തരീമിലെ റമളാന്‍ വിശേഷങ്ങള്‍

 

നുസ്റത്തില്‍ നടന്ന അജ്മീര്‍ ഉറൂസില്‍ ഇബ്റാഹീം ബാഖവി മേല്‍മുറി ഹൃദ്യമായ ഭാഷയില്‍ അവതരിപ്പിച്ച യമന്‍ അനുഭവങ്ങള്‍ കേട്ടതുമുതല്‍ എന്‍റെ മനസ്സ് ഹളറമൗത്തിന്‍റെ മാനത്ത് വട്ടമിടാന്‍ തുടങ്ങിയിരുന്നു. തന്‍റെ ഉല്‍ക്കടമായ ആഗ്രഹത്തിന് ബഹുവന്ദ്യഗുരു ആറ്റുപുറം അലി ഉസ്താദ് പച്ചക്കൊടി വീശിയതോടെ നിനവിലും കനവിലും തരീം തന്നെയായിരുന്നു. വിവരമറിഞ്ഞ് സുഹൃത്ത് ശിഹാബുദ്ധീന്‍ നുസ്രി ദാറുല്‍ മുസ്തഫയില്‍ നിന്നും അയച്ച സന്ദേശങ്ങളില്‍ ബോള്‍ഡായി കിടന്നിരുന്ന സാധിക്കുമെങ്കില്‍ നീ റമളാനിന് മുന്‍പ് തന്നെ വരണം. ഇവിടുത്തെ റമളാന്‍ ഒന്ന് അനുഭവിക്കേണ്ടതുതന്നെയാ എന്ന വാചകം എന്‍റെ ആവേശത്തിന് തീവ്രതകൂട്ടി. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്‍റെ സവിധത്തില്‍ നിന്നും അറിവും ആത്മീയതയും ആര്‍ജ്ജിച്ചെടുക്കാന്‍ നേരത്തെ ഭാഗ്യം ലഭിച്ച അബ്ദുസ്സമദ് സഖാഫി മേല്‍മുറിയുടെ അശ്രാന്ത പരിശ്രമത്തിന്‍റെ പരിണിതി എന്നോണം സയ്യിദ് ഖാസിം വെട്ടിച്ചിറയുടെ നേത്യത്വത്തില്‍ റമളാന്‍ നാലിന് ഞങ്ങള്‍ യമനിന്‍റെ തലസ്ഥാന നഗരിയായ സ്വന്‍ആഇല്‍ ലാന്‍ഡ് ചെയ്തു.
സ്വന്‍ആഅ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ഞങ്ങള്‍ ആദ്യം നീങ്ങിയത് സമീപത്തുള്ള ദാറുല്‍ മുസ്തഫയുടെ ഓഫ് കേമ്പസായ രിബാത്തുസ്വഫയിലേക്കാണ്. അവിടെ ഒരു ദിവസം തങ്ങിയതിന് ശേഷം നീണ്ട പന്ത്രണ്ട് മണിക്കൂര്‍ യാത്രക്കൊടുവില്‍ യമനിലെ തെക്കന്‍ സമസ്ഥാനമായ ഹളറമൗത്തിന്‍റെ ആത്മീയ ചൈതന്യത്തിന്‍റെ പ്രഭവ കേന്ദ്രമായ തരീമിന്‍റെ മണ്ണില്‍ ഞങ്ങള്‍ കാലുകുത്തി. ഇസ്ഹാഖ് മൂന്നിയൂരിന്‍റെ നേത്യത്വത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഊഷ്മള സ്വീകരണം ഏറ്റുവാങി പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ സ്ഥാപിച്ച ദാറുല്‍ മുസ്തഫ എന്ന ആഗോള വൈജ്ഞാനിക ആത്മീയ കേന്ദ്രത്തിന്‍െ പ്രധാന കവാടം കടന്നതോടെ ജീവിതയാത്രയില്‍ അറിവുകളുടെയും അനുഭവങ്ങളുടെയും പുതിയ കലവറകള്‍ തുറക്കപ്പെടുകയായിരുന്നു. അതില്‍ ഏറെ പ്രശോഭിച്ചു നില്‍ക്കുന്നതാണ് അവിടുത്തെ റമളാന്‍ പകലിരവുകള്‍.
യമനിലെ നോമ്പുകാലം പൊടുന്നനെ പൊട്ടി വീഴുന്നതല്ല. റജബ് മുതല്‍ തുടങ്ങുന്ന പ്രാര്‍ത്ഥനകള്‍ക്ക് പുറമെ ആളുകള്‍ കൂടുന്നിടത്തൊക്കെ റമളാനെ കുറിച്ചുള്ള പാട്ടുകള്‍ കേള്‍ക്കും. ഹ്രസ്വ ഉപദേശങ്ങള്‍ കേള്‍ക്കും. യമനികള്‍ പുണ്യങ്ങളുടെ പൂക്കാലത്തെ അക്ഷമരായി കാത്തുനില്‍ക്കും. മൂന്ന് മാസം തുടര്‍ച്ചയായി നോമ്പെടുക്കുന്നവര്‍ ഏറെയുണ്ട്. റമളാനിലെ പ്രത്യേക പ്രാര്‍ത്ഥനകളും ദിനേനെയുള്ള മറ്റു ദികുറകളുമൊക്കെ ഉള്‍കൊള്ളിച്ച് ചെറുപുസ്തകങ്ങള്‍ പുറത്തിറങ്ങും. റമളാന്‍റെ തുടക്കവും ഒടുക്കവും യമനികള്‍ക്ക് അനര്‍ഘമായ സന്ദര്‍ഭങ്ങളാണ്. പരിശുദ്ധറമളാനിലെ ഏറ്റവും പുണ്യമുള്ള ഈ രണ്ട് മുഹൂര്‍ത്തങ്ങള്‍ നമുക്ക് അങ്ങാടി നേരങ്ങളാണ്.
യമനില്‍ നോമ്പുകാലത്ത് പകല്‍ നല്ല ചൂടനുഭവപ്പെടുക സാധാരണയാണ്. ഇവടുത്തുകാരുടെ ജീവിത ക്രമം തന്നെ ആകെ വ്യത്യാസപ്പെടുകയും ചെയ്യും. ജോലി രാത്രിയാകും. കര്‍ഷകര്‍ പകല്‍ പണിസമയം കുറക്കും. ഉച്ചവരെ വിശ്രമമാണ്. രാത്രിവൈകും വരെ ആരാധനകളില്‍ മുഴുകുന്നവരാകും അധികമാളുകളും. റമളാനിലെ രാത്രി നിസ്കാരങ്ങള്‍ യമനികള്‍ക്ക് വല്ലാത്ത ആവേശമാണ്. ഓരോപള്ളികളിലും വ്യത്യസ്ത സമയങ്ങളിലാകും തറാവീഹ്. ഒരുസ്ഥലത്തേത് കഴിഞ്ഞാല്‍ മറ്റൊരിടത്ത്. അങ്ങനെ അഞ്ച് തറാവീഹുകളിലൊക്കെ കൂടി സായൂജ്യരാവുന്ന ആളുകള്‍ പോലുമുണ്ട്. തരീമിലെ ആദ്യ ദര്‍സായ രിബാത്തു തരീമിലെ പ്രധാന മുദരിസ്സായിരുന്ന ശാത്വീരി കുടുംബത്തിലെ ഒരു പ്രമുഖ ആലിം ഇങ്ങനെ രാത്രി അഞ്ച് തവണ തറാവീഹ് നിസ്കരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. തറാവീഹുകള്‍ക്ക് ശേഷം മൗലിദ് പാരായണങ്ങളുണ്ടാകും ചീരണിയായി കഹ്വയും പച്ചവെള്ളവും മാത്രമാണുണ്ടാവുക. എന്നിട്ടും ആളുകള്‍ തടിച്ചുകൂടും. മൗലിദുകള്‍ തീര്‍ന്നാല്‍ വിത്രിയ്യ ഖാഫിയ്യ ഫസാസിയ്യ തുടങ്ങിയ കാവ്യങ്ങള്‍ ചൊല്ലി ധന്യരായിട്ടാണ് എല്ലാവരും പള്ളിവിടുക.
ദാറുല്‍ മുസ്തഫയിലെ റമളാന്‍ കാലം നല്ല ചിട്ടകളുടേതാണ്. അതുകൊണ്ട് തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റമളാനിലെ പത്തും ഇരുപതും ദിവസങ്ങളൊക്കെ ഇവിടെ ചിലവഴിക്കാന്‍ വരുന്നവര്‍ ഏറെയാണ്. ആത്മീയ ആനന്ദത്തിന്‍റെ ഒരു നോമ്പുകാലം നമ്മുടെ കണക്ക് പുസ്തകത്തിലെഴുതി ചേര്‍ക്കാമല്ലൊ. അനക്കവും അടക്കവും ആരാധനയാകുന്ന ഭക്തി നിര്‍ഭരമായ അന്തരീക്ഷമാണവിടെ തളം കെട്ടിക്കാണുക.
മഗ്രിബിന് ഇരുപത് മിനുട്ട് മുന്‍പ് എല്ലാവരും ദാറുല്‍ മുസ്തഫയുടെ മുറ്റത്ത് വന്ന് ചേരും. അവിടെയാണ് നോമ്പുതുറ ഏര്‍പ്പാടുകള്‍. അനവധി ആളുകളുണ്ടാകും. മുതഅല്ലീമീങ്ങളും നാട്ടുകാരും ദൗറക്കെത്തിയവരുമൊക്കെ അവിടെ ഒരുമിച്ചുകൂടി വിര്‍ദുല്ലത്വീഫ് ചൊല്ലും. വിവിധ ഇനം കാരക്കകളുണ്ടാകും മുന്‍പില്‍. ഒന്നെടുത്ത് സുന്നത്തുകള്‍ പാലിച്ച് നോമ്പുതുറന്നാല്‍ ഉടനെ ഒരാള്‍ ഉച്ചത്തില്‍ ഒരു പ്രാര്‍ത്ഥന ചൊല്ലും. എല്ലാവരും അതേറ്റുചൊല്ലും. പിന്നെയാണ് നോമ്പുതുറ പൂര്‍ത്തിയാക്കുക. സമൂസപോലുള്ള ലഘുവായ എന്തങ്കിലും മാത്രമേ ഉണ്ടാകൂ. പിന്നെ നിസ്കാരത്തിനുള്ള തയ്യാറെടുപ്പുകളാണ്. അതിനു മുന്‍പ് ഹബീബ് ഉമറിന്‍റെ പാത്രത്തിന് വേണ്ടി ആളുകള്‍ തിക്കിത്തിരക്കും. വദേശ ആതിഥികള്‍ക്കും ദൗറക്കെത്തിയവര്‍ക്കും ഒപ്പം നോമ്പുതുറക്കുന്ന ഹബീബ് ഉമറിന്‍റെ പാത്രത്തിലെ ബറക്കത്തിന് വേണ്ടിയുള്ള ഈ തിക്കും തിരക്കും ഇവിടുത്തെ നോമ്പുതുറക്കാഴ്ച്ചകളുടെ ഒരുപ്രധാന ഇനം പോലെയാണ്. ഒരാള്‍ അത് കൈവശപ്പെടുത്തിയാല്‍ അടുത്ത ആള്‍ക്കു കൂടി തീര്‍ച്ചയായും അത് ഉറപ്പ് വരുത്തും. അങ്ങനെ ഒരു പത്താളെങ്കിലും ഒരു മുറുക്ക് വെള്ളമോ കാരക്കയോ രുചിക്കും. തനിക്കുള്ളതെന്തും കൂട്ടുകാരനും കൂടിയുള്ളതാണെന്ന ഈ ബോധം എത്ര സുന്ദരമായാണ് വിശ്വാസികള്‍ക്കിടയില്‍ പച്ചപിടിച്ചു നില്‍ക്കുന്നത്.
നിസ്കാരത്തിന് തയ്യാറാകാനുള്ള ഒരറിയിപ്പുപോലെ ഒരാള്‍ സുബ്ഹാനല്ലാഹ് എന്ന് നീട്ടിവിളിക്കും. ഇഖാമത്ത് കൂടിയാകുമ്പോള്‍ ഹബീബ് ഉമര്‍ മഹ്റാബിലേക്ക് കയറിവരും സാധാരണയില്‍ വീട്ടിലുള്ളഹബീബിനെ നിസ്കാരത്തിന് തയ്യാറായിട്ടുണ്ട് എന്നറിയിക്കാനുള്ള മാര്‍ഗമിതാണ്. അതുകേള്‍ക്കുമ്പോള്‍ ഹബീബ് ഉമര്‍ വീട്ടില്‍ നിന്ന് ഇറങ്ങിവരും. പടിവാതില്‍ക്കലെത്തിയാല്‍ ഇഖാമത്തിനുള്ള അറിയിപ്പുണ്ടാകും. ഇതാണ് പതിവുരീതി.
ഹബീബ് ഉമറിന്‍റെ പിറകില്‍ നിന്ന് നിസ്കരിക്കാനാവുന്നത് വളരെ വലിയൊരു ഭാഗ്യമാണ്. തക്ബീറുകള്‍ക്ക് എന്തെന്നില്ലാത്തൊരു കനമാണ്. മഹാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അര്‍ത്ഥം ശരിക്കും മനസ്സിലായിട്ടില്ലാത്തവര്‍ക്കു പോലും കരച്ചില്‍ വരും. അത്രക്ക് അഗാധ സ്പര്‍ശിയാണ് ആ ഭക്തി ജീവിതം. അവിടുത്തെ പ്രസംഗങ്ങള്‍ക്കും ശ്രോതാവിന്‍റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിവുണ്ട്.
മഗ്രിബ് നിസ്കാരം കഴിഞ്ഞ ഉടന്‍ സുന്നത്തും തസ്ബീഹ് നിസ്കാരവും അവ്വാബീന്‍ നിസ്കാരവുമെല്ലാമായി ഒരു നോമ്പു രാത്രിയെ കൂടി ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പ് ആരംഭിക്കുകായായി. പിന്നെ വിശാലമായ ഭക്ഷണമാണ്. കാര്യമായും മന്തിയാണ് വിഭവം. ആട്, കോഴി, മീന്‍ ഇങ്ങനെ എന്തെങ്കിലും മന്തി ഐറ്റം ഉണ്ടായിരിക്കും. അഞ്ചാളുകള്‍ക്ക് ഒരു തളികയിലാണ് ഭക്ഷണം. കൂടുതല്‍ കൈകള്‍ വന്നും പോയും ഇരിക്കുന്ന ഭക്ഷണത്തിന് ബറക്കത്ത് ഏറെയാണെന്ന് നബിവചനം. മുന്തിരിയോ ഓരോവീതം ഓറഞ്ചോ ആപ്പിളോ കൂടിയുണ്ടാകും.
വീടുകളിലും നോമ്പുതുറ സദസ്സുകളുണ്ടാകും. മൗലിദ് പാരായണവും ദിക്റുളും മറ്റുപാട്ടുകളുമൊക്കെയായി നല്ലൊരു അന്തരീക്ഷമായിരിക്കും അത്തരം വേദികളില്‍. മുതഅല്ലീമുകളെ ക്ഷണിക്കുക പതിവാണ്. അശാഅ് കഴിക്കാന്‍ വരണമെന്ന് ക്ഷണിച്ചാല്‍ നോമ്പുതുറയും ശേഷമുള്ള ഭക്ഷണവുമൊക്കെയാണ് സല്‍ക്കാരത്തിന് ഒരുക്കുക. അങ്ങനെ നീട്ടി നടത്താനാവാത്തവര്‍ തുറക്കാന്‍ മാത്രമായി വിളിക്കും. അവിടെയും ആളുകള്‍ പോകും. പരിപാടികളൊക്കെ പെരുന്നാള്‍ പോലെ തന്നെ നടത്തും. നോമ്പുകാലം തരീമുകാര്‍ക്ക് പെരുന്നാള്‍ ദിനങ്ങളാണെന്ന് അവര്‍ പറയുന്നത് കേള്‍ക്കാം. തെറ്റ് ചെയ്യാത്ത ദിവസങ്ങളെല്ലാം പെരുന്നാള്‍ ദിനങ്ങളാണെന്ന അലി (റ) വിന്‍റെ തിരുമൊഴിയാണ് അവലംബം. യമനില്‍ പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒരുപോലെ നോമ്പുതുറ സദസ്സുകള്‍ സംഘടിപ്പിക്കാം. മൗലിദ് നടത്താം. ചെലവുകള്‍ ലളിതമാണല്ലോ. മൗലിദ് സദസ്സുകളില്‍ കഹ്വയും പച്ചവെള്ളവും മാത്രമാണ് ചീരണിയായി ഉണ്ടാവുക. വലിയ സമ്പന്നരായ തങ്ങന്മാരുടെ വീട്ടില്‍ പോലും ഇങ്ങനെ തന്നെയായിരിക്കും. ഒരിക്കല്‍ അതിനെ പറ്റി ചോദിച്ചപ്പോഴാണ് അതിന്‍റെ പിന്നിലെ രഹസ്യം മനസ്സിലായത്. സുഭിക്ഷമായ ഭക്ഷണങ്ങള്‍ നിരത്തി കെങ്കേമമായി മൗലിദുകള്‍ നടത്താന്‍ തുടങ്ങിയാല്‍ പിന്നെ പാവങ്ങള്‍ക്ക് അത്തരമൊരു സദസ്സ് അചിന്തനീയമായി വരും. അങ്ങനെ വന്നാല്‍ മൗലിദ് സദസ്സുകള്‍ കുറഞ്ഞ് തുടങ്ങും. ലളിതമായി നടത്തുകായാണങ്കില്‍ എല്ലാവര്‍ക്കും സദസ്സുകളൊരുക്കുകയും ചെയ്യും.
തളികയില്‍ കൊണ്ടുവരുന്ന ഭക്ഷണം കൂട്ടത്തില്‍ വയ്സ്സുകൊണ്ട് മുതിര്‍ന്ന ആള്‍ ഉദ്ഘാടനം ചെയ്യും. അത്തരം കൂറെ നല്ലമര്യാദകളുടെ നാടാണ് യമന്‍. ഓരോരുത്തരും വിനയം കൊണ്ട് മറ്റേയാളെ തളിക ഉദ്ഘാടനം ചെയ്യാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. ഒടുവില്‍ വയസ്സു പറയിപ്പിക്കുന്ന സന്ദര്‍ഭം വരെയുണ്ടാകും. തര്‍ക്കം നീണ്ടാല്‍ കൂട്ടത്തില്‍ പണ്ഡിതനോ തങ്ങളോ ആയിരിക്കും തളിക ഉദ്ഘാടനം ചെയ്യുക. അശാഅ്(രാത്രിഭക്ഷണം) കഴിഞ്ഞാല്‍ അരമണിക്കൂറോളം വിശ്രമമാണ്. പിന്നെ പള്ളിയില്‍ ഹദ്ദാദ് റാത്തീബ് തുടങ്ങും. കൂടെ റാത്തീബു അത്വാസും ചൊല്ലും. 8.30 ന് ദാറുല്‍ മുസ്തഫയിലെ തറാവീഹ്. സമയമായാല്‍ സുബ്ഹാനല്ലാഹ് വിളിയുണ്ടാകും. നേരത്തെ തന്നെ ഉറപ്പിച്ചു വെച്ച സ്ഥലങ്ങളില്‍ ചെന്ന് ആളുകള്‍ സ്വഫ് കെട്ടും. മുന്‍ നിര സ്വഫുകളില്‍ ഇങ്ങനെ നേരത്തെ സ്ഥലം പിടിക്കാന്‍ കൊണ്ടുവന്നു വെക്കുന്ന ഷാളുകള്‍ നല്ല കാഴ്ച്ചയാണ്. പലവര്‍ണ്ണങ്ങളിലും ഡിസൈനിലുമുള്ള ഷാളുകള്‍ ഒരു പ്രത്യേക അലങ്കാരം പോലെ തോന്നിക്കും. ചെറുപ്പക്കാരുടെ ആവേശം ശ്രദ്ദേയമാണ്. രാത്രി നിസ്കാരങ്ങള്‍ക്കും മറ്റു പ്രാര്‍ത്ഥനാ പരിപാടികള്‍ക്കും പ്രായം ചെന്നവരേക്കാളും ഉന്മേശം അവര്‍ക്കാണ്. രണ്ടരമണിക്കാണ് ദാറുല്‍ മുസ്തഫയില്‍ അത്താഴം കഴിക്കാനിരിക്കുക. അതുകഴിഞ്ഞ് അരമണിക്കൂര് വിശ്രമമുണ്ട്. പിന്നെ വിത്റ് നിസ്കാരമാണ്. ഹബീബ് ഉമറിന്‍റെ പുത്രന്‍ സയ്യിദ് സാലിമിന്‍റെ നേതൃത്വത്തിലാണ് വിത്റ് നിസ്കാരം. സുബഹിക്ക് അരമണിക്കൂര്‍ മുന്‍പ് പ്രത്യേക ദികുറുള്‍ ആരംഭിക്കും. നിസ്കാരശേഷം മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ഹസ്തദാനം നടക്കും. എല്ലാവരും എല്ലാവരുടെയും കരം ഗ്രഹിച്ച് അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും കൈമാറും.
പിന്നെ തഫ്സീര്‍ ക്ലാസാണ്. എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ദര്‍സാണിത്. ഹബീബ് ഉമറിന്‍റെ ഭാഷണം കേള്‍ക്കാനുള്ള തിരക്ക് കാണാം. നാട്ടുകാര്‍ക്ക് പുറമെ വിദേശികളും ദൗറക്കെത്തിയവരുമൊക്കെ സാകൂതം ദര്‍സിലിരിക്കുന്നുണ്ടാകും. ദാറുല്‍ മുസ്തഫയില്‍ ആകെ അഞ്ഞൂറ് വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നതെങ്കിലും ഈ ദര്‍സി്ല്‍ രണ്ടായിരത്തില്‍ പരം ആളുകളുണ്ടാകും. ഇര്‍സുന്നബവി ചാനലില്‍ ഈ ക്ലാസ് തല്‍സമയം പ്രക്ഷേപണം ചെയ്യും.
സദാസമയവും ഖുര്‍ആന്‍ കൊണ്ട് ജീവിക്കുന്ന ആളാണ് ഹബീബ് ഉമര്‍. നീണ്ട ളുഹാ നിസ്കാരങ്ങള്‍. രണ്ടും മൂന്നും ആഴ്ച്ചകള്‍ കൊണ്ട് ളുഹാ നിസ്കാരത്തില്‍ തന്നെ ഖുര്‍ആന്‍ ഖത്മ് ചെയ്യും. കൂടാതെ മറ്റുപല നിസ്കാരങ്ങളിലും അല്ലാതെയുമായി ഖുര്‍ആന്‍ പാരായണം തന്നെയാണ് മഹാന്‍റെ ഹോബി എന്ന് തോന്നി. പ്രഭാഷണങ്ങളിലധികവും ഖുര്‍ആനായിരിക്കും. സ്വന്തം വാക്കുപോലെ ഖുര്‍ആന്‍ വചനങ്ങള്‍ ഒഴുകും. ഖുര്‍ആന്‍ കൊണ്ട് മാത്രം സംസാരിക്കുന്ന മഹാന്‍മാരുണ്ടായിരുന്ന നാടാണ് തരീം. അവരുടെ പിന്‍ഗാമിയാണ് ഹബീബ് ഉമറെന്ന് പലരും പറയാറുണ്ട്.
തഫ്സീര്‍ ദര്‍സ് കഴിഞ്ഞാല്‍ കണ്ണില്‍ ഉറക്കം വന്നുവീഴും. പിന്നെ കട്ടിലിലേക്കൊരു വീഴ്ചയാണ്. ഇന്നലെ മഗ്രിബിന് തുടങ്ങിയതല്ലേ.
പത്തരമണിക്കാണ് അടുത്ത ക്ലാസ്. ചെറിയ ചെറിയ ഹല്‍ഖകളായി തിരിഞ്ഞ് ഹദീസ് ദര്‍സാണ്. ഓരോ തൂണിന്‍റെയും ചാരെ ഓരോ ഉസ്താദുമാരും ഒരു ഹല്‍ഖയും. നല്ല ചര്‍ച്ചകളും സംവാദങ്ങളുമൊക്കെയായി ദര്‍സ് സജീവമായിരിക്കും. അതു കഴിഞ്ഞാല്‍ തരീമിലെ മുഫ്തിയായ ഹബീബ് അലി മശ്ഹൂറിന്‍റെ ഫിഖ്ഹ് ദര്‍സ്. ഇതും എല്ലാവരും പങ്കെടുക്കുന്ന വലിയ ദര്‍സാണ്. ളുഹ്റിന് ശേഷമുള്ള ഈ ദര്‍സ് കഴിഞ്ഞാല്‍ പിന്നെ ഖുര്‍ആന്‍ പാരായണം ചയ്യാനുള്ള സമയമാണ്. അഞ്ചോ ഏഴോ ആളുകള്‍ വട്ടത്തിലിരുന്നാണ് ഓത്ത്. ഒരാള്‍ ഓതുമ്പോള്‍ മറ്റുള്ളവര്‍ അത് ശ്രദ്ധിച്ച് കേള്‍ക്കും. തെറ്റുകള്‍ തിരുത്തും. പിന്നെ അടുത്തയാള്‍ ഓതും. ബാക്കിയുള്ളവര്‍ ശ്രദ്ധിച്ച് കേള്‍ക്കും. അസര്‍ നിസ്കാരം കഴിഞ്ഞാല്‍ റൗഹ എന്ന പേരിലുള്ള ഒരു ദര്‍സ് കൂടിയുണ്ട്. സൂറത്തുല്‍ വാഖിഅ പാരായണവും അതു കഴിഞ്ഞ് ഹിസ്ബുന്നസ്വറും, ഹിസ്ബു അബ്ഹറും ഓതിയിട്ടാണ് റൗഹയിലിരിക്കുക. റൗഹ എന്നാല്‍ വിശ്രമം എന്നാണ് അര്‍ത്ഥം. തസവ്വൂഫ് ആണ് പ്രതിപാദ്യം. റമളാനില്‍ അബൂത്വാലിബില്‍ മക്കിയുടെ ഖൂതുല്‍ ഖുലൂബാണ് ഓതുക. തിരുനബിയുടെ ജീവിതം മനോഹരമായി അവതരിപ്പിച്ചുകൊണ്ടാണ് റൗഹ മുന്നോട്ട് പോവുക. ആര്‍ക്കുമുണ്ടാവില്ല ക്ഷീണം. ആത്മാവിന് ഭക്ഷണം കൊടുക്കും പോലെയായിരിക്കും റൗഹയിലെ അനുഭവം. എല്ലാ ദിവസവും റൗഹ നടക്കും. ഇത് തരീമിന്‍റെ ശൈലിയാണ്. പണ്ഡിതരുടെ വീട്ടിലും പള്ളികളിലും മസാറുകളിലും റൗഹയുണ്ടാകും. ബാഅലവി ത്വരീഖത്തിലെ പ്രധാനികള്‍ റൗഹ തീരെ ഒഴിച്ച് നിര്‍ത്താറില്ലെന്ന് പിന്നീടറിഞ്ഞു. നോമ്പ് പതിനേഴിന്‍റെ രാവില്‍ ദാറുല്‍ മുസ്ത്വഫയില്‍ ഖത്മ് നടക്കും. തറാവീഹിലാണ് ഖത്മ്. അന്ന് പള്ളിയും കോളേജിന്‍റെ മുറ്റവും കടന്ന് അടുത്തുള്ള നിരത്തുവരെ ആള്‍തിരക്ക് അനുഭവപ്പെടും. തരീമിലെ ആകെ മുന്നൂറിലേറെ പള്ളികളുണ്ട്. അതില്‍ ദാറുല്‍ മുസ്ത്വഫയില്‍ മാത്രമാണ് പതിനേഴിന് ഖത്മ് തീര്‍ക്കുന്ന തറാവീഹുള്ളത്. നോമ്പ് ഇരുപത് കഴിഞ്ഞാല്‍ മറ്റു പ്രധാന പള്ളികളിലും ഖത്മ് ഉണ്ടാകും.
ബദ്രീങ്ങളുടെ ഓര്‍മ ദിനത്തില്‍ തരീമില്‍ വലിയ റാലി നടക്കും. പരിശുദ്ധ ദീനിന്‍റെ യശസ്സിനുവേണ്ടി പൊരുതിയ സ്വഹാബി വര്യരുടെ ഓര്‍മകളില്‍ തരീം പുളകിതമാകും. ബദ്രീങ്ങളുടെ മദ്ഹുകളുമായി എല്ലാവരും നാഥനോട് നന്ദി പറയും. അവരാണല്ലോ ദീനിനെ പടുത്തുയര്‍ത്തിയത്. ബദ്റിന്‍റെ വിജയത്തില്‍ ഏറെ സന്തോഷിക്കും. മുസ്ലിമായി ജനിക്കാനായതില്‍ അഭിമാനിക്കും.
മഖ്ബറ സിയാറത്തുകള്‍ കൂടുതല്‍ സജീവമാകുന്ന കാലമാണ് റമളാന്‍. റമളാനിനു മുന്നോടിയായി ദാറുല്‍ മുസ്ത്വഫയിലെ വിദ്യാര്‍ത്ഥികളും ഹള്റമൗത്ത് നിവാസികളും ഹൂദ് നബിയുടെ മഖ്ബറയിലേക്ക് സിയാറത്തിനായി നീങ്ങും. ശിഅബുന്നബി ഹൂദ് എന്ന സ്ഥലത്ത് മലമുകളിലാണ് ഖബ്റുള്ളത്. ഇതൊരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. യമനിലെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ച പൈതൃക കേന്ദ്രമാണിത്.
അതുപോലെ റമളാനിലെ ഒടുവിലത്തെ വെള്ളിയാഴ്ച ശൈഖ് അബൂബക്കര്‍ ബിന്‍ സാലിമിന്‍റെ മഖ്ബറ സന്ദര്‍ശിക്കും. വിശ്വവിഖ്യാതമായ താജുസ്സ്വലാത്തിന്‍റെ കര്‍ത്താവാണവര്‍ കൂടാതെ മറ്റനേകം മഖ്ബറകളും മസാറുകളും സന്ദര്‍ശിച്ച് റമളാനിന്‍റെ പകലിരവുകളെ ധന്യമാക്കാന്‍ തരീമുകാര്‍ ബദ്ധശ്രദ്ധരാണ്.

ഹിഷാം നുസ്രി കാവപ്പുര

Write a comment