Posted on

ആഭരണങ്ങളിലെ സകാത്ത്

 

ഇസ്ലാാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ടതാണ് സക്കാത്ത്. കുളിയും വുളുഉമൊക്കെ ശാരീരികമായ ശുദ്ധീകരണം ലക്ഷ്യം വെച്ചാണ് എങ്കില്‍ സമ്പത്തിന്‍റെ സംസ്കരണമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കച്ചവടത്തിന്‍റെ സകാത്തിനു പുറമെ ധാന്യങ്ങളില്‍ എട്ട് ഇനങ്ങളില്‍ മാത്രമേ സക്കാത്ത് നിര്‍ബന്ധമുള്ളു. സ്വര്‍ണ്ണം, വെള്ളി, ആട്, മാട് , ഒട്ടകം, ധാന്യം, കാരക്ക, മുന്തിരി എന്നിവയാണിവ. കറന്‍സി നോട്ടുകള്‍ സ്വര്‍ണ്ണം, വെള്ളി, എന്നിവകളുടെ പരിധിയിലാണ് ഉള്‍പ്പെടുക. സ്വര്‍ണ്ണവും വെള്ളിയും അതിന് സകാത്ത് നിര്‍ബന്ധമാകാന്‍ ഇസ്ലാം നിശ്ചയിച്ച അളവുണ്ടായാല്‍ സക്കാത്ത് നിര്‍ബന്ധമാകുന്ന ധനങ്ങളാണെന്ന് എല്ലാവര്‍ക്കും അറിയാം. ആഭരണങ്ങളിലെ സകാത്തിനെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത.് സ്വര്‍ണ്ണം, വെള്ളി എന്നിവ കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളെ രണ്ടായി തിരിക്കാം
1. സകാത്ത് ബാധിക്കുന്ന ആഭരണങ്ങള്‍
2. സകാത്ത് ബാധിക്കാത്ത ആഭരണങ്ങള്‍
സകാത്ത് ബാധിക്കുന്ന ആഭരണങ്ങള്‍.
(ഒന്ന്) കച്ചവട ചരക്കായ ആഭരണങ്ങള്‍
സാകാത്ത് ബാധകമല്ലാത്ത വസ്തുക്കള്‍ പോലും കച്ചവടചരക്കായി മാറുമ്പോള്‍ സകാത്ത് നല്‍കേണ്ടിവരുന്നു. അപ്രകാരം തന്നെ ഉപയോഗത്തിനായി നിര്‍മ്മിച്ച അനുവദനീയമായ ആഭരണങ്ങള്‍ കച്ചവടച്ചരക്കായി മാറുമ്പോള്‍ അവയ്ക്ക് കച്ചവടത്തിന്‍റെ സകാത്ത് ബാധിക്കും. മറ്റു കച്ചവടസാധനങ്ങളില്‍ വര്‍ഷാവസാനം വിലകണക്കാക്കി 2.5% സകാത്ത് നല്‍കുന്നത് പോലെ ഇതിലും നല്‍കണം. ഇമാം ശാഫിഈ(റ) ഈ വിഷയത്തില്‍ പറഞ്ഞു: ”ആഭരണത്തിലും മൃഗങ്ങളിലും സകാത്തില്ലാതെ വരുന്ന സന്ദര്‍ഭത്തിലും(മൃഗങ്ങളെ സ്വയം തീറ്റകൊടുത്ത് വളര്‍ത്തുമ്പോള്‍) ഇവയില്‍ വല്ലതും കച്ചവടാവിശ്യാര്‍ത്ഥം വാങ്ങിയാല്‍ കച്ചവടത്തിനുവേണ്ടി വാങ്ങുന്ന മറ്റു ചരക്കുകള്‍ക്കുള്ള പോലെ ഇതിലും കച്ചവട സകാത്ത് ഉണ്ടാകുന്നതാണ്. (അല്‍ ഉമ്മ് 2/52) (39)
ഇമാം നവവി(റ) പറയുന്നു: ”നമ്മുടെ ശാഫിഈ പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്.് സ്ത്രീ അവള്‍ക്ക് ധരിക്കാവുന്നതായ ആഭരണം കച്ചവടാവശ്യാര്‍ത്ഥം വാങ്ങിയാല്‍ അവളതു ധരിച്ചാലും സകാത്ത് നിര്‍ബന്ധമാകും.ഒരാള്‍ കച്ചവടത്തിന് വാങ്ങിയ മൃഗങ്ങളെ ഉപയോഗിച്ചാലുളളത് പോലെ. (ശറഹില്‍മുഹദ്ദബ്.6/53) (40)
ഇത് പ്രകാരം ഇന്നത്തെ സ്വര്‍ണ്ണവ്യാപാരികള്‍ക്ക് കച്ചവട സകാത്ത് ബാധകമാണ്. വര്‍ഷാവസാനം മൊത്തം സ്വരണ്ണാഭരണങ്ങളുടെ; മാര്‍ക്കറ്റ് വില കണക്കാക്കി അതിന്‍റെ 2.5% സകാത്ത് നല്‍കണം.
(രണ്ട്) നിക്ഷേപലക്ഷ്യത്തോടെ വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങള്‍
വില കൂടുന്ന അവസരത്തില്‍ വിറ്റ് അധിക പണം നേടണമെന്ന ഉദ്ദേശത്തോടെ സ്വര്‍ണ്ണം വെളളി ആഭരണങ്ങള്‍ വാങ്ങി നിധിയായി സൂക്ഷിച്ചാല്‍ നിസാബും ഹൗലും(ഒരു വര്‍ഷം പൂര്‍ത്തിയാവല്‍) പൂര്‍ത്തികരിക്കുന്നതോടെ സകാത്ത് നിര്‍ബന്ധമാകും. ഉദാഹരണമായി ഒരാള്‍ 3 ലക്ഷം രൂപക്ക് സ്വര്‍ണ്ണാഭരണം വാങ്ങി. വില കൂടുന്ന അവസരത്തില്‍ വിറ്റ് പണമാക്കാം എന്നതായിരുന്നു ലക്ഷ്യം. ഇവിടെ ഈ രീതിയില്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് സകാത്ത് നലകണം.
(മൂന്ന്) ഹറാമായ ഉപയോഗത്തിലുളള സ്വര്‍ണ്ണാഭരണങ്ങള്‍
ഉപേക്ഷിക്കണം എന്ന കര്‍ശന ശാസനവരുന്നതിനാണ് ഹറാമാവുക എന്ന് പറയുന്നത്. സ്വര്‍ണ്ണം, വെള്ളി എന്നീ ആഭരണങ്ങളെ വ്യക്തികളുമായി ചേര്‍ത്ത് പറയുമ്പോള്‍ രണ്ട് രീതിയില്‍ വരാം.
ഒന്ന്: പാടെ നിരാകരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍. (പുരുഷന്‍)
രണ്ട്: ഭാഗികമായി നിരാകരിക്കണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍. (സ്ത്രീ)
പുരുഷന്മാര്‍ സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ആഭരണങ്ങള്‍ പാടെ ഉപേക്ഷിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ടവരാണ്. അനുവദനീയമായി രീതിയില്‍ ഉപയോഗിക്കാവുന്നത് വെള്ളി മോതിരം മാത്രമാണ്. വെള്ളിയായാലും സ്വര്‍ണ്ണമായാലും സ്ത്രീകള്‍ക്ക് ആഭരണമായി ഉപയോഗിക്കല്‍ അനുവദനീയമാകണമെങ്കിലും അമിതവ്യയം, ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയും പുരുഷനും ഈ നിര്‍ദ്ദേശം മറികടന്ന് ഉപയോഗിക്കാന്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയാല്‍ സകാത്ത് നല്‍കേണ്ടി വരും. 85 ഗ്രാമോ അതിലധികമോ ഉള്ള സ്വര്‍ണ്ണാഭരണങ്ങള്‍ തന്‍റെ ഉപയോഗത്തിന് വേണ്ടി മുസ്ലിം പുരുഷന്‍ ഉടമപ്പെടുത്തുന്നുവെങ്കില്‍ അവന്‍ ഈ ആഭരണങ്ങള്‍ക്കും സകാത്ത് നല്‍കണം. സ്ത്രീകളും അമിതമായ ഉപയോഗത്തിലാകുമ്പോള്‍ അതും ഹറാമിലേക്കെത്തുന്നു. ഈ രീതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ സ്ത്രീ ഉപയോഗിക്കാന്‍ വേണ്ടി ഉടമപ്പെടുത്തുന്നുവെങ്കില്‍ സകാത്ത് നല്‍കണം. ഹറാമിലേക്ക് എത്തുന്നതിന് പരിഗണിക്കപ്പെടുന്ന ആഭരണത്തിന്‍റെ അളവ് എത്ര എന്ന് വഴിയെ ചര്‍ച്ച ചെയ്യാം.
(നാല്) കാറാഹത്തായ ഉപയോഗത്തിലുളള സ്വര്‍ണ്ണാഭരണങ്ങല്‍
സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ ഉപയോഗം കറാഹത്തായി തീരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാം. ഉപേക്ഷിക്കലാണ് അഭികാമ്യം എന്ന നിലക്ക് നിര്‍ദേശിക്കപ്പെടുന്ന സ്ഥിതിയില്‍ ആഭരണങ്ങള്‍ ഉപയോഗിക്കുന്നുവെങ്കിലും സകാത്ത് നിര്‍ബന്ധമാകും.
(അഞ്ച്) കറാഹത്തായ ആഭരണങ്ങള്‍
ഹലാലായ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ രണ്ടായി തിരിയുന്നു. ഒന്ന് കറാഹത്ത്. രണ്ട് മുബാഹ്. മുബാഹിന്‍റെ പരിധിയിലാണ് വരുന്നതെങ്കില്‍ ആഭരണങ്ങളില്‍ സകാത്ത് നിര്‍ബന്ധമാകുന്നതല്ല. സ്ത്രീകള്‍ക്ക് സൗന്ദര്യവും ഭംഗിയും വളരെ പ്രധാനമാണ്. ഇവ പ്രാദാനം ചെയ്യുന്നതില്‍ ആഭരണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത് ഇസ്ലാം അംഗീകരിക്കുന്നതുകൊണ്ട് സ്വര്‍ണ്ണവും വെള്ളിയും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ അനുവദനീയമായ സാഹചര്യം(ഹലാല്‍) രണ്ട് രീതിയില്‍ രൂപപ്പെടാം. ഒന്ന്: അനുവദനീയമാണ് എന്ന് പറയുന്നതോടൊപ്പം ഉപേക്ഷിക്കലാണ് അഭികാമ്യം എന്ന് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഉപയോഗം മക്റൂഹായ സന്ദര്‍ഭമാണിത്. ഹറാമാകുന്നില്ലെങ്കിലും നിരുല്‍സാഹപ്പെടുത്തലുണ്ടായ കാരണത്താല്‍ ഉപേക്ഷിക്കലാണ് ഉത്തമം എന്ന് മതം പറയുന്നു. ഇവിടെ സകാത്ത് നിര്‍ബന്ധമാകും. എന്നാല്‍ അനുവദനീയമായ മറ്റൊരു സാഹചര്യം കൂടിയുണ്ട്. അനുവദനീയമാകുന്നതോടൊപ്പം ഉപേക്ഷിക്കലാണ് ഉത്തമമെന്ന് പറയപ്പെടുന്നതന് മുബാഹ് എന്ന് കര്‍മ്മ ശാസ്ത്രം പറയുന്നു. ഇവിടെ ഉപയോഗിക്കലും അനുവദനീയമാണ്. ഒന്ന് മറ്റേതിനേക്കാള്‍ അഭികാമ്യമല്ല ഇത്തരം സാഹചര്യത്തില്‍ സകാത്ത് നിര്‍ബന്ധമില്ല.
മേല്‍ പറഞ്ഞ മുബാഹിന്‍റെ പരിധിയില്‍ ആഭരണങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം അതില്‍ സകാത്ത് ബാധിക്കുന്നതല്ല. ആഭരണം അനുവദനീയമാകുന്നതിന് മൂന്ന് ഉപാധികള്‍ പരിഗണിച്ചിട്ടുണ്ട്. 1. അനുവദനീയമായ ഉപയോഗലക്ഷ്യം വെച്ച് പണികഴിപ്പിക്കപ്പെട്ടതാവുക. അല്ലെങ്കില്‍ ഒരു ലക്ഷ്യവുമില്ലാതെ പണികഴിപ്പിച്ചതാവുക. 2. ഒരു വര്‍ഷം തികഞ്ഞിട്ടും ഈ ആഭരണം തന്‍റെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്നുവെന്ന് ഉടമസ്ഥന്‍ അറിയുകയും വേണം. അങ്ങനെയെങ്കില്‍ അതില്‍ സകാത്ത് നല്‍കണം. 3. ആഭരണം ധരിക്കുന്നതില്‍ ദുര്‍വ്യയം ഇല്ലാതിരിക്കണം. അതില്ലാതെ അമിതത്വത്തിലേക്ക് മാറിയാല്‍(അത് കറാഹത്തായാലും ഹറാമായാലും) സകാത്ത് നല്‍കേണ്ടി വരും. മുബാഹായ ആഭരണത്തിന് ഉദാഹരണമായി, 5 പവന്‍ തൂക്കമുളള സ്വര്‍ണ്ണാഭരണം എടുക്കാം. ഇത് ധരിക്കുന്നതിനു വേണ്ടിയാണെങ്കില്‍ ഒരു സ്ത്രീക്ക് സകാത്ത് നിര്‍ബന്ധമില്ല. കാരണം, ഈ ആഭരണങ്ങള്‍ മുബാഹിന്‍റെ പരിധിയിലാണ് വന്നിട്ടുള്ളത്. ഹറാമിന്‍റെയോ കാറാഹത്തിന്‍റെയോ പരിധിയിലേക്ക് എത്തിയിട്ടില്ല. ഇവിടെ വര്‍ഷം പൂര്‍ണ്ണമായി ആഭരണം ഉപയോക്താവിന്‍റെ അടുക്കല്‍ ഉണ്ടായാലും നിര്‍ബന്ധമില്ല. ചുരുക്കത്തില്‍, ആഭരണങ്ങളില്‍ എപ്പോള്‍ സകാത്ത് കൊടുക്കേണ്ടി വരുമെന്നത് ആഭരണം ഹറാം, കറാഹത്ത്, ഹലാല്‍ എന്നീ മൂന്നിനങ്ങളിലെ ഏത് വകുപ്പുകളില്‍ പെടുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്.
സ്ത്രീകള്‍ക്ക് ഹലാലാകുന്ന ആഭരങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ ആഭരണങ്ങളെല്ലാം സ്ത്രീകള്‍ക്ക് അനുവദനീയമാണ്. അമിതമാകരുതെന്ന് മാത്രം. സ്വര്‍ണ്ണംകൊണ്ടോ വെളളികൊണ്ടോ നിര്‍മ്മിച്ച വളകള്‍, പാദസരം, ചെരിപ്പ്, മാല എന്നിവ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവാമെന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. പക്ഷെ അമിതമാകരുത്. സ്വര്‍ണ്ണം, വെളളി എന്നിവ കൊണ്ട് നെയ്തെടുത്ത വസ്ത്രവും ഇവര്‍ക്ക് അനുവദനീയമാണെന്നാണ് പ്രബലാഭിപ്രായം. പതിവില്ലെങ്കില്‍പോലും സ്ത്രീകള്‍ക്ക് സ്വര്‍ണ്ണക്കിരീടം ചൂടാം. സ്വര്‍ണ്ണനാണയം പിടിപ്പിച്ച മാല അനുവദനീയമാണെന്നതില്‍ തര്‍ക്കമില്ല. നാണയം തുളച്ച് കോര്‍ത്തമാലയും ഇങ്ങനെ തന്നെ. ഇവയിലൊന്നും സകാത്ത് നിര്‍ബന്ധമില്ല. എന്നാല്‍ ഇരുന്നൂര്‍ മിസ്കാല്‍ തൂക്കം വരുന്ന(850 ഗ്രാം) പാദസരം പോലുളള ധൂര്‍ത്ത് അനുവദനീയമല്ലെന്ന് മാത്രമല്ല അതില്‍സകാത്ത് നിര്‍ബന്ധമാകുകയും ചെയ്യും. (ഫത്ഹുല്‍മുഈന്‍)
ഒന്നിനു ശേഷം മറ്റൊന്ന് എന്ന നിലക്ക് ധരിക്കുന്നതിന് ഒരു സ്ത്രീക്ക് ഒന്നിലധികം പാദസരം ഉണ്ടാകുന്നത് അനുവദനീയമാണെന്ന് ഇമാം ബുജൈരി(റ) പറയുന്നു. ആഭരണങ്ങള്‍ അനുവദനീയമാണെങ്കില്‍ അവകള്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവയാകണം എന്ന നിബന്ധന ഇല്ല. അതായത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ഉപയോഗിച്ചിട്ടില്ലാത്ത, ഉപയോഗിക്കാന്‍ പാകത്തില്‍ നിലനില്‍ക്കുന്നതും അനുവദനീയമാകും. അപ്പോള്‍ ഒരു സ്ത്രീക്ക് ഒട്ടേറെ ഇനം ആഭരണങ്ങള്‍ ഉണ്ടാവുകയും എന്നാല്‍ സൗകര്യാര്‍ത്ഥം ഏതാനും ചിലത് മാത്രം ഉപയോഗിക്കുകയും മറ്റുള്ളവ ഉപയോഗിക്കാതെ മാറ്റിവെക്കുകയും ചെയ്യുന്നു എന്നതിന്‍റെ പേരില്‍ സകാത്ത് നിര്‍ബന്ധമാകുന്നതല്ല. ഉപയോഗിച്ചില്ല എന്നതിന്‍റെ പേരില്‍ ഹറാമിന്‍റെ പരിധിയിലേക്ക് പോകുന്നില്ല എന്നതാണ് കാരണം ഇത് പണ്ഡിതന്മാര്‍ പറയുന്നു: ‘പാദസരത്തില്‍ പെട്ട ഒന്നിലധികം ഉണ്ടാവുകയും അതില്‍ ചിലത് ഉപയോഗിച്ച് കൊണ്ടിരിക്കുന്നവയും ഉപയോഗിക്കാന്‍ പാകത്തിലുണ്ടാവുന്നതും അനുവദനീയ ആഭരണത്തിന്‍റെ പരിധിയിലാണ് പെടുന്നത്’. സത്രീകള്‍ക്ക് ഹലാലായ ഈ ആഭരണങ്ങള്‍ ഹറാമിന്‍റെ പരിധിയിലേക്ക് എത്താം. ധരിക്കല്‍ ഹറാമായ ഇത്തരം ആഭരണങ്ങളില്‍ സകാത്ത് നിര്‍ബന്ധമാവുകയും ചെയ്യും. എപ്പോഴാണ് നിഷിദ്ധമാകുന്നത് അന്നുമുതല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആകെയുള്ള ആഭരണങ്ങളുടെ 2.5 ശതമാനം സകാത്ത് നല്‍കണം. ഇവിടെ ഹലാലായ ആഭരണങ്ങളും ഹറാമായ ആഭരണങ്ങളും കൂട്ടി ആകെയുള്ള അളവിന്‍റെ കണക്കിനാണ് സകാത്ത് നല്‍കേണ്ടത്.
ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് ഹറാമാകുന്നത് അതില്‍ ഇസ്റാഫ് അഥവാ ധൂര്‍ത്തും, അമിതവ്യയവും ഉണ്ടാകുമ്പോഴാണ്. ആഭരണങ്ങളില്‍ ധൂര്‍ത്തും അമിതവ്യയവും വന്നാല്‍ ഹറാമിന്‍റെ പരിധിയിലെത്തുകയും സകാത്ത് നിര്‍ബന്ധമാകുകയും ചെയ്യും. ഇനി ധൂര്‍ത്തിന്‍റെ പരിധി എങ്ങിനെ?. എന്തിനെ മാനദണ്ഡമാക്കിയാണ് ധൂര്‍ത്ത് തീരുമാനിക്കുക? എന്നീ കാര്യങ്ങള്‍ മനസ്സിലാക്കണം. സൗന്ദര്യത്തിന് വേണ്ടി ആഭരണം അണിയാമെന്നത് അംഗീകരിക്കപ്പെട്ട കാര്യമാണെങ്കിലും ആഭരണ കാര്യത്തിലും ഒരു മിതത്വം പാലിക്കേണ്ടതുണ്ട്. ഒരു ഇനം ആഭരണത്തിന്‍റെ തൂക്കം തന്നെ പരിധിയിലേറെ വന്നാല്‍ അതില്‍ ധൂര്‍ത്ത് ഉണ്ട് എന്ന് കണക്കാക്കപ്പെടണം എന്നാണ് മനസ്സിലാക്കേണ്ടത്. പണ്ഡിതന്മാര്‍ പറയുന്നു: ‘ആഭരണങ്ങളില്‍ ധൂര്‍ത്ത് വന്നാല്‍ അത് അനുവദനീയമല്ല. സകാത്ത് നിര്‍ബന്ധമാകും. അതോടൊപ്പം എല്ലാ ആഭരണത്തിലും സകാത്ത് ബാധിക്കും’. ഉദാഹരണമായി, ഒരു ജോടി പാദസരം എടുക്കാം. അതിന്‍റെ ഒരു ജോഡി പാദസരത്തിന്‍റെ മൊത്തം തൂക്കം 200 മിസ്കാല്‍ എത്തിയാല്‍ അത് ധൂര്‍ത്തുള്ള ആഭരണമായി കണക്കാക്കാം എന്നാണ് പണ്ഡിതന്മാര്‍ പറയുന്നത്. 200 മിസ്കാല്‍ എന്ന് പറയുമ്പോള്‍ ഏതാണ്ട് 200*4.25 ഗ്രാം അഥവാ 850 ഗ്രാം വരുന്നു. അതായത് 106.25 പവന്‍. ഒരു ആഭരണത്തിന്‍റെ തൂക്കം തന്നെ നൂറിലധികം വരുന്നുണ്ടെങ്കിലാണ് സ്ത്രീകള്‍ക്ക് ആഭരണം അനുവദനീയമല്ലാത്ത അളവില്‍ ധൂര്‍ത്ത് വരുന്നത് എന്നാണ് പണ്ഡിതര്‍ ഉദ്ധരിച്ചതിന്‍റെ പൊരുളായി വരുന്നത്.
എന്നാല്‍ ധൂര്‍ത്തിന്‍റെ പരിധിയില്‍ 200 ദിര്‍ഹം(106 പവന്‍ തൂക്കം) എന്നത്കൊണ്ട് ഉപാധിവെച്ച് നിര്‍ണ്ണയിച്ച് പറയുന്നതിന് പകരം ജനങ്ങളുടെ പതിവും നാട്ടു ശൈലിയും മാനദണ്ഡമാക്കണമെന്ന അഭിപ്രായമാണ് ഇമാം അദ്റഈ(റ) മുന്നോട്ടു വെച്ചിട്ടുള്ളത്. ഈ അഭിപ്രായത്തെ ഇമാം ഇബ്നു ഹജര്‍(റ) തുഹ്ഫയില്‍ എടുത്ത് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ 106 പവന്‍ തന്നെ ഇല്ലാതെ തന്നെ ധൂര്‍ത്ത് സംഭവിക്കാം. ഒരു നാട്ടിലെ പതിവ് ശൈലിയും വ്യവസ്ഥകളും പരിഗണിക്കുമ്പോള്‍ ധൂര്‍ത്തുളളതായി കാണുന്ന അളവില്‍, തൂക്കത്തില്‍ ഒരു ആഭരണം നിര്‍മ്മിച്ചെടുത്താല്‍ ധൂര്‍ത്തിന്‍റെ പരിധിയില്‍ വരുമെന്നാണ് മനസ്സിലാക്കേണ്ടത്. അതിന്‍റ തൂക്കം കൃത്യമായി 106 പവന്‍ ഉണ്ടാകണമെന്നില്ല.
ചുരുക്കത്തില്‍ നാട്ട് നടപ്പനുസരിച്ച് ധൂര്‍ത്തായിപ്പോയി എന്ന് പറയപ്പെടുന്ന അളവിലോ, തൂക്കത്തിലോ ഒരു ആഭരണം ഉണ്ടാവുകയാണെങ്കില്‍ ഹറാമിന്‍റെ പരിധിയലേക്കെത്തുകയും സകാത്ത് നിര്‍ബന്ധമാവുകയും ചെയ്യും. ജനങ്ങളുടെ ജീവിത നിലവാരം, നാട്ടുനടപ്പ്, ആചാരം തുടങ്ങി ആഭരണ ഉപയോഗമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ച് ധൂര്‍ത്ത് ഉണ്ടോ ഇല്ലേ എന്ന് പറയാന്‍ കഴിയൂ. ഇനി ഒരു സ്ത്രീക്ക് മൊത്തം ആഭരണ ഇനങ്ങളുടെ തൂക്കം 100 പവനോ അതില്‍ താഴെയോ ആവുകയും ഒരു ആഭരണത്തിന്‍റെ തൂക്കം തന്നെ നാട്ടുനടപ്പനുസരിച്ച് ധൂര്‍ത്ത് എന്ന് വിധിക്കപ്പെടാത്ത അളവുകളില്‍ ആവുകയും ചെയ്യുന്നുണ്ടെങ്കില്‍ ഹറാമിന്‍റെ പരിധിയിലേക്ക് എത്തുകയില്ല എന്നാണ് മനസ്സിലാക്കപ്പെടേണ്ടത്.
സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും ഉപയോഗം രണ്ട് രീതിയിലാണ് ഹറാമാക്കപ്പെടുന്നത്
ഒന്ന്: വസ്തു എന്ന നിലയില്‍ ഹറാമാക്കപ്പെട്ടത്
രണ്ട്: ഉദ്ദേശ്യം മൂലം ഹറാമാക്കപ്പെടുന്നത്.
വസ്തു എന്ന നിലയില്‍ ഹറാമാക്കപ്പെടുന്നതിന് ഉദാഹരണങ്ങളാണ് സ്വര്‍ണ്ണ പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയെല്ലാം. ഇവകളുടെ ഉപയോഗവും നിര്‍മ്മാണവും ഹറാമായ കാരണം, ഇത്തരം സന്ദര്‍ഭങ്ങളില്‍ സകാത്ത് നിര്‍ബന്ധമാകും.
ഇനി ഹറാമിന്‍റെയോ കാറാഹത്തിന്‍റെയോ പരിധി എത്തിച്ചിട്ടില്ലെങ്കില്‍ പോലും ആഭരണേതര സാധനങ്ങളായത് കൊണ്ട് സകാത്ത് നിര്‍ബന്ധമാകും. ഉദ്ദേശ്യം മൂലം ഹറാമാവുക എന്ന് പറയുന്നത്. ഉടമപ്പെടത്തിയവന്‍റെ ഉദ്ദേശ്യം പരിഗണിച്ചാണ്. ഉദാഹരണമായി, ഒരു പുരുഷന്‍ സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിന് വേണ്ടി ഉടമപ്പെടുത്തുന്നു. ഇവിടെ സകാത്ത് നിര്‍ബന്ധമാകും. കറാഹത്തായ കാര്യങ്ങളാണ് ഉദ്ദേശിക്കുന്നതെങ്കിലും സകാത്ത് നിര്‍ബന്ധമാകും. എന്നാല്‍ ഹലാലിനെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇവിടെ സകാത്ത് നിര്‍ബന്ധമില്ല.മേല്‍ പറഞ്ഞ ഉദ്ദേശ്യങ്ങളൊന്നുമല്ലാതെ ഒരാള്‍ നിക്ഷേപം ഉദ്ദേശിച്ചാലും സകാത്ത് നിര്‍ബന്ധമാകും. ഉദാഹരണം, ഒരാള്‍ 50 പവന്‍ സ്വര്‍ണ്ണാഭരണങ്ങളെ ഉടമപ്പെടുത്തുകയും ആ അവസരത്തില്‍ തന്‍റെ ഉദ്ദേശം മറിച്ച് വിറ്റ് ലാഭമുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെങ്കില്‍ ഇപ്പോള്‍ അത് ഒരു നിക്ഷേപവസ്തുവാണ് മുകളില്‍ പറഞ്ഞ ഒരു കാര്യങ്ങളും ഉദ്ദേശിക്കാതെ ഉടമപ്പെടുത്തിയാലും സകാത്ത് നിര്‍ബന്ധമില്ല.
ഇനി ഉദ്ദേശവും വെക്കാതെ താനറിയുക പോലും ചെയ്യാതെ തന്‍റെ ഉടമസ്ഥതയിലേക്ക് സ്വര്‍ണ്ണാഭരണം വരുന്നു. ഇവിടെ ഒരു വര്‍ഷം പിന്നിടുന്നതോടെ സകാത്ത് നിര്‍ബന്ധമാകും. ഉദാഹരണമായി അനന്തരവകാശ സ്വത്തായി തന്‍റെ ഉടമസ്ഥതയിലേക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ എത്തുന്നു. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്വര്‍ണ്ണം വെളളി എന്നിവയില്‍ സകാത്ത് നിര്‍ബന്ധമാകാന്‍ വര്‍ഷം മുഴുവന്‍ നിശ്ചിത കണക്ക്(നിസാബ്) തികഞ്ഞിരിക്കണമെന്നുണ്ട്. വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും അതില്‍ കുറവു സംഭവിച്ചിട്ടുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമില്ല.
സ്വര്‍ണ്ണം, വെളളി എന്നിവയുടെ സകാത്തില്‍ അവകള്‍ തന്നെയാണ് സകാത്തായി നല്‍കേണ്ടത്. വില നല്‍കിയാല്‍ മതിയാകുന്നതല്ല. കച്ചവടത്തില്‍ മാത്രമേ വിലനല്‍കാന്‍ പാടുളളു. ചുരുക്കത്തില്‍ ഇസ്ലാമിന്‍റെ മറ്റേത് കര്‍മ്മ നിയമങ്ങളെയും പോലെ സകാത്തിന്‍റെ കാര്യത്തിലും ചില ചട്ടക്കൂടുകളുണ്ട്. ആഭരണത്തിന്‍റെ കാര്യത്തിലാണെങ്കില്‍ സകാത്ത് നിര്‍ബന്ധമാകുന്ന അവസ്ഥകളും അല്ലാത്ത അവസ്ഥകളുമെല്ലാം പരിഗണിച്ച് വേണം സകാത്ത് ഉണ്ടോ, ഇല്ലേ എന്ന് പരിഗണിക്കാന്‍ സകാത്തും മറ്റു സല്‍കര്‍മ്മങ്ങളും മുറപ്രകാരം ചെയ്ത് സ്വര്‍ഗ്ഗം നേടുന്നവരില്‍ നാഥന്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
സൈനുദ്ദീന്‍ സിദ്ദീഖി ആലപ്പുഴ

Write a comment