ആത്മീയ ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് അരീക്കോട് മജ്മഅ് സ്വിദ്ദീഖിയ്യഃ ദഅ്വഃ കോളേജ്. 1992ല്‍ ദഅ്വാ കോളേജ് ആരംഭിച്ചതു മുതല്‍ കാന്പസിനെ സജീവമാക്കിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സംഘടന 23 വയസ്സ് പൂര്‍ത്തിയാക്കാനിരിക്കുകയാണ്. കേവലമൊരു കാന്പസ് യൂണിയനെന്നതിലുപരി മുഖ്യധാരയിലേക്കിറങ്ങിച്ചെന്ന് സാമൂഹീകരണ പ്രക്രിയയില്‍ ഇടപെട്ടു കൊണ്ട് സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. എം.എസ്.എ.യുടെ സംഘടനാ സംവിധാനം ശാസ്ത്രീയവും സുതാര്യവുമാണ്.
വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി കലാലയ മുറ്റത്തണയുന്ന ദഅ്വാ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി സേവന വഴിയിലേക്കിറങ്ങുന്പോള്‍ കൈവശം വേണ്ട സിദ്ധികളെല്ലാം സ്വരൂപിക്കാന്‍ അവസരം സൃഷ്ടിക്കലും ആത്മവിശ്വാസത്തോടെ പ്രബോധിതരെ സമീപിക്കാനാവും വിധം അവരെ സജ്ജരാക്കലുമെല്ലാം തങ്ങളുടെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവോടെയാണ് സംഘടന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ഉസ്താദുമാരുടെയും മാനേജ്മെന്‍റിന്‍റെയും പിന്തുണ കൊണ്ടാണ് സംഘടനയുടെ മുന്നേറ്റം സുഗമമായി സാധ്യമാകുന്നത്.സംഘടന സ്വന്തം ഓഫീസിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഏറെ സന്തോഷകരമാണ്. ഒരു വിദ്യാര്‍ത്ഥി സംഘടനക്ക് പ്രവര്‍ത്തിക്കാനാവശ്യമായ മികച്ച സംവിധാനമാണ് വിശാലമായ ഓഫീസില്‍ സൗകര്യപ്പെടുത്തിയിട്ടുള്ളത്. എം.എസ്.എയുടെ കീഴ്ഘടകങ്ങളെ ലഘുവായി പരിചയപ്പെടാം.
ദഅ് വാ സെല്‍
ദഅ്വാ കോളേജിലെ വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ എം.എസ്.എയുടെ മുഖ്യ കീഴ്ഘടകം തന്നെയാണ് ദഅ്വാ സെല്‍. വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ ദഅ്വാ പരിശീലനം നല്‍കലും, സ്ഥാപന പരിസര പ്രദേശങ്ങളിലെ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കലും സെല്ലിന്‍റെ പ്രധാന ലക്ഷ്യങ്ങളാണ്. ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പെടെ 12 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയാണ് ദഅ്വാ സെല്ലിന് നേതൃത്വം നല്‍കുന്നത്. സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതിനായി രൂപീകരിച്ച ഡി.ഫോഴ്സില്‍ താത്പര്യമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഡി.ഫോഴ്സിനു കീഴില്‍ നാലു ഉപഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
- ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് റിലീജിയന്‍ കംപാരിസണ്‍
ഇതര മതങ്ങളെ കുറിച്ചുള്ള താരതമ്യ പഠനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടനാ വര്‍ഷത്തില്‍ 15 സിറ്റിങ്ങുകള്‍ നടത്തി മതതാരതമ്യ പഠനത്തില്‍ ആമുഖം നല്‍കുകയാണ് ലക്ഷ്യം. - ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഹ്ലുസ്സുന്ന സ്റ്റഡീസ്
ആദര്‍ശ പഠന രംഗത്ത് പ്രബോധന വിദ്യാര്‍ത്ഥിക്ക് ആഴത്തിലുള്ള പഠനത്തിന് അവസരം സൃഷ്ടിക്കുകയാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. പ്രധാനപ്പെട്ട തര്‍ക്ക വിഷയങ്ങളില്‍ ചര്‍ച്ചകളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നു. ഒരു സംഘടനാ വര്‍ഷം 15 ക്ലാസുകളാണ് ഷ്യെൂള്‍ ചെയ്തിട്ടുള്ളത്. - ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഒറേറ്ററി
പ്രഭാഷണ കലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാനുള്ള സമിതിയാണിത്. സാഹിത്യ സമാജങ്ങളിലെ പ്രകടനവും താത്പര്യവും പരിഗണിച്ചാണ് വിദ്യാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നത്. പ്രസംഗ പരിശീലന ക്ലാസുകളും നിര്‍ദ്ദേശങ്ങളും സമയക്രമത്തില്‍ നല്‍കിവരുന്നു. ഒന്നിടവിട്ട വ്യാഴാഴ്ചകളില്‍ രാത്രി ബുര്‍ദാ പ്രഭാഷണവും വെള്ളിയാഴ്ച സുബ്ഹിക്ക് ശേഷം ഖുര്‍ആന്‍ പ്രഭാഷണവും സംഘടിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നു. റബീഉല്‍ അവ്വല്‍, ജീലാനീ ഉറൂസ്, റമളാന്‍ തുടങ്ങിയ സമയങ്ങളില്‍ സമീപ മഹല്ലുകളില്‍ പൊതുപ്രഭാഷണത്തിന് വേദിയൊരുക്കുന്നു. - പബ്ലിക് മീറ്റ്
പ്രബോധക വിദ്യാര്‍ത്ഥിയെ സമൂഹത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവന്ന് പ്രായോഗിക ദഅ്വാ പരിശീലനം നല്‍കാനുള്ള വേദിയാണിത്. ഓടക്കയം, പുതിയനിടം, കളപ്പാറ തുടങ്ങിയ സമീപ മഹല്ലുകളില്‍ നിരന്തരമായി ഇടപെട്ടു കൊണ്ട് ദഅ്വാ സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇത്തരം ഗ്രാമങ്ങളില്‍ വ്യാഴാഴ്ച രാത്രി പ്രഭാഷണവും വെള്ളിയാഴ്ച പഠനക്ലാസും സംഘടിപ്പിക്കുന്നു. പാലക്കാട് ജില്ലയിലെ മിനുക്കംപാറ, ചെനങ്ങാംപള്ളി തുടങ്ങിയ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ദഅ്വാ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വിശുദ്ധ റമളാനില്‍ തെക്കന്‍ കേരളത്തിലെ ജില്ലകള്‍ കേന്ദ്രീകരിച്ച് പത്ത് ഗ്രാമങ്ങളില്‍ ദഅ്വാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പള്ളിയില്ലാത്ത ഒന്നു രണ്ടു മഹല്ലുകളില്‍ പള്ളി നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ സെല്ലിന്‍റെ പരിഗണനയിലുണ്ട്.
ഡിബേറ്റ് ആന്‍റ് ഡിസ്കഷന്‍
ഈ സമിതിക്കു കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവാദ, മുഖാമുഖ പരിശീലനം നല്‍കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ ആനുകാലിക വിഷയങ്ങളില്‍ ഡിസ്കഷന്‍ സംഘടിപ്പിക്കുന്നു. അഹ്ലുസ്സുന്ന, യുക്തിവാദം, ശാസ്ത്രം, ചരിത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങള്‍ സംവാദം നടത്തുന്നു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലും സംവാദങ്ങള്‍ മാസത്തിലൊന്ന് എന്ന രീതിയില്‍ നടക്കുന്നു.
മീഡിയാ സ്കാന്‍
ആനുകാലിക മാധ്യമങ്ങളിലും സൈബര്‍ ലോകത്തും നടക്കുന്ന ഇസ്ലാം വിമര്‍ശനങ്ങള്‍ കണ്ടെത്തി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിക്കുകയും അവകള്‍ക്ക് മറുപടി നല്‍കുകയുമാണ് മീഡിയാ സ്കാന്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.
ബുള്ളറ്റിന്‍
വെള്ളിയാഴ്ചകളില്‍ സ്ഥാപന പരിസരങ്ങളിലും ടൗണുകളിലും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ വിഷയങ്ങള്‍ എഴുതി പ്രദര്‍ശിപ്പിക്കുക.
കാന്പസ് സെല്‍
എം.എസ്.എയുടെ പ്രധാനപ്പെട്ട കീഴ്ഘടകമാണ് കാന്പസ് സെല്‍. സംഘടന, കരിയര്‍, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിക്കുന്നത് ഈ സെല്ലു വഴിയാണ്. അതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നു. എസ്.എസ്.എഫിന്‍റെ കാന്പസ് യൂണിറ്റായി പ്രവര്‍ത്തിക്കുന്ന സെല്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ കാന്പസില്‍ നടപ്പിലാക്കുന്നു.
ഒയാസിസ് സ്റ്റുഡന്‍റ്സ് ഹബ്
സ്ഥാപന പരിസരത്തുള്ള 8 മുതല്‍ +2 വരെ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷന്‍ നല്‍കുകയാണ് ഹബിന്‍റെ ലക്ഷ്യം. അന്പതില്‍ പരം വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിതാക്കളായുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസുകള്‍ നടക്കുന്നത്. പഠന വിഷയങ്ങള്‍ക്കു പുറമേ സ്പോക്കണ്‍ ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്‍റ്, മോറല്‍ ടീച്ചിംഗ് തുടങ്ങിയവയും നല്‍കിവരുന്നു. നാട്ടിലെ വിദ്യാര്‍ത്ഥികളെ സ്ഥാപനവുമായി അടുപ്പിക്കുന്നതില്‍ ഹബിന് നിര്‍ണ്ണായകമായ പങ്കുണ്ട്.
ഗൈഡന്‍സ് സെല്‍
വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്ന ഉപസമിതിയാണിത്. സ്കോളര്‍ഷിപ്പ്, മത്സരപ്പരീക്ഷകളെ കുറിച്ചുള്ള അറിവുകള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി ലഭിക്കുന്നു.
സംഘചലനം
എസ്.എസ്.എഫ് കാന്പസ് വിഭാഗത്തിനു തയ്യാറാക്കുന്ന സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനായി ഏല്‍പ്പിക്കപ്പെട്ട ഉപസമിതിയാണിത്.
ടെറസ് ഗ്രീന്‍
കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയമുണ്ടാക്കാനും കാന്പസിലെ മാലിന്യങ്ങള്‍ സംസ്കരിക്കാനും ടെറസിനു മുകളില്‍ കൃഷി ആരംഭിച്ചിട്ടുണ്ട്. വ്യത്യസ്ത ഇനം കാര്‍ഷികോല്‍പന്നങ്ങള്‍ ടെറസിനെ ഹരിതാഭമാക്കിക്കൊണ്ടിരിക്കുന്നു. കാന്പസ് ക്ലീനിങ് ഈ സെല്ലിന്‍റെ കീഴില്‍ ആഴ്ചയില്‍ ഒരു ദിവസം നടന്നുവരുന്നു.
സംഘടനാ കുടുംബത്തിലെ വിവിധ സമ്മേളനങ്ങള്‍, സാഹിത്യോത്സവുകള്‍, മറ്റു മത്സര പരിപാടികള്‍ തുടങ്ങിയവയ്ക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കിയും പ്രചരിപ്പിച്ചും കാന്പസെല്‍ സേവനം ചെയ്യുന്നു. ആശംസാ പോസ്റ്ററുകള്‍, രിസാല, കലണ്ടര്‍, ഡയറി, മറ്റു സംഘടനാ ഉല്‍പന്നങ്ങള്‍ സമയബന്ധിതമായി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുനല്‍കുന്നതും കാന്പസെല്‍ ആണ്. കണ്‍വീനറും ചെയര്‍മാനും ഉള്‍പ്പെടെ 12 അംഗ സമിതിയാണ് സെല്ലിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ലിംഗ്വിസ്റ്റിക് അരീന
വിദ്യാര്‍ത്ഥികളില്‍ ഭാഷാ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനു വേണ്ടി സംഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപഘടകമാണിത്. അറബി, ഉറുദു, ഇംഗ്ലീഷ്, മലയാളം എന്നീ നാലു ഭാഷകളില്‍ എഴുതാനും ആശയവിനിമയം നടത്താനും പ്രബോധകരെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ്, സ്മാര്‍ട്ട് ക്ലാസ്റൂം തുടങ്ങി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നത്. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിപ്ലോമ ഇന്‍ ബേസിക് ഗ്രാമര്‍, ഡിപ്ലോമ ഇന്‍ വൊക്കാബുലറി എന്നീ കോഴ്സുകളും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിബേറ്റ്സ്, ഡിസ്കഷന്‍സ്, പബ്ലിക് സ്പീക്കിങ്സ്, കമ്മ്യൂണിക്കേറ്റീവ് ലാംഗ്വേജ്, പവര്‍പോയിന്‍റ് പ്രസന്‍റേഷന്‍ തുടങ്ങിയ പദ്ധതികള്‍. നാലു ഭാഷാ ക്ലബ്ബ് അംഗങ്ങള്‍ക്ക് മാത്രം തയ്യാറാക്കപ്പെടുന്ന ലാംഗ്വേജ് എക്സ്പ്രസ്. ലാംഗ്വേജ് ഗെയിംസ്, ലാംഗ്വേജ് ബഡി, ലാംഗ്വേജ് ടിപ്സ്, ലാംഗ്വേജ് സ്നിപ്പട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തിയ വാട്ട്സ്അപ്പ് ഗ്രൂപ്പുകള്‍, പ്രത്യേക പിരീയഡുകളില്‍ കാന്പസിനകത്തു ലാംഗ്വേജ് അറ്റ്മോസ്ഫിയര്‍.
ദാറുല്‍ ഹിക്മഃ
മതപഠന രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ഥാപനത്തിലെ വിശാലമായ കുതുബു ഖാന ഈ സമിതിയുടെ നിയന്ത്രണത്തിലാണ്. ഫാക്കല്‍റ്റി ഓഫ് ഫിഖ്ഹ്, ഫാക്കല്‍റ്റി ഓഫ് ഖുര്‍ആന്‍, ഫാക്കല്‍റ്റി ഓഫ് ഹദീസ്, ഫാക്കല്‍റ്റി ഓഫ് തസ്വവ്വുഫ്, ഫാക്കല്‍റ്റി ഓഫ് താരീഖ്, ഫാക്കല്‍റ്റി ഓഫ് അഖീദഃ, ഫാക്കല്‍റ്റി ഓഫ് ലുഗഃ, ഫാക്കല്‍റ്റി ഓഫ് ബലാഗ & ഫല്‍സഫഃ തുടങ്ങിയ ഉപസമിതികളും ദാറുല്‍ ഹിക്മക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഫാക്കല്‍റ്റികള്‍ക്കു കീഴില്‍ 40 ദിവസത്തിലൊരിക്കല്‍ പ്രത്യേക വിഷയങ്ങളില്‍ മുബാഹസകള്‍ നടക്കുന്നു. കിതാബുകളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടക്കുന്നതിനും ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി വ്യത്യസ്തങ്ങളായ മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. നൂതന സാങ്കേതിക വിദ്യകളുടെ സഹകരണത്തോടെ ഗവേഷണം നടത്താനുള്ള സംവിധാനം കുതുബു ഖാനയില്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
എം.എസ്.എ പബ്ലിക്കേഷന്‍
എം.എസ്.എയുടെ പ്രസാധന വിഭാഗമാണിത്. സര്‍ഗ ശബ്ദം ദ്വൈമാസിക, ദഅ്വാ ബുള്ളറ്റിനുകള്‍, ബുക്ക്ലെറ്റുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഡിസ്ക്കുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നത് ഈ വിഭാഗത്തിലൂടെയാണ്. അരീക്കോട് പരിസരത്തെ രണ്ടായിരത്തോളം കുടുംബങ്ങളെ കേന്ദ്രീകരിച്ച് കുടുബത്തിനും കുടുംബിനിക്കും പൊതുവില്‍ ഉപകാരപ്പെടുന്നതായ ബുക്ക്ലെറ്റുകള്‍ സീരീസുകളായി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ലഘുലേഖകളും ദഅ്വാ ബുള്ളറ്റിനുകളും പ്രസിദ്ധീകരിക്കുന്നു. വിദ്യാര്‍ത്ഥികളുടെ തന്നെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു വേദി കൂടിയാണ് എം.എസ്.എ പബ്ലിക്കേഷന്‍. ദഅ്വാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാന്പത്തിക സ്രോതസ്സായി പബ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്നു.
സര്‍ഗ ശബ്ദം ദ്വൈമാസിക
അഞ്ചു വര്‍ഷമായി സംഘടനക്കു കീഴില്‍ മുടങ്ങാതെ പുറത്തിറങ്ങുന്ന ദ്വൈമാസികയാണിത്.
. സ്ഥാപന പരിസരത്തുള്ള അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, കീഴുപറന്പ്, ചീക്കോട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് രണ്ടായിരത്തിലധികം വീടുകളിലായി പതിനായിരം വായനക്കാര്‍ മാസികക്കുണ്ട്. എണ്‍പതു ശതമാനം വായനക്കാരും കുടുംബിനികളായതു കൊണ്ടു തന്നെ, അവരെ ഉദ്ദേശിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ് മുഖ്യമായും ഉള്‍ക്കൊള്ളിക്കുന്നത്. Registration of News paper of India (RNI) യുടെ വെരിഫിക്കേഷനും കളക്ടറേറ്റിന്‍റെ ഡിക്ലറേഷനും മാസികക്കു ലഭിച്ചിട്ടുണ്ട്.
ശബ്ദം ഓണ്‍ലൈന്‍
ദ്വൈമാസികയുടെ ഓണ്‍ലൈന്‍ പതിപ്പാണ് www.shabdamonline.com ആനുകാലിക സംഭവ വികാസങ്ങളില്‍ ഇടപെട്ടുകൊണ്ട് നടത്തുന്ന പ്രതികരണങ്ങള്‍ ഓണ്‍ലൈനിലേക്ക് കൂടുതല്‍ വായനക്കാരെ അടുപ്പിക്കുന്നു. സംഘടനയേയും സ്ഥാപനത്തേയും പരിചയപ്പെടുത്തുന്ന പേജുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇസ്ലാം പഠിതാക്കള്‍ക്ക് വിശുദ്ധ മതത്തെ പരിചയപ്പെടുത്തുന്ന പേജുകളും ഓണ്‍ലൈനിനെ സന്പന്നമാക്കുന്നു.
റിലീഫ് സെല്‍
വിദ്യാര്‍ത്ഥികള്‍ക്കും ഉസ്താദുമാര്‍ക്കും സാന്പത്തിക സഹായങ്ങള്‍ എത്തിച്ചുനല്‍കുകയാണ് സെല്ലിന്‍റെ ലക്ഷ്യം. ഭവന നിര്‍മ്മാണത്തിനും വിവാഹങ്ങള്‍ക്കും സഹായങ്ങള്‍ നല്‍കിവരുന്നു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രവും കിതാബുകളും സൗജന്യമായി നല്‍കുന്നു. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാസത്തില്‍ സ്കോളര്‍ഷിപ്പുകളും നല്‍കാറുണ്ട്.
മെഡിക്കല്‍ വിംഗ്
രോഗികളായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമികമായ ശുശ്രൂഷകള്‍ നല്‍കാനുള്ള ആതുരസേവന സംഘമാണിത്. അടിയന്തര ഘട്ടങ്ങളിലെ ആശുപത്രി സേവനം, മരുന്നുകള്‍, രോഗികളുടെ ഭക്ഷണം എന്നിവ വിംഗ് ശ്രദ്ധിച്ചു നടപ്പാക്കുന്നു. രോഗം വരാതെ സൂക്ഷിക്കാനും കാന്പസിന്‍റെ ആരോഗ്യം നിലനിര്‍ത്താനും വിദ്യാര്‍ത്ഥികളെ നിരന്തരം ബോധവല്‍ക്കരിക്കുന്നു. രോഗികളെ മാത്രം താമസിപ്പിക്കാനായി സജ്ജീകരിച്ച സിക്ക് റൂം രോഗത്തിന്‍റെ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നു.
ദ വ്യൂ കയ്യെഴുത്തു മാഗസിന്‍
ഓരോ ബാച്ചുകളില്‍ നിന്നും ഒരു മാസം ഒന്ന് എന്ന രീതിയില്‍ പുറത്തിറങ്ങുന്ന കയ്യെഴുത്തു മാഗസിനാണിത്. ഫലത്തില്‍ ഓരോ മാസവും പഠനാര്‍ഹമായ വ്യത്യസ്ത വിഷയങ്ങളിലായി എട്ട് മാഗസിനുകള്‍ കാന്പസില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. മലയാളം, ഇംഗ്ലീഷ്, അറബി, ഉറുദു എന്നീ നാലു ഭാഷകളിലെ സൃഷ്ടികളും പ്രത്യേക പംക്തികളും സര്‍ഗാത്മകമായി ആവിഷ്കരിക്കുന്ന ദ വ്യൂ മാഗസിന്‍ കാന്പസിന്‍റെ കലാ മികവിന്‍റെ ഉദാഹരമാണ്. മികച്ച മാഗസിനിനും റൈറ്റര്‍ ഓഫ് ദി മന്തിനും പുരസ്കാരവും ക്യാശ് അവാര്‍ഡുകളും നല്‍കിവരുന്നു.
ലിറ്റററി ഫങ്ഷന്‍
കാന്പസിലെ 140 വിദ്യാര്‍ത്ഥികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചാണ് സാഹിത്യ സമാജങ്ങള്‍ നടക്കുന്നത്. ഓരോ ഗ്രൂപ്പിലും നാല് സബ് ഗ്രൂപ്പുകള്‍ സംവിധാനിച്ചിരിക്കുന്നു. മാസത്തില്‍ നടക്കുന്ന ഫങ്ഷനുകളിലെ പ്രകടനങ്ങള്‍ ആധാരമാക്കി മികച്ച ഉപഗ്രൂപ്പിനെ കണ്ടെത്തി സമ്മാനം നല്‍കുന്നു. പ്രകടനം വിലയിരുത്തുന്ന ജഡ്ജസിന്‍റെ അവലോകനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്. സിന്പോസിയം രൂപത്തിലാണ് ഈ സമാജങ്ങള്‍ അരങ്ങേറുന്നത്. ആഴ്ചയില്‍ ഒരു സിന്പോസിയത്തിനു പുറമേ ഒരു സന്പൂര്‍ണ്ണ ഭാഷാ സമാജവും സമിതിക്കു കീഴില്‍ നടക്കുന്നു. മൊത്തം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മാസത്തില്‍ ഒരു ജോയിന്‍ ഫങ്ഷനും നടക്കുന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും കാശ് അവാര്‍ഡും ജോയിന്‍ ഫക്ഷനില്‍ വിതരണം ചെയ്യുന്നു. 8 അംഗങ്ങളടുങ്ങുന്ന ഫങ്ന്‍ ഡിപ്പാര്‍ട്ടുമെന്‍റ് മാസത്തില്‍ രണ്ടു തവണ കൃത്യമായ അവലോകനങ്ങളും സ്കില്‍ ഡവലപ്പ്മെന്‍റ് പ്രോഗ്രാമുകളും നടത്തിവരുന്നു.
ലൈബ്രറി
വിദ്യാര്‍ത്ഥികളുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കാന്‍ ലൈബ്രറിക്കു കീഴില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ദിവസവും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യാനുസാരണം പുസ്തകങ്ങളെടുക്കാന്‍ സൗകര്യമുണ്ട്. പ്രധാന മലയാള ദിനപത്രങ്ങളും ദ ഹിന്ദു ഡൈലിയും ലൈബ്രറിയിലെത്തുന്നു. പ്രബോധക വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ട ആനുകാലിക വാരികകളും ദ്വൈവാരികകളും മാസികകളും റീഡിങ് റൂമിലെത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വിശാലമായി ഇരുന്ന് വായിക്കാനും എഴുതാനും സൗകര്യമുള്ള റീഡിങ് റൂം ലൈബ്രറിക്കായി സജ്ജമാണ്. വിവിധ കാറ്റഗറികളിലെ പുസ്തകങ്ങള്‍ ഭാഷാ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായി ക്രമീകരിച്ചിരിക്കുന്നു.
റൈറ്റേഴ്സ് സര്‍ക്കിള്‍
വിദ്യാര്‍ത്ഥികളുടെ രചനാ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള വേദിയാണിത്. എഴുത്തുകൂട്ടങ്ങളിലൂടെ കാന്പസിലെ എഴുത്തുകാര്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുകയും അത് പുതിയ ലേഖനങ്ങളായി ആനുകാലികങ്ങളില്‍ എത്തിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരണങ്ങളിലേക്ക് എത്തിക്കുന്നതും പ്രസിദ്ധീകൃതമായ രചനകള്‍ കാന്പസില്‍ പ്രദര്‍ശിപ്പിക്കുന്നതും ഈ സമിതിയാണ്. ആനുകാലികങ്ങളിലെ ചര്‍ച്ചാ വിഷയങ്ങള്‍ പത്തു ദിവസത്തിലൊരിക്കല്‍ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുന്നത് കാന്പസിന്‍റെ ബൗദ്ധിക നിലവാരം ഉയര്‍ത്തുന്നതിന് സഹായകരമാണ്. വര്‍ഷാവസാനം വിദ്യാര്‍ത്ഥികളുടെ പ്രസിദ്ധീകൃത രചനകള്‍ ഒരു ചട്ടക്കൂടിനുള്ളില്‍ ക്രോഡീകരിക്കുന്നതും കാന്പസില്‍ കവിതാ സമാഹരങ്ങള്‍ പുറത്തിറക്കുന്നതും സമിതിയുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
വര
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളെ എഴുത്തിന്‍റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള സംവിധാനമാണിത്. മാസത്തില്‍ രണ്ടു പതിപ്പുകളായി വാള്‍ മാഗസിനുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കുന്നു. കഥകളും കവിതകളും ലേഖനങ്ങളും എഴുതി കലാത്മകമായി ആവിഷ്കരിക്കുന്ന വര വാള്‍ മാഗസിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു.
ഐ.ടി ഡിപ്പാര്‍ട്ടുമെന്‍റ്
എം.എസ്.എയുടെ മുഴുവന്‍ പദ്ധതികളും ആവശ്യാനുസരണം അച്ചടിലൂടെയും ദൃശ്യവിഷ്കാരത്തിലൂടെയും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നു. അറബി, ഇംഗ്ലീഷ്, മലയാളം, ഉറുദു ടൈപ്പിങ്, ലേഔട്ട്, ഡിസൈനിംഗ് എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളും പരിശീലനങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠന ഡോക്യുമെന്‍ററികള്‍, ലാംഗ്വേജ് പ്രോഗ്രാമുകള്‍ തുടങ്ങിയവ റൈറ്റ് ചെയ്തു കൊടുക്കുന്നു. പ്രിന്‍റിംഗ്, സ്കാനിംഗ് തുടങ്ങിയ സേവനങ്ങളും നല്‍കുന്നത് ഈ സമിതിയാണ്.
പി.ആര്‍.ഡി
കാന്പസിലെ ചലനങ്ങള്‍ പുറംലോകത്തെത്തിക്കാനുള്ള വേദിയാണ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ്. സംഘടനാ പരിപാടികളും സ്ഥാപനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളില്‍ എത്തിക്കുന്നത് പി.ആര്‍.ഡിയുടെ ഉത്തരവാദിത്തമാണ്.
ഫണ്ട്
വിദ്യാര്‍ത്ഥികളില്‍ സന്പാദ്യ ശീലം വളര്‍ത്തുകയാണ് ഫണ്ടിലൂടെ ലക്ഷ്യമാക്കുന്നത്. ലോങ് ടേം, ഷോര്‍ട്ട് ടേം എന്നിങ്ങനെ രണ്ടു രീതിയില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്.
സ്റ്റോര്‍
വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ കാന്പസില്‍ എത്തിക്കാനുള്ള സംവിധാനമാണിത്. സംഘടനക്ക് ചെറിയ രീതിയിലുള്ള സാന്പത്തിക ലാഭവും ഇതുവഴി നേടാവുന്നതാണ്.
ലൈറ്റ് & സൗണ്ട്
സംഘടനയുടെയും സ്ഥാപനത്തിന്‍റെയും പ്രോഗ്രാമുകള്‍ക്കും മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ശബ്ദ, വെളിച്ച സജ്ജീകരണങ്ങള്‍ ഈ സമിതിക്കു കീഴിലാണ് സൗകര്യപ്പെടുത്തുന്നത്. ഇതിനാവശ്യമായ മുഴുവന്‍ ഉപകരണങ്ങളും സംഘടന ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ദൈനംദിന ജീവിതത്തില്‍ ആവശ്യമായ അയേണ്‍ ബോക്സ് സംവിധാനവും ഈ സമിതിക്കു കീഴിലാണ്.
ക്രസന്‍റ് ഡേ
എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന കാന്പസിന്‍റെ കലാ സാഹിത്യ മത്സരമാണ് ക്രസന്‍റ് ഡേ. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ നൂറോളം മത്സര പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പുതിയ കാലത്ത് പ്രബോധനം നടത്തുന്ന ഒരു പ്രബോധകന് ആവശ്യമായ മുഴുവന്‍ സിദ്ധികളിലും പരിശീലനം നല്‍കാന്‍ ഇതുവഴി സാധിക്കുന്നു.
റബീഅ്,
എല്ലാ വര്‍ഷവും റബീഉല്‍ അവ്വലിനോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന കാന്പയിന്‍ സംഘടനക്കു കീഴില്‍ ആചരിച്ചുവരുന്നു. വ്യത്യസ്ത പരിപാടികള്‍ കൊണ്ട് സന്പന്നമായ പ്രോഗ്രാം എം.എസ്.എയുടെ പ്രധാന പദ്ധതിയാണ്.
പ്രത്യേക കാലയളവുകളില്‍ കാന്പയിനുകളും വാരാചരണങ്ങളും നടത്തി കാന്പസിനെ സജീവമാക്കി നിര്‍ത്താന്‍ സംഘടന ശ്രദ്ധിക്കുന്നു. ശാസ്ത്രം, ചരിത്രം തുടങ്ങി വ്യത്യസ്ത വിഷയങ്ങളില്‍ കാന്പയിനുകള്‍ ആചരിക്കുന്നു.