ഇസ്ലാമിക ആദര്‍ശ പ്രചാരണത്തില്‍ വിപ്ലവകരമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ച കാലയളവാണ് ഹിജ്റ ആറാം നൂറ്റാണ്ട്. അദ്ധ്യാത്മികമണ്ഡലത്തില്‍ പ്രകാശം വിതച്ചിരുന്ന മഹത്തുക്കളുടെ ഇടയിലേക്കാണ ശൈഖ് അഹ്മദുല്‍കബീര്‍ (റ) പിറവിയെടുക്കുന്നത്. അവിടുത്തെ ജീവിതം അനുഗമിച്ചും ഉപദേശങ്ങള്‍ മാറോടണച്ചും പതിനായിരങ്ങള്‍ക്ക് ആത്മീയോര്‍ജ്ജം കൈവന്നു. വേര്‍പാടിന് ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും സമുദായത്തിന്‍റെ ഹൃത്തടങ്ങളില്‍ ശോഭയോടെ പ്രകാശിക്കുകയാണ് ശൈഖ് രിഫാഈ (റ).
ജനനം
ഇറാഖിലെ ബത്വാഇഖ് പ്രവിശ്യയിലെ ഉമ്മുഅബീദ് ദേശത്തുള്ള ഹസന്‍ ഗ്രാമത്തില്‍ ഹിജ്റ 500 മുഹറം(ക്രി : 1600 സെപ്തംബര്‍) മാസത്തിലാണ് ശൈഖ് അഹ്മദുല്‍ കബീര്‍ രിഫാഈ(റ)യുടെ ജനനം. പ്രമുഖ പണ്ഡിതനും ഖാരിഉമായിരുന്ന ശൈഖ് അബുല്‍ഹസന്‍ അലി(റ) ആയിരുന്നു പിതാവ്.
വളരെ ചെറുപ്പത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മന;പാഠമാക്കിയ ശൈഖ് രിഫാഈ(റ)ന്‍റെ പിതാവ് വിവിധ വിജ്ഞാനശാഖകളില്‍ കഴിവ് തെളിയിച്ചിരുന്ന മഹാനാണ്. തന്‍റെ അമ്മാവനും ആത്മീയ പുരുഷനുമായ ശൈഖ് യഹിയ നജ്ജാരി (റ) നിന്ന് ആത്മീയജ്ഞാനം കൈവരിച്ച മഹാന്‍ വിലായത്തിന്‍റെ വിതാനങ്ങളിലേക്കുയര്‍ന്നതായി പല സമകാലിക പണ്ഡിതരും പ്രഖ്യാപിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. ഹി :519ലാണ് ശൈഖ് അലി (റ) വഫാതാകുന്നത്. അദ്ദേഹത്തെ മറവു ചെയ്തത് ബഗ്ദാദിലെ ഖലീഫ മുസ്തര്‍ഷിദ് ബില്ലാഹിയുടെ കൊട്ടാരത്തിനടുത്താണ്. മസാറു സുല്‍ത്താന്‍ അലി എന്നാണ് അന്ത്യവിശ്രമസ്ഥലം അറിയപ്പെടുന്നത്.
മാതാവ് ഉമ്മുല്‍ഫള്ല്‍ ഫാത്തിമ(റ) ആത്മീയതയിലധിഷ്ഠിതമായ മാതൃകാജീവിതം നയിച്ച വൃക്തിത്വത്തിനുടമയായിരുന്നു. ബീവിയുടെ മഹത്വം മനസ്സിലാക്കിയ സഹോദരനും സൂഫിയുമായിരുന്ന ശൈഖ് മന്‍സൂറുസ്സാഹിദ്(റ) അവരെ പ്രത്യേകം പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. പിതാവിന്‍റെ കുടുംബം തിരുനബിയിലേക്കും മാതൃകുടുംബം സ്വഹാബി വര്യനായ അബു അയ്യൂബുല്‍ അന്‍സാരിയിലേക്കും ചെന്നെത്തുന്നു.
ബാല്യം
ബാല്യം തൊട്ടേ അസാധാരണകളും അത്ഭുതങ്ങളും നിറഞ്ഞതായിരുന്നു മഹാന്‍റെ ജീവിതം. തൊട്ടിലില്‍ വെച്ച് തന്നെ സംസാരിക്കുകയും തസ്ബീഹ് ചൊല്ലുകയുംചെയ്തു. മാത്രമല്ല, കൂട്ടുകാരായ സമപ്രായക്കാരെല്ലാം കളിച്ചു തിമിര്‍ത്തു നടക്കുമ്പോള്‍ ആത്മീയതയില്‍ അലിഞ്ഞുചേര്‍ന്ന് ഇബാദത്ത് ചെയ്യുകയായിരിക്കും ബാലനായ രിഫാഈ(റ).
ഒരിക്കല്‍ ശൈഖ് രിഫാഈ(റ) സമപ്രായക്കാരോടൊത്തു നില്‍ക്കുമ്പോള്‍ അതുവഴി ഒരു സംഘം പുണ്യ പുരുഷന്മാര്‍ കടന്നുവന്നു. യാദൃശ്ചികമായി രിഫാഇയെ കണ്ട അവര്‍ പെട്ടെന്ന് നില്‍ക്കുകയും അവിടുത്തെ തന്നെ നോക്കി ഒരേ നില്‍പ്പ്. അല്പം കഴിഞ്ഞപ്പോള്‍ അവരിലൊരാള്‍ പറഞ്ഞു ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദ് റസൂലുള്ള, പുണ്യ വൃക്ഷം പ്രത്യക്ഷമായിരിക്കുന്നു. അതുകേട്ട് മറ്റൊരാള്‍: നമുക്ക് പ്രയോജനം വ്യാപിക്കും,താമസിയാതെ അവരില്‍ നിന്ന് അത്ഭുതങ്ങള്‍ പുറപ്പെടും. ധാരാളം ശിശു ജനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തും. ആശീര്‍വാദങ്ങളാല്‍ അവരുടെ സംഭാഷണം നീണ്ടുപോയി.
ആത്മീയ പാതയിലൂടെ
അമ്മാവന്‍ ശൈഖ് മന്‍സൂറുസാഹിദ്(റ), ശൈഖ് അലിയ്യുല്‍വാസിഥ്വി(റ) എന്നിവരായിരുന്നു പ്രധാന അദ്ധാത്മിക അധ്യാപകര്‍.
ഒരിക്കല്‍ സൂഫിവര്യനും പ്രമുഖ പണ്ഡിതനുമായ ശൈഖ് മന്‍സൂറുസാഹിദ്(റ) ഉമ്മു അബീദയിലേക്ക് വിളിച്ചുവരുത്തുകയും തന്‍റെ പിന്‍ഗാരി ആകാനുള്ള അധികാരവും നല്‍കി. അന്ന് ശൈഖിന് 28 വയസ്സായിരുന്നു. തൊട്ടടുത്തവര്‍ഷം ശൈഖ് മന്‍സൂറുസ്സാഹിദ്(റ)ന്‍റെ വിയോഗത്തോടെ ശൈഖ് രിഫാഈ(റ)വിന്‍റെ ആത്മീയ ശിക്ഷണവും അധ്യാപനവും ആരംഭിക്കുകയും ചെയ്തു. ഇന്ന് ലോകമാകെ വ്യാപിച്ചു കിടക്കുന്ന രിഫാഈ ആത്മീയപാതയുടെ പ്രാരംഭമായിരുന്നു അത്.
കുടുംബം
ഗുരു വര്യനായ ശൈഖ് അബൂബക്കര്‍ വാസിഥ്വിയുടെ മകള്‍ ഖദീജ അന്‍സ്വാരിയ(റ)യെയാണ് ശൈഖ് വിവാഹം ചെയ്തത്. ആ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. ഖദീജ(റ)യുടെ വിയോഗാനന്തരം അവരുടെ സഹോദരി റാബിഅ(റ)യെ വിവാഹം ചെയ്തു. ആ ബന്ധത്തില്‍ സയ്യിദ് സ്വാലിഹ് ഖുതുബുദ്ധീന്‍ എന്നൊരു മകന്‍ ജനിച്ചെങ്കിലും വളരെ ചെറുപ്പത്തില്‍ തന്നെ വിടപറഞ്ഞു. പില്‍ക്കാലത്ത് പെണ്‍മക്കളുടെ സന്താനങ്ങള്‍ വഴിയാണ് രിഫാഈയ്യ ആത്മീയ സരണി ലോകം മുഴുക്കെ പ്രചരിക്കുന്നത്.
സ്വഭാവ മഹിമ
വിശാല മനസ്സും നിര്‍മല സ്വഭാവവും കൊണ്ട് ജീവിതത്തെ വരച്ച് കാണിച്ച മഹാനായിരുന്നു രിഫാഈ(റ). ഉല്‍കൃഷ്ട ജീവിതം കൊണ്ട് തന്‍റെ ശിഷ്യര്‍ക്ക് വഴി തെളിച്ച മഹാന്‍ എല്ലാ ജീവജാലങ്ങളോടും കാരുണ്യം കാണിച്ചിരുന്നു. ശൈഖിന്‍റെ ഒരു സംഭവം ശിഷ്യന്‍ മിഖ്ദാം(റ) ഉദ്ധരിക്കുന്നു: ഞാനും സ്നേഹിതനും ഒരിക്കല്‍ സുബഹി നമസ്കാരത്തിന് വുളു എടുക്കാന്‍ ചെന്നു. നല്ല തണുപ്പുള്ള സമയമായിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ ശൈഖ് വുളൂ എടുത്തു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും അവിടെ അനങ്ങാതെ നില്‍ക്കുകയാണ്. ഞങ്ങള്‍ പള്ളിയില്‍ എത്തിയിട്ടും കാണുന്നില്ല. പോയിനോക്കിയപ്പോള്‍ ശൈഖ് കൈകള്‍ നീട്ടിപ്പിടിച്ച് അനങ്ങാതെ നില്ക്കുകയാണ്. കൗതുകത്തോടെ ഞങ്ങള്‍ ശൈഖിന്‍റെ അടുത്തുപോയി നോക്കിയപ്പോള്‍ ചോര കുടിച്ചു വീര്‍ത്ത ഒരു കൊതുക് ശൈഖിന്‍റെ കൈയില്‍ ഇരിക്കുന്നു. ജീവികളുടെ അവകാശത്തെ സംരക്ഷിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന മഹാന്‍റെ ജീവിതം ഏതൊരു വിശ്വാസിക്കും പാഠമാണ്.
പ്രബോധനം
ഉജ്ജ്വല വാഗ്മിയും രചനാ രംഗത്ത് ശ്രദ്ധേയമായ കഴിവുകള്‍ തെളിയിക്കുകയും ചെയ്ത മഹാന്‍റെ വിജ്ഞാനം നുകരാന്‍ വേണ്ടി പതിനായിരങ്ങള്‍ മഹാനെ ആ ധന്യ സാന്നിധ്യത്തിലെത്തി ആത്മീയജ്ഞാനം നുകര്‍ന്നു. ഇലാഹീ പാതയില്‍ കൂടുതല്‍ അലിഞ്ഞു ചേരാന്‍ ശിഷ്യകണങ്ങളെയും അവിടുന്ന് പ്രാപ്തരാക്കി.
വിശ്വാസി ഹൃദയങ്ങളെ ഇലാഹിലേക്കുള്ള രാജപാത വെട്ടിത്തെളിച്ച് പാകപ്പെടുത്താനുള്ള ഇമാമിന്‍റെ കഴിവ് വിവരണാതീതമാണ്.
രചനാ രംഗത്ത് ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച ഇമാം വിവിധ വിജ്ഞാനശാഖകളിലായി അറുന്നൂറിലേറെ രചനകള്‍ നിര്‍വഹിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.
റൗളാശരീഫില്‍ നബിയുടെ കരങ്ങള്‍ ചുംബിക്കാന്‍ അവസരം ലഭിക്കുകയും ഒട്ടേറെ കറാമത്തുകള്‍ പ്രകടമാകുകയും ചെയതു. തന്‍റെ പിന്മുറക്കാരായ ശൈഖുമാരിലൂടെയും അവിടുത്തെ കറാമത്തുകള്‍ പ്രകടമായിട്ടുണ്ട്.
വഫാത്ത്
ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം വഹിച്ച, ജനലക്ഷങ്ങള്‍ക്ക് ജ്ഞാനവും ആത്മീയ കരുത്തും പകര്‍ന്ന് തന്ന ശൈഖ് രിഫാഈ(റ) ഹിജ്റ 578 ജമാദുല്‍ ഊല 12ന് വ്യാഴാഴ്ച ദിവസം വഫാത്തായി. ഉമ്മുഅബീദയില്‍ പിതാമഹനായ യഹ്യനജ്ജാരി(റ)യുടെ സമീപത്താണ് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. നാഥന്‍ സ്വര്‍ഗ്ഗ ലോകത്ത് അവരോടൊപ്പം നമ്മേയും ഒരുമിപ്പിക്കട്ടെ.ആമീന്‍
ശാഹുല്‍ ഹമീദ് പൊന്മള