കവിത/മുഹ്സിൻ ഷംനാദ് പാലാഴി
ഇടക്ക് വെച്ചപ്പെഴോ നീ
കൊഴിഞ്ഞ് പോയത്
അകത്ത് കെട്ട് പിണഞ്ഞ്
കിടക്കുന്ന വേരുകൾ
ഇപ്പോഴും അറിഞ്ഞിട്ടില്ല.
ഏതോ മൂലയിൽ നാം
വരച്ചു തുടങ്ങിയ
സ്വപ്നങ്ങൾ, ചിലന്തി
വലയിൽ കുരുങ്ങിയപ്പോൾ
വരിഞ്ഞ് മുറുകിയത്
ആത്മാവാണ് !
നീ നനച്ചാൽ മാത്രം
വിടരുന്ന പൂക്കളിൽ
പ്രതീക്ഷയുടെ ഒരിതൾ
ഇപ്പോഴും ബാക്കിയുണ്ട്.
നീ തീർത്ത ഏകാന്തതയുടെ
തടവറയിൽ നിരപരാധിയായി
ഹൃദയം ആരെയോ
കാത്തിരിക്കുന്നു അങ്ങനെ.
നീ പോയതിൽ പിന്നെ
നീയലിഞ്ഞ് ചേർന്ന
ഒരിറ്റ് രക്തത്തിനായുള്ള
സിരകളുടെ ദാഹം
ഇപ്പോഴും മാറിയിട്ടില്ല.
എത്ര വേലി കെട്ടിയിട്ടും
നീ ബാക്കി വെച്ച ഓർമ്മകൾ
ഒരു മുൾച്ചെടിയായി
എന്നിലേക്ക് പടരുന്നു.
നിന്റെ നിഴൽ തട്ടിയാൽ
മാത്രം കത്തുന്ന
അകത്തെ വിളക്ക്
കെട്ടു.
കണ്ണു കാണാതെ പാതിവഴിയിൽ
തപ്പി തടഞ്ഞു,
ഒടുവിൽ
ആ നിഴൽ തേടി
ഇരുട്ടിലേറെ ഊളിയിട്ടു.
ഇപ്പോൾ എന്റെ നിഴലും
കാണുന്നില്ല.
ഇരുട്ടാണ് കണ്ണിൽ,
കൂരിരുട്ട്
മുഹ്സിൻ ഷംനാദ് പാലാഴി