Posted on

സ്വത്വം ഓര്‍മയാകും മുമ്പൊരു പുനര്‍വായന

ഞാന്‍ വേട്ടക്കാരനല്ല
വിരുന്നുകാരനുമല്ല
ഇവിടെ മുളച്ചു ഇവിടെ പൂവിട്ടവന്‍
ഇവിടെത്തന്നെ വാടിവീഴേണ്ടവന്‍
വൃക്ഷം കത്തിയെരിയുമ്പോഴും
പറന്നുപോകാതെ അതിനോടൊപ്പം
കത്തിയെരിയുന്ന കിളികളെപ്പോലെ
ഞങ്ങള്‍ ഇവിടെത്തന്നെ കരിഞ്ഞുവീഴും
ഞങ്ങളെ വേണ്ടാത്ത ഈ മണ്ണില്‍

അന്യന്‍/സച്ചിദാനന്ദന്‍

CAA, NRC, NPR കുറച്ച് നാളുകള്‍ക്ക് മുമ്പ് രാജ്യമൊട്ടുക്കും ഏറെ ചര്‍ച്ച ചെയപ്പെട്ട വാക്കുകളാണിത്. കൃത്യമായി പറഞ്ഞാല്‍ 2019-ഡിസംബര്‍ ആദ്യവാരം, ‘യുനൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്’ എന്ന ബാനറില്‍ ഏതാനും വിദ്യാര്‍ത്ഥി സംഘടനകള്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ തുടങ്ങിവെച്ച ഒരു പ്രക്ഷോഭം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൗരത്വ നിയമഭേദഗതികള്‍ക്കെതിരായുള്ള ജനകീയ സമരങ്ങളായി അത് മാറി. ഗ്രാമാന്തരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഒന്നായി അത് കുത്തിയൊലിച്ചു. മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നിയമമെന്നതിനെക്കാള്‍ മനുഷ്യത്വ വിരുദ്ധമായ നിയമഭേദഗതിയെ നിലക്ക്, അതിനെ നേരിടാനുറച്ചായിരുന്നു രാജ്യത്തിന്‍റെ വൈവിധ്യ മുഖങ്ങളെല്ലാം ഒരേ നിരയില്‍ ഒരുമിച്ച് അന്ന് തെരുവുകളിലേക്കിറങ്ങിയത്. എന്നാല്‍ കോവിഡും ലോക്ഡൗണും മൂലം തടസ്സപ്പെട്ട ബില്ലിന്‍റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ രംഗം ഒന്ന് ശാന്തമായ തക്കം നോക്കി ഭരണസംഘം ഇന്ന് പിന്‍വാതിലുകളിലൂടെ പുതിയ കരുനീക്കങ്ങളായി പദ്ധതിയൊരുക്കി കൊണ്ടിരിക്കുകയാണ്. അതിന്‍റെ ഭാഗമായി, പൗരത്വത്തിന് ജനനസര്‍ട്ടിഫിക്കറ്റ് അവലംബമാക്കാമെന്നതും, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഷങ്ങളായി കൈകാര്യം ചെയ്തിരുന്ന ജനന മരണ റെജിസ്ട്രേഷന്‍ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാക്കണമെന്നും തുടങ്ങി പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദേശങ്ങളും ഒരുക്കങ്ങളുമൊക്കെ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. നേരിട്ടുള്ള നടപ്പാക്കലുകള്‍ വലിയ ബഹുജന പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന അന്നത്തെ ദുരനുഭവത്തിന്‍റെ തിരിച്ചറിവിലാണ് പിന്നണിയില്‍ നിന്ന് കുറുക്കുവഴികളിലൂടെയുള്ള നീക്കങ്ങള്‍ക്കുള്ള ഈയൊരുക്കം. തീര്‍ത്തും അശാസ്ത്രീയവും അപലപനീയവുമായ നയരൂപീകരണങ്ങള്‍ എന്നടിവരയിടാവുന്ന പ്രസ്തുത നിര്‍ദേശങ്ങളടങ്ങിയ 60 ഇന കര്‍മപരിപാടികള്‍ നിയമസാധുതയെ തേടി പ്രധാനമന്ത്രി വിദഗ്ധ സമിതിക്കു മുമ്പാകെ വെച്ചിരിക്കുകയാണ് നിലവില്‍. അധികം വൈകാതെ പുതിയ ഉത്തരവ് വരും. പ്രധാനമന്തിയുടെ ഇഷ്ടദാസന്മാര്‍ അടങ്ങിയ ‘വിദഗ്ധ’ സമിതി ആയതു കൊണ്ട് തന്നെ ജനങ്ങളെ വീണ്ടും തെരുവിലേക്കിറക്കുന്ന അത്യന്തം ഭയപ്പെടുത്തുന്നതും കേള്‍ക്കാനൊരിക്കലും ആഗ്രഹിക്കാത്തതുമായ ആ വിധിന്യായങ്ങള്‍ പ്രതീക്ഷിക്കുന്ന അവസരത്തിലാണ് ഒരു പുനര്‍വായനക്ക് പേരക്ക ബുക്സ് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച “പൗരത്വ ബില്‍, ആരാണ് കള്ളം പറയുന്നത് ?” എന്ന ലേഖന സമാഹാരത്തെ കയ്യിലെടുക്കുന്നത്.
രാഷ്ട്രീയ സാംസ്കാരിക സാമുദായിക രംഗങ്ങളിലതീതമായി വൈവിധ്യ സാമൂഹികമണ്ഡലങ്ങളുടെ വീക്ഷണകോണുകളില്‍ നിന്നുമായി പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ എഴുത്തുകളും ഭാഷണങ്ങളും കുറിപ്പുകളും അഭിമുഖങ്ങളും അടങ്ങുന്നതാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. പൗരത്വഭേദഗതികള്‍ ഭരണഘടനയെ എങ്ങനെ അട്ടിമറിക്കുന്നെന്ന സംസ്ഥാന ഭരണത്തലവന്‍ പിണറായി വിജയന്‍റെ ലേഖനത്തോടെ ആരംഭിക്കുന്ന താളുകള്‍ പിന്നീട് കേന്ദ്ര അഭ്യന്തരമന്ത്രിയുടെ തൊട്ട് സമൂഹത്തിന്‍റെ ഏത് തട്ടിലെയും പൊതുവികാരങ്ങളെ സജീവമായി പിന്തുടരുന്ന മാധ്യമപ്രവര്‍ത്തക പ്രതിനിധികളുടെ വരെ ഒരേ വിഷയാനുബന്ധിയായ മൗലിക കാഴ്ചപ്പാടുകളെ അഭിസംബോധന ചെയ്യുന്നുണ്ട്. എന്തിനാണ് ഈ നിയമത്തെ ഭയപ്പെടുന്നത് എന്ന തലക്കെട്ടില്‍ അമിത് ഷാ എഴുതിയതും ഉന്നയിക്കുന്നതുമായ ന്യായവാദങ്ങള്‍, എത്ര മാത്രം ബാലിശമായ കള്ളങ്ങളാണെന്ന തിരിച്ചറിവുകള്‍ നല്‍കാനെങ്കിലും ഉപകരിക്കുമെന്ന് ആശ്വസിക്കാവുന്നതാണ്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയുമായ പ്രകാശ് ജാവഡേക്കറിന്‍റെ പൗരത്വഭേദഗതിയും കെട്ടുകഥകളും എന്ന അധ്യായവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. വിഷയത്തിലെ തെറ്റിദ്ധാരണകള്‍ തിരുത്തി യാഥാര്‍ഥ്യം പറയാന്‍ വന്നവര്‍ മുടന്തന്‍ ന്യായങ്ങളില്‍ ചാരി നിന്ന് രാജ്യത്തെ പൗരന്മാരെ ഒന്നടങ്കം കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമത്തിലാണ്. എങ്കിലും പുസ്തകത്തില്‍ ഇത്തരം വീക്ഷണങ്ങള്‍ക്ക് കൂടെ താളുകള്‍ ചെലവഴിച്ചത് പ്രതിവാദങ്ങളുടെ അടിസ്ഥാനമില്ലായ്മകളെ വായനക്കാരന് താരതമ്യേന ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. കാരണം ആ അടിസ്ഥാന ശൂന്യതകളെയൊക്കെ ഇഴകീറി പരിശോധിക്കുന്ന കാഴ്ചപ്പാടുകളും കുറിപ്പുകളുമാണ് തുടര്‍ന്നുള്ള ഏടുകളില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്.
ഐ.എന്‍.സിയുടെ സീനിയര്‍ പൊളിറ്റീഷ്യനും നിലവില്‍ രാജ്യസഭാ എം.പി യുമായ പി ചിദംബരം വിഷയത്തോട് സംവദിച്ചത് ഒരു പറ്റം ചോദ്യങ്ങളുമായാണ്. പ്രസ്തുത ബില്ലിനു വേണ്ടി ഭരണകൂടം അയല്‍ രാജ്യങ്ങളെ തരംതിരിച്ചതെങ്ങനെയാണ്? എന്തുകൊണ്ട് പീഡിതരായ അഹമ്മദിയ, ഹസറാസ്, റോഹിംഗ്യന്‍സ് എന്നിവര്‍ ഒഴിവാക്കപ്പെട്ടത്? ശ്രീലങ്കന്‍ ഹിന്ദുക്കളെയും ഭൂട്ടാനിലെ ക്രിസ്ത്യാനികളെയും ഒഴിവാക്കിയതെന്തിന്? എന്താണ് മതാടിസ്ഥാനത്തിലുള്ള അടിച്ചമര്‍ത്തല്‍ മാത്രമെടുത്തത്? എല്ലാ തരത്തിലുമുള്ള അടിച്ചമര്‍ത്തലിനെ കുറിച്ചും എന്തുകൊണ്ട് ബില്ലില്‍ പറഞ്ഞില്ല? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. ‘ആരാണ് നുണയുടെ പ്രചാരകര്‍’ എ പി. രാജീവ് എഴുതിയ ലേഖനം വസ്തുനിഷ്ടമായ പല കാര്യങ്ങളും പങ്കുവെക്കുന്നുണ്ട്. പ്രകാശ് ജാവഡേക്കര്‍ എഴുതിയ ലേഖനത്തിലെ അടിസ്ഥാനരാഹിത്യങ്ങളും പച്ചക്കള്ളങ്ങളും അക്കമിട്ടു അടയാളപ്പെടുത്തുകയും തിരുത്തുകയും ചെയ്യുന്നുണ്ട് അദ്ദേഹം. ഇന്ത്യയില്‍ ദ്വിരാഷ്ട്രവാദമെന്ന സങ്കല്‍പത്തിന്‍റെ നേരവകാശികള്‍ ആരാണെന്നും അതിന്‍റെ പ്രചാരകര്‍ ആരെല്ലാമായിരുന്നെന്നും അന്വേഷിക്കുന്ന മുന്‍ പ്രതിപക്ഷ നേതൃത്വം രമേശ് ചെന്നിത്തല, ഇന്ത്യ എന്ന ആശയത്തെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ രാജ്യം ഒരുമിക്കേണ്ട കാലമാണിതെന്ന് ഓര്‍മിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ പ്രകാശ് കാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, തുടങ്ങിയ ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും സജീവ സാന്നിധ്യങ്ങളായിരുന്ന രാഷ്ട്രീയ പ്രമുഖരുടെയും വിഷയ സംബന്ധിയായ കാഴ്ചപ്പാടുകളും വാചകങ്ങളും ഉള്‍ചേര്‍ത്തിയിട്ടുണ്ട്. മതപരമായ അപരത്വ നിര്‍മ്മിതിയിലൂടെ ഇന്ത്യയില്‍ ഹൈന്ദവ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്നതെങ്ങനെയെന്നും അതിനെ പ്രതിരോധിക്കേണ്ട രാഷ്ട്രീയ സമരസമവാക്യങ്ങള്‍ എന്തെല്ലാമെന്നും വിശദമാക്കുകയാണ് സാഹിത്യനിരൂപകനും എഴുത്തുകാരനുമായ ബി.രാജീവന്‍. കലാപം പടര്‍ത്തുന്ന അജണ്ടകള്‍ എന്ന തലവാചകത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി ആര്‍ പി ഭാസ്ക്കറിന്‍റെ ലേഖനം ചരിത്രവസ്തുതകളുടെ പശ്ചാത്തലത്തില്‍ പൗരത്വബില്ലിനെ അഭിമൂഖീകരിച്ച് സംസാരിക്കുകയാണ്. കോളമിസ്റ്റും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഹര്‍ഷ് മന്ദറിന്‍റെയും എഴുത്തുകാരനും ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നോബല്‍ പുരസ്കാര ജേതാവും ജീവശാസ്ത്രജ്ഞനുമായ വെങ്കി രാമകൃഷ്ണന്‍റെയും ലേഖനങ്ങള്‍ വിഷയത്തിന്‍റെ വേറിട്ട തലങ്ങളെ ചര്‍ച്ച ചെയ്യുന്നു. കൂട്ടത്തില്‍ സാഹിത്യരംഗങ്ങളിലെ വിലയേറിയ സംഭാവനകള്‍ക്കുടമകളായ കവി കെ. സച്ചിദാനന്ദന്‍റെയും നോവലിസ്റ്റ് എന്‍ എസ് മാധവന്‍റെയും ചരിത്രകാരനായ കെ.എന്‍ പണിക്കരുടെയും കുറിപ്പുകള്‍ അധിവായനക്കുപകരിക്കുന്നതാണ്.
ലേഖനങ്ങളുടെ നീണ്ട അധ്യായങ്ങള്‍ക്കു ശേഷം പുസ്തകം നാല് അഭിമുഖങ്ങളെ വായനക്കാരന് സമര്‍പ്പിക്കുന്നുണ്ട്. അസമിന്‍റെ ചരിത്രത്തില്‍ തന്നെ ഇന്ത്യക്കുള്ള പാഠമുള്‍ക്കൊള്ളുന്നുണ്ടെന്ന ഇതിവൃത്തം പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകയും ഇന്ത്യന്‍ സിവില്‍ റൈറ്റ്സ് ആക്ടിവിസ്റ്റും കൂടിയായ ടീസ്റ്റ സെറ്റല്‍വാദ് നല്‍കുന്ന അഭിമുഖം. രാജ്യത്തിന്‍റെ അഖണ്ഡതയില്‍ മുസ്ലിം സമൂഹത്തിന്‍റെ സമര്‍പ്പണങ്ങളും ഭരണകൂട പുനര്‍വിചിന്തനങ്ങളുടെ നിര്‍ബന്ധിത ആവശ്യകതകളിലൂന്നി സംസാരിക്കുകയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും ഓള്‍ ഇന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും സാമൂഹ്യപ്രവര്‍ത്തകനുമായ കാന്തപുരം എ. പി അബൂബക്കര്‍ മുസ്ലിയാരും. ഗാന്ധിയില്‍ നിന്നും രാജ്യമകലുന്നതിന്‍റെ വര്‍ത്തമാനങ്ങളും പൗരത്വ ബില്ലിന്‍റെ ഗാന്ധിയന്‍ കാഴ്ചപ്പാടുകളുമെല്ലാം പങ്കുവെച്ചു കൊണ്ട് പ്രസ്തുത ബില്‍ രാജ്യത്തിന്‍റെ ശൈഥില്യം എങ്ങനെ സാധ്യമാക്കുന്നതെന്നും വിശദീകരിക്കുകയാണ് ചരിത്രകാരനും ഗാന്ധി, രാജഗോപാലാചാരി എന്നിവരുടെ തന്നെ പിതൃപരമ്പരയിലെ ഭാഗധേയവുമായ രാജ്മോഹന്‍ ഗാന്ധി. അവസാനമായി മനുഷ്യത്വ വിരുദ്ധമായ ഒരു നിയമ ഭേദഗതിക്കു നേരെ ജനകീയ പ്രക്ഷോഭങ്ങള്‍ പരിഹാരമാകുന്നതിലെ സാംഗത്യത്തെ കുറിച്ചും ഇത്തരം ഭീബത്സങ്ങള്‍ അനുസ്യൂതം തുടരുന്ന ഫാഷിസ്റ്റ് അധികാര വ്യവസ്ഥയെ പുറന്താനുള്ള വഴികളെ കുറിച്ചും വാചാലമാകുന്ന മുന്‍മന്ത്രിയും എം.പിയുമായ എന്‍ കെ പ്രേമചന്ദ്രനുമായുള്ള സംഭാഷണത്തോടെ അവസാനിക്കുന്ന പുസ്തകം വലിയൊരു സാമൂഹ്യ ധര്‍മം നിര്‍വഹിക്കുന്നുണ്ടെന്നത് പറയാതെ വയ്യ. ഒരേ പ്രമേയത്തില്‍ ഏകീകരിക്കപ്പെട്ട കാഴ്ചപ്പാടുകള്‍ ആയതുകൊണ്ട് തന്നെ വിഷയാനുബന്ധിയായ സ്വാഭാവിക ആവര്‍ത്തനങ്ങള്‍ പുസ്തകത്തിലെ പ്രതിപാദനത്തില്‍ വന്നിട്ടുണ്ട്. എങ്കിലും വായനക്ക് കല്ലുകടിയാകാത്ത വിധം വിഷയത്തെ വേറിട്ട തലങ്ങളില്‍ നിന്നും വീക്ഷിക്കുന്ന ഭാഷണങ്ങളെയും എഴുത്തുകളെയും കൂടുതലായി ഉള്‍പ്പെടുത്തി അതിനെ പരിഹരിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
ഭരണകൂടം ഭരണീയരുടെ അന്തകരാകുന്ന കാലത്ത്, പണിതുതീര്‍ക്കപ്പെട്ട ജനാധിപത്യ പ്രതിരോധങ്ങളിലൊന്നായി ഈയൊരു ഉദ്യമത്തെയും എണ്ണപ്പെടുത്താമെന്നത് തീര്‍ച്ച. ഒരു പുസ്തക പ്രസിദ്ധീകരണമെന്നതിനപ്പുറം നീതിനിഷേധത്തിനെതിരായി നിലകൊണ്ട ഒരു രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനമെന്ന നിലക്ക് കൂടി അഭിമാനിക്കാന്‍ അര്‍ഹരാണ് പുസ്തകത്തിന്‍റെ എഡിറ്റര്‍ കൂടി ആയ മാധ്യമപ്രവര്‍ത്തകന്‍ എ വി ഫര്‍ദിസ് അടക്കമുള്ള പ്രസാധക സംഘം. ശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ സംജാതമായ അവസരത്തില്‍ പിന്‍വാതിലുകളിലൂടെ വീണ്ടു തലപൊക്കിത്തുടങ്ങുന്ന പൗരത്വ ബില്‍ സംസാരങ്ങള്‍ അപരവത്ക്കരണത്തിന്‍റെ പുതിയ ദുരിതാധ്യായങ്ങള്‍ രചിക്കും മുമ്പ് പുതിയ പ്രതിരോധങ്ങള്‍ക്ക് ശക്തി പകരുന്ന പുനര്‍വായനയിലേക്ക് പുസ്തകം ഏതൊരു വായനക്കാരനെയും ക്ഷണിക്കുന്നുണ്ട്.

ജവാദ് വിളയൂര്‍

Write a comment