Posted on

ബലിപെരുന്നാള്‍; ഇബ്രാഹീമി ഓര്‍മകളുടെ സുദിനങ്ങള്‍

ഷാഹുല്‍ ഹമീദ് പൊന്മള

ഒരു മുസ്ലിമിന് രണ്ട് ആഘോഷ ദിനങ്ങളാണ് ഇസ്ലാം അനുശാസിക്കുന്നത്. ചെറിയ പെരുന്നാളും ബലി പെരുന്നാളും. ഒരു മഹത്തായ ആരാധനയുടെ പൂര്‍ത്തീകരണ സൗഭാഗ്യത്തിന്‍റെ ആഘോഷമാണ് ചെറിയ പെരുന്നാളെങ്കില്‍ ഒരു വലിയ ത്യാഗ സ്മരണയുടെ അയവിറക്കലാണ് ബലിപെരുന്നാള്‍. ബലിപെരുന്നാള്‍ സമാഗതമാകുമ്പോള്‍ ഇബ്റാഹീം നബിയെയും കുടുംബത്തെയും കുറിച്ചുളള സ്മരണകള്‍ സത്യവിശ്വാസികളുടെ ഹൃദയത്തില്‍ തെളിഞ്ഞു വരുന്നു. ഇബ്റാഹീം നബിയുടെ അടിയുറച്ച വിശ്വാസത്തിന്‍റെ കരുത്തും ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും പകരം വെക്കാനില്ലാത്ത സമര്‍പ്പണ സന്ദേശങ്ങളുമാണ് ഓരോ ബലിപെരുന്നാളും ഓര്‍മപ്പെടുത്തുന്നത്.
സത്യവും ധര്‍മ്മവും വലിച്ചെറിഞ്ഞ് ബിംബാരാധനകളിലും കുത്തഴിഞ്ഞ ജീവിത ചുറ്റുപാടുകളിലും വ്യാപൃതരായ ഒരു ജനതയുടെ ഇടയിലേക്കാണ് ഇബ്റാഹീം നബി ഭൂജാതനാകുന്നത്. നംറൂദിന്‍റെ നീച ഭരണവും അതിന് സര്‍വ സഹകരണങ്ങളും നല്‍കുന്ന ജനങ്ങള്‍ക്കുമിടയില്‍ സത്യമതത്തെ കുറിച്ചുളള ഇബ്റാഹീം നബിയുടെ ആഹ്വാനത്തിന് വലിയ തിരിച്ചടി തന്നെയാണ് തുടക്കം തൊട്ടേ നേരിടേണ്ടി വന്നത്. സമൂഹം മുഴുക്കെയും നംറൂദില്‍ വശംവദരായി അവനെ ആരാധിക്കുകയും ബിംബാരാധനയെ പുണ്ണ്യ കര്‍മ്മമായി കാണിക്കുകയും ചെയ്യുമ്പോള്‍ അവരോട് അവരുടെ തെറ്റായ വിശ്വാസത്തിനെതിരെയും യുക്തിരഹിതമായ ആചാരങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കുമെതിരെയും ചോദ്യമശരങ്ങളുയര്‍ത്തുന്നു. ന്യായമായ മറുപടി പറയാന്‍ കഴിയാതെ വരുന്ന ജനതക്കു മുമ്പില്‍ ഏക ഇലാഹായ അല്ലാഹുവിലേക്കുളള സത്യ മതത്തിന്‍റെ വാതില്‍ തുറന്നു കൊടുക്കുന്നു. അത് ഉള്‍കൊളളാത്ത ജനത ഇബ്റാഹീം നബിക്കെതിരെ ശത്രുത പുലര്‍ത്തി മര്‍ദ്ദന മുറകള്‍ പ്രയോഗിക്കുന്നു. അക്രമങ്ങള്‍ക്കു മുമ്പില്‍ ആദര്‍ശം അടിയറ വെക്കാന്‍ ഒരുക്കമില്ലാതിരുന്ന ഇബ്റാഹീം നബിക്കെതിരെ സ്വന്തം കുടുംബം മുതല്‍ രാജകൊട്ടാരം വരെ കല്ലെറിയുന്ന സ്ഥിതിയായിരുന്നു ശേഷം ഭവിച്ചത്. സന്താന സൗഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ഇബ്റാഹീം നബിയുടെ പ്രാര്‍ത്ഥനയുടെയും ആഗ്രഹത്തിന്‍റെയും ഫലമായി തന്‍റെ 128-ാം വയസ്സിലാണ് നാഥന്‍ ഇസ്മാഈല്‍ എന്ന പുത്രനെ കൊണ്ട് ഇബ്രാഹിം നബിയെ അനുഗ്രഹിക്കുന്നത്. ശത്രുക്കളുടെ ക്രൂര മര്‍ദനങ്ങളും അപഹാസങ്ങളും എല്ലാം സഹിച്ചും ത്യജിച്ചും മുന്നോട്ട് പോകുന്നതിനിടയിലാണ് നാഥന്‍ കനിഞ്ഞേകിയ പൊന്നോമന മകനെ ബലിയര്‍പ്പിക്കാനുളള ദൈവിക കല്‍പ്പന കൂടി വരുന്നത്. പരീക്ഷണങ്ങള്‍ക്കു മേല്‍ പരീക്ഷണം. സ്വന്തം ജനതയില്‍ നിന്നും ഭവിക്കുന്ന ക്രൂരതയോടൊപ്പം നാഥന്‍റെ പരീക്ഷണം കൂടി ചേര്‍ന്നു വന്നപ്പോള്‍ ക്ഷമ കൈ വെടിയാതെ നാഥനിലുളള വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയാണ് പ്രവാചകന്‍ അന്നേരവും ചെയ്തത്.
ദൈവിക കല്‍പന മാനിച്ച് ബലിയറുക്കാന്‍ ഒരുങ്ങുകയും എന്നാല്‍ നാഥന്‍റെ പരീക്ഷണത്തില്‍ വിജയിക്കുകയും ചെയ്ത മഹത്തായ പാഠമാണ് ഇബാറാഹീം നബിയുടെയും മകന്‍ ഇസ്മാഈലിന്‍റെയും. പിശാചിന്‍റെയും ജനങ്ങളുടെയും പിന്തിരിപ്പന്‍ ശ്രമങ്ങളെല്ലാം വകഞ്ഞുമാറ്റി പിടക്കുന്ന ഹൃദയത്തോടെയും വിറക്കുന്ന കൈകളോടെയും മകന്‍ ഇസ്മാഈലിനെ അറുക്കാനുള്ള ശ്രമത്തിലാണ് നാഥന്‍ ജിബ്രീലിന്‍റെ കൂടെ ആടിനെ അയച്ച് ഇസ്മാഈലിന് പകരം ആടിനെ അറുക്കാന്‍ ആവശ്യപ്പെടുന്നതും പരീക്ഷണത്തില്‍ വിജയിച്ച സന്തോഷ വാര്‍ത്ത അറിയിക്കുന്നതും. ദൈവ കല്‍പന എത്ര കാഠിന്യമേറിയതാണെങ്കിലും ക്ഷമയും വിശ്വാസവും കൈവിടാതെ നിറവേറ്റണമെന്ന ഒരു വിശ്വാസിയുടെ ഉദാത്ത മാതൃകയാണ് ഇബ്റാഹീം നബി കാണിച്ചു തന്നത്.
ദുല്‍ഹിജ്ജ പത്തിനായിരുന്നു ഇബ്റാഹീം നബിയുടെ ഈ സംഭവം അരങ്ങേറിയത്. അന്ന് മുതലാണ് ദുല്‍ഹിജ്ജ 10,11,12,13 നാളുകള്‍ക്കുളളില്‍ ആട്/മാട്/ ഒട്ടകങ്ങളെ കൊണ്ടുള്ള ബലി കര്‍മ്മം ( ഉളുഹിയ്യത്ത്) പുണ്യമായിരിക്കുന്നത്. ഉള്ഹിയ്യത്തിന്‍റെ കര്‍മ ശാസ്ത്രമനുസരിച്ച് തന്‍റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും ആവശ്യങ്ങള്‍ കഴിഞ്ഞ് ഉള്ഹിയ്യത്ത് നിര്‍വഹിക്കാനുള്ള സമ്പത്ത് ബാക്കിവരുന്ന ബുദ്ധിയും വിവേകവും പ്രായപൂര്‍ത്തിയുമെത്തിയ സ്വതന്ത്രനായ എല്ലാ മുസ്ലിമിനും അറുക്കല്‍ സുന്നത്താണ്. അറവു മൃഗത്തില്‍ 7 ആള്‍ വരെ പങ്കായി അറുക്കലും അനുവദനീയമാണ്. നേര്‍ച്ചയാക്കിയ ഉള്ഹിയ്യത്തെങ്കില്‍(നിര്‍ബന്ധമായ) മാംസം അറവു നിര്‍വഹിച്ച നാട്ടില്‍ തന്നെ പൂര്‍ണമായി വിതരണം ചെയ്യപ്പെടണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ സുന്നത്തായ ഉള്ഹിയ്യത്താണെങ്കില്‍ അല്‍പമെങ്കിലും അറവ് നിര്‍വഹിച്ച നാട്ടില്‍ വിതരണം ചെയ്താല്‍ മതിയാകും. ബാക്കിയുള്ളവ അയല്‍ ദേശങ്ങളിലേക്ക് വിതരണം ചെയ്യുന്നതില്‍ വിരോധമില്ല.
ബലി പെരുന്നാളിന് ‘യൗമുല്‍ ഹജ്ജില്‍ അക്ബര്‍’ (ഹജ്ജിന്‍റെ വലിയ നാള്‍) എന്ന വിളിപ്പേര് കൂടിയുണ്ട്. ബലിപെരുന്നാള്‍ ഒരു മഹത്തായ ഇബാദത്തുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ്. ഇസ്ലാമിന്‍റെ അഞ്ചാമത്തെ ഘടകമായ ഹജ്ജ് മുസ്ലിം ഉമ്മത്തിന്‍റെ സൗഹൃദത്തെയും സാഹോദര്യത്തെയും കൂട്ടിയിണക്കുന്ന മഹത്തായ കര്‍മമാണ്. വ്യത്യസ്ത ദേശക്കാരും വര്‍ഗക്കാരും തമ്മില്‍ വേര്‍തിരിവുകളില്ലാതെ യാതൊരു വിവേചനത്തിനുമിടമില്ലാതെ ഇലാഹിനെ മനസ്സില്‍ ധ്യാനിച്ച് ഏവരും ഒരേ സ്വരത്തില്‍ ഒരേ മന്ത്രം ഉരുവിട്ടു കൊണ്ട് പ്രസ്തുത കര്‍മ്മം പൂര്‍ത്തീകരിച്ച് വിശ്വാസികള്‍ മടങ്ങുന്നു. ഹജ്ജ് മുസ്ലിമുകള്‍ക്ക് മാത്രമുള്ളതെങ്കിലും ഹജ്ജിന്‍റെ സന്ദേശം മാനവികതയെ ഉണര്‍ത്തുന്നതാണ്. മണ്ണ് കൊണ്ട് പടക്കപ്പെട്ട മനുഷ്യരോരുത്തരും നാഥന് മുന്നില്‍ തുല്യരാണെന്നും സല്‍കര്‍മ്മവും നല്ല നിയ്യത്തുമാണ് മനുഷ്യനെ മഹത്തപ്പെടുത്തുന്നതെന്ന ആശയവും മനുഷ്യര്‍ക്കിടയിലെ സാമൂഹികവും സാമ്പത്തികവുമായ സ്ഥാനമാനങ്ങള്‍ക്ക് പടച്ചവന്‍റെ മുന്നില്‍ പ്രസക്തിയില്ലെന്ന നിതാന്ത സത്യത്തെയുമാണ് ഹജ്ജ് വിളിച്ചോതുന്നത്. ഉമ്മുല്‍ ഖുറാ(ഗ്രാമങ്ങളുടെ നേതാവ്) എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച പരിശുദ്ധ മക്കയിലെ കഅ്ബാലയമാകുന്നത് മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനുള്ള സ്ഥാനം പോലെയാണ്. മനുഷ്യ സമൂഹത്തില്‍ കഅ്ബാലയത്തിനുള്ളതെന്ന പൊരുളിനെ മുന്‍നിര്‍ത്തിയാണ്. പുണ്യഭൂമിയിലെ സംഗമവും അനുബന്ധ കര്‍മങ്ങളും ബലിപെരുന്നാളിന്‍റെ പവിത്രതയെ ഇരട്ടിപ്പിക്കുന്നു.
സ്നേഹ സാഹോദര്യങ്ങളുടെ പങ്കുവെക്കലുകളും സൗഹൃദത്തിലൂന്നിയ ഒരുമയും ഒത്തിണക്കവും ബന്ധങ്ങളുടെ കൂട്ടിയുറപ്പിക്കലുമാണ് പെരുന്നാള്‍ ആഘോഷിക്കുന്നതിലൂടെ ഇസ്ലാം മുന്നോട്ട് വെക്കുന്നത്. മാനവിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനും ബന്ധങ്ങള്‍ക്കിടയില്‍ സുദൃഢമാക്കേണ്ട പരിശുദ്ധി കാത്ത് സൂക്ഷിക്കുന്നതിനുമാണ് ഇസ്ലാം ഈ ധന്യ നാളുകളാല്‍ പ്രാധാന്യം കല്‍പിക്കുന്നത്. മതസ്പര്‍ധയും വിദ്വേഷവും വളര്‍ത്താന്‍ വികല തത്പര കക്ഷികളുടെ ഗൂഢശ്രമങ്ങള്‍ നടത്തുമ്പോള്‍ അതില്‍ വശംവദരായി വിവേചനങ്ങളുടെ അളവുകോലെടുക്കാതെ മാനുഷിക ബന്ധങ്ങളെ നിരുപാധികം ചേര്‍ത്തു പിടിക്കാനാണ് ഓരോ ബലിപെരുന്നാള്‍ സുദിനങ്ങളും ആഹ്വാനം ചെയ്തുകൊണ്ടേയിരിക്കുന്നത്.

Write a comment