മനുഷ്യൻ്റെ പ്രകൃതിപരമായ ആവശ്യങ്ങളേയും വികാരങ്ങളേയും മാനിക്കുന്ന ഇസ് ലാം വൈവാഹിക ജീവി തത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചതായി കാണാം. വൈകാരികമായ തെറ്റുകളിൽ നിന്ന് പരമാവധി രക്ഷ നേടാനും ഭൂമിയിലെ ജീവ നൈരന്തര്യം കാത്തു സൂക്ഷിക്കാനും വിവാഹത്തിനാവും. കേവലമൊരു പ്രകൃതി നിയമമെന്നതിലുപരി പ്രതിഫലാർഹമായ പ്രവർത്തനമായിട്ടാണ് ഇസ് ലാം വിവാഹത്തെ കാണുന്നത്. എല്ലാ ഇടപാടുകളിലുമെന്നപോലെ വിവാഹത്തിലും ഇസ്ലാമിന്ചില നിബന്ധനകളും കാഴ്ച്ചപാടുകളുമുണ്ട്. വരനും വധുവിൻ്റെ രക്ഷിതാവും രണ്ട് സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന വാക്കാലുള്ള ഉടമ്പടിയിലൂടെയാണിത് സാധ്യമാവുന്നത്. ഈ പറഞ്ഞ നിബന്ധകൾ പാലിക്കാതെയുള്ള വിവാഹ ഉടമ്പടികൾ നിഷ്ഫലമായതും വ്യഭിചാരമെന്ന മഹാപാപത്തിലേക്ക് ക്ഷണിക്കുന്നതുമാണ്.
വിവാഹ ഉടമ്പടികൾ (നിക്കാഹ്) കേവലമൊരു ചടങ്ങാക്കി മാറ്റി തിരുസുന്നത്തിനെ അവഹേളിക്കാൻ ശ്രമിക്കുന്നവർ ഇസ്ലാമിൻ്റെ പവിത്രമായ പാരമ്പര്യം പഠന വിധേയമാക്കേണ്ടതുണ്ട്. ഈയിടെ ഓൺലൈനായി നടത്തിയ വിചിത്രമായ ഒരു നികാഹിന് നാം സാക്ഷിയാകേണ്ടി വന്നു. ചില തൽപരകക്ഷികളുടെ താൽപര്യങ്ങൾക്ക് വേണ്ടി ഇസ്ലാമിൻ്റെ പവിത്രമായ ആശയങ്ങളെ പണയപ്പെടുത്താൻ ശ്രമിക്കുകയാണവർ ചെയ്യുന്നത്. ഒൺലൈൻ നികാഹിന് എന്താണ് തെറ്റ് എന്ന് ചിലർ ചോദിച്ചിരിക്കാം. ഇതിൽ ഇസ്ലാമിക കർമ്മ ശാസ്ത്രം പറഞ്ഞ എല്ലാ കാര്യങ്ങളും ഉൾകൊണ്ടിട്ടുണ്ടല്ലോ. ഭർത്താവ്, വലിയ്യ്, വാചകം, രണ്ട് സാക്ഷികൾ എല്ലാം ഇതിലും നമുക്ക് കാണാൻ സാധിക്കും. എന്നാൽ ഓൺലൈൻ നികാഹിന് സംഭവിക്കുന്ന പരിമിതികളും വീഴ്ച്ചകളും ധാരാളമുണ്ട്.ഇവരെല്ലാം പരസ്പ്പരം കാണുകയും കേൾകുകയും വേണമെന്നത് നികാഹിൽ പ്രധാനമാണ്. മാത്രമല്ല അനിഷേധ്യമായ രൂപത്തിൽ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടി നിക്കാഹിൻ്റെ വാചകങ്ങൾ പറയുമ്പോൾ മാത്രമാണ് വിവാഹ ഉടമ്പടിയുടെ പൂർണ്ണത കൈവരുന്നത്. ഓൺലൈനിൽ വാചകം പറയുമ്പോൾ അത് പൂർണ്ണമായി ഉൾകൊള്ളാൻ സാധ്യമാവണമെന്നില്ല. കൃത്രിമമായി ശബ്ദവും കോലവും ഉണ്ടാക്കാൻ കഴിയുന്ന ഇക്കാലത്ത് ചതിയിലൂടെയും വഞ്ചനയിലൂടെയും കാര്യങ്ങൾ നേടാൻ ശ്രമിക്കുന്നവർക്കേ ഇത് ഉപകരിക്കൂ…
നികാഹ് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ നടക്കണമെന്നതിനാൽ ഓൺലൈൻ സംവാധാനത്തിൽ ഇത് എത്രമാത്രം പ്രായോഗികമാവുമെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്. കേവലം ഒരു സ്ക്രീനിലൂടെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ യാഥാർത്ഥത്തിൽ രൂപം മാത്രമാണ് നമ്മൾ കാണുന്നത്. മാത്രമല്ല സാങ്കേതിക തകരാർ മൂലം പലപ്പോഴും ശബ്ദത്തിലും കാഴ്ച്ചയിലും ഇടർച്ച സംഭവിക്കുന്നത് സ്വാഭാവികം. വ്യക്തമായി കാഴ്ച്ചയും കേൾവിയുമില്ലാത്ത ഈ അവസരങ്ങളിൽ സാക്ഷികളുടെ സാക്ഷിത്വം സ്വീകരിക്കപ്പെടുകയില്ലെന്ന സത്യം നാം വിസ്മരിക്കരുത്. എവിടെ നിന്നൊ കേൾക്കുന്ന ശബ്ദങ്ങളും അശരീരികളും കേട്ട് സാക്ഷികൾക്ക് സാക്ഷിത്വം പറയാനാവില്ലെന്ന് ചുരുക്കം. ഇവിടെയാണ് ഈ നികാഹിൻ്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്. ഇരുകൂട്ടർക്കുമിടയിൽ ഗ്ലാസിനാൽ മറയുണ്ടാക്കി നികാഹ് ചെയ്യുന്ന സന്ദർഭം കർമശാസ്ത്ര പണ്ഡിതന്മാർ വിവരിക്കുന്നുണ്ട്. അവർക്ക് പരസ്പ്പരം കേൾക്കാൻ വേണ്ടി ഗ്ലാസിന് ദ്വാരമിട്ടാലും അത് സ്വഹീഹാവില്ല. പരസ്പ്പരമുള്ള ബന്ധം ഗ്ലാസിനാൽ തടസപ്പെട്ടുകയും രണ്ട് വ്യത്യസ്ഥ മജ്ലിസുകളായത് വേർതിരിയുകയും ചെയ്തുവെന്നതാണ് കാരണം.
കൂരിരുട്ടിൽ നടത്തുന്ന ഒരു നികാഹിന്നെക്കുറിച്ച് ഇമാം ശർവാനി വിവരിച്ചിട്ടുണ്ട്. അവിടെ ഇരുകൂട്ടർക്കും വ്യക്തമായ വിശ്വാസവും ഉറപ്പുമുണ്ടായാൽ പോലും സ്വീകരിക്കില്ല. മജ്ലിസിലുളളവരെ പരസ്പ്പരം കാണാതെ സാക്ഷികളുടെ സാക്ഷിത്വം സ്ഥിരപ്പെടുകയില്ലെന്നതാണിതിന് കാരണം. ഇവിടെയെല്ലാം പരസ്പ്പരമുള്ള കാഴ്ച്ചയേയും കേൾവിയേയും സ്ഥലത്തേയും അടിസ്ഥാനമാക്കിയാണ് കർമ്മ ശാസ്ത്ര പണ്ഡിതർ വിധി പറഞ്ഞത്. ഇസ്ലാം കാലത്തിനൊത്ത് സഞ്ചരിക്കുന്നില്ലെന്നും ഇത്തരം അവസരങ്ങളിൽ ഇസ് ലാമിന് വ്യക്തമായ കാഴ്ച്ചപ്പാടുകളില്ലെന്നും ചിലർ വാദിക്കുന്നു. എന്നാൽ വരനും വധുവിൻ്റെ രക്ഷിതാവിനും വിശ്വസ്തനായ ഒരാളെ ചുമതലപ്പെടുത്താമെന്നിരിക്കെ (വക്കാലത്ത് ഏൽപ്പിക്കൽ) ഈ വാദത്തിനൊരു പ്രസക്തിയുമില്ലെന്ന് നാം മനസ്സിലാക്കണം. കാലത്തിനൊത്ത് കോലം കെട്ടുമ്പോൾ നാമറിയാത്ത പല മൂല്യങ്ങളും തകർക്കപ്പെടുന്നുണ്ട്. അതിനാൽ ഇത്തരക്കാരുടെ വാക്കിന് നാം വിലകൽപ്പിക്കരുത് .
പവിത്രമായ ചടങ്ങുകളെ ഇത്തരം ആഭാസങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തി ഇതിൻ്റെ മൂല്യവും അന്തസത്തയും തകർക്കാൻ ശ്രമിക്കരുത്.” നിങ്ങൾ വ്യപിചരത്തിലേക്ക് അടുക്കരുത്” എന്ന വിശുദ്ധ ഖുർആൻ്റെ പ്രഖ്യാപനം മുഖവിലക്കെടുത്ത് ഇതിൻ്റെ ഗൗരവം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇത്തരം അൽപ്പത്തരങ്ങളെ ചുമലിലേറ്റി പൂജിക്കുന്നവർ ഇസ് ലാമിൻ്റെ പവിത്രമായ പാരമ്പര്യത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാവണം
ഉനൈസ് കിടങ്ങഴി