Posted on

പ്രതീക്ഷകൾ പുലരട്ടെ …

സിനാൻ കുണ്ടുവഴി

ഇന്ത്യൻ മതേതരത്വത്തിന്റെ അടിവേര് പിഴുതെടുത്ത ബാബരി ധ്വംസനത്തിന് മൂന്ന് പതിറ്റാണ്ട് തികഞ്ഞിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങളെ പൂർണമായും അംഗീകരിക്കുന്ന ഇന്ത്യൻ സമൂഹത്തിൽ ചരിത്ര പ്രധാന്യമുള്ള ഒരാരാധനാലയം അന്നൊരു നാൾ ഒരു പറ്റം വർഗീയ കാപാലികർ മൺമറഞ്ഞത് ജനാധിപത്യ ഇന്ത്യ ഞെട്ടലോടു കൂടെയാണ് കണ്ടത്. മത മൂല്യങ്ങളെയും മത നിരപേക്ഷതയെയും മത സ്വാതന്ത്ര്യത്തെയും ഉറപ്പു നൽകുന്ന ഒരു സവിശേഷ ഭരണഘടനയുള്ള രാജ്യത്ത് ബാബരിയുടെ പതനം ഒരിക്കലും ഭരണകൂട വീഴ്ചയല്ലാതെ കാണാൻ സാധിക്കുമായിരുന്നില്ല. 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി സഹീറുദ്ദീൻ ബാബർ ഉത്തർ പ്രദേശിലെ ഫൈസാബാദിൽ നിർമ്മിച്ച മുസ്ലിം പള്ളിയാണ് ബാബരി മസ്ജിദ് എന്ന പേരിലറിയപ്പെടുന്നത്. എന്നാൽ ഇത് പൊളിക്കാനുള്ള മുറവിളി 80കളിൽ അന്നത്തെ യു പി പ്രതിപക്ഷമായ ബി ജെ പിയുടെ നേതൃത്വത്തിൽ നടന്നു. പിന്നീട് അധികാരത്തിലായ യു പി മുഖ്യമന്ത്രി പൂർണ സംരക്ഷണം ഉറപ്പു നൽകിയെങ്കിലും പതിനായിരം വരുന്ന ഹിന്ദു സംഘം 1992 ഡിസംബർ 5ന് മസ്ജിദ് തകർക്കുകയായിരുന്നു. മതേതര ഇന്ത്യയിലെ സഹജീവികളായ കോടിക്കണക്കിന് ജനങ്ങളുടെ മനസിൽ മാത്രമല്ല അവർ അത് വരെയും നെഞ്ചേറ്റിയിരുന്ന മതേതര ഇന്ത്യയെന്ന വിശ്വാസത്തിലും കൂടിയായിരുന്നു അന്ന് നിരാശയുടെ കരിനിഴൽ പടർത്തിയ ആ കാഴ്ച സംഭവിച്ചത്. തുടർന്ന് 27 വർഷം കേസ് നിലനിന്നെങ്കിലും പിന്നീട് വന്ന അനുബന്ധ വിധി കളെല്ലാം പ്രതീക്ഷകളുടെയും മുനയൊടിച്ചു.
ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം അധികാരാരോഹണം കൊണ്ടുമാത്രം സാധ്യമാകില്ലെന്ന് വിചാരിച്ച അവർ വർഗീയത ധ്രുവീകരണത്തിന് ശിലയിട്ടത് ബാബരിയുടെ തകർക്കലിലൂടെയായിരുന്നു. ഇന്നത് ഗ്യാൻവാപിയിലും കടന്നെത്തി നിൽക്കുമ്പോൾ മതേതര ജനാധിപത്യ ഇന്ത്യയെന്ന പൂർവ്വ നിർവചനങ്ങളെ ലോകം തിരുത്തി തുടങ്ങേണ്ടിയിരിക്കുന്നു.

Write a comment