സഹനം പരിഹാരമാണ് സര്‍വ്വതിലും

ജാസിര്‍ മൂത്തേടം

മനുഷ്യ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകാറ്. ഒരു വ്യക്തിയുടെ മാനസിക സാഹചര്യങ്ങള്‍ക്കനുസരിച്ച് അവന്‍റെ ജീവിത പ്രകടനങ്ങള്‍ വ്യത്യസ്തമാകാറുണ്ട്. ഇന്ന് ചിരിച്ച് രസിച്ച് സന്തോഷത്തോടെ കഴിച്ചു കൂട്ടിയവന്‍റെ നാളത്തെ സാഹചര്യം തീര്‍ത്തും വിപരീതമായിട്ട് അനുഭവപ്പെടാറുണ്ട്. ജീവിത്തിലെ ഈ വിപരീത സാഹചര്യത്തിലേക്ക് നയിക്കുന്ന ഒരു തരം പ്രധാനഘടകമാണ് മനുഷ്യനില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കോപം. മനുഷ്യന്‍റെ മാനസിക നിലയെ തന്നെ പാടെ തകിടം മറിക്കാന്‍ ശേഷിയുണ്ട് അവനില്‍ നിന്ന് ഉത്ഭവിക്കുന്ന ദേഷ്യത്തിന്. ദേഷ്യം മൂത്ത് സ്വന്തം കൂടെപ്പിറപ്പിന്‍റെ കഴുത്തറുത്ത് കൊന്നതും, ഇരുമ്പ് ദണ്ഡ് കൊണ്ട് പിതാവിനെ കുത്തി കൊന്നതുമെല്ലാം നമ്മുടെ പരിസരങ്ങളില്‍ നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. നിസാര പ്രശ്നത്തിന്‍റെ പേരിലുള്ള ദേഷ്യ പ്രകടനം ജീവിത നാശത്തിലേക്ക് നയിക്കുന്നു എന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല. വിശ്വാസ കാര്യങ്ങളില്‍ പോലും കോപം പ്രതികൂലമായി ബധിക്കുമെന്ന് നബിതങ്ങള്‍ പറയുന്നുണ്ട്. കയ്പ്പേറിയ കറ്റാര്‍വാഴ നീര്‍ തേനിനെ ചീത്തയാക്കുന്നതു പോലെ കോപം ഈമാനിനേയും ദുഷിപ്പിക്കും(ബൈഹഖി 8294). മനുഷ്യന്‍റെ ജന്മ ശത്രുവായ പിശാചിന് മനുഷ്യന്‍റെ മേല്‍ ഏറ്റവും കൂടുതല്‍ സ്വധീനം ചെലുത്താന്‍ കഴിയുക അവന്‍ ദേഷ്യ പിടിക്കുമ്പോഴാണെന്ന് ദുല്‍ ഖര്‍നൈന്‍(റ) എന്നവര്‍ പറയുന്നു.
ദേഷ്യത്തിന് പരിധി നിശ്ചയിക്കല്‍ പ്രയാസകമാണ് ദേഷ്യം പിടിച്ചവന്‍ പരിസരം മറന്ന് എന്താണ് പ്രവര്‍ത്തിക്കുക എന്ന് പോലും നിര്‍ണയിക്കാന്‍ കഴിയില്ല. നമ്മുടെ വീടുകളിലെ സാഹചര്യങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ… ദേഷ്യ സമയത്തെ നമ്മുടെ അവസ്ഥ ഒന്ന് വിലയിരുത്തൂ…. ഇതില്‍ നിന്നെല്ലാം നമുക്ക് ഏറെ വ്യക്തമാവും ദേഷ്യ കാരണമായുണ്ടാകുന്ന വിപത്തുകള്‍. ദേഷ്യസമയത്ത് രണ്ടാളുകള്‍ക്കിടയില്‍ വിധി നിര്‍ണയം നടത്തല്‍ പോുലും നിഷിദ്ധമാക്കിയിട്ടുണ്ട്. ഉമറുബ്നു അബ്ദുല്‍ അസീസ്(റ) തങ്ങളുടെ സഹപ്രവര്‍ത്തകനയച്ച കത്തില്‍ ഇങ്ങനെ കാണാം ‘നിങ്ങള്‍ ദേഷ്യത്തിലായിരിക്കെ ഒരാളുടേയും മേലില്‍ ശിക്ഷകള്‍ നടപ്പിലാക്കരുത്. ദേഷ്യം അടങ്ങുന്നതുവരെ പ്രതിയെ തടവിലിടുകയും, കോപത്തില്‍ നിന്ന് വിമുക്തനായാല്‍ ശിക്ഷിക്കുകയും ചെയ്യുക. മനുഷ്യ മനസിനെ ദേഷ്യം പ്രതികൂലാവസ്ഥയിലേക്ക് നയിക്കുകയും, അത് അവന്‍റെ ജീവിത സമാധാനത്തെ ഇല്ലാതാക്കുന്നതിലേക്ക് വരെ എത്തിക്കുന്നു.
ഏറ്റവും വലിയ ബുദ്ധിമാന്‍
ജനങ്ങളില്‍ ഏറ്റവും വലിയ ബുദ്ധിമാന്‍ ദേഷ്യം അടക്കിപ്പിടിച്ച് തന്‍റെ മാനസിക നിലയെ നിയന്ത്രിക്കുന്നവനാണ്. ദേഷ്യം ബുദ്ധിയുടെ ശത്രുവാണ്. ദേഷ്യം, ദേഹേച്ഛ, അത്യാഗ്രഹം തുടങ്ങിയവയില്‍ നിന്ന് ആരെങ്കിലും പൂര്‍ണ സംരക്ഷണം നേടിയാല്‍ അവന്‍ വിജയിയായി തീര്‍ന്നിരിക്കുന്നുവെന്ന് ഉമര്‍(റ) പറഞ്ഞിട്ടുണ്ട്. ആരെങ്കിലും ദേഷ്യത്തിനും ദേഹേച്ഛക്കും വഴിപ്പെട്ടാല്‍ അത് അവനെ നരഗത്തിലേക്ക് നയിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഹൃദയത്തില്‍ കയറിക്കൂടിയ അഹങ്കാരം, പക, അസൂയ, ദുശിച്ച ചിന്തകള്‍ തുടങ്ങിയവയാണ് ദേഷ്യത്തിന് പ്രേരണയേകുന്ന പ്രധാന കരണങ്ങള്‍. ഇവകള്‍ക്ക് ഒരു പരിധി വരെ നാം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ പ്രതികൂലമായി ബാധിക്കുന്ന ദേഷ്യത്തിന് തടയിടാം. അഹങ്കാരം, വീമ്പ് പറയല്‍, ഉല്‍കൃഷ്ടനാവല്‍, വൈരാഗ്യം തുടങ്ങിയവ ദേഷ്യം മുളപ്പിക്കാനുള്ള കാരണമായി എണ്ണിയിട്ടുണ്ട്. മനുഷ്യ ജീവിതം ഇത്തരം സാഹചര്യങ്ങളെ നിരന്തരം നേരിടാറുണ്ട്. ഈ സാഹചര്യങ്ങളില്‍ തന്‍റെ സ്വശരീരത്തിനെ ദേഷ്യത്തിന് ബലി കൊടുക്കാതെ, എല്ലാം സഹിച്ച് തന്‍റെ ചെല്‍പ്പടിക്ക് നിര്‍ത്താനാവണം അവനാണ് യഥാര്‍ത്ഥ ബുദ്ധിമാനും, ശക്തി സംഭരിച്ച വ്യക്തിയും.
ദേഷ്യം അടക്കിപ്പിടിക്കാം
ദേഷ്യം അടക്കിപ്പിടിക്കുന്നവര്‍ക്ക് നാഥന്‍റെ അടുക്കല്‍ വലിയ പ്രതിഫലമുണ്ട്. വിശ്വാസികള്‍ അത്തരത്തില്‍ പ്രതിഫലം കരസ്ഥമാക്കാനുള്ള പരിശ്രമം നടത്തേണ്ടതുണ്ട്. ഉമര്‍(റ) ഒരു മനുഷ്യനോട് ദേഷ്യം പിടിക്കുകയും, അടിക്കാന്‍ വേണ്ടി കല്‍പ്പിക്കുകയും ചെയ്തു. ഇത് കേട്ടപാടെ മാലിക് ബ്നു ഔസ്(റ) പറഞ്ഞു : അമീറുല്‍ മുഅ്മിനീന്‍.. ‘നിങ്ങള്‍ മാപ്പ് നല്‍കൂ, നന്മകൊണ്ട് കല്‍പ്പിക്കൂ, തിന്മയെ തൊട്ട് തിരിഞ്ഞുകളയൂ’ എന്ന ആശയം വരുന്ന ആയത്ത് ഓതിക്കേള്‍പ്പിച്ചു. കേട്ടപാടെ ഉമര്‍(റ) ആ ആയത്തില്‍ ചിന്താവിഷ്ടനാവുകയും തന്നില്‍ കത്തിജ്വലിച്ച കോപത്തെ നാഥന്‍റെ പ്രതിഫലം മുന്നില്‍ കണ്ട് അടക്കിപ്പിടിക്കുകയും, ശിക്ഷക്ക് വിധിക്കപ്പെട്ട വ്യക്തിയെ മോചിതനാക്കുകയും ചെയ്തു. നബി(സ്വ) പറയുന്നു: ആരെങ്കിലും തന്‍റെ കോപത്തെ തടഞ്ഞ് വെച്ചാല്‍ നാഥന്‍ അവന് ശിക്ഷയെ തടഞ്ഞുവെക്കും (ത്വബ്റാനി). അല്ലാഹുവിനെ ഭയന്ന് കോപത്തെ പരിഹരിച്ചവര്‍ക്ക് മാത്രം സ്വര്‍ഗത്തില്‍ ഒരു കവാടമുണ്ടെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്നു സഹനം പതിവാക്കിയവര്‍ക്ക് നിന്ന് നിസ്കരിക്കുകയും, നോമ്പനുഷ്ടിക്കുകയും ചെയ്യുന്നവരുടെ പ്രതിഫലം ലഭിക്കുമെന്ന് അലി(റ) പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത പ്രതിഫലമുണ്ട് കോപത്തിനെ അടക്കിപിടിച്ചവന്ന്. ഈ പ്രതിഫലങ്ങള്‍ ആഗ്രഹിച്ച് ജീവിക്കുന്നവന് അവന്‍റെ ദേഷ്യത്തെ അടക്കിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ വളരെ എളുപ്പമായിരിക്കും.
നബി(സ്വ) വളരെയധികം സഹനത്തെ പ്രിയം വെച്ചവരായിരുന്നു. ‘അല്ലാഹുവേ…. എന്നെ നീ അറിവ് കൊണ്ട് ഐശ്വര്യവാനാക്കുകയും സഹനം കൊണ്ട് ഭംഗിയാക്കുകയും ചെയ്യണേ..’ എന്ന് മുത്ത്നബിയുടെ നിത്യ പ്രാര്‍ത്ഥനകളില്‍ പെട്ടതായിരുന്നു. പ്രവാചകന്മാരുടെ നിത്യചര്യയില്‍ പെട്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് സഹനമായിരുന്നുവെന്ന് നബിതങ്ങള്‍ അരുളിയിട്ടുമുണ്ട്.
ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളിലുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളാണ് നമ്മെ കോപത്തിന്‍റെ നെറുകയ്യിലെത്തിക്കുന്നത്. ആ സാഹചര്യങ്ങളെ ക്ഷമിച്ചും സഹിച്ചും നേരിട്ടാല്‍ ജീവിത വിജയം യഥാര്‍ത്ഥ്യമാക്കാം. പ്രവാചകാധ്യാപനങ്ങളും, മഹാന്മാരുടെ ജീവിത രീതിയുമെല്ലാം കോപത്തെ സഹനത്തിലൂടെ നേരിടണമെന്ന സന്ദേശമാണ് പകര്‍ന്നു തരുന്നത്. അനാവശ്യ കോപങ്ങള്‍ നമ്മെ നാശത്തിലേക്കേ നയിക്കൂ. അതിനെ തൊട്ട് ജാഗ്രത പാലിച്ചേ മതിയാകൂ. സഹനത്തിലൂടെ നമുക്ക് എല്ലാം പരിഹരിക്കാം. മനുഷ്യന്‍റെ കോപത്തിന്‍റെ പ്രധാന കാരണങ്ങള്‍ സഹജീവികളില്‍ നിന്ന് ഉടലെടുക്കുന്നതാണ്. അത് കൊണ്ട് തന്നെയാണ് മനുഷ്യ കോപം ജീവിതാവസാനത്തിന് വരെ കാരണമാകുന്നത്. പരസ്പരം മാപ്പ് നല്‍കുകയും, നന്മകള്‍ പങ്ക് വെച്ചും, സഹകൂട്ടുകാര്‍ കാരണമായി ഉടലെടുത്ത് ദേഷ്യത്തിനെ ഇല്ലാതാക്കാന്‍ ശ്രമിക്കണം. അതാണ് വിശ്വാസി പ്രഥമമായി ചെയ്യേണ്ടതും. മാപ്പ് നല്‍കി തന്‍റെ കോപത്തെ അടിക്കിപ്പിടിച്ചവനെ അല്ലാഹുവും റസൂലും അങ്ങേയറ്റം പ്രശംസിച്ചിട്ടുണ്ടെന്നത് അത്തരക്കാര്‍ക്കുള്ള ഏറ്റവും വലിയ പ്രചോദനമാകേണ്ടതാണ്.

Write a comment