Posted on

ആകാശത്തോളം

ബെഞ്ചില്‍ കയറി നില്‍ക്കുമ്പോഴൊന്നും ഹംസക്കോയക്ക് യാതൊരു ഭാവഭേദവുമില്ല. കുട്ടികളൊക്കെ അവനെ നോക്കി ചിരിക്കുന്നുണ്ട്. അവന് വല്യാപ്പയുടെ പേരായതിനാല്‍ തന്നെ കുട്ടികളുടെ പരിഹാസം എത്രയോ അനുഭവിച്ചതാ..
    ആദ്യത്തിലൊക്കെ അവനു വിഷമം തോന്നിയിരുന്നു. വിഷമം ഉമ്മയോടു പറയും.
‘അതിനെന്താ ഹംസ്വോ… നീ കേട്ടിട്ടില്ലേ ധീരരായ ഹംസ(റ) വിനെ കുറിച്ച്. നമ്മള്‍ എന്ത് ഉദ്ദേശിച്ചാണോ പേരിട്ടത് അതുപോലെ അല്ലാഹു അവരെ അനുഗ്രഹിക്കുമെന്നാ’
ഉമ്മയുടെ വാക്കുകള്‍ അവനു പ്രചോദനമായി. എന്നും ആ വാക്കുകള്‍ അവന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അതുകൊണ്ടു തന്നെ സ്വന്തം പേരില്‍ അവന് അഭിമാനം തോന്നി.
‘എന്റെ ക്ലാസില്‍ ഇരിക്കണമെങ്കില്‍ നിന്റെ ബാപ്പാനെയും കൊണ്ട് നാളെ വരണം.’ – ഉണ്ണികൃഷ്ണന്‍ മാഷിന്റെ കല്‍പ്പന കേട്ട് അവന്‍ കിടുങ്ങി. അല്ലാഹ്! ഉപ്പാനോട് എങ്ങനെ പറയും. ഉമ്മയോടും പറയാന്‍ വയ്യ. തമീമിന്റെ കൈ മുറിഞ്ഞതു തന്റെ കാല്‍ തട്ടി ബെഞ്ചു വീണെന്നു പറഞ്ഞാ. ഇതിപ്പോ ഉനൈസിന്റെ ജ്യോമട്രി താഴെ വീണു പൊട്ടിയതിന്! അവന്റെ കൈ തട്ടി വീണിട്ടും എന്നെയാണു പ്രതിയാക്കിയത്. ഇതെങ്ങനെ ഉപ്പയോടു പറയും. ‘ഞാനല്ല ഉപ്പ’ എന്നു പറഞ്ഞാല്‍ തന്നെ ഉപ്പ വിശ്വസിക്കുകയില്ല, മാത്രമല്ല ആ കുറ്റത്തിന് എന്നെ അടിച്ചു കൊന്നതു തന്നെ. ഹംസക്കോയ ചിന്തയില്‍ വട്ടം കറങ്ങവെ ബെല്ലടിച്ചതും മാഷ് പോയതും അവന്‍ കണ്ടില്ല. പിരിയഡുകള്‍ മാറിമാറി വന്നു. ഓരോ അധ്യാപകരും അവനെ  പരിഹാസത്തോടെ നോക്കി. ഉള്ളില്‍ ദേഷ്യം ആളിക്കത്തിയെങ്കിലും അവന്‍ ക്ഷമിച്ചു. അന്നത്തെ ദിവസം മുഴുവന്‍ അവന് നില്‍ക്കേണ്ടി വന്നു. നിന്നതിനല്ല, മറിച്ച് അവനെ കള്ളനാക്കിയതിലായിരുന്നു വിഷമം.
ഉണ്ണികൃഷ്ണന്‍ മാഷിന്റെ താക്കീത് ഓര്‍ത്തു കൊണ്ടാണ് അവന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയത്. കര്‍ക്കശ സ്വഭാവക്കാരനായ ഉപ്പയോടവന്‍ ഒന്നും പറഞ്ഞില്ല. ഉമ്മ അറിഞ്ഞാല്‍ ഉപ്പയോടു പറയുമെന്ന് ഭയന്ന് അതും മറച്ചു വെച്ചു.
പിറ്റേന്ന് അവന്‍ സ്‌കൂള്‍ ബാഗും തൂക്കി ഇറങ്ങി. എന്തു ചെയ്യണമെന്ന് അവനറിയില്ല. കുറേ ദൂരം നടന്നു. വയലിലേക്കുള്ള വഴിയിലൂടെ ആ കൊച്ചു കൈത്തോടിനരികെ അവനിരുന്നു.
മുത്തുമണികള്‍ പോലെ തിളങ്ങുന്ന വെള്ളം, ശാന്തമായി ഒഴുകുന്ന കൈത്തോടിന്‍ വക്കില്‍ അവന്‍ തന്റെ പുസ്തകമെടുത്തു വെറുതെ മറിച്ചു കൊണ്ടിരുന്നു.
ഹംസ (റ) ധീരരായിരുന്നു. സത്യമതത്തില്‍ ഉറച്ചു നിന്ന് പോരാടി ശഹീദായവര്‍. അവന്റെ മനസ്സില്‍ ഉമ്മയുടെ വാക്കുകള്‍ അലയടിച്ചു. അതെ, ഞാനും സത്യത്തില്‍ തന്നെ. എന്തു വന്നാലും പിറകോട്ടില്ല. അവനവിടെ മലര്‍ന്നു കിടന്നു.
വൈകുന്നേരം സാധാരണ സ്‌കൂള്‍ വിട്ടു വീട്ടിലെത്തുന്ന സമയം അവന്‍ എത്തി. കളിക്കാന്‍  ഓടുന്ന അവന്‍ ശാന്തമായി ഇരുന്നു. രാത്രിയായി. ഉപ്പ വന്നാല്‍ എന്തെങ്കിലും ചോദിക്കുമോ എന്ന ഭയം ഉണ്ടെങ്കിലും അവന്‍ സ്വയം ആശ്വാസം കൊണ്ടു.
‘ഹംസാ…, ഇവടെ വാ.’
-ഉപ്പയുടെ വിളി കേട്ട് നടുക്കം രൂപം കൊണ്ട ഖല്‍ബുമായി ഹംസ എണീറ്റു. കച്ചവടക്കണക്കെഴുതി ഡയറി എടുത്തു വെക്കുന്ന ഉപ്പക്കരികില്‍ പേടിയോടെ അവന്‍ നിന്നു.
‘ആ പിന്നേ ഇന്ന് നിന്റെ മാഷെ കണ്ടിരുന്നു.’
അവന്റെ കണ്ണുകള്‍ തുറിച്ചു. കുടിനീര്‍ ഇറക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ അവന്‍ വിങ്ങി.
‘നിന്നെ കുറിച്ച് ചോദിച്ചു. നീ ഉഷാറാണ്, ബ്രില്ല്യന്റ്, സ്മാര്‍ട്ട്… ഹോ അങ്ങനെ എന്തൊക്കെയാ മാഷ് പറഞ്ഞതെന്നോ. ഏതായാലും സമാധാനം. സ്‌കൂളിലെങ്കിലും നീ നല്ല കുട്ടിയാണല്ലോ.’
ഉപ്പ പറഞ്ഞതു കേട്ട് അക്ഷരാര്‍ത്ഥത്തില്‍ അവന്‍ ഞെട്ടിപ്പോയി. ഹെന്ത്! മാഷ് അങ്ങനെ പറഞ്ഞെന്നോ. ഹേയ്, ഉപ്പ  കളിയാക്കുകയാവും. ഇന്നേതായാലും അടി ഉറപ്പാ. ഇനി സത്യം പറയാം. ഉപ്പയുടെ അടി വാങ്ങാം.
‘ഉപ്പാ, നിങ്ങള്‍ മാഷെ കണ്ടെന്നു പറഞ്ഞതു സത്യമാണോ.?’
‘അതെന്താടാ നിനക്കു സംശയം…?’
‘അങ്ങനെയൊക്കെ പറഞ്ഞപ്പോ…?’ – അവന്‍ പറഞ്ഞു നിറുത്തി.
‘ഇന്ന് കുഞ്ഞോള്‍ക്ക് ഉടുപ്പ് വാങ്ങാന്‍ കടയില്‍ കയറിയപ്പഴാ മൂപ്പരെ കണ്ടത്… മുമ്പ് കണ്ട ഓര്‍മയില്‍ ഞാന്‍ വേഗം ചെന്നു. മാഷല്ലേ, ന്റെ മോന്‍ നിങ്ങള്‍ടെ ക്ലാസിലാണ്. അവന്റെ പഠനമൊക്കെ എങ്ങനെ എന്നൊക്കെ ചോദിച്ചപ്പോള്‍ ഇങ്ങനെയൊക്കെ പറഞ്ഞു. കൂടെ നിന്നെപ്പോലുള്ളവരൊക്കെ സ്‌കൂളിന്റെ അഭിമാനമാണെന്ന്.’
അഭിമാന പുരസ്സരം ഉപ്പ പറഞ്ഞു നിറുത്തി അവനെ നോക്കി. അമ്പരപ്പ് മറച്ചു വെച്ച് അവന്‍ ചിരിച്ചു. സന്തോഷത്തോടെയാണെങ്കിലും ഉള്ളില്‍ ഒത്തിരി ചോദ്യങ്ങള്‍ ബാക്കി കിടന്നു. മാഷ് അങ്ങനെ പറഞ്ഞെന്നോ. അങ്ങനെ പറയാന്‍ കാരണമെന്തായിരിക്കും… ആ സ്‌കൂളിലെ കുപ്രസിദ്ധനായ തന്നെ കുറിച്ച് ഇത്രയും സന്തോഷകരമായ വാക്കുകള്‍ കേള്‍ക്കുക അസാധ്യം. ഏതായാലും ഇതിന്റെ സത്യാവസ്ഥ അറിയണം. ഒന്നുകില്‍ മാഷ് കള്ളം പറഞ്ഞത്. അല്ലെങ്കില്‍ ഉപ്പ.
പിറ്റേന്ന് രണ്ടും കല്‍പ്പിച്ച് ഹംസക്കോയ സ്‌കൂളിലെത്തി.
‘ഡോ… ഹംസേ, അന്റെ ബാപ്പയെവിടെ…?’
‘അവന്റെ ബാപ്പ വരൂലെടാ…’
‘ഹാ, ഇന്നും ഉണ്ണികൃഷ്ണന്‍ മാഷിന്റെ ചൂടറിയും’
തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ക്കൊന്നും ഹംസ ചെവി കൊടുത്തില്ല. ഗേറ്റിലേക്കും നോക്കി അവന്‍ വരാന്തയില്‍ നിന്നു. അതാ… ഉണ്ണികൃഷ്ണന്‍ മാഷിന്റെ ബൈക്ക് ഗേറ്റു കടന്നു വരുന്നു. ഉടനെ അവന്‍ മാഷിനടുത്തേക്ക് ഓടി. അവനെ കണ്ട മാഷിന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ഉടനെ ഒരു ചോദ്യം:
‘എടോ… തന്റെ ബാപ്പ വന്നിട്ടുണ്ടോ…?’
‘അത്… മാഷേ, ഉപ്പ ഇന്നലെ കടേന്ന് മാഷെ കണ്ടെന്നും എന്നെ കുറിച്ച് സംസാരിച്ചെന്നും പറഞ്ഞല്ലോ. ഞാന്‍ സ്മാര്‍ട്ടാണ്, ബ്രില്ല്യന്റാണ് എന്നൊക്കെ.’
മാഷ് സ്തബ്ധനായി. ഈശ്വരാ… ഇന്നലെ സംസാരിച്ചത് ഇവന്റെ ബാപ്പയായിരുന്നോ… ഛെ, ആളെ മനസ്സിലാകാതെ താന്‍ എന്തൊക്കെയോ പൊക്കിപ്പറയേം ചെയ്തു. ഇനിയിപ്പോ അങ്ങനെ പറഞ്ഞില്ലെന്നും പറയാന്‍ വയ്യ. അയാളെന്തു കരുതും. കുറച്ചു നേരം മാഷ് നിശബ്ദമായി. പിന്നെ ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു:
‘ആ, ഇപ്പോ ഓര്‍ക്കുന്നു… നീ ബ്രില്ല്യന്റും സ്മാര്‍ട്ടും ഒക്കെയാണല്ലോ. ഇടക്കുള്ള തരികിട പറഞ്ഞില്ലാന്നു മാത്രം.’
അതും പറഞ്ഞ് മാഷ് അവനില്‍ നിന്നും രക്ഷപ്പെട്ടു. അവനാണെങ്കില്‍ അതുകേട്ട് തുള്ളിച്ചാടാന്‍ തോന്നി. ഉണ്ണികൃഷ്ണന്‍ മാഷെ അവന്‍ അത്യധികം ബഹുമാനാദരവോടെ നോക്കി.
അവന്‍ ക്ലാസില്‍ ഇരുന്നു. മറ്റു കുട്ടികളുടെ സംസാരമൊന്നും അവന്‍ കേട്ടില്ല. ഹംസ ഈസ് എ ബ്രില്ല്യന്റ് ആന്‍ഡ് സ്മാര്‍ട്ട്. എത്ര സുന്ദരമായ വാക്കുകള്‍… തന്റെ മാഷിന്റെ നാവില്‍ നിന്നും കേട്ടതിന്റെ വിസ്മയത്തില്‍ ഹംസ ഇരുന്നു. മാഷ് ക്ലാസില്‍ വന്നു. ഹംസയെ നോക്കി. സാധാരണയില്‍ കവിഞ്ഞ ഒരു പ്രസരിപ്പ് അവന്റെ മുഖത്തുണ്ട്. അയാള്‍ക്ക് ജാള്യത തോന്നി.
പിന്നീടങ്ങോട്ട് ഹംസ മാറുകയായിരുന്നു. പഠനത്തില്‍, കലാകായിക മത്സരങ്ങളില്‍, അങ്ങനെ എല്ലാത്തിലും അവന്‍ മുന്‍പന്തിയിലെത്തി. ഏതൊരു കാര്യവും അക്ഷരംപ്രതി അനുസരിക്കുന്ന വിദ്യാര്‍ത്ഥിയായി അവന്‍ തിരുത്തപ്പെട്ടു.
ഉണ്ണികൃഷ്ണന്‍ മാഷ് അത്ഭുതത്തോടെ എല്ലാം വീക്ഷിച്ചു. അതെ തന്നില്‍ നിന്നും അറിയാതെ വീണ വാക്കുകള്‍ ഒരു കുട്ടിയെ ഇത്രത്തോളം ഉയര്‍ത്തുന്നുവെങ്കില്‍ അറിഞ്ഞുകൊണ്ട് ഓരോ രക്ഷിതാവും അധ്യാപകരും കൊടുക്കുന്ന വാക്കുകള്‍ക്ക് എത്രത്തോളം മൂല്യമാവും ഉണ്ടാവുക. ഉത്തമ സമൂഹത്തെ തന്നെ വാര്‍ത്തെടുക്കാനാവുമല്ലോ.
ഇന്ന് സ്‌കൂളില്‍ ധീരതക്കുള്ള അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ വന്നിരിക്കുന്നത് ഹംസയാണ്. ലൈബ്രറിയില്‍ വെച്ച് ഷോക്കേറ്റ അജ്മലിനെ തക്ക സമയത്ത് രക്ഷപ്പെടുത്തിയ ഹംസ സ്‌കൂളിന് അഭിമാനമാണെന്ന് ഉണ്ണികൃഷ്ണന്‍ മാഷ് മൈക്കിലൂടെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. അദ്ദേഹം ഹംസയെ ചേര്‍ത്തു നിര്‍ത്തി അവന്റെ നെറ്റിയില്‍ സ്‌നേഹ ചുംബനം നല്‍കി. ആകാശത്തോളം ഉയര്‍ന്നതായി അവനു തോന്നി. അവന്‍ തന്റെ ഗുരുവിന്റെ കൈകള്‍ തന്റെ കൈകളില്‍ കോര്‍ത്തു പിടിച്ചു ചുംബിച്ചു.
ജുമയ്‌ല ശാഫി കരിപ്പൂര്‍

Write a comment