Posted on

ഇരുട്ട് മുറിയിലെ വെളിച്ചം

ഷുറൈഫ് പാലക്കുളം

വരൂ, കടന്നു വരൂ’
അയാള്‍ ചങ്കുപൊട്ടി വിളിച്ചു കൂവിക്കൊണ്ടേയിരുന്നു. ചന്ത ആളനക്കമറിഞ്ഞ് ഉണരുന്ന നേരം. വെറുതെ ഊരുചുറ്റാനായി ഇറങ്ങിത്തിരിച്ച പൗരപ്രധാനികള്‍ കുതിരപ്പുറത്ത് വന്ന് പൊടി പറത്തി ഓടിയകന്നു. കുരുന്നുമക്കളുടെ കുസൃതികളും ഉപ്പ ഉമ്മമാരുടെ ശകാരങ്ങള്‍ക്കും മീതെ കച്ചവടക്കാരുടെ ശബ്ദമുയര്‍ന്നു തുടങ്ങി.
‘കടന്നു വരൂ, നല്ല ഒന്നാന്തരം ഇനം’
നേരത്തെ വിളിച്ചു കൂവിയ അതേ മനുഷ്യന്‍ തന്നെ. അയാളുടെ പരുപരുത്ത തുളഞ്ഞ സ്വരം രംഗം കയ്യടക്കി. അയാള്‍ക്കു ചുറ്റും ആളുകള്‍ പെരുകി. ആജാനുബാഹുവായ അയാളുടെ പ്രാകൃത ശരീരം ഏവരേയും ഭയവിഹ്വലമാക്കുന്നതായിരുന്നു. നാലുപാടും തന്നെമാത്രം നോട്ടമിട്ടിരിക്കുന്ന കണ്ണുകളെ കണ്ടമാത്രയില്‍ അയാള്‍ കൂടുതല്‍ ഉത്സുകനായി. എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അയാള്‍ അവളുടെ കൈ തോളിലൊന്ന് പ്രഹരിച്ചു.
‘ആഹ്!’
അതിന്‍റെ ആഘാതത്തില്‍ അവള്‍ കൈ വലിച്ചു. പിന്നെ അവളിലായി ആളുകളുടെ ശ്രദ്ധ.
‘ആരാണവള്‍?’
‘എന്തൊരു തേജസ്സ് അവളുടെ മുഖത്ത്!’
കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു. വില്‍പനക്കായി കൊണ്ടുവന്ന യുവതിയായൊരടിമ. ചെറിയൊരു പീഠത്തില്‍ കയറിനില്‍ക്കുന്ന അവള്‍ക്ക് അനായാസം എല്ലാവരെയും കാണാമായിരുന്നു. പക്ഷെ അവള്‍ മുഖവും താഴ്ത്തിയങ്ങനെ നിന്നതേയുള്ളൂ. തന്നെ ചൂണ്ടി വിലപേശുന്നയാള്‍ക്ക് അവള്‍ യാതൊരു ഭാവവും നല്‍കിയില്ല. ഭയമേതുമില്ല മുഖത്ത്. എല്ലാവര്‍ക്കും കൗതുകമേറി. ആ സമയം ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ മുന്നോട്ടു വന്നു, വിലപേശി. വെറും ആറ് ദിര്‍ഹമിന് കച്ചവടക്കാരന്‍ അവളെ വിറ്റ് കാശാക്കി. അവളെ പുതിയ യജമാനന് കൈമാറി ആനന്ദതുന്തിലനായി അയാള്‍ സ്ഥലം വിട്ടുകളഞ്ഞു. ആള്‍ക്കൂട്ടം പിരിഞ്ഞു. അവള്‍ അനുസരണയോടെ തന്‍റെ പുതിയ യജമാനന്‍റെ പിറകെയായി നടന്നുനീങ്ങി. ചന്ത പിന്നിട്ട് അവര്‍ വളരെ ദൂരം താണ്ടി. അമ്പരപ്പിന്‍റെ പുകപടലങ്ങള്‍ അവളുടെ മുഖത്തുനിന്നും ഇപ്പോഴും നീങ്ങിയിട്ടില്ല. ഭൂമി തനിക്കു ചുറ്റും കറങ്ങുന്നതായി അവള്‍ക്ക് തോന്നി. ‘എന്തെല്ലാമാണീ സംഭവിക്കുന്നത്. ക്ഷണികനേരം കൊണ്ട് എല്ലാം മാറിപ്പോയിരിക്കുന്നു. ഇതാ ഇപ്പോള്‍ ഇയാളുടെ അടിമയാണു ഞാന്‍. റബ്ബേ, നിസ്സഹായയും അബലയുമായ നിന്‍റെ ഈ അടിമയെ നീ കൈവിടല്ലേ’. വേദനയോടെ അവള്‍ നാഥനോട് തേടി. ദൈര്‍ഘ്യമേറിയ പ്രയാണത്തിനൊടുവില്‍ പാര്‍പ്പിടങ്ങള്‍ വെളിവായിത്തുടങ്ങി. അവള്‍ ജിജ്ഞാസയോടെ പരിസര വീക്ഷണം നടത്തി. തികച്ചും പുതിയൊരിടം. അപരിചിതമായ വീചികള്‍. അധികം പോകേണ്ടി വന്നില്ല, അയാള്‍ നേരെ വലിയ പ്രൗഢമായൊരു വീടിന്‍റെ ഭാഗത്തേക്ക് തിരിഞ്ഞു. അവള്‍ അയാളെ അനുഗമിച്ചു. വിശാലമായ പുരയിടം.
‘ഇതാ നിന്‍റെ മുറി’.
അയാളൊരു മുറിക്ക് നേരെ വിരല്‍ ചൂണ്ടിപ്പറഞ്ഞു. പുറത്തായി വേറിട്ട് പണികഴിപ്പിച്ച ഒരു മുറി. അവള്‍ തലയാട്ടി.
‘ആകട്ടെ, നിന്‍റെ പേര്?’
‘റാബിഅ’
രണ്ടുനിമിഷത്തേക്കയാള്‍ റാബിഅയെ കണ്ണുചിമ്മാതെ നോക്കി. മനോഹരമായ ശബദം. മുഖപ്രസന്നത. ‘റാബിഅ..’ അയാളാ പേര് പതിഞ്ഞ സ്വരത്തില്‍ ഉരുവിട്ട് കൊണ്ട് കടന്നുപോയി. റാബിഅ മുറിക്കകത്ത് കയറി, കിട്ടിയ പഴങ്ങള്‍ ഭക്ഷിച്ച് വിശപ്പിന്‍റെ എരിച്ചിലടക്കി. രാത്രി ഇരുട്ടിവന്നു. റാന്തലിന്‍റെ അരണ്ടവെളിച്ചം മുറയാകെ പരന്നു. സമാധാനമായി ഒന്നുറങ്ങിയിട്ട് നാളുകള്‍ പിന്നിട്ടിരുന്നു. ക്ഷീണം പെരുത്ത് തറയില്‍ കിടന്ന റാബിഅ പെട്ടെന്ന് മയങ്ങി.
***** ***** *****
ഇറാഖിന്‍റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് അഞ്ഞൂറ്റിഅമ്പതോളം കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന പ്രദേശം, ബസ്വറ. ടൈഗ്രീസിന്‍റെ സ്നേഹ തലോടലേറ്റ് സമ്പല്‍ സമൃദ്ധമായി മാറിയ നാട്. പലയിനം തോട്ടങ്ങള്‍, ഹരിതാപം നിറഞ്ഞ വയലുകള്‍ പാരാവാരം പോലെ പരന്നുകിടക്കുന്നു. നാലു വശങ്ങളിലും തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു പഴക്കം ചെന്ന ചെറ്റക്കുടില്‍. ഇരുണ്ട് മൂകമായ അന്തരീക്ഷം. വളരെ ദരിദ്രനായ സൂഫിയായ ഇസ്മാഈലുല്‍ അദവിയുടെ വീടാണത്. ചുറ്റുമൊന്നും മറ്റു വീടുകളില്ല. അടക്കിപ്പിടിച്ച തേങ്ങിക്കരച്ചിലുകള്‍ അവിടെനിന്നും ഉയരുന്നുണ്ട്. ഇസ്മാഈലുല്‍ അദവി ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. പ്രിയപ്പെട്ട പിതാവിന്‍റെ വിയോഗത്തില്‍ ഹൃദയം നീറി, മാതാവിനരികെയിരുന്ന് വ്യസനിക്കുന്ന നാല് അനാഥ ബാല്യങ്ങള്‍. ആ ഉമ്മ വേദനയോടെ കൈ മലര്‍ത്തി.
‘റാബിആ…ആ കടവിലൊന്ന് പോയിനോക്ക്, ഉപ്പയുടെ വഞ്ചിയുണ്ടവിടെ’
ഉമ്മയുടെ കല്‍പന കേട്ട് റാബിഅ എഴുന്നേറ്റു. കൂട്ടത്തില്‍ ഇളയവള്‍. പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള ശാന്ത പ്രകൃതക്കാരി. ഉപ്പയുടെ ആകെയുള്ള ഉപജീവന മാര്‍ഗമായിരുന്നു ആ വഞ്ചി. ഇനി അതുമാത്രമാണ് ആശ്രയം. അവള്‍ തിടുക്കപ്പെട്ട് നദിക്കരയിലേക്ക് ഓടി. ശാന്തമായൊഴുകുന്ന ആ നദീതീരം പക്ഷെ ശൂന്യമായിരുന്നു. മറ്റാരോ വന്ന് വഞ്ചി അന്യാധീനപ്പെടുത്തിയിരുന്നു. ആ കുഞ്ഞുമനസ്സ് തേങ്ങി.
പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും നാളുകള്‍ കടന്നുവന്നു. കെടുതിയുടെ കഠിനമായ വര്‍ഷങ്ങള്‍. തോട്ടം നോക്കി ലഭിക്കുന്ന നാണയ തുട്ടുകള്‍ ആ മാതാവ് കരുതിവച്ചു. അള്ളാഹുവില്‍ ഭരമേല്‍പിച്ച ആ കുഞ്ഞുവീട്ടിലെ അടുപ്പില്‍ അപൂര്‍വ്വമായെങ്കിലും അരി വെന്തു. അതിനിടെ, തന്‍റെ നാല് പെണ്‍മക്കളെ വിട്ട് ആ ഉമ്മയും മണ്‍മറഞ്ഞു. അതോടെ ആ യുവതികളുടെ മുഖത്തെ തെളിച്ചം പാടെ മാഞ്ഞു. മാസങ്ങും വര്‍ഷങ്ങളും കടന്നുപോയി. പെട്ടെന്നാണതുണ്ടായത്, ബസ്വറയില്‍ കാറ്റ് മാറി വീശി. അതൊരു വരള്‍ച്ചയുടെ തുടക്കമായിരുന്നു. പതിയെ പതിയെ നാടിന്‍റെ പ്രതാപമെല്ലാം മങ്ങിത്തുടങ്ങി. തോട്ടങ്ങള്‍ വരണ്ടുണങ്ങി. സമ്പന്നമായ ബസ്വറ ദാരിദ്ര്യത്തിന്‍റെ അഗാത ഗര്‍ത്തത്തിലേക്ക് വഴിമാറി. അന്നം മുടങ്ങിയപ്പോള്‍ പല കുടുംബങ്ങളും ബസ്വറ വിട്ട് മറ്റിടങ്ങളിലേക്ക് കൂടുമാറിത്തുടങ്ങി. റാബിഅയും സഹോദരിമാരും ഭക്ഷണം തേടി വീട് വിട്ടിറങ്ങി. അലക്ഷ്യമായ യാത്ര. വഴിക്കെവിടെയോ വെച്ച് റാബിഅ കൂട്ടം തെറ്റി.
‘റാബിഅ..’
യജമാനന്‍റെ ശബ്ദം. റാബിഅ ചിന്തകളില്‍ നിന്നും കണ്ണുതുറന്നു. ധൃതിയില്‍ ഒരുങ്ങി. പ്രഭാത സൂര്യന്‍റെ തീക്ഷണ വെളിച്ചത്തില്‍ നിന്നും അവള്‍ മുഖം വെട്ടിച്ചു. കഴിഞ്ഞ ഒറ്റ രാത്രിയിലെ ദീര്‍ഘ ശയനത്തിന് ശേഷം അവള്‍ക്ക് നല്ല ആനന്ദം ലഭിച്ചു.
‘റാബിആ..’
വീണ്ടും, അയാള്‍ ആക്രോശിച്ചു. റാബിഅ വ്യഗ്രതയില്‍ അയാള്‍ക്ക് മുമ്പില്‍ ചെന്ന് ഭവ്യതയോടെ നിന്നു. അയാളാകട്ടെ നിഷ്കരുണം അവളെ പണിയിടത്തേക്ക് ആട്ടിത്തൊളിച്ചു. ഇനിയങ്ങോട്ട് അടിമ ജീവിതമാണല്ലോ. വിശ്രമമില്ലാത്ത വേല. പിന്നെപ്പിന്നെ അത് പതിവുമുറയായി മാറി. പകല്‍ സമയം മുഴുവന്‍ ജോലി സ്ഥലത്ത് തന്നെ. മനം മടുത്തു. കണക്കിന് ഭക്ഷണം പോലും ലഭിച്ചില്ല. ചിലപ്പോള്‍ കുഴഞ്ഞുവീണു. പക്ഷെ, അവള്‍ പരിഭവപ്പെട്ടില്ല. നിലവിളിച്ചില്ല. കൂട്ടം തെറ്റിപ്പിരിഞ്ഞ തന്‍റെ സഹോദരിമാര്‍ ചിന്തയില്‍ തികട്ടിവരുമ്പോള്‍ അവളുടെ കണ്‍തടങ്ങള്‍ നനഞ്ഞു കുതിരും. ‘റബ്ബേ, എന്‍റെ സഹോദരിമാര്‍ ഏതൊരവസ്ഥയിലാണ് അകപ്പെട്ടതെങ്കിലും അവര്‍ക്ക് നീ തുണയാകണേ, ആ വഴികൊള്ളക്കാരന്‍ എന്നെ പിടിച്ച് അടിമയാക്കി വിറ്റത് നീ കണ്ടതല്ലേ!, യാതൊരാപത്തും അവര്‍ക്ക് വരുത്തല്ലേ നാഥാ’. നയനാര്‍ദ്രമായി റാബിഅ റബ്ബിനോട് യാചിച്ചു.
രാത്രി വിളക്കണച്ച് നാട് മുഴുക്കെ നിദ്രാനിവേശത്തിലാകുന്ന നേരം നോക്കി പ്രച്ഛന്നവേഷത്തില്‍ റാബിഅ ആ രാത്രി പുറത്തിറങ്ങി. ഒളിഞ്ഞും പതുങ്ങിയും അവള്‍ നിരത്തിലൂടെ അത്യാവേശത്തോടെ നടന്നു. നേരെ ചെന്ന് കയറിയത് ഒരു ദിക്റ് ഹല്‍ഖയില്‍. അവിടെ തടിച്ചു കൂടിയ ആബാലവൃന്ദം ജനത്തിനു മദ്ധ്യേ ഇരുന്ന് സൂഫിയായൊരു ഗുരു ഉല്‍ബോധനം നല്‍കിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ഒരാളായി റാബിഅയും ഇരുന്നു, കണ്ണുകളടച്ചു. ജീവിതത്തിന്‍റെ ആത്യന്തിക ലക്ഷ്യം പ്രപഞ്ചനാഥനായ അള്ളാഹുവിനെ പുല്‍കലാണ്. അതിന്‍റെ മുമ്പില്‍ മറ്റൊന്നും തടസ്സമായിക്കൂടാ. അവള്‍ ആത്മഗതം നടത്തി. സദസ്സ് ദിക്റുകളിലേക്ക് പ്രവേശിച്ചു. ഇലാഹീ തിരുസന്നിധിയില്‍ വിലയം പ്രാപിച്ചങ്ങനെ ദീര്‍ഘ നേരം ചിലവഴിച്ച ശേഷം അവള്‍ തിരിഞ്ഞു നടന്നു. രാത്രികാലങ്ങളിലെ ആരാധനകളില്‍ അവള്‍ക്ക് വലിയ ആനന്ദം കിട്ടി.
ഏതോ ഒരാവശ്യത്തിനായി യജമാനന്‍ റാബിഅയെ പുറത്തേക്കയച്ച ഒരു ദിവസം, വഴി മധ്യേ ഒരു അപരിചിതന്‍ അവളെ കണ്ണുവച്ചു. റാബിഅ അയാളെ വകവെക്കാതെ മുന്നോട്ടു നീങ്ങി. അയാള്‍ അവളെ പിന്തുടര്‍ന്നു. അതു ശ്രദ്ധിച്ച റാബിഅ ഒരോട്ടം വച്ചുകൊടുത്തു. ദ്രുതഗതിയില്‍ മുന്നോട്ടാഞ്ഞു. അല്‍പനേരം കഴിഞ്ഞ് തിരിഞ്ഞു നോക്കി. ‘അല്‍ഹംദുലില്ലാഹ്’, അവള്‍ നെടുവീര്‍പ്പിട്ടു. അപ്പോഴേക്കും ആ വഴിപോക്കന്‍ അപ്രത്യക്ഷമായിരുന്നു. അതിനിടെ ആകസ്മികമായി അവളുടെ കാലിടറി. തറയില്‍ ശക്തമായി പതിച്ചു. കൈ നിലത്തടിച്ച് എല്ലൊടുഞ്ഞു. അസഹ്യമായ വേദന. അവള്‍ നിയന്ത്രണം വിട്ട് കരഞ്ഞുപോയി. ഉടനെ അവള്‍ സുജൂദില്‍ വീണു. ‘അള്ളാ, നിനക്കറിയാലോ?, ഞാനാദ്യമേ നിസ്സഹായയും അബലയുമാണ്. ഇപ്പോഴിതാ എന്‍റെ കയ്യൊടിഞ്ഞു. എങ്കിലും എനിക്ക് പരാതിയില്ല, നിന്‍റെ തൃപ്തി മാത്രമാണെന്‍റെ പ്രതീക്ഷ’. അവള്‍ ഉള്ളുരുകി തേടി. ഉടനടി ഒരശരീരി വന്നു. ‘ഓ റാബിഅ, നീ ദുഖിക്കേണ്ട. ഭാവിയില്‍ നിനക്ക് നിന്‍റെ റബ്ബിന്‍റെ അടുത്ത് വലിയ പദവികള്‍ കരസ്ഥമാകുന്നതാണ്. അന്ന് മാലാഖമാര്‍ പോലും അത് കണ്ട് അസൂയപ്പെടുന്നതായിരിക്കും. അതുകൊണ്ട് ഇപ്പോള്‍ ക്ഷമ കൈകൊള്ളുക.’ റാബിഅ സന്തോഷം കൊണ്ട് കോരിത്തരിച്ചു. തന്നെ നോവുന്ന വേദനകളെല്ലാം അപ്പാടെ മറന്നുപോയി. പിന്നെ യജമാനന്‍റെ അടുത്തേക്ക് മടങ്ങി. രാത്രിസമയങ്ങളില്‍ ആരാധനയും പ്രാര്‍ത്ഥനയുമായി റാബിഅ കഴിച്ചുകൂട്ടി. പകല്‍ സമയം നോമ്പെടുക്കല്‍ പതിവുചര്യയായി. അള്ളാഹുവിന്‍റെ തിരുസാന്നിധ്യം അടുത്തറിഞ്ഞതില്‍ പിന്നെ ജോലിയുടെ ക്ലേശങ്ങളെല്ലാം ലാഘവമായി.
ഒരു സന്ധ്യാനേരം, യജമാനന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അസ്വാഭാവികമായി എന്തോ അയാള്‍ മണത്തു. എങ്ങുനിന്നോ പതിഞ്ഞ ഗദ്ഗദ സ്വരം ഉയര്‍ന്നുകേട്ടു. ആരോ അടക്കിപ്പിടിച്ച് കരയുകയാണ്.
എവിടുന്നാണത് വരുന്നത്, ഈ അസമയത്ത്!’
‘ആരായിരിക്കും’
അയാള്‍ ആശ്ചര്യചിത്തനായി. അതിന്‍റെ ഉറവിടം തേടി ചുറ്റുപാടും നടന്ന് നടന്ന് അയാള്‍ റാബിഅയുടെ മുറിയിലെത്തി. അകത്ത് നടന്ന രംഗം കണ്ട് അയാള്‍ വാപൊളിച്ചു. മുറിയുടെ ഒരു കോണില്‍ റാബിഅ തന്‍റെ നാഥന് വേണ്ടി സാഷ്ടാംഗം പ്രണമിയ്ക്കുകയാണ്. അവരുടെ ശിരസ്സിനു മുകളില്‍ പ്രകാശം വെട്ടിത്തിളങ്ങുന്നു. മഹതി തേങ്ങിക്കൊണ്ട് റബ്ബിനോട് ബോധിപ്പിച്ചു. ‘സദാ സമയം നിനക്ക് ഇബാദത്ത് ചെയ്യുമായിരുന്നു എന്‍റെ നാഥാ, പക്ഷെ നീ ഈയുള്ളവളെ മറ്റൊരാളുടെ അടിമയാക്കി വച്ചിരിക്കുകയല്ലേ, അതുകൊണ്ട് നിന്‍റെ സന്നിധിയില്‍ എല്ലായ്പ്പോഴും വളരെ വൈകിയാണ് ഞാന്‍ ഹാജറാകുന്നത്.’ റാബിഅയുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കിയ അയാള്‍ക്ക് തന്‍റെ സമനില തെറ്റുന്നപോലെ തോന്നി. ‘എത്ര ക്രൂരമായാണ് അള്ളാഹുവിന്‍റെ ഈ ഇഷ്ടദാസിയോട് ഞാന്‍ പെരുമാറിയത്, അവരെക്കൊണ്ട് വേലയെടുപ്പിക്കുന്നതിന് പകരം ഞാന്‍ അവര്‍ക്ക് പാദസേവ ചെയ്യേണ്ടതായിരുന്നു. അള്ളാ, നീ പൊറുക്കണേ.’ അടുത്ത ദിവസം പ്രഭാതം പുലര്‍ന്നപ്പോള്‍ തന്നെ അയാള്‍ മഹതിയെ സ്വതന്ത്രയാക്കി.
‘നിങ്ങളിവിടെ താമസിക്കുകയാണെങ്കില്‍ എനിക്കു ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമാകും അത്.’
അയാള്‍ തന്‍റെ ആശ പ്രകടിപ്പിച്ചു.
‘അതല്ല, ഇവിടം വിട്ട് പോകാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ഇഷ്ടം പോലെ.’
പിന്നെ അധികം താമസിച്ചില്ല. മഹതി അവിടെ നിന്നും പുറപ്പെട്ടു, പ്രപഞ്ചനാഥന്‍റെ ദിവ്യപ്രകാശവും തേടി.

Write a comment