Posted on

വായന ആനയിച്ച വഴികള്‍

മിദ്ലാജ് വിളയില്‍

ബ്രിട്ടനിലെ മനശാസ്ത്രജ്ഞരില്‍ ചിലര്‍ ഒരു പരീക്ഷണം നടത്തുകയുണ്ടായി. ഒരു സംഘം ആളുകളെ ഒരുമിച്ചുകൂട്ടി മാനസിക ഉത്കണ്ഡതയുളവാക്കുന്ന കാര്യങ്ങളില്‍ അവരെ വ്യാപരിപ്പിക്കാനായി ശ്രദ്ധ കേന്ദ്രീകരിക്കുയാണവര്‍ ആദ്യമായി ചെയ്തത്. തുടര്‍ന്ന് ചിലര്‍ക്ക് വീഡിയോ ഗെയിമിങിനും ചിലര്‍ക്ക് ഗാനങ്ങള്‍ ശ്രവിക്കുന്നതിനും മൂന്നാം വിഭാഗത്തിന് പുസ്തകങ്ങള്‍ വായിക്കാനുമാവശ്യവുമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. പരീക്ഷണങ്ങള്‍ക്കൊടുവില്‍ വീഡിയോ ഗെയിമിംഗിലും ഗാന ശ്രവണത്തിലും വ്യാപൃതരായവരെക്കാള്‍ 70 ശതമാനത്തോളം മാനസിക സമ്മര്‍ദ കുറവ് പുസ്തകവുമായി സമ്പര്‍ക്കിര്‍ത്തിലേര്‍പ്പെട്ടവര്‍ക്കാണെന്നവര്‍ നിരീക്ഷിച്ചു. ഇത്തരത്തില്‍ വായന ഏറ്റവും വലിയ ൃലെേൈ ൃലഹലമലെൃ ആണെന്ന് തെളിയിക്കുന്ന പഠനങ്ങള്‍ ഏറെയാണ്. 6 മിനുട്ട് നേരത്തെ വായന 66 ശതമാനം മാനസിക സമ്മര്‍ദവും ലഘൂകരിക്കുമെന്ന മനശാസ്ത്ര പഠനം അതിലൊന്നു മാത്രം. മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് മാത്രമല്ല, ശാരീരികാരോഗ്യത്തിന് വ്യായാമമെന്ന പോലെ ബൗദ്ധികമായ ഉന്മേഷത്തിനും ഓര്‍മ ശക്തി വര്‍ധനവിനും ഉദ്ദേശ്യാനുസരണം ശ്രദ്ധ കേന്ദ്രീകരിക്കാനും ജീവിതത്തിന്‍റെ നിഖില മേഖലകളിലും ഒരു വ്യക്തിക്ക് അത്യന്താപേക്ഷികമായ വിവേചന ബുദ്ധി വളര്‍ത്തിയെടുക്കുന്നതിനും വായന സഹായകമാണ്.
ഒരു വ്യക്തിയുടെ ഹൃത്തില്‍ ചലനാത്മകത കൈവരിക്കാതെ തുരുമ്പെടുത്ത് നാശത്തിന്‍റെ വക്കിലെത്തിയ ചിന്തകളെ ഉത്തേജിപ്പിക്കുന്നതിലും ജ്വലിപ്പിക്കുന്നതിലും നവീകരിക്കുന്നതിലും വായന കൃത്യമായ സ്വാധീനം ചെലുത്തുന്നു. അത്കൊണ്ടാണല്ലോ പണ്ഡിത വിചക്ഷണര്‍ ‘മനസിന്‍റെ ആഹാരമാണ് വായന’ എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. വായനയാണ് മഹത്തുക്കളായ ചിന്തകന്മാരെയും ബുദ്ധിശാലികളെയും ലോകത്തിന് സമ്മാനിച്ചത്. ജോര്‍ജ് വാഷിങ്ടണിന്‍റെ ആത്മകഥ പതിവായി വായിച്ചിരുന്ന എബ്രഹാം ലിങ്കണും ‘ൗി ീേ യല ളമ’െേ എന്ന റസ്കിന്‍റെ പുസ്തകം പലവുരു വായിച്ച ഗാന്ധിയും കയ്യിലൊരു പടവാളും പോക്കറ്റില്‍ ഹോമറുടെ കൃതിയുമുണ്ടേല്‍ ഈ ലോകം തന്നെ ഞാന്‍ മാറ്റി മറിക്കുമെന്ന് പ്രഖ്യാപിച്ച നെപ്പോളിയനുമെല്ലാം അതിലേക്ക് കൃത്യമായി വിരല്‍ ചൂണ്ടുന്നുണ്ട്. ഉസ്ബക്കിസ്ഥാനിലെ തന്‍റെ രാജാവിന്‍റെ മാരക രോഗം ഭേദപ്പെടുത്തിയതിന് രാജ്യത്തിന്‍റെ പാതി തന്നെ സമര്‍പ്പിച്ചിട്ടും അതിനെ നിരസിച്ച് കൊട്ടാരത്തിലെ ഗ്രന്ഥാലയത്തിന്‍റെ അംഗത്വം മാത്രം മതിയെന്ന് വിഖ്യാത ചികിത്സകനും ചിന്തകനുമായ ഇബ്നു സീന മൊഴിഞ്ഞതിന്‍റെ ഹേതുവും മറ്റൊന്നുമല്ല.
ഭാഷയെ ഒരു സംസ്കാരമെന്ന് വിവക്ഷിക്കുന്നത് പോലെ വായനയെയും ഒരു സംസ്കാരമെന്ന് വിളിക്കാനാവും. വായന കാരണം സമൂഹത്തില്‍ യാഥാര്‍ത്ഥ്യകുന്ന മുന്നേറ്റങ്ങളും വികസനാത്മക പ്രവണതകളും അതിന് പിന്‍ബലമേകുന്നു. പഴയെ ചിന്താധാരകളെയും ആശയങ്ങളെയും നവീകരിച്ച് പുതുകാലത്തിനൊത്ത് സമൂഹത്തില്‍ അപ്ഡേഷനുകള്‍ക്ക് നിദാനമായി വായന മാറുകയും ചെയ്യുന്നു. ഒരു കൂട്ടം വായനക്കാരെ എനിക്ക് കാണിച്ചു തരൂ.. എന്നാല്‍ ലോകത്തെ ചലിപ്പിക്കാവുന്ന ഒരു ജനതയെ നിങ്ങള്‍ക്ക് കാണിച്ചു തരാം എന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ വാക്കുകള്‍ ഈയൊരാശയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണെന്ന് പറയാം.
അക്ഷരമെന്ന വാക്കിന് ‘അനശ്വരം’ എന്നര്‍ത്ഥം കൂടിയുണ്ട്. മാനവരാശി നിലനില്‍ക്കുന്ന കാലത്തോളം അക്ഷരക്കൂട്ടങ്ങളും വായനയും ഒളിമങ്ങാതെ നിലനില്‍ക്കുക തന്നെ ചെയ്യുമെന്നതാണത്രെ ഈ അര്‍ത്ഥമുല്‍ഭവത്തിന്‍റെ കാരണം. ‘ഇഖ്റഅ്’ എന്ന പ്രഥമ പ്രഖ്യാപനത്തിലൂടെ ലോകരിലേക്കവതരിച്ച വിശുദ്ധ ഖുര്‍ആന്‍ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും ഇടവരുത്താതെ ലോകാവസാന നാള്‍ വരെ സുരക്ഷിതമായി കാത്ത് സൂക്ഷിക്കുമെന്ന പ്രപഞ്ച നാഥന്‍റെ വാഗ്ദാനം തന്നെ അതിലേക്കുള്ള ഉണര്‍ത്തുപാട്ടാണ്.
എഴുത്തും വായനയും പരസ്പര പൂരകങ്ങളാണെന്ന് കേവല ബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാനാവും. എഴുത്തിന്‍റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുന്നതിനനുസരിച്ച് വായനയിലും മാറ്റം വരുന്നതായി കാണാം. സാമൂഹ്യ ജീവിയായ മനുഷ്യന് ആശയ വിനിമയം ഒഴിച്ച് കൂടാനാവത്തതിനാല്‍ പ്രാചീന എഴുത്തു രീതികള്‍ രൂപപ്പെടും മുമ്പ് തന്നെ വാമൊഴിയായിട്ടുള്ള അറിവന്വേഷണങ്ങള്‍ക്കും പകര്‍ന്ന് കൊടുക്കലുകള്‍ക്കും പ്രചാരം ലഭിച്ചിരുന്നു. മനഃപാഠമാക്കുന്നതിലെ പ്രയാസങ്ങളും കൂടുതല്‍ കാലം വിവരങ്ങള്‍ സൂക്ഷിച്ച് വെക്കുന്നതിലെ പ്രതിസന്ധികളുമാണ് അറിവുകള്‍ രേഖപ്പെടുത്തിവെക്കുക എന്ന ചിന്തയിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. തുടര്‍ന്ന് കല്ലുകളിലും എല്ലുകളിലും തോലുകളിലും മാറ്റുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള തന്ത്രം രൂപീകൃതമായി. പിന്നീട് അച്ചടി വിദ്യകളിലേക്കും പുസ്തക പ്രസിദ്ധീകരണങ്ങളിലേക്കും ചുവടു മാറി. തത്ഫലമായി പതിനായിരത്തോളം ഭാഷകളിലും ഉപഭാഷകളിലുമായി തയ്യാറാക്കപ്പെട്ട എണ്ണമറ്റ രചനകള്‍ അറിവു ശേഖരണങ്ങളുടെയും അന്വേഷണങ്ങളുടെയും അത്താണിയായി മാറുകയും ചെയ്തു. ഈയൊരു മാറ്റത്തെയാണ് വായനയിലെ മഹത്തായ വിപ്ലവം എന്നു വിളിക്കുന്നത്. പിന്നീടങ്ങോട്ട് വായന സമ്പുഷ്ടമായ കാലങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. കാലത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ചും ശാസ്ത്ര സാങ്കേതിക വിദ്യയിലെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍ക്കനുസരിച്ചും വായനയിലും അതിന്‍റെ മാര്‍ഗങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ വന്നു. ജനജീവിതത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി സോഷ്യല്‍മീഡിയകളും ഇന്‍റര്‍നെറ്റും ഉയര്‍ന്നു വന്നതിനാല്‍ ‘ഡിജിറ്റല്‍ വായന’ എന്ന നൂതന മാര്‍ഗവും അതോടൊപ്പം ഉയര്‍ന്നുവന്നു. അങ്ങനെ പുതിയൊരു വായന സംസ്കാരത്തിന് നാന്ദി കുറിക്കുകയും പുസ്തക ലഭ്യതയുടെ പരിമിതികളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയും ചെയ്തു.
എന്നാല്‍ ‘എന്‍റെ മോന്‍ കമ്പ്യൂട്ടര്‍ ഗെയിമുഗളോടാണ് താത്പര്യം, അവന് വായിക്കാന്‍ ഒട്ടും ഇഷ്ടമില്ല’ എന്ന് പരാതികള്‍ ഇന്ന് പല മതാപിതാക്കളില്‍ നിന്നും ഉയരുന്നതായി കാണാം. മക്കള്‍ക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ ഗുണഫലങ്ങളെക്കുറിച്ചും ബോധ്യമുണ്ടാക്കേണ്ടവരാണിങ്ങനെ പരിതപിക്കുന്നതെന്ന് തീര്‍ത്തും നിരാശാജനകമാണ്. ആദ്യമായി മക്കള്‍ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളേതെന്ന് തിരിച്ചറിഞ്ഞ് പോരായ്മകളെ മനസ്സിലാക്കി അഭിരുചിക്കിണങ്ങുന്ന പുസ്തകങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. കരിയറില്‍ അവന് സഹായകമാകാവുന്ന പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതാകും കൂടുതല്‍ ഉചിതം. എന്നിട്ട് വായന വഴി അവന് ലഭിച്ച പുതിയ വിവരങ്ങളും പുത്തന്‍ ശൈലികളും കുറിച്ച് വെക്കുന്നതിന് പ്രോത്സാഹനമേകാന്‍ കൂടിയവര്‍ക്ക് സാധിച്ചാല്‍ വലിയ വിപ്ലവങ്ങള്‍ തന്നെ സൃഷ്ടിക്കാന്‍ കഴിയും. നേരിട്ട് പുസ്തകത്തിലൂടെ വായിക്കുന്ന മാനസിക സുഖവും പ്രതിഫലനങ്ങളുമൊന്നും ഡിജിറ്റല്‍ വായനയിലൂടെ സാധ്യമല്ലായെങ്കിലും നാനാവിധത്തിലും വായനകള്‍ സാധ്യമാക്കാന്‍ നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. പ്രധാനമായും വായന ദ്വിമുഖമായ പ്രതിഭാസമാണെന്ന് നാം തിരിച്ചറിയണം. ഒരേ സമയം വ്യക്തികളെ സല്‍പാന്താവിലേക്ക് നയിക്കാനും ദുര്‍മാര്‍ഗത്തിലേക്ക് വലിച്ചിഴക്കാനും സാധിക്കുമെന്നതാണിതിന്‍റെ കാരണം. എന്തു വായിക്കുന്നു?, എന്ത് ആശയാടിസ്ഥാനത്തിലുള്ളത് വായിക്കുന്നു?, വായിച്ചതു കൊണ്ട് ഗുണമോ ദോഷമോ ഉണ്ടാവുക? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികളായിരിക്കും നമ്മുടെ വായനയുടെ പരിണതി എന്നതിനാല്‍ സ്വമനസ്സിനോട് ചോദിച്ചുറപ്പാക്കിയിട്ടു വേണം നാമൊരു പുസ്തകം തെരഞ്ഞെടുക്കേണ്ടത്.
ഏത് തരത്തിലുള്ള വായനകളായാലും ആരോഗ്യപരമായ വായനകള്‍ക്കാവണം നാം മുതിരേണ്ടത്. ഡിജിറ്റല്‍ വായനയില്‍ മുഴുകുന്നവര്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പായി ദീര്‍ഘനേരം സ്ക്രീനില്‍ നോക്കുന്നത് മെലട്ടോണിന്‍ എന്ന ഹോര്‍മോണിന്‍റെ അപര്യാപ്തതക്ക് ഹേതുവാകുകയും ഉറക്കത്തെയത് സാരമായി ബാധിക്കുകയും ചെയ്യും. ആയതിനാല്‍ ആ സമയത്തുള്ള വായനകളെ ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. നിരന്തരം കണ്ണില്‍ തീവ്രതയേറിയ വെളിച്ചം പതിക്കുന്നത് കാഴ്ചയെ ബാധിക്കുന്നതിനാല്‍ ‘നൈറ്റ് മോഡ്’ പോലോത്ത സംവിധാനങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതില്‍ അമാന്തം കാണിക്കുകയുമരുത്.
സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കും ആശയ പെരുപ്പങ്ങള്‍ക്കുമൊക്കെയായി ഗീബല്‍സിയന്‍ സിദ്ധാന്തങ്ങളെ കൂട്ടുപിടിച്ച് ചരിത്രങ്ങളെ അപനിര്‍മിക്കുന്നതും വക്രീകരിക്കുന്നതും സ്ഥിരം പല്ലവിയായ നവകാലത്ത് ഓരോ പുസ്തകവും തെരഞ്ഞെടുക്കുമ്പോള്‍ നാം അതീവ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. യുക്തിയുടെ പേര് പറഞ്ഞ് യുക്തിയുമായി ഒരു നിലക്കും സമരസപ്പെടാത്ത വിടുവായിത്തങ്ങള്‍ വിളമ്പുന്നവരുടെ കുതന്ത്രങ്ങളെ കുറിച്ചും ഇക്കിളിപ്പെടുത്തുന്ന പൈങ്കിളി സാഹിത്യങ്ങള്‍ കുത്തിനിറച്ച് കീശ വീര്‍പ്പിക്കലിനായി വെമ്പുന്നവരെക്കുറിച്ചുമൊക്കെ കൃത്യമായി മനസ്സിലാക്കി ഉപകാരപ്രദമായ വായനയുടെ വാതായനങ്ങള്‍ കണ്ടെത്താനും അതിനെ പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കാനും നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

Write a comment