ലോക്ഡൗണ്‍ രചനകള്‍

ഫാസിസ്റ്റ് കാലത്തെ ശവക്കച്ചയുടെ രാഷ്ട്രീയം

ബുക്ക് റിവ്യൂ/ ബാസിത് വട്ടോളി /കുട നന്നാക്കുന്ന ചോയി

മലയാള കലാ സാഹിത്യത്തെയും നോവലിനെയും രൂപമാതൃകകളിലും ഉള്ളടക്കത്തിലും ആശ്ചര്യപ്പെടുത്തുന്ന വിധം നവീകരിച്ച ആധുനിക സാഹിത്യകാരന്മാരിൽ സവിശേഷ സ്ഥാനമാണ് എം മുകുന്ദന്റേത്. ഏത് തലമുറകൾക്കും സ്വീകാര്യമാകുന്ന രീതിയാണ് അദ്ദേഹത്തിൻറെ രചനാശൈലി. നോവൽ, കഥ ,പഠനങ്ങൾ   തുടങ്ങിയ സാഹിതീയ മേഖലകളിലെല്ലാം തന്റെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചു. അതിനിടയ്ക്ക് ധാരാളം അവാർഡുകളും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഫ്രഞ്ചുകാർ പോയ ശേഷമുള്ള മയ്യഴിയുടെ സംഭവവികാസങ്ങളെ പശ്ചാത്തലമാക്കി മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകൾ തുടങ്ങിയ നോവലുകളും എഴുതി. ഫാസിസ്റ്റ് ശക്തികൾ കടന്നു കയറ്റം നടത്തുന്ന പുതിയ കാലത്തോടുള്ള പ്രതിഷേധമാണ് തന്റെ ഈ രചന എന്ന് എം. മുകുന്ദൻ അവകാശപ്പെടുന്നുണ്ട് എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് എം.മുകുന്ദൻ.

1721 മുതൽ 1954 ജൂലൈ16 ന് മയ്യഴി സ്വതന്ത്രയാവുന്നത് വരെ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് മാഹി ഭരിച്ചിരുന്നത്. മാഹിയുടെ ചരിത്രം പറയുന്ന, ദാസനും ചന്ദ്രികയും വെള്ളിയാങ്കല്ലിലെ തുമ്പികളും അവിസ്മരണീയമാക്കിയ മയ്യഴിയുടെ കഥാകാരന്റെ പുതിയ ഒരു നോവലാണ് കുട നന്നാക്കുന്ന ചോയി.
ഫ്രഞ്ച് അധീനഭൂമിയായിരുന്ന മയ്യഴിയിലെ ജനങ്ങളും ഫ്രാൻസും തമ്മിലുള്ള ബന്ധമാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിന്റെ വികൃതികളിലും, കുട നന്നാക്കുന്ന ചോയിയിലും മുകുന്ദൻ പറഞ്ഞു വെക്കുന്നത്. ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതു മുതൽ കാവിവൽക്കരണത്തിന്റെ ഭീകരതയിൽ നടുങ്ങുന്ന ആധുനിക കാലംവരെ  കുട നന്നാക്കുന്ന ചോയിക്ക് പ്രമേയമാകുന്നു. താൻ ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുവാനുള്ള എഴുത്തുകാരന്റെ ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്.

കുട എന്നത് മലയാള സാഹിത്യത്തിൽ പലയിടത്തും  ചർച്ചാ വിഷയമായിട്ടുണ്ട്. റഫീഖ് അഹമ്മദിന്റെ
തോരാമഴ എന്ന കവിതയിൽ വളരെ വികാരഭരിതമായിട്ടാണ് ഉമ്മുക്കുത്സുവിന്റെ പുള്ളിക്കുട അവതരിപ്പിക്കുന്നത്. ചായക്കടയിൽ നിന്നും തന്റെ കുടയുമെടുത്ത് പോകുന്നയാളോട് നിങ്ങൾ വൈക്കം മുഹമ്മദ് ബഷീർ ആണോ ഇത് ബഷീറിൻറെ കുടെയാണ് അവിടെ വച്ചേക്കൂ എന്ന് സരസമായി പറയുന്നത് ബഷീറിന്റെ ഏതോ പുസ്തകത്തിൽ വായിച്ചതോർക്കുന്നു. തനി പ്രാദേശിക ഭാഷയിലാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്. ഫ്രഞ്ച്കാർ മയ്യഴി വിട്ട്പോകുന്ന കാലം മുതലാണ് നോവലിലെ കഥ ആരംഭിക്കുന്നത്. ആ കാലങ്ങളിൽ വടക്കൻ കേരളത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്ന വാക്കുകൾ ഈനോവലിൽ കടന്നു വരുന്നുണ്ട്. അന്തോണി സായിവും വിദ്വാന്‍ കുഞ്ഞിരാമക്കുറുപ്പു മാഷും തായക്കണ്ടി കണ്ണനും,വളവില്‍ ആന്റണി പൊലീസും നൂറു കുമാരനും മാധവി അമ്മായിയും കുഞ്ഞിക്കുനിയില്‍ അമ്പൂട്ടിയും കമലേച്ചിയും വനജയും രാധയുമടങ്ങുന്ന കഥാപാത്രങ്ങളുടെ പേരിലും ഒരു ബഷീറിയൻ ശൈലി കാണാം.

നായകനായ മാധവൻ കഥാന്ത്യത്തിൽ ഒരു ഫാസിസ്റ്റ് ചിന്താഗതി പുലർത്തുന്നത് ആധുനിക കാലത്തിന്റെ പരിച്ഛേദം എന്ന നിലയിലാണ്. കറ തീര്‍ന്ന ദേശസ്‌നേഹത്തെപ്പോലും കാവിവത്കരിക്കുന്ന സമകാലീന ഇന്ത്യയുടെ കഥ പറയുന്ന നോവലാണ് കുട നന്നാക്കുന്ന ചോയി. ഒരു ഗ്രാമത്തെയാകെ ആകാംഷയിലാഴ്ത്തിയ ലക്കോട്ടിലെ രഹസ്യം തേടിയാണ് കുട നന്നാക്കുന്ന ചോയിയിലെ ഇതിവൃത്തം വികസിക്കുന്നത്. മയ്യഴിയിൽ നിന്ന് കപ്പൽ കയറി ഫ്രാൻസിലേക്ക് പോകുന്ന അവിടുത്തെ ഏറ്റവും നല്ല കുടപ്പണിക്കാരൻ ചോയി നാട്ടുകാരനും 14 കാരനുമായ മാധവന്റെ കയ്യിൽ തന്റെ മരണ ശേഷം മാത്രമേ തുറക്കാവൂ എന്ന് പറഞ്ഞ് ഒരു ലക്കോട്ട് ഏല്പിക്കുന്നു.
എന്താണ് ആ ലക്കോട്ടിൽ എന്നറിയാനുള്ള നാട്ടുകാരുടെ ഉദ്വേഗജനകമായ ആകാംക്ഷയാണ് മുകുന്ദൻ നോവലിലുടെനീളം വിവരിക്കുന്നത്. അതിനിടെ ഉണ്ടായ യുദ്ധം കാരണം ചോയിക്ക് ലീവ് കിട്ടാത്തതിനാൽ തന്റെ സഹോദരിയുടെ വിവാഹം നടക്കുന്നതിൽ അവന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ ചോയിയുടെ മരണാനന്തരം, മയ്യഴിയിലെ നാട്ടുകാരെയും അതുപോലെ വായനക്കാരെയും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആ ലക്കോട്ട് തുറക്കുന്നു….എന്തായിരുന്നു ആ ലക്കോട്ടിലുള്ളത്?
“വയറ്റു പിഴപ്പിനു വേണ്ടിയാണ് ഞാൻ കപ്പൽ കയറി പോകുന്നത്. എന്റെ നാട് ഗാന്ധിയുടെ ഇന്ത്യയാണ്. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം നമ്മുടെ ഇന്ത്യയുടെ ദേശീയ പതാകയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല”

ഒരു നാടുമൊത്തം കാലങ്ങളോളം അന്വേഷിച്ചു നടന്ന ആ വാക്കുകൾ ഇതായിരുന്നു. എന്നിട്ടും ആ വാക്കുകളെ ചോയിയുടെ മരണാനന്തരം മാധവൻ തിരുത്തുന്നു. അതിങ്ങനെയാണ് “എന്റെ നാട് ഭാരതമാണ്. ഭാരതദേശത്തിന്റെ സംസ്കാരത്തിലും പാരമ്പര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം കാവിയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല” ദേശീയപതാക എങ്ങനെ കാവിയാകുന്നുവെന്നും, ഗാന്ധിജിയുടെ ഇന്ത്യയെ കാവിക്കൊടിക്കാര്‍ എങ്ങനെയാണ് ഭാരതദേശമാക്കുന്നതെന്നുമാണ്  മുകുന്ദന്‍ ഈ നോവലിൽ പറയുന്നത്.
ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതു മുതല്‍ കാവിവല്‍ക്കരണത്തിന്റെ ഭീകരതയില്‍ നടുങ്ങുന്ന ആധുനികകാലം വരെ നോവലില്‍ കടന്നുവരുന്നുണ്ട്.
ചോയിയുടെ മൃതദേഹം കാണാൻ കാത്തു നിന്ന അന്തോണി സായിവ്മാഷും, വിദ്വാൻ കുഞ്ഞിരാമൻ മാഷും, ചോയിയുടെ മരണത്തിൽ കരഞ്ഞുപോയ മാധവി അമ്മായിയുമെല്ലാം ഇനിയും മനുഷ്യത്വം നശിക്കാത്ത ചിലരായി ബാക്കി നിൽക്കുമ്പോഴും ലക്കോട്ടിനു പിന്നാലെ പാഞ്ഞ ഒരു നാടിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന് മനസ്സിലാകുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനോ അവന്റെ/ അവളുടെ സ്വകാര്യതകൾക്കോ യാതൊരു വിലയും നൽകാത്ത ഒരു കാലത്തെ ഇതിലും മനോഹരമായി മുകുന്ദൻ വരയ്ക്കുന്നതെങ്ങനെ?

ചുവപ്പിൽ നിന്നും കാവിയിലേക്ക് മാധവനെ മാറ്റിയെടുക്കുന്നതും അവന്റെ ജീവിത പരിസരമാണ്. മാധവന്റെ സ്കൂൾ കാലങ്ങളിലൊന്നിൽ കുഞ്ഞിമ്മൂസയുടെ അരയിൽ കിടക്കുന്ന ചുവന്നചരട് മാധവനും, മാധവന്റെ കറുത്ത ചരട് കുഞ്ഞിമ്മൂസയും മാറിമാറി കെട്ടുന്നു. കുഞ്ഞുങ്ങളിലെ കൗതുകമെന്നോ വികൃതിയെന്നോ പറഞ്ഞ് തളളികളയാവുന്ന ഒന്നിനെ പ്രശ്നവത്ക്കരിച്ച് അവർക്ക് ശിക്ഷ ലഭിക്കുന്നിടത്തുനിന്നും അവരുടെ നിഷ്കളങ്കമായ ബോധവും സാമൂഹിക  ഭാഗമായി തമ്മിലുടക്കുന്നു. ആ ഉടക്കലിന്റെ അനന്തരഫലങ്ങളാണ് ചുവപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മാധവന് ചോയി, വളവിൽ ഡഗ്ലസിന്റെ കയ്യിൽ ചുവന്ന കുട കൊടുത്തയച്ചപ്പോൾ മാധവനതിനോട് വിരക്തി തോന്നാനും, ചോയിയുടെ കത്ത് തിരുത്തി വായിക്കാനും പ്രേരിപ്പിക്കുന്നത്. മാധവനെ കാവിയുടെ പാതയിലേക്കെടുത്തെറിയുന്നതിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ട്.

തർക്കമന്ദിരം തകർന്നെന്നെഴുതിയ സുഹ്റയെ, ബാബറി മസ്ജിദ് എന്നു തിരുത്തി ചരിത്രപരമായ ദൗത്യം നിർവ്വഹിച്ച ചുല്യാറ്റിനെ പരിചയപ്പെടുത്തിയ എൻഎസ് മാധവന്റെ തിരുത്ത് എന്ന കഥ ഇവിടെ ഓർക്കേണ്ടതുണ്ട്.
കഥയിലെ മാധവൻ ചോയിയുടെ വാക്കുകളെ തിരുത്തുമ്പോൾ കാവിവൽക്കരണത്തിന്റെ വരവ് സാധാരണക്കാരുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് എത്തുന്നതെന്ന് നമുക്ക് കാണാം. അത് കൊണ്ട് തന്നെയാണ് കുട നന്നാക്കുന്ന ചോയി’ എന്ന നോവലിന്റെ തുടര്‍ച്ചയായി ‘നൃത്തം ചെയ്യുന്ന കുടകൾ’ എഴുതേണ്ടിവന്നത്. നോവലിസ്റ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എഴുത്തുകാരന്റെ തെറ്റുതിരുത്തല്‍. നോവലിലെ നായകനായ മാധവനോട് ആദ്യനോവലിന്റെ ഒടുവില്‍ ചെയ്ത തെറ്റ് നോവലിസ്റ്റ് തിരുത്തുന്നു. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന മാധവന്‍ നോവലിനൊടുവില്‍ ഹിന്ദുവെന്ന വികാരം ഉള്‍ക്കൊള്ളുന്ന ആളായിട്ടാണ് എം. മുകുന്ദന്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ മാധവനെ ഇഷ്ടപ്പെട്ടിരുന്ന വായനക്കാര്‍ക്ക് ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  അതേതുടര്‍ന്നാണ് നോവലിനൊരു തുടര്‍ച്ച എഴുതാന്‍ അദ്ദേഹം തീരുമാനിച്ചത്. കത്ത് വായിച്ചുകൊടുത്തപ്പോള്‍ തിരുത്തല്‍ വരുത്തിയതിൽ മനസ്താപത്തില്‍ കഴിയുന്ന മാധവന്റെ തുടര്‍ ജീവിതമാണ് ഈ നോവലിനാധാരം. ഇവിടെ മാധവന്‍ വീണ്ടും മാനവപക്ഷത്തേക്കു മാറുന്നു. ആധുനികകാലത്ത് വായിച്ചിരിക്കേണ്ട ഒരു നോവൽ എന്ന നിലക്ക് കൂട്ടുകാർ ‘കുട നന്നാക്കുന്ന ചോയി’ വായിക്കേണ്ടതുണ്ട്

ബാസിത് വട്ടോളി
ബുക്ക് റിവ്യൂ/ കുട നന്നാക്കുന്ന ചോയി

Leave a Reply

Your email address will not be published. Required fields are marked *