യൂണിറ്റി ഈസ് സ്ട്രെങ്ത്. എന്ന ആപ്തവാക്യത്തെ ‘ഐക്യമത്വം മഹാബലം’ എന്ന് പരിഭാഷപ്പെടുത്താം. ഇത് കേരളജനത മനസ്സിലാക്കിയതിന്‍റെ ഉദാഹരണമാണ് സംസ്ഥാനം നേരിട്ട പ്രളയം. മനുഷ്യജീവിതത്തിന്‍റെ അടിവേര് തളച്ചിട്ട പ്രളയദുരന്തത്തെ ‘കേരളം അതിജയിക്കും’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ അതിജീവനത്തിന്‍റെ പുതിയ പാതകള്‍ തേടിക്കൊണ്ടിരിക്കുകയാണ് കേരളമിപ്പോള്‍.
സ്വാര്‍ത്ഥതയും തന്‍മയത്വവും മാത്രം ഉടമയായിരുന്ന കേരളീയന്‍ എന്ന ആക്ഷേപം പ്രളയത്തിന് മുമ്പ് വരെ വസ്തുതാപരമായിരിക്കാം. അയല്‍വാസിയുടെ മേല്‍വിലാസം അറിയാതെ ലക്ഷ്വറി വീട്ടില്‍ കഴിയുന്നവനും ഉയര്‍ന്ന മതില്‍ കെട്ടുക്കള്‍ നിര്‍മ്മിച്ച് അയല്‍പക്ക ബന്ധം വിച്ഛേദിക്കുന്നവനും ദരിദ്രരെ ആട്ടിയകറ്റുന്നവനും ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കലഹിക്കുന്നവനുമാണ് കേരളീയന്‍ എന്നിങ്ങനെ എണ്ണിയാലൊതുങ്ങാത്ത അധിക്ഷേപങ്ങള്‍. പക്ഷേ, പ്രളയാനന്തര ഐക്യം നമ്മുടെ സകല ദുഷ്പേരുകളേയും ഇല്ലാതാക്കി, വെറുമൊരു പ്രളയമെന്ന് വിശേഷിപ്പിക്കുന്നതിനേക്കാളും നല്ലത് മനസ്സിലെ നന്മകൊണ്ട് മലയാളി അതിജയിച്ച പ്രളയം എന്നു പറയലാകും. വന്‍ദുരന്തങ്ങള്‍ വെറും കേട്ടുകേള്‍വി മാത്രമായിരുന്നു മലയാളിക്ക.് ഇത്തരത്തിലൊരു വെല്ലുവിളിയെ എങ്ങനെ നേരിടണമെന്ന ഒരു മുന്‍വിചാരം പോലുമില്ല. എന്നിട്ടും അതിജീവനത്തിനായി കേരളീയര്‍ ഒന്നടങ്കം കിണഞ്ഞു പരിശ്രമിച്ചത് പ്രളയത്തെക്കാള്‍ വലിയ ചരിത്രമായി മാറി. നന്മയുടെ മഹാപ്രളയം കൊണ്ട് ഈ പ്രളയത്തെ പരാജയപ്പെടുത്തുകയായിരുന്നു നമ്മള്‍. ജലം ഒഴുകിയതിനേക്കാള്‍ വേഗത്തില്‍ മലയാളിയുടെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഒഴുകി. ആ ഒഴുക്കാണ് ഈ അതിജീവനത്താല്‍ മറുനാട്ടുകാര്‍ക്ക് വിസ്മയ കാഴ്ച്ച ഒരുക്കിയത്.
വാക്കില്‍ ഒതുങ്ങാത്ത മുദ്രാവാക്യം
മലനാടും ഇടനാടും വെള്ളത്തില്‍ മുങ്ങി നിത്യജീവിതം തകര്‍ന്നടിയുമ്പോഴും, കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിലില്‍ ദൈവത്തിന്‍റെ സ്വന്തം നാട് ഇനി അവശേഷിക്കുമോ എന്ന ഭയത്തിലാകുമ്പോഴും നാം ഒന്നിച്ചെടുത്ത തീരുമാനങ്ങള്‍ കണ്ട് മഴ പോലും മടങ്ങുകയായിരുന്നു. കുട്ടികള്‍, പ്രായം ചെന്നവര്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍, നാട്ടിലുള്ളവര്‍, പ്രവാസികള്‍ തുടങ്ങി സമൂഹത്തിന്‍റെ എല്ലാ മേഖലകളിലുമുള്ള മലയാളി മനസ്സുകള്‍ ഒത്തൊരുമിച്ച് ജീവിതത്തെ കരകയറ്റുന്നതാണ് നാം കണ്ടത്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഇതര മതസ്ഥനെന്നോ ഒന്നും തന്നെ വേര്‍തിരിക്കാതെ പരസ്പരം സഹകരിച്ചും അന്തിയുറങ്ങാന്‍ സൗകര്യമൊരുക്കിയും, ഉറക്കമൊഴിച്ച് തന്‍റെ സഹോദരങ്ങള്‍ക്ക് വേണ്ടി മലയാളി മനസ്സുകള്‍ പ്രയത്നിച്ചപ്പോള്‍ ‘കേരളം അതിജയിക്കും’ എന്ന മുദ്രാവാക്യം വെറും വാക്കിലൊതുങ്ങാതെ പ്രവര്‍ത്തിയില്‍ യാഥാര്‍ത്ഥ്യമായി. മലയാളിപ്പെരുമ പ്രാചീന വായനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല, അത് ഇന്നും മലയാളി മനസ്സില്‍ തുടിപ്പായുണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍. വിവിധ നാടുകളില്‍ നിന്ന് കൂട്ടങ്ങളായി യുവാക്കളും, കൗമാരക്കാരും സന്നദ്ധ പ്രവര്‍ത്തനത്തിന് ഒത്തൊരുമിച്ചപ്പോള്‍ ജലപ്രളയം നന്മയുടെ പ്രളയത്തിന് മുമ്പില്‍ ഒതുങ്ങി നിന്നു. യുവാക്കള്‍ക്കൊപ്പം സര്‍ക്കാരും, കടലിന്‍റെ മക്കളും, മാധ്യമങ്ങളും, സന്നദ്ധ സംഘടനകളും വിദ്യാര്‍ത്ഥികളും ഒത്തൊരുമിച്ചപ്പോള്‍ അതിജീവന വഴികള്‍ എളുപ്പത്തില്‍ വിജയം കാണുകയായിരുന്നു.
ഇത്തരം അവസരങ്ങളില്‍ അധികാരികള്‍ നോക്കുകുത്തികളായി നില്‍ക്കുന്ന കാഴ്ച്ചകള്‍ നാം കണ്ടിട്ടുണ്ട്. പ്രളയ ദുരിതത്തിലാണ്ട കേരളജനതയെ കച്ച മുറുക്കി രക്ഷയിലേക്ക് നയിച്ച അധികാരികളെ പ്രശംസിക്കേണ്ടതുണ്ട്. സര്‍വ്വരും ഈ മലയാളി പെരുമയുടെ വിത്തുകളാണെന്ന രീതിയിലായിരുന്നു ചെങ്ങന്നൂര്‍ അടക്കമുള്ള വിവിധ പ്രളയബാധിത പ്രദേശങ്ങളിലെ എം. എല്‍. എമാരും രാഷ്ട്രീയ നേതാക്കന്മാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അധികാരികളുടെ നിര്‍വ്വഹണങ്ങള്‍ വലിയ സ്വാധീനമാണ് പൊതുജനങ്ങളില്‍ ചെലുത്തിയത്. സമചിത്തതയോടെ മുഖ്യമന്ത്രി ഇതിനെ നേരിട്ടു എന്നതില്‍ എതിരഭിപ്രായമില്ല. അതിനു പുറമെ സര്‍ക്കാര്‍ വകുപ്പുകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും സജ്ജമാക്കുന്നതിലും, തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ കൃത്യമായ നീരീക്ഷണങ്ങളും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും അതീവ ശ്രദ്ധ കാണിച്ച അധികാരികളുടെ കൈത്താങ്ങുകളാണ് ആശ്വാസത്തിന്‍റെ വഴികള്‍ തെളിയിച്ചത്. ന്യൂജെന്‍ തലമുറ ദുരിതാശ്വാസത്തിനായി വിവിധ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചത്. പലരും സന്നദ്ധ സംഘടനകളുമായി സഹകരിച്ചും നവമാധ്യമങ്ങളുപയോഗിച്ചും ദുരിതാശ്വാസ നിധി സംഘടിപ്പിച്ചും ക്യാമ്പുകളിലേക്കുള്ള ഭക്ഷണങ്ങളും വസ്ത്രങ്ങളും ആവശ്യവസ്തുക്കളും എത്തിക്കാനുമായി അതീവ പരിശ്രമങ്ങള്‍ നടത്തി. അതിനിടയില്‍ കേരളത്തെ അധിക്ഷേപിച്ചവരെ ട്രോളുന്നത് അവര്‍ ചെയ്ത ധര്‍മ്മമായിരുന്നു. ജനമനസ്സുകള്‍ വിലയിരുത്തി, റോഡുകള്‍ നിയന്ത്രിക്കുന്നതിലും രക്ഷാകവചങ്ങള്‍ ഒരുക്കുന്നതിലും വീട് വൃത്തിയാക്കി കൊടുക്കുന്നതിലും മറ്റു സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിലുമുള്ള അവരുടെ ആവേശം മലയാളികള്‍ക്ക് പുതുജീവിതത്തിലേക്ക് പുത്തനുണര്‍വേകി.
സന്തോഷച്ചിരിയടങ്ങാത്ത ദുരിതാശ്വാസ ക്യാമ്പുകള്‍
പ്രളയജലത്തിന്‍റെ ഒഴുക്കില്‍ എല്ലാം നഷ്ടപ്പെട്ട് കൈ മലര്‍ത്തിയാണ് പലരും ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. നാല് കെട്ടുകള്‍ക്കുള്ളില്‍ സ്വാര്‍ത്ഥമായി ജീവിച്ചിരുന്ന മലയാളിക്ക് ക്യാമ്പ് ജീവിതത്തെ പറ്റി ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. പക്ഷേ, ക്യാമ്പില്‍ അവരെ കാത്തിരുന്നത് സ്നേഹവും സൗഹൃദവും ഐക്യവും നിറഞ്ഞ ജീവിത സാഹചര്യമായിരുന്നു. പ്രളയം വരുത്തിയ നോവുകള്‍ പലരുടെയും മുഖത്ത് നിന്ന് മറഞ്ഞ സ്ഥിതിയായിരുന്നു. എന്തിനധികം, നിത്യജീവിതത്തിന് അത്യാവശ്യമായതെല്ലാം ക്യാമ്പില്‍ സുലഭം. അതിനു പുറമെ, മലയാളി കുടുംബങ്ങള്‍ ഒത്തൊരുമിച്ച ഒരിടമായി ക്യാമ്പ് മാറിയിരിക്കുകയായിരുന്നു.
4ഏ ക്കാരും തീര പ്രദേശക്കാരും
കുത്തിയൊഴുകുന്ന പ്രളയ ജലത്തിലൂടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ അഭ്യസ്ഥ വിദ്യര്‍ക്ക് പോലും കഷ്ടമായിരുന്നു. ദേശീയ സുരക്ഷാ സേനകള്‍ പോലും വെള്ളത്തിന്‍റെ ഒഴുക്കില്‍ ഒന്ന് പേടിച്ചു. ഗതി മനസ്സിലാക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു ദേശിയ സൈന്യത്തിന് മുമ്പില്‍. അവിടെയാണ് കടലിന്‍റെ മക്കള്‍ കൈത്താങ്ങുമായി എത്തിയത്. നമുക്ക് പ്രളയം കേട്ടുകേള്‍വിയാണെങ്കിലും അവര്‍ക്കത് നിത്യമായിരുന്നു. ഓഖി ദുരന്തത്തിന്‍റെ പ്രത്യാഘാതം നിഴലിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സഹോദരരെ വെള്ളത്തില്‍ മുങ്ങി മുതുക് വിരിച്ചും വള്ളങ്ങള്‍ നിരത്തിയും മറ്റു സഹായങ്ങള്‍ ചെയ്തും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു അവര്‍.
വിവിധ ക്യാമ്പുകളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന നിരവധി പരിപാടികള്‍ പ്രതീക്ഷയറ്റ നിരവധിയാളുകള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സഹായകമായി. ക്യാമ്പുകളിലെ ഒത്തൊരുമിച്ചുള്ള പെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ ഒത്തൊരുമ മാനസികപരമായി ഉള്‍ക്കൊള്ളുന്നതിനും ക്യാമ്പ് ജീവിതത്തിന് മാറ്റ് കൂട്ടാനും കാരണമായി. ക്യാമ്പിലെ നിരന്തരമായ ഉപദേശങ്ങളും ആശ്വാസ വാക്കുകളും യുവാക്കളുടെ സഹകരണങ്ങളും ക്യാമ്പ് ജീവിതത്തിലെ സന്തോഷങ്ങള്‍ക്ക് പകിട്ടു നല്‍കി.
ഐക്യപ്പെടുക, അതിജീവിക്കുക
ഐക്യത്തിന്‍റെയും ഒത്തൊരുമയുടെയും ഫലമാണ് കേരളത്തിന് അതിജീവനത്തിന്‍റെ വഴികള്‍ തുറന്നു കൊടുത്തത്. യഥാര്‍ത്ഥത്തില്‍ പ്രളയം തകര്‍ത്തത് മലയാളികള്‍ക്കിടയില്‍ ഉയര്‍ന്നുനിന്ന മതിലുകളാണ്. മലയാളി സൗഹൃദം മരിച്ചിട്ടില്ല, ജാതി, മത, വര്‍ഗ്ഗ വേര്‍തിരിവില്ലാതെ സഹായഹസ്തങ്ങള്‍ നീട്ടിയും ഒത്തൊരുമിച്ചും മലയാളി മാതൃകയായിത്തീര്‍ന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്നും കേരളീയര്‍ സഹായം ചെയ്ത് കൊണ്ടിരിക്കുന്നു. ദൈവത്തിന്‍റെ സ്വന്തം നാടിനെ ഇനിയും വളര്‍ത്തിയെടുക്കണമെന്ന മലയാളി താല്‍പര്യം അതിജീവനത്തിലേക്ക് അടുപ്പിക്കുന്നു.
ഇനിയുമേറെ നാം ചെയ്യാനുണ്ട്. പഴമയെ തിരിച്ച് കൊണ്ടുവരികയും പ്രകൃതിയെ സംരക്ഷിക്കുകയും ജീവിതത്തില്‍ ഉയര്‍ന്നു വന്ന മതിലുകളെ തകര്‍ത്തെറിയുകയും അന്യന്‍റെ പ്രശ്നങ്ങള്‍ സ്വന്തത്തിന്‍റേതായി കണ്ട് സൗഹൃദപരമായ ജീവിതം നയിക്കണം. പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്ക് സാന്ത്വനമേകി നമ്മള്‍ കൈ കോര്‍ത്തപ്പോള്‍ നന്മയുടെ പുതുജീവിത സാധ്യമായി. മാനുഷിക ബന്ധത്തിനു മേല്‍ ദുരിതബാധിതര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു. ദുരന്തത്തില്‍ നിന്ന് കരകയറ്റാന്‍ നാം കൈകോര്‍ത്ത അതേ മനസ്സോടെ, പ്രകൃതിയെ, ചുറ്റുപാടുകളെ സംരക്ഷിക്കാന്‍ ഒത്തൊരുമിക്കേണ്ടതുണ്ട്.സഹകരണവും സഹായവും നിറഞ്ഞ മനുഷ്യമനസ്സുകളായി മലയാളികള്‍ പരിണമിച്ചു. പ്രകൃതി സുരക്ഷ നേടിയാല്‍ മാത്രമേ സമൃദ്ധമായ ഒരു അതിജീവനത്തിന് കരുത്ത് കൂടൂ. ‘ആ കരുത്തിന് കേരളം അതിജയിക്കു’ മെന്ന് നാം ഉയര്‍ത്തിയ മുദ്രാവാക്യത്തെ ദൃഢപ്പെടുത്താനും സാക്ഷാത്കരിക്കാനും കഴിയും. അതിനു വേണ്ടി നാം പരിശ്രമിക്കുക.
ജാസിര്‍ എടക്കര