Posted on

ഇമാം ഗസാലി; ജ്ഞാന പ്രസരണത്തിന്‍റെ വഴി

ഫവാസ് കെ പി മൂര്‍ക്കനാട്

വൈജ്ഞാനിക ചരിത്രത്തില്‍ വീരേതിഹാസം രചിച്ച് വിസ്മയം തീര്‍ത്ത പണ്ഡിതന്മാരില്‍ പ്രധാനിയണ്. ഹുജ്ജതുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അഹ്മദില്‍ ഗസാലി (റ). കാടും മലകളും താണ്ടി അറിവന്വേഷിച്ചിറങ്ങി സഞ്ചരിച്ച് പതിനായിരങ്ങള്‍ക്ക് വഴികാട്ടിയായ മഹാനെ ലോകമിന്നും പുകഴ്ത്തുന്നു. ഖുറാസാനിലെ തൂസ് ജില്ലയിലുള്ള ആധുനിക ഇറാഖിന്‍റെ വടക്ക് കിഴക്കന്‍ അറ്റത്ത് തുര്‍ക്കുമാനിസ്ഥാനോടും അഫ്ഗാനിസ്ഥാനോടും ചേര്‍ന്ന് കിടക്കുന്ന മശ്ഹദ് പട്ടണത്തിന് സമീപമുള്ള ത്വബ്റാന്‍ എന്ന സ്ഥലത്താണ്, ഹിജ്റ 450ല്‍ ഇമാം ജനിക്കുന്നത്. ഗസ്സാലി എന്ന വിശേഷണം എങ്ങനെ വന്നു എന്നതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ പല അഭിപ്രായങ്ങള്‍ ഉണ്ട്. ഇമാമിന്‍റെ കുടുംബം നൂല്‍ നൂല്‍ക്കുന്നവരായത് കൊണ്ട് നെയ്ത്തുകാര്‍ എന്നര്‍ത്ഥമുള്ള ഗസ്സാല്‍ എന്ന പേരിലേക്ക് ചേര്‍ത്ത് ഗസ്സാലി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഒരഭിപ്രായം. ഖുറാസാനിലെ ഗസാലത് എന്ന സ്ഥലത്തേക്ക് ചേര്‍ത്ത് ഗസാലി ഉണ്ടായതാണെന്നും പറയപ്പെടുന്നു. ഇമാമിന്‍റെ പിതാവ് പ്രശസ്തനായ ഒരു സൂഫി വര്യനായിരുന്നു. നന്നായി അധ്വാനിച്ചാണ് അദ്ധേഹം കുടുംബം പോറ്റിയത്. കടുത്ത ദാരിദ്യം അനുഭവിച്ചെങ്കിലും പരസഹായം സ്വീകരിക്കാന്‍ അദ്ദേഹം ഇഷ്ടപ്പട്ടില്ല.
നാട്ടിലെ പഠനം പൂര്‍ത്തിയാക്കിയ ഇമാം മാതാവിന്‍റെ അനുഗ്രഹം വാങ്ങി ജുര്‍ജാനിലേക്ക് പോയി. ഇമാം അബൂ നസരില്‍ ഇസ്മാഈലിയായിരുന്നു ജുര്‍ജാനിലെ പ്രധാന ഗുരു. അറബി ഭാഷ, കര്‍മ്മശാസ്ത്രം, ഖുര്‍ആന്‍ എന്നീ മേഖലകള്‍ക്കാണ് ഇമാം പ്രാധാന്യം നല്‍കിയത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശത്തേക്ക് മടങ്ങുകയായിരുന്ന ഇമാം കൊള്ള സംഘത്തിന്‍റെ പിടിയില്‍ പെട്ടു. ഗുരു മുഖത്ത് നിന്ന് പകര്‍ന്ന് കിട്ടിയ വിജ്ഞാനം മുഴുവന്‍ കുറിപ്പുകളായി സൂക്ഷിച്ചിരുന്നു. കൊള്ളക്കാര്‍ കൈവശപ്പെടുത്തിയവയില്‍ ഈ കുറിപ്പുകളും പെട്ടു. എങ്ങനെയെങ്കിലും അവ തിരിച്ച് കിട്ടാന്‍ വേണ്ടി കൊള്ളത്തലവനോട് കെഞ്ചി. ചില കടലാസ് തുണ്ടുകള്‍ നഷ്ടപ്പെട്ടാല്‍ കെട്ടുപോകുന്നതാണോ നിന്‍റെ കണ്ണിന്‍റെ കാഴ്ച്ച ? താന്‍ ഇത്രയും കാലം പഠിച്ചതൊക്കെ അതോടെ തീരുമോ? എന്ന കൊള്ളത്തലവന്‍റെ പരിഹാസം അസ്ഥിയില്‍ തറക്കും വിധം മൂര്‍ച്ചയേറിയതായിരുന്നു. ആ സന്ദര്‍ഭത്തിലാണ് കടലാസിനെയൊന്നും ആശ്രയിക്കാതെ മുഴുവന്‍ മന:പ്പാഠമാക്കാന്‍ ഇമാം പ്രതിജ്ഞ ചെയ്തത്. ജീവിത കാലം മുഴുവന്‍ അത് പാലിക്കുകയും ചെയ്തു.
സല്‍ജൂഖ് ഭരണാധികാരി മാലിക് ഷായുടെ മന്ത്രി നിളാമുല്‍ മുല്‍കിന്‍റെ പണ്ഡിത സദസ്സിലെ അംഗമായിരുന്ന ഇമാമിന്‍റെ കഴിവും സാമര്‍ത്ഥ്യവും കണ്ട് ബഗ്ദാദിലെ മദ്റസത്തുന്നിളാമിയ്യയുടെ തലവനായി ചുമതലപ്പെടുത്തി. അന്ന് ഇമാമിന് 34 വയസ്സാണ് പ്രായം. അത്രയും ചെറിയ പ്രായത്തില്‍ പ്രസ്തുത പദവി ലഭിച്ച ഏക പണ്ഡിതന്‍ ഗസാലി മാത്രമായിരുന്നു. പണ്ഡിത ലോകത്തെ ഇമാമിന്‍റെ പ്രഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിളാമിയയിലെ ഗസാലിയുടെ ക്ലാസ് കേള്‍ക്കാന്‍ വിദൂരദിക്കുകളില്‍ നിന്നും ആളുകള്‍ വന്നു. ബഗ്ദാദില്‍ ഗസാലി തരംഗം സൃഷ്ടിച്ചതോടെ ഭരണാധികാരികള്‍ അദ്ദേഹത്തെ തേടിയെത്തി. സല്‍ജൂഖികളെയും അബ്ബാസികളെയും രജ്ഞിപ്പിക്കുന്നതിന് ഗസാലി നടത്തിയ പരിശ്രമങ്ങള്‍ ചരിത്ര പ്രസിദ്ധമാണ്. ആ പ്രശസ്തികളുടെയും പെരുമയുടെയും സുഖലോലുപ ഘട്ടത്തില്‍ അഭിരമിച്ച ഇമാമിന്‍റെ മനസ്സില്‍ ആത്മീയ ചിന്തകള്‍ മുളപൊട്ടി. മാനസിക വ്യഥയധികരിച്ച ഇമാം എല്ലാം ഉപേക്ഷിച്ച് ബഗ്ദാദിനോട് വിട പറയാന്‍ തീരുമാനിച്ചു. ഹിജ്റ 488 ല്‍ നിളാമിയയിലെ തന്‍റെ ജോലി ഇമാം ഉപേക്ഷിച്ചു. ബഗ്ദാദിന് സംഭവിച്ച ഒരു വിപത്തായി പലരും ഗസാലിയുടെ തീരുമാനത്തെ വിലയിരുത്തി.
സിറിയയിലെ തലസ്ഥാനമായ ദമസ്ക്കസിലേക്കാണ് ഇമാം ഗസാലി യാത്ര തിരിച്ചത്. അവിടെ വെച്ച് ആത്മീയ സംസ്കരണത്തിനുള്ള സൂഫി മുറകള്‍ പ്രയോഗത്തില്‍ വരുത്തുകയായിരുന്നു. പിന്നീട് അവിടെ നിന്നും ഫലസ്തീനിലേക്ക് പോയ ഇമാം പിന്നീട് കാടുകളിലും മേടുകളിലും അലഞ്ഞു. ആര്‍ഭാട പൂര്‍ണ്ണമായ വേഷവിധാനങ്ങളുടെ സ്ഥാനത്ത് സൂഫിയുടെ വസ്ത്രമായ മേല്‍കുപ്പായമായി, സ്വാദിഷ്ടമായ വിഭവങ്ങള്‍ക്ക് പകരം കനികളും ഇലകളും. പിന്നീട് ഇബ്രാഹീം നബിയുടെ അന്ത്യ വിശ്രമ സ്ഥലം സന്ദര്‍ശിച്ചു. അവിടെ വെച്ച് മൂന്ന് ശപഥങ്ങള്‍ എടുത്തു. ഒന്ന്: രാജാക്കന്മാരുടെ ദര്‍ബാറുകള്‍ സന്ദര്‍ശിക്കുകയില്ല. രണ്ട്: രാജാക്കന്മാരുടെ ഉപഹാരങ്ങള്‍ സ്വീകരിക്കുകയില്ല. മൂന്ന്: ആരുമായും വാദ പ്രതിവാദത്തില്‍ ഏര്‍പ്പെടുകയില്ല, എന്നിവയായിരുന്നു അവ. പതിനൊന്ന് വര്‍ഷത്തെ ദീര്‍ഘമായ ദേശാടനത്തിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയെത്തിയ ഇമാം ഗസാലി താന്‍ ദീര്‍ഘകാലം വിദ്യയഭ്യസിച്ച നിളാമിയ്യ മദ്റസയില്‍ പ്രധാനാധ്യാപകന്‍റെ ചുമതല ഏറ്റെടുത്തു. ഭരണകൂടത്തില്‍ നിന്ന് ഇങ്ങനെ ഒരു ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ ഒരു പണ്ഡിതന്‍ എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് ശരിയല്ല എന്ന് തോന്നിയതിനാലാണ് ഗസാലി വീണ്ടും അധ്യാപന മേഖല സ്വീകരിച്ചത്.
നിളാമിയ്യയില്‍ അല്‍പ കാലം ചെലവഴിച്ചതിന് ശേഷം ഗസാലി സ്വദേശമായ തൂസിലേക്ക് മടങ്ങി. അവിടെ സ്വന്തമായി ഒരു കലാലയം സ്ഥാപിച്ചു. ശിഷ്യരെ സ്വീകരിച്ചു. ഇല്‍മുല്‍ കലാമും തസവ്വുഫും ആയിരുന്നു പ്രധാനമായും പഠിപ്പിച്ചിരുന്നത്. ബഗ്ദാദിലെ ജനങ്ങള്‍ക്ക് ഇമാം ഗസാലിയെ തിരിച്ച് കിട്ടണമെന്ന ശക്തമായ ആഗ്രഹമുണ്ടായിരുന്നു. ബഗ്ദാദിലെ നിളാമിയ്യയില്‍ അദ്ദേഹത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഭരണകര്‍ത്താക്കള്‍ക്ക് അവര്‍ നിവേദനം അയച്ചു. ഇതേ തുടര്‍ന്ന് ഖലീഫയും മന്ത്രിയും ഇമാം ഗസാലിയെ ബഗ്ദാദിലേക്ക് ക്ഷണിച്ചു. എന്നാല്‍ തൂസ് വിട്ട് പോകാന്‍ ഇമാം ഇഷ്ടപ്പെട്ടില്ല. തന്‍റെ വിദ്യാര്‍ത്ഥികളെയും ഭാര്യയെയും മക്കളെയും വിട്ട് താമസിക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. മാത്രമല്ല, ഇബ്റാഹീം നബിയുടെ മഖ്ബറയില്‍ നിന്നെടുത്ത പ്രതിജ്ഞകള്‍ ലംഘിക്കേണ്ടി വരും. ബഗ്ദാദിലാകുമ്പോള്‍ ഏതെങ്കിലും തര്‍ക്കവിഷയങ്ങളില്‍ ഏര്‍പ്പെടേണ്ടതായി വരും, ഔദ്യാഗിക കാര്യങ്ങള്‍ക്ക് ഖലീഫയെ കാണേണ്ടി വരും, ബഗ്ദാദില്‍ തനിക്ക് സ്വത്ത് വകകള്‍ ഇല്ലാത്തത് കൊണ്ട് ഖലീഫയില്‍ നിന്ന് ശമ്പളം സ്വീകരിക്കേണ്ടതായി വരും. മൂന്നും പ്രതിജ്ഞയുടെ ലംഘനമാകും. ഈ കാരണങ്ങള്‍ എല്ലാം ചൂണ്ടിക്കാണിച്ച് ഇമാം ഗസാലി ഖലീഫക്ക് കത്തയച്ചു. കത്തയച്ചതിന് ശേഷവും സമ്മര്‍ദം ഉണ്ടായെങ്കിലും ഇമാം തന്‍റെ തീരുമാനം മാറ്റിയില്ല. തൂസില്‍ തന്നെ താമസിച്ച് അദ്ദേഹം എഴുത്തും വായനയും അദ്ധ്യാപനവും തുടര്‍ന്നു. ഈ ഘട്ടത്തിലാണ് ഇമാം ഹദീസ് പഠനം പൂര്‍ത്തിയാക്കിയത്. അറിയപ്പെടുന്ന ഒരു ഹദീസ് പണ്ഡിതനെ തന്‍റെ വസതിയില്‍ താമസിപ്പിച്ച് അദ്ദേഹത്തില്‍ നിന്ന് സ്വഹീഹുല്‍ ബുഖാരിയും സ്വഹീഹു മുസ്ലിമും ഗസാലി ഓതിപ്പഠിച്ചു. ഹദീസ് ഉദ്ധരിക്കുന്നതിനുള്ള അനുവാദവും നേടി.
തത്വചിന്തയുടെ ഉപവിഷയമായ തര്‍ക്കശാസ്ത്രത്തില്‍ ഗസാലി അടിസ്ഥാന ഗ്രന്ഥങ്ങള്‍ രചിച്ചു. മിഅ്യാറുല്‍ ഇല്‍മി ഫീ ഫന്നില്‍ മന്‍ത്വിഖ്, മിഹാഖുന്നളര്‍ ഫില്‍ മന്‍ത്വിഖ് എന്നിവയാണവ. യവന തര്‍ക്കശാസ്ത്രത്തിന്‍റെ രീതി ശാസ്ത്രം വിശദമായി ഗസാലി ഈ കൃതികളിലൂടെ അവതരിപ്പിച്ചു. അല്‍ കിന്ദി, ഫാറാബി, ഇബ്നു സീന എന്നിവരെ പോലെ സ്വയം ഒരു തത്വചിന്തകനായി അറിയപ്പെടാന്‍ ആഗ്രഹിച്ച പണ്ഡിതനല്ല ഗസാലി. അടിസ്ഥാനപരമായി അദ്ദേഹം മതചിന്തകനും ആത്മജ്ഞാനിയും കര്‍മശാസ്ത്ര വിശാരദനുമായിരുന്നു. തന്‍റെ കാലഘട്ടത്തിലെ പ്രധാന പഠന മേഖല ശരിയാം വണ്ണം പഠിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തത്വചിന്തയിലും തര്‍ക്കശാസ്ത്രത്തിലും ഇമാം ഗസാലി പാണ്ഡിത്യം നേടിയത്. തത്വചിന്തയെ അതിന്‍റെ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് ഖണ്ഡിക്കുകയാണ് ഗസാലി ചെയ്തത്.
അറബിയിലും മാതൃഭാഷയായ പേര്‍ഷ്യനിലുമായി നൂറോളം ഗ്രന്ഥങ്ങള്‍ ഇമാം ഗസാലി രചിച്ചു. ലളിതമായ ശൈലി, പുതുമയുള്ള പ്രയോഗങ്ങള്‍, വിഷയ വൈവിധ്യം, ആകര്‍ഷകമായ ഗ്രന്ഥനാമങ്ങള്‍ തുടങ്ങിയവയാണ് ഗസാലിയുടെ രചനാ സവിശേഷതകള്‍. ഇക്കാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന പൗരാണിക മുസ്ലിം ഗ്രന്ഥകാരന്‍ ഇമാം ഗസാലിയാണെന്ന് പറയാം. പ്രധാന കൃതികള്‍:
1. ഇഹ്യാ ഉലൂമുദ്ദീന്‍:
ഇമാം ഗസാലി തന്‍റെ ബഗ്ദാദിലെ പദവി ഉപേക്ഷിച്ച് പുറപ്പെട്ട അവസരത്തില്‍ എഴുതിയ നാല് വാള്യങ്ങളുള്ള ഗ്രന്ഥമാണിത്. ഗസാലിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥവും ഇത് തന്നെയാണ്. ഗ്രന്ഥനാമം സൂചിപ്പിക്കുന്നത് പോലെ ഇസ്ലാം മത വിജ്ഞാനങ്ങളുടെ പുനരുജ്ജീവനമാണ് ഗ്രന്ഥ രചനയിലൂടെ ഗസാലി ഉദ്ദേശിച്ചത്. വിശ്വാസ അനുഷ്ഠാനങ്ങള്‍, പെരുമാറ്റ മര്യാദകള്‍, സാമ്പത്തിക ഇടപാടുകള്‍, വിവാഹം, സ്നേഹം, സാഹേദര്യം, നന്മ കല്‍പ്പിക്കലും തിന്മ വെടിയലും എന്നീ വിഷയങ്ങളാണ് ഈ കൃതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് വായനക്കാരെ ആകര്‍ഷിക്കുന്ന പ്രതിപാദന ശൈലിയാണ് ഇഹ്യയുടേത്.
2.ഫൈസലുത്തഫ്രീഖ:
ഗസാലിയുടെ ഇഹ്യാ ഉലൂമുദ്ദീന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ പുറത്ത് വന്നപ്പോള്‍ മത പണ്ഡിതന്മാരില്‍ ചിലര്‍ അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്ത് വന്നു. ഇല്‍മുല്‍ കലാമില്‍ അശ്അരീ മാര്‍ഗത്തില്‍ നിന്ന് ഭിന്നമായ ചില വീക്ഷണങ്ങള്‍ ഗസാലി അവതരിപ്പിച്ചു എന്നതാണ് വിമര്‍ശന കാരണം. ഇമാം ഗസാലിയെ വിമര്‍ശിക്കുന്നത് കേള്‍ക്കാനിടയായ ഇമാമിന്‍റെ ഒരു ശിഷ്യന്‍ ഇമാമിന് ഒരു കത്തെഴുതി. ആ കത്തിനുള്ള ദീര്‍ഘമായ മറുപടിക്കത്താണ് ഫൈസലു ത്തഫ്രീഖ: ബൈനല്‍ ഇസ്ലാമി വസ്സന്‍ദഖ.
3. അയ്യുഹല്‍ വലദ്:
ഇമാം ഗസാലിയുടെ വളരെ ചെറിയ ഒരു കൃതിയാണിത്. പഠനം പൂര്‍ത്തിയാക്കിയ ഒരു വിദ്യാര്‍ത്ഥി തന്‍റെ അറിവ് എങ്ങനെയാണ് പാരത്രിക മോക്ഷത്തിനായി വിനിയോഗിക്കേണ്ടതെന്ന് ആരാഞ്ഞുകൊണ്ട് ഗസാലിക്കെഴുതിയ കത്തിനുള്ള മറുപടിയാണ് ഈ കൃതി. അറിവ് പ്രയോജനപ്പെടണമെങ്കില്‍ കര്‍മം അനിവാര്യമാണെന്നും പഠനം കൊണ്ടുള്ള ലക്ഷ്യം ഭൗതിക നേട്ടങ്ങള്‍ ആകരുതെന്നും, അത് പരലോക വിജയത്തിനായി പ്രയോജനപ്പെടുത്തണമെന്നുമൊക്കെ ഈ കൃതിയില്‍ ഗസാലി പറയുന്നു.
4. ബിദായതുല്‍ ഹിദായ:
സന്മാര്‍ഗ ലബ്ദിയുടെ പ്രാരംഭം എന്നര്‍ത്ഥം വരുന്ന സന്മാര്‍ഗം സിദ്ധിക്കുന്നതിന് ഒരു വ്യക്തി സ്വയം തയ്യാറാവേണ്ടതെങ്ങനെ എന്ന് വിവരിക്കുന്ന കൃതി. പുസ്തകത്തിന്‍റെ ഒന്നാമത്തെ ഭാഗം അനുഷ്ഠാനകര്‍മങ്ങളുടെ വിവരണങ്ങളും രണ്ടാം ഭാഗം ഉപേക്ഷിക്കേണ്ട തിന്മകളെ സംബന്ധിച്ചും അവസാന ഭാഗം സ്രഷ്ടാവിനോടും സൃഷ്ടികളോടുമുള്ള സഹവാസ മര്യാദകള്‍ വിശദീകരിച്ച് കൊണ്ടുള്ളതാണ്. ബിദായതുല്‍ ഹിദായ മോണ്ട് ഗോമറി വാട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
5. മഖാസിദുല്‍ ഫലാസിഫ:
ബഗ്ദാദിലെ അധ്യാപന കാലത്ത് തത്വചിന്ത പഠനത്തിന്‍റെ ഭാഗമായി തത്വചിന്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഇമാം ഗസാലി രചിച്ച കൃതി. അറേബ്യയില്‍ പ്രചാരം നേടിയ ഗ്രീക്ക് തത്വചിന്ത സമഗ്രമായി പഠിച്ച് ലളിതമായി അവതരിപ്പിക്കുന്ന കൃതിയാണിത്. അരിസ്റ്റോട്ടിലിയന്‍ തത്വചിന്ത മനസ്സിലാക്കുന്നതിന് ഏറ്റവും മികച്ച പാഠപുസ്തകം എന്ന നിലയില്‍ യൂറോപ്പ് സ്വീകരിച്ച ഗ്രന്ഥമാണിത്. തത്വചിന്തയെ വിമര്‍ശിക്കുന്നതിനുള്ള മുന്നൊരുക്കം എന്ന നിലയിലാണ് ഗസാലി ഈ പുസ്തകമെഴുതിയത്. പണ്ഡിതന്മാര്‍ക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിയുന്ന നിഗൂഢ വിജ്ഞാന മേഖല എന്ന തലത്തില്‍ നിന്ന് തത്വശാസ്ത്രത്തെ സാധാരണക്കാര്‍ക്ക് പോലും അനായാസം മനസ്സിലാക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് മാറ്റിയതിനുള്ള ഖ്യാതി ഇമാം ഗസ്സാലിയുടെ മഖാസിദുല്‍ ഫലാസിഫക്ക് മാത്രമാണ്.
ഹിജ്റ 505 ജമാദുല്‍ അവ്വല്‍ 14 ന് തന്‍റെ 55-ാമത്തെ വയസ്സില്‍ ആ മഹാ സാഗരം ശാന്തമായി ഇഹലോക വാസം വെടിഞ്ഞു.

Write a comment