Posted on

അമാനുഷികതയുടെ പ്രാമാണികത

മുഹമ്മദ് മുസ്തഫ എ ആര്‍ നഗര്‍

 

പ്രവാചകത്വ വാദമില്ലാതെ അല്ലാഹുവിന്‍റെ ഇഷ്ടദാസന്മാര്‍ പ്രകടിപ്പിക്കുന്ന അത്ഭുത സിദ്ധികളാണ് കറാമത്ത്. അമ്പിയാക്കളില്‍ നിന്ന് മുഅ്ജിസത്തായി സംഭവിക്കുന്നത് ഔലിയാക്കളില്‍ നിന്ന് കറാമത്തായി സംഭവിക്കാം. അല്ലാഹുവിനോടുള്ള അചഞ്ചലമായ വിശ്വാസവും അവനോട് ഏറ്റവും കൂടുതല്‍ അടുത്ത സാത്വികരാണ് ഔലിയാക്കള്‍. വിശ്വാസ രംഗത്തും കര്‍മ രംഗത്തും സ്വഭാവ രംഗത്തും അല്ലാഹുവിന്‍റെ നിര്‍ദേശങ്ങള്‍ക്കൊത്ത് ജീവിക്കുന്നതിലൂടെ അല്ലാഹുവില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക സ്ഥാനമാണ് വിലായത്ത്. ഫഖ്റുദ്ദീന്‍ റാസി (റ) പറയുന്നു: വലിയ്യ് എന്നാല്‍ അര്‍ത്ഥം സല്‍കര്‍മ്മങ്ങളും നിഷ്കളങ്ക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുക മൂലം ഒരാള്‍ അല്ലാഹുവുമായി അടുക്കുകയും കാരുണ്യവും ഔദാര്യവും വഴി അല്ലാഹു അടിമയിലേക്ക് ഇങ്ങോട്ട് അടുക്കുകയും ചെയ്താല്‍ അവിടെ വിലായത് പദവി ജനിക്കുന്നു (റാസി 21/72). കറാമത്തിന്‍റെ അടിസ്ഥാനം ഖണ്ഡിതമായ പ്രമാണങ്ങള്‍ (ഇജ്മാഅ്) വഴിയായതിനാല്‍ അത് നിഷേധിക്കാന്‍ പാടില്ല. മഹാന്മാരുടെ കറാമത്തുകള്‍ നിഷേധിക്കാന്‍ ദുര്‍വൃത്തിയുടെയും നവീന വാദത്തിന്‍റെയും വക്താക്കള്‍ക്കേ സാധിക്കൂ. ഒരു വലിയ്യിന്‍റെ കറാമത്തിന്‍റെ അസ്ഥിത്വം യഥാര്‍ത്ഥത്തില്‍ മുഹമ്മദ് (സ്വ)യുടെ മുഅ്ജിസത്തിന്‍റെ ഭാഗമെന്ന നിലക്കാണ് സ്ഥിതി ചെയ്യുക. അല്ലാഹു ഉദ്ദേശിച്ചവരിലൂടെ മാത്രമാണ് അവന്‍ അത് പ്രകടമാക്കുക. ഒരു ഖുദ്സിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നു: ڇആരെങ്കിലും എന്‍റെ വലിയ്യിനെ ബുദ്ധിമുട്ടിച്ചാല്‍ തീര്‍ച്ചയായും അവന്‍ എന്നോട് യുദ്ധം ചെയ്തു.ڈ അല്ലാഹുവിന്‍റെ ഔലിയാക്കളെ ബുദ്ധിമുട്ടിക്കല്‍ അവനോട് യുദ്ധം ചെയ്യലാണ്. ചുരുക്കത്തില്‍ വലിയ സ്ഥാനങ്ങളാണ് ഔലിയാക്കള്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ളത്. അത്കൊണ്ട് തന്നെ അവരുദ്ദേശിക്കുന്ന ഏത് കാര്യങ്ങളും അവന്‍ സാധിപ്പിച്ച് കൊടുക്കുമെന്ന് ഏതൊരാള്‍ക്കും ഗ്രാഹ്യമാവും. കറാമത്ത് വലിയ്യിന്‍റെ യാഥാര്‍ത്ഥ്യ പ്രകാശത്തിന് ചിലപ്പോള്‍ മാര്‍ഗമാവാറുണ്ട്. അല്ലാഹുവിന്‍റെ ഔലിയാക്കളിലൂടെ പ്രകടമായ കറാമത്തുകളുടെ നിരവധി ഉദാഹരണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലും ഹദീസിലും കാണാം. അസ്ഹാബുല്‍ കഹ്ഫുകളായ ഗുഹാവാസികള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്ഥൈര്യത കാണിച്ച് നാടും വീടും ത്യജിച്ച് പലായനം ചെയ്ത് അല്ലാഹുവിന്‍റെ പരിരക്ഷ അനുഭവിച്ച സംഭവം അനുസ്മരണീയമാണ്. 309 ചന്ദ്രവര്‍ഷക്കാലം ഒരു ഗുഹയില്‍ ഗാഢമായ നിദ്രയില്‍ അവര്‍ സംരക്ഷിക്കപ്പെട്ടു. ഈ കാലയളവില്‍ അന്നപാനിയങ്ങളില്ലാതെ ഒരു ഭാഗത്ത് മാത്രം കിടന്ന് കേട് പറ്റാതിരിക്കാന്‍ തിരിച്ചും മറിച്ചും കിടത്തിയത്, അവരെ അനുഗമിച്ച നായയെ ജീവനുള്ള നായയെ പോലെ തോന്നിപ്പിച്ചത്, അവരെ കാണുമ്പോള്‍ ചകിതരാക്കും വിധത്തിലാക്കിയത്, ദീര്‍ഘ കാലയളവില്‍ മനുഷ്യരെ അങ്ങോട്ടെത്തിക്കാതിരുന്നത്, സൂര്യന്‍ അവര്‍ക്ക് ശല്യമാവാതെ ക്രമീകരിക്കപ്പെട്ടത്, നിശ്ചിത കാലയളവിന് ശേഷം ചര്‍ച്ചാവിഷയമാകും വിധം ഉണര്‍ത്തിയത് തുടങ്ങിയവ മഹാന്മാരായ ഗുഹാവാസികള്‍ക്ക് സിദ്ധമായ കറാമത്തുകളാണ്. ഈ സംഭവം ഖുര്‍ആനില്‍ സൂറത്തുല്‍ കഹ്ഫില്‍ പരാമര്‍ശിക്കുന്നുണ്ട്. സക്കരിയ്യ നബി മറിയം ബീവിയുടെ മിഹ്റാബില്‍ പ്രവേശിക്കുമ്പോഴെല്ലാം അവരുടെ സമീപം കാലത്തിലും സ്ഥലത്തിനും അതീതമായതും വ്യത്യസ്തമായതുമായ പഴങ്ങള്‍ ഉണ്ടായിരുന്നു. ഈന്തപ്പനയുടെ ചുവട്ടിലിരിക്കുമ്പോള്‍ ഉണങ്ങിയ മരത്തില്‍ നിന്നും പഴുത്ത ഈത്തപ്പഴങ്ങള്‍ സുലഭമായി കിട്ടിയത് തുടങ്ങിയ കറാമത്തുകള്‍ വിശുദ്ധ ഖുര്‍ആനില്‍ വിവരിക്കുന്നുണ്ട്. നബി (സ്വ) തന്നെ വിവരിച്ചതും അല്ലാത്തതുമായ ധാരാളം കറാമത്തുകളുടെ വിവരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. കറാമത്തുകളെ മാത്രം വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ മഹന്മാരായ ഇമാമുമാര്‍ രചിച്ചിട്ടുണ്ട്. അബൂബക്കര്‍ സിദ്ദീഖ് (റ) എല്ലാം ത്യജിച്ച് ദീനീ പഠനത്തിന് മദീന പള്ളിയുടെ ഭാഗത്ത് സ്ഥിര താമസമാക്കിയവരായ സുഫ്ഫത്തിന്‍റെ ആളുകളില്‍ പെട്ട മൂന്ന് പേരെ ഭക്ഷണത്തിനായി വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി. ഇവര്‍ ഭക്ഷണം കഴിക്കും തോറും വര്‍ധിക്കുകയല്ലാതെ ഭക്ഷണം കുറഞ്ഞില്ല. മാത്രമല്ല, ഭക്ഷണം അവര്‍ അവസാനിച്ചപ്പോള്‍ ആദ്യത്തേതിന്‍റെ മൂന്നിരട്ടി ശേഷിപ്പുണ്ടായിരുന്നു. അതില്‍ നിന്ന് അല്‍പം നബി(സ്വ)ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു (ബുഖാരി, മുസ്ലിം). ഇതുപോലെയുള്ള അത്ഭുത സംഭവങ്ങള്‍ മഹത്തുക്കളായ സ്വഹാബത്തില്‍ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേവലം അത്ഭുതങ്ങള്‍ എന്ന് വ്യാഖ്യാനിച്ച് കറാമത്തിന്‍റെ പേരില്‍ പലതരം ചൂഷണങ്ങളും ഇന്ന് നടക്കുന്നുണ്ട്. വ്യാജ ത്വരീഖത്തിന്‍റെ ശൈഖുമാര്‍ കറാമത്ത് എന്ന പേരില്‍ അത്ഭുതങ്ങള്‍ കാണിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. കറാമത്ത് നിഷേധത്തിന് തുല്യം തന്നെയാണ് കറാമത്തിന്‍റെ പേരിലുള്ള ചൂഷണങ്ങളും. കറാമത്തുമായി ചില തെറ്റിദ്ധാരണകള്‍ ഇന്ന് നിലവിലുണ്ട്. അത്തരം തെറ്റിദ്ധാരണകള്‍ തിരുത്താത്ത കാലത്തോളം കറാമത്തിന്‍റെ പേരിലുള്ള ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കില്ല. വലിയ്യാകുന്നതിന്‍റെ ആദ്യത്തേയും അവസാനത്തേയും മാനദണ്ഡം കറാമത്താണെന്ന ധാരണ തെറ്റാണ്. ഇമാം ഖുശയ്രി (റ) രേഖപ്പെടുത്തുന്നത് ഒരു വലിയ്യിനു പ്രകടമാകേണ്ട കറാമത്ത് ഇല്ലാതെ പോകുന്നത് അദ്ദേഹത്തിന്‍റെ വിലായത്തിന് യാതൊരു ഭംഗവും വരുത്തുന്നതല്ല. എന്നാല്‍ ഇക്കാര്യത്തില്‍ പ്രവാചകന്‍മാര്‍ നേരെ മറിച്ചാകുന്നു. അവര്‍ക്ക് തങ്ങളുടെ മുഅ്ജിസത്ത് അനിവാര്യമാണ്. കാരണം നബിമാര്‍ സൃഷ്ടികള്‍ക്ക് നിയോഗിക്കപ്പെട്ടവരായത് കൊണ്ട് നബിമാരെ അറിയല്‍ ജനങ്ങള്‍ക്കും ആവശ്യമാണ്. അത്കൊണ്ട് അവര്‍ക്ക് മുഅ്ജിസത്ത് വേണം. എന്നാല്‍ വലിയ്യാണെന്നത് ജനങ്ങള്‍ക്ക് എന്നല്ല അദ്ദേഹത്തിന് തന്നെ അറിയല്‍ നിര്‍ബന്ധമില്ല (ജാമിഉല്‍ ഉസൂല്‍ 277). ഇതിലൂടെ ഇമാം ഖുശയ്രി പറഞ്ഞുവെക്കുന്നത് കറാമത്ത് വിലായത്തിന് മാനദണ്ഡമല്ല എന്നും കറാമത്ത് മുഅ്ജിസത്ത് പോലെയാണെന്നുമുള്ള വാദം ശരിയല്ല എന്നുള്ളതുമാണ്. എന്നാല്‍ കഴിവതും കറാമത്ത് പ്രകടിപ്പിക്കാതിരിക്കലാണ് ഒരു വലിയ്യിന്‍റെ കടമ. ഇബ്നു ഹജറില്‍ ഹൈതമി (റ) പറയുന്നു: കറാമത്തും മുഅ്ജിസത്തും തമ്മിലുള്ള അന്തരത്തില്‍ പെട്ടതാണ് മുഅ്ജിസത്ത് വെളിവാക്കല്‍ നബിമാര്‍ക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടത്തില്‍ അല്ലാതെ വെളിവാക്കാതിരിക്കല്‍ വലിയ്യിനും നിര്‍ബന്ധമാണ് (ഫതാവല്‍ ഹദീസിയ്യ 1236).
പ്രമുഖ സൂഫിവര്യനായ അബൂ ഉമറുദ്ദിമശ്ഖിയ്യ് (റ) പറയുന്നത് നബിമാര്‍ക്ക് മുഅ്ജിസത്ത് വെളിവാക്കല്‍ അല്ലാഹു ഫര്‍ളാക്കിയത് പോലെ ഔലിയാക്കള്‍ക്ക് കറാമത്ത് മറച്ചു വെക്കല്‍ ഫര്‍ളാക്കിയിരുന്നു. കാരണം ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാനാണ് (ജാമിഅ് 277). കാണിക്കുന്ന അത്ഭുതങ്ങല്‍ നോക്കി ആളുകളെ വിലയിരുത്താതെ ആളെ നോക്കി അത്ഭുതങ്ങളെ വിലയിരുത്തണം.
എണ്ണമറ്റ കറാമത്തുകള്‍ ഖുര്‍ആനും ഹദീസുകളും ഉദ്ദരിച്ചത് കൊണ്ട് തന്നെ കറാമത്ത് നിഷേധം ബിദ്അത്താകുന്നു. ചരിത്രത്തിന്‍റെ നീളത്തില്‍ സത്യ നിഷേധികള്‍ പൊള്ളവാദങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. കറാമത്തിനെ പാടെ നിഷേധിക്കുന്നവരാണ് പഴയ പുത്തന്‍വാദികളായ മുഅ്തസിലത്. അവരുടെ ഓരം പറ്റി നടക്കുന്നവരാണ് ഇന്നത്തെ പുത്തന്‍ വാദികള്‍. കറാമത്ത് നിഷേധികള്‍ പ്രധാനമായി അവലംബമാക്കുന്ന തെളിവ് അസാധാരണ സംഭവങ്ങള്‍ അല്ലാഹു പ്രവാചകത്വത്തിന് വെച്ചതാണ്, പ്രവാചകനല്ലാത്ത ഒരാളില്‍ നിന്ന് അത് പ്രകടമായാല്‍ പ്രസ്തുത ലക്ഷ്യത്തിന് വിരുദ്ധമായി വരുമെന്നതാണ്. ഇമാമുകള്‍ നല്‍കിയ മറുപടി പ്രവാചകത്വവാദവുമായി ബന്ധപ്പെട്ടു അസാധാരണ സംഭവങ്ങള്‍ നടക്കുമ്പോള്‍ അത് പ്രവാചകത്വത്തിന് തെളിവാണ്. വിലായത്ത് വാദവുമായി ബന്ധപ്പെട്ട് നടക്കുമ്പോള്‍ അത് വിലായത്തിനും തെളിവാണ്. ഇങ്ങനെ ചിന്തിച്ചാല്‍ കറാമത്ത് ഒരിക്കലും പ്രവാചകത്വത്തിന് എതിരാവുന്നില്ല. മറ്റൊരു വാദം ഇപ്രകാരമാണ്. ഒരു മനുഷ്യനില്‍ അസാധാരണ സംഭവം നടക്കാന്‍ പറ്റും എന്നുവന്നാല്‍ എല്ലാ അസാധാരണ സംഭവങ്ങളും നടക്കാന്‍ പറ്റുമെന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ സമ്മതിച്ചാല്‍ അസാധാരണ സംഭവങ്ങള്‍ പിന്നീട് സാധാരണ സംഭവങ്ങളായി മാറും. അതോടെ കറാമത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുകയും ചെയ്യും. ഈ വാദത്തിന് മഹാന്മാര്‍ നല്‍കിയ മറുപടി എല്ലാ ആളുകളും കറാമത്ത് വെളിവാക്കുക എന്നത് ഖുര്‍ആനിന് എതിരാണ്. കാരണം അല്ലാഹു പറഞ്ഞു: ڇഎന്‍റെ അടിമകളില്‍ നിന്ന് നന്ദിയുള്ളവര്‍ വളരെ കുറവാണ് ڈ (സൂറത്ത് സബഅ് 13). അപ്പോള്‍ ഈ വാദം കേവലം ഒരു പൊള്ളവാദമാണെന്ന് തെളിഞ്ഞു. ഇത്തരം പുത്തന്‍വാദക്കാരുടെ വാദങ്ങള്‍ക്ക് പ്രഗല്‍ഭരായ പണ്ഡിതന്മാരുടെ മറുപടികള്‍ ചേര്‍ത്തു വായിച്ചാല്‍ അവരുടെ വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്താകും. ഫര്‍ളായ കാര്യങ്ങള്‍ക്ക് പുറമെ സുന്നത്തായ ആരാധനകളെ കൊണ്ട് എന്‍റെ അടിമ എന്നിലേക്ക് അടുത്താല്‍ അവനെ ഞാന്‍ സ്നേഹിക്കും. അവനെ ഞാന്‍ സ്നേഹിച്ചാല്‍ അവന്‍ കേള്‍ക്കുന്ന കേള്‍വി ഞാനാകും, അവന്‍ കാണുന്ന കണ്ണ് ഞാനാകും, അവന്‍ ഉപയോഗിക്കുന്ന കൈ ഞാനാകും. അവന്‍ എന്നോട് വല്ലതും ചോദിച്ചാല്‍ നിസ്സംശയം അവനത് ഞാന്‍ നല്‍കും. അവനെന്നോട് സംരക്ഷണം ചോദിച്ചാല്‍ അവന് ഞാന്‍ സംരക്ഷണം നല്‍കും (സ്വഹീഹുല്‍ ബുഖാരി). ഈ പ്രശസ്ത ഹദീസില്‍ നിന്ന് അല്ലാഹുവിന്‍റെ മഹത്തുക്കളായ ഔലിയാക്കള്‍ക്ക് അസാധാരണ കഴിവുകള്‍ നല്‍കുമെന്നും എന്ത് ചോദിച്ചാലും അത്തരം അടിമകള്‍ക്ക് അല്ലാഹു നല്‍കുമെന്നത് വ്യക്തമാണ്. ചുരുക്കത്തില്‍ ഖുര്‍ആനും ഹദീസും ചരിത്രവും പഠിച്ചവര്‍ പഠിച്ചവര്‍ക്ക് കറാമത്തിനെ നിഷേധിക്കാനാവില്ല. തുടക്കത്തില്‍ പരാമര്‍ശിച്ചത് പോലെ ഔലിയാക്കളെ ബുദ്ധിമുട്ടിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ അല്ലാഹു തുറന്ന യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടും തങ്ങളുടെ ഇഷ്ടാനുസരണം ദീനിനെ പൊളിച്ചെഴുതാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. ഇമാം സുബുകി(റ) പറയുന്നു: ڇകറാമത്ത് നിഷേധിക്കുന്നവരുടെ കാര്യത്തില്‍ ഞാന്‍ അത്യധികം അത്ഭുതപ്പെടുന്നു. അല്ലാഹുവിന്‍റെ കോപം ഞാന്‍ അവന്‍റെ മേല്‍ പേടിക്കുകയും ചെയ്യുന്നു.ڈ കറാമത്ത് നിഷേധികളില്‍ നിന്ന് വിട്ട് നിന്ന് അല്ലാഹു ഇഷ്ടപ്പെട്ടവരെ ഇഷ്ടപ്പെട്ട് ജീവിക്കാനാണ് യഥാര്‍ത്ഥ വിശ്വാസികള്‍ ശ്രമിക്കേണ്ടത്.

Write a comment