കഥ/ റാഷിദ് വടക്കുമുറി
പതിവായ് കേൾക്കുന്ന കാലൊച്ചകളും കലപില ശബ്ദങ്ങളും കേൾക്കാതെയാണ് അയാളിന്നുണർന്നത്. കടതിണ്ണയിൽ വിരിച്ച നൂൽചാക്കും ഭാണ്ഡക്കെട്ടും കോണിപ്പടിയുടെ അടിയിലേക്ക് ഒതുക്കിവെച്ചുകൊണ്ട യാൾ അംഗസ്നാനത്തിനായി പഞ്ചായത്ത് കിണറിന്റെ അരികിലേക്ക് നടന്നു.
ഇന്നലെവരെ കാല്കുത്താനിടമില്ലാതിരുന്ന നിരത്തിൽ മനുഷ്യനിഴൽ പോലുമില്ല. ആർക്കോ വേണ്ടി കത്തുന്ന ട്രാഫിക് ലൈറ്റുകൾ. കഴിഞ്ഞ രാത്രി ആരോ കൊടുത്ത ചപ്പാത്തി തുണ്ടിന്റെ കൂടെ അയാൾ കുറച്ചധികം വെള്ളം കുടിച്ചു. കാലാന്തരാത്തിൽ ക്ലാവുപിടിച്ച് ക്ഷയം സംഭവിച്ച പിച്ചളപത്രവുമായയാൾ വേച്ചു വേച്ചു നടന്നു. പതിവായിരിക്കുന്ന കവലയിലെ ബസ്സ് സ്റ്റോപ്പിൽ തുണിയും വിരിച്ചയാളിരുന്നു. മുഖാവരണം ധരിച്ചു ധൃതിയിൽ പോകുന്നവരാരും ആ മുടന്തൻ കാലന്റെ വിലാപങ്ങൾ ഗൗനിച്ചില്ല. ഏറെ നേരം കാത്തിരുന്നിട്ടുമൊന്നും കിട്ടാതെ വന്നപ്പോൾ ഇനിയെങ്ങനെ ജീവനോപാതി കണ്ടെത്തും എന്ന ചിന്തയും മസ്തിഷ്കത്തിൽ പേറി അയാൾ കവലക്കപ്പുറത്തെ കോളനി വഴിയിലൂടെ പ്രാഞ്ചി നടന്നു. കനിവുള്ളവരാരോ കൊടുത്ത അപ്പകഷ്ണവുമായി തിരികെ നടക്കുമ്പോയാണ് നിരത്തിലെ വിജനതയിലേക്ക് പുകയും തുപ്പി വന്ന ജീപ്പ് അയാൾക്കരികിലേക്ക് ഒതുക്കി നിർത്തിയത്. ജീർണിച്ചുതുടങ്ങിയ ശരീരത്തിൽ ലാത്തി പ്രഹരമേറ്റപ്പോൾ അയാൾ പിടഞ്ഞ് വീണു. നഗരത്തിലെ ചൂടിനെ ഭജ്ഞിച്ച് പെയ്ത ചാറ്റൽ മഴയിലെ തുഷാരങ്ങൾ മുഖത്തേക്ക് പതിച്ചപ്പോൾ കണ്ണുകൾ തുറന്നയാൾ നോക്കി, അതാ ജീവിതോപാധിയായ ഭിക്ഷപത്രവും പൊടിമൺ പുരണ്ട അപ്പ കഷ്ണങ്ങളും തന്നെ നോക്കി പുഞ്ചിരിക്കുന്നു..
റാഷിദ് വടക്കുമുറി