Posted on

മഹോന്നത സംസ്കാരം

ഹംസത്തു സ്വഫ്വാന്‍ കോടിയമ്മല്‍

 

ഇസ്ലാം ഏറെ എഴുതപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ള മതമാണ്. വിശുദ്ധ മതത്തിന്‍റെ സമഗ്രതയും സൗന്ദര്യാത്മകതയുമാണ് അതിന് കാരണം. എക്കാലത്തും കാലോചിതമായി പരുവപ്പെടാന്‍ സാധ്യമാകുന്നതാണ് ഇസ്ലാമിക സംസ്കൃതിയുടെ ഘടന തന്നെ. ഏകത്വ ദര്‍ശനം മുന്നോട്ട് വെക്കുമ്പോഴും സാംസ്കാരികമായി നാനാത്വവും ബഹുസ്വരതയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യയശാസ്ത്രമായി ഇസ്ലാം മാറുന്നതിന്‍റെയും സാംസ്കാരികമായി അതിന്‍റെ പ്രഭാവം എങ്ങിനെ ഉരുവം കൊണ്ടു എന്നതിന്‍റെ ചരിത്ര വഴിത്തിരിവുകളെ അപഗ്രഥിക്കുന്ന പുസ്തകമാണ് ഡോ. ഷൈഖ് ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ څഇസ്ലാം സാംസ്കാരിക സാധ്യതകള്‍چ.
മുഹമ്മദ് എ ത്വാഹിര്‍ വിവര്‍ത്തനം ചെയ്ത പുസ്തകം അമേരിക്കയിലെ വിശ്രുത പണ്ഡിതനായ ഡോ. ഉമര്‍ ഫാറൂഖ് അബ്ദുല്ലയുടെ ഗവേഷണ പ്രബന്ധങ്ങളുടെയും അദ്ദേഹവുമായുള്ള സംഭാഷണങ്ങളുടെയും ഒരു സമാഹാരമാണ്. വിവിധ ദേശങ്ങളിലേയും കാലങ്ങളിലെയും ഇസ്ലാമിന്‍റെ ആഗമനത്തെയും വ്യാപനത്തെയും അവിടങ്ങളിലെ സംസ്കൃതികളെ സ്വീകരിച്ച വിധത്തെ കുറിച്ചുമെല്ലാം സൂക്ഷ്മമായി പ്രദിപാദിക്കുന്ന മികച്ച ഒരു ഹ്രസ്വ ഗ്രന്ഥമാണ്.
എട്ടോളം അധ്യായങ്ങളിലായി ഇസ്ലാമിക സാംസ്കാരിക രൂപീകരണ വികാസങ്ങളുടെ വിവിധ ഘട്ടങ്ങളും അതിന്‍റെ ലോക സ്വാധീനങ്ങളുമെല്ലാം അടയാളപ്പെടുത്തി ഒരു ബൃഹദ് പഠനാന്തരീക്ഷം തന്നെ സൃഷ്ടിച്ചു കൊണ്ടാണ് പുസ്തകം സഞ്ചരിക്കുന്നത്. പുസ്തകത്തിലെ ഓരോ ആധികാരിക കണ്ടെത്തലുകളെയും സാധൂകരിക്കുന്ന അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളും ഗ്രന്ഥത്തിന്‍റെ ആശയ ഗ്രാഹ്യത്തിന് എളുപ്പമാവുന്നു. ഇസ്ലാം വിഭിന്നങ്ങളായ സംസ്കാരങ്ങളോട് ഇടപെട്ടതിനെ കുറിച്ച് അദ്ദേഹത്തിന്‍റെ വീക്ഷണമിങ്ങനെ കാണാം; വിശുദ്ധ നിയമങ്ങളുടെ പ്രതിഫലനമുണ്ടായ സാര്‍വ്വ ലൗകികമായ ഒരു ആശയം കൊണ്ടാണ് ഇസ്ലാമിക നാഗരികത പരമ്പരാഗത (ക്ലാസിക്കല്‍) സാംസ്കാരിക ആവിഷ്കാരങ്ങളെ സമന്വയിപ്പിച്ച് കൊണ്ടിരുന്നത്. സൗന്ദര്യത്തെയും സത്യത്തെയും ഇസ്ലാം ചേര്‍ത്തുവെച്ചു. വൈവിധ്യാത്മകതയിലെ ഏകത്വമായ ഇസ്ലാം സര്‍വ്വ ദേശങ്ങളിലും വെളിച്ചം വിതറി. ഈ ഉദ്യമത്തെ ഇസ്ലാമിക കര്‍മശാസ്ത്രമാണ് സുഗമാമാക്കിയത്. വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങള്‍, സ്ഥലങ്ങള്‍, കാലങ്ങള്‍ എന്നിവക്കിടയില്‍ സംസ്കാരികമായൊരു പ്രസ്ക്തി സ്ഥാപിക്കുന്നതില്‍ ഒരു ആഗോള നാഗരികത എന്ന നിലയില്‍ ഇസ്ലാം വിജയിച്ചു. പ്രാദേശിക തലത്തില്‍ മാത്രം പ്രവര്‍ത്തന സജ്ജമായി പരിമിതമാകുന്നതല്ല ഇസ്ലാം. മറിച്ച് മുസ്ലിംങ്ങള്‍ പോകുന്നിടങ്ങളിലെല്ലാം സ്നേഹം അനുഷ്ഠിക്കക്കുകയും തനത് സത്വം പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പ്രവാചക പാരമ്പര്യത്തിനകത്ത് സംസ്കാരങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തിക്കൊണ്ട് ‘അര്‍ഫിദയുടെ മക്കള്‍چ എന്ന സംഭവത്തെ അദ്ദേഹം പഠന വിധേയമാക്കുന്നുണ്ട്. വര്‍ഷം തോറും നടത്തി വരാറുള്ള അവരുടെ സാംസ്കാരിക ആഘോഷത്തിനിടയില്‍ ഇസ്ലാമിലേക്ക് കടന്ന് വന്ന ചില ആഫ്രിക്കക്കാരായിരുന്നു അവര്‍. മസ്ജിദുന്നബവിയില്‍ വെച്ച് ഒരു തോല്‍ ചെണ്ടയില്‍ അടിച്ച് ശബ്ദമുണ്ടാക്കുകയും അതിനൊത്ത് ആടിക്കളിക്കുന്നത് ഉമര്‍(റ)വിന്‍റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രവാചകരോട് അത് തടയണമെന്നാവശ്യപ്പെടുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച മറുപടി ഇതായിരുന്നു: അവരെ വിട്ടേക്കൂ..അവര്‍ അര്‍ഫിദയുടെ മക്കളാണ്. ശേഷം ആഇഷ (റ)ക്ക് കാണിച്ച് കൊടുക്കുകയും ചെയ്തു. ഇങ്ങനെ നല്ല മുസ്ലിം സംസ്കാരത്തെ രൂപപ്പെടുത്തുന്നതിനടിസ്ഥാനമായ കുറേ ആലോചനകള്‍ അദ്ദേഹം പങ്ക് വെക്കുന്നുണ്ട്. ആധുനികത സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ക്കും അഭ്യന്തര കലഹങ്ങള്‍ക്കും അധാര്‍മികതകള്‍ക്കുമെല്ലാം പരിഹാരം കാണുന്ന ഉപദേശങ്ങളും കൗണ്‍സിലിംഗും ഇസ്ലാമിക പാരമ്പര്യത്തിന്‍റെ ഭാഗമാണ്. ഇസ്ലാമിന്‍റെ ആദര്‍ശങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഐക്യത്തിന്‍റെയും തനത് മൂല്യങ്ങളുടെയും ഇടങ്ങളായ പള്ളികളെ വിഭാവനം ചെയ്യുന്നതോടൊപ്പം സാമൂഹികവും നാഗരികവുമായി ഉപകരിക്കുന്ന ആശുപത്രികളും ക്ലിനിക്കുകളും ഉയര്‍ന്നു വരണമെന്നും തനത് സംസ്കാരത്തിന്‍റെ ക്രിയാത്മക വളര്‍ച്ചക്ക് ഉതുകുന്ന ഏതെല്ലാം മേഖലകളുണ്ടോ അവയിലെല്ലാം കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് അക്കാദമിക് ഇടപെടലുകള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പ്രത്യേകം ഉണര്‍ത്തുന്നുണ്ട്.
കൃത്യമായ ആശയ ക്രമത്തോടൊപ്പം തന്നെ ഗ്രന്ഥകാരന്‍റെ ഭാഷാ പ്രയോഗങ്ങളുടെ മികവ് എടുത്ത് പറയേണ്ടതാണ്. കാഠിന്യമേറിയ ഗവേഷണ പ്രബന്ധങ്ങളുടെ തനത് ഭാഷയല്ല പുസ്തകത്തിനെന്നത് ശ്രദ്ധേയമാണ്. വായനക്കാരനെ മടുപ്പു തോന്നിപ്പിക്കുന്ന ആശയ സംഘട്ടനങ്ങള്‍ ഒഴിവാക്കാന്‍ വിവര്‍ത്തകനും ശ്രദ്ധിച്ചിട്ടുണ്ട്. ഗവേഷണാത്മക വായനക്ക് യോജിക്കുന്ന നിലവാരം പുലര്‍ത്തുന്നത് കൊണ്ട് തന്നെ വായനക്കാരനെയും ആ നിലവാരത്തിലേക്ക് എത്തിക്കാന്‍ പുസ്തകത്തിന് തീര്‍ച്ചയായും സാധിക്കുന്നു.

Write a comment