2019 May-June Hihgligts Shabdam Magazine ലേഖനം വായന

തളരരുത്, ഈ വീഴ്ച ഉയിര്‍ത്തെഴുന്നേല്‍പ്പിനാവട്ടെ

രാജ്യം തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടക്കുന്ന സമയത്ത് സര്‍ഫ് എക്സല്‍ ഒരു പരസ്യ ചിത്രം പുറത്ത് വിട്ടിരുന്നു. വര്‍ണങ്ങള്‍ വാരി വിതറി ഹോളി ആഘോഷിക്കുന്ന കുട്ടികള്‍. നിരത്തിലൂടെ കടന്നുപോകുന്നവരെയെല്ലാം അവര്‍ വാട്ടര്‍ ബലൂണുകളെറിഞ്ഞും കളര്‍ വെള്ളമൊഴിച്ചും കുളിപ്പിച്ചുകളയുന്നുണ്ട്. എല്ലാവരും സെലബ്രേഷന്‍ മൂഡിലാണ്. അതിനിടയിലൂടെ വെളുത്ത പൈജാമയുമുടുത്ത് തലയില്‍ തൊപ്പി വെച്ച ഒരു ബാലന്‍ പള്ളിയില്‍ നിസ്കാരത്തിനായ് പോകുന്നു. ആ തൂവെള്ളയില്‍ വര്‍ണനിറമാകാതെ അവനെ ശ്രദ്ധയോടെ കൊണ്ടുപോകുന്ന ഹോളി ആഘോഷിക്കുന്ന പെണ്‍കുട്ടി. പരസ്യചിത്രത്തിലെ അട്രാക്ഷന്‍ ഇത്രയും രംഗങ്ങളാണ്. സോഷ്യല്‍ മീഡിയ ആ പരസ്യചിത്രത്തെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാക്കിത്തീര്‍ത്തു. ആളുകള്‍ അത് ആവര്‍ത്തിച്ചു കണ്ടു. രാഷ്ട്രീയ നിരീക്ഷകരും ചിന്തകരും തിരഞ്ഞെടുപ്പ് കാലത്തെ ഈ പരസ്യത്തിന് ചില രാഷ്ട്രീയ മാനങ്ങള്‍ കൂടെ ഉണ്ടെന്ന് നിരീക്ഷിച്ചു. കോര്‍പറേറ്റ് പരസ്യങ്ങളില്‍ മതേതരത്വം സെലബ്രേറ്റ് ചെയ്യപ്പെടുന്നത് രാജ്യത്ത് വരാനിരിക്കുന്ന ഭരണ മാറ്റത്തിന്‍റെ പ്രഖ്യാപനമാണെന്നും കോര്‍പറേറ്റുകള്‍ ഈ ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തെ എങ്ങനെ പ്രവചിക്കുന്നു എന്നതിന്‍റെ ലക്ഷണമാണ് ഇതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. കോര്‍പറേറ്റുകളുടെ ഈ നിറം മാറ്റത്തിന് പലരും കൂടുതല്‍ ഉദാഹരണങ്ങള്‍ നിരത്തി. ഇന്ത്യയില്‍ കോര്‍പറേറ്റ് ഭീമന്മാരെക്കാള്‍ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിവുള്ള മറ്റൊരു ഏജന്‍റ് കാണുമെന്ന് തോന്നുന്നില്ല. മീഡിയയാകട്ടെ, ഇന്ന് പൂര്‍ണാര്‍ത്ഥത്തില്‍ കോര്‍പറേറ്റ് കരവലയത്തിലാണ് താനും. മുകേഷ് അംബാനി ഒരു വേളയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പിന് ശേഷം ഫലം കാത്തിരിക്കുന്ന സമയത്തും കോര്‍പറേറ്റുകള്‍ ഈ സമീപനം തുടര്‍ന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള മുഴുവന്‍ കേസുകളില്‍ നിന്നും റിലയന്‍സ് പിന്മാറി. ഇങ്ങനെയൊക്കെയാകുമ്പോഴും ബി.ജെ.പിക്കുള്ള സാധ്യതയെ അവര്‍ പൂര്‍ണമായി തള്ളിക്കളഞ്ഞില്ല. അംബാനി കുടുംബത്തിലെ പുതിയ തലമുറ പലപ്പോഴും ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന തരത്തിലാണ് ഇടപെടലുകള്‍ നടത്തിയത്. കോര്‍പറേറ്റ് ഫണ്ടുകള്‍ സിംഹഭാഗവും ഇത്തവണയും ബി.ജെ.പി അക്കൗണ്ടിലേക്ക് തന്നെയാണ് ഒഴുകിയത് എന്ന് വിലയിരുത്തപ്പെടുന്നു. രാഹുല്‍ ഗാന്ധിയാകട്ടെ തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം കുത്തകകളെ കണക്കിന് വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. എക്സിറ്റ് പോളുകളേക്കാള്‍ വിശ്വാസ്യത കല്‍പ്പിക്കാവുന്ന പ്രവചനങ്ങളാണ് തങ്ങളുടേത് എന്ന് രണ്ടാം യു.പി.എ സര്‍ക്കാറിന്‍റെ കാലത്തും ഒന്നാം മോഡി സര്‍ക്കാറിന്‍റെ കാലത്തും കോര്‍പറേറ്റുകള്‍ രാജ്യത്തെ തിരഞ്ഞടുപ്പ് നിരീക്ഷകര്‍ക്ക് ബോധ്യം വരുത്തിക്കൊടുത്തതാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് ഫലം ഇവ്വിധം ബി.ജെ.പിക്ക് അനുകൂലമായിത്തീര്‍ന്നത് എങ്ങനെയാണ് എന്നതിന് ഉത്തരം തേടേണ്ടത് രാജ്യത്തെ സാധാരണ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടാണ്. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും ഭീതിതമാം വിധം നിലനില്‍ക്കുന്നുണ്ട്. മോഡി ഭരണകാലത്ത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്തത്. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ഈ ജനസമൂഹം ഏറെയും നിരക്ഷരരാണ്. സര്‍ക്കാറിന്‍റെ പിടിപ്പുകേടുകളോ കൊള്ളരുതായ്മകളോ ഇവര്‍ക്ക് തിരിച്ചറിയാനാകില്ല. മൊബൈലും ഇന്‍റര്‍നെറ്റും ഇവര്‍ക്ക് സ്വപ്നങ്ങള്‍ പോലുമല്ല. പ്രിന്‍റ്,വിശ്വല്‍ മീഡിയയുമായി പോലും ഇവര്‍ക്ക് ഒരു തരത്തിലുള്ള ആക്സസും ഇല്ല. രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളൊന്നും ഇവര്‍ അറിയുന്നില്ല. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാരെന്ന് പോലും അറിയാത്ത വലിയൊരു ശതമാനം വരുന്ന ഈ ജനവിഭാഗങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തലും തങ്ങളനുഭവിക്കുന്ന ദുരിത പര്‍വങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ബോധവാന്മാരാക്കലും ഏറെ ശ്രമകരമാണ്. അതിന് ആഴത്തില്‍ വേരുകളുള്ള, വിപുലമായ സംഘടനാ സംവിധാനം അനിവാര്യമാണ്. ബി.ജെ.പിക്ക് താരതമ്യേനെ ശക്തമായ സംഘടനാ സംവിധാനമുണ്ട്. മുഴുവന്‍ സംഘ പരിവാര്‍ സംഘടനകളേയും ചേര്‍ത്തുവെക്കുമ്പോള്‍ അതിന്‍റെ സാധ്യതകള്‍ പിന്നെയും വികസിക്കുന്നു. എല്ലാത്തിനേയും കൃത്യതയോടെ ഏകോപിപ്പിക്കുന്ന ആര്‍ എസ് എസ് കൂടെയുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുന്നു. ജനങ്ങളുടെ അടിസ്ഥാനപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം വൈകാരികവും വിശ്വാസപരവുമായ വിഷയങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ വോട്ടുകള്‍ പെട്ടിയിലാക്കുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി ഇതിനെ മറികടക്കുകയെന്നത് സാഹസമാണ്. കോണ്‍ഗ്രസിന്‍റെ സംഘടനാ സംവിധാനമാകട്ടെ, തീരെ ദുര്‍ബലമാണ് താനും. ദേശീയ തലത്തില്‍ നോക്കുമ്പോള്‍ മറ്റു പാര്‍ട്ടികളൊക്കെയും കോണ്‍ഗ്രസിനെക്കാള്‍ സ്വാധീനം കുറഞ്ഞതും ശക്തി കുറഞ്ഞവയുമാണ്. ഗ്രൗണ്ട് ലെവലിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊണ്ട് ശക്തമായ സഖ്യങ്ങള്‍ രൂപപ്പെടുത്താനും ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവെക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായില്ല.
അമിതമായ ആത്മ വിശ്വാസവും തികഞ്ഞ സ്വാര്‍ത്ഥതയുമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏറെക്കുറെ എല്ലാ പാര്‍ട്ടികളെയും ശക്തമായ സഖ്യങ്ങള്‍ രൂപ്പപെടുത്തുന്നതില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. ഒറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഐക്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് പകരം ഒരേ മണ്ഡലത്തില്‍ തന്നെ പരസ്പരം മത്സരിക്കുകയും സര്‍ക്കാര്‍ രൂപീകരണ സമയത്ത് സഖ്യപ്പെടുകയും ചെയ്യുക എന്നിടത്തേക്ക് പാര്‍ട്ടികള്‍ എത്തുന്നതിന് പിന്നില്‍ മറ്റൊന്നുമല്ല കാരണം. ഇടക്കാലത്ത് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും തന്നെയാകണം ഈ അമിതമായ ആത്മ വിശ്വാസത്തിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ കൊണ്ടെത്തിച്ചത്. തോല്‍വിയുടെ ആഴം മനസ്സിലാക്കാന്‍ തോറ്റ പ്രമുഖരുടെ മാര്‍ജിനുകള്‍ മാത്രം നിരീക്ഷിച്ചാല്‍ മതിയാകും. രാഹുല്‍ ഗാന്ധി പോലും വ്യക്തമായ മാര്‍ജിനില്‍ പരാജയമറിയുന്നു. ഇനിയും അവധാനതയോടെ കാര്യങ്ങളെ സമീപിക്കാനായില്ലെങ്കില്‍ ഒരു തിരിച്ചു വരവ് സാധ്യമാകാത്ത വിധം കാര്യങ്ങള്‍ കീഴ്മേല്‍ മറിയും. ബിജെപി പോലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഒന്നാം മോഡി സര്‍ക്കാറില്‍ നിന്നും വിഭിന്നമായി ഈ മിന്നും വിജയത്തിന്‍റെ ക്രഡിറ്റ് പങ്കിട്ടെടുക്കാന്‍ മോഡിക്കൊപ്പം അമിത്ഷാ എന്ന കരുത്തനായ ഒരാള്‍ കൂടെയുണ്ട്. മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ തന്നെ ഷായ്ക്ക് വിജയശില്‍പ്പി പട്ടം ചാര്‍ത്തി നല്‍കുന്നു. അധികാരം പൂര്‍ണമായും തന്നിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു ആദ്യ ടേമില്‍ മോഡി ചെയ്തത്. എന്നാല്‍ ഇത്തവണ മുഴുവന്‍ കാബിനറ്റ് കമ്മിറ്റികളിലും ഷാ അംഗമാണ്. രാജ്നാഥ്സിംങ് തന്നെ പല കമ്മിറ്റികളില്‍ നിന്നും തഴഞ്ഞുവെന്ന പരാതിയുമായി നില്‍ക്കുമ്പോഴാണിത്. പ്രതിപക്ഷത്ത് എന്ന പോലെ പാര്‍ട്ടിയിലും സര്‍ക്കാറിലും പ്രതിയോഗികളില്ലാതിരുന്ന ഘട്ടത്തില്‍ നിന്നും ഇതോടെ മോഡി പുറംകടക്കുകയാണ്. മോഡി- ഷാ കൂട്ടുകെട്ടിന്‍റെ രണ്ടാം യുഗം ആംഭിക്കുകയാണോ, രണ്ട് ശക്തര്‍ തമ്മില്‍ അഭിപ്രായ ഭിന്നതകളുടെ പേരില്‍ ആഭ്യന്തര തര്‍ക്കങ്ങളിലേക്കെത്തിപ്പെടുമോ എന്നതെല്ലാം കാത്തിരുന്ന് കാണണം. ആര് ഏത് കസേരയിലിരുന്നാലും കടിഞ്ഞാണ്‍ ആര്‍.എസ്.എസിന്‍റെ കൈയില്‍ തന്നെയാകും. സാധാരണ ജനങ്ങളിലേക്കിറങ്ങിചെല്ലാനാകുമെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളേതും ഇപ്പോഴും പ്രതീക്ഷകള്‍ കൈവിടേണ്ടതില്ല. ഈ രാജ്യത്തിന്‍റെ മതേതര മനസ്സ് അത്ര എളുപ്പത്തില്‍ മൃതിയടഞ്ഞു പോകുന്ന ഒന്നല്ല

ബഷീര്‍ ഓമാനൂര്‍

Leave a Reply

Your email address will not be published. Required fields are marked *