Posted on

ജങ്ക് ഫുഡിനോട് ‘നോ’ പറയാം

ബര്‍ഗര്‍ നിങ്ങള്‍ക്കിഷ്ടമാണോ? പിസയോ? നിങ്ങള്‍ ഫ്രൈഡ് ചിക്കന്‍ ഇടയ്ക്കിടക്ക് കഴിക്കാറുണ്ടോ? നമ്മുടെ ആരോഗ്യം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതല്ലേ യാഥാര്‍ത്ഥ്യം. ഇതറിയാത്തവരല്ല നമ്മള്‍. എന്നിരുന്നാലും ഭക്ഷണ കാര്യത്തില്‍ നമ്മള്‍ മലയാളികള്‍ പൊതുവെ അശ്രദ്ധരാണ്. ജങ്ക് ഫുഡ് എന്നൊക്കെ പൊതുവേ വിളിക്കപ്പെടുന്ന ഭക്ഷണത്തോടാണ് നമുക്ക് പ്രിയം. വീടുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന രീതി നമ്മള്‍ക്കെന്നോ അന്യമായിരിക്കുന്നു. പകരം വീട്ടു പടിക്കലിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു വരുത്തിയോ കുടുംബ സമേതം ഫാസ്റ്റ് ഫുഡ് ശാലകളില്‍ കയറിയിറങ്ങിയോ ഭക്ഷണ സംസ്കാരത്തിലും നാം ന്യൂജെന്‍ ആയി മാറിയിരിക്കുകയാണ്. ഫ്രൈഡ് ചിക്കനും, പിസയും കോളയും, ബര്‍ഗറും, ഐസ്ക്രീമും, ചിപ്സ് പോലുള്ള എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളൊക്കെ മലയാളിയുടെ ഭക്ഷണ മെനുവില്‍ ഒഴിച്ചു കൂടാനാവാത്തവയായി മാറിക്കഴിഞ്ഞു. പക്ഷേ… ഇവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാമാണെന്ന് കൃത്യമായ ധാരണ നമുക്ക് പലര്‍ക്കുമില്ല.
എന്താണ് ജങ്ക് ഫുഡ്?
‘വളരെയധികം പാകം ചെയ്യപ്പെട്ട നിരവധി പ്രോസസുകള്‍ക്ക് വിധേയമായ,കിലോറി വളരെ കൂടിയതും പോഷക സമ്പുഷ്ടതയില്‍ പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ജങ്ക് ഫുഡ്’. ജങ്ക് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം ചപ്പുചവറുകള്‍ എന്നൊക്കയാണ്. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാമല്ലോ ജങ്ക് ഫുഡിന്‍റെ ഗുണ നിലവാരം എന്താണെന്ന്? പെതുവെ ശരീരത്തിന്ന് ഉപദ്രവം ചെയ്യുന്ന അളവില്‍ പഞ്ചസാരയും ഉപ്പും ട്രാന്‍സ്ഫാറ്റും ഒക്കെ അടങ്ങിയവയാണ്. ജങ്ക് ഫുഡിന്‍റെ തുടര്‍ച്ചയായ ഉപയോഗം മൂലം ശരീരത്തിലെത്തുന്ന കൊഴുപ്പ്. പഞ്ചസാര തുടങ്ങിയവ ശരീരത്തിന് പൊണ്ണത്തടിയുണ്ടാക്കുകയും കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ക്കും മറ്റും കാരണമാവുകയും ചെയ്യുന്നു. ജങ്ക് ഫുഡ് താല്‍പ്പര്യമുള്ളവര്‍ പഴങ്ങളും പച്ചക്കറികളുമുപയോഗിക്കുന്നത് വളരെ കുറവാണ് എന്നത് പ്രശ്നത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.

ഫാസ്റ്റ് ഫുഡ് സംസ്കാരത്തില്‍ നിന്ന് പൂര്‍ണമായി മാറി നില്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കഴിക്കാനുള്ള എളുപ്പം, യാത്രയില്‍ കൊണ്ട് പോകാനുള്ള സൗകര്യം, കുറഞ്ഞ വിലക്ക് കൂടുതല്‍ ലഭ്യം, മനോഹരമായ ആകൃതി നിറം, രുചി എന്നിവയെല്ലാം കൊണ്ട് ജങ്ക് ഫുഡുകള്‍ ആകര്‍ഷകമാണിന്ന്. തിരക്കു പിടിച്ച ജീവിത ചുറ്റുപാടുകളില്‍ ഭക്ഷണവും ഇത്തിരി ഫാസ്റ്റായില്ലെങ്കിലേ അത്ഭുതമുള്ളൂ… എന്നാല്‍ പണം കൊടുത്ത് രോഗങ്ങള്‍ വാങ്ങിക്കൂട്ടുന്നതെത്ര വിഡ്ഡിത്തരമാണ്. 2012ല്‍ ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച പഠനം ശ്രദ്ധേയമാണ്. ഉയര്‍ന്ന ഊര്‍ജ്ജം നിറഞ്ഞ ജങ്ക് ഫുഡ് കഴിക്കുന്നവരില്‍ ഭക്ഷണം കഴിച്ചുവെന്നതിന്‍റെ പൂര്‍ണ തൃപ്തി വരില്ലന്നും അതിനാല്‍ കഴിക്കുന്നവര്‍ വീണ്ടും വീണ്ടും കൂടുതല്‍ കഴിക്കുന്ന സാഹചര്യമാണുള്ളതെന്നും പഠനം സൂചിപ്പിക്കുന്നു. ദൂര വ്യപകമായ പ്രത്യാഘാതങ്ങള്‍ക്കും ഈ ഭക്ഷണ സംസ്കാരം കാരണമാകുന്നുവെന്ന പഠനങ്ങളും പുറത്ത് വന്നു കഴിഞ്ഞു. യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹൂമന്‍ റീ പ്രൊഡക്ഷന്‍ ആസ്ത്രേലിയ, ന്യൂസലാന്‍റ്, ബ്രിട്ടണ്‍, അയര്‍ലാന്‍റ് എന്നീ രാജ്യങ്ങളിലെ 5598 സ്ത്രീകളില്‍ നടത്തിയ പഠനം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ തവണ ജങ്ക് ഫുഡ് കഴിക്കുന്ന സ്ത്രീകള്‍ക്ക് വന്ധ്യത പോലോത്ത പ്രശ്നങ്ങള്‍ക്ക് സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം.

ജങ്ക് ഫുഡിന് അടിമകളായിത്തീര്‍ന്നവരില്‍ നല്ലരു പങ്കും കുട്ടികളാണ്. 2016ല്‍ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് സംഘടിപ്പിച്ച ഓണ്‍ ലൈന്‍ സര്‍വേ പ്രകാരം രാജ്യത്ത് 93 ശതമാനം കുട്ടികളും ജങ്ക് ഫുഡിന്‍റെ പിടിയിലാണ്. അവരിലധികവും ജങ്ക്ഫുഡുകള്‍ കഴിക്കുന്നത് സ്കൂള്‍ പരിസരത്തില്‍ നിന്നാണെന്ന യാഥാര്‍ത്ഥ്യം കൂടിയുണ്ട്. 68% ആഴ്ചയില്‍ ഒരിക്കലെങ്കിലും ടിന്നിലടച്ച പാനീയങ്ങള്‍ ഉപയോഗിക്കുന്നു. ഇവരില്‍ 53% ദിവസവും ഉപയോഗിക്കുന്നവരാണെന്നാണ് പഠനം വിലയിരുത്തുന്നുണ്ട്. ഒമ്പതിനും പതിനേഴിനും ഇടയില്‍ പ്രായം വരുന്ന 13200 കുട്ടികളില്‍ നടത്തിയ പഠന റിപ്പോര്‍ട്ടാണ് ഗൗരവപരമായ വിവരങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡ് നിരോധിച്ചു കൊണ്ടുള്ള ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി ഏറെ ആശ്വാസകരം തന്നെ. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നിയമം സ്കൂള്‍ കാന്‍റീനിലും 50 മീറ്റര്‍ ചുറ്റളവുകളിലും ജങ്ക് ഫുഡുകള്‍ നിരോധിക്കുന്നുണ്ട്. സ്കൂള്‍ കായിക മേളയിലും മറ്റും ജങ്ക് ഫുഡുകളുടെ പരസ്യം പ്രസിദ്ധപ്പെടുത്തുന്നതും നിയമം മൂലം കുറ്റകരമാണ്. ജങ്ക് ഫുഡുകളിലെ ടോക്സിനുകള്‍ കാരണം കുട്ടികളുടെ ശരീരം നിറയുകയും പോഷകങ്ങളുടെ ലഭ്യത കുറയുകയും ചെയ്യുന്നതിനാല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നുവെന്ന കണ്ടെത്തല്‍ മൂലമാണ് കേന്ദ്രം നിരോധനം കൊണ്ട് വന്നിരിക്കുന്നത്. കേരളത്തില്‍ 2015 ജൂണ്‍ ഇരുപതിന് പൊതു വിദ്യഭ്യാസ വകുപ്പ് സ്കൂള്‍ പരിസരത്തില്‍ ജങ്ക് ഫുഡുകള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നുവെന്നത് മാതൃകയായി വിലയിരുത്തപ്പെട്ടിരുന്നു.

ജങ്ക് ഫുഡ് സംസ്കാരത്തിന്‍റെ വ്യാപനത്തില്‍ പരസ്യങ്ങളുടെ പങ്കും നിഷേധിക്കാനാകില്ല. സിനിമ, കായിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് അനുകരണ സാധ്യത വര്‍ധിപ്പിക്കുന്നു. ജങ്ക് ഫുഡ് നിരോധനങ്ങള്‍ക്കൊപ്പം ഇത്തരം പരസ്യങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കേണ്ടതുണ്ട്. ജങ്ക് ഫുഡുകള്‍ക്ക് പകരം പോഷകങ്ങള്‍ ഉള്‍കൊള്ളുന്ന സമീകൃത ആഹാര രീതിയിലേക്ക് സമൂഹം മാറേണ്ടതുണ്ട്.
ജങ്ക്ഫുഡിന്‍റെ ദൂഷ്യഫലങ്ങളാല്‍ സാധാരണ കാണുന്ന അസുഖങ്ങള്‍, ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

പ്രമേഹം (DIABETES)
ജങ്ക്ഫുഡ് കഴിക്കുന്നതിലൂടെ ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് സോഡിയം, ഷുഗര്‍, ഫാറ്റ് എന്നിവ ധാരാളം ജങ്ക്ഫുഡില്‍ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാര്‍ബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സധ്യതയും വളരെ കൂടുതലാണ്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ (CARDIO VASCULAR DISEASES)
ജങ്ക്ഫുഡ് കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ് ജങ്ക്ഫുഡ് കഴിക്കുമ്പോള്‍ എല്‍ ഡി എല്‍ കൊളസ്ട്രോള്‍ ഉയരുകയും എച്ച് ഡി എല്‍ കൊളസ്ട്രോള്‍ കുറയുകയുമാണ് ചെയ്യുന്നത്. അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുകയും, ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ സംഭവിക്കാനിയാക്കുകയും ചെയ്യും.

പൊണ്ണത്തടി
പൊണ്ണത്തടി ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ് ജങ്ക്ഫുഡ്. ജങ്ക് ഫുഡില്‍ അമിതമായി കലോറി അടങ്ങിയിട്ടുള്ളതിനാല്‍ അടിവയറ്റിലും കൊഴുപ്പ് അടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഫാറ്റി ലിവര്‍
ഫാറ്റി ലിവര്‍ ഇന്ന് മിക്കവരേയും അലട്ടുന്ന ഒരു രോഗമാണ്. അതിന് പ്രധാന കാരണങ്ങളിലൊന്നാണ് ജങ്ക്ഫുഡ് കരളിനെ മാത്രമല്ല മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിച്ചേക്കാം. രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാനുള്ള കരളിന്‍റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പ് കെട്ടുകയും ചയ്യുന്ന അവസ്ഥയാണ് ഫാറ്റിലിവര്‍.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍
(RESPIRATORY DISEAS)
ജങ്ക്ഫുഡ് അമിതമായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് ആസ്ത്മയുള്ളവര്‍ ജങ്ക്ഫുഡ് ഒഴിവാക്കുന്നത് വളരെ നന്നായിരിക്കും.

ഉദര സംബന്ധമായ രോഗങ്ങള്‍
അസിഡിറ്റി, കആട, മലബന്ധം, നെഞ്ചെരിച്ചില്‍, അള്‍സര്‍, ഉദര ക്യന്‍സറുകള്‍, പൈല്‍സ് എന്നിവ വരാനുള്ള സാധ്യത വളരെ അധികമാണ്.

(എടവണ്ണ ലൈഫ് ഷോര്‍ ഹോമിയോ
ക്ലിനിക്കിലെ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)     9447351634

ഡോ. നൗഫല്‍ മങ്ങാടന്‍ എടവണ്ണ

Write a comment