വികസനത്തിന്റെ വഴി ഇസ്‌ലാം സാധൂകരിക്കുന്നത്‌

ഷാഹുല്‍ ഹമീദ് പൊന്മള

 

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനമാണ്  സുസ്ഥിര വികസനം കൊണ്ട് അർത്ഥമാക്കുന്നത്. വിഭവങ്ങൾ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനം ഇത് ലക്ഷ്യം വെക്കുന്നു. ഇസ്ലാമിന്റെ ലക്ഷ്യവും അതുതന്നെയാണ്.
പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത സ്വരത്തിലാണ് ഇസ്ലാം സംസാരിക്കുന്നത്.  മനുഷ്യനും ഇതര ജീവികൾക്കും വാസയോഗ്യമായ വിധത്തിൽ സംവിധാനിച്ച പ്രകൃതി ലോകാവസാനം വരെ നിലനിർത്തുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. “ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കുവേണ്ടിയാണ് സൃഷ്ടിച്ചിട്ടുള്ളത്’ എന്ന ഖുർആന്റെ പ്രസ്താവനയിൽ “നിങ്ങൾ’ എന്ന വാക്കിൽ ലോകാവസാനം വരെയുള്ള മുഴുവൻ മനുഷ്യരും  ഉൾപ്പെടുന്നു. അതിനാൽ ലോകാവസാനം വരെയുള്ള മനുഷ്യന് ഗുണകരമാകുന്നതും അവർക്ക് ദ്രോഹകരമല്ലാത്തതുമായ ഇടപെടലുകളെയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത് . ഭാവിതലമുറയുടെ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന യാതൊരു വികസനവും ഇസ്ലാം അംഗീകരിക്കുന്നില്ല. ഭാവി തലമുറയുടെ ജീവിക്കാനുള്ള അവകാശം പരമപ്രധാനമായതു കൊണ്ടാണല്ലോ ഭ്രൂണഹത്യ കടുത്ത പാപമായി ഇസ്ലാം പ്രഖ്യാപിച്ചത്. വികസനത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്. പ്രകൃതിയോട് വിശ്വാസിക്ക് ഉണ്ടാകേണ്ട നിലപാട് സാഹോദര്യത്തിന്റെതും സൗഹൃദത്തിന്റെതുമാണ്. മനുഷ്യർക്കിടയിലും ഇതര ജീവികൾക്കിടയിലും ഏറ്റക്കുറച്ചിലുകൾ രൂപപ്പെടുത്തി അന്യവൽക്കരിക്കാതെ ജീവനുള്ളതും ജീവനില്ലാത്തതുമായ സകല വസ്തുവിനെയും പരിഗണിക്കുന്ന തരത്തിൽ ആയിരിക്കണം വികസനമെന്ന് ഇസ്ലാം അടിവരയിടുന്നു.
വിഭവങ്ങൾക്ക് വേണ്ടിയുള്ള കിടമത്സരമാണ് നവ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. സ്ഥായിയായ നിലനിൽപ്പിനേക്കാൾ താത്കാലികമായ സുഖങ്ങളാണ് മനുഷ്യന്റെ തീരുമാനങ്ങളെ നിന്ത്രിക്കുന്നത് എന്നത് വലിയ ദുരന്തത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. മനുഷ്യന് ആവശ്യങ്ങളും ആർത്തികളും ഉണ്ട്. മനുഷ്യന്റെ ആവശ്യങ്ങളെ പൂർത്തീകരിക്കാനുള്ള വിഭവങ്ങളെ ലോകത്തുള്ളൂ. വിഭവങ്ങൾ പരിമിതമാണ്. ആർത്തികൾ പൂർത്തീകരിക്കാൻ അവ മതിയാവില്ല . ആർത്തിക്ക് അതിരില്ല, എന്നാൽ വിഭവങ്ങൾക്ക് അതിരുണ്ട് എന്നതാണ് ഇവ തമ്മിലുള്ള അന്തരം. ചൂഷണം ചൂഷകനു മാത്രം പ്രയോജനം ചെയ്യുന്ന ഏർപ്പാടാണ്. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ. പ്രകൃതി വിഭവങ്ങളെല്ലാം ഒറ്റയടിക്ക് ചൂഷണം ചെയ്ത് ഭൂമി ഭാവി തലമുറയ്ക്ക് ജീവിക്കാൻ കൊള്ളാത്തതാക്കുന്ന പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ  എല്ലാവർക്കും പ്രായോഗികമാകുന്ന രീതിയിൽ വികസനം സാധ്യമാകുമ്പോഴാണ് സുസ്ഥിരവികസനം സാധ്യമാകുന്നത്
താൻ വസിക്കുന്ന പ്രകൃതിയെ അതിമനോഹരമായി പരിപാലിച്ചു പോന്നിരുന്ന പുരാതന മനുഷ്യരിൽ നിന്ന് ആധുനിക മനുഷ്യരിലേക്കുള്ള അഥവാ നാഗരിക സങ്കൽപ്പങ്ങളുടെ ചുവടുവെപ്പോടെയാണ് പ്രകൃതിയോട് കാണിച്ചിരുന്ന സദ് വിചാരങ്ങളൊക്കെ നഷ്ടമാകുന്നത് ഇവിടെ രണ്ടു വീക്ഷണമാണ് നിലനിൽക്കുന്നത്. ഒന്ന് പുരോഗതിയാണ് പ്രധാനമെന്നും പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ നാഗരികവും സാങ്കേതികവുമായ പുരോഗതികളെ തടയിടാൻ പാടില്ലെന്നുമുള്ള വീക്ഷണമാണ്. പുരോഗതി തന്നെ മാനവികവിരുദ്ധമാണെന്നും പുരോഗതിയുടെയും ശാസ്ത്രത്തിന്റെയും പേരിൽ നടക്കുന്നത് ചൂഷണമാണെന്നും പരിസ്ഥിതിയെ താറുമാറാക്കുന്നതുകൊണ്ടുതന്നെ സാങ്കേതിക പുരോഗതിയെ ബഹിഷ്കരിക്കുകയാണ് വേണ്ടതെന്നുമുള്ള വീക്ഷണമാണ് രണ്ടാമത്തേത്. ഇസ്ലാം ഇൗ രണ്ട് വീക്ഷണങ്ങളുടെയും നടുവിൽ നിൽക്കുന്നു. അഥവാ പരിസ്ഥിതിയാണോ വികസനമാണോ വേണ്ടത് എന്നതാണ് ഉയർന്നുവരുന്ന ചോദ്യം. യഥാർത്ഥത്തിൽ പരിസ്ഥിതി അധിഷ്ഠിത വികസനമാണ് വേണ്ടതെന്നും തന്റെ ദൈവം സൃഷ്ടിച്ച തന്നെപ്പോലുള്ളതിനെയെല്ലാം ആദരിക്കുകയും അവയുടെ അവകാശങ്ങളെ മാനിക്കുകയും ചെയ്യുന്നത് വിശ്വാസ പൂർത്തീകരണത്തിന്റെയും ദൈവപ്രീതി കരസ്ഥമാക്കുന്ന തിന്റെയും മാർഗ്ഗമാണെന്നും ഇസ്ലാം കാണുന്നു .
മനുഷ്യനെ മാത്രം കണക്കിലെടുത്തുകൊണ്ടുള്ള വികസന കാഴ്ചപ്പാടുകളിൽ ന്യൂനതകൾ ഏറെയാണ്. പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല ഉള്ളത് പക്ഷികളും മൃഗങ്ങളും സസ്യലതാധികളും ഇൗ പരിസ്ഥിതി തന്നെയും വികസന പ്രക്രിയയിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. പ്രകൃതി വിഭവങ്ങളുടെ ദുരുപയോഗം ദൈവ നിന്ദയും മനുഷ്യവിരുദ്ധവുമാണ്. എല്ലാ വസ്തുവിനോടും നന്മ ചെയ്യാൻ അള്ളാഹു നിർബന്ധമാക്കിയിരിക്കുന്നു എന്ന നബിവചനം ജീവനുള്ളതും ഇല്ലാത്തതുമായ പ്രപഞ്ചത്തിലെ എല്ലാ വസ്തുവിനോടുള്ള മനുഷ്യന്റെ സമീപനം എങ്ങനെയായിരിക്കണമെന്ന് വ്യക്തമാക്കുന്നു. ഉഹ്ദ് മലയെ നോക്കി “”പർവതമേ, ഞാൻ നിന്നെയും നീ എന്നെയും സ്നേഹിക്കുന്നു” എന്ന പ്രവാചകന്റെ ആത്മഗതവും പ്രകൃതിയോട് പുലർത്തേണ്ട സമീപനത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
മനുഷ്യന്റെ ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് വികസനത്തിന്റെ ലക്ഷ്യം എന്നാണ് പാശ്ചാത്യവികസന കാഴ്ചപ്പാട് കേവല ഭൗതിക പുരോഗതിയല്ല വികസനമെന്നും മനുഷ്യരുടെ സാമൂഹിക സാംസ്കാരിക പാരിസ്ഥിതി മണ്ഡലങ്ങൾ കൂടി ഉൾക്കൊള്ളുമ്പോൾ മാത്രമേ വികസനം പൂർണമാവുകയുള്ളൂ എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. ശരീരത്തെയും ആത്മാവിനെയും വ്യക്തിയെയും സമൂഹത്തെയും മനുഷ്യനെയും  പ്രകൃതിയെയും  സൃഷ്ടികളെയും ഏകദൈവ വിശ്വാസത്തിന്റെ അടിത്തറയിൽ സന്തുലിതമായി സമ്മേളിപ്പിക്കുന്ന ഇസ്ലാമിക ദർശനം ആധുനികതയുടെ ഭീകരതകളിൽ നിന്ന്  മുക്തമായിരിക്കുമെന്ന് ക്ലോസ് അൽവാരിസ് അടിവരയിട്ട് പറയുന്നുണ്ട്.
ആധുനിക വികസന രീതിയിൽ പ്രകൃതിക്ക്  കനത്ത പ്രഹരമേറ്റുകൊണ്ടിരിക്കുന്നു. മണ്ണും വിണ്ണും  വെള്ളവും  വായുവും മലിനമാകുന്നു. ഭൂമിയുടെ ഘടന തകരുന്നു. പരിസ്ഥിതിയും ജൈവ വൈവിധ്യവും ഗുരുതരമായ മാറ്റത്തിന് വിധേയമാകുന്നു. ഭൗതിക തലങ്ങൾ മാത്രം പരിഗണിക്കുകയും സാംസ്കാരിക മുഖം  പരിപൂർണ്ണമായി അവഗണിക്കുകയും ചെയ്തതാണ്  തിരിച്ചടികളുടെ മൂല കാരണം. മനുഷ്യന് കേവല ഭൗതിക ജീവിയാണെന്നും ഭൗതിക ക്ഷേമവും ധനസമ്പാദനവും മാത്രമാണ് അവന്റെ പ്രവർത്തനങ്ങളുടെ പ്രചോദനം എന്നും സിദ്ധാന്തിക്കുന്ന ഭൗതിക ദർശനങ്ങളിൽ നിന്ന്  ഉൾതിരിഞ്ഞുവരുന്ന വികസന സങ്കല്പം ഇത്തരത്തിലാവാനേ വഴിയുള്ളൂ.
വികസനത്തെ മാറ്റിനിർത്തുന്ന അധ്യായമല്ല ഇസ്ലാമിന്റേത്. മറിച്ച് സമൂഹത്തിന്റെ വികാസത്തിനും പുരോഗതിക്കും വഴിതെളിക്കുന്ന പാഠങ്ങളാണ് ഇസ്ലാമിക അധ്യാപനങ്ങൾ. വികസനത്തിന്റെ രീതിശാസ്ത്രത്തെയും സമ്പൂർണ്ണതയെയും സംബന്ധിച്ച് ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട് ഇസ്ലാമിക വീക്ഷണത്തിൽ പുരോഗതി മനുഷ്യ പ്രകൃതത്തിന്റെ ഭാഗമാണ്. വിശ്വാസികൾ വികസന പ്രവർത്തനങ്ങളിൽ സജീവമാകാൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു .
“”നാം ഇരുമ്പ് ഇറക്കിയിരിക്കുന്നു. അതിൽ വലിയ ശക്തിയുണ്ട്, ജനങ്ങൾക്ക് ഉപകാരവും.”(57:25) ജനങ്ങൾക്ക് ഉപകാരവും എന്ന പരാമർശം ഇരുമ്പിന്റെ വ്യവസായിക സാധ്യതയിലേക്കുള്ള സൂചനയാണ്. വികസനത്തിന്റെ വിവിധ മുഖങ്ങൾ കൈക്കൊള്ളുന്നതിലൂടെ ഉണ്ടാകേണ്ട സമൂഹത്തെക്കുറിച്ച് ഖുർആന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നിങ്ങൾ സാധ്യമാകുന്നത്ര ശക്തി സംഭരിക്കുക എന്നത് ഖുർആനിക അധ്യാപനമാണ്. ശാസ്ത്ര സാങ്കേതിക രംഗത്തും സൈനിക രംഗത്തും രാഷ്ട്രം ശക്തവും വികസിതവും ആയിരിക്കണമെന്നതിലേക്ക് വിരൽ ചൂണ്ടുന്നു. അതുപോലെ വൃത്തിയുള്ള സമൂഹം, വിശുദ്ധമായ നാഗരികത, സഹവർത്തിത്വമുള്ള സമൂഹം, സംതൃപ്തരായ വ്യക്തികൾ, ശുദ്ധമായ പരിസ്ഥിതി എന്നിവയും ഇസ്ലാം ലക്ഷ്യമിടുന്നു. “നിങ്ങൾ അധ്വാനിക്കുവിൻ. അല്ലാഹുവും റസൂലും നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നുണ്ട്’ (9:105) എന്ന ഖുർആനിക വചനം അധ്വാനിക്കാൻ പ്രേരിപ്പിക്കുന്നതോടൊപ്പം നീതിയുക്തവും ബോധപൂർവ്വമായ ഇടപെടലിന്റെ ആവശ്യകതയിലേക്കുള്ള സൂചന കൂടിയാണ്.
സമൂഹത്തിന്റെ വളർച്ചയാണ് ഇസ്ലാമിന്റെ ലക്ഷ്യം. അതിനാൽ  തന്നെ സമൂഹത്തിന് വിനാശം വിതക്കുന്ന കാര്യങ്ങളെ ഇസ്ലാം നിരുത്സാഹപ്പെടുത്തുകയും ഗൗരവമായി ഇടപെടുകയും ചെയ്യുന്നു. സമൂഹത്തിന് നാശം വിതക്കാത്ത എല്ലാ വികസനത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു.

Write a comment