Posted on

നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം

അബ്ദുല്‍ ബാസിത്

പ്രബോധന ദൗത്യത്തിന്‍റെ ആരംഭ ഘട്ടം, ജബല്‍ അബീ ഖുബൈസിന്‍റെ താഴ്വരയില്‍ ഒരുമിച്ച് കൂടിയ ഖുറൈശികളോട് മുത്ത് നബി (സ) ചോദിച്ചു: ഈ മലക്കപ്പുറത്തു നിന്ന് ഒരു സംഘം നിങ്ങളെ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, തീര്‍ച്ചയായും വിശ്വസിക്കും. അങ്ങിതുവരെ ഞങ്ങളോട് കളവു പറഞ്ഞിട്ടില്ലല്ലോ.. അവര്‍ പ്രത്യുത്തരം നല്‍കി. ആ സമയം പ്രവാചകര്‍ (സ) തൗഹീദിന്‍റെ സത്യം അവരോട് പ്രഖ്യാപിച്ചു. പെടുന്നനെ പിതൃവ്യന്‍ അബൂലഹബ് എണീറ്റ് നിന്ന് ” മുഹമ്മദേ, നിനക്ക് നാശം” എന്നു ശപിച്ചു. പ്രവാചകത്വത്തിന്‍റെ തുടക്കം മുതലെ ആക്ഷേപങ്ങളുടെ അഭിമുഖീകരണങ്ങളായിരുന്നു റസൂലിന്. സത്യ മതവുമായി വന്നവരൊക്കെ ഈ രീതിയില്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകരുടെ ജീവിതത്തിലുടനീളവും പ്രവാചക നിന്ദ നില നിന്നതായി കാണാം. മാരണക്കാരന്‍, വ്യാജന്‍, ഭ്രാന്ത് പിടിച്ചവന്‍, ജിന്നു ബാധിച്ചവന്‍ എന്നൊക്കെ മക്കയിലെ മുശ്രിക്കുകള്‍ മുത്ത് നബിയെ നിന്ദിച്ചിരുന്നു. ഖുര്‍ആനിനെയും മിഅ്റാജിനെയും അവര്‍ പരിഹാസ രൂപേണയായിരുന്നു നോക്കിക്കണ്ടത്. നബി (സ) യുടെ ജീവിത ശേഷവും പ്രവാചക നിന്ദ തുടര്‍ന്നുകൊണ്ടിരുന്നു. വൈജ്ഞാനിക വിമര്‍ശനങ്ങള്‍ പിന്നീട് അന്ധമായ വിദ്വേഷത്തിലേക്കും നുണ പ്രചാരണങ്ങളിലേക്കും വഴിമാറിയെന്നത് സത്യം. ഡെന്മാര്‍ക്കിലെ ഡാനിഷ് പത്രം പ്രസിദ്ധീകരിച്ച കുര്‍ട്ട് വെസ്റ്റ് ഗാര്‍സിന്‍റെ കാര്‍ട്ടൂണ്‍, സല്‍മാന്‍ റുഷ്ദിയുടെ സാത്താനിക് വേഴ്സസ്, ബാസില്‍ നകോലയുടെ ഇന്നസെന്‍സ് ഓഫ് മുസ്ലിംസ്, പാരീസിലെ ഷാര്‍ലി ഹെബ്ദോയുടെ കാര്‍ട്ടൂണ്‍ തുടങ്ങിയവ സമീപകാലത്ത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയ പ്രവാചക നിന്ദകള്‍ക്കുദാഹരണങ്ങളാണ്. അതിനു പുറമേ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ നടന്ന പല സംവാദങ്ങള്‍ വേറെയും. അവസാനമായി ഇന്ത്യയിലെ നുപൂര്‍ ശര്‍മ്മ നടത്തിയ പ്രവാചക നിന്ദയും അന്താരാഷ്ട്ര ചര്‍ച്ചക്ക് വേദിയൊരുക്കി. എന്ത്കൊണ്ട് പ്രവാചകര്‍ (സ്വ) വിമര്‍ശിക്കപ്പെടുന്നു? ലോകത്ത് ഒട്ടേറെ മതങ്ങളും വിശ്വാസങ്ങളുമുണ്ട്. അവക്കെല്ലാം മതാചാര്യന്മാര്‍ അല്ലെങ്കില്‍ സ്ഥാപകരുണ്ട്. അവരാരും വിമര്‍ശിക്കപ്പെടാത്ത തോതില്‍ ഇസ്ലാമും ഖുര്‍ആനും മുഹമ്മദ് നബിയും വിമര്‍ശിക്കപ്പെടുന്നു.

താത്പര്യങ്ങള്‍

ആരാണ് മുഹമ്മദ് നബി എന്ന തിരിച്ചറിയലില്‍ നിന്നു വേണം പ്രവാചക വിമര്‍ശനങ്ങളെ വായിച്ചെടുക്കാന്‍. നബി (സ്വ)യുടെ ജീവിതം മക്കയും മദീനയും കേന്ദ്രീകരിച്ചായിരുന്നു. പ്രവാചക ലബ്ധിക്കു മുന്നെ മക്കയില്‍ സര്‍വാംഗീകൃതനായ പ്രവാചകര്‍ (സ്വ) സത്യമതത്തിന്‍റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതോടെയാണ് ആക്ഷേപ വിധേയനാകുന്നത്. തങ്ങളുടെ പാരമ്പര്യ വിശ്വാസത്തിലെ യുക്തിയും പുതിയ മതത്തിന്‍റെ യുക്തി രാഹിത്യവുമായിരുന്നില്ല വിമര്‍ശനങ്ങള്‍ക്ക് ആധാരമായത്. പല സന്ദര്‍ഭങ്ങളിലും മുഹമ്മദ് (സ്വ)യുടെ വാദങ്ങള്‍ ശരിയാണെന്ന് തിരിച്ചറിഞ്ഞിട്ടും അധികാര നഷ്ടങ്ങളെയാലോചിച്ചായിരുന്നു അവര്‍ പിന്മാറിയത്. ഞങ്ങളിവിടെയുണ്ടാകുമ്പോള്‍ മുഹമ്മദാണോ പ്രവാചകനാകേണ്ടത് എന്നതായിരുന്നു ചിലരുടെ പ്രശ്നം. സമത്വ നിലപാട് സ്വീകരിക്കുന്ന മതത്തിലേക്ക് ചേര്‍ന്നാല്‍ തങ്ങളുടെ അധികാര ധാര്‍ഷ്ട്യങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുമോ എന്നായിരുന്നു മറ്റുചിലരുടെ പ്രശ്നം. ഇസ്ലാം വളരുന്നതും വിശ്വാസികളുടെ എണ്ണം ത്വരിതപ്പെടുന്നതും അവരെ വളരെ അസ്വസ്ഥരാക്കി. അന്യനാടുകളില്‍ നിന്ന് മക്കയില്‍ വരുന്നവരെ മുസ്ലിംകള്‍ക്കിടയില്‍ പെടാതെ സംരക്ഷിക്കാന്‍ അവര്‍ ആവതും ശ്രമിച്ചു. എന്തിനേറെ ഖുര്‍ആന്‍ കേട്ടാല്‍ അതിന്‍റെ മാസ്മരികത തങ്ങളുടെ മനം കവരുമോ എന്ന് ഭയന്ന് പലപ്പോഴും അവര്‍ ചെവിയടച്ച് നടക്കേണ്ടി വന്നു. ഇസ്ലാം വളരുന്നതും മുസ്ലിംകളുടെ എണ്ണം പെരുകുന്നതുമായിരുന്നു അവരുടെ പ്രശ്നം, അവിടെ നഷ്ടപ്പെടുന്ന അവരുടെ അപ്രമാദിത്യവും.
റസൂല്‍ (സ്വ)യുടെ പാലായനത്തോടെ യസ്രിബിന്‍റെ രാഷ്ട്രീയ സാഹചര്യം മദീനത്തുന്നബവിയിലേക്ക് കൂറുമാറുകയായിരുന്നു. അവിടെ വളര്‍ന്നിരുന്ന ജൂത-ക്രൈസ്തവ സമൂഹങ്ങള്‍ക്ക് ഇസ്ലാമിക വളര്‍ച്ചയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അവര്‍ക്കുണ്ടായിരുന്ന അധികാര പഥങ്ങള്‍ മാഞ്ഞുപോകുന്നതിലായിരുന്നു അവരുടെ വിഷമം. പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുഹമ്മദ് നബി (സ്വ) കോടിക്കണക്കിനു വിശ്വാസി മനസ്സുകളില്‍ പ്രതിമകളും പ്രതിഷ്ഠകളുമില്ലാതെ ജീവിക്കുകയാണ്. ഓരോ വിശ്വാസിയുടെയും സ്നേഹഭാജനമായി മാറുന്നു തിരുനബി (സ്വ). സ്നേഹാധിക്യത്തി ന്‍റെ തോതാണ് വിശ്വാസത്തിന്‍റെ മാനദണ്ഡം. ലോകത്ത് മറ്റൊരു മതാചാര്യനും സ്മരിക്കപ്പെടാത്തയത്ര അളവിലുള്ള ഈ പ്രവാചക പ്രകീര്‍ത്തനങ്ങളെ അതിജീവിക്കാനാണ് പ്രവാചക നിന്ദകര്‍ ശ്രമിക്കുന്നത്. സ്ത്രീ ലമ്പടനെന്നു പറഞ്ഞ് മുത്ത് നബിയെ പ്രചരിപ്പിക്കുമ്പോള്‍ റസൂലിന്‍റെ വിവാഹങ്ങള്‍ക്ക് പിന്നില്‍ നടന്ന ധാര്‍മിക, മാനവിക മൂല്യങ്ങള്‍ പോലും മറച്ചു പിടിക്കുകയാണ്. തങ്ങളുടെ മതമൂല്യങ്ങളെല്ലാം സമൂഹത്തിന് മുമ്പില്‍ നിരര്‍ത്ഥകമാവുകയും ഖുര്‍ആനും ഇസ്ലാമും വളര്‍ന്ന് പന്തലിക്കുകയും ചെയ്യുമ്പോള്‍ അതിന് തടയിടാനാണ് പ്രവാചക നിന്ദയും ഖുര്‍ആന്‍ വിമര്‍ശനങ്ങളും പുറത്തുവരുന്നത്. അതിലുപരി കൃത്യമായ ചില രാഷ്ട്രീയ താത്പര്യങ്ങള്‍ കൂടി പ്രവാചക നിന്ദക്കുണ്ട്. പ്രവാചകന്‍ (സ്വ) ലോക മുസ്ലിംകളുടെ മനസ്സകങ്ങളില്‍ ജീവിക്കുകയാണെന്നും പ്രവാചക നിന്ദ അവരുടെ മസ്തിഷ്കങ്ങളെ പ്രതികരണ ശക്തി ഉദ്ദീഭവിപ്പിക്കാന്‍ ഹേതുവാകുമെന്നുള്ള ദുര്‍ധാരണയിലാണത്. പ്രവാചക നിന്ദ നടത്തുമ്പോള്‍ ലോകമുസ്ലിംകള്‍ പ്രതിഷേധ ധ്വനികളുമായി രംഗത്തുവരും. ഒരേസമയം പ്രവാചകന്‍ പ്രാകൃതനായിരുന്നു എന്നതിനോടൊപ്പം ഇസ്ലാം പൊതുധാരയുമായി ഒത്തുപോകില്ല, അവര്‍ അക്രമകാരികളാണ്, വിമര്‍ശനങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്നില്ല തുടങ്ങിയ സന്ദേശങ്ങളെ സമൂഹത്തില്‍ സന്നിവേശിപ്പിക്കാന്‍ അവസരമാക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ ഇവിടുത്തെ മാധ്യമങ്ങളത്രയും പറഞ്ഞുവെച്ചത് അത്രേയുള്ളൂ. അതോടൊപ്പം സമകാല പ്രവാചക വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍ മറ്റൊരു രാഷ്ട്രീയ താത്പര്യം കൂടിയുണ്ട്. മുസ്ലിം രോഷം പൊട്ടിപ്പുറപ്പെടുവിക്കുകയും അത് നിക്ഷേപമാക്കി ഫോബിയ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. വേള്‍ഡ് ട്രൈഡ് സെന്‍റര്‍ തകര്‍ന്ന സംഭവത്തെ തുടര്‍ന്നുണ്ടായ ഇസ്ലാമിക വളര്‍ച്ചക്ക് തടയിടാനുള്ള താല്‍പര്യങ്ങള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ വ്യക്തമായിക്കാണാം. പല പാശ്ചാത്യ വിദ്യകളെയും തകര്‍ത്തെറിഞ്ഞ് അറബ് വസന്തം അരങ്ങേറുകയും ഈജിപ്ത് അതിന്‍റെ തനത് വ്യക്തിത്വം വീണ്ടെടുക്കുകയും അറേബ്യന്‍ ലോകത്തിന്‍റെ അച്ചുതണ്ട് ശക്തമായി ഉയര്‍ന്നു വരികയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പുറത്തിറങ്ങുന്നത്. ഈജിപ്തില്‍ മുസ്ലിംകളും കോപ്റ്റുകളും തമ്മിലുള്ള ബന്ധം വഷളാക്കുകയും അക്രമസ്വഭാവം അറബികളുടെ നിത്യസ്വഭാവമാണെന്നു വരുത്തിതീര്‍ക്കലുമായിരുന്നു ചിത്രത്തിന്‍റെ താത്പര്യം. ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പുറത്തിറങ്ങി ഒരു വര്‍ഷം വരെ അതിനെ കുറിച്ച് ചര്‍ച്ചകളൊന്നും എവിടെയും നടന്നിട്ടില്ല. വിവാദമാക്കാനുള്ള സമയം വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രംഗം ഷെയര്‍ ചെയ്യുകയും മുഖ്യധാരയില്‍ ചര്‍ച്ച കൊണ്ടുവരികയും ചെയ്തു. പ്രശ്നങ്ങളും പ്രതിഷേധങ്ങളും വിമര്‍ശകര്‍ തന്നെ സ്വമേധയാ സൃഷ്ടിക്കുകയായിരുന്നു. അറബ് വസന്തത്തിന്‍റെ ഗതിമാറ്റാനും സാമ്പത്തിക വിഷയങ്ങളില്‍ നിന്ന് മുസ്ലിം മനസ്സുകളെ സാംസ്കാരിക പ്രശ്നങ്ങളിലേക്ക് വഴി തിരിക്കുകയുമായിരുന്നു പ്രേരകം. ലോകമാകെ വളരുന്ന മുതലാളിത്തത്തിനെതിരെയുള്ള ഇസ്ലാമിക ബദല്‍ പാശ്ചാത്യ ലോബികളെ ചൊടുപ്പിക്കുന്നുണ്ടെന്ന് ചുരുക്കം.
സാത്താനിക് വേഴ്സസിന് പിന്നിലും കൃത്യമായ രാഷ്ട്രീയ ബോധമുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ അക്കാഡമിഷ്യന്‍ ഡോ. അബ്ദുല്‍ വഹാബിനോട് എഡ്വേര്‍ഡ് സഈദ് പറയുന്നു: “സാത്താനിക് വേഴ്സസ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് റുഷ്ദിയുടെ വീട്ടില്‍ ഞാന്‍ വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു. വിരുന്നിന് ശേഷം റുഷ്ദി എന്നെ തന്‍റെ ലൈബ്രറിയിലേക്ക് ആനയിച്ചു. നോവലിന്‍റെ കയ്യെഴുത്ത് പ്രതി എന്നെ കാണിച്ചുകൊണ്ട് പറഞ്ഞു: ഈ കൃതി മുസ്ലിംകളെ നന്നായി പ്രകോപിപ്പിക്കും.” മുസ്ലിംകളെ പ്രകോപിതരാക്കി ഇസ്ലാമോഫോബിയക്ക് നിക്ഷേപമാക്കുന്ന രാഷ്ട്രീയ താത്പര്യങ്ങള്‍ക്കൊപ്പം പ്രശസ്തി നേടാനും ചര്‍ച്ചയാകാനും എളുപ്പവഴിയായി ഇസ്ലാമിക വിമര്‍ശനങ്ങളെ തങ്ങളുടെ രചനകളിലും മാധ്യമങ്ങളിലും ഉപയോഗപ്പെടുത്തുന്നവരുമുണ്ട്. ഇതിനു കാരണം ഇസ്ലാമിക വിമര്‍ശനങ്ങള്‍ക്ക് ആഗോള തലത്തില്‍ സൃഷ്ടിച്ചെടുക്കാവുന്ന പിന്തുണയാണ് ഏറ്റവും നല്ല ബിസിനസ് തന്ത്രമെന്ന തിരിച്ചറിവാണ്. സമീപ കാലത്ത് ഇന്ത്യയില്‍ നടന്ന പ്രവാചക നിന്ദയിലും ഇതര ബാഹ്യ പ്രേരകങ്ങളെ തേടിപ്പോകേണ്ടതില്ല. കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തിലധിഷ്ഠിതമായതാണത്. രാജ്യത്ത് മുസ്ലിംകള്‍ അക്രമകാരികളാണെന്നും അസഹിഷ്ണുതയുള്ളവരാണെന്നും വരുത്തി തീര്‍ത്ത് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ചുവടുവെപ്പുകളായേ ഇതിനെ കാണേണ്ടതുള്ളൂ. അതോടൊപ്പം രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥകള്‍ക്കുള്ള മറ പിടിക്കല്‍ കൂടിയാണ് ഇത്തരം പ്രവണതകള്‍. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനം ദിനം പ്രതി കുറഞ്ഞുവരുന്നു. തൊഴിലില്ലായ്മയും വിലക്കയറ്റവും ത്വരിതപ്പെടുന്നു. അന്താരാഷ്ട്ര കമ്പോളത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുക തുടങ്ങി രാജ്യമനുഭവിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, മറ്റു രാഷ്ട്രീയ-ഭരണ പോരായ്മകളെ മുഖ്യധാരാ ചര്‍ച്ചകളില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ നമ്മുടെ ഗവണ്‍മെന്‍റും സഖ്യ ശക്തികളും എന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനായി വര്‍ഗീയ ചര്‍ച്ചകള്‍ പുറത്തുവിട്ട് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതാണ് നടപ്പുരീതി. നൂപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദയും അത്തരത്തിലുള്ളതായി കാണാം.

പ്രതിഷേധത്തിന്‍റെ രീതിശാസ്ത്രം

ഇന്നസെന്‍സ് ഓഫ് മുസ്ലിംസ് പുറത്തിറങ്ങിയ കാലത്ത് ലോകമെമ്പാടും പ്രതിഷേധ ജ്വാലകള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പല പ്രതിഷേധങ്ങളും പരിധിവിടുകയായിരുന്നു. പാക്കിസ്ഥാനിലും ലിബിയയിലുമാണ് പ്രതിഷേധം അക്രമാസക്തമായത്. ലിബിയയില്‍ യു എസ് എംബസിയിലേക്ക് മാര്‍ച്ച് നടത്തുകയും നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് അടക്കം നാല് എംബസി ജീവനക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. പാക്കിസ്ഥാനില്‍ യു എസ് വിരുദ്ധ കലാപം യുഎസിനോട് മൃദുല നയം സ്വീകരിക്കുന്ന ഗവണ്‍മെന്‍റിനെതിരെയാകുകയും പോലീസുമായി നടന്ന ഏറ്റുമുട്ടലില്‍ ധാരാളം പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ഇരുപതോളം പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കന്‍ വിരോധത്തിന്‍റെ പേരില്‍ അവര്‍ അവരുടെ സഹോദരങ്ങളെ തന്നെ കൊലക്ക് കൊടുക്കുകയായിരുന്നു. എന്തായിരുന്നു ഈ പ്രതിഷേധങ്ങളുടെ പ്രതിഫലനങ്ങള്‍? മുസ്ലിംകള്‍ അക്രമാസക്തരാണെന്ന് മുഖ്യധാരയില്‍ പ്രകടിപ്പിക്കപ്പെട്ടു. രാഷ്ട്രീയപരമായി ലിബിയയിലും പാക്കിസ്ഥാനിലും പിന്നെന്ത് സംഭവിച്ചു? ഇരു രാജ്യങ്ങളിലെയും ആഭ്യന്തര വിഷയങ്ങളില്‍ അമേരിക്ക കയറിച്ചെന്നതെങ്ങനെ? ഇന്നസെന്‍സ് ഓഫ് മുസ്ലിംസിന് അങ്ങനെയും താത്പര്യങ്ങളുണ്ടായിരുന്നോ? ഡാനിഷിന്‍റെയും ചാര്‍ലി ഹെബ്ദോയുടെയും കാര്‍ട്ടൂണുകളെയും മുസ്ലിം ലോകം കൈകാര്യം ചെയ്ത രീതിയും സമാനമായിരുന്നു. വിമര്‍ശിച്ചവര്‍ക്ക് മാപ്പ് നല്‍കിയ പ്രവാചകരുടെ ഏത് മാതൃകകളാണിതില്‍ ഉള്‍ക്കൊള്ളുന്നത്. വിട്ടുവീഴ്ചയും മാപ്പുനല്‍കലുമായിരുന്നു മുത്ത് നബിയുടെ മുഖമുദ്ര. തന്നെ വിമര്‍ശിച്ചവരെയും മര്‍ദിച്ചവരെയും ഒരുപോലെ മാപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു റസൂല്‍. 13 വര്‍ഷത്തെ നിരന്തര മര്‍ദ്ദന, പീഡന, പരിഹാസങ്ങള്‍ക്കൊടുവിലാണ് പ്രവാചകരും അനുചരരും മക്ക വിടുന്നത്. സ്വീകരിച്ചിരുത്തിയ മദീനയില്‍ പോലും സ്വൈര്യ ജീവിതത്തിന് മക്കാമുഷ്രിക്കുകള്‍ അനുവദിച്ചില്ല. 8 വര്‍ഷങ്ങള്‍ക്ക് ശേഷം മക്ക കീഴടക്കാന്‍ വരുന്ന പ്രവാചകര്‍ (സ്വ) പൊതുമാപ്പ് പ്രഖ്യാപിക്കുകയാണ്: “സ്വന്തം വീടുകളിലിരുന്നവര്‍ സുരക്ഷിതര്‍, അബൂസുഫിയാന്‍റെ ഭവനത്തിലുള്ളവര്‍ നിര്‍ഭയര്‍, കഅ്ബയിലുള്ളവരും സുരക്ഷിതര്‍. ” വാളുയര്‍ത്തേണ്ടി വന്ന ഖാലിദ് ബിന്‍ വലീദിന്‍റെ പ്രവൃത്തിയില്‍ അപലപിച്ച മുത്ത് നബിയുടെ മാതൃകയാകണം പ്രവാചക നിന്ദക്കെതിരെയുളള ഇന്നത്തെ പ്രതിഷേധങ്ങളും. കനയ്യലാല്‍ കൊല്ലപ്പെട്ടത് അപലപിക്കപ്പെടേണ്ടതാണ്. മതനിന്ദ തെറ്റായ രാജ്യത്ത് പ്രവാചക നിന്ദ നടത്തിയവരെ നിയമപരമായി നേരിടാം. കായിക പെരുമാറ്റമല്ല വേണ്ടത്. അതിലെല്ലാമുപരി മുത്ത് നബി വിമര്‍ശിക്കപ്പെടുമ്പോള്‍ ബൗദ്ധിക തലങ്ങളിലെല്ലാം പ്രവാചകരെ കുറിച്ച് കൂടുതല്‍ വായിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്. അത്തരമിടങ്ങളില്‍ മുത്ത് നബിയെ വ്യക്തമായി ചിത്രീകരിക്കാനാവണം. റസൂലിന്‍റെ സമത്വ, സാഹോദര്യ, സഹിഷ്ണുത സന്ദേശങ്ങളെ, പ്രവാചകര്‍ കൊണ്ടുവന്ന വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളെ, കുടുംബാണു മുതല്‍ രാഷ്ട്ര നേതാവ് വരെയുള്ള തിരുനബി കൊളുത്തിയ ഉദാത്ത മാതൃകകളെല്ലാം വരച്ചു കാണിക്കണം. അവിടെ നിന്ദകരുടെ താത്പര്യങ്ങള്‍ പരാജയപ്പെടും. മുത്ത് നബി (സ്വ) കൂടുതല്‍ വാഴ്ത്തലുകള്‍ക്ക് പാത്രീഭവിക്കും.

Write a comment