നിസ്സഹകരണത്തിന്‍റ നാളുകള്‍

കഅ്ബിന് ത്ന്‍റെ കര്‍ണപുടങ്ങളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. തിരുനബി(സ) പ്രഖ്യാപിച്ചു: ‘കഅ്ബുബ്നു മാലിക്, മുറാറത്തുബ്നു റബീഅ, ഹിലാലുബ്നു ഉമയ്യ എന്നിവരോട് നാം നിസ്സഹകരണം തീരുമാനിച്ചിരിക്കുന്നു. ഇന്നു മുതല്‍ മറ്റൊരു പ്രഖ്യാപനമുണ്ടാകുന്നത് വരെ ആരും അവരോട് സമീപിക്കരുത്, ഇടപാടുകള്‍ നടത്തരുത്, സംസാരിക്കരുത്. യാതൊരു സ്നേഹ ബന്ധവും സൗഹൃദവും കാണിക്കരുത്’. നിമിഷങ്ങള്‍ക്കകം കാതുകളില്‍ നിന്ന് കാതുകളിലേക്ക് ആ വാര്‍ത്ത പരന്നൊഴുകി. കാര്യത്തിന്‍റെ നിചസ്ഥിതി മനസ്സിലാക്കാന്‍ കഅ്ബ് തെരുവിലിറങ്ങി. ‘അതെ, ഞങ്ങള്‍ മൂന്നുപേരുടെയും കാര്യത്തില്‍ അള്ളാഹുവിന്‍റെ തീരുമാനം വന്നിരിക്കുന്നു’. എന്തൊരു ശിക്ഷ!. വല്ലാത്ത ദൗര്‍ഭാഗ്യകരം തന്നെ. സമ്പൂര്‍ണ്ണ ബഹിഷ്കരണം. മദീന മുഴുവന്‍ തിരുനബിയുടെ വാക്ക് അക്ഷരംപ്രതി അനുസരിക്കുക തന്നെ ചെയ്തു. ആരും കഅ്ബിനെ സമീപിക്കുന്നില്ല. കഅ്ബ് പുറത്തിറങ്ങി നടന്നു. മുസ്ലിംകള്‍ കൂടുന്നിടത്തൊക്കെ കഅ്ബ് ചെന്നുനോക്കി. ആരും ഒന്നും മിണ്ടുന്നില്ല. അവരോട് സലാം ചൊല്ലി. വര്‍ത്തമാനങ്ങളാരാഞ്ഞു. പുഞ്ചിരിച്ചു. എല്ലാം വൃഥാവിലായി. ബധിരരെപ്പോലെ, അന്ധരെപ്പോലെ, മൂകരെപ്പോലെ അവര്‍ തിരിഞ്ഞുനടന്നു. കഅ്ബിന്‍റെ മനസ്സ് വെന്തുരുകി. കാണുന്ന മുഖങ്ങളിലൊക്കെയും എല്ലായിടത്തും അവജ്ഞയും, വിദ്ദ്വേഷവും മാത്രം. റബ്ബേ എന്തു പരീക്ഷണമാണിത്! സഹികെട്ടു. കഅ്ബിന്‍റെ പാതകള്‍ വിജനമായി. സ്വന്തം ഭവനം പോലും ശവപ്പറമ്പ് പോലെ അനുഭവപ്പെട്ടു. ഇടുങ്ങിയ വലയത്തിനുള്ളില്‍ അകപ്പെട്ടത് പോലെ. എന്തൊരവസ്ഥ! കഅ്ബ് സ്വന്തത്തില്‍ തന്നെ ഒതുങ്ങിക്കൂടാന്‍ ശ്രമിച്ചു. ദിവസങ്ങള്‍ വന്നു പോയിക്കൊണ്ടിരുന്നു. രാവുകള്‍ക്കും പകലുകള്‍ക്കും ദൈര്‍ഘ്യം കൂടിയതു പോലെ. ഭൂമിയുടെ ചലനം മന്ദഗതിയിലായതായി കഅ്ബിനു തോന്നി. എത്ര കാത്തുകിടന്നാലും പുലരാത്ത പുലരികള്‍ക്കു മുമ്പെ രാത്രികള്‍ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ആളുകള്‍ക്കിടയിലേക്ക് കഅ്ബ് ഇറങ്ങിച്ചെന്നു. പള്ളിയില്‍ മുത്ത് നബിയുടെ നേതൃത്ത്വത്തില്‍ നടക്കുന്ന നിസ്കാരത്തില്‍ കഅ്ബ് സംഗമിച്ചു. പക്ഷെ, കവലകളിലും വിജ്ഞാനസദസ്സുകളിലും എന്നല്ല, ജനങ്ങള്‍ തിങ്ങുന്ന എല്ലായിടങ്ങളിലും നിരന്തരം തഴയപ്പെട്ടു. അങ്ങനെ ഒരിക്കല്‍~പള്ളിയല്‍ അനുചരരില്ലാത്ത നേരം നോക്കി കഅ്ബ് അകത്ത് കടന്നു. അവിടെ മുത്തുനബിയുണ്ടായിരുന്നു.
‘അസ്സലാമു അലൈകും യാ റസൂലള്ളാ’.
അവിടുന്ന് കേള്‍ക്കും വിധം കഅ്ബ് അഭിവാദ്യമരുളി. നബി തങ്ങള്‍ കഅ്ബിന്‍റെ നേരെ തിരിഞ്ഞുനോക്കിയില്ല. എങ്കിലും പ്രതീക്ഷയോടെ ആ പൂവദനത്തിലേക്ക്, ആ കണ്ണുകളിലേക്ക് കണ്‍പാര്‍ത്തങ്ങനെ കഅ്ബ് നിന്നു. ആ ചുണ്ടുകളനങ്ങുന്നുണ്ടോ അവിടുന്നെന്‍റെ സലാം മടക്കിയിട്ടുണ്ടാകുമോ. ഉണ്ടാവാം. ചുണ്ടുകൊണ്ടല്ലെങ്കില്‍ ഖല്‍ബുകൊണ്ടെങ്കിലും മടക്കാതിരിക്കില്ല എന്‍റെ പുന്നാര നബി. നബിയുടെ കുറച്ചകലെ സുന്നത്ത് നമസ്കരിക്കാനായി കഅ്ബ് നിന്നു. വലിയ നിസ്കാരക്കാരനാണെന്ന് കാണിക്കാനല്ല. തിരുകടാക്ഷം മോഹിച്ചുകൊണ്ട്. നിസ്കാരത്തിനിടക്ക് കഅ്ബ് ഇടങ്കണ്ണിട്ട് നബിയെ നോക്കുന്നുണ്ട്, അവിടുന്ന് തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍. കഅ്ബിന്‍റെ നോട്ടം അങ്ങോട്ട് തിരിയുമ്പോഴേക്കും റസൂല്‍ കണ്ണുകളെ പിന്‍വലിച്ചു കളയും. നിസ്കാരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കഴിഞ്ഞാല്‍ റസൂല്‍ തന്നെ നോക്കുന്നുണ്ടെന്ന കാര്യം കഅ്ബിന് ഉല്‍ക്കടമായ കുളിര്‍മ്മയേകി. അതുകൊണ്ടുതന്നെ തിരുചാരത്തു നിന്നും വിട്ടുനില്‍ക്കാതെ, അങ്ങോട്ടു മുഖം തിരിക്കാതെ തിരുസന്നിധിയില്‍ നിര്‍വൃതി പൂണ്ട് സമയങ്ങളേറെ കഅ്ബ് നിസ്കാരത്തില്‍ മുഴുകി.മുത്തു നബിയുടെ സമീപനം ആശ്വാസം പകര്‍ന്നെങ്കിലും ജനങ്ങളിപ്പോഴും അകലം പാലിക്കുന്നതില്‍ കഅ്ബിന്‍റെ ഹൃദയം വേദന പൂണ്ടു. കഅ്ബിന് അത്യാവശ്യം വലിയൊരു ഈന്തപ്പന തോട്ടമുണ്ട്. ഹൃദയത്തെ തണുപ്പിക്കാന്‍ വേണ്ടി കഅ്ബ് പലപ്പോഴായി തന്‍റെ തോട്ടത്തിലേക്ക് പോയി. പക്ഷെ, പഴുത്ത് പാകമായ ഈത്തപ്പഴക്കുലകള്‍ പോലും കഅ്ബിനോട് കുശലം പറഞ്ഞില്ല. തന്‍റെ ക്ഷമയുടെ അതിരുകള്‍ ഭേദിക്കപ്പെടുന്നതായി തോന്നിത്തുടങ്ങിയ ദിനങ്ങള്‍. എത്ര നാളുകളായി ഒന്നു സംസാരിച്ചിട്ട് ഒന്ന് മിണ്ടിപ്പറഞ്ഞിട്ട് കഅ്ബിന് വീര്‍പ്പുമുട്ടി. കൂട്ടിന് ഒരാളെയും കിട്ടാനില്ല. പരന്നുകിടക്കുന്ന മദീനത്തുര്‍റസൂല്‍ നിശ്ചലമായി കിടക്കുന്നു. ഒരു കുളിര്‍ക്കാറ്റു പോലും തന്നെ തഴുകാന്‍ വരുന്നില്ല. പ്രപഞ്ചം തന്നെ തന്നോട് പിണങ്ങിയോ. കഅ്ബിന് നിയന്ത്രണം നഷ്ടപ്പെടുമെന്ന് തോന്നി.ഒടുവില്‍ തന്‍റെ ആത്മമിത്രമായ അബൂ ഖതാദയുടെ വീടിന്‍റെ മതില്‍ ചാടിക്കടക്കാന്‍ കഅ്ബ് ഒരുമ്പെട്ടു. പറ്റിക്കയറി വീട്ടുമുറ്റത്തേക്ക് എടുത്ത് ചാടി. കഅ്ബിന്‍റെ പിതൃസഹോദരനാണ് അബൂ ഖതാദ. ചെറുപ്പം മുതലേ ഒന്നിച്ചു വളര്‍ന്ന കളിക്കൂട്ടുകാര്‍. കഅ്ബ് വീട്ടിലേക്ക് കയറിച്ചെന്നു.
‘അസ്സലാമു അലൈക്കയാ അബാ ഖതാദ’.
ദുഖാര്‍ത്ഥമായ ഒരു രോദനം പോലെ അബൂ ഖതാദ ആ ശബ്ദം ശ്രവിച്ചു. തളം കെട്ടിക്കിടന്ന സങ്കടക്കടലിന്‍റെ കൂത്തൊഴുക്ക്. അപ്രതീക്ഷിതമായ ആ നിമിഷം അബൂ ഖതാദ എന്തു ചെയ്യണമെന്നറിയാതെ സ്തബ്ദനായി. ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല അബൂ ഖതാദ. കഅ്ബിനെ ഒന്ന് നോക്കി. പിന്നെ മുഖം തിരിച്ചുകളഞ്ഞു. കണ്ട ഭാവം പോലും നടിച്ചില്ല. അവിചാരിതമായ സുഹൃത്തിന്‍റെ പ്രതികരണത്തില്‍ കഅ്ബ് നടുങ്ങി. സലാം പറഞ്ഞിട്ട് അതിന് പ്രതിവചനം പോലും തന്നില്ലല്ലോ. അപമാന ഭാരം കഅ്ബിനെ തളര്‍ത്തിക്കളഞ്ഞു. കഅ്ബും വിട്ടുകൊടുത്തില്ല.
‘പ്രിയ സുഹൃത്തേ, നിങ്ങളെന്താ എന്നോട് പിണങ്ങിയോ,
ഒരാശ്വാസവാക്കെങ്കിലുമൊന്ന് പറഞ്ഞൂടെ,
എത്ര നാളുകള്‍ കഴിഞ്ഞു നമ്മള്‍ തമ്മില്‍ മിണ്ടിയിട്ട്’.
മറുപടിയില്ലാതെ അനാഥമായി ആ വാക്കുകള്‍ അന്തരീക്ഷത്തില്‍ മറഞ്ഞു. അബൂ ഖതാദ അതു കേട്ടില്ലെന്ന പോലെ നിന്നതേയുള്ളൂ. പഴയ സൗഹൃദം കാണിച്ചില്ല. കഅ്ബിന്‍റെ ഹൃദയം നീറി. അദ്ദേഹം പിന്നെയും ചോദിച്ചു. അബൂ ഖതാദ മറുപടി പറഞ്ഞതേയില്ല. സഹനം നശിച്ച കഅ്ബ് ഒരിക്കല്‍ കൂടി യാചിച്ചു.’അബൂ ഖതാദ, പറയൂ, എന്നെക്കുറിച്ച് നിങ്ങള്‍ എന്താണ് കരുതിയത്, ഞാന്‍ അള്ളാഹുവിനെയും അവന്‍റെ റസൂലിനേയും സ്നേഹിക്കാത്തവനാണെന്നോ, അബദ്ധത്തില്‍ വന്നുപോയ ഒരു പാപം കാരണം ഇങ്ങനെയൊക്കെ എന്നെ അവഗണിക്കണോ, നിങ്ങളെന്താ ഒന്നും മിണ്ടാത്തത്, എന്തെങ്കിലുമൊന്ന് പറഞ്ഞൂടെ’. കഅ്ബിന്‍റെ കണ്ണുകള്‍ നിറഞ്ഞു.
‘അള്ളാഹുവിനും അവന്‍റെ റസൂലിനുമറിയാം’.
ഒട്ടു കൂസാതെ അബൂ ഖതാദ പറഞ്ഞു. ചുറ്റുപാടിലുള്ള മരൂഭൂവും മറ്റുമെല്ലാം തന്നില്‍ നിന്ന് അകന്നകന്ന് പോകുന്ന പോലെ കഅ്ബിന് അനുഭവപ്പെട്ടു. ഒറ്റപ്പെടലിന്‍റെ അസഹ്യത അദ്ധേഹത്തെ ഭ്രാന്ത് പിടിപ്പിച്ചു. ഹാ,,എന്തൊരവസ്ഥ! പിന്നെ ഒരു നിമിഷം പോലും കഅ്ബ് അവിടെ നിന്നില്ല. കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. കഅ്ബ് തെരുവിലിറങ്ങി. പട്ടണം ജനത്തിരക്കിലമരുന്ന നേരം. അങ്ങിങ്ങായി പല കച്ചവടക്കാര്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. സഹതാപം കുതിര്‍ന്ന ഒരു ദൃഷ്ടിയെങ്കിലും തന്‍റെ മേല്‍ പതിഞ്ഞിരുന്നെങ്കിലെന്ന് കഅ്ബ് വെറുതെ ആശിച്ചു. ആരും തന്നെ കണ്ടതായി നടിക്കുക പോലുമില്ലെന്ന് നന്നായി ബോധ്യമുണ്ട് കഅ്ബിന്. ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും ഇവരുടെ കൂട്ടത്തിലൊരംഗമായിരുന്നല്ലോ. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. മുത്ത് നബിയാണല്ലോ എല്ലാവരുടെയും ജീവിത രേഖ. അവിടുത്തെ ജീവനെക്കാളേറെ പ്രണയിക്കുന്ന പ്രിയ അനുചരര്‍ക്ക് എങ്ങനെയാണ് ആ വാക്കുകളെ ധിക്കരിക്കാനാവുക. തന്‍റെ ഒറ്റപ്പെടലിനെയോര്‍ത്ത് കഅ്ബ് വിതുമ്പിക്കരഞ്ഞു. കഅ്ബിന്‍റെ ദൈന്യത നിറഞ്ഞ നോട്ടം ആരെയും അദ്ധേഹത്തിലേക്കടുപ്പിച്ചതേയില്ല. ആ സമയത്താണ് നബത്വിയ്യ് വംശജനായ ഒരാള്‍ തന്‍റെ കച്ചവടച്ചരക്കുമായി അവിടെ എത്തിച്ചേര്‍ന്നത്. സിറിയയിലാണ് നബത്വിയ്യ് വംശത്തിന്‍റെ ഉറവിടം. മദീനയിലേക്ക് കച്ചവടാവശ്യാര്‍ത്ഥം വരുന്നവരില്‍ മിക്കവരും സിറിയക്കാരായിരിക്കും. അയാള്‍ ആരെയോ അന്വേഷിച്ച് നടക്കുകയാണ്. അവിടെ കൂടിയവരെ സമീപിച്ച് അയാള്‍ തന്‍റെ ഉദേശ്യം അറിയിച്ചു.
‘കഅ്ബുബ്നു മാലിക് ഈ നാട്ടുകാരനാണോ’.
‘അതെ’.
‘എങ്കിലൊന്ന് കാണിച്ചുതരുമോ’.
‘അതാ, ആ നില്‍ക്കുന്നയാളാണ് നിങ്ങളന്വേഷിക്കുന്ന കഅ്ബ്’.
കൂട്ടത്തില്‍ നിന്നും ഒരാള്‍ കഅ്ബിനു നേരെ വിരല്‍ ചൂണ്ടി. കഅ്ബ് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. ‘ആരാണിയാള്‍, എന്തിനാവും എന്നെത്തേടി ഇവിടെ വന്നിട്ടുണ്ടാവുക?’. ഒരു അപരിചിതനെങ്കിലും തന്നെ അന്വേഷിച്ചല്ലോ. കഅ്ബ് ചിന്താനിമഗ്നനായങ്ങനെ നില്‍ക്കവെ, ആ നബത്വിയ്യ്കാരന്‍ കഅ്ബിന്‍റെ അരികിലേക്ക് നടന്നടുത്തു.

മുഹമ്മദ് ശുറൈഫ് മംഗലശ്ശേരി

തുടര്‍ന്നു വായിക്കാന്‍

പരീക്ഷണത്തിന് മേല്‍ പരീക്ഷണം

 

 

Write a comment