ബൗദ്ധിക ഇസ്‌ലാമിന്റെ കവിളിലെ കണ്ണീര്‍

മുര്‍ഷിദ് തച്ചാംപറമ്പ്‌

 

മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ പങ്ക് അവർണനീയമാണ്. സ്പെയിനിലെ പുരാതന നഗരമായ കോർഡോവ ലോകത്തിന്റെ അലങ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്.
ആദ്യകാലത്ത് റോമൻ ഭരണ പ്രദേശമായിരുന്ന കോർഡോവയിൽ ഇസ്ലാമിന്റെ വെളിച്ചമെത്തിച്ചത് ത്വാരിഖ് ബിൻ സിയാദിന്റെ സ്പെയിനിലേക്കുള്ള പടയോട്ടമാണ്. പിന്നീട് ഏകദേശം 800വർഷത്തോളം സ്പെയിനും കോർഡോവയും ഭരിച്ചത് മുസ്ലിംകളായിരുന്നു. സ്പെയ്നിലെ മുസ്ലിം ഭരണകൂടത്തിന്റെ തല്സ്ഥാനമായിരുന്നു കോർഡോവ. പലരും ഭരണം നടത്തിയിരുന്നെങ്കിലും കോർഡോവയുടെ സുവർണ കാലഘട്ടം ഇക്കാലയളവിലാണ്. വിജ്ഞാനം കൊണ്ടും സംസ്കാരം കൊണ്ടും നഗരത്തിന് ലോക ശ്രദ്ധയാകർഷിക്കാനായി. 786ൽ ഉമയ്യദ് ഭരണാധികാരിയായിരുന്ന അബ്ദുറഹ്മാൻ ഒന്നാമനാണ് കോർഡോവയെ അന്തലൂസിയയുടെ (സ്പെയിനിന്റെ) ഭരണ തലസ്ഥാനമാക്കിയത്. മുസ്ലിം ഭരണത്തിന് കീഴിൽ കോർഡോവ അതിവേഗം വളർന്നു. സൗകര്യത്താലും വാസ്തുകലയിലെ വൈവിധ്യത്താലും ഇന്നുമിവിടെ വേറിട്ട് നിൽക്കുന്നു. അക്കാലത്ത് കോർഡോവയിൽ നിർമിച്ച കരകൗശല വസ്തുക്കൾക്ക് യൂറോപ്പിലാകമാനം ആവശ്യക്കാരുണ്ടായിരുന്നു. അന്ന് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലുതും സമ്പന്നവുമായ നഗരമായിരുന്നു ഇവിടം. കോർഡോവയിലെ ജനങ്ങൾ വിദ്യാസമ്പന്നരും മത സഹിഷ്ണുതയുള്ളവരുമായിരുന്നു. പത്ത്, പതിനൊന്ന് നൂറ്റാണ്ടുകളിൽ ലോകത്തിലെ തന്നെ ഏറ്റവും വികസിത രാജ്യങ്ങളിൽ ഒന്നായി ഇതു മാറി. തുകൽ, തുണിത്തരങ്ങൾ, നിർമാണ വസ്തുക്കൾ, പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങൾ, കാർഷികോൽപന്നങ്ങൾ എന്നിവകൊണ്ടെല്ലാം സമ്പന്നമായ സമ്പത്ത് വ്യവസ്ഥ ഉണ്ടായിരുന്നു കോർഡോവക്ക്. വൈദ്യശാസ്ത്രം, ഗണിതം, സസ്യ ശാസ്ത്രം, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം, വാനനിരീക്ഷണം തുടങ്ങി നിരവധി മേഖലകളിൽ യൂറോപ്യരെക്കാൾ നിപുണരായിരുന്നു കൊർഡോവൻ പണ്ഡിതന്മാർ. ലോക പ്രശസ്തനായ ചരിത്രകാരനായ മകരി തന്റെ ഒരു വാള്യം മുഴുവൻ കോർഡോവയിലെ ചരിത്രം ഉൾകൊള്ളിച്ച് രചിച്ചിട്ടുണ്ട്. കോർഡോവയിലും മുസ്ലിം സ്പെയിനിലും പരിപൂർണ്ണമായ ഇസ്ലാമിക ഭരണമായിരുന്നെങ്കിലും ഇതര മതസ്ഥർക്ക് അർഹിക്കുന്ന പരിഗണനയും സ്വാതന്ത്ര്യവും മുസ്ലിം ഭരണാധികാരികൾ നൽകിയിരുന്നു.
മുസ്ലിം ബൗദ്ധികതയുടെ പ്രഭ നുകരാൻ യൂറോപ്പിന് ഭാഗ്യമുണ്ടായി. കേവലം യൂറോപ്പിന് മാത്രമല്ല ശാസ്ത്ര, സാഹിത്യ രംഗങ്ങളിൽ ലോകത്തിന് തന്നെ അമൂല്യമായ സംഭാവനകൾ നൽകി. ആധുനിക ശാസ്ത്ര രംഗത്ത് വൻ മുന്നേറ്റങ്ങൾക്ക് കാരണമായ പല പരീക്ഷണങ്ങളും നടത്തിയത് കൊർഡോവയിലെ ശാസ്ത്രജ്ഞരാണ്. പ്രസിദ്ധ വൈദ്യ ശാസ്ത്ര പണ്ഡിതനും ആധുനിക സർജറിയുടെ പിതാവുമായ അബുൽ ഖാസിം സഹ്റാവി, ലോകത്ത് വൈമാനിക യാത്രയുടെ ആദ്യ ശ്രമങ്ങൾക്ക് തുടക്കം കുറിച്ച നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തി ചരിത്രത്തിലിടം നേടിയ അബ്ബാസ് ബിൻ ഫർനാസ്, നാവികർക്ക് വേണ്ടി ലോകത്താദ്യമായി മാപ്പ് നിർമിച്ച് നൽകിയ മുഹമ്മദ് ബിൻ ഇദ്രീസ്, പ്രശസ്ത സസ്യ ശാസ്ത്രജ്ഞന്മാരായ അൽഗാഫിഖി, അബൂ ജഅ്ഫർ അഹ്മദ് ബിൻ മുഹമ്മദ്, വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം രചിച്ച അൽ കുല്ലിയ്യാത്തു ഫിത്വബ്ബ് രചിച്ച വൈദ്യനും തത്വചിന്തകനുമായ അബ്ദുൽ വലീദ് മുഹമ്മദ് ബിൻ റുഷ്ദ് തുടങ്ങിയവർ കോർഡോവിയൻ സന്തതികളാണ്. കോർഡോവയാണ് യൂറോപ്പിൽ ജ്ഞാനോദയത്തിന് മുഖ്യ കാരണമായത്. യൂറോപ് അജ്ഞതയുടെ ഇരുട്ടിലായ സമയത്ത് കോർഡോവയും മുസ്ലിം സ്പെയിനും ജ്ഞാന ശോഭയാൽ പ്രകാശിക്കുകയായിരുന്നു. മുസ്ലിം ഭരണകാലത്ത് സ്പെയിനിലെ മുഴുവൻ ജനങ്ങൾക്കും എഴുതാനും വായിക്കാനും അറിയാമായിരുന്നു. 13ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അറബ് സംസാരിക്കുന്ന ജനതയായിരുന്നു സംസ്കാരത്തിന്റെയും നാഗരികതയുടെയും പ്രകാശമായി ലോകത്ത് പ്രകാശിച്ചതെന്ന് വിഖ്യാത ചരിത്രകാരനായ ഫിലിപ് കെ ഹിറ്റി തന്റെ “അറബികളുടെ ചരിത്രം'(ഒശീെേൃ്യ ീള അൃമയ)െ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്.
കോർഡോവയുടെ പ്രതാപകാലം മുസ്ലിം ഭരണകാലത്തായിരുന്നുവെന്ന് പറഞ്ഞു വെക്കുന്നുണ്ട് ഹിറ്റി. യൂറോപ്പിലെ ക്രിസ്ത്യൻ ഭരണകൂടം ഇരുട്ടിൽ തപ്പുമ്പോൾ മുസ്ലിം കോർഡോവ മനുഷ്യനെ പുരോഗതിയുടെ പടി കയറ്റുകയായിരുന്നു. പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും ഉന്നതമായ ഗ്രന്ഥരചനയിൽ ഏർപ്പെടുകയും ചെയ്ത ഒരുപാട് അതുല്യ പ്രതിഭകൾ കോർഡോവക്ക് സ്വന്തമായി ഉണ്ടായിരുന്നു. പ്രധാനമായും കോർഡോവയിലെ ജനങ്ങളുടെ വിജ്ഞാന സമ്പത്താണ് ലോകത്തെ ആകർഷിച്ചത്. പൊതുവേ വിജ്ഞാനം തേടിയലയുന്നവരായിരുന്നു കോർഡോവയിലെ പണ്ഡിതന്മാർ. ഇസ്ലാമിക കർമ്മശാസ്ത്രം, കണക്ക്, ഗോളശാസ്ത്രം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങി വിജ്ഞാനത്തിന്റെ നാനാ മേഖലകളിലും കോർഡോവൻ പണ്ഡിതന്മാർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സർവ്വ മേഖലയിലെ പാണ്ഡിത്യമാണ് ഇവരെ ഇതര പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ജ്ഞാന സംവാദനത്തിന് ജീവിതം ഉഴിഞ്ഞ്  വെച്ച അനേകായിരം ജനങ്ങൾ കോർഡോവയിൽ ഉണ്ടായിരുന്നു. കോർഡോവയെ അതുല്യമായ ഉന്നത നാഗരികതയാക്കി രൂപപ്പെടുത്തുന്നതിൽ ഇതെല്ലാം മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്.
കോർഡോവൻ വാസ്തു കലക്ക് ലോക ചരിത്രത്തിൽ സവിശേഷമായൊരിടം തന്നെയുണ്ട്. അവിടുത്തെ മുസ്ലിം ഭരണാധികാരികൾ കലയെയും നിർമ്മിതികളെയും പ്രോത്സാഹിപ്പിക്കുന്നവരായിരുന്നു. കല്ല് പാകിയ നടപ്പാതകളും വെളിച്ചം വിതറുന്ന തെരുവ് വിളക്കുകളും നൂറ്റാണ്ടുകൾക്ക് മുമ്പേ കോർഡോവയിൽ ആവിഷ്കരിക്കപ്പെ ട്ടിരുന്നു. ഇവിടുത്തെ തെരുവീഥികൾ  വൃത്തിക്കും ഭംഗിക്കും അലങ്കാരങ്ങൾക്കും പേരുകേട്ടവയാണ്.കോർഡോവൻ യൂണിവേഴ്സിറ്റി, ഗ്രേറ്റ് മോസ്ക്, അൽ ഹംറ രാജസൗധം, വിശാലമായ ലൈബ്രറികൾ, വ്യവസായശാലകൾ, ആതുരാലയങ്ങൾ, വലിയ കൊട്ടാരങ്ങളും കോട്ടകളും തുടങ്ങിയവയെല്ലാം യൂറോപ്പിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ഇസ്ലാമിക് (മൂറിഷ്) വാസ്തുവിദ്യയുടെ നിറം മങ്ങാത്ത ഒരുപാട് ഉദാഹരണങ്ങൾ ഇന്നും ഇവിടെ കാണാൻ സാധിക്കും. വലിയ സാംസ്കാരിക, സാമ്പത്തിക രാഷ്ട്രീയ കൂടിച്ചേരൽ കേന്ദ്രം കൂടിയായിരുന്നു നഗരം. ജാമിഅ ഖുർത്വുബ
ഉമയ്യത്ത് ഭരണകാലത്ത് ഭരണാധികാരി അബ്ദുറഹ്മാൻ ഒന്നാമൻ 785ലാണ് കൊർഡോവൻ പള്ളി നിർമിച്ചത്. പിന്നീട് പല ഭരണാധികാരികളും പള്ളി വിപുലീകരിച്ചു. ഇസ്ലാമിക് വാസ്തു കലയുടെ പ്രതാപവും സമ്പന്നതയും വരച്ചു കാണിക്കുന്ന നിർമ്മിതി സ്പെയിനിലെ തന്നെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. 1984ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഉൾപെടുത്തി നാമകരണം ചെയ്തു. ശേഷം ഇത് നഗരത്തിലെ മുഴുവൻ ചരിത്ര പ്രദേശങ്ങളിലേക്കും വ്യാപിപ്പിച്ചു. ക്രിസ്ത്യൻ സൈന്യം നഗരം കീഴടക്കിയതിന് ശേഷം പള്ളി ഒരു ക്രിസ്തീയ കടത്തീഡലാക്കി മാറ്റി. പിന്നീട് അവിടെ സ്ഥിരമായി കുർബാനയും മറ്റ് ആചാരങ്ങളും തുടർന്ന് പോന്നു. 1931ൽ ലോക പ്രശസ്ത കവിയായ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ പള്ളി സന്ദർശിക്കുകയും പള്ളിയിൽ പ്രാർത്ഥന നടത്തുകയും തുടർന്ന് അദ്ദേഹം തന്റെ ദി മോസ്ക് ഒാഫ് കോർഡോവ എന്ന കവിതയിൽ വിശേഷിപ്പിച്ചതിങ്ങനെയാണ് “കലാസ്നേഹികൾക്ക് പവിത്രമായ വിശ്വാസത്തിന്റെ മഹത്വമാണ് നീ. ആൻഡലൂസിയയെ പുണ്യഭൂമിയായി പരിശുദ്ധമാക്കി!’

 വിജ്ഞാനം (സാഹിത്യം)

അറിവ് ശക്തിയാണ്. അറിവ് അന്വേഷിക്കൽ മുസ്ലിമിന്റെ മേൽ ബാധ്യതയാണ്. അറിവാണ് മനുഷ്യനെ സ്വപ്നം കാണാൻ പഠിപ്പിച്ചത്. അറിവില്ലാതെ ഒരു പുരോഗതിയും മനുഷ്യന് സാധ്യമല്ല. കോർഡോവയിലെ മുസ്ലിം പുരുഷന്മാരും സ്ത്രീകളും 800 വർഷത്തോളം ജ്ഞാനമന്വേഷിച്ചു ജീവിച്ചു.  ഇബ്നു റുഷ്ദ്, ഇബ്നു സുഹ്ർ, ഇബ്നു ഹൈസം, അല്ലാമാ ഖുർതുബ, ഇബ്നു തുഫൈൽ, അബ്ബാസ് ഇബ്നു ഫിർനാസ്, ഇബ്നു ബജ്ജ തുടങ്ങിയ ഒരുപാട് മുസ്ലികൾ ജ്ഞാനമന്വേഷിക്കുകയും അത് ലോകത്തിന് പകരുകയും ചെയ്തു. അക്കാലത്ത് ഭൗതിക ആസ്ഥിയാൽ സമ്പന്നമായിരുന്നു കോർഡോവ. 80 ലധികം ലൈബ്രറികൾ, 300 ലധികം  വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, തല ഉയർത്തി നിൽക്കുന്ന പള്ളികൾ തുടങ്ങിയവയെല്ലാം കോർഡോവക്ക് സ്വന്തമായിരുന്നു. കോർഡോവയിൽ പോയി വിദ്യ അഭ്യസിക്കൽ രാജ കുടുംബങ്ങൾ പോലും അഭിമാനത്തോടെയായിരുന്നു കണ്ടിരുന്നത്. അതിശയകരമായ വൈജ്ഞാനിക വളർച്ചയുണ്ടായിരുന്ന ഇവിടുത്തെ പണ്ഡിതന്മാർ സാഹിത്യരംഗത്തെ കുലപതികൾ കൂടിയായിരുന്നു. ഇബ്നു ഫരീദ് എന്ന വിഖ്യാത അറബി സാഹിത്യ ചരിത്ര ഗ്രന്ഥ രചയിതാവ് ഇബ്നു അബ്ദി റബീഹി, പരമ്പരാഗത രീതിയിൽ നിന്ന് വിഭിന്നമായി നൂതന ശൈലി ആവിഷ്കരിക്കുകയും കവിതാ ലോകത്തിന് തന്നെ മാതൃകയാവുകയും ചെയ്ത കവി ഖലീദ് അഹ്മദ്, സൈദൂൻ, ചരിത്രഗ്രന്ഥമേഖലയിലെ ഇബ്നു ഖുതൈബ്, ജീവചരിത്രകാരനായ മുഹമ്മദ് ബിനു ഫാറാദി, കിതാബുൽ ഇബറിന്റെ ആമുഖ കൃതിയിലൂടെ ലോകപ്രശസ്തി നേടിയ ഇബ്നു ഖൽദൂൻ ഇസ്ലാമിക സൂഫിസത്തിന്റെ എക്കാലത്തെയും  ധൈഷണിക  പ്രതിഭ എന്ന് ലോകം വിശേഷിപ്പിച്ച അല്ലാമാ മുഹിയുദ്ധീൻ ഇബ്നു അറബി,യുക്തി ചിന്തയിൽ പഠനം നടത്തി ഒരുപാട് പുസ്തകങ്ങൾ രചിച്ച ഇബ്നു റുഷ്ദ്, തഫ്സീർ,ഹദീസ്,ഫിഖ്ഹ് മേഖലകളിൽ പ്രഗൽഭനും 20 ലധികം വാല്യങ്ങളുള്ള തഫ്സീർ ഗ്രന്ഥമായ തഫ്സീറുൽ കുർത്തുബി രചിച്ച ഇമാം അല്ലാമ കുർത്തബി തുടങ്ങി ധാരാളം പണ്ഡിതന്മാരുടെ വൈജ്ഞാനിക അടിത്തറ കോർഡോവൻ മണ്ണിലാണ്.

അൽ ഹകം ലൈബ്രറി

മുസ്ലിം ഭരണകാലത്ത് മാത്രം 80ലധികം ലൈബ്രറികൾ കോർഡോവയിൽ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രശസ്തമായ ലൈബ്രറി ആണ്  ദാറുൽ ഹിക്മ. പുസ്തകങ്ങളോട് അതിയായി പ്രിയം ഉണ്ടായിരുന്ന അൽ ഹക്കം എന്ന ഭരണാധികാരിയാണ് ഇത് നിർമ്മിച്ചത്. പത്താം നൂറ്റാണ്ടിൽ  യൂറോപ്പിലെ ഏറ്റവും വലിയ പുസ്തക വിപണി ആയിരുന്നു കോർഡോവ. പാശ്ചാത്യ ലോകത്തെ  ഏറ്റവും പ്രശസ്തമായ ലൈബ്രറിയിൽ 200ൽ താഴെ പുസ്തകം ഉണ്ടായിരുന്ന സമയത്ത് കോർഡോവൻ ലൈബ്രറിയിൽ നാല് ലക്ഷത്തിലധികം പുസ്തക ശേഖരമുണ്ടായിരുന്നു. ഇവിടുത്തെ കേറ്റലോഗ് മാത്രം  44 വാല്യങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അക്കാലത്ത് 500 ൽ അധികം പേർ ലൈബ്രറിക്ക് വേണ്ടി തൊഴിൽ ചെയ്തിരുന്നു. ആയുധങ്ങളെക്കാൾ പുസ്തകങ്ങളെ പ്രണയിച്ച അൽഹക്കം ലോകത്ത് പലയിടത്തും ഉള്ള അമൂല്യ കൃതികൾ ശേഖരിക്കാൻ വേണ്ടി മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇതെല്ലാം പുസ്തകശാലയെ വിശാലമാക്കുന്നതിൽ പ്രധാന കാരണമായി. കോർഡോയിലെ  പണ്ഡിതന്മാരെ വാർത്തെടുക്കുന്നതിൽ ഇൗ പുസ്തകശാലക്ക് വലിയ പങ്കാണുള്ളത്. നിർഭാഗ്യവശാൽ കുരിശു യോദ്ധാക്കളുടെ അധിനിവേശകാലത്ത് ലൈബ്രറി പൂർണമായും നശിക്കപ്പെട്ടു.
ഇസ്ലാമിന്റെ രണ്ടാം സുവർണ്ണ കാലഘട്ടമായാണ് കൊർഡോവയിലെ / സ്പെയിനിലെ മുസ്ലിം ഭരണകാലത്തെ വിശേഷിപ്പിക്കാറ്. മുസ്ലിം ഭരണാധികാരികൾക്കിടയിലെ ഭിന്നതയും ക്രിസ്ത്യൻ അധിനിവേഷവുമാണ് കൊർഡോവയുടെ പതനത്തിന് കാരണം. മുസ്ലിംകളുടെ കാലത്തുണ്ടായിരുന്ന പ്രതാപം പിന്നീടൊരിക്കലും നഗരത്തിന് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. വിശ്വ നാഗരികതയായി ഒരു കാലത്ത് ലോകം വീക്ഷിച്ചിരുന്നു മുസ്ലിം കോർഡോവ ഇസ്ലാമിക ചരിത്രത്തിലെ ഇരുണ്ട ദിനമായ 1492  ജൂൺ മാസത്തിൽ കുരിശു യുദ്ധക്കാരുടെ അധിനിവേശത്തോടെ നിലം പതിച്ചു. തുടർന്ന് ഇസ്ലാമിന്റെ ചരിത്ര ശേഷിപ്പുകൾ നശിപ്പിക്കുകയും പുസ്തക ശേഖരങ്ങൾ തീയിട്ട് കരിക്കുകയും ചെയ്തു. മുസ്ലിംകൾ വ്യാപകമായി നിർബന്ധിത മത പരിവർത്തനത്തിന് ഇരകളായി. നിരന്തരം പീഡിക്കപ്പെട്ടു. എതിർക്കുന്നവരെ കൊല്ലുകയോ നാടുകടത്തുകയോ ചെയ്തു. ഒരു കാലത്ത് ലോകത്തിന് വെളിച്ചം നൽകിയ ലോകം അസൂയയോടെ മാത്രം നോക്കിയിരുന്ന കോർഡോവ മുസ്ലിം ലോകത്ത് ദുഃഖമായി നിലനിൽക്കുന്നു.

Write a comment