ജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ഒരു വികാരമാണ് പ്രണയം. ഒരു ഹൃദയത്തില്‍ നിന്ന് മറ്റൊരു ഹൃദയത്തിലേക്ക് തുറക്കുന്ന ജാലകങ്ങളാണവ. ജീവിതത്തില്‍ പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ നാം അത്യന്തികമായി പ്രണയിക്കേണ്ടതും, സര്‍വ്വതും സമര്‍പ്പിക്കേണ്ടതും ആര്‍ക്കു വേണ്ടിയാണ്? തനിക്കെപ്പോഴും കൂട്ടിരിക്കുന്ന ഇണ, എല്ലാ പ്രതിസന്ധികളില്‍ നിന്നും കരകയറ്റുന്ന ഉറ്റ മിത്രങ്ങള്‍, നമ്മെ പോറ്റി വളര്‍ത്തിയ മാതാപിതാക്കള്‍, ജ്ഞാനം പകര്‍ന്നു തന്ന ഗുരുക്കന്മാര്‍… ഇങ്ങനെ നീളും ഓരോരുത്തരുടെയും പ്രണയ ലോകം. എന്നാല്‍ ഇണയേയും, കൂട്ടുകാരേയും, ഗുരുക്കന്മാരേയുമെല്ലാം സൃഷ്ടിച്ച ഏകനായ ദൈവത്തെ ജീവിതത്തില്‍ പ്രണയിച്ചവര്‍ വളരെ ചുരുക്കമാണ്.
ഉള്‍വിളികളാണ് ഓരോരുത്തരേയും വഴി നടത്തുന്നത്. പ്രണയം എപ്പോഴും ഹൃദയങ്ങള്‍ തമ്മിലായിരിക്കണം. ബാഹ്യമായ ചേഷ്ടകളോടുള്ള പ്രണയം വിരഹവും വേദനയുമാണ് സമ്മാനിക്കുക. എന്നാല്‍ ആത്യന്തികമായ പ്രണയം ഒരിക്കലും ദുരന്തത്തിന്‍റേതല്ല. അതൊരിക്കലും വിരഹവും ദുരന്തവും സമ്മാനിക്കില്ല. ദൈവദത്തമായ പ്രണയം മുഷിപ്പേറിയതോ വേദനകള്‍ നല്‍കുന്നതോ അല്ല. മറിച്ച് ആനന്ദത്തിന്‍റെ പരകോടിയില്‍ മനസ്സിനെ തളച്ചിടുന്ന അനിര്‍വചനീയ വികാരമാണത്. തന്നെയും തനിക്ക് വേണ്ടപ്പെട്ടവരെയും സൃഷ്ടിച്ച് പരിപാലിക്കുന്ന യജമാനന്‍റെ കല്‍പന തന്നെ നോക്കുക. ‘അല്ലാഹു അവരെയും അവര്‍ അല്ലാഹുവിനെയും ഇഷ്ടപ്പെടുന്നു.’ (സൂറത്തുല്‍ മാഇദ 54) സത്യവിശ്വാസികള്‍ നാഥനെ അത്യധികം സ്നേഹിക്കുന്നവരാണ്. (ബഖറ 165) മുത്ത്നബിയുടെ വാക്കുകളും എല്ലാം വെടിഞ്ഞ് നാഥനെ പ്രണയിക്കാനാണ്. ‘അല്ലാഹുവും റസൂലും സര്‍വ്വതിനെക്കാളും പ്രിയങ്കരരാകുന്നത് വരെ ഒരാളും വിശ്വാസി ആകുന്നില്ല എന്നാണ്.’
പ്രണയിക്കുന്നവര്‍ എപ്പോഴും കാണാനും സംസാരിക്കാനും ഇഷ്ടപ്പെടുന്നവരാണ്. അത്കൊണ്ടാണ് ദിനേന അഞ്ച് സമയങ്ങളില്‍ നാഥനുമായി നിര്‍ബന്ധിത അഭിസംബോധനം വിശ്വാസിക്കനിവാര്യമായത്. ആരാധന മുഷിപ്പും മടുപ്പും ഉളവാക്കുന്നെങ്കില്‍ നമ്മുടെ പ്രണയം കാപട്യമാണ്. കാരണം അനുരാഗിയെ ഒരിക്കലും തന്‍റെ പ്രേമ ഭാജനത്തോടുള്ള അഭിസംബോധനം മടുപ്പിക്കാറില്ല. ഉറക്കമൊഴിച്ച് പുലരുവോളം ആരാധനയില്‍ മുഴുകിയ മുത്ത് നബിയുടെയും മഹാന്മാരുടെയും ഉള്‍പ്രേരണ ഇലാഹീ പ്രേമമാണെന്ന് നമുക്ക് ഗ്രഹിക്കാം. പ്രണയത്തില്‍ ലയിച്ചു ചേര്‍ന്നാല്‍ പിന്നെ ചുറ്റുപാടിനെ കുറിച്ചവര്‍ ബോധവാന്മാരല്ല. ശരീരത്തിലേറ്റ അസ്ത്രം ഊരാന്‍ രണ്ട് റക്അത്ത് നിസ്കരിച്ച അലി(റ) നാഥനോടുള്ള പ്രണയസംഭാഷണത്തില്‍ മുഴുകിയതിനാല്‍ അസ്ത്രം ഊരിയതറിഞ്ഞതേയില്ല. അത്രക്കും തീവ്രമായ വികാരമാണ് ഇലാഹി പ്രണയം സമ്മാനിക്കുക. ഇശ്ഖിന്‍റെ മധുരം നുണഞ്ഞവരാണ് മഹാന്മാരെല്ലാം. ഇശ്ഖിന്‍റെ മധുനുകര്‍ന്ന പ്രശസ്ത സൂഫി കവി ജലാലുദ്ദീന്‍ റൂമി(റ) വിന്‍റെ വരികള്‍ ശ്രദ്ധേയമാണ്.
‘കരിമ്പിന്‍ തോട്ടം മധുരിക്കുമോ?
കരിമ്പിന്‍ പാടം സൃഷ്ടിച്ചവന്‍റെ മധുരത്തോളം’
അനുരാഗികള്‍ക്കിടയിലൊരു വിശുദ്ധ പ്രതിജ്ഞയുണ്ട്. ‘തമ്മില്‍ തേടാന്‍’ ഒരാള്‍ തന്‍റെ സ്നേഹിതരെ തേടിക്കൊണ്ടേയിരിക്കും. കനവിലും നിനവിലും. ജീവിതത്തില്‍ ഒരു നിമിഷം പോലും ‘അല്ലാഹ്’ എന്ന ചിന്ത കൈവിടാതെ പ്രണയത്തില്‍ അലിഞ്ഞില്ലാതായ മഹാന്മാരുടെ ജീവിതം നമുക്ക് മുന്നില്‍ സാക്ഷിയാണ്. നാഥനില്‍ പൂര്‍ണമായും ലയിച്ചുചേര്‍ന്ന് ഞാന്‍, നീ എന്നൊന്നുമില്ലാതെ പൂര്‍ണമായും നമ്മള്‍ മാത്രം എന്ന അവസ്ഥയിലേക്ക് അടിമ ഉയരുന്നു. സ്വന്തത്തിലേക്ക് പിന്നെ അവന് നോട്ടമില്ല. അവിടെ വിരഹമോ, പകയോ ഒന്നുമില്ല. നൂലുകള്‍ അറ്റുപോയ പട്ടത്തെപ്പോലെ പ്രണയികളുടെ ആകാശത്തിലവന്‍ സ്വതന്ത്ര്യരായി പാറി നടക്കും. ജീവിത ലക്ഷ്യം സ്വര്‍ഗ പ്രാപ്തിയും നരകമുക്തിയും മാത്രമല്ല എന്ന് മനസ്സിലാക്കിയവരാണ് സൂഫിവര്യന്മാര്‍. അല്ലാഹുവിനെ ഒരു നോക്ക് കാണുന്നതിനെ (ലിഖാഅ്) മറ്റെന്തിനേക്കാളും അവര്‍ മഹത്വരമായി കണ്ടു. പതിനാലാം രാവിലെ പൗര്‍ണമിയെപോലെ അന്ത്യ നാളില്‍ വ്യക്തമായി നാഥനെ ദര്‍ശിക്കാനാകുമെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്. സ്വര്‍ഗീയാനുഭൂതിയേക്കാള്‍ എത്രയോ മടങ്ങ് ആനന്ദം ഉളവാക്കുന്നതാണ് തിരുദര്‍ശനം. അതുള്‍കൊണ്ട് പ്രവര്‍ത്തിച്ചവരാണ് മഹാന്മാര്‍.
സ്നേഹിതന് ഇഷ്ടമില്ലാത്തത് ചെയ്യുന്നത് ഏതൊരാളിലും മടുപ്പുണ്ടാക്കും. തന്‍റെ ഇഷ്ടവും അനിഷ്ടവും എല്ലാം താന്‍ പ്രണയിക്കുന്നവരുടെ ഇഷ്ടവും അനിഷ്ടവുമായി മാറണം. അങ്ങനെ വരുമ്പോള്‍ നാഥന്‍റെ കല്‍പനകള്‍ പൂര്‍ണമായി അനുസരിക്കാനും വിരോധനകള്‍ പൂര്‍ണമായി വെടിയാനും നമുക്കൊട്ടും പ്രയാസമുണ്ടാവുകയില്ല. ഇശ്ഖുണ്ടെങ്കില്‍ കയ്പുകള്‍ മധുരമായി തീരും. നാഥന്‍റെ ദര്‍ശനം ഉറപ്പുള്ളവര്‍ ഒരു പ്രതിസന്ധി ഘട്ടത്തിലും പതറില്ല. ആസിയാ ബീവിയേയും, സുമയ്യ (റ) യേയും, ബിലാല്‍ (റ) വിനെയുമെല്ലാം തൗഹീദില്‍ ഉറപ്പിച്ചു നിര്‍ത്തിയത് നാഥനിലുള്ള അതിരറ്റ വിശ്വാസവും പ്രേമവുമാണ്.
മലകുല്‍ മൗത്ത് അസ്റാഈല്‍ (അ) ചാരത്തെത്തിയപ്പോള്‍ ഇബ്റാഹീം നബി (അ) ചോദിച്ചു. സ്വന്തം ഖലീലിനെ മരിപ്പിക്കുന്ന നാഥനെ നിങ്ങള്‍ കണ്ടുവോ? തദവസരം അല്ലാഹു പ്രതിവചിച്ചു. തന്‍റെ സ്നേഹിതന്‍റെ ലിഖാഅ് (ദര്‍ശനം) ഇഷ്ടപ്പെടാത്ത പ്രേമിയെ നിങ്ങളും കണ്ടുവോ? ഇത് കേട്ടപ്പോള്‍ ഇബ്റാഹീം നബി (അ) പറഞ്ഞു: എത്രയും പെട്ടൊന്ന് എന്‍റെ റൂഹിനെ പിടിക്കൂ (ഇഹ്യാ ഉലൂമുദ്ദീന്‍ 12/309)
നബിയോടുള്ള പ്രണയം യഥാര്‍ത്ഥത്തില്‍ നാഥനോടുള്ള പ്രണയം തന്നെയാണ്. കഴുമരത്തിന്‍റെ ചുവട്ടിലും, ശത്രുവിന്‍റെ ക്രൂരതയ്ക്കു മുന്നിലും ആ പ്രേമം തലകുനിക്കില്ല. ബന്ധങ്ങളുടെ നൂലിഴകളിലായി കോര്‍ക്കപ്പെട്ട മനുഷ്യര്‍ തമ്മില്‍ വേര്‍പിരിയുന്നത് കരളലിയിപ്പിക്കുന്ന കാഴ്ചയാണ്. എന്നാല്‍ ആത്മാക്കള്‍ക്കിടയില്‍ കോര്‍ക്കപ്പെട്ട സ്നേഹത്തിന് പരസ്പരം മറയിടാന്‍ കഴിയില്ല. ‘കണ്ണുകളാല്‍ സ്നേഹിച്ചവര്‍ തമ്മിലാണ് വിടപറയല്‍, ഹൃദയത്തിനാലും ആത്മാവിനാലും സ്നേഹിച്ചവര്‍ക്കിടയില്‍ വേര്‍പ്പാട് എന്നൊന്ന് ഇല്ലേയില്ല.’ എന്ന റൂമിയുടെ വാക്കുകള്‍ വളരെ വ്യക്തമാണ്. ‘എന്‍റെ നഷ്ടമേ… എന്‍റെ പ്രിയതമന്‍ ഐഹിക ലോകത്ത് നിന്ന് വിടപറയുകയാണല്ലോ?’ ബിലാല്‍(റ) വിന്‍റെ ഭാര്യ വിതുമ്പി കരഞ്ഞു. ബിലാല്‍(റ) ഭാര്യയെ വിളിച്ച് കൊണ്ട് പറഞ്ഞു: കരയരുത്, ഞാനെന്‍റെ ഹബീബിന്‍റെ ചാരത്തേക്ക് പോവുകയാണ്. ഒരിടത്ത് വേര്‍പാടിന്‍റെ വേദന, മറ്റൊരിടത്ത് വേര്‍പാടിനേക്കാള്‍ മനോഹരമായ കൂടിച്ചേരലിന്‍റെ സന്തോഷവും.
ആരാധനയും സല്‍കര്‍മങ്ങളും നന്നേ കുറവായ നമുക്കഭയം അല്ലാഹുവിനേയും തിരുദൂതരേയും മറ്റെന്തിനേക്കാളും പ്രേമിക്കലാണ്. അന്ത്യനാള്‍ എന്നാണ് എന്ന് നബിയോട് ചോദിച്ച സ്വഹാബിയോടുള്ള മറു ചോദ്യം നീ എന്താണ് അന്നേക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത് എന്നായിരുന്നു. സ്വഹാബി പ്രതിവചിച്ചു, ഒന്നുമില്ല നബിയേ അല്ലാഹുവിനേയും തിരുദൂതരേയും അതിരറ്റ് സ്നേഹിക്കുന്നതൊഴിച്ചാല്‍ അമിതമായ ആരാധനയൊന്നും എനിക്കില്ല. ഇത് കേട്ട നബി(സ്വ) പറഞ്ഞു. ഓരോരുത്തരും പാരത്രിക ലോകത്ത് അവരവര്‍ സ്നേഹിക്കുന്നവരോട് കൂടെയായിരിക്കും. നശ്വരമായ പ്രേമത്തില്‍ മുങ്ങി ജീവിച്ചു തീര്‍ക്കേണ്ടവരല്ല വിശ്വാസി. അന്ത്യനാളിന്‍റെ ഭയാനതയില്‍ നിന്ന് മുക്തി നേടാന്‍ ദൈവപ്രേമം അനിവാര്യമാണ്. റൂമിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. പ്രണയം ദൈവത്തമാണ്/ അത് അനശ്വരമായി നിലനില്‍ക്കുന്നു/ പ്രണയത്തെ തേടുന്നവന്‍/ ജനിമൃതികളുടെ ചങ്ങലകളില്‍ നിന്നും രക്ഷ നേടുന്നു/ ഒരിക്കല്‍ പോലും പ്രണയം അനുഭവിക്കാത്ത ഹൃദയങ്ങള്‍/ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍/ കണക്കെടുപ്പില്‍ പരാജിതരാകുന്നു. അല്ലാഹുവുമായി ബന്ധപ്പെട്ട എന്തിനേയും പ്രണയിക്കുക. ലൈലയുടെ കൊട്ടാരത്തില്‍ നിന്ന് പുറത്തേക്കു വന്ന ഒരു നായയെ ചുംബിച്ച മജ്നൂനിനോട് (ഖൈസ്) ഒരു ഭിക്ഷക്കാരന്‍ ചോദിച്ചു. നീ എന്താ കാണിക്കുന്നത്? ഒരുനായയെ പിടിച്ച് ചുംബിക്കുകയോ? മജ്നൂനിന്‍റെ ഉത്തരം ഇങ്ങനെയായിരുന്നു. നിന്‍റെ കണ്ണുകളില്‍ അത് ഒരു മൃഗം മാത്രമാണ്. എന്‍റെ ലൈലയുടെ അടുത്തുകൂടെ നടന്നു പോയതും ചിലപ്പോള്‍ അവള്‍ ചുംബിച്ചേക്കാവുന്നതുമായ ഒരു ജീവിയാണ് എനിക്കിത്. അതിനാല്‍ അതിനെ ചുംബിക്കുമ്പോള്‍ ഞാന്‍ ലൈലയെയാണ് ചുംബിക്കുന്നത്. രണ്ടു പേരുടേയും കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണ്. ഇത്തരത്തില്‍ അല്ലാഹുവുമായി ബന്ധപ്പെട്ട എല്ലാറ്റിനേയും ആത്മാര്‍ത്ഥതയോടെ പ്രണയിച്ച് പൂര്‍ണമായും അവന് കീഴൊതുങ്ങിയാല്‍ ഇരുലോകത്തും വിജയം വരിക്കാം. അടിമത്വത്തിന്‍റെ പൂര്‍ണതയാണ് ഇശ്ഖിന്‍റെ പൂര്‍ണത. നാഥനെ പ്രണയിച്ച് അവന്‍റെ പ്രീതി ലഭിക്കാനായിരിക്കണം നമ്മുടെ ജീവിതം.
നിയാസ് മുണ്ടമ്പ്ര