന്‍ ജോലി കിട്ടാതെ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന അവസ്ഥ സംജാതിമായിരിക്കുകയാണ്. വിദ്യഭ്യാസം ക്രിയാത്മകമായിരിക്കേണ്ടതിന്‍റെ അനിവാര്യത ത്വരിതപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമുക്ക് കോളേജുകളും സ്കൂളുകളുമായി നിലവിലുള്ള ഒരവലംബമുണ്ട്. അതോടൊപ്പം ഓണ്‍ലൈന്‍ വിവര സ്രോതസ്സുകളുമുണ്ട്. കോളേജുകളില്‍ നിന്ന് പഠിച്ചറങ്ങുന്നവരില്‍ 95% ആളുകളും കഴിവില്ലാത്തവരാകുന്നുവെന്നാണ് പഠനങ്ങള്‍. ഓണ്‍ലൈന്‍ പഠന സംവിധാനങ്ങളെ പിന്തുടരുന്നവരില്‍ നാലോ അഞ്ചോ ശതമാനം മാത്രമെ പഠനം പൂര്‍ത്തിയാക്കുന്നുള്ളുവെന്നതുമാണ് സര്‍വ്വെകള്‍ പറയുന്നത്. കോളേജുകളിലെ കരിക്കുലങ്ങള്‍, അധ്യാപന രീതികള്‍, കേവല ജോലി മാത്രമായി കാണുന്ന അധ്യാപകര്‍ എല്ലാം വിദ്യഭ്യാസഗുണത്തിന് ഭീഷണിയാവുന്നുണ്ട്. ഇവിടെ സമൂഹത്തിന്‍റെ സമ്മര്‍ദ്ദങ്ങളുണ്ടായതിനാലും പരീക്ഷ ലക്ഷ്യാധിഷ്ഠിതമാകുന്നതിനാലും 85%ലധികവും പഠനം പൂര്‍ത്തീകരിക്കുന്നുണ്ട്. ഓണ്‍ലൈനിലേക്ക് നോക്കുമ്പോള്‍ പ്രസക്തമായ പാഠഭാഗങ്ങളും നല്ല തത്പരരായ അധ്യാപകരും ലഭ്യമാകും. പക്ഷെ പഠന പൂര്‍ത്തീകരണം വളരെകുറഞ്ഞു പോകുന്നുവെന്നതാണ് പ്രശ്നം. നല്ല ഓണ്‍ലൈന്‍ സ്രോതസ്സുളെ അവലംബിച്ച് കൃത്യമായ മൂല്യനിര്‍ണയ സംവിധാനങ്ങളോടെയുള്ള ഫിസിക്കല്‍ സ്പേസുകളിലെ പുതിയ വിദ്യഭ്യാസ രീതികളെ കാലം ആവശ്യപ്പെടുന്നുണ്ട്.

ബാസിത് തോട്ടുപൊയില്‍

Write a comment