Posted on

വൈജ്ഞാനിക പട്ടണത്തിന്‍റെ വിശേഷങ്ങള്‍

മുര്‍ഷിദ് തച്ചണ്ണ

സൂര്യന്‍ ബുഖാറയില്‍ പ്രകാശം പരത്തുന്നില്ല, മറിച്ച് ബുഖാറയാണ് സൂര്യന് മേല്‍ പ്രകാശം പരത്തുന്നത്. സറാഫഷാന്‍ നദിയുമായി സല്ലപിച്ചുറങ്ങുന്ന ഉസ്ബക്കിസ്ഥാനിലെ അതിപുരാതന നഗരമായ ബുഖാറയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത് തന്നെ അതിന്‍റെ ജ്ഞാന സമ്പത്തായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പള്ളികളാലും മദ്രസകളാലും സമ്പുഷ്ടമായിരുന്ന അവിടം ഇസ്ലാമിക പഠനത്തിന്‍റെ കേന്ദ്ര സ്ഥാനമായി പരിണമിച്ചു. ബുഖാറയില്‍ നിന്നാണ് ഇന്ന് കാണുന്ന മദ്രസ സമ്പ്രദായങ്ങളുടെ തുടക്കം. ലോകത്തിന്‍റെ പല പല ഭാഗങ്ങളില്‍ നിന്നും വിജ്ഞാന ദാഹികള്‍ ബുഖാറയിലേക്ക് ഒഴുകിയെത്തി. ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് വരെ യാത്രാ ക്ലേഷങ്ങള്‍ സഹിച്ച് വിദ്യാര്‍ത്ഥികള്‍ ബുഖാറയിലേക്ക് എത്തിയിരുന്നു. മതം, നീതിന്യായം, ഗണിതം, തര്‍ക്കശാസ്ത്രം, ഗോളശാസ്ത്രം, തത്വ ശാസ്ത്രം എന്നീ ശാഖകളെല്ലാം തന്നെ അഭ്യസിക്കാനുള്ള അവസരം അവിടുത്തെ മദ്രസകളിലുണ്ടായിരുന്നു. മറ്റെവിടെയും ലഭിക്കാത്ത അമൂല്യവും ബൃഹത്തായതുമായ ഗ്രന്ഥശേഖരം ബുഖാറക്കുണ്ടായിരുന്നു. ഇത് ജ്ഞാനദാഹികളെ ഈ മഹാനഗരത്തിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായി. ബുഖാറയെ കുറിച്ച് ലോകപ്രശസ്തനായ സൂഫിയും ജ്ഞാനിയുമായ ജലാലുദ്ദീന്‍ റൂമി പറഞ്ഞതിങ്ങനെയാണ്; ڇബുഖാറ ജ്ഞാനത്തിന്‍റെ ഖനിയാണ്. ജ്ഞാനാര്‍ത്ഥികള്‍ക്ക് ബുഖാറ ദാഹമകറ്റും.ڈ
അറേബ്യന്‍ സംസ്കാര ധാരയിലെ മഹനീയ മാതൃകയായ ബുഖാറ ചരിത്രാന്വേഷികളുടെ സ്വര്‍ഗമാണ്. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളും ശേഷിപ്പുകളും ഇന്നും സംരക്ഷിച്ചു പോരുന്ന ഇവിടം ഡചഋടഇഛയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ പ്രശസ്തമായതാണ്. ക്രിസ്താബ്ദത്തിന്‍റെ ആദ്യനൂറ്റാണ്ടുകളില്‍ തന്നെ മധേഷ്യന്‍ നഗരങ്ങളുടെ സാംസ്കാരിക തലസ്ഥാനമായിരുന്ന ഈ മഹാനഗരം 6-10 നൂറ്റാണ്ടുകളില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെയും സമാനിദ് സാമ്രാജ്യതിന്‍റെയും കീഴിലായിരുന്നു. ഈ കാലഘട്ടം ബുഖാറക്ക് സുവര്‍ണ്ണ കാലമായിരുന്നു. മധ്യേഷയിലെ തന്നെ ഏറ്റവും സമ്പന്നമായ നഗരമായി ബുഖാറ മാറി. സമാനിദുകളുടെ കാലത്ത് ഇസ്ലാമിക ലോകത്തിന്‍റെ പ്രൗഢിയും യശസ്സും ഉയര്‍ത്തി ഏറ്റവും പ്രധാനപ്പെട്ട ബൗദ്ധിക കേന്ദ്രമായി. ഈ കാലഘട്ടത്തില്‍ ബുഖാറ ജ്ഞാനം കൊണ്ടും സമ്പത്ത് കൊണ്ടും ബഗ്ദാദിനോളം ഉയര്‍ന്നിരുന്നു.
1500വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം വ്യാപാരികള്‍ കര മാര്‍ഗവും കടല്‍ മാര്‍ഗവും വ്യാപാരത്തിന് വേണ്ടി ഇവിടം എത്തിയിരുന്നു. പുരാതന പട്ടുപാത (സില്‍ക്ക് റൂട്ട്)യിലെ പ്രധാന പട്ടണമായ ഇവിടം ജംഗ്ഷന്‍ ഓഫ് സില്‍ക് റൂട്ട് എന്നാണറിയപ്പെട്ടിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ മുസ്ലിംകളുടെ അധീനതയില്‍ ആയതോടെ ഇസ്ലാമിക ലോകത്തിന്‍റെ മതപരവും സാംസ്കാരികവുമായ തലസ്ഥാനമായി ബുഖാറ മാറി. അഉ 710ല്‍ കുതൈബ് ബിന്‍ മുസ്ലിമാണ് ഇവിടുത്തെ മുസ്ലിം സാന്നിധ്യം ശക്തമാക്കി നിലനിര്‍ത്തിയത്. തുടര്‍ന്ന് ഒരുപാട് കാലം ഇവിടം മുസ്ലിം ഭരണകൂടത്തിന്‍റെ കീഴിലായിരുന്നു.
12-ാം നൂറ്റാണ്ടില്‍ മംഗോളിയന്‍ ചക്രവര്‍ത്തിയായ ചെങ്കിസ്ഖാന്‍ ബുഖാറ കീഴടക്കി നഗരം തീ വെച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ലക്ഷകണക്കിന് ജനങ്ങള്‍ ഈ കൂട്ടക്കൊലക്കിരയായി. നഗരത്തിന്‍റെ ഭൂരിഭാഗവും കത്തിനശിച്ചു. ജന സംഖ്യയില്‍ നല്ലൊരു ശതമാനവും ഉന്മൂലനം ചെയ്യപ്പെട്ടു. 1220ലെ മംഗോളിയന്‍ അധിനിവേഷം വരെ പണ്ഡിതന്മാരെ കൊണ്ടും പര്യവേഷണം കൊണ്ടും സമൃദ്ധമായിരുന്നു ബുഖാറ. തുടര്‍ന്ന് ഈ നാട്ടിലെ സംസ്കാരവും പാരമ്പര്യവും ചെങ്കിസ്ഖാന്‍ മാറ്റിയെഴുതി. മംഗോളിയന്‍ ഭരണകാലത്ത് ബുഖാറയുടെ പ്രകാശമെല്ലാം അസ്തമിച്ചു. ജനങ്ങളെ ചൂഷണം ചെയ്ത് ഭരിച്ച മംഗോളിയന്മാര്‍ പള്ളികളും മദ്രസകളും ബുഖാറയിലെ മറ്റ് പ്രധാന ചരിത്ര നിര്‍മിതികളും പൂര്‍ണ്ണമായും തകര്‍ത്തു. നിരവധി ജ്ഞാനികളും പണ്ഡിതന്മാരും നിഷ്ധാര്‍ഷ്ട്യം വാളിനിരയായി.
ചെങ്കിസ്ഖാന്‍റെ ഈ നരഹത്യക്ക് ശേഷം 50 വര്‍ഷം പിന്നിടുമ്പോഴേക്ക് ദുരന്തങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതിയ ജനങ്ങള്‍ക്ക് നേരെ ചെങ്കിസ്കാന്‍റെ മകന്‍ ചഗതായ് അടുത്ത അക്രമണം നടത്തി. നഗരം പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ബുഖാറയിലെ അവശേഷിച്ച പടുകൂറ്റന്‍ നിര്‍മ്മിതികളും ചരിത്ര സ്മാരകങ്ങളും നിലംപരിശാക്കി മാറ്റി. ചഗതായിക്ക് ശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമികള്‍ ബുഖാറ ഭരിച്ചു. തുടര്‍ന്ന് ഇവിടുത്തെ സംസ്കാരത്തെ തന്നെ മംഗോളിയന്‍സ് മാറ്റിമറിച്ചു. മംഗോളിയന്‍ ഭരണകാലത്ത് ബുഖാറയുടെ പ്രകാശമെല്ലാം അസ്തമിച്ചു. സാധാരണക്കാരെ ചൂഷണം ചെയ്ത് ഭരിച്ച മംഗോളിയന്‍സ് പള്ളികളും മദ്രസകളും തകര്‍ത്തു. 1370ല്‍ തിമൂര്‍ ഭരണാധികാരിയായി. 15-ാം നൂറ്റാണ്ടോടെ ബുഖാറയുടെ ഭരണം ഉസ്ബെക്കുകള്‍ (ഷൈനാബിദുകള്‍) കൈവശപ്പെടുത്തി. 17ാം നൂറ്റാണ്ടില്‍ നാദിര്‍ഷയും 18-ാം നൂറ്റാണ്ടില്‍ ഷാ മുറാദും ബുഖാറ ഭരിച്ചു. 19-ാം നൂറ്റാണ്ട് വരെ ഈ ഭരണകൂടം നിലനിന്നു. 1920കളില്‍ ബുഖാറ ബുഖാറന്‍ സോവിയറ്റ് റിപ്പബ്ലിക് എന്ന പേരില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിലേക്ക് ചേര്‍ക്കപ്പെട്ടു. 70 വര്‍ഷങ്ങള്‍ക്ക് ശേഷം സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ ബുഖാറ ഉസ്ബക്കിസ്ഥാന്‍റെ ഭാഗമായി തീരുകയാണുണ്ടായത്.
സാംസ്കാരിക സമ്പന്നമായ ബുഖാറ നഗരം വാസ്തു ശില്‍പ വിസ്മയങ്ങള്‍ കൊണ്ടും സമൃദ്ധമാണ്. മധ്യേഷയിലെ ആദ്യത്തെ പള്ളിയും 11-ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച അതിമനോഹരമായ കല്യാണ്‍ മോസ്കും ആയിരക്കണക്കിന് സഞ്ചാരികളെ നഗരത്തിലേക്ക് ആകര്‍ഷിക്കുന്നു. നഗരത്തിന്‍റെ വാസ്തുവിദ്യ, പുരാവസ്തു നിര്‍മിതികള്‍ എന്നിവ മധ്യേഷന്‍ ചരിത്രത്തിലെ തന്നെ ഒഴിച്ചുകൂടാനാവാത്ത സൃഷ്ടിപ്പുകളാണ്. ഇസ്ലാമിക വാസ്തു ശില്‍പ്പ കലയുടെ തനത് മാതൃക ബുഖാറ മുഴുവന്‍ കാണാന്‍ സാധിക്കും. മനോഹരമായ ചന്തകളും പള്ളികളും പൂന്തോട്ടങ്ങളും കൊണ്ട് സമൃദ്ധമായൊരിടമാണ് ബുഖാറ. തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ മിനാരങ്ങളും കണ്ണഞ്ചിപ്പിക്കുന്ന നിര്‍മ്മിതികളും ബുഖാറയുടെ പ്രത്യേകതയാണ്.
2500വര്‍ഷത്തിലധികം പഴക്കമുള്ള 1400ലേറെ ചരിത്ര സ്മാരകങ്ങളും 200ലധികം പഠന കേന്ദ്രങ്ങളും ബുഖാറയിലുണ്ട്. ബുഖാറയില്‍ ജനിച്ച മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്‍റെയും മറ്റ് മുഗള്‍ ചക്രവര്‍ത്തിമാരുടെയും ജീവിത കാലത്ത് ഡല്‍ഹിയിലും മറ്റു ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും പണി കഴിപ്പിച്ച മുഗള്‍ വാസ്തുവിദ്യയിലെ ചരിത്ര നിര്‍മിതികളുടെ മാതൃകയില്‍ കടമെടുത്തത് ബുഖാറയില്‍ നിന്നാണെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. ഖുതുബ് മിനാറിന്‍റെയും ചാര്‍ മിനാറിന്‍റെയുമെല്ലാം പകര്‍പ്പ് ഇന്നും ബുഖാറയില്‍ അവശേഷിക്കുന്നുണ്ട്.
അറിവനുഭവങ്ങളുടെ സങ്കേതമായ ഇസ്ലാമിന്‍റെ സവിശേഷ ഭൂമികയായ ബുഖാറ സൂഫിവര്യന്മാരുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു. ഭൂമിയില്‍ അലഞ്ഞ് നടന്നിരുന്ന പല സൂഫിയാക്കളും ഇടക്കിടെ ബുഖാറയിലെത്തുകയും അവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. പ്രശസ്തരായ ഒരുപാട് സൂഫിയാക്കള്‍ മരണമടഞ്ഞ സ്ഥലം കൂടിയാണ് ബുഖാറ. അവരുടെയെല്ലാം മഖ്ബറകള്‍ മനോഹരമായി പരിപാലിച്ച് പോരുന്നവരാണ് ഇവിടുത്തെ ജനത. ഇമാം ബുഖാരിയുടെ മഖ്ബറയും അയ്യൂബ് നബിയുടെ സ്മാരകമായ ചശ്മയും ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.
ഇമാം ബുഖാരി (റ)
ഇത്രയേറെ ചരിത്ര പ്രാധാന്യങ്ങളുള്‍ക്കൊള്ളുന്ന നഗരമാണെങ്കിലും ബുഖാറ ഇന്നും പ്രശസ്തമായി നിലനില്‍ക്കുന്നത് ഇമാം ബുഖാരിയുടെ ദേശമെന്ന നിലക്കാണ്. ഇമാം ബുഖാരിയുടെ പിതാവ് ഇസ്മാഈല്‍ എന്നവര്‍ പ്രമുഖ ഹദീസ് പണ്ഡിതനും വര്‍ത്തക പ്രമാണിയുമായിരുന്നു. ഇമാം മാലിക്(റ)വില്‍ നിന്നും ഹമ്മാദ് ബിന്‍ സൈദ്(റ)വില്‍ നിന്നുമടക്കം പ്രമുഖ പണ്ഡിതരില്‍ നിന്ന് അറിവ് പഠിച്ച പിതാവിന്‍റെ പാത പിന്തുടരുകയായിരുന്നു മകനും. കച്ചവടങ്ങളില്‍ നേരിട്ട് പങ്കെടുക്കാതെ കച്ചവട മുതലില്‍ പങ്കാളിയായി ലാഭം പറ്റുന്ന രീതി പിന്തുടര്‍ന്ന ഉപ്പയുടെ വഴി ഇമാം ബുഖാരിയും സ്വീകരിച്ചു. എന്നാല്‍ പണത്തിന്‍റെ ഹുങ്കോ അഹങ്കാരമോ ഇല്ലാതെ കച്ചവട സമ്പാദ്യങ്ങളെല്ലാം തിരു ഹദീസ് പഠനത്തിനായി ചെലവഴിച്ചു. ഹദീസുകള്‍ പഠിക്കാനായി വിവിധ ഭാഗങ്ങളിലേക്കവര്‍ യാത്ര ചെയ്തു. ഒരു നാട്ടില്‍ ഒരു ഹദീസ് പണ്ഡിതന്‍ ഉണ്ടെന്നറിഞ്ഞാല്‍ അയാളെ തേടി പുറപ്പെട്ട് അയാളെ കുറിച്ച് പഠിച്ചു ഹദീസ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ഹദീസിന്‍റെ വഴികള്‍ സൂക്ഷ്മമായി പഠിക്കുകയും ഓരോ വ്യക്തികളെ കുറിച്ചും നന്നായി മനസ്സിലാക്കുകയും ഹദീസുകളെല്ലാം മനപാഠമാക്കുകയും ചെയ്തു. സനദുകള്‍ വളരെ കര്‍ക്കശ നിലപാടുകളോടെ സ്വീകരിച്ച് സൂക്ഷ്മത പാലിക്കുന്നതില്‍ ഇമാം ബുഖാരി വിജയിച്ചിട്ടുണ്ട്. ഓരോ ഹദീസും രേഖപ്പെടുത്താന്‍ രണ്ട് റകഅത് സുന്നത്ത് നിസ്കരിച്ചാണ് സ്വഹീഹുല്‍ ബുഖാരിയെന്ന വിഖ്യാത ഗ്രന്ഥം രചിക്കുന്നത്. സൂക്ഷ്മതയുടെയും തസ്വവ്വുഫിന്‍റെയും കാര്യത്തിലവര്‍ ഏറെ മുന്നിലാണ്. ഓര്‍മ വെച്ച് തുടങ്ങുന്ന പ്രായത്തില്‍ തന്നെ പിതാവ് വഫാത്തായി. അനാഥത്വത്തിന്‍റെ ദുരിതമോ വേദനയോ മകന്‍ അനുഭവിക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെ ഉമ്മ ലാളന നല്‍കി വളര്‍ത്തി. കൊച്ചുപ്രായത്തില്‍ തന്നെ അറിവന്വേഷണം തുടങ്ങി. അബ്ദുല്ലാഹിബിന്‍ മുഹമ്മദ് അല്‍ മുസ്നദി, ശൈഖ് മുഹമ്മദ് ബിന്‍ സലാം, ഇബ്റാഹീം ബിന്‍ അശ്അബ്, മുഹമ്മദ് ബിന്‍ യൂസുഫ് തുടങ്ങിയവര്‍ പ്രഥമഘട്ടത്തിലെ പ്രധാന ഗുരുവര്യരാണ്. സ്വഭാവ വൈശിഷ്ട്യം, വിജ്ഞാന തൃഷ്ണ, അസാധാരണമായ ഓര്‍മ ശക്തി, നിരീക്ഷണ ബുദ്ധി, ഉത്സാഹം തുടങ്ങിയവ അവിടുത്തെ ഗുണ വിശേഷങ്ങളാണ്. പത്താം വയസ്സില്‍ ഖുര്‍ആന്‍ മനപാഠമാക്കി. 16-ാം വയസ്സായപ്പോഴേക്ക് നിലവിലുള്ള ഹദീസ് ശേഖരങ്ങളെല്ലാം ഹൃദ്യസ്ഥമാക്കി. 16-ാം വയസ്സില്‍ കുടുംബത്തോടൊപ്പം ഹജ്ജിനായി മക്കയിലേക്ക് പുറപ്പെട്ടു. ഹജ്ജിന് ശേഷം ഹദീസ് പഠനത്തിനായി മക്കയില്‍ തന്നെ താമസമാക്കി. ഇമാം അബ്ദുല്ലാഹിബിന്‍ യസീദ്, അഹമദ് ബിന്‍ ഔറഖ്, അല്ലാമാ ഹുമൈദി തുടങ്ങിയവരായിരുന്നു മക്കയിലെ പ്രധാന ഉസ്താദുമാര്‍. 18-ാം വയസ്സിലേക്ക് കാലെടുത്ത് വെക്കുന്ന സമയത്താണ് څഖളായാ അസ്സ്വഹാബ വത്താബിഊന്‍چ രചിക്കുന്നത്.
തിരു ഹദീസുകളുടെ വാഹകനായ ഇമാമിന് തിരു സാന്നിധ്യത്തിലെത്താന്‍ വെമ്പലായി. ഹിജ്റ 212ല്‍ 18-ാം വയസ്സില്‍ ഹദീസ് പഠനത്തിനായി മദീന മുനവ്വറയിലേക്ക് നീങ്ങി. ഇബ്റാഹീമുബിന്‍ മുന്‍ദിര്‍, മുത്വറഫ് ബിന്‍ അബ്ദില്ല, ഇബ്റാഹീം ബിന്‍ ഹംസ തുടങ്ങിയവരാണ് മദീനയിലെ പ്രധാന ഗുരുവര്യന്മാര്‍. അവിടെ വെച്ചാണ് څഅസ്മാഉ രിജാല്‍چ (താരീഖുല്‍ കബീര്‍) രചിക്കുന്നത്. ഹദീസ് തേടിയുള്ള യാത്രകള്‍ പല നാടുകളിലേക്കും പല പണ്ഡിതരിലേക്കും ചെന്നെത്തിച്ചു. മക്ക, മദീന, ത്വാഇഫ്, ബസ്വറ, കൂഫ, ബഗ്ദാദ്, ഈജിപ്ത്, ഖുറാസാനിലെ മര്‍വ, നൈസാബുര്‍ തുടങ്ങി ഹദീസ് പണ്ഡിതന്മാരുണ്ടെന്ന് കേള്‍ക്കുന്നിടത്തേക്കെല്ലാം ഇമാം യാത്രയായി. ഇമാം തന്നെ പറയുന്നു: ڇ1080 ഗുരുക്കളില്‍ നിന്നും ഞാന്‍ വിദ്യ അഭ്യസിച്ചു. ഹദീസ് പണ്ഡിതരല്ലാത്ത ആരും അതില്‍ ഉണ്ടായിരുന്നില്ലڈ (താരീഖു ബഗ്ദാദ്). നാടുകളും സദസ്സുകളും മാറി മാറി ഇമാം എത്തി. എല്ലായിടത്തും വന്‍ സ്വീകരണമാണ് ലഭിച്ചത്. എല്ലാ പണ്ഡിതരെയും പോലെ ഇമാം ബുഖാരിക്കും പ്രതിയോഗികള്‍ ഉടലെടുത്തു. അസൂയാലുക്കളായ പല ആളുകളും എതിരെ തിരിയാന്‍ തുടങ്ങി. ഇത് ഹദീസ് ക്ലാസുകള്‍ മറ്റൊരു നാട്ടിലേക്ക് മാറ്റുന്നതില്‍ വരെ എത്തിച്ചു. അവസാനം ജന്മനാട് ബുഖാറയിലേക്ക് തിരിച്ചു. ബുഖാറ വന്‍ജനാവലിയോടെ ഇമാമിനെ വരവേറ്റു. പക്ഷെ അധിക നാളുകള്‍ കഴിഞ്ഞു കൂടാന്‍ വിധിയുണ്ടായിരുന്നില്ല. രാഷ്ട്രീയ ആഭ്യന്തര പ്രശ്നങ്ങള്‍ ഇമാമിനെ ബുഖാറയില്‍ നിന്നും നാടുകടത്തി. ജീവിത യാത്രയുടെ അവസാനം ഇമാം നാഥനിലേക്ക് കരങ്ങളുയര്‍ത്തി പറഞ്ഞു: ڇഭൂമി ഇത്ര വിശാലമായിട്ടും എനിക്കത് ഇടുങ്ങിയതായി അനുഭവപ്പെടുന്നു. ആയതിനാല്‍ എന്നെ നിന്നിലേക്ക് തിരിച്ച് വിളിക്കുക.ڈ 62 വയസ്സ് തികയാന്‍ 12 ദിവസം ബാക്കിയിരിക്കെ ഹിജ്റ 256 ശവ്വാല്‍ ഒന്നിന് രാത്രി ആ സാത്വികന്‍ ഇഹലോകത്തോട് വിട പറഞ്ഞു.

Write a comment