തിരുഹൃദയത്തില്‍ നിന്ന് യുഗാന്തരങ്ങളിലേക്ക്

മിദ്‌ലാജ് വിളയില്‍

 

ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത് ഹൃദ്യസ്ഥമാക്കാൻ പ്രവാചകർ (സ്വ) സദാ ശ്രമിച്ചിരുന്നു.  മനപാഠമാക്കാനുള്ള ധൃതിയിൽ അവിടുന്ന് ആയത്തുകൾക്കൊത്ത് നാവ് ചലിപ്പിച്ചിരുന്നു. ഇത്തരത്തിൽ തിരുനബി ക്ലേശപ്പെടുന്നതിനിടയിലാണ്  “”ഖുർആൻ ധൃതിയിൽ ഹൃദിസ്ഥമാകാൻ നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല” (സൂറ:ഖിയാമ 16) എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഖുർആൻ അവതരണ സമയങ്ങളിൽ പ്രവാചകർ ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും ചുണ്ടുകൾ ആയത്തുകൾക്കനുസരിച്ച് ചലിപ്പിച്ചിരുന്നുവെന്നും ഇൗ ആയത്ത് വിശദീകരിക്കുന്നിടത്ത് ഇബ്നു അബ്ബാസ് (റ) പരാമർശിക്കുന്നതായി കാണാം.
തിരുനബി (സ്വ)യുടെ കാലത്ത് അറബികൾക്കിടയിൽ എഴുത്തിന് തീരെ പ്രചാരമില്ലായിരുന്നു. ആവശ്യമായതും വീണ്ടെടുക്കാവുന്നതുമായ കാര്യങ്ങൾ ഹൃദിസ്ഥമാക്കുക എന്നതായിരുന്നു അവരുടെ പതിവു ശൈലി. ഇക്കാരണത്താൽ തന്നെ മനഃപാഠമാക്കാനുള്ള പ്രത്യേക വൈഭവം അവരിൽ ഭൂരിപക്ഷം പേർക്കും ഉണ്ടായിരുന്നു. ഖുർആനിക വാക്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും അതെഴുതി സൂക്ഷിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും കൃത്യമായി അവബോധമുണ്ടായിരുന്ന പ്രവാചക അനുചരിൽ അധികപേരും അത് മനഃപാഠമാക്കുന്നതിൽ സദാ ജാഗരൂകരായിരുന്നു. എന്നാൽ കൂടുതൽ വ്യക്തതക്കും ദൃഢതക്കുമായി ഖുർആൻ വാക്യങ്ങൾ എഴുതിവെക്കാൻ നബി(സ്വ) അവരോട് കൽപിച്ചു. എഴുത്തു വിദ്യയിൽ അഗ്രഗണ്യരും വിശ്വസ്തരുമായ ചിലയാളുകളെ അതിനായി ചുമതലപ്പെടുത്തുകയും ചെയ്തു. അബൂബക്കർ സിദ്ദീഖ്, ഉമർ ബിൻ ഖത്താബ്, ഉസ്മാൻ ബിൻ ഗഫാൻ, അലിയ് ബിൻ അബീത്വാലിബ്, സൈദ് ബിൻ സാബിത്, ഖാലിദ് ബിൻ വലീദ്, അംറുബിൻ ആസ്വ് (റ) തുടങ്ങി ഇരുപത്തി രണ്ടു പേർ ഇത്തരത്തിൽ ഖുർആൻ എഴുതിയിരുന്നതായി ശൈഖ് മുഹമ്മദ് ഹസനൈൻ തന്റെ ഉൻവയാനുൽ ബയാനിൽ രേഖപ്പെടുത്തുന്നത് കാണാം. എന്നാൽ അവരുടെ എണ്ണം ഇരുപത്തിയാറാണെന്നും (സീറത്തുഹലബിയ്യ) നാൽപത്തി രണ്ടാണെന്നും (സീറത്തു ഇറാഖിയ്യ) അഭിപ്രായങ്ങളുണ്ട്.
ഇൗന്തപ്പന മട്ടൽ, കല്ലുകൾ, മൃഗങ്ങളുടെ എല്ലുകൾ, തോലുകൾ, മരപ്പലകകൾ എന്നിങ്ങനെ വിവിധയിടങ്ങളിലായിരുന്നു ഖുർആൻ രേഖപ്പെടുത്തിയിരുന്നത്. “ഞങ്ങൾ തിരുനബി(സ്വ) തങ്ങളുടെ സന്നിധിയിൽ തോലിലും മറ്റും ഖുർആൻ എഴുതാറുണ്ടായിരുന്നു’വെന്ന് സൈദ് ബിൻ സാബിത്(റ) പ്രസ്താവിക്കുന്നതായി കാണാം. പ്രവാചകരുടെ കാലത്തു തന്നെ ഇത്തരത്തിൽ പൂർണ്ണമായും രേഖപ്പെടുത്തപ്പെട്ടിരുന്നു. എന്നാലത് ക്രമപ്രകാരം രണ്ട് ചട്ടക്കുള്ളിലായി സംയോജിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇമാം സുയൂത്വി(റ) അവിടുത്തെ ഇത്ഖാനിൽ ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
പരിപൂർണമായി എഴുതപ്പെട്ടിട്ടും എന്ത് കൊണ്ട് കൃത്യമായി ഒരു സംയോജനം നടന്നില്ല എന്ന വിഷയത്തിൽ പണ്ഡിതർ വ്യത്യസ്തമായ കാഴ്ചപാടുകളും നിരീക്ഷണങ്ങളുമാണ് വെച്ചുപുലർത്തുന്നത്. പാരായണത്തിലോ വിധിവിലക്കുകളിലോ വല്ല മാറ്റങ്ങളും വരാൻ സാധ്യതയുള്ളതിനാലാണ് ക്രോഡീകരണം നടക്കാതിരുന്നത് എന്നാണ് ഇമാം ഹത്വബിന്റെ നിലപാട്. എന്നാൽ ഖുർആനുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്ക് മുത്ത് നബി(സ്വ) തങ്ങളുടെ സാന്നിധ്യത്തിൽ ഒരു സാധ്യതയുമില്ല എന്നതിനാൽ അതിലേക്ക് ആവശ്യം ഉയർന്നില്ലായെന്നാണ് ഇമാം ത്വാഹിർ ഇബ്നു അബ്ദുൽ ഖാദിർ അൽ കുർദി നീരീക്ഷിക്കുന്നത്.
ഖുർആനിക സൂക്തങ്ങളുടെ അവതരണ സമയത്തു തന്നെ അതിന്റെ ക്രമത്തെ കുറിച്ച് പ്രവാചകർ പ്രത്യേകം അനുചരരെ ഉണർത്തിയിരുന്നു. ആ ക്രമത്തിൽ തന്നെ കൃത്യമായി മനഃപാഠമാക്കിയ നിരവധി പേർ അന്നുണ്ടായിരുന്നു. അതിനാൽ ക്രമങ്ങളുടെ വിഷയത്തിൽ ഭിന്നതകൾക്ക് യാതൊരു പഴുതുമുണ്ടായിരുന്നില്ല. ഇക്കാരണത്താൽ പ്രവാചകരുടെ കാലത്തു തന്നെ ഖുർആൻ ക്രോഡീകരണം നടന്നില്ലായെന്നതൊരു പോരായ്മയായി പറയാനാകില്ല. ഖുർആൻ എഴുതി സൂക്ഷിക്കുന്നവരോട് സദാ ജാഗ്രത പുലർത്താൻ പ്രവാചകർ (സ്വ) തങ്ങൾ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. പ്രവാചകരുടെയോ അനുചരരുടെയോ സ്വാർത്ഥ താൽപര്യങ്ങൾക്കനുസൃതമായല്ല, മറിച്ച് പ്രപഞ്ച നാഥനായ റബ്ബിൽ നിന്നാണ് ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയുമെല്ലാം ഘടനയും ക്രമവുമെന്നതിലേക്കാണിതു സൂചനയേകുന്നത്. ഖുർആൻ രേഖപ്പെടുത്തുന്ന സമയങ്ങളിൽ തന്റെ വചനങ്ങൾ എഴുതരുതെന്ന് പ്രവാചകർ അനുചരരോട് നിഷ്കർശിച്ചിരുന്നു. “”എന്നിൽ നിന്നും ഖുർആൻ അല്ലാത്ത ഒന്നും നിങ്ങൾ എഴുതരുത്” എന്ന് പ്രവാചകർ കൽപിച്ചതായി ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. തെറ്റുകൾക്കോ പോരായ്മകൾക്കോ യാതൊരുവിധ പഴുതും നൽകാതെയായിരുന്നു അവർ ഖുർആനുമായി ബന്ധപ്പെട്ടിരുന്നതെന്ന് ചുരുക്കം.
പിന്നീട് പ്രവാചകർ (സ്വ)യുടെ വഫാത്തിന് ശേഷം ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ)ന്റെ കാലത്താണ് ഖുർആൻ ക്രോഡീകരണം എന്ന ആശയം ഉയർന്നു വന്നത്. സീദ്ദീഖ് (റ) ന്റെ കാലത്ത് വിവിധ യുദ്ധങ്ങളിലായി ഖുർആൻ മനഃപാഠമാക്കിയിരുന്ന അനേകം സ്വഹാബികൾ കൊല്ലപ്പെട്ടതായിരുന്നു അതിന് ഹേതുവായത്. കള്ള പ്രവാചകർക്കെതിരെയുണ്ടായ യുദ്ധങ്ങളിൽ സാലിം മൗലാ അബൂ ഹുദൈഫ (റ)വിനെ പോലുള്ള നിരവധി സ്വഹാബികൾ രക്ത സാക്ഷികളായിരുന്നു. ഹാഫിളീങ്ങളുടെ കൂട്ട വിയോഗങ്ങളും ഖുർആൻ തന്നെ നഷ്ടപ്പെട്ടു പോവു മോ എന്ന ആശങ്കയിലേക്ക് സ്വഹാബികളെയെത്തിച്ചു. ഇത്തരമൊരു ആവലാതി ആദ്യമായി ഖലീഫയിലേക്ക് സൂചിപ്പിച്ചത് ഉമർ(റ)വായിരുന്നു. ഖുർആൻ വരുംതലമുറക്ക് അവശേഷിക്കാനായി അതിനെ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. അല്ലാഹുവിന്റെ പ്രവാചകൻ ചെയ്യാത്ത ഒരു കാര്യം ഞാനെങ്ങനെ ചെയ്യുമെന്ന് സിദ്ദീഖ് (റ) പെടുന്നനെ പ്രതിവചിച്ചുവെങ്കിലും പിന്നീട് കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഉമർ(റ)വിന്റെ അഭിപ്രായത്തോട് യോചിക്കുകയായിരുന്നു.
തുടർന്ന് ഖുർആൻ ഒരു ഗ്രന്ഥ രൂപത്തിൽ ക്രോഡീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. സൈദ്ബിൻ സാബിത്(റ)വിനെക്കാൾ അതിനനുയോജ്യമായ മറ്റൊരാളില്ലെന്നു തിരിച്ചറിഞ്ഞ ഖലീഫ ആ മഹത്തായ ദൗത്യം അദ്ദേഹത്തെ തന്നെ ഏൽപിച്ചു. പ്രവാചകരുടെ വഹ്യ് എഴുത്തുകാരിൽ ശ്രദ്ധേയനും ഖുർആൻ മുഴുവൻ ഹൃദിസ്ഥമാക്കിയവരുമായിരുന്നു സൈദ്(റ). തിരുനബി (സ്വ)തങ്ങളുടെ വഫാത്ത് അടുത്ത സമയത്ത് ജിബ്രീൽ മുത്ത് നബിക്ക് ഖുർആൻ മുഴുവൻ ഒാതിക്കേൾപ്പിച്ചതിന് മഹാനവറുകളും സാക്ഷിയായിരുന്നു. സൂക്ഷ്മത, വിശ്വസ്തത, മതനിയമങ്ങളിലെ കർശനം എന്നിവയിലെല്ലാം സ്വഹാബികൾക്കിടയിൽ സർവ്വ സമ്മതിതനായിരുന്ന അദ്ദേഹത്തെ ഖുർആൻ ക്രോഡീകരണത്തിന് നിയോഗിക്കപ്പെടുമെന്നതിന്റെ സൂചനയായി ഇൗ ഒരു സംഭവത്തെ വിലയിരുത്തപ്പെടുന്നു.
അങ്ങനെ തിരുനബി(സ്വ) തങ്ങളുടെ സാന്നിധ്യത്തിൽ എഴുതിയത് എന്നുറപ്പുള്ളതും മനഃപാഠമുള്ളവരുടെ പാരായണവുമൊക്കെ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ തികഞ്ഞ സൂക്ഷമതയോടെ സൈദ് (റ)വും സംഘവും ക്രോഡീകരണ പ്രവർത്തനങ്ങളിൽ മുഴുകി. പാരായണം ദുർബലപ്പെടുത്തപ്പെട്ട സൂക്തങ്ങൾ ഒഴിവാക്കി ഒരു വർഷം കൊണ്ട് ക്രോഡീകരണം പൂർത്തിയായ ഖുർആൻ പ്രതിയെ സ്വഹാബി പ്രമുഖരെല്ലാം മുക്തകണ്ഡം പ്രശംസിക്കുകയും അംഗീകരിക്കുകയുമാണ് ഉണ്ടായത്.
പിന്നീട് ക്രോഡീകരിക്കപ്പെട്ട ഖുർആനിന് എന്ത് പേരിടണമെന്ന ചർച്ച ഉയർന്ന് വന്നു. ചില പണ്ഡിതർ “ഇഞ്ചീൽ’ എന്ന് നിർദ്ദേശിച്ചെങ്കിലും പ്രവാചക നിയോഗത്തിനെ എതിർക്കുന്ന ക്രിസ്ത്യാനികൾ അവരുടെ വേദ ഗ്രന്ഥത്തിന് ആ പേര് പ്രയോഗിക്കുന്നതിനാൽ അഭിപ്രായം തള്ളപ്പെട്ടു. പിന്നീട് “സ്വിഫ്ർ’ എന്ന പേര് നിർദ്ദേശിക്കപ്പെട്ടു. ജൂതന്മാർ അവരുടെ വേദത്തെ അങ്ങനെയാണ് പരിചയപ്പെടുത്താറുള്ളതെന്ന് പറഞ്ഞ് അതും നിരാകരിക്കപ്പെട്ടു. ഒടുവിൽ ഇബ്നു മസ്ഉൗദ് (റ) “മുസ്വ്ഹഫ്’ എന്ന പേര് മുന്നോട്ടുവെക്കുകയും എല്ലാവരും അത് അംഗീകരിക്കുകയും ചെയ്തു. സാലിം മൗല അബീ ഹൂദൈഫയാണ് ആ പേര് നിർദ്ദേശിച്ചതെന്ന അഭിപ്രായവും ഇത്ഖാൻ പോലുള്ള ഗ്രന്ഥങ്ങളിൽ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്.
ക്രോഡീകരിക്കപ്പെട്ട മുസ്വഹഫ് ഖലീഫ സിദ്ദീഖ് (റ)ന്റെ പക്കലായിരുന്നു ഭദ്രമായി സൂക്ഷിച്ചിരുന്നത്. അവിടുത്തെ വഫാത്താനന്തരം രണ്ടാം ഖലീഫ ഉമർ (റ)വും ശേഷം അവിടുത്തെ പുത്രിയും നബി പത്നിയുമായ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ (റ)യും അത് സൂക്ഷിച്ചു പോന്നു. ഉസ്മാൻ (റ)ന്റെ ഖിലാഫത് കാലമായപ്പോഴേക്ക് ഇസ്ലാം വളർന്ന് പന്തലിക്കുകയും വിവിധ രാജ്യങ്ങളിലേക്ക് ഇസ്ലാമിക സന്ദേശം എത്തിച്ചേരുകയും ചെയ്തു. അനേകമാളുകൾ ഇസ്ലാം പുൽകി. അത്തരത്തിൽ മതത്തിലേക്ക് കടന്നുവന്നവർ വിശ്വാസ ആദർശങ്ങളും മാനദണ്ഡങ്ങളും കർമ്മാനുഷ്ടാനങ്ങളുമെല്ലാം പഠിക്കുന്ന തനതു പ്രാധാന്യത്തോടെ ഖുർആൻ പാരായണവും പഠിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. ഖുർആൻ പാരായണത്തിൽ അഗ്രഗണ്യരായിരുന്ന അബ്ദുല്ലാഹിബിൻ മസ്ഉൗദ്, ഉമയ്യ് ബിൻ കഅ്ബ് (റ) തുടങ്ങിയ സ്വഹാബികളെ അവർ അതിനായി സമീപിച്ചു. എന്നാൽ മുത്ത് നബി(സ്വ) അംഗീകരിച്ച വൈവിധ്യങ്ങൾക്ക് യോജിച്ച വ്യത്യസ്ത സരണികൾ രൂപപ്പെട്ടിരുന്നതിനാൽ ഇതേ കുറിച്ച് ബോധ്യമില്ലാതിരുന്ന വിശ്വാസികൾ തങ്ങൾ പഠിച്ചതൊഴിച്ചുള്ളവയെല്ലാം വിമർശിക്കാൻ തുടങ്ങി. ഇത് വലിയ സംഘർഷങ്ങൾക്ക് തന്നെ കാരണമായി. ഇതറിഞ്ഞ ഖലീഫ ഒരു പരിഹാര മാർഗത്തിനായി സ്വഹാബി പ്രമുഖരുമായി കൂടിയാലോചന നടത്തി.
ഇതിനിടയിലാണ് അസർബൈജാൻ കീഴടക്കാനായി ഇറാഖുകാരോടൊപ്പവും അർമീനിയ കീഴടക്കാനായി സിറിയക്കാരോടൊപ്പവും ചേർന്ന് യുദ്ധത്തിലേർപ്പെട്ടിരുന്ന ഹുദൈഫത്തുൽ യമാനി (റ) താൻ നേരിട്ടനുഭവിച്ച പാരായണത്തിലെ പിഴവുകളുടെയും വ്യതിയാനങ്ങളുടെയും ഗൗരവം ഖലീഫയുടെ ശ്രദ്ധയിൽ പെടുത്തിയത്. “”അമീറുൽ മുഅ്മിനീൻ, ഇൗ സമൂഹം യഹൂദരെയും ക്രിസത്യാനികളെയും പോലെ തങ്ങളുടെ ഗ്രന്ഥങ്ങളിൽ തർക്കിക്കുന്നതിന് മുമ്പായി അവരെ പിടിച്ചു നിർത്തണം” എന്ന് അദ്ദേഹം പരിഭവിക്കുകയും ചെയ്തു.
തുടർന്ന് ഒന്നാം ഖലീഫയുടെ കാലത്ത് ക്രോഡീകരിച്ച മുസ്വഹഫുകൾ ഏഴ് പാരായണ രീതികളും ഉൾക്കൊള്ളുന്ന രീതിയിൽ സംവിധാനിക്കാനും അത് വിവിധ നാടുകളിൽ പ്രചരിപ്പിക്കാനുമായി ഖലീഫയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനമായി. അതിനായി സൈദ് ബിൻ സാബിത്, അബ്ദുല്ലാഹിബിൻ സുബൈർ, സഇൗദ് ബിൻ ആസ്വ്, അബ്ദുറഹ്മാൻ ബിൻ ഹാരിസ് ബിൻ ഹിശാം(റ) എന്നിവരെ നിയോഗിച്ചു.
പകർത്തി എഴുത്ത് പൂർത്തിയാക്കിയ മുസ്വ്ഹഫുകൾ മക്ക, മദീന, ബസ്വറ, കൂഫ, ശാം, യമൻ, മിസ്വ്ർ തുടങ്ങിയ പ്രവിശ്യകളിലേക്കെല്ലാം അയച്ചുകൊടുത്തു. ഒരു പ്രതി ഖലീഫയുടെ കൈവശം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. മുസ്വ്ഹഫു ഇമാം എന്നാണ് ഇത് അറിയപ്പെടുന്നത്. ശേഷം നടന്ന ഖുർആൻ പാരായണങ്ങളും അധ്യാപനങ്ങളും പകർപ്പ് തയ്യാറാക്കലുമെല്ലാം ഇൗ മുസ്വഹഫുകളെ അവലംബച്ചായിരുന്നു. അതിനാൽ ഇമാമുൽ മുസ്വ്ഹഫ് എന്ന പേരിൽ ഇവ പ്രസിദ്ധമായി. അങ്ങനെയെല്ലാ സ്വഹാബികളും ഏകകണ്ഡമായി അതിൽ തെറ്റില്ലെന്ന വിഷയത്തിൽ ഏകോപിച്ചു. ഇനിയൊരു ഭിന്നതയും പ്രശ്നങ്ങളുമൊന്നും മുസ്വ്ഹഫിന്റെ വിഷയത്തിൽ ഉണ്ടാവരുതെന്ന ജാഗ്രതയിൽ പ്രസ്തുത മുസ്വ്ഹഫല്ലാത്തവയെ കരിച്ചു കളയണമെന്ന ഖലീഫയുടെ നിലപാടും സർവ്വാംഗീകൃതമായിരുന്നു. ഖലീഫ ഉസ്മാൻ(റ)ന്റെ കാലത്ത് മുസ്വ്ഹഫുകൾ പകർത്തി എഴുതിയപ്പോൾ സ്വീകരിച്ചിരുന്ന എഴുത്തു രീതിയാണ് റസ്മുൽ ഉസ്മാനി എന്ന പേരിൽ വിശ്രുതമായത്. സാധാരണ എഴുത്തു രീതികളിൽ നിന്നും വിഭിന്നമായി ആറ് നിയമങ്ങൾ ഇതിനുണ്ട്.
ഒന്ന്: കളയൽ. സാധാരണ എഴുതിപ്പോരുന്ന ചില അക്ഷരങ്ങൾ ഉപേക്ഷിക്കലാണിത്.
രണ്ട്: വർധിപ്പിക്കൽ സാധാരണ എഴുത്ത് രീതിയിൽ സ്വീകരിക്കാത്ത ചില രൂപത്തിൽ അക്ഷരങ്ങൾ അധികമായി കൊണ്ടുവരലാണിത്.
മൂന്ന് : പകരം വെക്കൽ
എഴുത്തിൽ സാധാരണ രീതിയിൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾക്കു പകരം മറ്റു ചില അക്ഷരങ്ങൾ ഉപയോഗിക്കുന്നു.
നാല് : ചേർത്ത് എഴുതൽ
സാധാരണ എഴുത്തിൽ പിരിച്ചെഴുതുന്ന ചില കാര്യങ്ങൾ/വാക്കുകൾ ചേർത്തെഴുതുന്ന രീതി.
അഞ്ച്: പിരിച്ചെഴുതൽ
സാധാരണ എഴുത്തിൽ ചേർത്തെഴുതുന്ന വാക്കുകൾ പിരിച്ചെഴുതുന്നു.
ആറ് : രണ്ട് രീതിയിലുള്ള പാരായണത്തെ പരിഗണിക്കൽ
എഴുത്തുകളിൽ സ്വീകരിക്കുന്ന ഇൗ രീതി കൊണ്ട്് ഒന്നിലധികം പാരായണ രീതികളിൽ ഒാതാൻ സാധിക്കുന്നു എന്നിവയാണ് അവ.
അറബികൾക്ക് ഉസ്മാനിയ്യ മുസ്വ്ഹഫിലൂടെയുള്ള പാരായണം പ്രയാസമായിരുന്നില്ല. അക്ഷരങ്ങളെ അവയുടെ ആകാരത്തിൽ നിന്നു തന്നെ തിരിച്ചറിയാനുള്ള ശേഷി അവർക്കുണ്ടായതിനാലാണത്. എന്നാൽ അറബിയേതര ഭാഷ സംസാരിക്കുന്നവർക്കതൊരു വലിയ വെല്ലുവിളിയായിരുന്നു. ഉച്ചാരണ രീതികൾ വേർതിരിച്ച് മനസ്സിലാക്കിയാലും സാമ്യത പുലർത്തുന്ന അക്ഷരങ്ങൾ അവരെ വല്ലാതെ വലച്ചു. അവരുടെ പാരായണത്തിൽ പിഴവുകൾ സംഭവിക്കാൻ ഇത് കാരണമായിത്തീർന്നു.
പിന്നീട് അബ്ദുൽ മലിക് ബിൻ മർവാൻ ഖലീഫയായിരുന്ന കാലത്ത് ഇത്തരം പ്രതിസന്ധികളെ കുറിച്ച് ആലോചനകളുയർന്നു. അങ്ങനെ സമർത്തനായ ഒരാളെ കണ്ടെത്തി താബിഉകളിൽ പ്രസിദ്ധനായ അബുദുൽ അസ്വദിന്റെ പാരായണത്തിനനുസൃതമായി അകാരത്തിന് അക്ഷരത്തിന് മുകളിൽ മധ്യത്തിലായി ഒരു പുള്ളി, ഇകാരത്തിന് അക്ഷരത്തിന് താഴെ ഒരു പുള്ളി, ഉകാരത്തിന് അക്ഷരത്തിന് മുകളിൽ ഇടത് ഭാഗത്ത് ഒരു പുള്ളി എന്നിവ ക്രമീകരിക്കാനായി തീരുമാനിക്കുകയും ചെയ്തു. പൊതുജനങ്ങൾക്കിത് വലിയ സഹായകമായി തീർന്നു.
പാരായണത്തെ ഇത് എളുപ്പമാക്കിയെങ്കിലും എഴുത്തിലുള്ള സാമ്യത വലിയൊരു പ്രതിസന്ധിയായി തന്നെ തുടർന്നു. അബുൽ അസ്വദിന്റെ ക്രമീകരണത്തിന് ശേഷം നാൽപത് വർഷങ്ങൾ കഴിഞ്ഞാണ് അക്ഷരങ്ങൾ കൃത്യമായി തിരിച്ചറിയാനുള്ള മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്. അതിൽ പിന്നെയാണ് വ്യത്യസ്ത രീതിയിൽ പുള്ളികൾ നൽകുക എന്ന ആശയം ഉയർന്നു വന്നത്. “ബ’ ക്ക് താഴെ ഒരു പുള്ളി “താഇ’ന് മുകളിൽ രണ്ട് പുള്ളി, സാഇന് മുകളിൽ മൂന്ന് പുള്ളി എന്നിങ്ങനെയുള്ള രൂപത്തിൽ അത് ക്രമീകരിച്ചു. എന്നാൽ നേരത്തെ അകാര-ഇകാര-ഉകാരങ്ങൾക്കായി നൽകിയിരുന്ന പുള്ളികളും പുതിയ പുള്ളികളും തിരിച്ചറിയാതെ വന്നതിനാൽ, അകാര-ഇകാര-ഉകാര ചിഹ്നങ്ങളായി പുള്ളികൾക്ക് പകരം വരകൾ ഉപയോഗിക്കുക എന്ന മാർഗമവർക്ക് അവലംബിക്കേണ്ടി വന്നു. അങ്ങനെ അകാരത്തിനായി അക്ഷരങ്ങളുടെ മുകളിൽ ഒരു വരയും ഇകാര ചിഹ്നമായി താഴെ വരയും ഉകാര ചിഹ്നമായി അഗ്രം വളച്ചുള്ള വരയും ഏർപ്പെടുത്തി.  അങ്ങനെയാണ് നാമിപ്പോൾ കാണുന്ന ഖുർആനിന്റെ രൂപത്തിലേക്ക് പരിവർത്തനം സംഭവിച്ചത്.

Write a comment