Posted on

ഫലസ്തീന്‍ യുക്രൈനിലെത്താന്‍ എത്ര ദൂരം താണ്ടണം

വര്‍ഷങ്ങളോളമായി ഫലസ്തീനിനു മേലുള്ള അധിനിവേഷം ഇസ്രായേല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ ജൂത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലേക്ക് ഇരച്ചുകയറിയിരിക്കുന്നു. അതിന് പുറമെ ഇസ്രായേല്‍ സൈന്യം ഫലസ്തീനിലെ അഭയാര്‍ത്ഥി ക്യാമ്പുകളെ വളഞ്ഞ്, റോക്കറ്റും സൈനിക വാഹനങ്ങളും ഉപയോഗിച്ച് കനത്ത ആക്രമണമാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നാബ്‌ലസില്‍ കഴിഞ്ഞ ഏതാനും ദിവസമായി കൂട്ടക്കുരുതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ മനുഷ്യരെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. പക്ഷെ ആരെയും അത് സ്പര്‍ശിക്കുന്നേയില്ല. ഫലസ്തീനിന്റെ ദൈന്യത ലോകത്തിന് മുന്നില്‍ വിളിച്ചുപറഞ്ഞ ഷിറീന്‍ അബു ആഖ്ലേയ്ക്ക് സംഭവിച്ചതും ലോകം കണ്ടതാണ്. അന്താരാഷ്ട്ര ഖ്യാതിയുള്ള ആ പത്രപ്രവര്‍ത്തകയെ ഇസ്രായേല്‍ സേന കൊന്നു തള്ളുകയാണ് ഉണ്ടായത്. ആരും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയോ ഇസ്രായേലിനെതിരെ തിരിയുകയോ ചെയ്തിട്ടില്ല. യുക്രൈന് കിട്ടുന്നതിന്റെ ഒരംശം പോലും പരിഗണന ആരും ഫലസ്തീനിലെ വേദനയനുഭവിക്കുന്ന മനുഷ്യര്‍ക്ക് നല്‍കുന്നില്ല. റഷ്യക്ക് മേലുള്ള ഉപരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാശ്ചാത്യര്‍ ഇസ്രായേലിനെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുന്നില്ല. ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ഫലസ്തീനിയന്‍ ജനതയെ ലോകരാഷ്ട്രങ്ങള്‍ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്.
മര്‍ഷദ് കിടങ്ങഴി

Write a comment