വിമാനം കയറുന്ന വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍

ഹലോ അബ്ദുല്‍ ബാസിത്, ………..സ്റ്റഡി അബ്രോര്‍ഡില്‍ നിന്നാണ് വിളിക്കുന്നത്’
‘ആ…’
‘നിങ്ങളുടെ ഒരു എന്‍ക്വയറി കണ്ടിരുന്നു’
‘ഉം…’
‘ഏത് രാജ്യത്തേക്കാണ് നോക്കുന്നത്? ഇപ്പോള്‍ സെപ്തംബര്‍ ഇന്‍ടേക്കിനുള്ള സമയമാണ്’
‘നിലവില്‍ എങ്ങോട്ടും പോകുന്നില്ല.’
‘ആണോ..?’
‘അതെ’
‘താങ്ക്സ്, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ കോണ്‍ടാക്ട് ചെയ്യാം ട്ടൊ.’
‘ഓകെ, താങ്ക്യൂ’
കഴിഞ്ഞ കുറച്ചു മാസമായി ആഴ്ചതോറും രണ്ടുനേരം ഇതാണ് അവസ്ഥ. കേരളത്തിലെ ഓരോ കവലകളിലും സ്റ്റഡി അബ്രോര്‍ഡിന്‍റെ പരസ്യബോര്‍ഡുകളാണ്. ‘ഫീസില്ലാതെ ജര്‍മ്മനിയില്‍ പഠിക്കാം’ ‘സ്കോളര്‍ഷിപ്പോടെ യു കെയില്‍ പഠിക്കാം’, ‘ഐ ഇ എല്‍ ടി എസ് വേണ്ട യു കെയില്‍ പോകാം’ ഇങ്ങനെ തുടരുകയാണ് പരസ്യങ്ങള്‍. ഇതിന് ഇവിടെ ആവശ്യക്കാരേറെയുണ്ടെന്നാണ് പരസ്യങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു വിദേശ പഠന ഏജന്‍സി 7000 സ്റ്റുഡന്‍റ് വിസകള്‍ കാനഡയിലേക്ക് മാത്രം നല്‍കി. അങ്ങനെ മറ്റു രാജ്യങ്ങളിലേക്കും! അത് പോലെ മറ്റനേകം ഏജന്‍സികളും. 2025 ഓടെ 75 ലക്ഷത്തിലധികം പേര്‍ വിദേശപഠനത്തിനായി ഇന്ത്യ വിടുമെന്നാണ്  UNICEF  ന്‍റെ അനുമാനം.
പോക്കല്ല പ്രശ്നം
അന്യദേശത്തേക്ക് പഠനത്തിനോ അല്ലെങ്കില്‍ ജോലിക്കോ പോകുന്നത് പ്രശ്നമല്ല. രാഷ്ട്ര നിര്‍മാതാക്കളെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്ന് ബിരുദം നേടിയവരായിരുന്നു. കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 20% വും INWARD REMTTANCSE(NRI പണം) ആണ്. നവ കേരളം രൂപപ്പെട്ടത് പോലും ഗള്‍ഫ് പണത്തിന്‍റെ വരവിനാലാണ്. എന്നാല്‍ ഇന്നത്തെ വിദേശ കുടിയേറ്റങ്ങളില്‍ മുമ്പത്തേതില്‍ നിന്നും പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.
1. കൂടുതല്‍ ആളുകള്‍ പുറത്ത് പോകുന്നു
കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ശരാശരി 40000 കുട്ടികള്‍ പഠനത്തിനായി പുറം രാജ്യങ്ങളിലേക്ക് പുറപ്പെടുന്നുണ്ട്. 1975ല്‍ 8 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായിരുന്നു പുറം രാജ്യങ്ങളിലുണ്ടായിരുന്നത്. 2012ല്‍ അത് 40 ലക്ഷമായി. 2025ല്‍ 75 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടല്‍. തൊഴിലാവശ്യാര്‍ത്ഥം പോയിരുന്നത് പഠിക്കാനായി മാറിയതും, അറേബ്യന്‍ രാജ്യങ്ങള്‍ക്കു പകരം യു.കെ, കാനഡ, സ്വിസര്‍ലാന്‍റ്, ജര്‍മ്മനി എന്നിവയായി മാറിയതും പരമപ്രധാനമാണ്.
2. കൂടുതല്‍ പണം പോകുന്നു
ഒരു വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷത്തെ ശരാശരി ചെലവ് 15 മുതല്‍ 20 ലക്ഷം വരെയാണ്. ഒരു വര്‍ഷത്തില്‍ 5000 മുതല്‍ 7000 കോടി രൂപ കേരളത്തില്‍ നിന്ന് പുറത്തേക്കു ഒഴുകുന്നു. സ്കോളര്‍ഷിപ്പുകള്‍, പാര്‍ടൈം ജോബുകള്‍, വിദേശ ലോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് പഠനം സാധ്യമാക്കുന്നതെന്ന് വെച്ചാലും കേരളത്തിന്‍റെ അതല്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ ഒഴുകേണ്ട ആയിരം കോടിയിലധികം രൂപയാണ് അന്യ രാജ്യങ്ങളില്‍ ക്രയവിക്രയങ്ങളിലേര്‍പ്പെടുന്നത്.
3. ഒന്നും തിരിച്ചു വരുന്നില്ല
നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ നിശ്ചിത കാലം കഴിഞ്ഞാല്‍ വിസ ഒഴിവാക്കി നാട്ടിലെ സ്ഥിരതാമസക്കാരാകാന്‍ യാത്ര തിരിക്കും. വിസ എടുത്ത് പഠിക്കാന്‍ പോകുന്നവരില്‍ മിക്കവരും അവിടെ പി ആര്‍ അഥവാ പെര്‍മനന്‍റ് റസിഡന്‍റ് വിസ എടുക്കും. പിന്നീട് പൗരത്വവും. മൂന്നുവര്‍ഷം കൊണ്ട് സ്ഥിര താമസവും അഞ്ച ്  വര്‍ഷം കൊണ്ട് പൗരത്വവും നല്‍കുന്നതാണ് ഈ രാജ്യങ്ങളില്‍ മിക്കതും. നാട്ടിലുള്ള ബന്ധുക്കള്‍ക്ക് പണം അയക്കാന്‍ڔസാധ്യതയുണ്ടെങ്കിലും നേടുന്ന വരുമാനത്തിന്‍റെ നിശ്ചിത ശതമാനം അവിടെത്തന്നെ ചെലവഴിക്കണമെന്ന നിബന്ധനയുണ്ട്ڔചിലڔരാജ്യങ്ങളില്‍. ആയതിനാല്‍ ഗള്‍ഫ് പണം കേരളത്തെ പുനര്‍ നിര്‍മ്മിച്ചത് പോലെ പ്രതീക്ഷ വെക്കേണ്ടതുണ്ടോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നു.
4. സംസ്ഥാനത്ത് അവശേഷിക്കുന്നവരുടെ ചിത്രം
വിദേശ പഠനങ്ങള്‍ക്ക് സാമ്പത്തിക ചെലവുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അത്രതന്നെ സാമ്പത്തിക ശേഷിയില്ലാത്തവര്‍ കേരളത്തില്‍ അവശേഷിക്കുകയും അവരുടെ വിദ്യാഭ്യാസ സാമ്പത്തിക മുന്നേറ്റങ്ങള്‍ പരിമിതമാകുകയും ചെയ്യും. തല്‍ഫലമായി സംസ്ഥാനത്തെ വിദ്യാഭ്യാസ വാണിജ്യ സാധ്യതകള്‍ ഓരോന്നായി അപ്രത്യക്ഷമാകും. കേരളത്തില്‍ ബാക്കിയാവുന്ന മറ്റൊരു വിഭാഗം നാട് വിടുന്ന യുവത്വത്തിന്‍റെ ബന്ധുക്കളായ മധ്യ വയസ്കരും വൃദ്ധരും ആണ്. ക്രമേണ കേരളം ഒരു വൃദ്ധസദനവും അശരണڔകേന്ദ്രവുമാകും.
എന്തൊക്കെയായിരിക്കും ഈ കുടിയേറ്റങ്ങളുടെ പിന്നിലെന്ന ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് പ്രതിവിധികള്‍ ഉണ്ടാക്കല്‍ അനിവാര്യമാണ്. സംസ്ഥാനത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നڔവലിയڔരോഗമാണിത്.
കാരണങ്ങളില്‍ ഒന്ന് ഇന്ത്യയിലെ വിദ്യാഭ്യാസ ഗുണമേന്മയില്ലായ്മയാണ്. രാജ്യത്തെ വിദ്യാഭ്യാസ രീതികളുടെ പോരായ്മയെ കുറിച്ച് ചര്‍ച്ച ആരംഭിച്ചിട്ട് കാലങ്ങളായി. പരിഷ്കരിക്കാത്ത സിലബസ്, വിദ്യാര്‍ത്ഥി കേന്ദ്രീകൃത അധ്യാപനത്തിലേക്ക് മാറാത്ത സംവിധാനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജോലി കേന്ദ്രീകൃതമല്ലാത്ത പ്രോഗ്രാമുകള്‍, പഠിപ്പിക്കാന്‍ താല്‍പര്യമില്ലാത്ത അധ്യാപകര്‍ എന്നിവയെല്ലാം ഇവിടെ പ്രശ്നങ്ങളാണ്. അതിന് പുറമെ സ്ട്രീമുകള്‍ മാറാനുള്ള സൗകര്യം, സ്കോളര്‍ഷിപ്പ് സംവിധാനങ്ങള്‍ തുടങ്ങി വിദേശ യൂണിവേഴ്സിറ്റികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ അനവധിയുണ്ട്. ഇന്ത്യയിലെ പ്രീമിയം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടാനുള്ള പാട്, കൃത്യസമയങ്ങളില്‍ നടക്കാത്ത പരീക്ഷകള്‍, നടന്ന പരീക്ഷകളുടെ റിസള്‍ട്ടിന് വരുന്ന കാലതാമസം, സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ള പ്രതിസന്ധികള്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികളെ മടുപ്പിക്കുന്നുണ്ട്. നാടുവിടാന്‍ മാത്രം ഗുണമേന്മയുള്ളതാണോ ആ രാജ്യങ്ങളിലെ വിദ്യാഭ്യാസമെന്ന ആലോചനകള്‍ക്കും പ്രസക്തിയേറെയുണ്ട്. തെരഞ്ഞെടുക്കുന്ന യൂണിവേഴ്സിറ്റികളിലൊന്നും പ്രശസ്തമായവയോ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്നവയോ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പലതും കേട്ടുകേള്‍വി പോലുമില്ലാത്തവയാണ്. എന്നിട്ടും എന്തുകൊണ്ട് ഇത്രയും കുടിയേറ്റങ്ങള്‍ എന്നിടത്താണ്  പഠിക്കാന്‍ പോകുന്നത് ഇവിടുത്തെ പഠന കേന്ദ്രങ്ങളുടെ ഗുണമേന്മ തകര്‍ച്ച കൊണ്ട് മാത്രമല്ലെന്ന് വ്യക്തമാകുന്നത്.  വരുമാന സാധ്യത നാട്ടില്‍ നിന്നേ കുറവാണ്. പഠിച്ചു ബിരുദ ധാരിയായവര്‍ക്കു പോലും മാന്യമായ ശമ്പളം കേരളത്തില്‍ ലഭ്യമല്ല. പ്രൊഫഷനുകള്‍ക്ക് ന്യായമായ ശമ്പളമില്ല എന്ന് തിരിച്ചറിയുമ്പോഴാണ് അവര്‍ ജോലി തേടി ബാംഗ്ലൂരിലും ഹൈദരാബാദിലും പോകുന്നതിന്‍റെ കാരണവുംڔമറ്റൊന്നല്ല എന്ന് ബോധ്യപ്പെടുക.
ഒട്ടും ബിസിനസ് സൗഹൃദമല്ല സംസ്ഥാനത്തിന്‍റെ നയങ്ങള്‍. അതുകൊണ്ട് ബിസിനസ് നടത്തി സമ്പന്നനാകാമെന്ന് വിചാരിച്ചാലും കേരളത്തില്‍ സാധ്യമല്ല. ജീവിത സ്വാതന്ത്ര്യവും സമൂഹത്തിലെ നിലവാരവുമെല്ലാം വിദേശ പഠനങ്ങള്‍ തെരഞ്ഞെടുക്കുന്നതിലേക്ക് വഴിയൊരുക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ഏതായാലും പഠിക്കുന്ന സ്ഥാപനം എത്ര മോശമായാലും ‘യുകെ’യില്‍ ആണല്ലോ അല്ലെങ്കില്‍ ‘ജര്‍മനി’ ആണല്ലോ എന്നത് അഭിമാനമായി സമൂഹം വിലയിരുത്തി തുടങ്ങിയിരിക്കുന്നു. നാട്ടില്‍ ഹോട്ടല്‍ ജോലികളും ഡെലിവറിയുമൊക്കെ അപമാനമായി കണ്ടിരുന്നവര്‍ യു കെയിലും ജര്‍മ്മനിയിലും പോയി ചെയ്യുന്നതും ഇതൊക്കെڔതന്നെയാണ് എന്നതാണ് കൗതുകം. വിദ്യാഭ്യാസ അവസരം എളുപ്പമാവുക എന്നത് വിദേശ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിന് മറ്റൊരു കാരണമാകുന്നുണ്ട.് ഇന്ത്യയില്‍ നല്ല ക്യാമ്പസുകളില്‍ അഡ്മിഷന്‍ ലഭിക്കാനുള്ള എന്‍ട്രന്‍സ് വളരെ പ്രയാസപ്പെട്ടതാണ്. പരീക്ഷ എഴുതുന്നവരില്‍ 3-7 ശതമാനം വരെ മാത്രമേ അഡ്മിഷന് അവസരം ലഭിക്കുന്നുള്ളൂ. ഈ മറ എളുപ്പത്തില്‍ മറികടക്കാന്‍ കൂടിയാണ് പലരും വിദേശ യൂണിവേഴ്സിറ്റികളെ സെലക്ട് ചെയ്യുന്നത്. ഇംഗ്ലീഷ് ഭാഷാ നൈപുണ്യം തെളിയിക്കാതെ പോലും വിസ നല്‍കുന്ന രാജ്യങ്ങള്‍ ഉണ്ട്.
കുടിയേറ്റം സംസ്ഥാനത്തിന്‍റെ സാമ്പത്തിക സാമൂഹിക തലങ്ങളെ ബാധിക്കും. അതിന്‍റെ നിലനില്‍പ്പിനെ പോലെയുമത് ചോദ്യം ചെയ്യും. മക്കളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധങ്ങള്‍ അകലാനും കാരണമാകും. ഗള്‍ഫ് നാട്ടിലെ പ്രവാസികള്‍ ബന്ധം നിലനിര്‍ത്തിയത് പോലെ ഇവിടെ സംഭവിക്കുമെന്ന് കരുതാനാകില്ല. കാരണം രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം കൂടുന്നുണ്ട്. ഇത് യാത്ര ചെലവ് കൂടാനും കാരണമാകുന്നു. ഗള്‍ഫ് നാടുകളിലെ സമയവും ഇന്ത്യന്‍ സമയവും ചെറിയ മാറ്റമേ ഉള്ളൂ. ‘യു കെ’, ‘ജര്‍മനി’ പോലുള്ള രാഷ്ട്രങ്ങളില്‍ സ്ഥിതി അതല്ല. വിദ്യാഭ്യാസ നിലവാരം കുറഞ്ഞ യൂണിവേഴ്സിറ്റിയിലാണ് ചെന്ന് പെടുന്നതെങ്കില്‍ വിദ്യാര്‍ത്ഥികളെയത് നന്നായി ബാധിക്കും. ഈ രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്നങ്ങളോ യുദ്ധങ്ങളോ ഉടലെടുത്താല്‍ ഈ വിദ്യാര്‍ത്ഥികളെല്ലാം മൂന്നാം കിട പൗരന്മാരായി മുദ്ര കുത്തപ്പെടും. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോന്നവര്‍ ഇനിയും പഠനം തുടരാനാകാതെڔപെരുവഴിയിലാണ്.
പരിഹാരങ്ങള്‍
ചില ആളുകള്‍ക്കൊക്കെ ഈ കുടിയേറ്റം ഗുണകരമാണ്. വിദ്യാഭ്യാസ തൊഴില്‍ ആവശ്യാര്‍ത്ഥം രാജ്യം മാറുന്നത് അത്ഭുതത്തോടെ കാണേണ്ടതോ തഴയപ്പെടേണ്ടതോ അല്ല. എങ്കിലും പുതുതായി കണ്ടുവരുന്ന ഈ കുടിയേറ്റം സംസ്ഥാനത്തെ നന്നായി ബാധിക്കുമെന്നതിനാല്‍ പരിഹാര പ്രക്രിയകള്‍ ആവിഷ്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
1. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍:
വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതാകണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ജോലി അധിഷ്ഠിതമായി നമ്മുടെ പ്രോഗ്രാമുകള്‍ മാറണം. അതിനായി പരിഷ്കരിച്ച സിലബസും ഉത്സാഹികളായ അധ്യാപകരും വേണം. ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ സംവിധാനിക്കണം. ശാസ്ത്രീയവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ നടത്തിപ്പുമാവണം. ആഗോള സ്വീകാര്യതയുള്ള സര്‍ട്ടിഫിക്കേഷനുകള്‍ ആയിട്ട് മാറുകയും വേണം. വിദേശ യൂണിവേഴ്സിറ്റികളെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുള്ള യു.ജി.സിയുടെ നയം പ്രതീക്ഷാവാഹമാണ്.
2. വരുമാനമുള്ള ജോലികള്‍: 
വിദ്യാസമ്പന്നര്‍ക്ക് സമ്പന്നരാകാനുള്ള വരുമാന സംവിധാനം ആവശ്യമാണ്. ഉയര്‍ന്ന ശമ്പളം നല്‍കുന്ന ജോലിയിടങ്ങളെ സൃഷ്ടിച്ചെടുക്കലാണ് പരിഹാരം. ബിസിനസ് സൗഹൃദ നയങ്ങള്‍ കൊണ്ടുവരണം. എം എന്‍ സികളെ നാട്ടിലെത്തിക്കണം. നാട്ടിലെ സംരംഭകര്‍ക്ക് പ്രചോദനവും താങ്ങുമേകാന്‍ ഗവണ്‍മെന്‍റുകള്‍ക്കാകണം. തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും കാക്കനാട്ടെ ഇന്‍ഫോപാര്‍ക്കും കേരളത്തിലെ നിരവധി പ്രൊഫഷണലുകള്‍ക്ക് ഉയര്‍ന്ന ശമ്പളം സാധ്യമാക്കിയിട്ടുണ്ട്. തത്തുല്യമായ പ്രൊജക്ടുകള്‍ ഇനിയും നടപ്പിലാക്കല്‍ വലിയ പരിഹാരമാണ്. അതിവേഗ പരിഷ്കരണത്തിലൂടെ പരിഹാരങ്ങള്‍ സൃഷ്ടിക്കണം. സാവധാന പ്രക്രിയകളെ കാത്തിരുന്നു മാറ്റങ്ങളെ പ്രതീക്ഷിക്കാന്‍ യുവത്വത്തിന് ആവില്ല. കാരണം ആയുസ്സിന്‍റെ വേഗം അനിയന്ത്രിതമാണ്.
അബ്ദുല്‍ ബാസിത്

Write a comment