കഥ/ ഫാത്തിമാ ബീവി
” ഇമ്മാ..
ന്റെ മുടിമ്മക്കുത്തി കണ്ടോ ങ്ങള്, ച്ചു പുളി പെറുക്കാൻ പോവാൻ സമയായിക്കുണ് ”
മ്മളെ അയ്സാന്റെ പതിവുള്ള ചോദ്യാത്. ബാപ്പട്ട്യളാമാനോടാ ഓളിതു ചോയ്ക്കുണ്ത്. പെറ്റമ്മ നേരത്തെ വഫാത്തായി.കഫക്കെട്ട് നെറഞായിരുന്നു ഓളെ ഇമ്മ മയ്യത്തായത്. പിന്നെ അയ്സാനെ നോക്കാൻ ഒരു ഇമ്മ വേണല്ലോ. അയിനോണ്ട് കോയാക്ക രണ്ടാമത് കെട്ടി.ഇപ്പത്തെ ഇമ്മാന്റെ പേര് ഖൈജ ന്നാണ്.രണ്ടാനുമ്മേടെ വ്യത്യാസൊന്നും ഓരു കാണിക്കാറില്ല.
” ജ്ജ് എബിടുക്കും ന്നു പോണ്ടാ, അന്നെ കാണാന് ഒരു കൂട്ടരു വരുണണ്ട് ”
ബാപ്പാട്ട്യളേമ പറഞ്ഞു.
അത് കേട്ടപ്പയ്ക്കും അയ്സാക്ക് സങ്കടം ബന്നു, ഓള് കരയാൻ തൊടങ്ങി.
“ജ്ജെന്തിനാണീ നെലോളിച്ചുണ്,ഇത്തവണ എല്ലാം ശെരിയാവും.പടച്ചോനല്ലേ വലിയോൻ, ഞമ്മളെ കുടുംബത്തില് ഇഞ്ഞി ജ്ജ് മാത്രോള്ളു, ബാക്കി ല്ലാരേം കെട്ടിച്ചു.
പോയി ഇമ്മാൻറെ കുട്ടി ആ മോറൊന്നു കയുകി പോര്, ബരുമ്പോ ആ കത്തിരീം ടുത്തോ, മുടിടെ തലപ്പൊന്നു വെട്ടിത്തരാ ”
ബാപ്പാട്ട്യളേമ അയ്സാനെ ഒരുവിധം സമാധാനപ്പെടുത്തി.
അപ്പഴാണ് കോയാക്ക കേറിബന്നത്.
“ഖൈജാ, ചായ ആയോ, ഞാൻ മിച്ചറും, ബായക്ക ബറുത്തതും വാങ്ങീകുണ്.
തു പോരെ വര്ന്നോരുക്ക്”
“മതി കാക്കാ, ഓരു ന്തോ മൂന്നാല് പേരെങ്ങാനുള്ളൂ വരൂന്ന് മൂസക്ക പറഞ്ഞീന്നു ”
“എബടെ മ്മളെ അയ്സ,
ഓള് പറഞ്ഞത് കേക്കാണ്ട് പണിക്ക് പോയോ ഇഞ്ഞി”
“ഓള് പോവാൻ നിന്നീന്, പിന്നെ ഞാൻ സ്നേഹത്തോടെ പറഞ്ഞപ്പം മ്മളെ കുട്ടി കേട്ടു”
“തേലും ഒന്ന് ശെരിയായാല് മതിയാർന്നു.ഓളെ ചെങ്ങായിച്ചിമാരുടെ ഒക്കെ നിക്കാഹ് കഴിഞ്ഞു, പാവം മ്മളെ കുട്ടി.ഓളെ കാലിന് ആ വളർച്ചക്കുറവ് ഇല്ലായിഞ്ഞെങ്കില് എപ്പഴോ ഓളീ നരകത്തിന്ന് രക്ഷപ്പെട്ടേനെ”
കോയാക്ക പറഞ്ഞു.
അങ്ങനെ ഓരു രണ്ടാളും ബർത്താനം പറഞ്ഞ്ക്കുമ്പാഴാണ് ചെക്കനും കൂട്ടരും കടന്നു ബന്നതു.
ഖൈജ കോലായില് മൂന്നാല് കസേരട്ത്തിട്ടു.ഒരു ചെറിയ പാത്രത്തിൽ കൊറച്ചു മിച്ചറും,കായ ബറുത്തതും കൊണ്ട് വെച്ചു.ചായ അയ്സെടെ കയ്യിലും കൊടുത്തുവിട്ടു.
അങ്ങനെ പുത്യാപ്ലക്ക് പുത്യണ്ണിനെ നല്ലോണം ബോധിച്ചു. കൂടുതല് കാര്യങ്ങള് സംസാരിക്കണയിന്റെ എടേലാണ് ചെക്കന്റെ ബാപ്പ സ്ത്രീധനത്തിന്റെ കാര്യം ടുത്തിട്ടത്.
“ഒരുലച്ചം ഉറുപ്പിക ന്തായാലും തരണ്ടി ബരും ട്ടോ.പിന്നെ പെണ്ണിന് പൊന്നു ങ്ങക്ക് പറ്റണപോലെ ട്ടോളി ”
അതുകേട്ടപ്പം കോയാക്ക ആലോയ്ക്കാൻ തൊടങ്ങി.
“കൊറേ കല്യാണം ബന്നതാണ്, ഒക്കെ ഓളെ വലുപ്പം കൊറഞ്ഞ വലതു കാലിലെ പ്രശ്നോണ്ട് മൊടങ്ങ്യപ്പോ എല്ലാം അറിഞ്ഞിട്ട് ഒരു കൂട്ടരു ഷ്ടപ്പെട്ടിരിക്കാ അയ്സാനെ. ത് ന്തായാലും നടത്തണം.”
ചെക്കന്റെ ഇമ്മാന്റെ ബർത്താനം കേട്ടാണ് കോയാക്ക ആലോചനെന്നു ഒണർന്നത്.
“പെണ്ണിന്റെ കാലില് അങ്ങനൊരു പ്രശ്നം ള്ളതല്ലേ, അപ്പൊ ചെക്കന് ഒരു വണ്ടീം കൂടി ആയ്കോട്ടെ,”
ചോയ്ച്ച തൊക മുയുവനും തരാന്ന് കോയാക്കേം,ഖൈജേം സമ്മയിച്ചു.
ഓരെല്ലാരും പോയേപ്പിന്നെ കോയാക്ക ഖൈജനോട് ചോയ്ച്ചു.
“ന്താ ഖൈജാ, മ്മള് ചെയ്യാ..
ന്റടുത്താണെല് ഇപ്പള്ള അവസ്ഥേല് ഒരു ബീർപ്പെട്ടി വാങ്ങാൻ പോലും കായ്ല്ലാലോ”
ഇപ്പ ഇമ്മാനോട് പറഞ്ഞത് അയ്സ കേട്ടു.ഓള് ബേഗം അടുത്തുള്ള ചെങ്ങായിച്ചീടെ പെരേക്ക് ചെന്നു.
“അയ്സാ, പുത്യാപ്ള എങ്ങനെണ്ട്, അനക്ക് ഷ്ടായോ ”
ചെങ്ങായിച്ചി ഓളോട് ചോയ്ച്ചു.
തു കേട്ട ഒടനെ അയ്സ കരയാൻ തൊടങ്ങി.
“ജ്ജെന്തിനാ കരേണത്,
പെരേല് ആരേലും അന്നോട് ബാക്കർത്തോ ”
ബേഗം അയ്സ കണ്ണ് തൊടച്ച്, ചെറുതായൊന്നു ചിരിച്ചു.
അപ്പൊ കൂട്ടാരി ദുആ ചെയ്തോണ്ട് പറഞ്ഞു.
“ന്റെ അയ്സാക്ക് പ്പോ ഒരുപാട് സന്തോഷായീ, ഓളെ ഈ നിക്കാഹെങ്കിലും നടക്കണേ പടച്ചോനെ ”
രാത്രിയായി,
കോയാക്കക്കും, ഖൈജക്കും കെടന്നിട്ട് കെടപ്പൊട്ട്ണില്ല.
ഓരു രണ്ടാളും എണീച്ചു കോലായില് വന്നിരുന്നു.
“ഖൈജാ, ജ്ജാ എലേം, പോലേം, നൂറും ങ്ങട്ട് ടുത്താ ”
ഖൈജ അത്ട്ത്ത് കോയാക്കാന്റെ കയ്യീ കൊടുത്തു.
“കയ്യിനു വിറയല് വന്നപ്പിന്നെ ഓട്ടോർഷേം ഓടിക്കാൻ പറ്റണില്ല.തിന്റെടേലു നെഞ്ചുവേദനീം, ത്ര വർഷായി മ്മള് അയ്സാന്റെ ചെലവില് കഴിയാൻ തൊടങ്ങീട്ടു.
പാവം ന്റെ കുട്ടി,
പഠിച്ചാൻ കൊറേ മോഹിച്ചതാ ഓള്.നിക്ക് വയ്യാണ്ടായപ്പിന്നെ പണിക്ക് പോയി തൊടങ്ങി.”
കോയാക്ക പിറുപിറുത്തു.
“ങ്ങള് ബെസമിക്കണ്ട മനുഷ്യാ, പടച്ചോന് ന്തേലും വഴി കാണിച്ചെരും”
ഖൈജ സമാധാനിപ്പിച്ചാൻ നോക്കി.
“ല്ല ഖൈജാ, ഞമ്മക്കീ പേരേം, വണ്ടീം അങ്ങ് വിറ്റാലോ, ന്തായാലും ഓട്ടോർഷ ബെറുതെ കെടക്കല്ലേ, പിന്നെ പെര, ഓള് അല്ലെ ഞമ്മക്ക് ബലുത് ”
കോയാക്ക ചോയ്ച്ചു.
ഞാനും തെന്നേണ് ആലോയ്ച്ച്ന്ന മട്ടില് ഖൈജ സന്തോഷത്തോടെ സമ്മയിച്ചു.
തൊക്കെ കേട്ടോണ്ട് കെടക്കണ അയ്സാന്റെ നെഞ്ചില് കനലാർന്നു അപ്പൊ.
അവ്ടുന്നു വേം എണീച്ച് പൈപ്പിൻറ്റോട്ടില് പോയി വുളൂഹ് ടുത്തു പതിവില്ലാത്തൊരു പ്രാർത്ഥന നടത്തി ഓള്.
“നിക്ക് വേണ്ടി കെടപ്പാടം വരെ വിക്കാൻ പോവാണ് ന്റെ ഇപ്പീം,ഇമ്മീം.
ഓരു ന്ന്ട്ട് എവടെ പാർക്കാ ”
അയ്സ പടച്ചോനോട് സങ്കടോം നുള്ളിപ്പറഞ്ഞിരുന്നു.
അപ്പർത്ത് കോയേം, ഖൈജേം
“ഓളെ കല്യാണം നടത്തിക്കയിഞ്ഞാല് ബാക്കി വല്ലോം കായിണ്ടേല് പേരക്കുട്ടിക്ക് പാൽസരോം, കളിസമാനോം വാങ്ങണത്” ആലോയ്ച്ച് കെടന്നു.
സുബഹി ബാങ്ക് കൊടുക്കണത് കേട്ടപ്പഴാണ് അയ്സ അറീണത്.
“ഞ്ഞീം മുസല്ലേന്നു എണീച്ചിട്ടില്ല ന്ന് ”
ഫാത്തിമാബീവി