Posted on

നന്മ മരങ്ങൾ

ഹോട്ടലിനു മുമ്പിൽ നിന്ന് എല്ലാവരെയും നിസ്സഹായതയോടെ നോക്കുന്ന പത്തു വയസ്സുകാരൻ ബാലനെ കണ്ടില്ലെന്നു നടിച്ചു കൊണ്ടോരോരുത്തരും അവനവനു വേണ്ടി നടന്നു നീങ്ങിക്കൊണ്ടിരുന്നു.
വിശപ്പടക്കാനാവാതെ വയറിന് മുകളിൽ കൈ മുറുക്കി പിടിച്ചുകൊണ്ട് പലരും തൂക്കി പിടിച്ച കവറിലേക്കും അവന്റെ കുഞ്ഞു കണ്ണുകൾ നീങ്ങിയിരുന്നു.
ഒടുക്കം പശിയുടെ നോവു സഹിക്ക വയ്യാതെ ക്യാഷ് കൗണ്ടർ വിട്ടുപോകുന്ന ഭക്ഷണസാധനങ്ങളാൽ മുഴച്ചു നിൽക്കുന്ന ഒരു കവറിനെ ലക്ഷ്യമാക്കിയവനോടി.
ഒറ്റ നിമിഷത്തിൽ കവറും കയ്യിലാക്കി തിരിഞ്ഞു നോക്കാതെ പഴയ പൊളിഞ്ഞ കെട്ടിടത്തിനു പിൻവശത്തേക്ക് പാഞ്ഞു. അധികം വിദൂരമല്ലാതെ “കള്ളൻ.. കള്ളൻ..’ എന്ന് വിളിച്ചുകൊണ്ട് പിറകിലായി അയാളും പാഞ്ഞു.
നിലത്ത് വയ്യാതെ കിടക്കുന്ന അമ്മക്കും കുഞ്ഞനിയനും പൊതി നീട്ടിയതുമവരുടെ കണ്ണുകൾ വിടർന്നു. എവിടെ നിന്നോ എങ്ങിനെയെന്നോ അവർ ആരാഞ്ഞില്ല. ഉള്ളിൽ ഉറഞ്ഞുതുള്ളിയ പശി പൊന്തിവന്ന് പൊതി അഴിച്ചു.  വായിലേക്ക് വെക്കാൻ നേരം പിറകിലോടിയെത്തിയയാൾ കയ്യിലുള്ള പൊതിയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് വായിൽ വന്നതൊക്കെയും ആ മൂന്നുടലുകൾക്ക് നേരെ തുപ്പി വിദൂരത്തേക്ക് മറഞ്ഞു. നിസ്സഹായതയോടെ വയർ മുറുക്കിപിടിച്ച് അയാളെയും തൊട്ടുമുമ്പ് തട്ടിത്തെറിപ്പിച്ച് നിലത്ത് ചിതറിയ അന്നത്തെയും നോക്കി നിന്നു. ഒലിച്ചിറങ്ങിയ ചുടുബാഷ്പം മുഖത്തു നിന്നവർ തുടച്ചു വറ്റിച്ചു.
വിശപ്പിൽ പൊതിഞ്ഞ നിസ്സഹായ ദേഹങ്ങളുടെ ഉള്ളിലപ്പോഴും വിങ്ങി പൊട്ടലിന്റെ അശ്രു ആർത്തലച്ച് പെയ്യുന്നുണ്ടായിരുന്നു.
സമൂഹത്തിന്റെ ഒരൊറ്റ മുഖം  മാത്രമായിരുന്നു അന്നവിടെ നിവൃത്തികേടു കൊണ്ട് തെറ്റുകാരായ ആ മനുഷ്യരൂപങ്ങളോട് എല്ലാമുള്ളതിന്റെ ധാർഷ്ട്യം കാട്ടിയിറങ്ങിപ്പോയത്. എന്നാൽ നെറികേടിന്റെ പല മുഖങ്ങൾ  തെരുവിലപ്പോഴും കരുണയുടെ പ്രതിരൂപങ്ങളായിട്ടഭിനയിച്ചു തകർക്കുന്നുണ്ടായിരുന്നു.
ഫോക്കസൊട്ടും തെറ്റാത്ത പൊതിചോറിലൂടെ  കരുതലിന്റെ ക്യാമറയിലെ നന്മ മരങ്ങളായി പന്തലിക്കുന്നുണ്ടായിരുന്നു.

Write a comment