ജ്ഞാനലോകത്തെ നിസ്തുല പ്രഭ

ഫവാസ് മൂര്‍ക്കനാട്‌

 

ഖുറാസാനിലെ സഅദുദ്ദീൻ തഫ്താസാനി എന്ന പണ്ഡിതന്റെ ഗ്രന്ഥങ്ങളുമായി ഞാൻ പരിചയപ്പെടുകയുണ്ടായി. അവ കർമ്മ ശാസ്ത്രം, നിദാന ശാസ്ത്രം, വിശ്വാസം, അലങ്കാരം തുടങ്ങി നിരവധി വിജ്ഞാനങ്ങൾ ഉൾകൊള്ളുന്നതും ഇൗ ശാഖകളിലെല്ലാം അദ്ദേഹത്തിന്റെ ഭദ്രമായ അടിത്തറയും സമർത്ഥന നൈപുണ്യം വിളിച്ചോതുന്നവയുമായിരുന്നു” – ഹിജ്റ 784ൽ ചരിത്രകാരനായ സഞ്ചാരി ഇബ്നു ഖൽദൂൻ ഇൗജിപ്ത് സന്ദർശിച്ചപ്പോൾ തഫ്താസാനിയുടെ രചനകളെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ.
ജ്ഞാനലോകത്തെ അത്ഭുത വ്യക്തിത്വമാണ് സഅദുദ്ദീൻ തഫ്താസാനി(റ). തന്റെ വൈജ്ഞാനിക പരമായ ഇടപെടൽ കൊണ്ട് ലോകത്ത് ജ്ഞാന വസന്തം തീർത്ത തഫ്താസാനി ഇമാം വെറുമൊരു ഇസ്ലാമിക പണ്ഡിതൻ മാത്രമായിരുന്നില്ല. മറിച്ച്, അറബി സാഹിത്യത്തിന്റെ ആധികാരിക നിയമങ്ങൾ ലോകത്തിന് പഠിപ്പിച്ച് കൊടുക്കുക കൂടി ചെയ്ത മഹാമനീഷിയുമാണ്.
ജീവിതകാലം മുഴുവൻ വിജ്ഞാനം നുകരാനും അത് പ്രചരിപ്പിക്കാനുമായി ഇമാം വിനിയോഗിച്ചു. തന്റെ മുമ്പിലുള്ള മുഴുവൻ വിജ്ഞാന മേഖലകളിലും അഗാധ പാണ്ഡിത്യം നേടി. വിജ്ഞാന ശേഖരണത്തിനായി വിവിധ നാടുകളിലൂടെ സഞ്ചരിച്ച വേളകളിൽ പല തരത്തിലുള്ള ത്യാഗങ്ങളും പ്രയാസങ്ങളും ഇമാമിന് സഹിക്കേണ്ടി വന്നിട്ടുണ്ട്. കേരളീയ മത പഠന മേഖലകളിൽ ഇമാം തഫ്താസാനി സുപരിചിതനാണ്. ദർസ് പഠനം മുതൽ മത പഠനത്തിന്റെ ഏത് മേഖലയിലും ഇമാമിന്റെ സാന്നിധ്യം നമുക്ക് ദർശിക്കാൻ സാധിക്കും. മതപഠന രംഗത്തെ ബിരുദ കോഴ്സുകൾ പൂർത്തീകരിക്കുന്നത് തഫ്താസാനി ഇമാമിന്റെ മുത്വവ്വൽ, മുഖ്തസർ എന്നീ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഹിജ്റ 712 ലെ സഫറിൽ ഖുറാസാനിലെ നസാ പ്രവിശ്യയിലെ തഫ്താസാനിലാണ് തഫ്താസാനി ഇമാം ജനിക്കുന്നത്. ഖാളി ഫഖ്റുദ്ദീൻ ഉമറാണ് പിതാവ്. മസ്ഉൗദ് ബിൻ അൽഖാളി ഫഖ്റുദ്ദീൻ ബിൻ ഉമർ ബിൻ മൗല അഅ്ളം ബുർഹാൻ അബ്ദുല്ല ബിൻ അൽഅമാം ശംസുദ്ദീൻ ഹഖുദ്ദീൻ എന്നാണ് യഥാർത്ഥ പേര്. നസാ പട്ടണത്തിൽ നിന്ന് തന്നെ അറബി ഭാഷയിലെ പ്രാഥമിക പഠനങ്ങൾ അഭ്യസിക്കുകയും വിശുദ്ധ ഖുർആൻ മനഃപാഠമാക്കുകയും ചെയ്തു. വിജ്ഞാന സമ്പാദനത്തിനും ഗവേഷണത്തിനുമുള്ള സമർപ്പിത ജീവിതമായിരുന്നു മഹാന്റേത്. വിജ്ഞാനം അന്വേഷിച്ച് കൊണ്ട് സമർഖന്ദിലേക്കാണ് ഇമാം ആദ്യം പോയത്. അവിടെ നിന്ന് തർക്കശാസ്ത്രം, വചന ശാസ്ത്രം, അലങ്കാരം തുടങ്ങിയ വിജ്ഞാന മേഖലകളിൽ അഗാധ പാണ്ഡിത്യം നേടി. അറിവന്വേഷിച്ച് കൊണ്ട് ജുർജാനിയ്യ, ഖുവാരിസ്മ്, കലിസ്താൻ, ഹറാത് തുടങ്ങിയ പൗരസ്ത്യ ദേശങ്ങളിലൂടെയെല്ലാം മഹാൻ കറങ്ങി. അറിവ് കരസ്ഥമാക്കുന്നതിൽ സ്ഥിരോത്സാഹിയായ വിദ്യാർത്ഥി എന്നതിലുപരി ലക്ഷണമൊത്ത അധ്യാപകൻ കൂടിയായിരുന്നു ഇമാം.
തഫ്താസാനി ഇമാമിന്റെ അതുല്യമായ നേട്ടത്തിന് പിന്നിൽ വലിയ കഷ്ടപ്പാടിന്റെയും നിരന്തരമായ കഠിനാധ്വാനത്തിന്റെയും കഥയുണ്ട്. വിഢിത്തത്തിനും മന്ദതയ്ക്കുമെല്ലാം ഉദാഹരിക്കപ്പെട്ട് സഹപാഠികളുടെ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നപ്പോഴും അതിലൊന്നും പരിഭവിക്കാതെയും പതറാതെയും അറിവിന്റെ വാതായനങ്ങൾ തേടി യാത്ര ചെയ്യുകയായിരുന്നു മഹാൻ. ഗ്രാഹ്യ ശക്തിയും ഒാർമ്മ ശക്തിയും നന്നേ കുറഞ്ഞ ഇമാമിന് ദർസിൽ പഠിക്കുന്നതൊന്നും മനസ്സിലായിരുന്നില്ല. ഒരു ദിവസം ഇമാം തനിച്ചിരിക്കുമ്പോൾ ഒരപരിചിതൻ വന്ന് പറഞ്ഞു: “എഴുന്നേൽക്കൂ..സഅദുദ്ദീൻ നമുക്കൊരു യാത്ര പോകാം’ “നിരന്തരം പരിശ്രമിച്ചിട്ടും എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്നിട്ടാണോ യാത്ര, ഞാൻ യാത്ര ചെയ്യാൻ വേണ്ടി ജനിച്ചവനല്ല. യാത്ര ചെയ്താലെങ്ങനെയാ എന്റെ പഠനം നടക്കുക?’ ഇമാമിന്റെ മറുപടി കേട്ട് അപരിചിതൻ അന്താളിച്ച് പോയി. അപരിചിതൻ രണ്ടാമതും മൂന്നാമതും വന്നപ്പോഴും ഇമാമിന്റെ മറുപടിക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല. മൂന്നാമത്തെ തവണ അപരിചിതൻ പറഞ്ഞു: “നിങ്ങളെ റസൂൽ വിളിക്കുന്നു.’ അപരിചിതന്റെ മറുപടി കേട്ടയുടനെ പരിസരം മറന്ന് അപരിചിതന്റെ കൂടെ തിരിച്ചു. നാട് കടന്ന് മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തെത്തി. അവിടെ നബി(സ്വ)യും സ്വഹാബത്തും ഒരു മരച്ചുവട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു. നബി തങ്ങൾ പുഞ്ചിരിച്ച് കൊണ്ട് ചോദിച്ചു: “പലതവണ ആളെ അയച്ചിട്ടും താങ്കൾ വരാത്തതെന്തേ?’ “തങ്ങളാണ് വിളിക്കുന്നെതന്നറിഞ്ഞില്ല.’ വളരെ വിനയത്തോടെയായിരുന്നു തങ്ങളുടെ മറുപടി. തുടർന്ന് നബി തങ്ങൾ മഹാനോട് വായ തുറക്കാൻ ആവശ്യപ്പെട്ടു. ഇമാമിന്റെ വായയിലേക്ക് തുപ്പിക്കൊടുത്തു. മടങ്ങാൻ കൽപിച്ചു. പിറ്റേ ദിവസം മഹാൻ ക്ലാസിൽ സംശയം ചോദിച്ചു. സഹപാഠികളൊന്നും അത് കേട്ട ഭാവം നടിച്ചില്ല. പക്ഷെ അൽപ നേരം മിണ്ടാതിരുന്ന ഗുരു പറഞ്ഞു: “ഇന്നലെയുള്ള സഅദിനെയല്ല ഇന്ന് കാണുന്നത്.’ അവിടം മുതൽ വിജ്ഞാന മേഖല വെട്ടിപ്പിടിക്കാനുള്ള ജൈത്രയാത്ര ആരംഭിക്കുയായിരുന്നു മഹാൻ.
ഹദീസ്, തഫ്സീർ, ശാഫി, ഹനഫി, കർമ ശാസ്ത്രം, വ്യാകരണം, അലങ്കാരം, തർക്ക ശാസ്ത്രം തുടങ്ങി വ്യത്യസ്ത വിജ്ഞാനീയങ്ങളിൽ പ്രൗഢമായ രചനകൾ ആ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്. ഇസ്സുദ്ദീൻ അബൂ ഫാദിൽ ഇബ്റാഹീം ബിൻ അബ്ദുൽ വഹാബ് അസ്സൻജാനിയുടെ വിഖ്യാതമായ വ്യാകരണ ഗ്രന്ഥത്തിന് വിശദീകരണമെഴുതിയാണ് രചനാ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. ഇമാമിന്റെ പതിനാറാമത്തെ വയസ്സിലായിരുന്നു ഇത്. ശറഹു തസ്രീഫിസ്സൻജാനി, ശറഹു തസ്രീഫിൽ ഇസ്സി എന്നീ പേരുകളിലാണ് ഇൗ ഗ്രന്ഥം അറിയപ്പെടുന്നത്. പ്രസ്തുത ഗ്രന്ഥത്തിന് പുറമെയുള്ള മറ്റൊരു വ്യാകരണ ഗ്രന്ഥമാണ് ഇർശാദുൽ ഹാദി.
അറബി അലങ്കാര ശാസ്ത്രത്തിന്റെ കുലപതികളിലൊരാളാണ് ഇമാം തഫ്താസാനി (റ). ഇൽമുൽ മആനി, ഇൽമുൽ ബദീഅ്, ഇൽമുൽ ബയാൻ തുടങ്ങിയ ഇതിവൃത്തങ്ങളിൽ നിരവധി രചനകൾ നടത്തി. ദിമശ്ഖിലെ ഖത്വീബ് എന്നറിയപ്പെടുന്ന ഖസ്വീനി ഇമാമിന്റെ തൽഖീസുൽ മിഫ്താഹിന്റെ വ്യാഖ്യാന ഗ്രന്ഥമാണ് ഇമാം തഫ്താസാനിയുടെ മാസ്റ്റർ പീസായി അറിയപ്പെടുന്നത്. മുത്വവ്വൽ എന്നറിയപ്പെടുന്ന ബൃഹത്തായ വ്യാകരണ ഗ്രന്ഥവും അതിനെ ചുരുക്കി രണ്ടാമത് രചിച്ച മുഖ്തസറും അറബി അലങ്കാര സാഹിത്യത്തിലെ ആധികാരിക ഗ്രന്ഥങ്ങളാണ്. മുത്വവ്വൽ രചന പൂർത്തിയായപ്പോൾ അന്നത്തെ സുൽത്താൻ തൈ ലംഗ് ഹറാത് കോട്ടയുടെ വാതിൽക്കൽ ഇൗ ഗ്രന്ഥം കെട്ടിത്തൂക്കിയതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
ഒരിക്കൽ തൈമൂർ രാജാവ് തന്റെ സന്ദേശവാഹകനെ ഒരു പ്രധാനപ്പെട്ട ഒത്തുതീർപ്പിനായി പറഞ്ഞയച്ചു. തദവസരത്തിൽ രാജാവ് അയോളോട് പറഞ്ഞു: “യാത്രക്കിടയിൽ നിനക്ക് കുതിരയെ ആവശ്യമായി വന്നാൽ അതിനെ എവിടെ കണ്ടാലും എടുക്കാൻ സമ്മതമുണ്ട്. അത് അബൂ ശഹ്റബിന്റെ അടുക്കൽ ആയാലും ശരി.’ യാത്രക്കിടയിൽ അയാൾ വഴിയരികിൽ ഒരു കുതിരയെ കണ്ടു. അയാൾ ആ കുതിരയെ കൂടെ കൂട്ടി. ഇത് ഖൈമക്കുള്ളിൽ നിന്നും പുറത്ത് വന്ന തഫ്താസാനി ഇമാം കുതിരയെ പിടിച്ച് വാങ്ങുകയും ശക്തമായി അടിക്കുകയും ചെയ്തു. ഉടനെ തന്നെ സന്ദേശവാഹകൻ കൊട്ടാരത്തിലെത്തി പരാതി ബോധിപ്പിച്ചു. തൈമൂർ രാജാവ് പറഞ്ഞു: “എന്റെ മകനാണ് ഇത് ചെയ്തതെങ്കിലും അവനെ ഞാൻ കൊല്ലും. പക്ഷെ എന്റെ വാളുമായി ഞാൻ ഏതൊരു നാട്ടിൽ പ്രവേശിക്കും മുമ്പ് അവിടെ തന്റെ ഗ്രന്ഥങ്ങളെത്തുന്ന ഒരു മഹാനെ ഞാൻ എങ്ങനെ വധിക്കും.’ തഫ്താസാനി ഇമാമിന്റെ ജ്ഞാന സമ്പത്തിനെ ആദരിക്കുകയായിരുന്നു രാജാവ്.
ശറഹുരിസാലതിൽ ശംസിയ്യ, തഹ്ദീബുൽ മൻത്വിഖി വൽ കലാം എന്നിങ്ങനെ തർക്ക ശാസ്ത്രത്തിൽ രണ്ട് പ്രധാന ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട്. വിഖ്യാത ദൈവ ശാസ്ത്ര പണ്ഡിതനായ ഇമാം നസഫിയുടെ അൽ അഖാഇദ് എന്ന ഗ്രന്ഥത്തിന് ഇമാം എഴുതിയ വ്യാഖ്യാനം ശറഹുൽ അഖാഇദ് ആഗോള തലത്തിൽ തന്നെ അഹ്ലുസ്സുന്നയുടെ വിശ്വാസ പ്രമാണങ്ങളുടെ ആധികാരിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. നിരവധി വിജ്ഞാന ശാഖകളിൽ അവഗാഹം നേടുകയും അവയിലൊക്കെയും ആധികാരിക രചനകൾ നടത്തുകയും ചെയ്ത വിശ്വ പണ്ഡിത പ്രഭയാണ് സഅദുദ്ദീൻ തഫ്താസാനി (റ). ഖുതുബുദ്ദീൻ റാസി, ബഹാഉദ്ദീൻ അസ്സമർഖന്ദി, സിയാഉദ്ദീൻ അൽ ഗസ്വീനി എന്നിവരാണ് ഇമാമിന്റെ പ്രധാന ഗുരുക്കന്മാർ. ശാഫിഇൗ, ഹനഫീ മദ്ഹബുകളിൽ സർവ്വാംഗീകൃത മുഫ്തിയായിരുന്ന മഹാൻ അറബി, പേർഷ്യൻ ഭാഷകളിൽ കാവ്യരചനയും നടത്തിയിരുന്നു. പതിനഞ്ചാം വയസ്സിൽ ഗ്രന്ഥ രചന ആരംഭിച്ച ഇമാം അറബി സാഹിത്യം കൂടാതെ പേർഷ്യൻ സാഹിത്യത്തിലും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്ന് ചരിത്രത്തിൽ കാണാവുന്നതാണ്.
ഇബ്നുൽ ഇമാദ് തന്റെ ശറാദതുദ്ദഹബിൽ പറയുന്നു: തഫ്താസാനി ഇമാമിന്റെ കാലത്ത് വൈജ്ഞാനിക കാര്യങ്ങളിലെ അവസാന വാക്ക് ഇമാമിന്റെതായിരിന്നു.

 പ്രധാന ഗ്രന്ഥങ്ങൾ
ഹാശിയതുൻ അലൽ കശ്ശാഫ്
ത്വീബിയുടെ ഹാശിയക്കുള്ള രത്ന ചുരുക്കമാണ് ഇൗ ഗ്രന്ഥം. പഠിതാക്കളുടെ സൗകര്യത്തിന് വേണ്ടി വാക്കുകളുടെ കാഠിന്യം കുറച്ച് രചിച്ചതാണീ ഗ്രന്ഥം. ഹിജ്റ 789ൽ സമർഖന്ദിൽ വെച്ചാണ് രചന ആരംഭിക്കുന്നത്. പക്ഷെ ഇത് പൂർത്തിയാക്കാൻ സാധിക്കാതെ ഇമാം വഫാതാവുകയും തുടർന്ന് ശിഷ്യൻ ബുർഹാനുദ്ദീൻ ഹൈദർ ബിൻ മുഹമ്മദുൽ ഹർബി പൂർത്തീകരിക്കുകയും ചെയ്തു. സൂറതുൽ ബഖറ മുതൽ സൂറതുൽ ഹൂദ് 58ാം ആയത് വരെയും, സൂറതുസ്സുമർ മുതൽ സൂറത്തുത്വലാഖ് വരെയുമാണ് സഅദുദ്ദീൻ തഫ്താസാനി വ്യാഖ്യാനമെഴുതിയത്.
തഹ്ദീസുൽ മൻത്വിഖ് വൽ കലാം / ഗായതു തഹ്ദീസിൽ കലാമി ഫി തഹ്രീറിൽ മൻത്വിഖ്
ഇന്ന് കൂടുതലായി വായിക്കപ്പെടുന്ന ഇൗ ഗ്രന്ഥം ഹിജ്റ 789 ൽ രണ്ട് വിജ്ഞാന ശാഖകളായിട്ടാണ് രചിച്ചത്. ഇൗ ഗ്രന്ഥത്തിന് ജനശ്രദ്ധ പിടിച്ചു പറ്റിയതോടെ നിരവധി വ്യഖ്യാനങ്ങളും അവക്കെല്ലാം നിരവധി ഹാശിയകളും രചിക്കപ്പെട്ടിട്ടുണ്ട്.
അൽ മഖാസിദ്
വിശ്വാസ ശാസ്ത്രങ്ങളെ പ്രതിപാദിക്കുന്ന ആറ് മഖ്സിദുകളിലായി ക്രോഡീകരിച്ച ഇൗ ഗ്രന്ഥം ഹിജ്റ 784 ൽ സമർഖന്ദിൽ വെച്ചാണ് പൂർത്തീകരിച്ചത്. ശറഹുൽ ജാമിഅ് എന്ന പേരിൽ ഇമാം തന്നെ ഇൗ ഗ്രന്ഥത്തിന് ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
ശർഹുൽ അഖാഇദുന്നസഫി
വിശ്വാസ ശാസ്ത്ര പഠന രംഗത്ത് കേരളത്തിൽ ഉപയോഗിച്ച് വരുന്ന ആധികാരിക ഗ്രന്ഥമാണ് ശറഹുൽ അഖാഇദുന്നസഫിയ്യ. നജ്മുദ്ദീൻ അബൂ ഹഫ്സ് ഉമർ ബിൻ മുഹമ്മദിന്നസഫിയുടെ അൽ അഖാഇദുന്നസഫിയ്യ എന്ന ഗ്രന്ഥത്തിന്റെ ശറഹായിട്ട് ഹിജ്റ 768 ൽ ഖുറാസാനിലാണ് ഇതിന്റെ രചന പൂർത്തീകരിച്ചത്. തഫ്താസാനി ഇമാമിന്റെ ശർഹുൽ അഖാഇദ് അടക്കം പ്രസിദ്ധമായ ഒരുപാട് ശർഹുകളും അവക്കൊക്കെ ഹാശിയകളും ഇൗ ഗ്രന്ഥത്തെ സംബന്ധിച്ച് രചിച്ചിട്ടുണ്ട്. 1260 ൽ കൊൽക്കത്തയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഹുസൈൻ ആബാദിയുടെ ഹാശിയ, 1286 ൽ ലക്നൗവിൽ പ്രസിദ്ധീകരിക്കപ്പെട്ട ഖയാൽ (റ)ന്റെ ഹാശിയ, ഇൗജിപ്തിൽ പ്രസിദ്ധീകരിക്കപ്പെട്ട മുസ്വ്ത്വഫൽ കസ്തലിയുടെ ഹാശിയ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.
അൽ ഇർഷാദ് / ഇർഷാദുൽ ഹാദി
ഹിജ്റ 738ൽ ഖുറാസാനിൽ രചിച്ച ഇർഷാദ് അറബി വ്യാകരണമാണിത്. കലിമതിന്റെയും നഹ്വിന്റെയും നിർവചനങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇൗ ഗ്രന്ഥം മൂന്ന് ഭാഗങ്ങളും ഒരു മുഖദ്ദിമയും ഉൾകൊള്ളുന്നതാണ്. ഒന്നാം ഭാഗത്ത് നാമത്തെ (ഇസ്മ്) കുറിച്ചും രണ്ടാം ഭാഗത്ത് ക്രിയയെ (ഫിഅ്ൽ) കുറിച്ചും മൂന്നാം ഭാഗത്ത് അക്ഷരത്തെ (ഹർഫ്)കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. പാരായണം ചെയ്യുന്നവർക്കും പഠിതാക്കൾക്കും എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന ഇൗ ഗ്രന്ഥത്തിന് നിരവധി ശർഹുകൾ രചിക്കപ്പെട്ടിട്ടുണ്ട്.
മുത്വവ്വൽ , മുഖ്ത്വസർ
ഇമാം ഖസ്വീനി(റ)ന്റെ തൽഖീസുൽ മിഫ്താഹ് എന്ന ഗ്രന്ഥത്തിന് തഫ്താസാനി ഇമാം എഴുതിയ രണ്ട് വ്യഖ്യാന ഗ്രന്ഥങ്ങളാണ് മുഖ്തസറും മുത്വവ്വലും. ആകർഷകമായ ഘടനയും അവതരണ ശൈലിയും ഇതര ഗ്രന്ഥങ്ങളിൽ നിന്നും ഇവയെ വേറിട്ട് നിർത്തുന്നു. അറബി സാഹിത്യത്തിന്റെ നിയമ വശങ്ങൾ വിശദീകരിക്കുന്ന ഇൗ രണ്ട് ഗ്രന്ഥങ്ങൾക്ക് നിരവധി വ്യഖ്യാനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. ജുർജാനി ഇമാമിന്റെയും അബ്ദുൽ ഹകീം സിയാനിന്റെയും കൂത്ഥിയുടെയും വ്യഖ്യാനങ്ങൾ മുത്വവ്വലിന്റെ ശർഹുകളിൽ പ്രധാനപ്പെട്ടവയാണ്.
ഹിജ്റ 791 ൽ സമർഖന്ദിൽ തന്റെ 80-ാം വയസ്സിലാണ് ഇമാം വഫാതാകുന്നത്. വഫാതിന്റെ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഇമാം തഫ്താസാനിയുടെ വഫാത്തോടെ എട്ടാം നൂറ്റാണ്ടിന്റെ ധൈഷണിക വിപ്ലവത്തിന് കടിഞ്ഞാണിട്ട പഠിച്ച വ്യത്യസ്ത വിജ്ഞാനീയരുടെ ആധികാരിക ശബ്ദമാണ് വിടവാങ്ങിയത്. ഇമാമിന്റെ വഫാതിനുള്ള കാരണം ശക്തമായ ടെൻഷനായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. തന്റെ സമകാലിക പണ്ഡിതനായ ഇമാം ജുർജാനിയുമായി തിമൂർ ചെങ്കിന്റെ രാജ സന്നിധിയിൽ വെച്ച് നടന്ന സംവാദമായി ടെൻഷൻ കാരണം സംവാദത്തിൽ മധ്യസ്ഥത വഹിച്ച മുഅ്തസലി ആശയക്കാരനായ നുഅ്മാനുൽ ഖ്വാറസ്മി ജുർജാനിയുടെ വാദത്തിന് മുൻഗണന നൽകിയതും തിമൂർചങ്ക് തറവാടിത്വത്തിന്റെ മഹത്വം കാരണം തഫ്താസാനിയെക്കാൾ ജുർജാനിയെ മഹത്വരമാക്കിയതും കടുത്ത ദുഖത്തിലാഴ്ത്തുകയും തത്ഫലം വഫാതാകുകയും ചെയ്തു. ലോകത്തെ വിഭിന്നങ്ങളായ വിജ്ഞാന ശാഖകളിൽ അഗാധ പാണ്ഡിത്യമുള്ള ഒരു ധൈഷണിക വിപ്ലവത്തിന്റെ പരിസമാപ്തിയാണ് തഫ്താസാനി ഇമാമിന്റെ വേർപാടോടെയുണ്ടായത്.

Write a comment