Posted on

വാടക ഗര്‍ഭപാത്രം

ലോകത്ത് ഇന്ന് സര്‍വ്വവ്യാപകമായി കണ്ടുവരുന്ന ഗര്‍ഭധാരണ രീതിയാണ് വാടക ഗര്‍ഭപാത്രം. ഭാര്യമാരില്‍ കുഞ്ഞ് പിറക്കാത്തവരുടെയും പ്രസവം താല്പര്യമില്ലാത്തവരുടെയും അവസാന വഴിയായി ഇത് മാറിയിരിക്കുന്നു. പുരുഷന്‍റെ ബീജം ശാസ്ത്രീയമായി മറ്റൊരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് പ്രജനനം നടത്തുന്ന ഈ രീതി മതപരമായി ധാരാളം സങ്കീര്‍ണ്ണതകള്‍ ഉള്ളതാണെങ്കിലും കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ ഈ സാധ്യത മുന്‍കൂട്ടി കാണുകയും സുക്ഷ്മമായി കൈകാര്യം ചെയ്യുകയും ചെയ്തിട്ടുമുണ്ട്. പ്രഛന്നന രീതിയുടെ ഇസ്ലാമിക മാനമെന്ത്? കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആര്? കുഞ്ഞിന്‍റെ ചിലവ് വഹിക്കേണ്ടതാര്? ചര്‍ച്ച നടക്കേണ്ടതും പഠന വിധേയമാക്കേണ്ടതുമായ വിഷയങ്ങളാണ്. ഗര്‍ഭപാത്രം സമ്മാനിച്ച സ്ത്രീക്ക് കൂലി നല്‍കി പറഞ്ഞയക്കുകയും പെറ്റമ്മയാണെന്ന യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുകയും ചെയ്യുന്നത് ശരിയല്ല. ബീജ ധാതാവിന്‍റെ ഭാര്യയല്ല, പ്രസവിച്ചവളാണ് യഥാര്‍ത്ഥ ഉമ്മ. ബീജധാതാവിന്‍റെ ഭാര്യ കുട്ടിക്ക് മുല കൊടുക്കുകയാണെങ്കില്‍ മുലകുടി ബന്ധത്തിലൂടെയുള്ള ഉമ്മയായി മാറും. ബീജധാതാവായതുകൊണ്ട് മാത്രം ഭര്‍ത്താവ് പിതാവാകുന്നില്ല. പോറ്റുകുഞ്ഞായി അവനെ വളര്‍ത്താം. ഏതായാലും കുട്ടിയുടെ അനന്തര സ്വത്ത് ഈ രണ്ടു പേര്‍ക്കും അന്യമാണ്.
അനന്തരം, വിലായത്ത് ,തറവാട് തുടങ്ങിയവ ഉടമസ്ഥതയിലാകാന്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ പരസ്പരം ശാരീരിക ബന്ധത്തിലേര്‍പ്പെടുക തന്നെ വേണം എന്ന ശാഠ്യം ഇസ്ലാമിലില്ല. പവിത്രതയോടുകൂടെ പുരുഷബീജം പവിത്രമായി തന്നെ സ്വന്തം ഭാര്യയുടെ ഗര്‍ഭാശയത്തിലെത്തി കുഞ്ഞു പിറന്നാല്‍ അവന്‍ തറവാട്ടില്‍ പിറന്നവന്‍ തന്നെ. എല്ലാ ബന്ധങ്ങളും അവകാശങ്ങളും അവന് വകവെച്ച് കൊടുക്കുക തന്നെ വേണം.
പുരുഷന്‍ തന്‍റെ ബീജം ബീജബാങ്കുകളിലോ അന്യ സ്ത്രീകളിലോ നിക്ഷേപിക്കാന്‍ വേണ്ടി പുറത്തെടുക്കുന്നത് നിഷിദ്ധമാണ്. സ്വയംഭോഗം അനുവദിക്കാത്ത ശാഫിഈ മദ്ഹബുകാരന്‍ ഭാര്യയുടെ കൈ കൊണ്ടല്ലാതെ മനിയ്യ് പുറത്തെടുക്കുന്നതും അതിന്‍റെ പവിത്രതക്ക് വിഘ്നം വരുത്തും. നിഷിദ്ധമായ രീതിയിലൂടെ ബീജം ഭാര്യയില്‍ നിക്ഷേപിച്ച് കുഞ്ഞു പിറന്നാലും കുട്ടിക്ക് പിതാവ് നഷ്ടപ്പെടും. എന്നാല്‍ ഭാര്യയുടെ കൈ കൊണ്ട് പുറത്തെടുക്കുന്ന ബീജത്തിന് ബഹുമതിയുണ്ട്. ഭാര്യയില്‍ നിക്ഷേപിക്കുമ്പോള്‍ ഈ പവിത്രത നിലനില്‍ക്കണമെങ്കില്‍ ഭാര്യ-ഭര്‍തൃ ബന്ധം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. നിക്ഷേപത്തിന് മുമ്പ് ഭര്‍ത്താവ് മരിക്കുകയോ മൊഴി ചെല്ലുകയോ ചെയ്താല്‍ പവിത്രത നഷ്ടപ്പെടുമെന്ന് ചുരക്കം.എന്നാല്‍ സ്വന്തം ഭര്‍ത്താവിന്‍റെ ബീജമാണെന്ന് തെറ്റിദ്ധരിച്ച് അന്യപുരുഷന്‍റെ ബീജം കയറ്റിയാല്‍ ബീജത്തിന്‍റെ ഉടമ പിതാവാണ്. സയ്യിദിന്‍റെ ബീജം അടിമ സ്ത്രീ തന്‍റെ ഗര്‍ഭാശയത്തില്‍ നിക്ഷേപിക്കുന്നത് ശര്‍ഇല്‍ തെറ്റില്ലെങ്കിലും കുട്ടിക്ക് പിതാവ് ഉണ്ടാകില്ല. ശര്‍അ് അനുവദിക്കാത്ത രീതികളില്‍ ബീജം നിക്ഷേപിക്കുന്നവര്‍ വ്യഭിചാരികളെപ്പോലെ ജാരസന്തതികളെ ഉത്പാദിപ്പിക്കുകയും അതിന്‍റെ പാപ ഭാരം ചുമക്കേണ്ടി വരുന്ന തുമാണ്.
ശുക്ലം പുറത്തെടുക്കുമ്പോഴോ നിക്ഷേപിക്കുമ്പോയോ പവിത്രതക്ക് കോട്ടം വന്നാല്‍ കുട്ടിയെ പ്രസവിച്ചു എന്ന പരിഗണനയില്‍ പ്രസവിച്ചവള്‍ ഉമ്മയാണ്. പക്ഷെ പിതാവ് നഷ്ടപ്പെട്ട ജന്മമായിരിക്കുമത്. അന്യ സ്ത്രീ ബീജം നിക്ഷേപിച്ച് പ്രജനനം നടത്തുമ്പോള്‍ ബീജത്തിന്‍റെ ഉടമ ഏതായാലും പിതാവല്ല. എന്നാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവ് കുട്ടിയുടെ പിതാവ് ആകുമോ എന്നത് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്. ഭാര്യ പ്രസവിച്ച് തന്‍റേതല്ലെന്ന് ഉറപ്പുള്ള കുട്ടി ശര്‍ഇന്‍റെ പ്രത്യക്ഷ വിക്ഷണപ്രകാരം അവനിലേക്ക് ചേര്‍ക്കുമെങ്കില്‍ ആ കുഞ്ഞിനെ നിക്ഷേധിക്കല്‍ ഭര്‍ത്താവിന് നിര്‍ബന്ധമാണ്. സ്വന്തം കുഞ്ഞിനെ നിക്ഷേധിക്കുന്നതിന് തുല്യമാണ് തന്‍േതല്ലാത്തവരെ തന്നിലേക്ക് ചേര്‍ക്കുന്നതുമെന്നതിനാലാണിത്. വിവാഹം കഴിഞ്ഞ് ആറു മാസത്തിനു ശേഷം ജനിക്കുന്ന കുഞ്ഞ് ശര്‍ഇന്‍റെ പ്രത്യക്ഷ വീക്ഷണ പ്രകാരം അവന്‍റെ കുട്ടിയാണ്. എന്നാല്‍ സംയോഗം കഴിഞ്ഞ് ആറു മാസത്തിനു മുമ്പ് നാല് വര്‍ഷത്തിനു ശേഷമോ കുഞ്ഞ് പിറന്നാല്‍ തന്‍റേതല്ലെന്ന് ഭര്‍ത്താവിന് ഉറപ്പിക്കാം (തുഹ്ഫ 8/314). ഇത്തരം കുട്ടികളെ നിഷേധിക്കല്‍ നിര്‍ബന്ധമാണ്. ശരിയായ ലിആനിലൂടെ മാത്രമേ കുട്ടി തന്‍റേതല്ലാതായി മാറുന്നുള്ളൂ. കുട്ടിയെ നിരോധിക്കാത്ത കാലമത്രയും ഇവന്‍ പിതാവ് തന്നെ. തന്‍റെ ഗര്‍ഭം ധാരണം ശുബ്അത്തിന്‍റെ വത്ഇലൂടെയാണെന്നോ അന്യ പുരുഷന്‍റെ ബീജം നിക്ഷേപിച്ചു കൊണ്ടാണെന്നോ കുട്ടിയുടെ ഉമ്മ പറഞ്ഞാലും അത് പരിഗണിക്കില്ല. ശര്‍ഇന്‍റെ പ്രത്യക്ഷ വീക്ഷണത്തില്‍ പോലും തന്‍റേതാകാന്‍ ഒരു സാധ്യതയുമില്ലാത്ത കുഞ്ഞിനെ നിക്ഷേധിക്കേണ്ടതില്ല. ആ കുട്ടി ഇവരിലേക്ക് ചേര്‍ക്കപ്പെടുയില്ല എന്നതാണ് ഇതിനു കാരണം.
മുബാറക്ക് പുതുപൊന്നാനി

Write a comment