അന്ന് വിദേശത്തേക്ക് വിസ കിട്ടിയെന്നറിഞ്ഞപ്പോഴാണ് ഈ നാടും, വീടും, എല്ലാം വിട്ട് അകലങ്ങളിലേക്ക് പോകണമല്ലോ എന്ന നഗ്നസത്യം ഞാൻ തിരിച്ചറിഞ്ഞത്, എല്ലാം വിധിയാണല്ലോന്നോർത്ത് അന്നാ വീട്ടിൽ നിന്നിറങ്ങുമ്പോൾ, അവളുടെ പിൻവിളിക്കായ് ഞാൻ കാതോർത്തിരുന്നു. പ്രതീക്ഷിക്കാതെ തന്നെ ഇക്കാ എന്ന് വിളിചോടിവരുന്ന അവളെ വാരിപുണർന്നപ്പോൾ കണ്ണുകൾ നിറയാതിരിക്കാൻ പാടുപെട്ട് പിടിച്ചു നിർത്തിയിരുന്നു ഞാൻ, പെട്ടന്നവൾ എന്നിൽ നിന്നകന്നു നിന്നുകൊണ്ട് കൈയിൽ ഒരു പുസ്തകം തന്നിട്ട് പറയാൻ തുടങ്ങി,
” ഇക്കാ….. നമ്മുടെ ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന ഡയറിയാണിത്, എന്നും കിടക്കാൻ നേരം ഇത് തുറന്നു നോക്കിയാൽ മതി, അതിലെ വരികൾ എനിക്കുതുല്യം ആ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്നുണ്ടാകും…. ”
അതും പറഞ്ഞ് കരഞ്ഞോണ്ട് അകത്തേക്ക് ഓടി മറയുന്ന അവളെ നിറങ്കണ്ണാലെ നോക്കി നിൽക്കാനേ എനിക്കായുളളൂ. അവളുടെ സ്നേഹത്തിന് മുന്നിൽ തോറ്റു പോയന്ന് ചിന്തിച്ച നിമിഷമായിരുന്നു അത്. പക്ഷെ, ഒരു കണ്ണീരിൽ നിന്ന് തുടങ്ങി, മറ്റൊരു കണ്ണീരിൽ അവസാനിക്കുന്ന ബന്ധമേ അതിനുണ്ടായിരുന്നൊളളൂ എന്ന് മനസിലാക്കാൻ ഏറെ വൈകിപ്പോയി.അതെ… അന്നു മുതൽ ഇന്നുവരെ ആ പുസ്തകം ഒരു നിഴൽ രൂപമായി എന്റെ കൂടെ സഞ്ചരിക്കുന്നു. ഡയറി എഴുത്ത് പരിചയിച്ചിട്ടില്ലാത്ത ഞാൻ, എഴുത്തിനെ പ്രണയിച്ചട്ടില്ലാത്ത ഞാൻ അതിന്റെ മാന്ത്രികതയെ കൂടുതൽ അടുത്തറിയാൻ തുടങ്ങിയ നിമിഷങ്ങൾ. അതാണ് ഈ ലോക്ക് ഡൗൺ കാലത്ത് എനിക്ക് ലഭിച്ച നിധി. വേദനകൾ മറക്കാൻ എഴുത്തിനാവുമെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു.
രാജ്യങ്ങൾതോറും പടർന്നു പന്തലിക്കുന്ന കൊറോണ വൈറസ് എന്ന മാരക രോഗത്തിന്റെ സുരക്ഷയ്ക്കായ് ലോക്ക് ഡൗണ് പ്രഖ്യാപിച്ചപ്പോൾ, ആദ്യം മനസ്സിലേക്ക് ഓടി വന്നത് വീട്ടുകാരുടെ മുഖമായിരുന്നു. ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് കരുതിയാണ് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. ആ വാർത്ത വീട്ടുകാരെ അറിയിച്ചപ്പോൾ ആദ്യം സന്തോഷിക്കുന്നത് അവളായിരിക്കുമെന്ന് ഞാൻ കരുതി, പക്ഷെ അവളുടെ വാക്കുകൾ എന്റെ സമനില തെറ്റിച്ചു. കൊറോണയെ പേടിച്ചു വീട്ടിൽ കഴിയുന്ന അവർക്ക് സാന്ത്വനമേകും എന്റെ വരവെന്ന് കരുതി. എന്നാൽ, അവരുടെ ചിന്ത ഞാനാണ് കൊറോണയെ കൊണ്ട് വരുന്നത് എന്നാണ്, എന്റെ പ്രിയതമയുടെ വാക്കുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
“ഇക്കാ നിങ്ങൾ വരണ്ട, അവിടെത്തന്നെ നിന്നോളി. ഗൾഫിൽ നിന്നും വരുന്നവർക്കാണ് കൊറോണ എന്ന് പറയപ്പെടുന്നു. നാട്ടിലുള്ളവരുടെയും സ്വൈര്യം കെടുത്താനാണോ നിങ്ങളുടെ പുറപ്പാട്.
ഒരു ഭർത്താവും തന്റെ സഹധർമ്മിണിയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ,… വീട്ടിൽ നിന്ന് പടിയിറങ്ങിയപ്പോൾ അവളുടെ വാക്കുകൾ ആനന്താശ്രു പൊഴിപ്പിച്ചുവെങ്കിലും, ഇന്നവളുടെ വാക്കുകൾ സങ്കടത്തിന്റെ കണികകൾ ആയിരുന്നു പൊഴിപ്പിച്ചത്, എന്നാലും അവൾക്ക് പറയാമായിരുന്നില്ലേ, എത്രയും പെട്ടന്ന് വന്നോളി, അവിടെ നിൽക്കണ്ടന്ന്…. എത്ര സന്തോഷമായിരുന്നേനെ എനിക്ക്, ആ അല്ലങ്കിലും അവൾ പറഞ്ഞതിൽ തെറ്റില്ല, ചിലപ്പോ ഞാൻ കാരണം ആണെങ്കിലോ അവർക്ക് അസുഗം വരുന്നത്, എന്നൊക്കെ ചിന്തിച്ചു കൂട്ടി മനസിനെ ദൃഢതപെടുത്തുമ്പോൾ അവളുടെ വാക്കുകളായിരുന്നു മനസ്സ് നിറയെ….
നാടും വീടും വിട്ട് പ്രവാസി എന്ന ലോക്ക് കൈവെള്ളയിൽ വന്നു, അതെ തന്റെ ഉറ്റവർക്ക് വേണ്ടി പ്രവാസിപ്പട്ടം ചമഞ്ഞപ്പോൾ അവർ അറിയാതെ പോയ ഒന്നായിരുന്നു ഈ പ്രവാസിയുടെ ലോക്ക്, ലോക്കിന് പുറമെ ലോക്ക് വന്നപ്പോൾ വീട്ടുകാർക്ക് പോലും ആവിശ്യമില്ലാത്ത ഒരു ചവറായിമാറുകയായിരുന്നു ഞാൻ. ഈ കൊറോണക്കാലത്ത് വലയുകയാണ് ഞങ്ങൾ പ്രവാസികൾ. ജോലിയില്ലാതെ വീട്ടുകാരെ പോറ്റാൻ പണമില്ലാതെ ഞങ്ങൾ ഇവിടെ വിയർത്തൊലിക്കുമ്പോൾ അവരവിടെ ക്യാഷിനു വേണ്ടി തിടുക്കം കാണിക്കുന്നു, അറിയുന്നില്ല യഥാർത്ഥത്തിൽ പ്രവാസിയെന്തെന്ന്, അറബി വീട്ടിൽ പണിയെടുക്കുന്ന എനിക്ക് ഇവരിട്ട ലോക്ക് ആണ് അവരുടെ സമ്മതമില്ലാതെ പുറത്ത് പോവരുതെന്നത്, നാട്ടിലേക്ക് പോവരുതെന്നത്…. ഒരു തരത്തിൽ പറഞ്ഞാൽ പ്രവാസമെന്നതും പലരുടെയും ലോക്ക് ആണ്.
ജസ് ല ശമീമ