2017 Jan-Feb Hihgligts Shabdam Magazine കാലികം വായന വിദ്യഭ്യാസം സമകാലികം

എന്നാണ് നമ്മുടെ പഠനമുറികള്‍ നന്നാവുക ?

കാട്ടാളനെ സമ്പൂര്‍ണ്ണ മനുഷ്യനാക്കി മാറ്റുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന് പൊതുവെ നിര്‍വ്വചിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരെ സംസ്കാരസമ്പന്നനാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് വൈജ്ഞാനിക രംഗം അതിശീഘ്രം മുന്നേറുന്നത്. നവവിദ്യാഭ്യാസ വ്യവസ്ഥിതികള്‍ അപചയങ്ങളുടെ പടുകുഴിയിലേക്ക് ആപതിക്കുന്നത് സങ്കടത്തോടെ മാത്രമേ കാണാനാകൂ.
വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടപ്പോള്‍ അതിന് ഇരകളായി ജീവന്‍ ബലി നല്‍കിയവര്‍ ഒത്തിരി പേരുണ്ട്. പണച്ചാക്കുമോഹിച്ച് സ്വാശ്രയ കോളേജുകള്‍ ആരംഭിക്കുന്നവര്‍ ഇത്തരം ബലിദാനങ്ങളില്‍ കൈകഴുകി രക്ഷപ്പെടുകയാണ്. രണ്ടരപതിറ്റാണ്ട് കാലം പിന്നിടുന്ന സ്വാശ്രയ വിദ്യാഭ്യാസമേഖല 2004 ജൂലൈ 22 ന് തിരുവനന്തപുരം പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ഹൗസിംഗ് ബോര്‍ഡ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത അടൂര്‍ സഹകരണ എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനി രഞ്ജിനി എസ് ആനന്ദ് മുതല്‍ ഈയടുത്ത് ജീവന്‍ ത്യജിച്ച അമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി വരെ നീളുന്ന ആത്മബലികളുടെ പാപക്കറകള്‍ ഏറ്റുവാങ്ങേണ്ടതുണ്ട്. ഇവരുടെ കുടുംബങ്ങളുടെ കണ്ണീരിന്‍റെ ശാപം പേറേണ്ടതും മറ്റാരുമല്ല. മൂല്യസമൂഹത്തെ സൃഷ്ടിച്ചെടുക്കേണ്ട വിദ്യാഭ്യാസ സംവിധാനങ്ങള്‍ സമഗ്രമായ പരിഷ്കരണങ്ങളും തിരുത്തലുകളും ആവശ്യപ്പെടുന്നുണ്ടെന്നത് തീര്‍ച്ച. അറിവു പ്രകാശവും അജ്ഞത ഇരുട്ടുമാണെന്ന പ്രവാചകാധ്യാപനം ഏറെ ബോധ്യപ്പെടുത്തലുകള്‍ നടത്തുന്നുണ്ട്. അറിവ് മോചനമാണ് എന്നത് ഡഏഇ (യൂണിവേഴിസിറ്റി ഗ്രാന്‍റ് കമ്മീഷന്‍) ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന പ്രമേയമാണ്. അസാന്മാര്‍ഗികതയില്‍ നിന്നും, അജ്ഞതയില്‍ നിന്നും സന്മാര്‍ഗികതയുടെയും ധാര്‍മ്മികതയുടെയും വിശാലാര്‍ത്ഥത്തിലേക്ക് മാനവകുലത്തെ പരിവര്‍ത്തിപ്പിക്കുന്നത് അറിവാണ്. കാട്ടാളജീവിതം നയിച്ചിരുന്ന ആറാം നൂറ്റാണ്ടിലെ ഒരു ജനതയെ മാന്ത്രികവിദ്യ കൊണ്ടായിരുന്നില്ല പുണ്യഹബീബ് പരിവര്‍ത്തിപ്പിച്ച് നക്ഷത്രതുല്യരാക്കി മാറ്റിയത്. അവരില്‍ അറിവിന്‍റെ പ്രകാശം നിറയ്ക്കുകയായിരുന്നു. സമൂഹത്തിന്‍റെ ക്രിയാത്മക നിര്‍വൃതിയില്‍ ജ്ഞാനിക്ക് അനല്‍പമായ പങ്കുണ്ട്. സമൂഹത്തിനുപരിക്കുന്നില്ലെങ്കില്‍ കുന്നോളം അഭ്യസ്ത വിദ്യരെക്കൊണ്ടെന്തു കാര്യം. ഇവിടെയാണ് മൂല്യച്യുതിയേറ്റ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ആരെയാണ് സൃഷ്ടിക്കുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഒട്ടേറെ കമ്മീഷനുകള്‍ വ്യത്യസ്ത പരിഷ്കാരങ്ങള്‍ക്ക് കോപ്പ് കൂട്ടിയിട്ടും ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ് അടക്കമുള്ള പദ്ധതികളും പഞ്ചവത്സര പദ്ധതികളിലൂടെ ഭീമമായ തുക ചിലവഴിക്കലുമൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് പരിതപിക്കുന്നവര്‍ ഗൗരവചിന്തകള്‍ക്ക് തലകൊടുക്കണമായിരുന്നു. വര്‍ഷങ്ങളെടുത്ത് നമ്മുടെ മക്കള്‍ പഠിക്കുന്നതെന്താണെങ്കിലും അവര്‍ തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ പ്രശ്നസങ്കീര്‍ണ്ണതയുടെ ആഴം അവര്‍ക്ക് പെട്ടെന്ന് പിടികിട്ടും. 1964-66 കാലത്തെ കോത്താരി കമ്മീഷന്‍ തങ്ങളുടെ റിപ്പോര്‍ട്ടിന്‍റെ ആമുഖത്തില്‍ മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് എ പി ജെ അബ്ദുല്‍ കലാമിന്‍റെ വാക്കുകള്‍ ഉദ്ധരിക്കുന്നുണ്ട്. ‘ഇന്ത്യയുടെ ഭാവി പരുവപ്പെട്ടുവരുന്നത് ക്ലാസ് റൂമുകളില്‍ വെച്ചാണ്’. മലയാളത്തിന്‍റെ പ്രിയ കവയത്രി കമലാസുരയ്യ പരിതപിക്കും പോലെ വിദ്യാര്‍ത്ഥികളുടെ ഹൃദയത്തില്‍ മാലിന്യങ്ങള്‍ നിറക്കുകയാണ് നവവിദ്യാഭ്യാസരീതി ചെയ്ത്കൊണ്ടിരിക്കുന്നതെന്ന് വിലയിരുത്തുമ്പോള്‍ എത്രമാത്രം രാജ്യത്തിന്‍റെ ഭാവിയെ കരുപിടിപ്പിക്കാന്‍ ആധുനിക വിദ്യാര്‍ത്ഥിത്വത്തിനാവുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നാല്‍ ജലമുണ്ടാകുമെന്ന് പഠിപ്പിക്കുന്ന നവ വിദ്യാഭ്യാസരീതികള്‍ ദാഹിക്കുന്നവന് ജലം നല്‍കണമെന്ന മാനുഷികമൂല്യം പകരാന്‍ മറക്കുന്നിടത്ത് കാര്യങ്ങളെത്തി നില്‍ക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ അന്തസത്തയായ ധാര്‍മ്മികമൂല്യങ്ങള്‍ പ്രകാശിപ്പിക്കാനാവുന്നില്ലെങ്കില്‍ അവ വെറും മാലിന്യങ്ങളല്ലാതെ മറ്റെന്താണ്. നിര്‍ബന്ധമായി എല്ലാവരെയും വിജയിപ്പിക്കണമെന്ന് ശഠിക്കുന്നിടത്ത് പരീക്ഷകള്‍ പ്രഹസമായി മാറുന്നുണ്ട്. എ പ്ലസ് കുംഭകോണങ്ങളിലൂടെയും ആള്‍മാറാട്ടങ്ങളിലൂടെയും സമ്പൂര്‍ണ്ണ സാക്ഷരത നേടിയതില്‍ അഭിമാനം കൊള്ളുന്നവരെ വിഢികളെന്നേ വിളിക്കാനൊക്കൂ. എല്ലാവരും അഭ്യസ്ത വിദ്യരും അവരെല്ലാം തൊഴില്‍ രഹിതരുമാകുന്ന നവലോകക്രമം മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നു. 1948 ലെ രാധാകൃഷ്ണന്‍ കമ്മീഷന്‍ മുതല്‍ 1990 ലെ രാമമൂര്‍ത്തി കമ്മീഷന്‍ വരെ നീളുന്ന വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷനുകള്‍ ഈ മാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്നുണ്ട്. ഇവരെല്ലാം ഊന്നിപ്പറഞ്ഞത് ധാര്‍മ്മികമൂല്യങ്ങള്‍ പകരാന്‍ ഉപയുക്തമാവണം സിലബസുകളെന്നായിരുന്നു. വിദ്യാഭ്യാസരംഗത്ത് സംഭവിച്ച പാശ്ചാത്യവത്കരണ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്‍റെ മാഗ്നാകാര്‍ട്ട എന്നറിയപ്പെടുന്ന 1854 ലെ വുഡ്സ് ഡെസ്പാച്ച് റിപ്പോര്‍ട്ടും മെക്കാളെയുടെ നിര്‍ദ്ധേശങ്ങളും വിദ്യാഭ്യാസവ്യവസ്ഥിതികളില്‍ പാശ്ചാത്യ അധിനിവേഷത്തിനും അതുവഴി സാംസ്കാരിക അപചയത്തിനും വഴിയൊരുക്കുകയായിരുന്നു. ഇതിനു പുറമെ കാമ്പസുകളില്‍ അരാജകത്വം വിതച്ച് ഉദാരലൈംഗികതയും റാഗിങ്ങുമെല്ലാം നടമാടുന്നുണ്ട്. ഉദാരലൈംഗികതയെ വാരിപ്പുണരുന്നവര്‍ ലൈംഗികവിദ്യാഭ്യാസത്തിന്‍റെ അഭാവത്തെക്കുറിച്ച് വിലപിക്കുന്നതിലെ വൈരുധ്യം വ്യക്തമാണ്. നന്മയിലൂന്നിയ സുഹൃത് ബന്ധങ്ങള്‍ക്ക് പകരം ചേട്ടന്മാരായി നവാഗതരെ ചൂഷണം ചെയ്ത് മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്നവര്‍ ഒരിക്കലും പൊറുക്കാത്ത പാപങ്ങളാണ് ചെയ്ത്കൂട്ടുന്നത്. ഇത്തരം
സുഹൃത് ബന്ധങ്ങള്‍ക്ക് പകരം ചേട്ടന്മാരായി നവാഗതരെ ചൂഷണം ചെയ്ത് മാനസിക സംഘര്‍ഷത്തിലേക്കും ആത്മഹത്യകളിലേക്കും നയിക്കുന്നവര്‍ ഒരിക്കലും പൊറുക്കാത്ത പാപങ്ങളാണ് ചെയ്ത്കൂട്ടുന്നത്. ഇത്തരം അനാശ്യാസ പ്രവണതകളില്‍ നിന്നെല്ലാം മുക്തമായാല്‍ മാത്രമേ വിദ്യാഭ്യാസസംവിധാനങ്ങള്‍ പരിപാവനമാവൂ.

ഗുരുശിഷ്യബന്ധം
മദീനാപള്ളിയുടെ തിണ്ണയിലിരുന്ന് മുത്ത്നബിയും അഹ്ലുസ്സുഫയും രൂപപ്പെടുത്തിയ ഗുരുശിഷ്യബന്ധം എക്കാലത്തും അവിസ്മരണീയമാണ്. ലോകത്തെ പ്രഥമ സര്‍വ്വകലാശാലയായിരുന്നു അത്. ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകനും മാതൃകാ പഠിതാക്കളുമായിരുന്നു അവിടുത്തെ ഗുരുവും ശിഷ്യരും. ഇവിടെ നിന്നാണ് അധ്യാപനത്തിന്‍റെയും മാതൃകാ വിദ്യാര്‍ത്ഥിത്വത്തിന്‍റെയും രൂപവും ഭാവവും രീതിശാസ്ത്രവുമെല്ലാം ലോകം വായിച്ചെടുത്തത്. ഇത് 14 നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള ചിത്രം മാത്രം. ഇന്ന് കാലം ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. പരിഷ്കൃതലോകത്തെ ഗുരുശിഷ്യബന്ധം ഏറെ വ്യത്യസ്തമാണ്.ഗുരുവും ശിഷ്യനും തമ്മിലുള്ള മാനസിക ബന്ധം അടിസ്ഥാനമാക്കിയുള്ള വൈജ്ഞാനിക കൈമാറ്റ വ്യവഹാരങ്ങളെ സാമ്പ്രദായിക രീതിയെന്ന് വിലയിരുത്താം. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കുള്ള ജ്ഞാനകൈമാറ്റമായിരുന്നു പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഗുരുവും ശിഷ്യരും വ്യത്യസ്ത ലോകത്താണ്.
സമയക്രമീകരണങ്ങള്‍ക്കനുസരിച്ച് മുന്നില്‍ വന്ന് അഭിനയിച്ച് മടങ്ങുന്ന അധ്യാര്‍പകര്‍ക്കെങ്ങനെയാണ് തന്‍റെ വിദ്യാര്‍ത്ഥി സമൂഹത്തെ നന്മയിലേക്ക് നയിക്കാനാവുക. അധ്യാപന രീതി ലെക്ചറിംഗും പഠനരീതി സെല്‍ഫ് സ്റ്റഡി (സ്വയം പഠിക്കുക)യുമാകുമ്പോള്‍ ദുരന്തം പൂര്‍ണ്ണമാകുന്നു. ഇതിനു പുറമെയാണ് അധ്യാപന വൃത്തിക്ക് കളങ്കം ചാര്‍ത്തി ശിഷ്യരെ ബലാല്‍ക്കാരമായി പീഡിപ്പിക്കാനും ചൂഷണം ചെയ്യാനും നെഗറ്റീവ് സ്ടോക് നല്‍കി മാനസികമായി തളര്‍ത്താനും ഒരുമ്പെടുന്നവര്‍. ജിഷ്ണു പ്രണോയിയും അരീക്കോട്ടുകാരി നിസ്ലയും ഇരകളുടെ ലിസ്റ്റിലേക്ക് വരുന്നത് ഇത്തരം അധ്യാപകര്‍ കാരണമാണ്. അവിവേകിയായ ഡോക്ടര്‍ തന്‍റെ ഒരു രോഗിയെ ആണ് നശിപ്പിക്കുന്നതെങ്കില്‍ ഒരു സമൂഹത്തെ നശിപ്പിക്കുകയാണ് മോശം അധ്യാപകരെന്ന് നാം വിലയിരുത്താറുണ്ട്. അതാണ് യാഥാര്‍ത്ഥ്യവും. അമേരിക്കയുടെ മഹാനായ പ്രസിഡന്‍റ് എബ്രാഹം ലിങ്കണ്‍ തന്‍റെ മകന്‍റെ അധ്യാപകന് നല്‍കിയ നിര്‍ദേശം ഏറെ ശ്രദ്ധേയമാണ്. എ നൈസ് സിറ്റിസണ്‍ എന്ന കവിതയിലൂടെ സമൂഹത്തിന്‍റെ സ്പന്ദനം തിരിച്ചറിയാനും നന്മയെയും തിന്മയെയും വേര്‍ത്തിരിച്ചു മനസ്സിലാക്കാന്‍ പക്വതയുള്ളവനുമാക്കി മകനെ പരിവര്‍ത്തിപ്പിക്കണമെന്ന് ലിങ്കണ്‍ പറയുന്നുണ്ട്. യഥാര്‍ത്ഥ അധ്യാപന ധര്‍മ്മത്തിന്‍റെ ധര്‍മ്മമാണിത്.
പാവനമായ ജ്ഞാനകൈമാറ്റത്തില്‍ ഇടര്‍ച്ചകള്‍ സംഭവിച്ചതിന്‍റെ പരിണിത ഫലമാണ് അധ്യാപകരെ ഘെരാവോ ചെയ്യാന്‍ മടിക്കാത്ത ആധുനിക വിദ്യാര്‍ത്ഥി സമൂഹം. ഗുരുമുഖത്ത് നിന്ന് ഭവ്യതയോടെ അറിവ് സ്വീകരിക്കുന്നതിന് പകരം അവരെ ഹൈജാക് ചെയ്യാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജ്ഞാനകൈമാറ്റത്തിന്‍റെ പരിപാവനതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. മക്കളെ വിദ്യാലയങ്ങളിലേക്കയക്കലോടെ തങ്ങളുടെ ധര്‍മ്മം പൂര്‍ത്തിയായെന്ന് മനസ്സിലാക്കുന്ന രക്ഷിതാക്കളും മാറിചിന്തിക്കേണ്ടിയിരിക്കുന്നു. അവരുടെ ജ്ഞാനപരിസരവും സുഹൃത് ബന്ധങ്ങളും അറിയാനും ആവശ്യമായ തിരുത്തലുകള്‍ നടത്താനും രക്ഷിതാക്കള്‍ ബദ്ധശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മറിച്ചാണെങ്കില്‍ അത് തീരാഖേദത്തിലേക്കായിരിക്കും നയിക്കുക. ഗുരുവും ശിഷ്യനും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഇമാം ഗസ്സാലി(റ)തന്‍റെ ഇഹ്യാഉല്‍ ഉലൂമുദ്ധീനില്‍ സവിസ്തരം വിവരിക്കുന്നുണ്ട്. അറിവിനെ സംബന്ധിച്ചുള്ള ഒന്നാം അധ്യായത്തില്‍ നിന്ന് ഇങ്ങനെ സംഗ്രഹിക്കാം. എല്ലാ ദുഷിച്ച കാര്യങ്ങളില്‍ നിന്നും ഹൃദയശുദ്ധീകരണം നടത്തുന്നവനായിരിക്കണം വിദ്യാര്‍ത്ഥി. താന്‍ കരസ്ഥമാക്കാന്‍ ആഗ്രഹിക്കുന്ന അറിവിന്‍റെ പരിപാവനത പൂര്‍ണ്ണമായി ഗ്രഹിച്ച് അനാവശ്യബന്ധങ്ങളില്‍ സമയം കളയാതെ ഗുരുവിന് പൂര്‍ണ്ണമായി വഴിപ്പെടാന്‍ വിദ്യാര്‍ത്ഥിക്കാവേണ്ടതുണ്ട്. ഇനി ഗുരുവാണെങ്കിലോ തന്‍റെ ശിഷ്യരെ വാത്സല്യപൂര്‍വ്വം പരിഗണിക്കുന്നവനാകണം. അവരെ തന്‍റെ മകനെപ്പോലെ നന്മയിലേക്ക് വഴി നടത്താനാവണം. ഈ നശ്വരലോകത്ത് അവരെത്തിച്ചേരാന്‍ മാതാപിതാക്കള്‍ ഹേതുവായെങ്കില്‍ അനശ്വര ലോകത്തിലെ വിജയത്തിലേക്ക് അവരെ കൈപിടിച്ച് നടത്തേണ്ട ഉത്തരവാദിത്തം ഗുരുവിനാണ്. ശിഷ്യരുടെ ഹൃദയമാകുന്ന കൃഷിയിടത്തില്‍ നന്മ വിളയിച്ച് അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് സദുപദേശം ചെയ്ത് ചീത്ത സ്വഭാവങ്ങളില്‍ നിന്ന് അവരെ സംരക്ഷിച്ചെടുക്കണം. താന്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ കൂടി ആവണം ഗുരുവിന്‍റെ ഉപദേശം.
ജ്ഞാന കൈമാറ്റത്തിന്‍റെ പ്രാധാന്യവും പവിത്രതയും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം പൂര്‍ത്തികരീക്കാന്‍ ആകൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങളില്‍ നാം വ്യാപൃതരാവേണ്ടതുണ്ട്.
ഇര്‍ഷാദ് എടവണ്ണപ്പാറ

Leave a Reply

Your email address will not be published. Required fields are marked *