Posted on

ഇസ്ലാമിസ്റ്റുകള്‍ ചെയ്ത് വെക്കുന്ന അവിവേകങ്ങള്‍ നഷ്ടം ഇസ്ലാമിന് മാത്രമാണ്

സുഹൈല്‍ കാഞ്ഞിരപ്പുഴ

റാഡിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ സൃഷ്ടിക്കുന്ന കിരാത ഭീകര പ്രവര്‍ത്തനങ്ങളെ വെള്ള പൂശും വിധം തിരുനബി(സ്വ)യുടെ ഒരു ചരിത്ര സംഭവത്തെ വളച്ചൊടിച്ച് പ്രതിലോമകരമായ ഒരു പ്രസംഗം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന വേദിയില്‍ കേള്‍ക്കുകയുണ്ടായി. ഇസ്ലാമിനെ സംബന്ധിച്ച് ഉപരിവിപ്ലവ അറിവ് മാത്രമുള്ള പൊതുബോധത്തില്‍ ഇസ്ലാം ഏറെ അപകീര്‍ത്തിപ്പെടാനും വിമര്‍ശിക്കപ്പെടാനും ഈ പ്രഭാഷണം ഇടയായി. മതേതരമണ്ണില്‍ മത രാഷ്ട്ര അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന പൊളിറ്റക്കല്‍ ഇസ്ലാമിസ്റ്റുകള്‍ ചെയ്തുവെക്കുന്ന അവിവേകങ്ങള്‍ കാരണം ഇസ്ലാം അനല്‍പമാം വിധം സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തപ്പെടുന്നുണ്ട്. തീവ്രപ്രസ്ഥാനങ്ങള്‍ നടത്തിയ ംീൃഹറ ൃമേറല രലിൃലേ അക്രമണത്തോടു കൂടെയാണ് ആഗോളതലത്തില്‍ ഇസ്ലാമിന് ഭീകരമുഖം ചാര്‍ത്തിത്തുടങ്ങിയത്. പാരമ്പര്യ ജ്ഞാന സ്രോതസ്സുകളില്‍ നിന്ന് ഇസ്ലാമിന്‍റെ തത്വസംഹിതകള്‍ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടതാണ് യഥാര്‍ത്ഥത്തില്‍ പൊളിറ്റകല്‍ ഇസ്ലാമിസ്റ്റുകളുടെ പിറവികള്‍ക്ക് കാരണമായത്. ഇബ്നു തൈമിയയുടെ വികലമായ പ്രത്യയ ശാസ്ത്രത്തിന്‍റെ പിന്‍ഗാമികളായി വന്നവരാണ് വ്യത്യസ്ത നാമധേയത്തില്‍ അറിയപ്പെടുന്ന പൊളിറ്റക്കല്‍ ഇസ്ലാമിസ്റ്റുകള്‍. വഹാബിസവും മൗദൂദിസവും അല്‍ ഖാഇദയും അല്‍ ഇഖ്വാനും ഐ എസും പോപ്പുലര്‍ ഫ്രണ്ടുമെല്ലാം പ്രത്യയശാസ്ത്രപരമായി ഇബ്നു തൈമിയ്യയുമായി ബന്ധപ്പെട്ടവരാണ്. ദൈവിക ഭരണ സ്ഥാപനമാണ് വിശ്വാസിയുടെ ഭൂമിയിലുള്ള പ്രധാന ദൗത്യമെന്നും ഇബാദത്തുകളെല്ലാം ഇസ്ലാമിക രാഷ്ട്രീയ സംസ്ഥാപനത്തിനുള്ള പരിശീലനങ്ങളാണെന്നുമുള്ള പ്രതിലോമകരമായ വാദഗതികളാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. ജനാധിപത്യത്തോട് സമരസപ്പെടരുത്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്, രാഷ്ട്രീയ സിദ്ധാന്തങ്ങള്‍, ഇലക്ഷന്‍, കോടതി, നിയമനിര്‍മാണ സഭകള്‍ എന്നിവകളോടൊക്കെ മുഖം തിരിഞ്ഞ് കളയണം, ഇതര മതക്കാരോട് സൗഹൃദം പുലര്‍ത്തരുത്, ഇസ്ലാമികേതര ഭരണകൂടം ശിര്‍ക്കാണ് തുടങ്ങി വിചിത്രവും അപലപനീയവുമായ ആശയങ്ങളാണ് ഈ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെക്കുന്നത്.
ബ്രട്ടീഷ് അധിനിവേശം ശക്തമായ സമയത്താണ് സലഫി ആശയ ധാരകള്‍ കേരളത്തില്‍ വ്യാപകമായി വേരോടുന്നത്. പൊതുബോധത്തില്‍ പുരോഗമന ഇസ്ലാമിന്‍റെ മുഖം ചാര്‍ത്തി അനേകം വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തി കലാലയങ്ങളിലൂടെ സലഫി ആശയധാരകള്‍ പ്രചരിപ്പിക്കുകയായിരുന്നു. പാരമ്പര്യ സുന്നി പ്രസ്ഥാനങ്ങള്‍ സന്ധിയില്ലാതെ സലഫി ആശയങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നപ്പോള്‍ സുന്നി പ്രസ്ഥാനങ്ങള്‍ പഴഞ്ചനും മോഡേണ്‍ വിദ്യഭ്യാസ വിരോധികളൊക്കെയായി ചിത്രീകരിക്കപ്പെട്ടു. പുരോഗമന നാട്യത്തിന്‍റെ മുഖവുമായി പ്രവര്‍ത്തിച്ചിരുന്ന സലഫി ഭീകരത മനസ്സിലാക്കുന്നതില്‍ പൊതുസമൂഹം ഏറെ വൈകിയിരുന്നു. ദാറുല്‍ ഹറബില്‍ നിന്ന് ദാറുസ്സലാമിലേക്കുള്ള ഹിജ്റ വരെ കാര്യങ്ങള്‍ എത്തിയപ്പോഴാണ് നവോത്ഥാനവകാശികളുടെ ഭീകരത സമൂഹം മനസ്സിലാക്കിയത്. ബ്രട്ടീഷ് സാമ്രാജത്യ ശക്തികളോട് സമരസപ്പെട്ടിരുന്ന മൗദൂദിക്ക് കൃത്യമായ ഇസ്ലാമിക രാഷ്ട്രീയ സംസ്ഥാപനത്തിന്‍റെ ലക്ഷ്യങ്ങളുണ്ടായിരുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്നതില്‍ ബ്രട്ടീഷ് പാദസേവകരായിരുന്ന ആര്‍ എസ് എസിന്‍റെ മറ്റൊരു പതിപ്പായിരുന്നു മൗദൂദിസ്റ്റുകളുമെന്നത് ചരിത്രം വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ ആത്മീയ നേതൃത്വമായി കാണുന്ന ഖാജാ മുഈനുദ്ദീനും നിസാമുദ്ദീന്‍ ഔലിയയും തുടങ്ങി കേരളത്തില്‍ ഇസ്ലാമിന്‍റെ വെളിച്ചം എത്തിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച മഖ്ദൂമുമാരും ബുഖാരി സാദാത്തീങ്ങളും ഖാളി മുഹമ്മദും രാഷ്ട്ര സംസ്ഥാപനത്തിന് ശ്രമിച്ചിരുന്നില്ല. മതം പ്രചരിക്കപ്പെട്ടത് നിര്‍ബന്ധ മതപരിവര്‍ത്തനത്തിലൂടെയല്ലായിരുന്നു. മറിച്ച് ജനങ്ങള്‍ ഇസ്ലാമിന്‍റെ സൗന്ദര്യത്തെ അനുഭവിച്ച് ഇസ്ലാമിലേക്ക് ആഹ്ലാദ പൂര്‍വ്വം കടന്നുവരികയായിരുന്നു. വിധേയപ്പെടുത്തലിന്‍റെയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെയോ സ്വരങ്ങള്‍ അവിടെ മുഴക്കിയിരുന്നില്ല. ജാതീയമായ ഉഛനീചത്വങ്ങള്‍ തീവ്രമായി നിലനിന്നിരുന്ന ഒരു സമൂഹത്തിലേക്ക് സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സൗന്ദര്യങ്ങള്‍ കണ്ട് ഇസ്ലാമിലേക്ക് കൂട്ടത്തോടെ കടന്നു വരികയായിരുന്നു. മത ദര്‍ശനങ്ങള്‍ ഉള്‍വഹിക്കുന്നതോടൊപ്പം ദേശ സ്നേഹം വിശുദ്ധമായി പരിഗണിച്ചവരായിരുന്നു പൂര്‍വ്വസൂരികളായ പണ്ഡിത വൃന്ദം. അധിനിവേശ ശക്തികളോട് സന്ധിയില്ലാ പോരാട്ടത്തിന് അണികളെ സജ്ജമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് സുന്നി ഉലമാക്കളായിരുന്നു. ദേശത്തിനുവേണ്ടിയും രാഷ്ട്ര സംരക്ഷണത്തിനു വേണ്ടിയും പോരാട്ട കളത്തില്‍ ഇറങ്ങാനും രക്തം ചിന്താനും തത്പരരായിരുന്നു നേതൃത്വം. സൈനുദ്ധീന്‍ മഖ്ദൂമിന്‍റെ തുഹ്ഫത്തുല്‍ മുജാഹിദീനും ഖാളി മുഹമ്മദിന്‍റെയും ബുഖാരി സാദാത്തുക്കളുടെയും മമ്പുറം തങ്ങളുടെയും ഉമര്‍ ഖാളിയുടെയുമെല്ലാം രചന വൈഭവവുമെല്ലാം മതേതരത്വ രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. ചരിത്രത്തില്‍ ഇലാഹി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന് വേണ്ടി നിയോഗിതരായ പ്രവാചകന്മാര്‍ പോലും ഭരണപരമായി നേതൃത്വം വഹിച്ചിരുന്നില്ല. കേവലം വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് രാഷ്ട്രീയപരമായ നേതൃത്വം വഹിച്ചിരുന്നത്. യൂസുഫ് നബി(അ) ഇസ്ലാമികേതര രാഷ്ട്രത്തിലെ അഡ്മിനിസ്ട്രറ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നുള്ളത് ചരിത്രത്തില്‍ കാണാന്‍ സാധിക്കും. അമ്പിയാക്കന്മാരുടെ നിയോഗം രാഷ്ട്രീയപരമായ സംസ്ഥാപനത്തിനു വേണ്ടിയല്ലായിരുന്നു മറിച്ച് പാരത്രിക വിചാരപ്പെടലുകള്‍ക്ക് സമൂഹത്തെ പ്രാപ്തമാക്കുകയെന്നായിരുന്നു അവരുടെ ദൗത്യം. രാഷ്ട്രഭരണം നിര്‍വ്വഹിക്കുക എന്നത് ഒരു പാതകമൊന്നുമല്ല. ഭരണം ലഭിച്ചാല്‍ ഭരണം നിര്‍വ്വഹിക്കാവുന്നതാണ്. ദേശീയ വിരുദ്ധമായും അട്ടിമറികള്‍ നടത്തിയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലൂടെയും ഭരണം സാധ്യമാക്കിയ അമ്പിയാക്കളെയാരെയും ചരിത്രത്തില്‍ കാണാന്‍ സാധിക്കില്ല. തിരുനബി(സ്വ)യുടെ മദീന രാഷ്ട്ര നിര്‍മാണത്തിലായിരുന്നു ബഹുസ്വരതയുടെ മഹത്തരമായ നിയമസംഹിത ആദ്യമായി രൂപപ്പെട്ടത്.
ഐ എസിന്‍റെയും താലിബാന്‍റെയുമൊക്കെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ നബിയുടെ സായുധ പോരാട്ടങ്ങളുമായി ചേര്‍ത്തുവെച്ച് അപകടകരമാം വിധം ദുര്‍വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇസ്ലാമിലെ സായുധ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം നടന്നത് രാഷ്ട്രം ഭരിക്കുന്ന ഖലീഫമാരുടെ നേതൃത്വത്തിലായിരുന്നു. തിരുനബി(സ്വ)യായിരുന്നു മദീയിലെ ഖലീഫ അഥവാ ഭരണകര്‍ത്താവ്. രാജ്യത്തെ ശത്രുക്കളില്‍ നിന്ന് നിര്‍ഭയമാക്കുക എന്നത് ഒരു രാഷ്ട്ര നേതാവിന്‍റെ ഭരണപരമായ കര്‍ത്തവ്യമാണ്. ഇസ്ലാമിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം നടന്നത് ഒരു ഖലീഫയുടെ നേതൃത്വത്തിലായിരുന്നു. പുതിയ കാലത്ത് ഇസ്ലാമിക ശരീഅത്ത് അനുസരിച്ചുള്ള രാഷ്ട്രങ്ങളെയോ ഖലീഫമാരെയോ കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇസ്ലാമിക രീതിയനുസരിച്ചുകൊണ്ടുള്ള പോരാട്ടങ്ങളും ശിക്ഷാനടപടികളും അനുവദനീയമല്ല. തിരുനബി ജീവിതത്തില്‍ 27 ഗസ്വത്തും 47 സരിയത്തുളുമടക്കം 74 യുദ്ധങ്ങളാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രഥമ സായുധ പോരാട്ടമായ ഗസവത്ത് ബദര്‍ രൂപപ്പെട്ടത് അവകാശങ്ങളും സ്വാതന്ത്ര്യത്തെയും ഹനിക്കപ്പെട്ടപ്പോള്‍ നീതിക്കു വേണ്ടിയായിരുന്നു. തൗഹീദിന്‍റെ സന്ദേശവുമായി സമാധാനത്തില്‍ മക്കയില്‍ ജീവിച്ചിരുന്ന പ്രവാചകര്‍ തിരുനബി(സ്വ)യെയും അനുയായികളെയും അസഹ്യമാം വിധം ശത്രുക്കള്‍ പീഢിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ മക്കാ ഖുറൈശികളുടെ കിരാത വാഴ്ചകള്‍ വ്യാപകമായപ്പോള്‍ സഹിക്കവയ്യാതെ ജനിച്ച നാടും വീടും വിട്ട് മദീനയിലേക്ക് പാലായനം ചെയ്യുകയാണ് തിരുനബിയും അനുചരരും ചെയ്തത്. മദീനയിലെത്തിയിട്ടുപോലും കൊടും പകയാല്‍ തിരുനബി(സ്വ)യുടെയും അനുചരരുടെയും സ്വൈര്യ ജീവിതം അക്രമിക്കപ്പെട്ടുക്കൊണ്ടിരുന്നപ്പോള്‍ അതിജീവനത്തിന്‍റെ അനിവാര്യതയിലായിരുന്നു ബദര്‍ രണാങ്കണം രൂപപ്പെട്ടത്. ഇങ്ങനെ ഓരോ പ്രതിരോധ സായുധ സമരങ്ങള്‍ക്കും അനിവാര്യതയുടെ ചരിത്രങ്ങള്‍ പറയാനുണ്ട്. വിശ്വാസം പുല്‍കി എന്ന ഏക കാരണം കൊണ്ട് ജനിച്ച നാട്ടില്‍ തിരുനബിയും അനുചരും ഏറ്റുവാങ്ങിയ ക്രൂരവും മൃഗീയവുമായ പീഢനമുറകള്‍ ചെറുതല്ലായിരുന്നു. അബൂബക്കര്‍ (റ)വിനെ മര്‍ദ്ദിച്ചവശനാക്കി, യാസിര്‍ (റ)വിനെ അഗ്നിയിലിട്ട് വെന്തുരുക്കി, സിന്നീറ (റ)ന്‍റെ കണ്ണുകള്‍ നഷ്ടപ്പെടുത്തി, സുമയ്യ ബീവിയെ കൊടുംക്രൂരഹത്യക്ക് ഇരയാക്കി, ഖബ്ബാബ്(റ)വിന്‍റെ മുതുകില്‍ കല്ലുകയറ്റിവെച്ച് മൃഗീയമായി പീഡിപ്പിച്ചു. സത്യവിശ്വാസം ഉള്‍വഹിച്ചു എന്ന കാരണത്താല്‍ അവര്‍ ഏറ്റുവാങ്ങുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ അബ്ദുറഹ്മാന്‍ ബിന്‍ ഔഫിനെ പോലുള്ളവര്‍ അനുവാദം ചോദിച്ചപ്പോള്‍ ക്ഷമിക്കാന്‍ വേണ്ടി കല്‍പിക്കുകയായിരുന്നു മുത്ത്നബി (സ്വ). 70ഓളം സൂക്തങ്ങളിലൂടെ യുദ്ധങ്ങള്‍ നിരുത്സാഹപ്പെടുത്തിയതായി കാണാന്‍ സാധിക്കും. മദീനയിലെത്തിയിട്ടും അസഹ്യമായ പീഡനങ്ങള്‍ തുടര്‍ന്നപ്പോഴാണ് ശത്രുക്കള്‍ക്കെതിരെ പ്രതിക്രിയക്ക് രാഷ്ട്ര തലവനായിരുന്ന തിരുനബി(സ്വ) അനുമതി നല്‍കിയത്. പരിസ്ഥിതി നശിപ്പിക്കരുത്, കുട്ടികളെയും സ്ത്രീകളെയും അക്രമിക്കരുത്, തടവുകാരോട് കാരുണ്യം കാണിക്കണം, മൃത ശരീരങ്ങളെ
വെട്ടിനുറുക്കരുത്, ആരാധനാലയങ്ങള്‍ തകര്‍ക്കരുത്, ചാവേര്‍ അക്രമണം, കസ്റ്റഡി വധം, കൊള്ളിവെപ്പ്, നിരപരാധികളെ കൊല്ലല്‍ എന്നിവ സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം തുടങ്ങി തിരുനബി(സ്വ) മാതൃകപരമായ നിര്‍ദ്ദേശങ്ങള്‍ വെച്ചിരുന്നു. ഓറിയന്‍റലിസ്റ്റുകളും മറ്റു ഇസ്ലാം വിമര്‍ശകരും ഇസ്ലാമിനെതിരെ വ്യാപകമായി പടച്ചുവിടുന്ന ആരോപണമാണ് ജിഹാദ് നിര്‍ബന്ധ മതപരിവര്‍ത്തനത്തിനു വേണ്ടിയുള്ള ഒരു മതാനുവാദമാണെന്ന്. കഠിനമായ പരിശ്രമം, ഉത്സാഹം, സമരം ചെയ്യല്‍ എന്നൊക്കെയാണ് ജിഹാദ് എന്ന പദപ്രയോഗത്തിന്‍റെ വ്യത്യസ്ത അര്‍ത്ഥ തലങ്ങള്‍. സ്വന്തം ശരീരത്തെ പൈശാചിക പ്രവണതകളില്‍ നിന്ന് മുക്തിയാക്കി ആത്മീയ പാരത്രിക വിചാരപ്പെടലുകളിലേക്ക് പാകപ്പെടുത്തുന്നതാണ് ഏറ്റവും വലിയ ജിഹാദെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൈശാചിക ദുര്‍ബോധനങ്ങളില്‍ തന്‍റെ ശരീരത്തെ സൂക്ഷിക്കല്‍ ജിഹാദ് അഥവാ കഠിന പരിശ്രമമായിട്ടാണ് പഠിപ്പിക്കുന്നത്. പ്രഥമ സായുധ പോരാട്ടമായ ബദര്‍ രണാങ്കണത്തില്‍ നിന്ന് മടങ്ങുമ്പോള്‍ തിരുനബി(സ്വ) അനുചരന്മാര്‍ക്ക് നല്‍കിയ ഒരു മഹത്വരമായ സന്ദേശമാണ് “ബദറിനെക്കാള്‍ വലിയ ജിഹാദ് സ്വന്തം ഇഛകളോട് നടത്തുന്ന സന്ധിയില്ലാ സമരമാണെന്ന്”. ശത്രുക്കളോട് നടത്തുന്ന സായുധ ജിഹാദിന് ഇസ്ലാമിക രാഷ്ട്രവും ഖലീഫയുമെല്ലാം അനിവാര്യമാണ്. ജിഹാദ് വെറും സായുധ പോരാട്ടങ്ങളെയല്ല വിവക്ഷിക്കുന്നത്. മറിച്ച് സന്ദര്‍ഭങ്ങള്‍ക്കനുസൃതമായി വ്യത്യസ്തമായ അര്‍ത്ഥ തലങ്ങളുണ്ട്. മതത്തിലേക്ക് നിര്‍ബന്ധിക്കലില്ല എന്ന ഇസ്ലാമിന്‍റെ വിശുദ്ധ സന്ദേശം നിര്‍ബന്ധ മത പ്രചാരണമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. മക്ക വിജയത്തിന് ശേഷം പോലും യുദ്ധങ്ങളില്‍ തടവിലാക്കപ്പെട്ടവരെ ഇസ്ലാം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായി ചരിത്രത്തില്‍ കാണാനാവില്ല. സത്യമതത്തിന്‍റെ പ്രബോധനം നടത്തുക എന്ന ദൗത്യമാണ് തിരുനബി ചെയ്തിരുന്നത്. തടവിലാക്കപ്പെട്ട യുദ്ധ പരാജിതരെപോലും നിര്‍ബന്ധമായി മതം സ്വീകരിക്കുന്നതിന് പരിശ്രമിച്ചിട്ടില്ല. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ജീവിച്ചിരുന്ന അമുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ജീവനും സ്വത്തിനും പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പ് നല്‍കപ്പെട്ടിരുന്നു. മുസ്ലിം രാഷ്ട്രത്തെ ന്യൂനപക്ഷങ്ങളെ ദിമ്മിയ്യ് എന്നാണ് അറിയപ്പെട്ടിരുന്നത്. ദിമ്മിയ്യിന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന രാഷ്ട്ര സംവിധാനത്തിന് ജിസ്യ നല്‍കണമായിരുന്നു. ദിമ്മിയ്യിനെ വല്ലവനും ദ്രോഹിച്ചാല്‍ അന്ത്യനാളില്‍ ഞാനവന്‍റെ ശത്രുവായിരിക്കുമെന്ന് തിരുനബി(സ്വ) പ്രസ്താവിക്കുന്നു. ദിമ്മിയ്യിന് മുസ്ലിം രാഷ്ട്രങ്ങള്‍ നല്‍കുന്ന നിര്‍ഭയത്വത്തിന്‍റെ അവകാശങ്ങളുടെ വ്യാപ്തി ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ജീവിക്കുന്ന മുസ്ലിം പൗരന്മാര്‍ക്ക് രാജ്യ സേനാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് നിര്‍ബന്ധമായിരുന്നു. അക്കാരണം കൊണ്ട് തന്നെ അവര്‍ക്ക് ജിസ്യ ഇല്ലായിരുന്നു. ഇസ്ലാമിലെ നിയമവ്യവസ്ഥകള്‍ അമുസ്ലിം പൗരന്മാര്‍ക്ക് നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന്‍റെ വ്യക്തി സ്വാതന്ത്ര്യവും വളരെ വലുതായിരുന്നു. ഇസ്ലാമിലെ രാഷ്ട്ര നിയമ സംഹിതകള്‍ തീവ്രവാദത്തെയോ ഭീകരവാദത്തെയോ പ്രചോദിപ്പിക്കുന്നില്ല. അമ്പിയാക്കന്മാരോ ഉലമാക്കളോ ഇസ്ലാമിലെ ആധികാരിക പ്രമാണങ്ങളോ അതിക്രമത്തിന്‍റെയോ തീവ്രവാദത്തിന്‍റെയോ പ്രവര്‍ത്തനങ്ങളെ മുസ്ലിം സമൂഹത്തിന് പകര്‍ന്നു നല്‍കിയിട്ടില്ല. അവസാന കാലഘട്ടത്തില്‍ ഇസ്ലാം എഴുപതോളം വിഭാഗങ്ങളായി രൂപാന്തരപ്പെടും. അതില്‍ ഒരു വിഭാഗം മാത്രമെ സ്വര്‍ഗ പ്രവേശനത്തിന് അര്‍ഹരാവുകയുള്ളൂ. ഇസ്ലാമില്‍ രൂപപ്പെടുന്ന അവാന്തര വിഭാഗങ്ങളെ സംബന്ധിച്ച് ശക്തമായ ജാഗ്രത തിരുനബി (സ്വ) നല്‍കിയിട്ടുണ്ട്. തിരുനബിയും അനുചരന്മാരും പകര്‍ന്നു തന്ന പാരമ്പര്യ ഇസ്ലാമാണ് യഥാര്‍ത്ഥ ഇസ്ലാം. സ്നേഹത്തിന്‍റെയും സഹിഷ്ണുതയുടെയും അനുവര്‍ത്തിത്വത്തിന്‍റെയും മഹിതമായ മാതൃകകളാണ് യഥാര്‍ത്ഥ ഇസ്ലാം തുറന്ന് വെക്കുന്നത്.

 

Write a comment