2013 November-December സമകാലികം സാമൂഹികം

ന്യൂ ഇയര്‍; അതിരുവിടുന്ന ആഘോഷങ്ങള്‍

പടച്ച റബ്ബേ… എന്‍റെ മോനെവിടെപ്പോയി കിടക്കുകയാ? സാധാരണ ഇശാ നിസ്കരിച്ചാല്‍ നേരെ വീട്ടിലെത്താറുള്ളതാണല്ലോ.” രാത്രി ഏറെയായിട്ടും ഹാരിസിനെ കാണാതായപ്പോള്‍ ആ ഉമ്മയുടെ മനസ്സില്‍ ബേജാറ് കൂടി. ദിക്റും സ്വലാത്തുമായി തസ്ബീഹു മാലയും പിടിച്ച് ഉമ്മ പുറത്തേക്കു തന്നെ നോക്കി നിന്നു. പാതിരായും കഴിഞ്ഞു. ഹാരിസിനിയും വന്നിട്ടില്ല. രാത്രി ഇരുട്ടിയാല്‍ തന്നെ നിശബ്ദമാകാറുള്ള നാട് ഇന്നു പാതിരയേറയായിട്ടും ഒച്ചപ്പാടടങ്ങിയിട്ടില്ല. റോഡിലൂടെ ബൈക്കില്‍ ചീറിപ്പായുന്ന ചെറുപ്പക്കാരുടെ ആരവം. ജീവനില്‍ തെല്ലും പേടിയില്ലാത്തവര്‍. പെറ്റു പോറ്റിയ ഉമ്മമാരുടെ വേദന ഇവര്‍ക്കറിയില്ലല്ലോ. നോക്കി നോക്കി നിന്നു ആ ഉമ്മ പതിയെ ഉറക്കിലേക്കു വഴുതി. സുബ്ഹിയോടടുക്കാറായപ്പോള്‍ കുറച്ചാളുകള്‍ ഹാരിസിനെയും താങ്ങി മുറ്റത്തെത്തി. ഉമ്മയെ നീട്ടി വിളിച്ചപ്പോഴാണ് ഉറക്കില്‍ നിന്നും ഉണര്‍ന്നത്. എന്തു പറ്റി എന്‍റെ മോന്? എന്‍റെ റബ്ബേ…” ഒന്നുമില്ലത്താത്താ ക്ലബ്ബില്‍ ന്യൂ ഇയര്‍ ആഘോഷിച്ചതാ. ഇവനു വല്ലാതെ തലക്കു പിടിച്ചു. ആദ്യമായിട്ടാ… സാരമില്ല അതു ശരിയായിക്കോളും.” ഹാരിസിനെ വരാന്തയിലേക്കു കിടത്തി ശരീഫും കൂട്ടരും മടങ്ങി. പടച്ചവന്‍റെ മുന്നില്‍ കണ്ണീരൊഴുക്കുകയല്ലാതെ ആ ഉമ്മക്കു മറ്റൊരു വഴിയില്ലായിരുന്നു.
ഡിസംബറിലെ അവസാനരാത്രി. പതിവിലും നേരത്തെ ഉറങ്ങാറുള്ള എന്‍റെ ഗ്രാമത്തിന് ഇന്ന് പാതിരായായിട്ടും ഉറക്കം വന്നിട്ടില്ല. റോഡിലും പാടത്തും ആള്‍ക്കൂട്ടം തന്നെ. അവര്‍ ആടിയും പിടിയും പടക്കം പൊട്ടിച്ചും സ്വപ്ന സ്വര്‍ഗ്ഗം അനുഭവിക്കുകയാണ്. നാട്ടിലെ പ്രായം ചെന്ന കാരണവര്‍ മൊയ്തുഹാജിക്ക് ഇതൊന്നും കണ്ടു നില്‍ക്കാനുള്ള മനക്കരുത്തുണ്ടായിരുന്നില്ല. ഹാജി കൂത്താട്ടത്തിന്‍റെ നടുക്കളത്തിലേക്ക് ചെന്നു ഒച്ചവെച്ചു. ചെത്തു പയ്യന്മാര്‍ക്കു രസിച്ചില്ല. അഹ്്മദ്കുട്ടിയും അബുവും അവരുടെ ത്രില്ല്” കളഞ്ഞ കിഴവനെതിരെ തിരിഞ്ഞു. എടാ അബൂ, ഇത് ഞമ്മളെ ഫൈസലിന്‍റെ ഉപ്പയാണെടാ…” ഇടക്ക് മനാഫ് ഇടപെട്ടു. എന്നാല്‍ ഫൈസലിനോട് വന്ന് ഉപ്പയെ വേണേല്‍ വീടിന്‍റെ മൂലക്കല്‍ കൊണ്ടു പോയി ചാരി വെക്കാന്‍ പറ. ” അബു തിരിച്ചു പറഞ്ഞു. ഉപ്പ ക്ലബ്ബിലേക്ക് വന്ന വിവരം ഫൈസല്‍ അറിഞ്ഞു. കൂട്ടുകാര്‍ അവനെ കളിയാക്കി. കൊച്ചാക്കി. കൂട്ടുകാരുടെ ഇടയില്‍ അവനൊരു മെഴുകുതിരി പോലെ ഉരുകിയൊലിച്ചു. ദ്യേം അവന്‍റെ ഞരന്പുകളിലൂടെ അരിച്ചു കയറി. പൊട്ടിച്ചിരിക്കുന്ന കൂട്ടുകാര്‍ക്കിടയിലൂടെ തന്‍റെ സ്റ്റാറ്റസ് കളഞ്ഞ ഉപ്പയുടെ നേര്‍ക്ക് ഫൈസല്‍ പാഞ്ഞടുത്തു. പിറ്റേന്ന്, ഒരു പുതുവത്സരപ്പുലരിയില്‍ മൊയ്തുഹാജിയെ പള്ളിപ്പറന്പിലെ സ്വസ്ഥമായ വീട്ടിലേക്ക് ആളുകള്‍ മാറ്റിത്താമസിപ്പിച്ചു.
മതപാരന്പര്യം അളവിലേറെയുള്ള സംസ്കാര സന്പന്നരെന്ന് സ്വയം മുറവിളി കൂട്ടുന്ന ദൈവത്തിന്‍റെ സ്വന്തം നാടെന്ന് അഹങ്കരിക്കുന്ന നമ്മുടെ കേരളത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ നേര്‍ചിത്രമാണിത്. അല്ലെങ്കില്‍ അനേകായിരം പരന്പരകളിലെ രണ്ടെപ്പിസോഡുകള്‍. ആഘോഷങ്ങളില്‍ മതിമറന്ന് ആര്‍ത്തുല്ലസിച്ച് അടിച്ചു പൊളിയിലെത്തിയപ്പോള്‍ അറിയാതെ കയ്യില്‍ രക്തം പുരണ്ട ചെറുപ്പക്കാരുടെ കഥ. ഇതൊരു ഫൈസലിന്‍റെയും അബുവിന്‍റെയും മാത്രം കഥയല്ല. അനേകായിരം ഫൈസലുമാരെ, ദിനേന പത്രമാധ്യമങ്ങളിലൂടെയും വാര്‍ത്താടെലി സ്ക്രീനുകളിലൂടെയും നിരന്തരം നാം കണ്ടു കൊണ്ടിരിക്കുകയാണ്. കഥയിലെ എല്ലാ വില്ലന്മാരുടെയും അക്രമികളുടെയും യഥാര്‍ത്ഥ ഹീറോ അകത്ത് അഭിരമിക്കുന്ന രണ്ടിറ്റ് കള്ള്്് മാത്രമാണ്. അതാണ് പ്രവാചകര്‍(സ്വ) പണ്ടേ പഠിപ്പിച്ചത് മദ്യം സര്‍വ്വ തിന്മകളുടെയും താക്കോലാണ്.”
ജീവിതത്തെ ഒരു നാടകമായി തുലനം ചെയ്യുന്പോള്‍ ജീവിതത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷത്തിലും നാം ആ നാടകത്തിലെ അഭിനേതാക്കളോ വേഷങ്ങളോ മാത്രമാണ്. ചിലപ്പോള്‍ സന്തോഷം, ചിലപ്പോള്‍ ദു:ഖം, ആഹ്ലാദം, ദ്യേം, പക, സ്നേഹം, കരുണ, അനുകന്പ, സഹതാപം… ഓരോ വേഷങ്ങളും എപ്രകാരമാണ് അഭിനയിക്കേണ്ടതെന്ന്്് ജീവിതത്തിന്‍റെ പാഠം മാനിഫെസ്റ്റോമതം പഠിപ്പിക്കുന്നുണ്ട്. അതിരു കടന്നാല്‍ എല്ലാ അഭിനയങ്ങളുടെയും താളം പിഴക്കും. അരങ്ങില്‍ ചുവടു തെറ്റും. ജീവിതത്തിന്‍റെ തിരശ്ശീല വീഴും.
ദു:ഖമായാലും സന്തോഷമായാലും എപ്രകാരം കൊണ്ടാടണമെന്ന് മതം മനുഷ്യന് വ്യക്തമായ വരന്പ് പണിതിട്ടുണ്ട്. ദു:ഖം മനസ്സിന്‍റെ സമനില തെറ്റും വിധമാവരുത്. അപ്രകാരം തന്നെ ആഘോഷം ആര്‍ഭാഢവും. ഖുര്‍ആന്‍ തന്നെ പലയാവര്‍ത്തി താക്കീതു ചെയ്യുന്നുണ്ട്. അതിരു വിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” അതിരു ലംഘിക്കുന്നവന്‍ പിശാചിന്‍റെ പിന്‍മുറക്കാരാകുന്നു.”
ഇസ്ലാമിലെ ആഘോഷം.
ജീവിതത്തില്‍ കടന്നു പോകുന്ന ഓരോ നിമിഷങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മതത്തിന് വ്യക്തമായ താല്‍പര്യമുണ്ട്. ആഘോഷിക്കാന്‍ മാത്രമായി രണ്ടു പെരുന്നാളുകള്‍ ഇസ്ലാമിലുണ്ട്. സ്മരണകള്‍ക്കും സുദിനങ്ങള്‍ ഏറെയുണ്ട്. പെരുന്നാള്‍ ദിനത്തില്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ചും സുഭിക്ഷ ഭക്ഷണം വിളന്പിയും കുടുംബങ്ങള്‍ സന്ദര്‍ശിച്ചും ആഘോഷിക്കണമെന്ന് മതം പഠിപ്പിക്കുന്നുണ്ട്. നോന്പ് എനിക്കുള്ളതാണ്, അതിനു പ്രതിഫലം നല്‍കുന്നത് ഞാനാണ്” എന്ന് പടച്ചവന്‍ എടുത്തു പറഞ്ഞ വ്രതാനുഷ്ഠാനം പോലും പെരുന്നാള്‍ ദിനങ്ങളില്‍ കടുത്ത നിഷിദ്ധമാക്കിയതിനു പിന്നില്‍ ആഘോഷങ്ങളെ അനുഷ്ഠിക്കുന്നതിലുള്ള മതത്തിന്‍റെ മാനം വളരെ വ്യക്തമാണ്.
ഒരു പെരുന്നാള്‍ സുദിനം. പുതു പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് കളിച്ചു രസിക്കുന്ന കുട്ടികളില്‍ നിന്നും വ്യത്യസ്തനായി പഴകിയ ഉടയാടകളിട്ട ഒരു കൊച്ചു ബാലന്‍ അകലെ മാറി നിന്നു കണ്ണീര്‍ പൊഴിക്കുന്നു. കളിക്കുന്ന കുട്ടികളില്‍ മുഴുക്കെ ആഘോഷത്തിന്‍റെ പുഞ്ചിരികള്‍ മാത്രം. അകലെ മാറി നില്‍ക്കുന്ന ബാലന്‍റെ മുഖത്ത് വിഷാദവും. അപ്പോഴാണ് അതു വഴി മുത്ത്നബി(സ്വ) നടക്കുന്നത്. കുട്ടികളുടെ കൂടെ കളിക്കാതെ മാറി നില്‍ക്കുന്ന ബാലനെ നബി(സ്വ)യുടെ കണ്ണില്‍ തടഞ്ഞു. എന്താ പിഞ്ചു മോനേ നീ അവരുടെ കൂടെ കളിക്കാത്തത്? ” മുത്തുനബി(സ്വ) കുട്ടിയോടു ചോദിച്ചു. എനിക്കു പുതിയ വസ്ത്രങ്ങളില്ല. പുതിയ ഉടുപ്പുകള്‍ വാങ്ങിത്തരാന്‍ ആരുമില്ല. ഉപ്പ യുദ്ധത്തില്‍ മരിച്ചു പോയി.” ഉടനെ മുത്തുനബി(സ്വ) ആ കുട്ടിയേയും കൂട്ടി തന്‍റെ വീട്ടിലേക്ക് വന്നു. കുട്ടിയോടു ചോദിച്ചു.ആയിഷ(റ) നിനക്കുമ്മയും ഫാത്വിമ(റ) നിനക്ക് ഇത്താത്തയും ഞാന്‍ നിന്‍റെ ഉപ്പയുമാകുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?” കുട്ടി പുതിയ ഉടുപ്പുകള്‍ ധരിച്ച് സന്തോഷത്തോടെ കളിക്കാന്‍ തുടങ്ങി. സന്തോഷ നിമിഷങ്ങളെ വിഷാദങ്ങള്‍ക്കു വഴി മാറിക്കൊടുക്കാന്‍ നബി(സ്വ) താല്‍പര്യപ്പെടുന്നില്ല. ആഘോഷങ്ങള്‍ അര്‍ഹിക്കുന്ന വിധം അനുഷ്ഠിപ്പിക്കുകയാണ് നബി(സ്വ) ചെയ്തത്.
പെരുന്നാളുകള്‍ക്കു പുറമെ പല ദിനങ്ങളും സന്തോഷിക്കേണ്ടതായി മതത്തിലുണ്ട്. മഹാന്മാരുടെ ജന്മദിനങ്ങളില്‍ സന്തോഷിക്കാന്‍ വകയുണ്ട്. മീലാദുന്നബിയില്‍ ആഘോഷത്തിന്‍റെ മഹത്തായ മാതൃകയുണ്ട്. ഓരോ ആഘോഷങ്ങളും ഏതു വിധമാണ് അനുഷ്ടിക്കേണ്ടത് എന്നും മതം പഠിപ്പിക്കുന്നുണ്ട്. പെരുന്നാളില്‍ നോന്പ് നിഷിദ്ധമാണെങ്കില്‍ മുഹര്‍റം ഒന്പത്, പത്ത് ദിവസങ്ങളില്‍ നോന്പെടുത്ത് ജൂതന്മാരോടെതിരായി ഇസ്ലാമിന്‍റെ ഉയര്‍ച്ചയെ ആഘോഷിക്കാനാണ് നബി(സ്വ) പഠിപ്പിച്ചത്.
മുഹര്‍റം ഒന്ന്, പുതുവത്സരം
മുഹര്‍റം ഒന്ന് പുതുവത്സരപ്പുലരിയായി ആഘോഷിക്കുന്നതില്‍ ഒരു മഹത്തായ സംസ്കാരത്തിന്‍റെ വെളിച്ചമുണ്ട്. പുനര്‍വിചിന്തനത്തിനു വഴി തെളിയിക്കുന്നുമുണ്ട്. കുല്ലു ആമിന്‍ വഅന്‍തും ബി ഖൈര്‍”(വര്‍ഷം മുഴുക്കെ നിനക്കു നന്മ ഭവിക്കട്ടെ) എന്ന അനുമോദനം അറിയിക്കുന്നതിലൂടെ മറ്റുള്ളവര്‍ക്ക് സദാ നന്മ ഭവിക്കണമെന്ന നല്ല ചിന്ത അവിടെ മുഴങ്ങുന്നുണ്ട്. സാഹോദര്യ എ്യെത്തിന്‍റെ മഹത്തായ മാതൃകയാണ് മുഹര്‍റം പുതുവത്സരത്തിലൂടെ അര്‍ത്ഥപൂര്‍ണമാകുന്നത്.
പുനര്‍വിചിന്തനത്തിനും വിചാരണക്കും ഇസ്ലാം വ്യക്തമായ പാഠം പകരുന്നുണ്ട്. പരലോകത്ത് വിചാരണ ചെയ്യപ്പെടും മുന്പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യുക” എന്ന പ്രവാചകാധ്യാപനത്തിന് എ്യെദാര്‍ഢ്യമര്‍പ്പിച്ച് പുനര്‍വിചിന്തനത്തിന് തയ്യാറാകലാണ് ഓരോ വിശ്വാസിയും മുഹര്‍റം പുതുവത്സരത്തിലൂടെ ചെയ്യുന്നത്. ജീവിതത്തിലെ ഓരോ നിമിഷം കൊഴിയുന്പോഴും നാളെ’ ഉളരിവരികയാണന്ന ഭയാനക ചിന്തയാണ് ഈ വിചാരണയുടെ അകപ്പൊരുള്‍. സ്രഷ്ടാവ് അനുവദിച്ചു തന്ന ആയുസ്സിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നുണ്ട്, എത്രത്തോളം എതിരാവുന്നുണ്ട് എന്ന വിചാരണയില്‍ നിന്നാണ് അടുത്ത നിമിഷത്തെ ജീവിതം കല്‍പ്പനകള്‍ക്കനുസൃതമാക്കാനുള്ള ഉള്‍പ്രേരണ ലഭിക്കുന്നത്. വിശ്വാസിയുടെ ഓരോ നിമിഷവും ശ്വാസോച്ഛ്വസവും പുനര്‍വിചിന്തനത്തിലൂടെ മാത്രമാണ് കഴിഞ്ഞുപോകുന്നത്. ആ വിചിന്തനങ്ങളുടെ വാര്‍ഷികമാണ് മുഹര്‍റം ഒന്ന്. ഇത്തരത്തില്‍ വിചിന്തന വിചാരണകള്‍ക്ക് വഴിയൊരുക്കുന്ന ഒരുപാട് ദിനങ്ങള്‍ മതാനുഷ്ഠാനങ്ങളിലുണ്ട്. ഓരോ അനുഷ്ഠാനത്തിലും ആഘോഷ വേളയിലും മതത്തിന്‍റെ മാനിഫെസ്റ്റോയെ മറികടക്കുന്ന, പ്രവാചകാധ്യാപനങ്ങളെ വെല്ലുവിളിക്കുന്ന, പാരന്പര്യ സംസ്കാരത്തിന് മൂല്യച്യുതി വരുത്തുന്ന ആഭാസഅഴിഞ്ഞാട്ടങ്ങള്‍ക്ക് മതത്തില്‍ പൊറുപ്പില്ല. ന്യായീകരണവുമില്ല. അഘോഷങ്ങളില്‍ അതിരുവിടരുതെന്നാണ് മതം പഠിപ്പിക്കുന്നത്.
ന്യൂ ഇയര്‍ ആഘോഷം
സംസ്കാരത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാഗമായ ഒരുപാട് ആഘോഷങ്ങളുണ്ട് നമുക്ക്. സാംസ്കാരിക ചരിത്രങ്ങളോട് പുലബന്ധമില്ലാത്ത ആഘോഷങ്ങളും യഥേഷ്ടം. റിപ്പബ്ലിക്കും, സ്വാതന്ത്ര്യവും, ഓണവുമെല്ലാം ഒന്നാമത്തെ ഗണത്തില്‍പ്പെടും. ന്യു ഇയറും ക്രിസ്തുമസുമെല്ലാം രണ്ടാം ഗണത്തിലും. എ ഡി 336 ന് മുന്പ് റോമക്കാര്‍ സൂര്യദേവന്‍റെ ജന്മദിനമായി ആഘോഷിച്ച ഡിസംബര്‍ 25 പിന്നീട് ക്രിസ്തീയ സഭയുടെ പുണ്യദിനമായി പ്രഖ്യാപിച്ച് യേശുവിന്‍റെ ജന്മദിനമായി ആചരിക്കുകയായിരുന്നു. ന്യൂ ഇയറിന്‍റെ ആഘോഷവും മറിച്ചല്ല. ചരിത്രവും സംസ്കാരവും പാശ്ചാത്യനു വഴിമാറിത്തുടങ്ങിയതു മുതലാണ് യുറോപ്പിന്‍റെയും അമേരിക്കയുടെയും സാധാരണ ജീവിതവും ആഘോഷവും കേരളീയന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായിത്തുടങ്ങിയത്.
ഭാരതത്തിനും കേരളത്തിനും മഹത്തായ സാംസ്കാരിക പാരന്പര്യമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ ഓരോ ഏടും സംസ്കാര സന്പന്നമായിരുന്നു. 1921 ന്‍റെ മാപ്പിള ലഹളകളിലോ, 1947 വരെയുള്ള സ്വാതന്ത്ര്യ പോരാട്ടങ്ങളിലോ മതേതരത്വ ഇന്ത്യയിലെ ഒരാളും പാശ്ചാത്യനു മുന്പില്‍ സംസ്കാരം അടിയറ വെച്ചിരുന്നില്ല. സാംസ്കാരിക പൈതൃകത്തെ തിരിച്ചുപിടിക്കാനായിരുന്നു മിക്കപോരാട്ടങ്ങളും. മാറു മറക്കാന്‍ പോരാടി മരിച്ച ധീര വനിതകളുടെ പാരന്പര്യമുള്ള കേരളത്തിലിന്ന് നഗ്നതക്കുള്ള സമരമാണ് നാം ദിനേന കാണുന്നത്. സംസ്കാരത്തിന്‍റെ പതനം എല്ലാ മേഖലയിലും വന്നു ഭവിച്ചു എന്നു ചുരുക്കം. കേരളീയന്‍റെ ജീവിതത്തില്‍ നിന്നും സംസ്കാരം എടുത്തെറിയപ്പെട്ട പോലെ പള്ളിക്കൂടത്തിലെ സാമുഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നിന്നും ഇന്ന് സംസ്കാര ഭാഗങ്ങള്‍ ഇല്ലാതായിരിക്കുന്നു.
സാമ്രാജത്വത്തിന്‍റെ സംസ്കാരങ്ങള്‍ വാരിപ്പുണരുന്നതിലൂടെ കേരളീയന് പാരന്പര്യം പാടേ നശിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ എല്ലാ മേഖലയും യൂറോപ്പിന്‍റെ നേര്‍ പതിപ്പായാണ് രൂപമാറ്റം വന്നിട്ടുള്ളത്. ന്യൂ ഇയര്‍ ആഘോഷിക്കുന്നതിലും ഇതേ യൂറോപ്പിന്‍റെ മാതൃകയാണ് സ്വീകരിച്ചത്. എന്നാല്‍ യൂറോപ്പ്യരെപ്പോലും തോല്‍പ്പിച്ചു കൊണ്ടാണ്്് കേരളീയര്‍ ന്യൂ ഇയര്‍ കൊണ്ടാടുന്നത്. പുതുവത്സരം ആഘോഷിക്കുന്നത് തെറ്റല്ല. പക്ഷെ, ആഘോഷത്തിന്‍റെ രീതിയിലാണ് പ്രശ്നം. സംസ്കാരം കടമെടുത്ത മൂല രാഷ്ട്രത്തില്‍ പോലും വിളന്പാത്ത അത്രത്തോളം മദ്യം ഓരോ ന്യൂ ഇയറിന്‍റെ രാത്രികളിലും കേരളത്തില്‍ വിളന്പുന്നുണ്ട്. മദ്യമില്ലാതെ എന്ത് ആഘോഷം, എന്ന രൂപമാറ്റത്തിലേക്ക് കേരളം എത്തിപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്. യഥാര്‍ത്ഥത്തില്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നതില്‍ ധാര്‍മിക പരമായി എന്തു നേട്ടമാണുള്ളത്?.
ന്യൂ ഇയറിനെ വിചിന്തനത്തിന്‍റെ നാളായി കണ്ടാല്‍ എത്ര അന്തസ്സുണ്ട്. പോയ വര്‍ഷത്തിലെ ജയപരാജയങ്ങളെ കണക്കു കൂട്ടുന്നതില്‍ ഒരു സംസ്കാര മൂല്യമുണ്ട്. വരാനിരിക്കുന്ന വര്‍ഷത്തെ നല്ല നിലയില്‍ സ്വീകരിക്കുന്നതില്‍ മഹത്വമുണ്ട്. ഇതിനെല്ലാം എതിരായി ന്യൂ ഇയറിനെ മദ്യപ്പുഴ ഒഴുക്കാന്‍ മാത്രമായി, അടിച്ചു പൊളിച്ച് രക്തം ചൊരിക്കാനുള്ള യുദ്ധക്കളമായി മാറിയിരിക്കുകയാണ്.
മദ്യം കണ്ടാല്‍ ഓക്കാനം വരുന്ന പലരും ഒരല്‍പ്പം സേവിച്ചു തുടങ്ങുന്നത് ഇത്തരം ന്യൂ ഇയറുകളിലാണ്. കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ അല്ലെങ്കില്‍ ഒരുമിച്ചു ചിയേഴ്സ് പറയുന്ന ഫ്രണ്ട്ഷിപ്പ് ചങ്ങലയിലെ കണ്ണി ഉറപ്പിക്കാനോ, ഒപ്പമുള്ളവര്‍ പെഗ്ഗടിക്കുന്പോള്‍ കാഴ്ച്ചക്കാരന്‍റെ വേഷം കെട്ടിനില്‍ക്കുന്നതിലെ സ്റ്റാറ്റസില്ലായ്മ നെഗറ്റീവായി തോന്നിയിട്ടോ ആവാം പലരും മദ്യം നുണഞ്ഞു തുടങ്ങുന്നത്. ഇത്തരം ആഘോഷ ദിനങ്ങളില്‍ കുടിക്കാത്ത നല്ലപിള്ള’ ചമയുന്ന കൂട്ടുകാരന്‍റെ വായ പിളര്‍ത്തി കള്ളൊഴിച്ചു കുടിപ്പിക്കുന്നവരും ഇന്ന് ധാരാളമുണ്ട്. ചുരുക്കത്തില്‍, കൂട്ടുകെട്ടാണ് മുക്കാല്‍ ശതമാനം കുടിയന്‍മാരെയും പടച്ചു വിടുന്നത്.
മുന്പേ പറഞ്ഞ അനിഷ്ട സംഭവങ്ങളിലെ വില്ലന്‍മാരും, ഈ പറഞ്ഞ ഏതെങ്കിലുമൊരു വിഭാഗത്തില്‍പ്പെട്ടവരാണ്. മദ്യം ഒരു തുള്ളി അകത്തെത്തിയാല്‍ ആദ്യമായി മനസ്സിനെയും പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്ന തലച്ചോറിനെ ഉറക്കിക്കിടത്തുകയാണ് ചെയ്യുക. പിന്നെ, ശരിതെറ്റ് എന്നീ രണ്ടു സീമകളില്ലാതെ മനസ്സില്‍ തോന്നുന്നതെല്ലം അവനു ശരി മാത്രമായി ഭവിക്കും. തലച്ചോറിലെത്തിയാലും മദ്യം വിശ്രമിക്കുകയല്ല ചെയ്യുന്നത്. ചെയ്തു തീര്‍ക്കാന്‍ പണി ഇനിയും ബാക്കിയേറെ. മനസ്സിലെ, വാശി, വൈരാഗ്യങ്ങളെ നിയന്തിക്കുന്ന ന്യൂറോ കെമിക്കലിന്‍റെ ഉത്പാദനം പാടെ കുറക്കും. സെറാടോണ്‍ കുറയുന്നതോടെ അവന്‍റെ മനസ്സ് പേ പിടിച്ച മൃഗത്തെക്കാള്‍ അധ:പതിക്കും. സ്വ ശരീരത്തെ നിയന്ത്രിക്കാനും നിലക്ക് നിര്‍ത്താനും കഴിയാതെ വരും. അക്രമത്തിനു ദാഹിച്ച് സ്വന്തം ശരീരത്തെപ്പോലും മുറിവേല്‍പ്പിക്കും. പ്രഥമാ ഇതാണ് മദ്യം ചെയ്യുന്ന ഉപകാരം. കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളില്‍ 85 ശതമാനവും പീഢനങ്ങളില്‍ 65ശതമാനവും മദ്യ ലഹരിയില്‍ മനസ്സുമരിച്ചവരാണ് ചെയ്തു കൂട്ടുന്നത്. മനസ്സിനേയും മനുഷ്യ ബന്ധങ്ങളെയും കൊല്ലുന്ന മദ്യമെന്ന ചെകുത്താനെ പൂജിക്കാനാണ് കേരളീയര്‍ ന്യൂ ഇയര്‍ സ്വപ്നം കണ്ടിരിക്കുന്നത്.
ഇത്രയധികം വിപത്തുകള്‍ വിതച്ചിട്ടും മദ്യം നിരോധിക്കാന്‍ സര്‍ക്കാറും ഭരണ പ്രമുഖരും തയ്യാറാവാത്തതിനു പിന്നില്‍ ഒരേയൊരു കാരണമാണ്. കേരള ഖജനാവിലേക്ക് എറ്റവും കൂടതല്‍ കോടികള്‍ ഒഴുകുന്ന ഒരേയൊരു വരുമാന മാര്‍ഗ്ഗം ബീവറേജ് ഷാപ്പുകളാണ്. സര്‍ക്കാറിന് മദ്യം നമോ: നമ:
ഇതാ ഒരു പുതുവത്സര പുലരികൂടി വരുന്നു. ബീവറേജിനു മുന്നില്‍ പതിവിലും നീണ്ട അച്ചടക്കത്തോടെയുള്ള ക്യൂ. ഇന്നെങ്കിലും എന്‍റെ മകന്‍/ അനിയന്‍/ ബന്ധു/ കൂട്ടൂകാരന്‍ ബീവറേജ് ഷാപ്പിന്‍റെ വരിയില്‍ കണ്ണിയായിട്ടില്ലെന്ന് ഉറപ്പുവരുത്തുക. നമ്മുടെ സമുദായത്തിലെ സഹോദരങ്ങളെയെങ്കിലും മദ്യത്തിന്‍റെ പിടിയില്‍ നിന്നും കരകയറ്റുക. പടിയിറങ്ങിപ്പോയ നമ്മുടെ പഴയ മുസ്ലിം പാരന്പര്യത്തെയും സംസ്കാത്തെയും തിരികെക്കൊണ്ട് വരലല്ലാതെ മറ്റൊരു പോംവഴി നമുക്ക് മുന്നിലില്ല.

Leave a Reply

Your email address will not be published. Required fields are marked *