അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ

 

മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. ഒരുകാര്യം തന്നെ പലപ്രാവശ്യങ്ങളിലായി ആവര്‍ത്തിക്കുന്ന രീതിയാണിത്. ഈ രൂപത്തില്‍ നിരവധി ഹദീസുകള്‍ കാണാം. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഒരേ കാര്യം തന്നെ പറയുന്ന ഹദീസുകളും കാണാം. വിഷയത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുന്നതിനാണിത്.
    രണ്ടാമതായി ഉപമകളുടെ പ്രയോഗങ്ങളാണ്. ശ്രോതാക്കളുടെ ജിജ്ഞാസയും ഭാവനയും വര്‍ദ്ധിപ്പിക്കുന്നതിനാണിത്. അഞ്ചു നേരം നിസ്ക്കരിക്കുന്ന ഒരു മുഅ്മിനിന്‍റെ ഉദാഹരണം, സമീപത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ അഞ്ചു സമയം കുളിച്ചാല്‍ അവനിലുണ്ടാകുന്ന വൃത്തിയുമായി ഉപമിക്കുന്നു.
മൂന്നാമതായി ചിത്രീകരണത്തിലൂടെ വിശദീകരിക്കുന്ന രീതിയാണ്. പ്രത്യേക കാര്യങ്ങള്‍ വിശദീകരിക്കാന്‍ പ്രവാചകര്‍ (സ) ഗ്രാഫിക്സ് ചിത്രീകരണം നടത്തുന്നു. ഇത് അധ്യാപന രീതികളില്‍ പ്രാധാനമാണ്. നബി (സ) തങ്ങള്‍ വൃത്തം വരക്കുകയും ആ വൃത്തത്തിനുള്ളില്‍ വരകള്‍ വരക്കുകയും ഉടനെ ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കുന്നതും ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും.
നാലാമതായി, കൈകൊണ്ടുള്ള ആംഗ്യഭാഷയും സൂചനകളുമാണ്. ഇതിലൂടെ വേഗത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുമെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. ചരിത്രത്തില്‍ കാണാം, ഞാനും യതീമിനെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണ്. അവിടുന്ന് ഇരു വിരലുകള്‍ അടുപ്പിച്ച് പിടിച്ചായിരുന്നു ഇത് പറഞ്ഞത്. ഇതു പോലെ കൈകൊണ്ട് വിശദീകരിക്കുന്നതില്‍ അധ്യാപന മേഖലയില്‍ വലിയ സ്വാധീനമുണ്ട്. അഞ്ചാമതായി സ്വജീവിത മാതൃകകളാണ്. ഉപദേശങ്ങള്‍ നല്‍കുക, അത് ജീവിത്തതിലൂടെ പകര്‍ന്നു നല്‍കുക എന്നത് മുത്തു നബിയുടെ ഏറ്റവും വലിയ അധ്യാപനരീതിയാണ്. ഖന്തക്ക് യുദ്ധത്തിന് കിടങ്ങ് കുഴിക്കാന്‍ ആവശ്യപെടുന്നതിന് പകരം മുന്നില്‍ നിന്ന് പണിയെടുത്തത് വലിയ മാതൃകയാണ്. ആറാമതായി ചോദ്യോത്തര രൂപമാണ്. ഒരു ചോദ്യം ചോദിക്കുകയും മറുപടി ലഭിക്കില്ലെന്ന ഉറപ്പോടെയായിരിക്കും ചോദ്യം. എന്നിട്ട് ഉടനെ തന്നെ മുത്ത് നബി ഉത്തരം പറയുകയും ചെയ്യും. ഈ രൂപത്തില്‍ പറയുന്നവ ഹൃദയങ്ങളില്‍ ആഴത്തില്‍ സ്വാധീനിക്കാന്‍ സാധിക്കും. ഒരു  മുഅ്മിനിന്‍റെ ഉപമ ഇലപൊഴിയാത്ത ഒരു മരത്തോട് ഉപമിക്കാന്‍ ആ വൃക്ഷത്തെ നിങ്ങള്‍ക്കറിയാമോ എന്ന് മുത്ത്നബി ചോദിക്കുന്നുണ്ട്. അനുചരന്‍മാര്‍ക്ക് ഉത്തരം കിട്ടാതെയാവുമ്പോള്‍ നബി തങ്ങള്‍ തന്നെ ഉത്തരം പറയുകയും തുടര്‍ന്ന് വിശദീകരണം പറയുകയും ചെയ്തു. ചിലപ്പോള്‍, അനുചരന്‍മാരുടെ മറുപടിക്കനുസരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തിരിച്ച് ചോദിക്കുന്ന രീതിയും പ്രവാചകനില്‍ കാണാം
ഇത്തരത്തില്‍  അധ്യാപന മേഖലയില്‍ അനുവര്‍ത്തിക്കേണ്ട അനേകം വഴികളെ തിരുനബി (സ്വ) പകര്‍ന്നു നല്‍കിയിട്ടുണ്ട്. ആറാം നൂറ്റാണ്ടില്‍  അന്ധകാരത്തില്‍ ആര്‍ത്തുല്ലസിച്ചിരുന്ന ഒരു ജനതയെ നക്ഷത്ര തുല്യരായി സംസ്കാരത്തിലും സല്‍കര്‍മത്തിലും  മാറ്റിയെടുക്കാന്‍ അവിടുന്ന് പ്രയോഗിച്ച രീതി ശാസ്ത്രങ്ങള്‍ മാതൃകാപരമാണ്.
മറ്റുള്ളവരെകൊണ്ട് സഹപാഠിയെ ശിക്ഷിപ്പിച്ചുകൊണ്ട് പരിഹസിപ്പിച്ച് കൊണ്ട് ക്ലാസ് റൂമുകളുണ്ടാക്കുന്ന രീതി പ്രവാചകനിലില്ലായിരുന്നു. സൗമ്യമായ പെരുമാറ്റത്തില്‍, ഗൗരവത്തില്‍ പറയേണ്ട സ്ഥലത്ത് അങ്ങനെയും, പുഞ്ചിരിക്കേണ്ട സ്ഥലത്ത് അതുപോലെയും അറിവ് പകരാന്‍ മറന്നില്ല. സാഹചര്യങ്ങള്‍ക്കനുസൃതമായി അറിവ് പകര്‍ന്ന് നല്‍കാനുള്ള മികവ് അവിടുത്തെ പ്രത്യേകതയാണ്. ഇടവേളകളില്ലാതെ പഠനരീതി ഭാരമാവുമ്പോള്‍ വിദ്യാര്‍ത്ഥി മനസ്സുകള്‍ വായിക്കേണ്ടതുണ്ട്. ഇത്തരം സിലബസ്സുകള്‍, ശീതീകരിച്ച മുറിയിലിരുന്ന് പടച്ചു വിടുമ്പോള്‍ ഇത് എത്ര ഫലപ്രദമാണെന്ന് വിചിന്തനം ആവശ്യമാണ്. തിരുനബി അദ്ധ്യാപനങ്ങള്‍ പുതിയ കാലത്ത് വലിയ മാതൃകകളാണ്.

സിനാന്‍ മൈത്ര

 

Write a comment